കഅ്ബയുടെ തെക്ക് കിഴക്കെ മൂലയില്‍ ഏതാണ്ട് നാലടി ഉയരത്തിൽ സ്ഫാപിച്ചിട്ടുള്ള ശിലയാണ് ഹജറുല്‍ അസ്‌വദ്. ‘ഹജറുല്‍ അസ്‌വദ്’ എന്നാല്‍ കറുത്ത കല്ല് എന്നാണര്‍ത്ഥം. ഇത് മറ്റ് കല്ലുകളെപ്പോലെയുള്ള ഒരു സാധാരണ കല്ലല്ല.   അത്‌ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ഹജറുല്‍ അസ്‌വദിന്റെ മഹനീയതയും അതിന്റെ ശ്രേഷ്‌ടതയും ധാരാളമായി ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കറുത്ത ശില

ഈ ശില സ്വര്‍ഗത്തില്‍ നിന്ന്  ഭൂമിയില്‍ വന്നതാണെന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഹജറുല്‍ അസ്‌വദെന്ന കറുത്ത ശില, അത്‌ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതായിരുന്നുവെന്നും അതിന്‌ പാലിനെക്കാള്‍ തൂവെള്ള റമായിരുന്നുവെന്നും ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്‌. മനുഷ്യരുടെ കുറ്റകൃത്യത്തിന്റെ സ്വാധീനത്താല്‍ ആ ശില കറുത്തു പോയതാണെന്നും ഹദീസുകളില്‍ വൃക്തമാക്കപ്പെട്ടിരിക്കുന്നു.

عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : الْحَجَرُ الأَسْوَدُ مِنَ الْجَنَّةِ ‏

സഈദ് ബ്നു ജുബൈര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജറുല്‍ അസ്‌വദ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണ്‌. (നസാഈ:2935)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ : إِنَّ الرُّكْنَ وَالْمَقَامَ يَاقُوتَتَانِ مِنْ يَاقُوتِ الْجَنَّةِ طَمَسَ اللَّهُ نُورَهُمَا وَلَوْ لَمْ يَطْمِسْ نُورَهُمَا لأَضَاءَتَا مَا بَيْنَ الْمَشْرِقِ وَالْمَغْرِبِ ‏

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:നിശ്ചയമായും ഹജറുൽ അസ്‌വദും മഖാമു ഇബ്റാഹീമും സ്വർഗത്തിൽ നിന്നുള്ള രണ്ട് മരതകക്കല്ലുകളാണ്. അല്ലാഹു അതിന്റെ പ്രകാശം കെടുത്തിക്കളഞ്ഞതാണ്; അല്ലായിരുന്നുവെങ്കിൽ കിഴക്കിനെയും പടിഞ്ഞാറിനെയും അവ പ്രഭാപൂരിതമാക്കുമായിരുന്നു. (തിര്‍മിദി:878)

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ نَزَلَ الْحَجَرُ الأَسْوَدُ مِنَ الْجَنَّةِ وَهُوَ أَشَدُّ بَيَاضًا مِنَ اللَّبَنِ فَسَوَّدَتْهُ خَطَايَا بَنِي آدَمَ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഹജറുല്‍ അസ്വദ്‌ സ്വര്‍ഗ്ഗത്തില്‍ നിന്നും അവതരിക്കുന്ന സന്ദര്‍ഭത്തില്‍ പാലിനെക്കാള്‍ വെളുത്തതായിരുന്നു. എന്നാല്‍ മനുഷ്യരുടെ പാപം കാരണം അത്‌ കറുത്തുപോയി. (തിര്‍മിദി:877)

പാപികള്‍ ചുംബിച്ചതുകൊണ്ട് കറുത്തുപോയതാണെങ്കില്‍ നബി ﷺ യും സ്വഹാബിമാരും ചുംബിച്ചതുകൊണ്ട് വെളുക്കുകയും ചെയ്യേണ്ടിയിരുന്നില്ലേ എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. അതിനുള്ള മറുപടി പണ്ടേ പണ്ഢിതൻമാര്‍ നല്‍കിയിട്ടുണ്ട്.

قال الحافظ ابن حجررحمه الله :اعترض بعض الملحدين على الحديث الماضي فقال : كيف سودته خطايا المشركين ولم تبيضه طاعات أهل التوحيد؟ وأجيب بما قال ابن قتيبة : لو شاء الله لكان كذلك وإنما أجرى الله العادة بأن السواد يصبغ ولا ينصبغ ، على العكس من البياض .

ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: ചില നിഷേധികൾ (ദുര്‍വ്യാഖ്യാനക്കാര്‍) ഈ ഹദീസിനെ എതിർത്തിട്ടുണ്ട്. അവര്‍ ചോദിക്കുന്നു: ‘മുശ്രിക്കുകളുടെ പാപങ്ങൾ എങ്ങനെ അതിനെ കറുപ്പിച്ചു, എങ്കിൽ തൗഹീദിന്റെ ആളുകളുടെ അനുസരണം അതിനെ എന്തുകൊണ്ട് വെളുപ്പിക്കുന്നില്ല?’ ഇബ്നു ഖുതൈബ പറഞ്ഞ മറുപടിയാണ് എനിക്ക് പറയാനുള്ളത് : ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, അത് അങ്ങനെയാകുമായിരുന്നു. എന്നാൽ വെളുത്തത് കറുക്കും, കറുത്തത് വെളുക്കുകയില്ല എന്നത് (ഈ പ്രപഞ്ചത്തിൽ) അല്ലാഹു നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥയാണ്’. (ഫത്ഹുല്‍ബാരി)

قال المحب الطبري : في بقائه أسود عبرة لمن له بصيرة فإن الخطايا إذا أثرت في الحجر الصلد فتأثيرها في القلب أشد .انظر لهما

ത്വബ്രി رحمه الله പറഞ്ഞു: അത് കറുത്തതായി നിലനിൽക്കുന്നു എന്നതിൽ ചിന്തിക്കുന്നവര്‍ക്ക് പാഠമുണ്ട്. പാപങ്ങൾ കഠിനമായ കല്ലിനെവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, പാപങ്ങൾ ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്തും. (ഫത്ഹുല്‍ബാരി)

അന്ത്യനാളിൽ സാക്ഷി പറയും

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي الْحَجَرِ ‏ :‏ وَاللَّهِ لَيَبْعَثَنَّهُ اللَّهُ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا وَلِسَانٌ يَنْطِقُ بِهِ يَشْهَدُ عَلَى مَنِ اسْتَلَمَهُ بِحَقٍّ ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഹജറുൽ അസ്‌വദിനെ കുറിച്ച് പറഞ്ഞു: നിശ്ചയം അന്ത്യനാളില്‍ ഈ കല്ലിന്‌ നാവും രണ്ട്‌ ചുണ്ടുകളും ഉണ്ടാവുകയും അര്‍ഹമായ രൂപത്തില്‍ അതിനെ ചുംബിച്ചവര്‍ക്കു വേണ്ടി അത്‌ സാക്ഷി പറയുകയും ചെയ്യുന്നതാണ്‌. (തിര്‍മിദി:961)

പാപങ്ങൾ പൊറുക്കപ്പടും

عَنِ ابْنِ عُبَيْدِ بْنِ عُمَيْرٍ، عَنْ أَبِيهِ، أَنَّ ابْنَ عُمَرَ، كَانَ يُزَاحِمُ عَلَى الرُّكْنَيْنِ زِحَامًا مَا رَأَيْتُ أَحَدًا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يَفْعَلُهُ ‏.‏ فَقُلْتُ يَا أَبَا عَبْدِ الرَّحْمَنِ إِنَّكَ تُزَاحِمُ عَلَى الرُّكْنَيْنِ زِحَامًا مَا رَأَيْتُ أَحَدًا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يُزَاحِمُ عَلَيْهِ ‏.‏ فَقَالَ إِنْ أَفْعَلْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ إِنَّ مَسْحَهُمَا كَفَّارَةٌ لِلْخَطَايَا ‏”‏ ‏.‏

അബ്ദുല്ലാഹ് ബ്നു ഉബൈദ് തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ രണ്ട് മൂലകളിൽ (ഹജറുൽ അസ്‌വദിലും റുക്നുൽ യമാനിലും) തിങ്ങിക്കൂടാറുണ്ടായിരുന്നു. നബി ﷺ യുടെ ഒരു സ്വഹാബിയും അപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അതിനാൽ ഞാൻ ചോദിച്ചു: ഹേ അബൂ അബ്ദുര്‍റഹ്മാൻ, എന്തുകൊണ്ടാണ് നിങ്ങൾ ഹജറുൽ അസ്‌വദിലും റുക്നുൽ യമാനിലും മാത്രം തടവുന്നത്? നബി ﷺ യുടെ ഒരു സ്വഹാബിയും അപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാനിങ്ങനെ ചെയ്യാൻ കാരണം അവ രണ്ടും സ്പർശിച്ചാൽ പാപങ്ങൾ പൊറുക്കപ്പടും എന്ന് നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. (തിര്‍മിദി:959)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ مَا تَرَكْتُ اسْتِلاَمَ هَذَيْنِ الرُّكْنَيْنِ فِي شِدَّةٍ وَلاَ رَخَاءٍ، مُنْذُ رَأَيْتُ النَّبِيَّ صلى الله عليه وسلم يَسْتَلِمُهُمَا‏.

