പ്രവാചകൻമാരും മറഞ്ഞ കാര്യവും

THADHKIRAH

ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.

قُلْ إِنَّمَا ٱلْغَيْبُ لِلَّهِ

(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. (ഖു൪ആന്‍: 10/20)

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ

ആകാശ ഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിനുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖു൪ആന്‍:11/123)

സൃഷ്ടികളില്‍ ഒരാള്‍ക്കും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയില്ലെന്നുള്ളതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ

അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖു൪ആന്‍: 6/59)

قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ‎

(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖു൪ആന്‍: 27/65)

എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:

عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ‎﴿٢٦﴾‏ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ …. ‎﴿٢٧﴾‏

അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)

നൂഹ് നബി عليه السلام യുടെ ചരിത്രം വിശദീകരിച്ച ശേഷം വിശുദ്ധ ഖുർആനിൽ മുഹമ്മദ് നബി ﷺ യോടായി അല്ലാഹു പറയുന്നു:

تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَٰقِبَةَ لِلْمُتَّقِينَ

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് വഹ്‌യായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:11/49)

ഈ വചനങ്ങൾ അറിയിക്കുന്നത് ഗൈബ് അല്ലാഹുവിനു മാത്രമെ അറിയൂ, പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അത് അറിയുകയില്ല. പ്രവാചകൻമാരുടെ ചരിത്രങ്ങളിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. ചില ഉദാഹരണങ്ങൾ കാണുക.

ഇബ്രാഹിം നബി عليه السلام

هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ‎﴿٢٤﴾‏ إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ‎﴿٢٥﴾‏ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ‎﴿٢٦﴾‏ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ‎﴿٢٧﴾‏ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا۟ لَا تَخَفْ ۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٍ ‎﴿٢٨﴾‏ فَأَقْبَلَتِ ٱمْرَأَتُهُۥ فِى صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ ‎﴿٢٩﴾‏ قَالُوا۟ كَذَٰلِكِ قَالَ رَبُّكِ ۖ إِنَّهُۥ هُوَ ٱلْحَكِيمُ ٱلْعَلِيمُ ‎﴿٣٠﴾‏

ഇബ്‌റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ? (പ്രസവിക്കാന്‍ പോകുന്നത്). അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍. (ഖുര്‍ആന്‍: 51/24-30)

وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ ‎﴿٦٩﴾‏ فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ ‎﴿٧٠﴾‏

നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം. വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. (ഖുര്‍ആന്‍: 11/69-70)

ഇബ്‌റാഹീം നബി عليه السلام യുടെ അടുത്തേക്ക് മലക്കുകൾ അതിഥികള്‍ വന്നതിനെ കുറിച്ചാണ് ഉപരിസൂചിത വചനത്തില്‍ പറയുന്നത്.  തന്റെ മുന്നില്‍ വന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ല. അവര്‍ അവരെ പരിചയപ്പെടുത്തിയപ്പോള്‍ മാത്രമാണ് അവരെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായത്. ഇബ്‌റാഹീം നബി عليه السلام ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയാന്‍ കഴിയില്ല എന്ന കാര്യം ഇതില്‍നിന്നും നമുക്ക്മനസ്സിലാക്കാന്‍ സാധിക്കുന്നു.

