സമസ്ത ഇ.കെ വിഭാഗം 2023 ജനുവരി 8 ന് കോഴിക്കോട് കടപ്പുറത്തുവെച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റായ ജിഫ്രി തങ്ങൾ സമസ്തയുടെ അന്ധവിശ്വാസങ്ങളെ സാധൂകരിക്കുന്നതിന് വേണ്ടി ഇസ്ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ചും ദുർവ്യാഖ്യാനിച്ചും സാധാരക്കാരെ തെറ്റിദ്ധരിപ്പിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച വ്യാജ തെളിവുകൾക്ക് പ്രാമാണികമായൊരു വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഒന്ന്
ലോകത്ത് എവിടെനിന്നാണെങ്കിലും നബി ﷺ ക്ക് മഗാഈബുകൾ (അദൃശ്യങ്ങൾ) അറിയാൻ കഴിയുമെന്ന കളവ് സ്ഥാപിക്കാൻ വേണ്ടി, നമസ്‌കാര വേളയിൽ നബി ﷺ സ്വഹാബികളോട് പറഞ്ഞതായി വന്ന ഹദീസിൽനിന്ന് ‘എന്റെ പിന്നിലൂടെയും ഞാൻ നിങ്ങളെ കാണുന്നു’ എന്ന ഭാഗം മാത്രം അദ്ദേഹം തെളിവായി വായിച്ചു. പ്രസ്തുത ഹദീസ് കാണുക:
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ هَلْ تَرَوْنَ قِبْلَتِي هَا هُنَا فَوَاللَّهِ مَا يَخْفَى عَلَىَّ خُشُوعُكُمْ وَلاَ رُكُوعُكُمْ، إِنِّي لأَرَاكُمْ مِنْ وَرَاءِ ظَهْرِي ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് നിൽക്കുന്നതിനാൽ (നിങ്ങളെ കാണുന്നില്ല) എന്ന് വിചാരിച്ചുക്കുന്നുണ്ടോ? അല്ലാഹു തന്നെ സത്യം! നിങ്ങളുടെ ഭയഭക്തിയും (നമസ്‌കാര കർമങ്ങളും) റുകൂഉമൊന്നും എനിക്ക് ഗോപ്യമല്ല. എന്റെ പിന്നിലൂടെയും ഞാൻ നിങ്ങളെ കാണുന്നു. (ബുഖാരി:418)
ഇമാമുമാരായ ബുഖാരി , മുസ്‌ലിം, നസാഈ , മാലിക് അഹ്‌മദ് رحمهم الله എന്നിവർ അവരുടെ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അവരിൽ ആരും ഇതിന്റെ അടിസ്ഥാനത്തിൽ നബി ﷺ എല്ലാ അദൃശ്യവും അറിയുമെന്ന് സ്ഥാപിച്ചിട്ടില്ല.
നബി ﷺ യുടെ പുറകിലാണ് സ്വഹാബത്ത് നമസ്‌കരിക്കുന്നതെങ്കിലും അവരുടെ നമസ്‌കാരം അദ്ദേഹത്തിന് അല്ലാഹു കാണിച്ച് കൊടുത്തിരുന്നു. നബി ﷺ യുടെ മുഅ്ജിസത്തുകളിലാണിത് എണ്ണപ്പെടുക. ഈ ഹദീസിന് പണ്ഡിതന്മാർ നൽകിയ വിശദീകരണത്തിൽനിന്നും അത് വ്യക്തമാണ്.
ഇബ്‌നു ഹജറുൽ അസ്ഖലാനി رَحِمَهُ اللهُ പറയുന്നു: ഇത് നമസ്‌കാര സന്ദർഭത്തിൽ മാത്രമാണ് എന്നതാണ് ഇതിന്റെ ബാഹ്യാർഥം. (ഫത്ഹുൽ ബാരി)
ഇമാം നവവി رَحِمَهُ اللهُ പറയുന്നു: ചിലർ ഈ കാഴ്ച മരണ ശേഷമാണെന്ന് വ്യാഖ്യാനിക്കുന്നു. ഹദീസിന്റെ സാഹചര്യം പരിഗണിച്ചാൽതന്നെ ആ അഭിപ്രായം സത്യത്തിൽനിന്ന് വളരെ അകലെയെന്ന് വ്യക്തം. (ശറഹു മുസ്ലിം)
ഇമാം മുല്ല അലിയ്യുൽ ക്വാരി رَحِمَهُ اللهُ പറയുന്നു: ഇതിന് വിപരീതമായി എന്റെ ചുമരിന് പിന്നിൽ എന്താണെന്ന് എനിക്കറിയില്ല എന്ന ഹദീസുള്ളതിനാൽ ഈ കാഴ്ച ശാശ്വതമായിരിക്കണമെന്നില്ല. അതിനാൽ ഇത് നമസ്‌കാര അവസ്ഥക്ക് പ്രത്യേകവും നമസ്‌കരിക്കുന്നവരെ പറ്റിയുള്ള അറിവുമാണ്. (മിർക്വാത്ത്)
ഈ ഹദീസിന്റെ സന്ദർഭം, ആശയം, വിശദീകരണം എന്നിവയൊന്നും പരിഗണിക്കാതെ ബാഹ്യാർഥം മാത്രം പരിഗണിച്ച് തങ്ങളുടെ വാദത്തിന് തെളിവാക്കുകയാണ് അദ്ദേഹം ചെയ്തത്.
