അത്താഴം : ചില പാഠങ്ങൾ

THADHKIRAH

എന്താണ് അത്താഴം

നോമ്പ് ആരംഭിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം. സഹൂര്‍ (السحور ) എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. അത്താഴം കഴിക്കുക മൂലം ശരീരത്തിന് ശക്തി ആർജ്ജിച്ചെടുക്കുവാൻ സാധിച്ചേക്കും.

അത്താഴം കഴിക്കുന്നതിന്റെ വിധി

അത്താഴം കഴിക്കൽ നിർബന്ധമല്ല , മറിച്ച് അത് പ്രഭലമായ സുന്നത്താണ്

അത്താഴത്തിന്റെ ശ്രേഷ്ഠതകൾ

عَنْ أَنَسٍ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീ൪ച്ചയായും അത്താഴം കഴിക്കുന്നതില്‍ ബറക്കത്ത് ഉണ്ട്. (മുസ്ലിം:1095)

عَنْ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ

അംറ് ബ്നു ആസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നോമ്പിന്റെയും വേദക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള അന്തരം അത്താഴം കഴിക്കലാണ്.(മുസ്ലിം: 1096)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  السَّحُورُ أَكْلُهُ بَرَكَةٌ، فَلَا تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ عَزَّ وَجَلَّ وَمَلَائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അത്താഴം കഴിക്കൽ ബറകത്താകുന്നു. അതുകൊണ്ട് നിങ്ങൾ അതുപേക്ഷിക്കരുത്. ഒരിറക്ക് വെള്ളം കഴിച്ചിറക്കുകയെങ്കിലും ചെയ്യണം. തീർച്ചയായും അല്ലാഹു അത്താഴം കഴിക്കുന്നവർക്ക് സ്വലാത് (അനുഗ്രഹം) നൽകുന്നു. മലക്കുകൾ അവർക്കുവേണ്ടി സ്വലാത്തിനെ ചോദിക്കുന്നു (പ്രാർത്ഥിക്കുന്നു.) (സിൽസിലത്തു സ്വഹീഹ :4/212)

അല്ലാഹു സ്വലാത്ത് ചൊല്ലുമെന്നു പറഞ്ഞാല്‍ മലക്കുകളുടെ അരികിൽ അയാളെ പ്രശംസിക്കലാണ്. മലക്കുകള്‍ സ്വലാത്ത് ചൊല്ലുമെന്നു പറഞ്ഞാല്‍ മലക്കുകള്‍ അയാള്‍ക്കു വേണ്ടി പ്രാ൪ത്ഥിക്കലാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസിക്ക് കാരക്ക എത്ര നല്ല അത്താഴമാണ്. (അബൂ ദാവൂദ്:2345)

عَنْ عَبْدِ اللَّهِ بْنِ الْحَارِثِ، عَنْ رَجُلٍ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ يَتَسَحَّرُ فَقَالَ ‏ :‏ إِنَّهَا بَرَكَةٌ أَعْطَاكُمُ اللَّهُ إِيَّاهَا فَلاَ تَدَعُوهُ.‏

അബ്ദുല്ലാഹിബ്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്വഹാബികളില്‍ പെട്ട ഒരു വ്യക്തി എന്നോട് പറഞ്ഞു: നബി ﷺ അത്താഴം കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ അരികില്‍ ചെന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് മാത്രമായി അല്ലാഹു നല്‍കിയ അനുഗ്രഹമാകുന്നു ഇത്. അതിനാല്‍ അത് നിങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. (നസാഈ:2162)

عَنِ الْعِرْبَاضِ بْنِ سَارِيَةَ، قَالَ دَعَانِي رَسُولُ اللَّهِ صلى الله عليه وسلم إِلَى السَّحُورِ فِي رَمَضَانَ فَقَالَ ‏ :‏ هَلُمَّ إِلَى الْغَدَاءِ الْمُبَارَكِ.‏

