വിത്റ് നമസ്കാരം പ്രബലമായ സുന്നത്ത് നമസ്കാരമാണ്. അതിലേക്കുുള്ള ചില തെളിവുകൾ കാണുക:
عَنْ بُرَيْدَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : الْوِتْرُ حَقٌّ فَمَنْ لَمْ يُوتِرْ فَلَيْسَ مِنَّا
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘വിത്റ് നമസ്കാരം’ ബാധ്യതയാക്കപ്പെട്ടതാണ്, ആര് വിത്റ് നമസ്കരിക്കുന്നില്ലയോ അവന്‍ നമ്മില്‍ പെട്ടവനല്ല. (അബൂദാവൂദ് – അ൪നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي أَيُّوبَ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ الْوِتْرُ حَقٌّ عَلَى كُلِّ مُسْلِمٍ فَمَنْ أَحَبَّ أَنْ يُوتِرَ بِخَمْسٍ فَلْيَفْعَلْ وَمَنْ أَحَبَّ أَنْ يُوتِرَ بِثَلاَثٍ فَلْيَفْعَلْ وَمَنْ أَحَبَّ أَنْ يُوتِرَ بِوَاحِدَةٍ فَلْيَفْعَلْ ” .
അബൂ അയ്യൂബുൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിത്റ് നമസ്കാരം ഓരോ മുസ്ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നമസ്കരിച്ച് വിത്ര്‍ ആക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നമസ്കരിച്ച് വിത്ര്‍ ആക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ. (അബൂദാവൂദ്:1422)
عَنْ عَلِيٍّ، رضى الله عنه قَالَ الْوِتْرُ لَيْسَ بِحَتْمٍ كَهَيْئَةِ الْمَكْتُوبَةِ وَلَكِنَّهُ سُنَّةٌ سَنَّهَا رَسُولُ اللَّهِ صلى الله عليه وسلم .
അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു:ഫർള് നമസ്‌കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ റസൂൽ ﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്. (നസാഈ: 1676)
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي حَبِيبِي صلى الله عليه وسلم بِثَلاَثٍ لَنْ أَدَعَهُنَّ مَا عِشْتُ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاَةِ الضُّحَى وَبِأَنْ لاَ أَنَامَ حَتَّى أُوتِرَ
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഹബീബായ റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ കൊണ്ട് എന്നെ വസ്വിയത്ത് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നമസ്‌കാരം നി൪വ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്‌കരിക്കുക എന്നിവയാണത്. (മുസ്ലിം:722)
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي وَأَنَا رَاقِدَةٌ مُعْتَرِضَةٌ عَلَى فِرَاشِهِ، فَإِذَا أَرَادَ أَنْ يُوتِرَ أَيْقَظَنِي فَأَوْتَرْتُ.
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു : ഞാൻ (രാത്രി) നബി ﷺ യുടെ വിരിപ്പിൽ വിലങ്ങനെയായി കിടന്നുറങ്ങുമ്പോൾ അവിടുന്ന് നമസ്കരിക്കാറുണ്ടായിരുന്നു. അവിടുന്നു വിത്റ് നമസ്‌കരിക്കാൻ ഉദ്ധേശിച്ചാൽ എന്നെ വിളിച്ചുണർത്തും. ഞാനും വിത്റ് നമസ്‌കരിക്കും.. (ബുഖാരി: 512)
ഫജ്ർ നിസ്കാരത്തിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരവും വിത്റ് നമസ്കാരവും നബി ﷺ യാത്രയിൽ വരെ ഒഴിവാക്കാറില്ലായിരുന്നു.
വിത്റ് നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍
عَنْ خَارِجَةَ بْنِ حُذَافَةَ، أَنَّهُ قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ “ إِنَّ اللَّهَ أَمَدَّكُمْ بِصَلاَةٍ هِيَ خَيْرٌ لَكُمْ مِنْ حُمْرِ النَّعَمِ الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلاَةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ ” .