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: സൗകര്യമുള്ളപ്പോഴും പ്രയാസമുള്ളപ്പോഴും രണ്ടു റുക്നുകളെു (ഹജറുൽ അസ്വദ്, റുക്നുൽ യമാനി) തൊടുന്നതിൽ ഞാൻ ഉപേക്ഷ വരുത്തിയിട്ടില്ല, നബി ﷺ അവയെ സ്പർശിക്കുന്നതു കണ്ട നാൾ മുതൽ. (ബുഖാരി: 1606)

ഹജറുല്‍ അസ്വദ് ആരാധിക്കപ്പെടുന്ന ഒരു ബിംബമല്ല

ഹജറുല്‍ അസ്വദ് ആരാധിക്കപ്പെടുന്ന ഒരു ബിംബമല്ല. ഹജറുല്‍ അസ്വദിന്‌ എന്തെങ്കിലും തരത്തില്‍ നന്‍മ ചെയ്യാനോ തിന്‍മ തട്ടിമാറ്റാനോ സാധിക്കുമെന്ന്‌ വിശ്വസിക്കുവാന്‍ പാടില്ല.

عَنْ عُمَرَ ـ رضى الله عنه ـ أَنَّهُ جَاءَ إِلَى الْحَجَرِ الأَسْوَدِ فَقَبَّلَهُ، فَقَالَ إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ‏.‏

ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം ഹജറുൽ അസ് വദിന്റെ അടുത്തേക്ക് വന്ന് അതിനെ ചുംബിച്ചു. എന്നിട്ട് പറഞ്ഞു: ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത വെറും ഒരു കല്ല് മാത്രമാണ് നീ എന്ന് എനിക്ക് നന്നായറിയാം. നിന്നെ നബി ﷺ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ നിന്നെ ചുംബിക്കുകയില്ലായിരുന്നു. (ബുഖാരി: 1597)

ഉമർ رَضِيَ اللَّهُ عَنْهُ ഹജറുല്‍ അസ്‌വദിനെ കുറിച്ച് ”ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയാത്ത ഒരു കല്ലാണ് നീ” എന്ന് പറഞ്ഞ് തന്റെ ചുറ്റിലുമുള്ള പുതു മുസ്‌ലിംകളെ, മുശ്‌രിക്കുകള്‍ വിഗ്രഹങ്ങളെ കാണുന്നതുപോലെയല്ല മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ കാണുന്നത് എന്നും, ഹജറിന് യാതൊരു ദൈവികതയുമില്ല എന്നവരെ പഠിപ്പിക്കാനും വേണ്ടിയായിരുന്നു.

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി പറഞ്ഞു: ജാഹിലിയ്യ കാലത്ത് കല്ലുകളെ ആദരിച്ചും ആരാധിച്ചും പോന്ന ജനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. അപ്പോൾ ഇസ്‌ലാമിലും അങ്ങനെയുണ്ടെന്ന് ജനങ്ങൾ തെറ്റുധരിക്കരുതെന്ന് ഉമർ رَضِيَ اللَّهُ عَنْهُ കരുതി. (ഫത്ഹുൽ ബാരി)

ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണകൾ പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായി ഓറിയന്റലിസ്റ്റുകളും നാസ്തികരും നടത്തുന്ന പ്രചാരണങ്ങളിൽ ഒന്നാണ് മുസ്‌ലിംകൾ ഹജറുൽ അസ്‌വദിനെ ആരാധിക്കുന്നവരാണ് എന്നത്. ഇത് തനിച്ച വിവരക്കേടാണ്, അല്ലെങ്കിൽ മനഃപൂർവമുള്ള തെറ്റുധരിപ്പിക്കലാണ്. വിഗ്രഹാരാധകർ വിഗ്രഹങ്ങളെ സംബന്ധിച്ച് കരുതുന്നതുപോലെ ഏതെങ്കിലും മഹാന്മാരുടെ പ്രതിരൂപങ്ങളായിട്ടല്ല ഒരു മുസ്‌ലിമും കഅ്ബയെയും ഹജറുൽ അസ്‌വദിനെയും കാണുന്നത്. മറിച്ച് ലോകത്ത് ആദ്യമായി, ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി നിർമിക്കപ്പെട്ട കഅ്ബയെ ആദരപൂർവം നബി ﷺ ത്വവാഫ്(പ്രദക്ഷിണം) ചെയ്യുകയും അതിന്റെ ഒരു മൂലയിലുള്ള ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും ചെയ്തത് മാതൃകയാക്കി ആ പ്രവാചകനെ പിൻപറ്റിക്കൊണ്ടുള്ള ഒരു ആദരവ് പ്രകടിപ്പിക്കൽ മാത്രമാണ്. അല്ലാതെ കഅ്ബക്കോ ഹജറുൽ അസ്‌വദിനോ മുസ്‌ലിംകൾ ആരാധനയർപ്പിക്കുന്നില്ല. അവയോട് വിളിച്ച് പ്രാർഥിക്കുന്നില്ല. അവയുടെ നാഥനായ അല്ലാഹുവിനെയാണവർ വിളിച്ച് പ്രാർഥിക്കുന്നത്.

ഹജറുല്‍ അസ്വദിനെ ചുംബിക്കലും,തൊട്ടു മുത്തലും

കഅബയില്‍ ത്വവാഫ് ആരംഭിക്കേണ്ടത് ഹജറുല്‍ അസ്‌വദിന്റെ അടുത്തുനിന്നാണ്. ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ കഴിയുമെങ്കില്‍ ചുംബിക്കാവുന്നതാണ്. തിരക്ക് കൊണ്ടോ മറ്റോ അതിനെ ചുംബിക്കാന്‍ കഴിയില്ലെങ്കില്‍ വലത് കൈ കൊണ്ടോ, വടികൊണ്ടോ തൊട്ട് അത് ചുംബിക്കാം. അതിനും പ്രയാസമാണെങ്കില്‍ അതിന്റെ നേരെ നിന്ന്‌ വലത് കൈ ഉയര്‍ത്തി ആംഗ്യം കാണിച്ച്‌ بسم الله والله أكبر ബിസ്മില്ലാഹി വല്ലാഹു അക്ബർ (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹു ഏറ്റവും വലിയവനാണ്) എന്ന്‌ ചൊല്ലി ത്വവാഫ്‌ ആരംഭിക്കാം.

കഅ്ബ കെട്ടിടത്തിന് വരുത്തുന്ന കേടുപാടുകള്‍ അതാതു കാലഘട്ടത്തില്‍ അറ്റകുറ്റ പണികള്‍ നടത്തി ശരിയാക്കുകയും ആവശ്യമുള്ളപ്പോള്‍ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അതിനുപയോഗിച്ചിരുന്ന കല്ലുകളും മര ഉരുപ്പടികളും മാറ്റാറുണ്ടെങ്കിലും ഹജറുല്‍ അസ്‌വദ് തല്‍സ്ഥാനത്തു തന്നെ നിലനിര്‍ത്തിയിരുന്നു.ഖുറൈശികൾ കഅ്ബ പുതുക്കി പണിതപ്പോള്‍ ഹജറുല്‍ അസ്‌വദ് വെക്കാന്‍ അവര്‍ പരസ്പരം തര്‍ക്കിച്ചതും നബി ﷺ ആ പ്രശ്‌നം പരിഹരിച്ചതും ചരിത്രത്തില്‍ അറിയപ്പെട്ടതാണ്. ഇന്ന് നാം കാണുന്ന ഹജറുല്‍ അസ്‌വദ് ഒറ്റ കല്ലായിട്ടല്ല. പല കഷ്ണങ്ങളായി കൂട്ടിച്ചേര്‍ത്ത നിലയിലാണുള്ളത്.

ചില പാഠങ്ങൾ

(ഒന്ന്) മനുഷ്യരുടെ പാപങ്ങള്‍ കല്ലുകളില്‍ വരെ സ്വാധീനം ചെലുത്തും

(രണ്ട) മനുഷ്യരുടെ പാപങ്ങള്‍ കല്ലുകളില്‍ വരെ സ്വാധീനം ചെലുത്തുമെങ്കിൽ, അത് അവരുടെ ഹൃദയങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തും.

Leave a Reply

Your email address will not be published.

Similar Posts