ഇര്‍ബാദ് ഇബ്‌നു സാരിയ رَضِيَ اللَّهُ عَنْهُ പറയുന്നു: റമദാനില്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ നബി  ﷺ  പറഞ്ഞു: അനുഗ്രഹീതമായ പ്രഭാതഭക്ഷണത്തിലേക്ക് സ്വാഗതം. (അബൂദാവൂദ്:2344)

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :عَلَيْكُمْ بِغَدَاءِ السُّحُورِ فَإِنَّهُ هُوَ الْغَدَاءُ الْمُبَارَكُ.‏

മിഖ്ദാം ഇബ്‌നു മഅ്ദീകരിബ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗ്രഹീതമായ പ്രഭാതഭക്ഷണം. (നസാഈ:2164)

അത്താഴം കഴിക്കേണ്ട സമയം

രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്റെ സമയം. സുബ്ഹി നിസ്കാരത്തിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്.

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അത്താഴം പിന്തിപ്പിക്കുകയും ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്‍മയില്‍ തന്നെയായിരിക്കും. (അഹ്മദ്)

عن أبي الدرداء رضي الله عنه قال: قال رسول الله ﷺ:ثلاث من أخلاق النبوة: تعجيل الإفطار، وتأخير السحور، ووضع اليمين على الشمال في الصلاة

അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നുബുവ്വത്തിന്റെ (പ്രവാചകത്ത്വത്തിന്റെ) ഗുണങ്ങളിൽ പെട്ടതാണ്: നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ, അത്താഴം വൈകിപ്പിക്കൽ, നമസ്കാരത്തിൽ ഇടത് കയ്യിൻമേൽ വലത് കൈ വെക്കൽ. (ത്വബ്റാനി)

സുബ്ഹി ബാങ്കിന് ഏകദേശം 10 മിനിട്ട് മുമ്പ് അത്താഴം കഴിച്ച് തീ൪ക്കുക. അതായത് അത്താഴം കഴിച്ച് കഴിഞ്ഞാല്‍ പിന്നെ സുബ്ഹി ബാങ്കിന് ഏകദേശം 10 മിനിട്ട് മാത്രം സമയം വരിക എന്നുള്ളതാണ് സുന്നത്ത്.

عَنْ زَيْدِ بْنِ ثَابِتٍ ـ رضى الله عنه ـ قَالَ تَسَحَّرْنَا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامَ إِلَى الصَّلاَةِ‏.‏ قُلْتُ كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً‏

സെയ്ദ് ബ്നു സാബിത്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങളൊരിക്കൽ നബി ﷺ യുടെ കൂടെ അത്താഴം കഴിച്ചു. അനന്തരം ഞങ്ങൾ നമസ്കരിക്കാൻ നിന്നു. ഒരാൾ ചോദിച്ചു: അതിനിടയിൽ എത്ര സമയമുണ്ടായിരുന്നു. നിവേദകൻ പറഞ്ഞു: 50 സൂക്തങ്ങൾ പാരായണം ചെയ്യുന്ന സമയം. (അത്താഴം കഴിച്ചിരുന്നത് അത്രയും പിന്തിച്ചായിരുന്നു). (ബുഖാരി: 1921- മുസ് ലിം: 1097)

عَنْ أَنَسٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ أَنَّهُمْ، تَسَحَّرُوا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامُوا إِلَى الصَّلاَةِ‏.‏ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُ خَمْسِينَ أَوْ سِتِّينَ ـ يَعْنِي آيَةً

സൈദ്ബ്‌നു സാബിത്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്വഹാബികള്‍ നബി ﷺ യോടൊപ്പം നോമ്പ്‌ കാലത്ത്‌ അത്താഴം കഴിക്കാറുണ്ട്‌. എന്നിട്ട്‌ അവര്‍ സുബ്ഹി നമസ്കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്ബ്‌നു സാബിത്തിനോടു ചോദിച്ചു. അത്‌ രണ്ടിനുമിടയില്‍ എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്‌(റ) പറഞ്ഞു: 50 അല്ലെങ്കില്‍ 60 ആയത്തു ഓതാനുള്ള സമയം. (ബുഖാരി:575)

قال ابن حجر رحمه الله : وهي قدر ثلث خمس ساعة، أي أربع دقائق.