ഖാരിജ: ബ്നു ഹുദാഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: ‘തീർച്ചയായും അല്ലാഹു ഒരു നമസ്കാരം നിയമമാക്കി നിങ്ങളെ സഹായിച്ചിരിക്കുന്നു. അത് നിങ്ങൾക്ക് ഒരു ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു. അത് വിത്റ് നമസ്കാരമാണ് . ഇശാഅ്നും ഫജ്റിനും ഇടയിൽ നിങ്ങളത് നിര്‍വ്വഹിക്കുക. (തിര്‍മിദി:452)
عَنْ عَلِيٍّ، قَالَ الْوِتْرُ لَيْسَ بِحَتْمٍ كَصَلاَتِكُمُ الْمَكْتُوبَةِ وَلَكِنْ سَنَّ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ : إِنَّ اللَّهَ وِتْرٌ يُحِبُّ الْوِتْرَ فَأَوْتِرُوا يَا أَهْلَ الْقُرْآنِ
അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: വിത്ർ ഫർള് നമസ്‌കാരം പോലെ നിർബന്ധമുളളതല്ല. പക്ഷേ നബി ﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്. നബി ﷺ പറയുകയുണ്ടായി: അല്ലാഹു വിത്‌റും (ഏകനും) വിത്‌റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരെ നിങ്ങൾ വിത്‌റ് നമസ്‌കരിക്കൂ. (തിർമിദി: 453)
വിത്റ് നമസ്കാരം രാത്രി നമസ്കാരത്തിൽ പെട്ടത്
രാത്രി നമസ്കാരത്തിൽ പെട്ടതാണ് വിത്റ് നമസ്കാരം. അതിലേക്കുുള്ള ചില തെളിവുകൾ കാണുക:
عَنِ ابْنِ عُمَرَ، أَنَّ رَجُلاً، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم عَنْ صَلاَةِ اللَّيْلِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: صَلاَةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രാത്രി നമസ്കാരത്തെ കുറിച്ച് ഒരാള്‍ നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: രാത്രി നമസ്കാരം ഈരണ്ട് ഈരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവന്‍ നമസ്കരിച്ചതിനെ വിത്റ് (ഒറ്റ) ആക്കും.(മുസ്ലിം:749)
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: اجْعَلُوا آخِرَ صَلاَتِكُمْ بِاللَّيْلِ وِتْرًا
അബ്ദുല്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങൾ വിത്റ്(ഒറ്റ) ആക്കുവീൻ. (ബുഖാരി:998)
നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ رَضِيَ اللَّهُ عَنْها പറയുന്നു :
يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا،
ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് (വിത്റ്) നമസ്ക്കരിക്കും. (ബുഖാരി:1147)
വിത്റ് നമസ്കാരത്തിന്റെ രൂപം
വിത്റ് നമസ്കാരത്തിന്റെ റക്അത്ത് 9,7,5,3,1 എന്നിങ്ങനെ വന്നിട്ടുണ്ട്. രാത്രി നമസ്കാരത്തിൽ പെട്ടതാണ് വിത്റ് നമസ്കാരമെന്നതും ഓര്‍ക്കുക. അത് ഈരണ്ട് ഈരണ്ടായിട്ടാണ് നമസ്കരിക്കുക. അവസാനത്തേത് ഒറ്റയാക്കുക. സ്ഥിരമായി ധാരാളം നമസ്കരിക്കാൻ കഴിയാത്തവര്‍ തഹജ്ജുദ് കഴിയുന്നത് (ചുരുങ്ങയത് രണ്ട് റക്അത്തെങ്കിലും) നമസ്കരിച്ച് മൂന്ന് റക്അത്ത് വിത്റ് നമസ്കരിക്കുക. ഫജ്റിന് മുമ്പ് ഉറങ്ങിയെഴുന്നേൽക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് മൂന്ന് റക്അത്ത് വിത്റ് നമസ്കരിക്കുക. വിത്റ് നമസ്കരിക്കുന്നതിന് വിവിധ രൂപങ്ങൾ പറയപ്പെട്ടിട്ടുണ്ട്. ഏറ്റവും നല്ലത് രണ്ട് റക്അത്ത് നമസ്കരിച്ച് സലാം വീട്ടിയ ശേഷം ഒരു റക്അത്ത് നമസ്കരിച്ച് സലാം വീട്ടുക.