രണ്ട്
അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടമാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. ഹിജ്‌റ എട്ടാം വർഷത്തിലുണ്ടായ മുഅ്ത യുദ്ധ വേളയിൽ നബി ﷺ സൈനിക നേതൃത്വം സൈദ് ബ്‌നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിന് നൽകിയ ഉപദേശം ബുഖാരി, അഹ്‌മദ്, ഇബ്‌നു ഹിബ്ബാൻ رحمهم الله എന്നിവർ റിപ്പോർട്ട് ചെയ്ത ഈ ഹദീസാണ് നബി ﷺ ക്ക് ഗൈബ് അറിയാൻ കഴിയുമെന്നതിന് ജിഫ്രി തങ്ങൾ വായിച്ച മറ്റൊരു തെളിവ്. പ്രസ്തുത ഹദീസ് കാണുക:
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَمَّرَ رَسُولُ اللَّهِ صلى الله عليه وسلم فِي غَزْوَةِ مُوتَةَ زَيْدَ بْنَ حَارِثَةَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنْ قُتِلَ زَيْدٌ فَجَعْفَرٌ، وَإِنْ قُتِلَ جَعْفَرٌ فَعَبْدُ اللَّهِ بْنُ رَوَاحَةَ
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഅ്ത യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്ദ് ഇബ്‌നു ഹാരിഥിനെ അമീറായി നിശ്ചയിച്ചു. എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സയ്ദ് കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറും ജഅ്ഫര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹയും (ആണ് അമീര്‍). (ബുഖാരി:4261)
ഒരു യുദ്ധമാകുമ്പോൾ സ്വഭാവികമായും ഉണ്ടാകാവുന്ന കാര്യം നബി ﷺ ഉണർത്തി എന്നല്ലാതെ ഈ സംഭവവും ഗൈബ്(അദൃശ്യം) അറിയലും തമ്മിലൊരു ബന്ധവുമില്ല. ഇതിലെവിടെയും നബി ﷺ അദൃശ്യമറിയുമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. അവർ കൊല്ലപ്പെടുമെന്നല്ല, കൊല്ലപ്പെടുകയാണെങ്കില്‍ എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. സൈദ് رَضِيَ اللَّهُ عَنْهُ, ജഅ്ഫർ رَضِيَ اللَّهُ عَنْهُ എന്നീ സ്വഹാബിമാർ ശുഹദാക്കളാകും എന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞതെങ്കിൽ തന്നെ അത് അല്ലാഹു അറിയിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ മാത്രം പറഞ്ഞതാണ്. അതൊരിക്കലും എല്ലാ അദൃശ്യങ്ങളും നബി ﷺ അറിയുമെന്നതിന് തെളിവല്ല.
മൂന്ന്
സൂറത്തുൽ അൻആമിലെ 75 വചനം ദുർവ്യാഖ്യാനിച്ച് ഇബ്‌റാഹീം നബി عليه السلام യും അദൃശ്യകാര്യങ്ങൾ അറിയുമായിരുന്നുവെന്ന് ജിഫ്രി തങ്ങൾ തെറ്റിദ്ധരിപ്പിച്ചു. വിശുദ്ധ ഖുർആനിലെ പ്രസ്തുത വചനം കാണുക:
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ
അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്. (ഖുർആൻ:6/75)
ആകാശഭൂമികളുടെ ഭരണാധികാരം, ഉടമസ്ഥത, അവയില്‍ എകാരാധ്യനായിരിക്കുവാനുള്ള അര്‍ഹത, അവയുടെ രക്ഷാകര്‍ത്തൃത്വം തുടങ്ങിയവ അല്ലാഹുവിന് മാത്രമാണെന്ന യാഥാര്‍ത്ഥ്യം അല്ലാഹു ഇബ്‌റാഹീം നബി عليه السلام ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ഈ വചനത്തിലൂടെ ചെയ്തിട്ടുളളത്. ഇമാം ത്വബ്‌രി, ഇമാം ക്വുർത്വുബി, ഇമാം ഇബ്‌നു കസീർ തുടങ്ങിയവരെല്ലാം ഇക്കാര്യം വിശദീകരിച്ചതായി കാണാം. ഇത് മറച്ചുവെച്ച് ഇബ്‌റാഹീം നബി عليه السلام ക്ക് അദൃശ്യകാര്യങ്ങൾ അറിയുമായിരുന്നുവെന്ന് തന്റെ മുമ്പിലുള്ള ജനങ്ങളെ കബളിപ്പിക്കലും ആ മഹാപ്രവാചകനെക്കുറിച്ചുള്ള കള്ളവുമാകുന്നു.
