ഇബ്നുൽ ഖയ്യിം رحمه الله
വിവരമില്ലാത്തവൻ അല്ലാഹുവിനെ (അതായത്, അല്ലാഹു അവന് വിധിച്ചതിനെ) കുറിച്ച് ജനങ്ങളോട് പരാതിപ്പെടും. ആരെപ്പറ്റി പരാതി പറയുന്നുവോ അവനെയും പരാതി കേൾക്കുന്നവനെയും കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയാണത്. കാരണം തന്റെ റബ്ബിനെ (നേരാംവണ്ണം) അറിഞ്ഞിരുന്നെങ്കിൽ അവനെക്കുറിച്ച് പരാതിയുണ്ടാകുമായിരുന്നില്ല. ജനങ്ങളെ അറിഞ്ഞിരുന്നുവെങ്കിൽ അവൻ അവരോടും ആവലാതിപ്പെടുമായിരുന്നില്ല.
സലഫുകളിൽപെട്ട ഒരാൾ ഒരു മനുഷ്യനെ കണ്ടു. അയാൾ തന്റെ ദാരിദ്ര്യത്തെ കുറിച്ചും ആവശ്യങ്ങളെ കുറിച്ചും മറ്റൊരു മനുഷ്യനോട് ആവലാതിപ്പെടുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഇന്നവനേ! അല്ലാഹുവാണെ (സത്യം), നിന്നോട് കരുണ ചെയ്ത ഒരുവനെക്കുറിച്ച് നിന്നോട് കരുണ ചെയ്യാത്ത ഒരുവനോട് ആവലാതിപ്പെട്ടു എന്നതല്ലാതെ നീ ഒന്നും വർധിപ്പിച്ചില്ല.”
അതാണ് ഇപ്രകാരം പറയപ്പെട്ടത്: ‘‘നീ ആദം സന്തതിയോട് ആവലാതിപ്പെടുകയായാൽ, കാരുണ്യവാനെക്കുറിച്ച് കാരുണ്യം കാണിക്കാത്തവനോടാണ് നീ ആവലാതിപ്പെടുന്നത്.”
അറിവുള്ളവൻ അല്ലാഹുവോട് മാത്രമെ ആവലാതിപ്പെടുകയുള്ളൂ. അവരിൽ ഏറ്റവും അറിവുള്ളവൻ തന്റെ സ്വന്തത്തെക്കുറിച്ചാണ് അല്ലാഹുവോട് ആവലാതിപ്പെടുക, ജനങ്ങളെക്കുറിച്ചല്ല. അങ്ങനെയായാൽ, ജനങ്ങളുടെ മുമ്പിൽ താൻ പരവശനാകാനുള്ള കാരണങ്ങളെക്കുറിച്ചാണ് അവൻ ആവലാതിപ്പെടുന്നത്. അവൻ അല്ലാഹുവിന്റെ ഈ വചനങ്ങളിലേക്ക് നോക്കുന്നു:
وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ
നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കൽനിന്നു തന്നെ ഉണ്ടാകുന്നതാണ്. (ഖുര്‍ആൻ:4/79)
أَوَلَمَّآ أَصَٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
നിങ്ങൾക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങൾ ശത്രുക്കൾക്ക് വരുത്തിവച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങൾ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കൽനിന്ന് തന്നെ ഉണ്ടായതാകുന്നു. (ഖുര്‍ആൻ:3/165)
അപ്പോൾ, പദവികൾ മൂന്നെണ്ണമാണ് :
അതിൽ ഏറ്റവും നിന്ദ്യമായത് : അല്ലാഹുവിനെക്കുറിച്ച് സൃഷ്ടികളോട് പരാതിപ്പെടലാണ്.
ഏറ്റവും ഉന്നതിയിൽ : സ്വന്തത്തെക്കുറിച്ച് അല്ലാഹുവോട് പരാതിപ്പെടലാണ്.
അവയ്ക്ക് മധ്യത്തിലുള്ളത് : സൃഷ്ടികളെക്കുറിച്ച് അല്ലാഹുവോട് പരാതിപ്പെടലാണ്.
വിവര്‍ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