ഈസാ عليه السلام യുടെ മുഅ്ജിസത്തുകള്‍

THADHKIRAH

മറിയം عليه السلام ക്ക് ഈസാ എന്ന മകനെ കുറിച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സന്തോഷവാർത്ത അറിയക്കപ്പെട്ട സന്ദർഭം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:

إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ‎﴿٤٥﴾‏ وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ ‎﴿٤٦﴾‏ قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ‎﴿٤٧﴾

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഖു൪ആന്‍ :3/45-47)

ഈസാ عليه السلام തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കുമ്പോഴും ജനങ്ങളോട് സംസാരിക്കുമെന്നതിന്‍റെ താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, നബിയും റസൂലുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്നാണ്.ഈസാ عليه السلام യിലൂടെ പ്രകടമായ ഒന്നാമത്തെ മുഅ്ജിസത്ത് അദ്ദേഹം തെട്ടിലിയാരിക്കെ സംസാരിച്ചതാണ്.  മറിയം عليه السلامപ്രസവം കഴിഞ്ഞശേഷം കുട്ടിയുമായി ജനമദ്ധ്യേ വന്നപ്പോള്‍, ജനങ്ങള്‍ അവരുടെ നേരെ ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ച അവസരത്തിൽ, അവർ  അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടി. അപ്പോൾ കുട്ടി സംസാരിച്ചു. ഈ രംഗം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക.

فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا ‎﴿٢٧﴾‏ يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ‎﴿٢٨﴾‏ فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا ‎﴿٢٩﴾‏ قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا ‎﴿٣٠﴾‏ وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا ‎﴿٣١﴾‏ وَبَرَّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا ‎﴿٣٢﴾‏ وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ‎﴿٣٣﴾

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.  ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?  അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.  ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.  (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. (ഖുർആൻ:19/27-32)

പുരുഷാരം മുഴുവനും ഒരു സ്ത്രീയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ പത്തോളം കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു. ഈസാ عليه السلام യുടെ ജന സമക്ഷത്തിലുള്ള ആദ്യത്തെ സംസാരമായിരുന്നു അത്.

ഈസാ عليه السلام യുടെ വേറെയും മുഅ്ജിസത്തുകൾ വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. മറിയം عليه السلام ക്ക് ഈസാ എന്ന മകനെ കുറിച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സന്തോഷവാർത്ത അറിയക്കപ്പെട്ട സന്ദർഭത്തിന്റെ ബാക്കി ഭാഗം വിശുദ്ധ ഖുർആനിൽ നിന്നും കാണുക:

وَيُعَلِّمُهُ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ‎﴿٤٨﴾‏ وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرَۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ‎﴿٤٩﴾‏ وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ‎﴿٥٠﴾‏ إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ ‎﴿٥١﴾

അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും.  ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം. (ഖു൪ആന്‍ :3/48-51)

ഈസാ عليه السلام യെ വിചാരണ ചെയ്യുന്നതിന് മുമ്പ് ആദ്യം അദ്ദേഹത്തിനും മാതാവിനും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ പൊതുവില്‍ ഓര്‍മിപ്പിക്കുന്നതാണ്. വിശുദ്ധ ഖുർആൻ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക :

إِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرَۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ

(ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. (ഖു൪ആന്‍:5/110)

മുകളില്‍ കൊടുത്തിട്ടുള്ള സൂക്തങ്ങളില്‍ നിന്ന് ഈസാ عليه السلام ക്ക് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങള്‍ ഏതെല്ലാമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ഈസാ عليه السلام തന്റെ ജനതയോട് പറഞ്ഞ കാര്യങ്ങളാണ് ഈ സൂക്തങ്ങളിലുള്ളത്. അവയില്‍ അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. തൊട്ടിലില്‍ കിടക്കുന്ന (ശൈശവ) പ്രായത്തില്‍ സംസാരിച്ചതിന് പുറമേ, കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപം ഉണ്ടാക്കിയത്, അതില്‍ അദ്ദേഹം ഊതിയപ്പോള്‍ പക്ഷിയായി മാറിയത്, വെള്ളപ്പാണ്ട്, അന്ധത തുടങ്ങിയവ സുഖപ്പെടുത്തിയത്, മരണപ്പെട്ടവരെ ജീവിപ്പിച്ചത്, ജനങ്ങള്‍ ഭക്ഷിച്ചതും വീട്ടില്‍ സൂക്ഷിപ്പു സ്വത്തായി വെച്ചതും അദ്ദേഹം അവര്‍ക്ക് പറഞ്ഞു കൊടുത്തത് തുടങ്ങിയ മുഅ്ജിസത്തുകളെ ഈ വചനങ്ങളില്‍ പരാമര്‍ശിക്കുന്നു.

ഈ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചത് ഈസാ عليه السلام യുടെ കഴിവ് കൊണ്ടായിരുന്നില്ല. ഒരു സൃഷ്ടിക്കും സ്വന്തമായി അപ്രകാരം ചെയ്യാന്‍ കഴിയില്ല. ഇതെല്ലാം അല്ലാഹു ഈസാ عليه السلام യിലൂടെ പ്രകടമാക്കുന്നതാണ്.

മുഅ്ജിസത്ത് എന്നാല്‍ അല്ലാഹു പ്രവാചകന്‍മാ൪ക്ക് കൊടുത്ത കഴിവാണെന്ന  തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. മുഅ്ജിസത്ത്‌ പ്രവാചകന്റെ പ്രവർത്തനമോ അദ്ദേഹത്തിന്റെ കഴിവിൽ പെട്ടതോ അല്ല. അത്‌ അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നതുമാണ്‌.  ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്’ എന്നാണ് ഈസാ عليه السلام ജനങ്ങളോട് പറഞ്ഞത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ഥ കര്‍ത്താവ് അല്ലാഹുവാണ് എന്നാണ് ഇത് അറിയിക്കുന്നത്. പിന്നീട്, ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് بِإِذْنِ ٱللَّهِ  (ബി ഇദ്‌നില്ലാഹി – അല്ലാഹുവിന്റെ അനുവാദ പ്രകാരം) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തത് ശ്രദ്ധിക്കുക.

ഈസാ عليه السلام ജനങ്ങള്‍ ഭക്ഷണം കഴിച്ചതിനെ പറ്റിയും വീട്ടില്‍ സൂക്ഷിച്ചു വെച്ചതിനെ പറ്റിയും പറയുന്നതാകട്ടെ, അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാകുന്നു.

Leave a Reply

Your email address will not be published.

Similar Posts