നബിചരിത്രത്തിലെ ചില രംഗങ്ങളും ഖുര്‍ആനിന്റെ അവതരണവും

THADHKIRAH

ഒന്ന്

عن عبد الله بن عباس رضى الله عنهما: أنّ الوليدَ بنَ المغيرةِ جاء إلى النَّبيِّ ﷺ فقرأ عليه القرآنَ فكأنّه رقَّ له، فبلغ ذلك أبا جهلٍ فأتاه فقال: يا عمِّ إنّ قومَك يريدون أن يجمعوا لك مالًا ليُعطوكه، فإن أتيتَ محمَّدًا لتعرِضَ لَما قبِله، قال: لقد علِمتْ قريشٌ أنِّي من أكثرِها مالًا، قال: فقُلْ فيه قولًا يبلغُ قومَك أنّك منكِرٌ له وأنّك كارهٌ له. فقال: وماذا أقولُ فواللهِ ما فيكم رجلٌ أعلمَ بالشِّعرِ منِّي، ولا برجزِه ولا بقصيدِه منِّي، ولا بأشعارِ الجنِّ، واللهِ ما يُشبهُ الَّذي يقولُ شيئًا من هذا، واللهِ إنّ لقولِه لحلاوةً، وإنّ عليه لطلاوةً، وإنّه لمنيرٌ أعلاه مشرقٌ أسفلُه، وإنّه ليعلو وما يُعلى عليه، وإنّه ليُحطِّمُ ما تحته قال: لا يرضى عنك قومُك حتّى تقولَ فيه، قال: فدَعْني حتّى أفكِّرَ، فلمّا فكَّر قال: هذا سحرٌ يُؤثرُ يَأثرُه عن غيرِه، فنزلت: {ذَرْنِي ومَن خَلَقْتُ وحِيدًا}

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.

ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനങ്ങള്‍ അവതരിച്ചത്:

‏ ذَرْنِى وَمَنْ خَلَقْتُ وَحِيدًا ‎﴿١١﴾‏ وَجَعَلْتُ لَهُۥ مَالًا مَّمْدُودًا ‎﴿١٢﴾‏ وَبَنِينَ شُهُودًا ‎﴿١٣﴾‏ وَمَهَّدتُّ لَهُۥ تَمْهِيدًا ‎﴿١٤﴾‏ ثُمَّ يَطْمَعُ أَنْ أَزِيدَ ‎﴿١٥﴾‏ كـَلَّآ ۖ إِنَّهُۥ كَانَ لِـَٔايَٰتِنَا عَنِيدًا ‎﴿١٦﴾‏ سَأُرْهِقُهُۥ صَعُودًا ‎﴿١٧﴾‏إِنَّهُۥ فَكَّرَ وَقَدَّرَ ‎﴿١٨﴾‏ فَقُتِلَ كَيْفَ قَدَّرَ ‎﴿١٩﴾‏ ثُمَّ قُتِلَ كَيْفَ قَدَّرَ ‎﴿٢٠﴾‏ ثُمَّ نَظَرَ ‎﴿٢١﴾‏ ثُمَّ عَبَسَ وَبَسَرَ ‎﴿٢٢﴾‏ ثُمَّ أَدْبَرَ وَٱسْتَكْبَرَ ‎﴿٢٣﴾‏ فَقَالَ إِنْ هَٰذَآ إِلَّا سِحْرٌ يُؤْثَرُ ‎﴿٢٤﴾‏ إِنْ هَٰذَآ إِلَّا قَوْلُ ٱلْبَشَرِ ‎﴿٢٥﴾‏

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍ : 74/11-25) (ഹാകിം)

