ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നാൽ ആളുകൾ കാണുമല്ലോ എന്ന് കരുതി അത് ഉപേക്ഷിക്കുകയും ചെയ്യുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് . ഉദാഹരണത്തിന് പള്ളിയിൽ ജമാഅത്തായി നമസ്കരിച്ച ശേഷം കുറേനേരം ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിക്കുകയും, അത് ആളുകൾ കാണുമല്ലോ എന്ന് കരുതി ഉപേക്ഷിക്കുകയും ചെയ്യുന്നു. അതേപോലെ പരസ്യമായി സ്വദക്ക ചെയ്യാൻ അവസരം ഉണ്ടാകുമ്പോൾ ആളുകൾ കാണുന്നുണ്ടല്ലോ എന്ന് കരുതി അതിൽ നിന്ന് പിന്മാറുന്നു. രിയാഅ് (ലോകമാന്യം) ഭയന്നാണ് അവർ അങ്ങനെ ചെയ്യുന്നത്. അഥവാ ചെയ്യാൻ വിചാരിച്ച ഒരു നന്മ, ‘ആളുകളെ കാണിക്കാൻ വേണ്ടിയാകുമോ’ എന്ന് പേടിച്ച്, ചെയ്യാതെ ഒഴിവാക്കുകയാണ്.
ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നതാകുമോ എന്ന് പേടിച്ച് നന്മകൾ ഉപേക്ഷിക്കാൻ പാടുള്ളതല്ല. അങ്ങനെ നൻമകൾ ഉപേക്ഷിക്കുമ്പോൾ പിശാചിന്റെ കുതന്ത്രമാണ് വിജയിക്കുന്നത്.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ആ ചിന്ത പിശാചിൽ നിന്നുള്ളതാണ്; അത് പിശാചിന്റെ ദുർബോധനമാണ്. നിങ്ങൾ ആ നന്മ ചെയ്യുകയും, നിങ്ങളുടെ നിയ്യത്ത് നന്നാക്കുകയുമാണ് വേണ്ടത്. ആളുകളെ കാണിക്കാൻ വേണ്ടിയാകുമോ എന്ന് പേടിച്ച് നന്മകൾ ഒഴിവാക്കാൻ പാടില്ല. ‘അല്ലാഹുവിന് വേണ്ടി മാത്രം’ എന്ന നിയ്യത്തോട് കൂടി, ആ കർമ്മം നിങ്ങൾ ചെയ്യുകയാണ് വേണ്ടത്. (https://youtu.be/3SF_CuUBYW0)
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: ആളുകൾ കാണുമോ, അവർ എന്തെങ്കിലും പറയുമോ, എന്നൊന്നും കരുതി നിങ്ങൾ നന്മകൾ ഒഴിവാക്കരുത്. അവരെ പരിഗണിക്കാതെ, അല്ലാഹു മതമായി പഠിപ്പിച്ചുതന്ന കാര്യങ്ങൾ നിങ്ങൾ നിർവഹിക്കുക. അതേസമയം, കർമ്മങ്ങൾ ചെയ്യുമ്പോൾ അത് ആരും കാണാൻ വേണ്ടിയാവാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങൾ രാത്രി നമസ്കാരങ്ങളും സുന്നത്ത് നമസ്കാരങ്ങളും ദുഹാ നമസ്കാരങ്ങളുമൊക്കെ നിർവഹിക്കുക. ആളുകൾ എന്തു പറഞ്ഞാലും ഒരു പ്രശ്നവുമില്ല എന്ന് കരുതുക. ഇനി; ആളുകളെ കാണിക്കാൻ വേണ്ടിയാണ് നിങ്ങൾ അത് ചെയ്തതെന്ന് ജനങ്ങൾ പറഞ്ഞാൽ പോലും, നിങ്ങളുടെ ഉദ്ദേശം അതല്ലെന്നും അല്ലാഹു അതിൽനിന്നും നിങ്ങളെ സംരക്ഷിച്ചിട്ടുണ്ടെന്നും നിങ്ങൾക്കറിയാമല്ലോ. അതുകൊണ്ടുതന്നെ, ആളുകൾ എന്തുപറഞ്ഞാലും അത് നിങ്ങളെ ബാധിക്കുകയില്ല. (https://bit.ly/2PEjrlk)
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:
يمكن تجنب مثل هذا الأمر بالاستعاذة بالله من الشيطان الرجيم، والمضي قدماً في فعل الخير، ولا يلتفت إلى هذه الوساوس التي تثبطه عن فعل الخير، وهو إذا أعرض عن هذا واستعاذ بالله من الشيطان الرجيم زال عنه ذلك بإذن الله.
ശൈത്വാനിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിയാൽ ഇങ്ങനെയുള്ള ചിന്തകളിൽ നിന്ന് രക്ഷപ്പെടാനും, നന്മകളിൽ മുന്നേറാനും കഴിയും. നന്മകൾ ചെയ്യുന്നതിൽ നിന്നും പുറകോട്ട് വലിക്കുന്ന ഇങ്ങനെയുള്ള വസ്‌വാസുകൾ ഒരാൾ പരിഗണിക്കേണ്ടതില്ല. അഥവാ അങ്ങനെയുള്ള വല്ല ചിന്തയും വന്നാൽ, അവൻ പിശാചിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടികൊള്ളട്ടെ. (https://bit.ly/2PfzNBe)
قال بعض السَّلف: تَرْكُ الْعَمَلِ مِنْ أَجْلِ النَّاسِ رِيَاءٌ وَالْعَمَلُ مِنْ أَجْلِ النَّاسِ شِرْكٌ، وَالْإِخْلَاصُ أَنْ يُعَافِيَكَ اللهُ منهما كلها،
സലഫുകളിൽ പെട്ട ചിലർ പറഞ്ഞു: ജനങ്ങൾക്ക് വേണ്ടി അമലുകൾ ഉപേക്ഷിക്കൽ രിയാഇൽ പെട്ടതാണ്. ജനങ്ങൾക്ക് വേണ്ടി അമലുകൾ ചെയ്യുന്നത് ശിർക്കിൽ പെട്ടതുമാണ്. ഇഖ്‌ലാസ് എന്നത്, അല്ലാഹു ഇതിൽ രണ്ടിൽ നിന്നും നിങ്ങളെ രക്ഷിക്കുമ്പോഴാണ് ഉണ്ടാവുക. (ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഹഫിളഹുല്ലാഹ്)