ലൂത്വ് നബി عليه السلام

ഇബ്‌റാഹീം നബി عليه السلام യുടെ സമകാലികനും ബന്ധുവുമായിരുന്നു ലൂത്വ് നബി عليه السلام. ഇബ്‌റാഹീം നബി عليه السلام യില്‍ വിശ്വസിച്ച അദ്ദേഹം  പിന്നീട്  സദൂം എന്ന സ്ഥലത്താണ് താമസമാക്കിയത്. അവിടത്തുകാരിലേക്കാണ് അദ്ദേഹം പ്രവാചകനായി നിയുക്തനായത്. സദൂമുകാര്‍ ദൈവധിക്കാരികളായിരുന്നു. അവർ ശിര്‍ക്കിലും കുഫ്‌റിലും ആയിരുന്നുവെന്ന് മാത്രമല്ല സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നവരുമായിരുന്നു. മനുഷ്യ കുലത്തില്‍ ഈ വൃത്തികേടിന് നാന്ദി കുറിച്ചത് അവരായിരുന്നു. അവരെ നശിപ്പിക്കുവാനായി അല്ലാഹു മലക്കുകളെ മനുഷ്യ രൂപത്തില്‍ പറഞ്ഞു വിട്ടു. അവര്‍ ആദ്യം ചെന്നത് ഇബ്‌റാഹീം നബി عليه السلام യുടെ അടുത്തേക്കായിരുന്നു. തുടർന്ന്  ലൂത്വ് നബി عليه السلام യുടെ അടുക്കൽ അവരെത്തി. തന്റെ മുന്നില്‍ വന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ല. ഈ രംഗം അല്ലാഹു വിവരിക്കുന്നത് കാണുക:

وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ ‎﴿٧٧﴾‏ وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَٰقَوْمِ هَٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ‎﴿٧٨﴾‏ قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ‎﴿٧٩﴾‏ قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ ‎﴿٨٠﴾

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ). അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ. തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍’. (ഖുര്‍ആന്‍: 11/77-80)

وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ ‎﴿٦٧﴾‏ قَالَ إِنَّ هَٰٓؤُلَآءِ ضَيْفِى فَلَا تَفْضَحُونِ ‎﴿٦٨﴾‏ وَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ ‎﴿٦٩﴾‏ قَالُوٓا۟ أَوَلَمْ نَنْهَكَ عَنِ ٱلْعَٰلَمِينَ ‎﴿٧٠﴾‏

രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു. അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ? (ഖുര്‍ആന്‍: 15/67-70)

അല്ലാഹുവിനെ പേടിക്കുവാനും അതിഥികളുടെ കാര്യത്തില്‍ വിഷമിപ്പിക്കാതിരിക്കുവാനും ലൂത്വ് നബി عليه السلام നാട്ടുകാരെ ഓര്‍മപ്പെടുത്തി. അവരെ തടുക്കുവാന്‍ മനുഷ്യരില്‍ ആരും തനിക്കൊപ്പമില്ലെന്ന നിസ്സഹായാവസ്ഥ ലൂത്വ് നബി عليه السلام യുടെ വാക്കിലൂടെ പ്രകടമാണ്. തന്റെ അടുക്കലേക്ക് വന്ന അതിഥികൾ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ല. അവര്‍ അവരെ പരിചയപ്പെടുത്തിയപ്പോള്‍ മാത്രമാണ് അവരെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായത്.

قَالُوا۟ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ

അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. (ഖുര്‍ആന്‍: 11/81)

وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَٰبِرِينَ

നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു. (ഖുര്‍ആന്‍: 29/33)

പ്രവാചകനായ ലൂത്വ് عليه السلام ന്  മറഞ്ഞ കാര്യം അറിയുകയില്ല. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കുപോലും മറഞ്ഞ കാര്യം അറിയുകയുള്ളൂ.