രണ്ട്

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَمَّا نَزَلَتْ ‏{‏وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ‏}‏ وَرَهْطَكَ مِنْهُمُ الْمُخْلَصِينَ، خَرَجَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى صَعِدَ الصَّفَا فَهَتَفَ ‏”‏ يَا صَبَاحَاهْ ‏”‏‏.‏ فَقَالُوا مَنْ هَذَا، فَاجْتَمَعُوا إِلَيْهِ‏.‏ فَقَالَ ‏”‏ أَرَأَيْتُمْ إِنْ أَخْبَرْتُكُمْ أَنَّ خَيْلاً تَخْرُجُ مِنْ سَفْحِ هَذَا الْجَبَلِ أَكُنْتُمْ مُصَدِّقِيَّ ‏”‏‏.‏ قَالُوا مَا جَرَّبْنَا عَلَيْكَ كَذِبًا‏.‏ قَالَ ‏”‏ فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَىْ عَذَابٍ شَدِيدٍ ‏”‏‏.‏ قَالَ أَبُو لَهَبٍ تَبًّا لَكَ مَا جَمَعْتَنَا إِلاَّ لِهَذَا ثُمَّ قَامَ فَنَزَلَتْ ‏{‏تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ‏}‏ وَقَدْ تَبَّ هَكَذَا قَرَأَهَا الأَعْمَشُ يَوْمَئِذٍ‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: {അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക} എന്ന ആയത്ത് അവതരിച്ചപ്പോള്‍ നബിﷺ സ്വഫയുടെ മുകളില്‍ കയറി ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അപകടം നിറഞ്ഞ പ്രഭാതമേ!’ അപ്പോള്‍ മക്കക്കാര്‍ ചോദിച്ചു: ‘ആരാണിത്?’ അങ്ങനെ അവരെല്ലാവരും ഒരുമിച്ചുകൂടി. അപ്പോള്‍ നബിﷺ ചോദിച്ചു: ‘ഈ മലയുടെ പുറകില്‍ നിന്നും ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘താങ്കളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കളവ് പരിചയമില്ല.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘എങ്കില്‍ കഠിനമായ ഒരു ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാകുന്നു ഞാന്‍.’ ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം! ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?’ എന്നിട്ട് അയാള്‍ എഴുന്നേറ്റു പോയി. അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ‎﴿١﴾‏ مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ‎﴿٢﴾‏ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ‎﴿٣﴾‏ وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ‎﴿٤﴾‏ فِى جِيدِهَا حَبْلٌ مِّن مَّسَدِۭ ‎﴿٥﴾‏

അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(സൂറ:അൽ മസദ്) (ബുഖാരി: 4971)

മൂന്ന്

ക്വുര്‍ആനിനെ സംബന്ധിച്ച് ഇത് പഴമക്കാരുടെ കെട്ടുകഥകളാണെന്ന് പ്രചരിപ്പിക്കുന്നതിന് മുമ്പിലുണ്ടായിരുന്ന വ്യക്തിയായിരുന്നു നള്‌റുബ്‌നുല്‍ ഹാരിസ്. ഇയാള്‍ നബിﷺ യോടുള്ള ശത്രുത വെളിവാക്കുകയും അവിടുത്തെ വല്ലാതെ ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പഴയകാല പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥകള്‍ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് നബിﷺ ഒരു സദസ്സില്‍ ചെന്നുനിന്നാല്‍ അതിന് പിറകെ ഇയാള്‍ വന്നുകൊണ്ട് പറയും: ‘മുഹമ്മദിനെക്കാള്‍ നന്നായി പറയുവാന്‍ കഴിവുള്ളവനാണ് ഞാന്‍. മുഹമ്മദ് പറയുന്നതെല്ലാം പുരാണങ്ങളാണ്.’ ഇത് പറഞ്ഞശേഷം തന്റെ സംസാരം ആരംഭിക്കും. ഈ വ്യക്തിയെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ‎﴿٧﴾‏ يَسْمَعُ ءَايَٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ‎﴿٨﴾‏ وَإِذَا عَلِمَ مِنْ ءَايَٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ‎﴿٩﴾

വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ. (ഖു൪ആന്‍ : 45/7-9)

Leave a Reply

Your email address will not be published.

Similar Posts