വിത്റ് നമസ്കാരത്തിന്റെ സമയം
ഇശാഅ് നമസ്കരിച്ച് കഴിഞ്ഞാൽ വിത്ർ നമസ്കാരത്തിന്റെ സമയമാരംഭിക്കും. ഫജ്ർ വരെയാണ് അതിന്റെ സമയം. രാത്രിയുടെ അന്ത്യസമയങ്ങളിൽ വിത്ർ നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. അതായിരുന്നു നബി ﷺ യുടെ പതിവും. അല്ലാഹു എല്ലാ ദിവസവും ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുന്ന സമയമാണത്. ആ സമയം നമസ്കരിക്കുകയും പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ശ്രേഷ്ടകരമാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്ക് ഇറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)
عَنْ عَمْرُو بْنُ عَبَسَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ
അംറു ബ്നു അബസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേൾക്കുകയുണ്ടായി: രക്ഷിതാവ് അടിമയുമായി ഏറ്റവും കൂടുതൽ അടുക്കുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമത്തിലാണ്. ആയതിനാൽ ആ സമയം അല്ലാഹുവിനെ ഓർക്കുന്നതിൽ ഉൾപ്പെടാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ അപ്രകാരം ചെയ്യുക. (തിർമിദി:3579)
രാത്രിനമസ്കാരം നിർവഹിക്കാൻ ഏറ്റവും ഉത്തമമായ അന്ത്യസമയത്ത് എഴുന്നേൽക്കില്ല എന്ന് പേടിക്കുന്നവർ, ആദ്യസമയത്ത് തന്നെ വിത്ർ നമസ്കരിക്കുന്നതാണ് നല്ലത്.
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ” أَيُّكُمْ خَافَ أَنْ لاَ يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ ثُمَّ لْيَرْقُدْ وَمَنْ وَثِقَ بِقِيَامٍ مِنَ اللَّيْلِ فَلْيُوتِرْ مِنْ آخِرِهِ فَإِنَّ قِرَاءَةَ آخِرِ اللَّيْلِ مَحْضُورَةٌ وَذَلِكَ أَفْضَلُ
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയില്ലെന്ന് ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത് വിത്‌റ് നമസ്‌കരിച്ചുകൊളളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്ടെങ്കിൽ അപ്പോൾ അവൻ വിത്ർ നമസ്‌കരിച്ചുകൊളളട്ടെ. രാത്രിയുടെ അന്ത്യയാമത്തിലുളള നമസ്‌കാരത്തിൽ മലക്കുകൾ പങ്കെടുക്കും അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്‌ലിം:755)
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي حَبِيبِي صلى الله عليه وسلم بِثَلاَثٍ لَنْ أَدَعَهُنَّ مَا عِشْتُ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاَةِ الضُّحَى وَبِأَنْ لاَ أَنَامَ حَتَّى أُوتِرَ
അബൂദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: : എന്റെ ഹബീബായ റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ കൊണ്ട് എന്നെ വസ്വിയത്ത് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നമസ്‌കാരം നി൪വ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്‌കരിക്കുകഎന്നിവയാണത്. (മുസ്ലിം:722)
രാത്രി ഉറക്കിൽ നിന്നെഴുന്നേൽക്കില്ലെന്ന് പേടിച്ച് ഇശാഇനു ശേഷം വിത്ർ നമസ്കരിച്ചു. പിന്നീട്, ഉറക്കത്തിൽ നിന്നെഴുന്നേറ്റാൽ, തഹജ്ജുദ് നമസ്കരിക്കാൻ പറ്റുമോ?