നാല്
അബൂബകർ رَضِيَ اللَّهُ عَنْهُ അദൃശ്യകാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും ജിഫ്രി തങ്ങൾ തെറ്റിദ്ധരിപ്പിച്ചു. അബൂബകർ رَضِيَ اللَّهُ عَنْهُ തന്റെ മരണ സന്ദർഭത്തിൽ സ്വത്തുമായി ബന്ധപ്പെട്ട് മകൾ ആയിശ رضي الله عنها യോട് നടത്തിയ സംസാരമാണ് അദ്ധേഹത്തിന്റെ തളിവ്. ആ സംഭവത്തിലുള്ളതിന്റെ പ്രസക്തഭാഗം കാണുക:
وَإِنَّمَا هُمَا أَخَوَاكِ وَأُخْتَاكِ فَاقْتَسِمُوهُ عَلَى كِتَابِ اللَّهِ . قَالَتْ عَائِشَةُ فَقُلْتُ يَا أَبَتِ وَاللَّهِ لَوْ كَانَ كَذَا وَكَذَا لَتَرَكْتُهُ إِنَّمَا هِيَ أَسْمَاءُ فَمَنِ الأُخْرَى فَقَالَ أَبُو بَكْرٍ ذُو بَطْنِ بِنْتِ خَارِجَةَ . أُرَاهَا جَارِيَةً .
എന്നാൽ ഇന്ന് അത് അവകാശികളുടെ സ്വത്താണ്. അവർ നിങ്ങളുടെ രണ്ട് സഹോദരന്മാരും നിങ്ങളുടെ രണ്ട് സഹോദരിമാരുമാണ്. അതിനാൽ അത് അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിഭജിക്കുക. ആയിശാ رضى الله عنها പറയുന്നു: എന്റെ പിതാവേ, അല്ലാഹുവിനെ തന്നെയാണെ സത്യം ഇതുപോലെയായിരുന്നുവെങ്കിൽ ഞാൻ അത് ഉപേക്ഷിക്കും. ഒരു സഹോദരി അസ്മാഅ് ആണ്, മറ്റൊരു സഹോദരി ആരാണ്? അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഖാരിജയുടെ വയറ്റിലുള്ള കുട്ടിയാണത്. അത് പെൺകുട്ടിയാണെന്ന് ഞാൻ വിചാരിക്കുന്നു’ (മുവത്വ)
ഹബീബ ബിൻത് ഖാരിജതുൽ അൻസ്വാരി എന്ന ഭാര്യയിൽ തനിക്ക് ജനിക്കാൻ പോകുന്ന കുട്ടിയെപ്പറ്റി ‘അത് പെൺകുട്ടിയാണെന്ന് ഞാൻ കരുതുന്നു’ എന്ന് അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞതിലാണ് ജിഫ്രി തങ്ങൾ കടിച്ചുതൂങ്ങിയിട്ടുള്ളത്. ‘ഞാൻ കരുതുന്നു,’ ‘ഞാൻ കാണുന്നു,’ ‘ഞാൻ സംശയിക്കുന്നു’ എന്നിങ്ങനെ ഹദീസുകളിലുള്ള പദങ്ങളുടെ ശരിയായ അർഥവും ആശയവും ഗ്രഹിക്കാതെ അദൃശ്യമറിയലായി വ്യാഖ്യാനിക്കുന്നത് സമസ്തയുടെ വികലവിശ്വാസങ്ങൾക്ക് തെളിവുണ്ടാക്കുവാൻ മാത്രമാണ്.
അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ രണ്ട് നിലയ്ക്കാണ് ഇതിനെ വിശദീകരിച്ചിട്ടുള്ളത്. അബൂബകർ رَضِيَ اللَّهُ عَنْهُ വിന് അല്ലാഹു നൽകിയ കറാമത്തെന്നോണം ഉണ്ടായ ദർശനമാണെന്നതാണ് ഒരഭിപ്രായം. കറാമത്ത് വലിയ്യിന്റെ കഴിവിൽ പെട്ടതല്ല. അത് അല്ലാഹുവിന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് മാത്രം സംഭവിക്കുന്നതുമാണ്. കറാമത്തായതിനാൽ അദേഹത്തിന്റെ ഇഷ്ടപ്രകാരമോ, മരണ ശേഷമോ ഇതുണ്ടാകില്ല. എല്ലാ ഗൈബുകളും അറിയുക എന്നതും ഇതുകൊണ്ട് സാധ്യമല്ല. ഇതിന്റെ അടിസ്ഥാനത്തിൽ അബൂബകർ رَضِيَ اللَّهُ عَنْهُ അദൃശ്യങ്ങൾ അറിയുന്ന വലിയ്യാണെന്ന വിശ്വാസം അഹ്‌ലുസ്സുന്ന വൽജമാഅക്കില്ല.
ഇമാം നവവി رَحِمَهُ اللهُ തന്റെ മജ്മൂഇൽ പറഞ്ഞതാണ് മറ്റൊരഭിപ്രായം: ‘ഇത് വെറും ഊഹമാണ് അല്ലാതെ ഉറപ്പിക്കലല്ല എന്ന് റിപ്പോർട്ടിൽതന്നെ പ്രസ്താവ്യമാണ്.’
ഊഹത്തെ അദൃശ്യജ്ഞാനമറിയലായി എണ്ണുന്ന ശിയാക്കളുടെ അതേ വീക്ഷണത്തെ ശക്തിപ്പെടുത്തുക ജിഫ്രി തങ്ങൾ ഇവിടെ ചെയ്തിട്ടുള്ളത്.
അഞ്ച്
ഉമർ رَضِيَ اللَّهُ عَنْهُ അദൃശ്യകാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും ജിഫ്രി തങ്ങൾ തെറ്റിദ്ധരിപ്പിച്ചു. മാസങ്ങൾ വഴിദൂരം അകലെയുണ്ടായിരുന്ന സാരിയയെ ഉമർ ബ്നുൽ ഖത്താബ് മദീനയിൽ നിന്ന് ‘യാ സാരിയഃ’ എന്ന് വിളിച്ചില്ലേ എന്നതായിരുന്നു അദ്ധേഹത്തിന്റെ തളിവ്. പ്രസ്തുത സംഭവത്തിന്റെ റിപ്പോർട്ട് കാണുക:
عن نافع مولى ابن عمر: أنّ عمرَ بعث سريَّةً فاستعمل عليهم رجلًا يقالُ له ساريةُ فبينما عمرُ يخطب يومَ الجمُعةِ فقال يا ساريةُ الجبلَ يا ساريةُ الجبلَ فوجدوا ساريةَ قد أغار إلى الجبلِ في تلك الساعةِ يومَ الجمُعةِ وبينهما مسيرةُ شهرٍ.
നാഫിഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമർ رَضِيَ اللَّهُ عَنْهُ സാരിയ എന്നവരോടൊപ്പം ഒരു സൈന്യത്തെ നിയമിച്ചു. വെള്ളിയാഴ്ച ദിവസം അദ്ദേഹം ഖുത്വുബ നടത്തുമ്പോൾ “യാ സാരിയ്യ അൽ ജബൽ, യാ സാരിയ്യ അൽ ജബൽ” എന്ന് വിളിച്ചു. ഇരുവർക്കുമിടയിൽ ഒരു മാസ യാത്രാ ദൈർഘ്യമുണ്ടായിരിക്കെ ആ വിളി സാരിയ കേട്ടു.’
ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കറാമത്തായി വിവരിക്കപ്പെട്ട, അദ്ദേഹത്തിന് അല്ലാഹു തോന്നിപ്പിച്ചതോ, ആ ശബ്ദം അവിടെ എത്തിച്ചതോ ആയ ഈ സംഭവത്തിൽനിന്ന് എപ്പോഴും അദ്ദേഹത്തിന് ഗൈബറിയുമെന്ന വിചിത്ര വാദമാണ് ഇവർ നടത്തുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്ത അഹ്‌ലുസ്സുന്നയുടെ പണ്ഞിതൻമാർ ഈ അർത്ഥത്തിൽ ഇതിനെ വ്യാഖ്യാനിച്ചിട്ടില്ല.
