നീചവൃത്തികൾ : ചില പാഠങ്ങൾ

THADHKIRAH

മോശമായ, മ്ലേച്ഛമായ, വികൃതമായ ഏത് പ്രവൃത്തികളും വാക്കുകളുമാണ് فَٰحِشَة (നീചവൃത്തി) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബഹുവചനമാണ് الْفَوَاحِشْ (നീചവൃത്തികൾ).

മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത നിന്ദ്യകൃത്യങ്ങളും, അന്യന് അപമാനവും മാനനഷ്ടവും വരുത്തുന്ന നീചകൃത്യങ്ങളുമാണ് الْفَوَاحِشْ (നീചവൃത്തികൾ) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/37 ന്റെ വിശദീകരണം)

أَنَّ الْفَوَاحِشَ هِيَ الذُّنُوبُ الْكِبَارُ الَّتِي فِي النُّفُوسِ دَاعٍ إِلَيْهَا، كَالزِّنَا وَنَحْوِهِ

നീചവൃത്തികൾ : മഹാപാതകങ്ങളിലേക്ക് ക്ഷണിക്കുന്ന പാപങ്ങളാണ് അത്; വ്യഭിചാരംപോലുള്ള തിന്മകളിലേക്ക്.  (തഫ്സീറുസ്സഅ്ദി – ഖു൪ആന്‍ : 42/37 ന്റെ വിശദീകരണം)

വ്യഭിചാരവുമായി ബന്ധപ്പെട്ട, ലൈംഗികാവയങ്ങളുടെ അതിക്രമവുമായി ബന്ധപ്പെട്ട നിയമാനുസൃതമല്ലാത്ത എല്ലാ രീതികൾക്കും فَٰحِشَة (നീചവൃത്തി) എന്നത് പ്രധാനമായും പറയാറുണ്ട്. വ്യഭിചാരത്തെ കുറിച്ച് പറഞ്ഞപ്പോൾ فَاحِشَة (നീചവൃത്തി) എന്ന് വിശുദ്ധ ഖുര്‍ആൻ വിശേഷിപ്പിച്ചു.

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

സ്വവര്‍ഗരതിയെ കുറിച്ച് പറഞ്ഞപ്പോൾ فَٰحِشَة (നീചവൃത്തി) എന്ന് വിശുദ്ധ ഖുര്‍ആൻ വിശേഷിപ്പിച്ചു.

وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَٰحِشَةَ وَأَنتُمْ تُبْصِرُونَ أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ

ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തിചെയ്യുകയാണോ?നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍:27/54-55)

വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായിക്കൊണ്ടു മുശ്രിക്കുകള്‍ കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്തിരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ فَٰحِشَة (നീചവൃത്തി) എന്ന് വിശുദ്ധ ഖുര്‍ആൻ വിശേഷിപ്പിച്ചു.

وَإِذَا فَعَلُوا۟ فَٰحِشَةً

അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ ………… (ഖു൪ആന്‍ :7/28)

ചുരുക്കത്തിൽ വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം തുടങ്ങി നിയമ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഭോഗപ്രക്രിയകള്‍, അശ്ലീലമായ നഗ്‌നപ്രകടനങ്ങള്‍ എന്നിവയെല്ലാം നീചവൃത്തികളിലെ പ്രധാനപ്പെട്ടതാകുന്നു.

നീചവൃത്തികളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഓര്‍മ്മിപ്പിക്കുന്നു. ഒന്നാമതായി, നീചവൃത്തികളെ അല്ലാഹു വിലക്കിയിട്ടുണ്ട്.

قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ

(നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. (ഖു൪ആന്‍ :7/28)

إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു. (ഖു൪ആന്‍ :16/90)

രണ്ടാമതായി, നീചവൃത്തികളിൽ പ്രത്യക്ഷമായത് മാത്രമല്ല പരോക്ഷമായതും വിലക്കപ്പെട്ടതാണ്. ഉദാഹരണത്തിന്, വ്യഭിചാരം മാത്രമല്ല, അതിനെ കുറിച്ച് ചിന്തിക്കൽ, അത്തരം വീഡിയോകൾ കാണൽ, അത്തരം സംസാരങ്ങൾ, അന്യസ്ത്രീകളെ അനാവശ്യമായി നോക്കൽ, തുടങ്ങി വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ ഏര്‍പ്പെടലൊക്കെയും വിലക്കപ്പെട്ടതാണ്.

وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ

പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്‌. (ഖു൪ആന്‍ :6/151)

قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും,അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. (ഖു൪ആന്‍ : 7/33)

മൂന്നാമതായി, അല്ലാഹുവിന്റെ കോപം വരുത്തി വെക്കുന്ന പ്രവൃത്തിയാണ് നീചവൃത്തികൾ.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏لاَ أَحَدَ أَغْيَرُ مِنَ اللَّهِ، فَلِذَلِكَ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ،

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (മനുഷ്യൻ ധാർമ്മിക വിഷയങ്ങൾ തെറ്റിക്കുമ്പോൾ ) അല്ലാഹുവിനേക്കാൾ രോഷമുള്ള ആരുമില്ല, അതുകൊണ്ടാണ് അല്ലാഹു പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നീചവൃത്തികളും അല്ലാഹു നിഷിദ്ധമാക്കിയത്. (ബുഖാരി:4637)

عَنِ الْمُغِيرَةِ، قَالَ قَالَ سَعْدُ بْنُ عُبَادَةَ لَوْ رَأَيْتُ رَجُلاً مَعَ امْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرَ مُصْفَحٍ‏.‏ فَبَلَغَ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ تَعْجَبُونَ مِنْ غَيْرَةِ سَعْدٍ، وَاللَّهِ لأَنَا أَغْيَرُ مِنْهُ، وَاللَّهُ أَغْيَرُ مِنِّي، وَمِنْ أَجْلِ غَيْرَةِ اللَّهِ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ،

മുഗീറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: സഅ്ദ് ഇബ്‌നു ഉബാദ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എന്റെ ഭാര്യയോടൊപ്പം ഒരു വ്യക്തിയെ ഞാന്‍ കാണുകയായാല്‍ അവനെ ഞാന്‍ വാളു കൊണ്ട് നിഷ്‌ക്കരുണം വെട്ടും.’ ഈ വാര്‍ത്ത നബി ﷺ യുടെ സവിധത്തിലെത്തി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘സഅ്ദിന്റെ അഭിമാനരോഷത്തില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവോ? തീര്‍ച്ചയായും ഞാന്‍ സഅ്ദിനെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവാകട്ടെ എന്നെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവിന് രോഷമുള്ളതിനാലാണ് അവന്‍ പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിഷിദ്ധമാക്കിയത്.’ (ബുഖാരി :7416)

നാലാമതായി, മനുഷ്യ മനസ്സിന് തെറ്റിലേക്ക് ചായുന്ന പ്രകൃതമായതിനാല്‍,  നീചവൃത്തികളിൽ ഏര്‍പെടുവാന്‍ പിശാച് മനുഷ്യനെ പ്രേരിപ്പിക്കും.

إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്‌. (ഖു൪ആന്‍:2/169)

അഞ്ചാമതായി, നമസ്‌കാരം നീചവൃത്തികളിൽ നിന്നും  മനുഷ്യനെ തടയും.

إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ

തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍ :29/45)

قال الشيخ ربيع المدخلي حفظه الله: فإذا رأيت من يأتي الفحشاء والمنكر، فإما انه لا يصلي، وإما أن في صلاته خللا

ശൈഖ് റബീഅ് അൽ മദ്ഖലി حفظه الله പറഞ്ഞു :ആരെങ്കിലും നീചവൃത്തിയും നിഷിദ്ധമായതും ചെയ്യുന്നതായി നീ കണ്ടാൽ, (അറിയുക) ഒന്നുകിൽ അവൻ നമസ്കരിക്കാത്തവനായിരിക്കും, അല്ലെങ്കിൽ അവന്റെ നമസ്കാരത്തിൽ വല്ല പിഴവും ഉണ്ടായിരിക്കും തീർച്ച. (നഫ്ഹാതുൽ ഹുദാ വൽ ഈമാൻ : 157)

നമസ്‌കാരം നീചവൃത്തികളിൽ നിന്നും  തടയണമെങ്കിൽ  ഖുശൂഅ് ഉള്ള നമസ്കാരം ആയിരിക്കണം.