യഅ്ക്വൂബ് നബി عليه السلام

യൂസുഫ് നബിയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ സഹോദരൻമാർ അദ്ദേഹത്തെ ചതിച്ച് ദുരെ ഒരു സ്ഥലത്ത് ഉപേക്ഷിക്കാൻ വേണ്ടി തീരുമാനിച്ചു. അതിനായി അവർ ഒരു തന്ത്രം പ്രയോഗിച്ചു. മരുഭൂമിയില്‍ പോയി ആടുകളെ മേക്കല്‍ പതിവായിരുന്ന അവരുടെ കൂടെ യൂസുഫിനെ അയക്കുന്നതിനായി പിതാവിനോട് സമ്മതം ചോദിച്ചു. ഞങ്ങളുടെ ഒന്നിച്ചു മരുഭൂമിയില്‍ വന്നു പഴവര്‍ഗ്ഗങ്ങളും മറ്റും തിന്നും, വെള്ളം കുടിച്ചും, ഓടിച്ചാടി നടന്നും ആനന്ദംകൊള്ളുവാന്‍ അവനും ആഗ്രഹമുണ്ടാകുമല്ലോ. അതിനൊരവസരം നാളെത്തന്നെയുണ്ടാക്കിത്തരണം; ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാകകൊണ്ടു അവനു വല്ല അപകടവും വരുന്നതു ഞങ്ങള്‍ തികച്ചും കാത്തു സൂക്ഷിക്കുകതന്നെ ചെയ്യും എന്നൊക്കെ അവര്‍ പിതാവിനെ ധരിപ്പിച്ചു. ഈ രംഗം അല്ലാഹു വിവരിക്കുന്നത് കാണുക:

قَالُوا۟ يَٰٓأَبَانَا مَا لَكَ لَا تَأْمَ۬نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَٰصِحُونَ ‎﴿١١﴾‏ أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَٰفِظُونَ ‎﴿١٢﴾‏ قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَٰفِلُونَ ‎﴿١٣﴾‏ قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًا لَّخَٰسِرُونَ ‎﴿١٤﴾‏

(തുടര്‍ന്ന് പിതാവിന്‍റെ അടുത്ത് ചെന്ന്‌) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ് താനും.  നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്‌. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.  അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു (പ്രബലമായ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും. (ഖുര്‍ആന്‍: 12/11-14)

യഅ്ക്വൂബ് عليه السلام നബിയാണെങ്കിലും മുന്നില്‍ വന്ന് നില്‍ക്കുന്ന മക്കളുടെ മനസ്സിലിരുപ്പ് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! കാരണം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അറിയിച്ചാലേ നബിമാര്‍ക്കു പോലും അതറിയൂ.

സഹോദരൻമാര്‍ യൂസുഫിനെ കൊണ്ടുപോകുകയും ചതിച്ച് കിണറ്റില്‍ തള്ളുകയും ചെയ്തു.  യൂസുഫ് عليه السلام യുടെ സഹോദരങ്ങള്‍ അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതിന് ശേഷം വിട്ടിലേക്ക് മടങ്ങിയെത്തി പിതാവിനോട് യൂസുഫിനെ ചെന്നായ പിടിച്ചുെന്ന കളവ് പറഞ്ഞു. പിതാവ് വിശ്വസിക്കുന്നതിനായി യൂസുഫിന്റെ കുപ്പായത്തില്‍ ഏതോ രക്തം പുരട്ടി കൊണ്ടുവരികയും ചെയ്തു.

قَالُوا۟ يَٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَٰدِقِينَ ‎﴿١٧﴾‏ وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ ‎﴿١٨﴾

അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.’ യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ. (ഖുര്‍ആന്‍: 12/17-18)

മക്കളുടെ വാക്കുകളിലും അവരുടെ തെളിവ് സമര്‍പ്പണത്തിലുമെല്ലാം പന്തികേടുള്ളത് തോന്നിയതല്ലാതെ യഅ്ക്വൂബ് عليه السلام ക്ക് സത്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം അദ്ധേഹത്തിന് അദൃശ്യം അറിയില്ല.

യുസുഫ് عليه السلام ആ കിണറ്റില്‍ കഴിയുന്ന വേളയില്‍ അതുവഴി ഒരു യാത്രാസംഘം വന്നു. അവര്‍ യൂസുഫിനെ കണ്ടെത്തുകയും തുച്ഛമായ വെള്ളി നാണയങ്ങള്‍ക്ക് വിറ്റ് ഒഴിവാക്കുകയും ചെയ്തു. ഈജിപ്ത് ഭരിക്കുന്ന രാജകുടുംബത്തിലെ അസീസ് എന്ന് പറയുന്ന ഒരാളാണ് സുന്ദരനായ യൂസുഫ് എന്ന കുട്ടിയെ വാങ്ങുന്നത്. അവിടെ അദ്ധഹം വളര്‍ന്നു. പിന്നീട് വര്‍ഷങ്ങൾക്ക് ശേഷം ആ രാജ്യത്തിലെ മന്ത്രിയുമായി.