ആറ്
മൂന്നാം ഖലീഫ ഉസ്മാൻ رَضِيَ اللَّهُ عَنْهُ അദൃശ്യകാര്യം (ഗൈബ്) അറിഞ്ഞിരുന്നു എന്ന് തെളിയിക്കാൻ അദ്ദേഹം മറ്റു സ്വഹാബികളോട് ‘നിങ്ങളിലൊരാൾ എന്റെയടുക്കൽ പ്രവേശിക്കും, അയാളുടെ രണ്ട് കണ്ണുകളിലും വ്യഭിചാരത്തിന്റെ അടയാളം പ്രകടമാകും’ എന്ന് പറഞ്ഞതാണ് ജിഫ്രി തങ്ങൾ സമ്മേളനത്തിൽ വായിച്ചത്. ഇത് പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ബാക്കി ഭാഗം കൂടി ഇദ്ദേഹം വായിച്ചാൽ അത് അദൃശ്യജ്ഞാനം അറിയലല്ലെന്ന് വ്യക്തമാകും.
قَالَ أَنَسُ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ : دَخَلْتُ عَلَى عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ . وَكُنْتُ رَأَيْتُ امْرَأَةً فِي الطَّرِيقِ تَأَمَّلْتُ مَحَاسِنَهَا . فَقَالَ عُثْمَانُ رَضِيَ اللَّهُ عَنْهُ : يَدْخُلُ عَلَيَّ أَحَدُكُمْ وَأَثَرُ الزِّنَا ظَاهِرٌ فِي عَيْنَيْهِ . فَقُلْتُ : أَوَحْيٌ بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ : وَلَكِنْ تَبْصِرَةٌ وَبُرْهَانٌ وَفِرَاسَةٌ صَادِقَةٌ .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഉസ്മാൻ ബ്നു അഫാൻ رَضِيَ اللَّهُ عَنْهُ വിനോടൊപ്പം പ്രവേശിച്ചു. ഞാൻ വഴിയിൽ ഒരു സ്ത്രീയെ കണ്ടു. ഞാൻ അവളുടെ സൗന്ദര്യത്തെ കുറിച്ച് ചിന്തിച്ചു. അപ്പോൾ ഉസ്മാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങളിലൊരാൾ എന്റെയടുക്കൽ പ്രവേശിക്കും, അയാളുടെ രണ്ട് കണ്ണുകളിലും വ്യഭിചാരത്തിന്റെ അടയാളം പ്രകടമാകും. അപ്പോൾ ഞാൻ ചോദിച്ചു:‘അല്ലാഹുവിന്റെ റസൂലിന് ശേഷം വഹ്‌യ് അവതരിപ്പിക്കപ്പെടുകയോ?’ അദ്ദഹം പറഞ്ഞു: ‘അല്ല, ഇത് സത്യസന്ധമായ നിരീക്ഷണവും ബോധ്യവുമാണ്.’
ഇതിലെവിടെയും ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന് ഗൈബ് അറിയാൻ കഴിയുമെന്നില്ല. ഇതിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ഇത്തരമൊരു വാദം ഇതിൽനിന്ന് കണ്ടെത്തിയിട്ടുമില്ല.
ഏഴ്
അലി رَضِيَ اللَّهُ عَنْهُ അദൃശ്യകാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും ജിഫ്രി തങ്ങൾ തെറ്റിദ്ധരിപ്പിച്ചു.അതിന് തെളിവായി ജിഫ്രി തങ്ങൾ പറഞ്ഞുവെച്ചത് ശിയാ ഗ്രന്ഥങ്ങളിൽ കാര്യമായ ഇരിപ്പിടം നൽകപ്പെട്ട തെളിവാണെന്ന് കാണാം. ‘അലി رَضِيَ اللَّهُ عَنْهُ ഹുസൈൻ رَضِيَ اللَّهُ عَنْهُ വിന്റെ ക്വബ്‌റിടത്തിനരികിലൂടെ നടന്നപ്പോൾ ها هنا مناخ ركابهم، وموضع رحالهم، ومهراق دمائهم، فتية من آل محمد يقتلون بهذه العرصة (ഇതാണ് അവരുടെ വാഹനങ്ങളുടെ ഭാഗം, ഇതാണ് അവരുടെ യാത്രയുടെ സ്ഥലം, ഇവിടെയാണ് അവരുടെ രക്തം ചൊരിയുക, ഈ യുദ്ധക്കളത്തിൽ വെച്ച് മുഹമ്മദിന്റെ കുടുംബത്തിലെ യുവാക്കൾ കൊല്ലപ്പെടുക) എന്ന് പറഞ്ഞു.’ ഇതാണ് ആ തെളിവ്!