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/1-2)

നമസ്കാരത്തിൽ خشوع (ഖുശൂഅ്) ഉണ്ടായിരിക്കുന്നതിന്റെ ആവശ്യകത ഈ ആയത്തിൽ നിന്ന് വ്യക്തമാണ്. ഖുശൂഅ് എന്താണെന്ന് ഇമാം ഇബ്നുൽ ഖയ്യിം رحمه الله വിശദീകരിക്കുന്നു:

قال ابن القيم رحمه الله: الخشوع قيام القلب بين يدي الرب بالخضوع والذل

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഹൃദയം പൂർണ്ണമായ കീഴ്‌വണക്കത്തോടെയും താഴ്മയോടെയു റബ്ബിന്റെ മുമ്പാകെ നിലയുറപ്പിക്കലാണ് ഖുശൂഅ്.

അല്ലാഹുവിന്റെ മഹത്വവും താന്‍ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. അഥവാ ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ മാത്രമേ അവയവങ്ങളും ഖുശൂഅ് ഉള്ളതാകുകയുള്ളൂ.

നീചവൃത്തികൾ പ്രവർത്തിക്കുന്നവർക്ക് ഖുശൂഅ് ഉള്ള നമസ്കാരം നിർവ്വഹിക്കാൻ സാധിക്കുകയില്ല. ഖുശൂഅ് ഉള്ള നമസ്കാരം നിർവ്വഹിക്കണമെങ്കിൽ നമസ്കാരത്തിന് പുറത്തുള്ള ജീവിത വ്യവഹാരങ്ങളിൽ ഖുശൂഅ് ഉണ്ടാകണം.

ആറാമതായി, ഏതെങ്കിലും സാഹചര്യത്തിൽ വല്ല നീചകൃത്യത്തിൽ അകപ്പെട്ടാൽ ഉടൻ അല്ലാഹുവിനെ ഓര്‍ക്കുകയും അവന്‍റെ മുമ്പില്‍ നിൽക്കേണ്ടിവരുമല്ലോയെന്ന് ഭയന്ന് പശ്ചാത്തപിച്ച് പൊറുക്കലിനപേക്ഷിക്കുകയും ചെയ്യുക. ഈയൊരു സ്വഭാവത്തെ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്. സ്വര്‍ഗവാസികളായ മുത്തഖീങ്ങളുടെ ഗുണങ്ങളായി അല്ലാഹു എണ്ണിയതിൽ ഒന്ന് ഇതാണ്.

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ‎﴿١٣٤﴾‏ وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ‎﴿١٣٥﴾

നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. അതായത്, സന്തോഷാവസ്ഥയിലും, വിഷമാവസ്ഥയിലും ദാനധ൪മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവ൪ക്ക് വേണ്ടി. അത്തരം, നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് പാപമോചനം തേടുകയും ചെയ്യുന്നവ൪ക്ക് വേണ്ടിയും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത് ? (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞ് കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ള മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗം ഒരുക്കിവെക്കപ്പെട്ടിരിക്കുന്നത്] (ഖു൪ആന്‍:3/ 133-135)

ഏഴാമതായി, നീചവൃത്തികൾ പ്രവര്‍ത്തിക്കാതെ അതിൽ നിന്നും വിട്ടുനിൽക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അടുക്കൽ നിന്ന് ഉന്നതമായ പ്രതിഫലമുണ്ട്. അവര്‍ക്ക് സ്വര്‍ഗമാണ് ലഭിക്കാനുള്ളത്.

‏ وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى ‎﴿٣١﴾‏ ٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ‎﴿٣٢﴾

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. (അതെ) വലിയ പാപങ്ങളും, നീചവൃത്തികളും (തീരെ) വിട്ടകന്നു നില്‍ക്കുന്നവര്‍. [ഇവരാണ് നന്മചെയ്യുന്നവര്‍]. നിസ്സാരമായതൊഴികെ [അതു സംഭവിച്ചേക്കാം]. നിശ്ചയമായും, നിന്റെ റബ്ബ് (പാപം) പൊറുക്കുന്നതില്‍ വിശാലനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍. (ഖു൪ആന്‍:53/31-32)

Leave a Reply

Your email address will not be published.

Similar Posts