ഇബ്നു ഹജർ رحمه الله  പറഞ്ഞു: അത് ഒരു മണിക്കൂറിന്റെ പതിനഞ്ചിൽ ഒരു ഭാഗമാണ്, അതായത് നാല് മിനിറ്റ്. (ഫത്ഹുൽ ബാരി)

قال الشيخ ابن عثيمين رحمه الله : لكنى قرأتها فبلغت نحو ست دقائق

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: പക്ഷെ ഞാനത് ഓതി നോക്കി, അങ്ങനെ ഏകദേശം ആറ് മിനിറ്റ് ആയി. (തൻബീഹ് അൽ-ഇഫ്‍ഹാം – ഉംദത്തുൽ അഹ്‌കാമിന്റെ വിശദീകരണം 419)

قال الشيخ عبد العزيز بن باز رحمه الله: خمسين آية متأنية مرتلة نحو خمس دقائق أو سبع دقائق إلى عشر دقائق

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: ഈണത്തോടും ശ്രദ്ധയോടും കൂടിയുള്ള അമ്പത് ആയത്ത്, ഏകദേശം ഒരു അഞ്ചു അല്ലെങ്കിൽ ഏഴ് മിനിറ്റ് മുതൽ പത്ത് മിനിറ്റ് വരെ.

ഇശാഅ് നിസ്കാരത്തിന് ശേഷം അത്താഴം കഴിച്ചു കിടക്കുകയും, സുബ്ഹി ബാങ്കിന് ശേഷം എഴുന്നേല്‍ക്കുകയും ചെയ്യുക എന്ന രീതി സുന്നത്തിന് എതിരാണ്. ഒരാൾ രാത്രിയുടെ അവസാനത്തിൽ അത്താഴത്തിന് നിയ്യത്താക്കി ഉറങ്ങുകയും, അത്താഴ സമയത്ത് ഉണരാതെ സുബ്ഹി ബാങ്കിന് ശേഷം എഴുന്നേല്‍ക്കുകയും ചെയ്താൽ അതിൽ കുഴപ്പമില്ല. അയാൾ നോമ്പുകാരനാണ്. പക്ഷേ അതൊരു സ്ഥിരം ഏർപ്പാടാക്കരുത്.

അത്താഴം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് കേട്ടാൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلاَ يَضَعْهُ حَتَّى يَقْضِيَ حَاجَتَهُ مِنْهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  തന്റെ കയ്യില്‍ ഭക്ഷണപാത്രമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്റെ ആവശ്യം കഴിയുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല. (അബൂ ദാവൂദ്:2350- സ്വഹീഹ് അല്‍ബാനി)