ശിയാ നേതാക്കളായ മുഹമ്മദ് അലി അത്തുറൈഹിയുടെ ജവാഹിറുൽ മത്വാലിബ്, ആമിലിയുടെ അൽഫുസൂലുൽ മുഹിമ്മ, ജഅ്ഫർ ഇബ്‌നു മുഹമ്മദിന്റെ കാമിലുൽ സിയാറാത്ത്, മുഹമ്മദ് ബാഖിറിന്റ ബിഹാറുൽ അൻവാർ, ശരീഫ് രിദയുടെ ക്വസായിസുൽ അഇമ്മ തുടങ്ങിയ കിതാബുകളിൽ അലി رَضِيَ اللَّهُ عَنْهُ വിനെ പ്രതിയാക്കി അവരുടെ ആശയ പ്രചാരണം കൊഴുപ്പിക്കാൻ വേണ്ടി എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണിത്. ഇതുതന്നെയാണ് സമസ്തക്കാരുടെ തെളിവും!
എട്ട്
തബൂക്ക് യുദ്ധ സന്ദർഭത്തിൽ നബി ﷺ തന്റെ അനുചരന്മാരോട് പറഞ്ഞ കാര്യം അബൂഹുമൈദ് അസ്സഅദിയ്യ് رَضِيَ اللَّهُ عَنْهُ റിപ്പോർട്ട് ചെയ്യുന്നു:
فَلَمَّا أَتَيْنَا تَبُوكَ قَالَ ” أَمَا إِنَّهَا سَتَهُبُّ اللَّيْلَةَ رِيحٌ شَدِيدَةٌ فَلاَ يَقُومَنَّ أَحَدٌ، وَمَنْ كَانَ مَعَهُ بَعِيرٌ فَلْيَعْقِلْهُ ”. فَعَقَلْنَاهَا وَهَبَّتْ رِيحٌ شَدِيدَةٌ فَقَامَ رَجُلٌ فَأَلْقَتْهُ بِجَبَلِ طَيِّئٍ
ഞങ്ങൾ തബൂക്കിലെത്തിയപ്പോൾ നബി ﷺ പറഞ്ഞു: ‘ഇന്ന് രാത്രി ശക്തമായി കാറ്റടിക്കും. നിങ്ങളിൽ ഒരാളും പുറത്തിറങ്ങരുത്. ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അതിനെ കെട്ടിയിടണം.’ അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ഒട്ടകങ്ങളെ കെട്ടിയിട്ടു. രാത്രിയിൽ ശക്തമായ കാറ്റ് വീശി. ഒരു മനുഷ്യൻ എഴുന്നേറ്റു (പുറത്തിറങ്ങി).കാറ്റ് അദ്ദേഹത്തെ ത്വയ്യ് പർവത്തിൽ ഇടുകയും ചെയ്തു. (ബുഖാരി:1481)
ഇവിടെ വരാനുള്ള കാറ്റിനെപ്പറ്റി നബി ﷺ മുമ്പേ പറഞ്ഞു എന്നതാണ് നബി ﷺ ക്ക് അദൃശ്യജ്ഞാനം അറിമെന്നതിന്റെ തെളിവായി ജിഫ്രി തങ്ങൾ വായിച്ച മറ്റൊരു തെളിവ്! ഇത് പറഞ്ഞ നബി ﷺ പോലും എല്ലായ്‌പ്പോഴും എനിക്ക് അദൃശ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണിതെന്ന് കൂടെയുള്ളവരോട് പറഞ്ഞിട്ടില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ വ്യത്യസ്ത വിഷയങ്ങൾക്ക് ഈ ഹദീസിനെ തെളിവാക്കിയപ്പോൾ അവരാരും നബി ﷺ എല്ലാ ഗൈബും അറിയുമെന്നതിന്റെ തെളിവുകൂടിയാണിതെന്ന് വാദിച്ചിട്ടില്ല. ഈ സംഭവത്തിന് പ്രാമാണികമായി നൽകപ്പെട്ട വിശദീകരണം കാണുക:
ഇമാം നവവി رَحِمَهُ اللهُ പറയുന്നു: അദൃശ്യങ്ങളെപ്പറ്റി നബി ﷺ അറിയിപ്പ് നൽകി എന്ന പ്രകടമായ അമാനുഷികതയും ശക്തമായ കാറ്റുള്ളപ്പോൾ എണീറ്റാലുണ്ടാകുന്ന പ്രയാസവും അദ്ദേഹത്തിന് തന്റെ സമൂഹത്തോടുള്ള കാരുണ്യവും അനുകമ്പയും അവർക്ക് വേണ്ട നന്മകളെ സംരക്ഷിക്കലും മത ജീവിതത്തിനും ഭൗതികജീവിതത്തിനും ഉപദ്രവമാകുന്ന കാര്യങ്ങളെപ്പറ്റിയുള്ള താക്കീതും ഈ ഹദീസിലുണ്ട്. (ശറഹു മുസ്‌ലിം)
ഇബ്‌നു ഹജറുൽ അസ്‌ക്വലാനി رَحِمَهُ اللهُ പറയുന്നു: പ്രവാചകത്വത്തിന്റെ അടയാളവും അനുയായികളെ പരിശീലിപ്പിക്കലും പഠിപ്പിക്കലും പേടിക്കേണ്ട കാര്യത്തിൽ അകപ്പെടുന്നതിൽ ജാഗ്രത വേണമെന്നതും ഇതിലുണ്ട്. (ഫത്ഹുൽബാരി)
ഒമ്പത്
നബി ﷺ ക്ക് അദൃശ്യജ്ഞാനം അറിമെന്നതിന്റെ തെളിവായി ജിഫ്രി തങ്ങൾ വായിച്ച മറ്റൊരു സംഭവം ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന; ഖൈബർ യുദ്ധവേളയിൽ നബി ﷺ ആമിർ رَضِيَ اللَّهُ عَنْهُ നെ കുറിച്ച് പറഞ്ഞതാണ്. ആമിർ رَضِيَ اللَّهُ عَنْهُ ധീരനും നല്ല കവിയുമായിരുന്നു. കൂടെയുള്ളവർക്ക് ധൈര്യവും സ്ഥൈര്യവും പകർന്ന് അദ്ദേഹം നന്നായി പാടിയിരുന്നു. നബി ﷺ അദ്ദേഹത്തിന് വേണ്ടി يَرْحَمُهُ اللَّهُ (അല്ലാഹു കരുണ ചൊരിയട്ടെ) എന്ന് പ്രാർഥിച്ചു. അദ്ദേഹത്തിന് (രക്തസാക്ഷിത്വം) ഉറപ്പായി എന്നും നിങ്ങൾ മറ്റൊരു സമയത്ത് അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രാർഥിച്ചിരുന്നെങ്കിൽ എന്നും ആ സമയത്ത് ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു.
ഇതിന്റ വിശദീകരണത്തിൽ ഇദ്ദേഹം വൻഅട്ടിമറിയാണ് നടത്തിയിട്ടുള്ളത്. ഹദീസിൽ വന്ന يَرْحَمُهُ اللَّهُ (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ) എന്നതിനെ അദൃശ്യമറിയലായും لَوْلا أمْتَعْتَنا بهِ (ലൗലാ അംതഅ്തനാ ബിഹി) എന്നതിനെ ജീവിതം നീട്ടിക്കൊടുത്തു കൂടേ എന്ന് ഉമർ رَضِيَ اللَّهُ عَنْهُ നബി ﷺ യോട് സഹായം തേടിയതുമാണ് എന്ന നിലയിൽ ജിഫ്രി തങ്ങൾ നടത്തിയ ദുർവ്യാഖ്യാനമാണ്. ഈ സംഭവത്തിന് സാക്ഷികളായ ആരെങ്കിലുമോ, വിശ്വാസയോഗ്യരായ പുർവകാല പണ്ഡിതന്മാരോ ഇങ്ങനെയൊരു രഹസ്യം ഇതിൽ മറഞ്ഞ് കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ല.
ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി رَحِمَهُ اللهُ പറഞ്ഞു: ’നബി ﷺ യുദ്ധവേളയിൽ ആർക്കെങ്കിലും വേണ്ടി പ്രാർഥിച്ചാൽ രക്തസാക്ഷിയാക്കപ്പെടും എന്നതും ആമിർ رَضِيَ اللَّهُ عَنْهُ വിന്റെ സഹായവും സഹവാസവും കിട്ടാൻ അദ്ദേഹത്തിനുവേണ്ടി നിങ്ങൾ നടത്തിയ പ്രാർത്ഥന മറ്റൊരു സമയത്തേക്ക് നീട്ടിയിരുന്നെങ്കിലെന്ന് ഞങ്ങൾ ആഗ്രഹിച്ചു എന്നതുമാണിത്…(ശറഹു മുസ്‌ലിം)
ഇബ്‌നു ഹജർ رَحِمَهُ اللهُ പറഞ്ഞത് കാണുക: നബി ﷺ പ്രത്യേകമായി ഒരാൾക്ക് പാപമോചനം നടത്തിയിട്ടുണ്ടെങ്കിൽ അയാൾ രക്തസാക്ഷ്യം വരിക്കുമെന്നും ധീരനായ ആമിർ رَضِيَ اللَّهُ عَنْهُ അവശേഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കലുമാണ്. (ഫത്ഹുൽ ബാരി)
പത്ത്
ജിഫ്രി തങ്ങൾ തന്റെ പ്രസംഗത്തിൽ മദ്ഹബുകളെ തഖ്ലീദ് ചെയ്യൽ മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. അതിനായി അദ്ദേഹം തെളിവാക്കിയ ആയത്ത് കാണുക:
فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക. (ഖുർആൻ:16/43, 21/7)
അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ പുരുഷന്മാരാണെന്നും അവർക്ക് ദിവ്യസന്ദേശം നൽകപ്പെട്ടിരുന്നുവെന്നുമുള്ള വസ്തുത അറിയാത്തവർ ബോധ്യമുള്ളവരോട് ചോദിച്ച് മനസ്സിലാക്കട്ടെ എന്നുമാണ് ഈ വചനങ്ങളിലുള്ളത്. മദ്ഹബുകളെ തഖ്ലീദ് ചെയ്യാൻ ഇത് തെളിവല്ല. നാലു മദ്‌ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത് തങ്ങളുടെ വാക്കുകൾക്ക് വിരുദ്ധമായി നബി ﷺ യുടെ സുന്നത്ത് (ഹദീസ്) കണ്ടാൽ അതിലേക്ക് മടങ്ങി തങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്. കാരണം നബി ﷺ യുടെ സുന്നത്ത് പൂര്‍ണ്ണമായും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് അവ൪ക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു അതുകൊണ്ടാണ് അവരെല്ലാവരും ഏകസ്വരത്തിൽ ഇപ്രകാരം പ്രഖ്യാപിച്ചത്: إذا صَحّ الحَديث فهُوَ مَذهبِي(ഹദീസ് സ്ഥിരപ്പെട്ടു വന്നാൽ അതാണെന്റെ മദ്‌ഹബ്)
ജിഫ്രി തങ്ങളുടെ സംസാരത്തിന്റെ ആകെത്തുക മഹാൻമാർക്ക് ഗൈബ് (അദൃശ്യജ്ഞാനം) അറിയാൻ കഴിയുമെന്നാണ്. ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
قُلْ إِنَّمَا ٱلْغَيْبُ لِلَّهِ
(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. (ഖു൪ആന്‍: 10/20)
وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
ആകാശ ഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖു൪ആന്‍:11/123)
സൃഷ്ടികളില്‍ ഒരാള്‍ക്കും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയില്ലെന്നുള്ളതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖു൪ആന്‍: 6/59)
قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖു൪ആന്‍: 27/65)
എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ …. ﴿٢٧﴾
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)
ഇതിനെ ദുർവ്യാഖ്യാനിച്ച് ജിഫ്രി തങ്ങൾ പറയുന്നതോ “അല്ലാഹു അറിയുന്ന എല്ലാ കാര്യങ്ങളും മഹാൻമാരും അറിയും, എന്നാൽ അല്ലാഹു അറിയുന്ന പോലെ അറിയുകയില്ല“ എന്നാണ്. ഇത് ശിർക്കും കുഫ്റും കലർന്ന വാദമാണ്. ഇത് പറയുന്നതോ വെറുമൊരു വ്യക്തിയല്ല. ധാരാളം അനുയായികളുള്ള ഒരു മുസ്ലിം സംഘടയുടെ പ്രസിഡന്റാണ്. ഇത് പറഞ്ഞുകൊടുക്കുന്നത് ഏതാനും പേർക്കല്ല. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ അവരോട് നേർക്ക് നേരെയാണ്. സാധാരണക്കാരെ തിരിച്ചറിയുക: ഇത് സ്വർഗ്ഗത്തിലേക്കുള്ള പാതയല്ല, നരകത്തിലേക്കുള്ള പാതയാണ്. നരകത്തിലേക്ക് നയിക്കുന്ന പണ്ഡിതന്മാരായി ഇത്തരം സംഘടനകളും പുരോഹിതന്മാരും മാറിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ. വിശുദ്ധ ഖുർആനിലെ ഈ ആയത്ത് ശ്രദ്ധിക്കുക:
وَجَعَلْنَٰهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَٰمَةِ لَا يُنصَرُونَ
അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല. (ഖുർആൻ:28/41)