ഇബ്നു ഖുദാമ رحمه الله പറഞ്ഞു: ഒരു മുസ്ലിം രാത്രിയുടെ ആദ്യ സമയത്ത് തന്നെ വിത്റ് നമസ്കരിച്ച് ഉറങ്ങി. ശേഷം രാത്രിയുടെ അവസാനത്തിൽ എഴുന്നേറ്റ് നമസ്കരിക്കുവാൻ അല്ലാഹു അവന് അവസരം നൽകിയാൽ അവൻ ഈരണ്ട് ഈരണ്ട് റക്അത്ത് നമസ്കരിക്കുക. അവൻ ആദ്യം നമസ്കരിച്ച വിത്റ് (ഒരു റക്അത്ത് കൂടി നമസ്കരിച്ച്) ഒഴിവാക്കേണ്ടതില്ല. അവൻ ആദ്യം നിർവഹിച്ച വിത്റ് തന്നെ മതിയാകുന്നതാണ്. (അൽമുഗ്നി)
ഇബ്നു ബാസ് رحمه الله പറഞ്ഞു:സൂക്ഷ്മതക്ക് വേണ്ടി ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിക്കുന്നത് നല്ല കാര്യമാണ്. നബിﷺ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ , അബു ദർദാഅ് رَضِيَ اللَّهُ عَنْهُ എന്നിവരോട് രാത്രിയുടെ ആദ്യത്തിൽ വിത്ർ നമസ്കരിക്കാൻ വസിയ്യത് ചെയ്തിരുന്നു. ചില പണ്ഢിതൻമാർ പറഞ്ഞു: അവർ 2 പേരും രാത്രിയുടെ ആദ്യത്തിൽ വൈജ്ഞാനിക വിഷയങ്ങളിൽ വ്യാപൃതരാവുന്നത് കൊണ്ട്, രാത്രിയുടെ അന്ത്യ സമയത്ത് എഴുന്നേൽക്കൽ അവർക്ക് പ്രയാസമായിരുന്നു. ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്റാക്കിയതിനു ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നമസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ വിത്റാക്കാതെ (ഒറ്റയാക്കാതെ) അവന് നമസ്കരിക്കാവുന്നതാണ്. കാരണം, നബിﷺ പറഞ്ഞു: لا وتران في ليلة (ഒരു രാത്രി 2 വിത്റില്ല) (അബൂദാവൂദ്:1439) അതിനാൽ അവൻ 2, 4, 6 അല്ലെങ്കിൽ അതിൽ കൂടുതൽ എന്നിങ്ങനെ ഇരട്ടയായി നമസ്കരിക്കുന്നതിന് (രാത്രിയുടെ അന്ത്യ സമയത്ത്) പ്രശ്നമില്ല. രാത്രിയുടെ ആദ്യസമയത്ത് വിത്റാക്കാത്തവനോടാണ് അന്ത്യസമയത്ത് വിത്റാക്കാൻ കൽപ്പിക്കപ്പെട്ടത്. ഒരാൾക്ക് രാത്രിയുടെ അന്ത്യസമയത്ത് വിത്റാക്കാൻ കഴിയുമെങ്കിൽ, അതാണ് ഏറ്റവും ശ്രേഷ്ടമായത്. ഇനി, ഒരാൾ എഴുന്നേൽക്കില്ലെന്ന പേടി കാരണം, ഒരുറപ്പിന് വേണ്ടി രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിച്ചു. ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നമസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ, വിത്റാക്കാതെ(ഒറ്റയാക്കാതെ) അവന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്. നബിﷺ വിത്റിനു ശേഷം രണ്ട് റകഅത് നമസ്കരിച്ചതായി ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. വിത്റാക്കിയതിന് ശേഷവും നിസ്കരിക്കാം എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുക്കാനായിരുന്നു അത്.
ഒരു യാത്രക്കാരൻ മഗ്‌രിബിന്റെ കൂടെ ഇശാഅ് ജംആക്കി നമസ്കരിച്ചു. ഇശാഇന്റെ സാധാരണ സമയമാകുന്നതിന് മുമ്പ് അയാൾക്ക് വിത്ർ നമസ്കരിക്കാൻ പറ്റുമോ?
അസ്തമയശോഭ മാഞ്ഞതിന് ശേഷം ഇശാഅ് അതിന്റെ സാധാരണ സമയത്ത് നിർവ്വഹിച്ചാലും; അതല്ല, രോഗമോ യാത്രയോ ശക്തമായ മഴയോ കാരണം മഗ്‌രിബിന്റെ കൂടെ ഇശാഅ് ജംആക്കി നിർവ്വഹിച്ചാലും ശരി, ഇശാഅ് നമസ്കരിച്ച ഒരാൾക്ക് വിത്ർ നമസ്കരിക്കാവുന്നതാണ്.
ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: അതെ, മഗ്‌രിബിന്റെ കൂടെ ജംആക്കി ഇശാഅ് നമസ്കരിച്ച ഒരാൾക്ക് ഇശാഇന് ശേഷം വിത്ർ നമസ്കരിക്കാവുന്നതാണ്. ഒരാൾ മതം അനുവദിച്ച ഇളവുകൾ സ്വീകരിച്ച് മഗ്‌രിബിന്റെ കൂടെ ജംആക്കി ഇശാഅ് നമസ്കരിച്ചാലും, അതല്ല ഇശാഇന്റെ സാധാരണ സമയത്ത് തന്നെ അത് നിർവഹിച്ചാലും; ഇശാഅ് നമസ്കാരം കഴിഞ്ഞാൽ പിന്നെ വിത്റിന്റെ സമയമായി. (https://youtu.be/cZCsbrqT5IM)
വിത്റ് നമസ്കാരത്തിലെ ഖുര്‍ആൻ പാരായണം
عَنْ عَبْدِ الرَّحْمَنِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقْرَأُ فِي الْوَتْرِ بِـ { سَبِّحِ اسْمَ رَبِّكَ الأَعْلَى } وَ { قُلْ يَا أَيُّهَا الْكَافِرُونَ } وَ { قُلْ هُوَ اللَّهُ أَحَدٌ }
അബ്ദുറഹ്മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വിത്റിന്റെ (ഒന്നാമത്തെ റക്അത്തിൽ) നബി ﷺ “സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ” യും (രണ്ടാമത്തെ റക്അത്തിൽ) “ഖുൽ യാ അയ്യുഹൽ കാഫിറൂൻ” ഉം (മൂന്നാമത്തെ റക്അത്തിൽ) “ഖുൽ ഹുവല്ലാഹു അഹദ്” ഉം പാരായണം ചെയ്യുമായിരുന്നു. (നസാഇ:1733)
വിത്റ് നമസ്കാരത്തിന് ശേഷമുള്ള ദിക്റ്
سُبْحَانَ الْمَلِكِ الْقُدُّوسِ
സുബ്ഹാനല്‍-മലികില്‍ ഖുദ്ദൂസ്
പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍. (മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)
വിത്റ് നമസ്കാരത്തിന് ശേഷം ഈ ദിക്റ് നബി ﷺ മൂന്ന് തവണ ചൊല്ലിയിരുന്നു. അതിൽ മൂന്നാമത്തെ തവണ, ശബ്ദമുയർത്തി, നീട്ടിയായിരുന്നു നബിﷺ ചൊല്ലിയിരുന്നത്.
عَنْ عَبْدِ الرَّحْمَنِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقْرَأُ فِي الْوَتْرِ بِـ { سَبِّحِ اسْمَ رَبِّكَ الأَعْلَى } وَ { قُلْ يَا أَيُّهَا الْكَافِرُونَ } وَ { قُلْ هُوَ اللَّهُ أَحَدٌ } ثُمَّ يَقُولُ إِذَا سَلَّمَ ” سُبْحَانَ الْمَلِكِ الْقُدُّوسِ ” . وَيَرْفَعُ بِـ ” سُبْحَانَ الْمَلِكِ الْقُدُّوسِ ” . صَوْتَهُ بِالثَّالِثَةِ .
അബ്ദുറഹ്മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വിത്റിന്റെ (ഒന്നാമത്തെ റക്അത്തിൽ) നബി ﷺ “സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ” യും (രണ്ടാമത്തെ റക്അത്തിൽ) “ഖുൽ യാ അയ്യുഹൽ കാഫിറൂൻ” ഉം (മൂന്നാമത്തെ റക്അത്തിൽ) “ഖുൽ ഹുവല്ലാഹു അഹദ്” ഉം പാരായണം ചെയ്യുമായിരുന്നു. (വിത്റിൽ) സലാം വീട്ടിയ ശേഷം അവിടുന്ന് “സുബ്ഹാനല്‍-മലികില്‍ ഖുദ്ദൂസ്” എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. മൂന്നാം തവണ അത് പറയുമ്പോൾ ശബ്ദം ഉയര്‍ത്തിയിരുന്നു (നസാഇ:1733)
وَكَانَ إِذَا سَلَّمَ وَفَرَغَ قَالَ ” سُبْحَانَ الْمَلِكِ الْقُدُّوسِ ” . ثَلاَثًا طَوَّلَ فِي الثَّالِثَةِ .
(വിത്റിൽ) സലാം വീട്ടിയാൽ നബി ﷺ “സുബ്ഹാനല്‍-മലികില്‍ ഖുദ്ദൂസ്” എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. മൂന്നാം തവണ (അത് പറയുമ്പോൾ) ശബ്ദം നീട്ടിയിരുന്നു. (നസാഇ:1734)