അങ്ങനെ പിന്നീട്  യുസുഫ് عليه السلام യുടെ സഹോദരങ്ങൾ ഈജിപ്തിൽ എത്തുമ്പോൾ യുസുഫ് عليه السلام യുടെ ഒരു തന്ത്രത്തിന്റെ ഭാഗമായി സഹോദരനായ ബിൻയാമീനെ കളവ് ആരോപിച്ച് അവിടെ പിടിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം മറ്റ് സഹോദരങ്ങൾ പിതാവായ യഅ്ക്വൂബ് عليه السلام യെ അറിയിക്കുന്നുണ്ട്.

قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ‎﴿٨٣﴾‏ وَتَوَلَّىٰ عَنْهُمْ وَقَالَ يَٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ ‎﴿٨٤﴾

അദ്ദേഹം (പിതാവ്‌) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.  അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്‌. (ഖുര്‍ആന്‍: 12/83-84)

എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് യഅ്ക്വൂബ് عليه السلام ക്ക് മനസ്സിലായതല്ലാതെ, എന്താണെന്ന് കൃത്യമായി അറിയാൻ അദ്ധേഹത്തിന് കഴിയുന്നില്ല. വ്യസനാധിക്യം നിമിത്തം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രണ്ടും വെള്ളനിറമായി മാറി. കണ്ണിന്‍റെ കാഴ്ച്ചപോലും നഷ്ടപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ യഅ്ക്വൂബ് عليه السلام ക്ക് മറഞ്ഞ കാര്യം അറിയാമായിരുന്നുവെങ്കിൽ അദ്ധഹം വിഷമിക്കുമായിരുന്നില്ല. കാരണം മക്കൾ സുരക്ഷിതരായി ജീവിക്കുന്നുണ്ട്. എന്നാൽ അദ്ധേഹത്തിന് അദൃശ്യം അറിയില്ല.

മൂസാ നബി عليه السلام

മൂസാനബി عليه السلام യുടെ ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒരു യാത്ര നടന്നത് വിശുദ്ധ ഖുര്‍ആനില്‍ സൂറഃ അല്‍കഹ്ഫില്‍ 60-82 ആയത്തുകളിൽ വിവരിക്കുന്നുണ്ട്. ഈ സംഭവം പരിശോധിച്ചാൽ ചില കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാം.  മൂസാനബി عليه السلام ക്ക് യാത്രയിൽ താൻ അന്വേഷിക്കുന്ന ഖിള്റ് عليه السلام എവിടെയാണ് താമസിക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ല. പിന്നീട് അവർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ മൂസാ عليه السلام വന്നത് എന്തിനാണെന്നും അദ്ദേഹം ആരാണെന്നും ഖിള്റ് عليه السلام ക്കും അറിയാൻ കഴിഞ്ഞില്ല.

ശേഷം ഇരുവരും മറ്റൊരു യാത്ര നടത്തുന്നുണ്ട്. ആ യാത്രയിൽ ഖിള്റ് عليه السلام ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരു കപ്പൽ കേടുവരുത്തിയത്, ഒരു കുട്ടിയെ കൊലപ്പെടുത്തിയത്, ഒരു മതിൽ ശരിയാക്കിയത് തുടങ്ങിയ കാര്യങ്ങൾ. ഇതൊക്കെ എന്തിനാണ് താൻ ചെയ്തതെന്ന് അവസാനം ഖിള്റ് عليه السلام പറഞ്ഞപ്പോൾ മാത്രമാണ് മൂസാനബി عليه السلام ക്ക് അത് അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published.

Similar Posts