ഈ ഹദീസിനെ പണ്ഡിതന്മാർ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് കേട്ടാല്‍ വായിലുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. അത് തുപ്പിക്കളയേണ്ടതില്ല. ബാങ്ക് കേൾക്കുമ്പോൾ തന്റെ മുമ്പിലുള്ള പാത്രത്തിൽ നിന്ന് യാതൊന്നും കഴിച്ചിട്ടില്ലെങ്കിൽ, ബാങ്ക് കേട്ടാൽപിന്നെ അതിൽ നിന്നും യാതൊന്നും കഴിക്കാൻ പാടില്ല. ബാങ്ക് കേൾക്കുമ്പോൾ അയാൾ ഭക്ഷണം കഴിക്കാനോ പാനീയം കുടിക്കാനോ വേണ്ടി അതുമായി കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കിൽ അത് പൂര്‍ത്തിയാക്കാം. അപ്രകാരം അതുമായി കൈ ഉയര്‍ത്തിയിട്ടില്ലെങ്കില്‍ ഇനി അതിൽ നിന്നും യാതൊന്നും കഴിക്കാൻ പാടില്ല.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത്താഴം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് കേട്ടാൽ എന്ന് പറയുമ്പോൾ കൃത്യസമയത്ത് ബാങ്ക് കൊടുക്കുന്ന പള്ളികളെയാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നാടുകളിലെ പല പള്ളികളിലും സൂക്ഷ്മതയുടെ പേരിൽ റമളാനിൽ മഗ്രിബിന്റെ ബാങ്ക് 3-4 മിനിട്ട് വൈകിപ്പിക്കുന്നതും സുബ്ഹിയുടെ ബാങ്ക് 3-4 മിനിട്ട് മുന്തിപ്പിക്കുന്നതും കാണാം. അത് ശരിയായ രീതിയില്ല. അങ്ങനെ അനാവശ്യമായി നേരത്തെ ബാങ്ക് വിളിക്കുകയാണെങ്കിൽ അതിനെ പരിഗണിക്കേണ്ടതില്ല. അവിടെ സുബ്ഹി ബാങ്കിന്റെ കൃത്യസമയം മലസ്സിലാക്കി അതനുസരിച്ച് പ്രവ‍ര്‍ത്തിക്കുകയാണ് വേണ്ടത്.

അത്താഴത്തിലെ ബറകത്തുകൾ

قال ابن حجر رحمه الله: الْبَرَكَةَ فِي السُّحُورِ تَحْصُلُ بِجِهَاتٍ مُتَعَدِّدَةٍ ، وَهِيَ : اتِّبَاعُ السُّنَّةِ ، وَمُخَالَفَةُ أَهْلِ الْكِتَابِ ، وَالتَّقَوِّي بِهِ عَلَى الْعِبَادَةِ ، وَالزِّيَادَةُ فِي النَّشَاطِ ، وَمُدَافَعَةُ سُوءِ الْخُلُقِ الَّذِي يُثِيرُهُ الْجُوعُ ، وَالتَّسَبُّبُ بِالصَّدَقَةِ عَلَى مَنْ يَسْأَلُ إِذْ ذَاكَ ، أَوْ يَجْتَمِعُ مَعَهُ عَلَى الْأَكْلِ ، وَالتَّسَبُّبُ لِلذِّكْرِ وَالدُّعَاءِ وَقْتَ مَظِنَّةِ الْإِجَابَةِ ، وَتَدَارُكُ نِيَّةِ الصَّوْمِ لِمَنْ أَغْفَلَهَا قَبْلَ أَنْ يَنَامَ

ഇബ്നു ഹജർ رحمه الله  പറഞ്ഞു: അത്താഴത്തിലെ ബറകത്തുകൾ പല തരത്തിലാണ് വരുന്നത്.
(ഒന്ന്) അത്താഴം കഴിക്കുക വഴി സുന്നത്തിനെ പിൻപറ്റുന്നു
(രണ്ട്) വേദക്കാരോട് എതിരാകുന്നു
(മൂന്ന്) ഇബാദത്ത് ചെയ്യുന്നതിനുള്ള കരുത്ത് ലഭിക്കുന്നു
(നാല്) കൂടുതൽ ഉൻമേഷം ലഭിക്കുന്നു
(അഞ്ച്) വിശപ്പ് മൂലമുണ്ടാകുന്ന മോശം കാര്യങ്ങളിൽ നിന്നും പ്രതിരോധിക്കുന്നു
(ആറ്) സ്വദഖ ചെയ്യാനുള്ള അവസരം ലഭിക്കുന്നു
(ഏഴ്) മറ്റൊരാളെ കൂടി ഭക്ഷിപ്പിക്കാൻ അവസരം ലഭിക്കുന്നു
(എട്ട്) പ്രാ‍ത്ഥനക്ക് ഉത്തരം ലഭിക്കുന് സമയത്ത് ദിക്റും ദുആയും നി‍ര്‍വ്വഹിക്കാൻ അവസരം ലഭിക്കുന്നു
(ഒമ്പത്) ഉറങ്ങുന്നതിന് മുമ്പ് നോമ്പിന്റെ നിയ്യത്ത് ചെയ്യാത്തവ‍‍ര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നു. (ഫത്ഹുൽ ബാരി:4/140)

പത്താമത്തേതായി : പണ്ഡിതന്മാർ ഹദീസിന്റെ അടിസ്ഥാനത്തിൽ എണ്ണി: അത്താഴം കഴിക്കുന്നവർക്ക് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത് നിർവ്വഹിക്കുന്നു.

ഏറെ വിലപ്പെട്ട സമയം, അത് പാഴാക്കരുത്

രാത്രിയുടെ അവസാന ഭാഗമാണ് അത്താഴത്തിന്റെ സമയമെന്ന് പറഞ്ഞുവല്ലോ. ഇത് ഏറെ വിലപ്പെട്ട സമയമാണ്. ഈ സമയം പാഴാക്കി കളയരുത്. അത്താഴം കഴിച്ചു കഴിഞ്ഞ ശേഷം ബാക്കിയുള്ള ഏതാനും മിനിറ്റുകൾ വെറുതെ സംസാരിച്ചുകൊണ്ടോ സോഷ്യൽ മീഡിയയിൽ മുഴുകിയോ പാഴാക്കി കളയരുത്. പാപമോചനം തേടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. സ്വ‍ര്‍ഗ വാസികളായ മുത്തഖീങ്ങളുടെ ഒരു ഗുണമായി അല്ലാഹു പറയുന്നു:

وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ

രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആൻ: 51/18)

{ وَبِالْأَسْحَارِ } التي هي قبيل الفجر { هُمْ يَسْتَغْفِرُونَ } الله تعالى، فمدوا صلاتهم إلى السحر، ثم جلسوا في خاتمة قيامهم بالليل، يستغفرون الله تعالى، استغفار المذنب لذنبه، وللاستغفار بالأسحار، فضيلة وخصيصة، ليست لغيره، كما قال تعالى في وصف أهل الإيمان والطاعة: { وَالْمُسْتَغْفِرِينَ بِالْأَسْحَارِ }

{രാത്രിയുടെ അന്ത്യവേളകളില്‍} സ്വുബ്ഹിന് തൊട്ടുമുമ്പ്. {അവര്‍ പാപമോചനം തേടുന്നവരായിരുന്നു} അല്ലാഹുവിനോട്. അത്താഴസമയംവരെ അവര്‍ നമസ്‌കാരം നീട്ടും. തുടര്‍ന്ന് രാത്രി നമസ്‌കാരത്തിന്റെ അവസാനത്തില്‍ തങ്ങളുടെ തെറ്റുകള്‍ക്ക് അവര്‍ പാപമോചനം തേടും. ഈ അത്താഴസമയത്ത് പാപമോചനത്തിന് ശ്രേഷ്ഠതയുണ്ട്. മറ്റു സമയങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണത്. അല്ലാഹുവിനെ അനുസരിക്കുന്ന വിശ്വാസികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വുര്‍ആന്‍ പറയുന്നു: {അത്താഴവേളകളില്‍ പാപമോചനം തേടുന്നവരും}(ആലുഇംറാൻ:17) (തഫ്സീറുസ്സഅ്ദി)

ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ

(അതെ) ക്ഷമാലുക്കളും, സത്യവാന്മാരും, ഭക്തന്മാരും ചിലവഴിക്കുന്നവരും,  രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.] (ഖുർആൻ: 3/17)

Leave a Reply

Your email address will not be published.

Similar Posts