حمٓ ﴿١﴾ تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿٢﴾ إِنَّ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَـَٔايَٰتٍ لِّلْمُؤْمِنِينَ ﴿٣﴾ وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٌ لِّقَوْمٍ يُوقِنُونَ ﴿٤﴾ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَٰحِ ءَايَٰتٌ لِّقَوْمٍ يَعْقِلُونَ ﴿٥﴾ تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثِۭ بَعْدَ ٱللَّهِ وَءَايَٰتِهِۦ يُؤْمِنُونَ ﴿٦﴾
ഹാമീം. ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും. രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്? (ഖുർആൻ:45/1-6)
ഇവിടെ ആദ്യം (3-ാം വചനത്തില്‍) സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും, പിന്നീട് (4 ല്‍) ദൃഢവിശ്വാസം കൊള്ളുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, അവസാനം (5 ല്‍) ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നുമാണല്ലോ പ്രസ്താവിച്ചിരിക്കുന്നു.
നിഷ്കളങ്ക ഹൃദയത്തോടുകൂടി ആകാശഭൂമികളിലേക്ക് കണ്ണോടിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നും, അവന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കാണുന്നതെല്ലാമെന്നുള്ള ‘ഈമാന്‍’ (സത്യവിശ്വാസം) ഉണ്ടാവാതിരിക്കുകയില്ല. പിന്നീടവന്‍ സ്വന്തം ദേഹമടക്കമുള്ള ജന്തുജാലങ്ങളെയും, അവയുടെ വൈവിധ്യം, സ്ഥിതിഗതികള്‍ ആദിയായവയെയും സംബന്ധിച്ചു ചിന്തിക്കുന്നപക്ഷം, ആ വിശ്വാസം ‘യഖീന്‍’ (ദൃഢവിശ്വാസം) ആയിമാറുന്നു. കുറേക്കൂടി മുന്നോട്ടു കടന്നു ആഴത്തില്‍ ചിന്തിക്കുകയും, അങ്ങനെ മഴ, കാറ്റ്, സസ്യലതാദികളുടെ ഉല്‍പാദനം മുതലായവയെക്കുറിച്ചും, അവയിലടങ്ങിയ അതിസമര്‍ത്ഥമായ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുകയും ചെയ്യുമ്പോള്‍, ആ വിശ്വാസം കൂടുതല്‍ യുക്തിപരവും, ബുദ്ധിപൂര്‍വ്വകവും ആയി ശോഭിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഹൃദയശുദ്ധിയോടുകൂടിയുള്ള ചിന്ത അതിനെ സുദൃഢമാക്കുന്നു. ദൃഢമായ ഈമാനോടുകൂടി ചിന്തിക്കുമ്പോള്‍ അതു അതിനെ പരിപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമാക്കി ഉയര്‍ത്തുന്നു.
ബുദ്ധി കൊടുത്തു ഗ്രഹിക്കുക, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക എന്ന അര്‍ത്ഥത്തില്‍ يَعْقِلُونَമുതലായ ചില വാക്കുകള്‍ ഖുര്‍ആനില്‍ സാധാരണ ഉപയോഗിച്ചു കാണാം. മൃഗങ്ങളില്‍നിന്നു മനുഷ്യനെ വേര്‍തിരിക്കുന്ന ആ പ്രാകൃത ബുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. ബുദ്ധി രണ്ടു തരത്തിലുണ്ട്.
ഒന്ന് : മനുഷ്യന്റെ കഴിവിനോ പ്രവര്‍ത്തനത്തിനോ പങ്കില്ലാത്തതും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം സിദ്ധിക്കുന്നതുമായ പ്രകൃതബുദ്ധി (العقل المطبوع)
രണ്ട്: പ്രകൃതബുദ്ധിക്കു ലഭിക്കുന്ന അറിവും പരിചയവും ഉപയോഗിച്ച് വെളിയില്‍നിന്നു സിദ്ധിക്കുന്ന വികസിതബുദ്ധി (العقل المسموع).
ഒന്നാമത്തെ ബുദ്ധി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് രണ്ടാമത്തെ ബുദ്ധിയും ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതിന്റെ തോതും, അത് ഉപയോഗപ്പെടുത്തുന്ന അളവും, സാഹചര്യവും അനുസരിച്ച് രണ്ടാമത്തേതിനു വികാസം സിദ്ധിക്കുന്നു. ‘ബുദ്ധിമാന്‍മാരല്ലാതെ ഉറ്റാലോചിക്കുകയില്ല’. ‘അവര്‍ ബുദ്ധി കൊടുക്കുന്നില്ല’ എന്നും മറ്റുമുള്ള പ്രശംസകളും, ആക്ഷേപങ്ങളും രണ്ടാമത്തെ ബുദ്ധിയില്ലാത്തവര്‍ മതശാസനങ്ങളില്‍നിന്നു ഒഴിവാക്കപ്പെട്ടവരുമായിരിക്കും.
വിശുദ്ധ ഖുർആൻ അല്ലാഹു അവതരിപ്പിച്ചതാണെന്ന് സത്യം ചെയ്തു പറഞ്ഞിട്ടാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളതാണെന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം ക്വുർആനിന്റെ സത്യതയ്ക്കുള്ള തെളിവുകളും അത് അവതരിപ്പിച്ച അല്ലാഹുവിന്റെ ആരാധ്യതയെ ശക്തിപ്പെടുത്തുന്നതുമാണ്.
ثم أيد ذلك بما ذكره من الآيات الأفقية والنفسية من خلق السماوات والأرض وما بث فيهما من الدواب وما أودع فيهما من المنافع وما أنزل الله من الماء الذي يحيي به الله البلاد والعباد. فهذه كلها آيات بينات وأدلة واضحات على صدق هذا القرآن العظيم وصحة ما اشتمل عليه من الحكم والأحكام، ودالات أيضا على ما لله تعالى من الكمال وعلى البعث والنشور.
ശേഷം ശാരീരികവും പ്രാപഞ്ചികവുമായ ദൃഷ്ടാന്തങ്ങൾ, ആകാശഭൂമികളുടെ സൃഷ്ടിപ്പ്, അതിൽ അവൻ വ്യാപിപ്പിച്ച ജീവജാലങ്ങൾ, പ്രയോജനങ്ങൾ, ആകാശത്തുനിന്ന് മഴയിറക്കി സൃഷ്ടികളെയും നാടുകളെയും ജീവസ്സുറ്റതാക്കിയത് തുടങ്ങിയവയെല്ലാം എടുത്തുപറഞ്ഞ് അവന്റെ ആരാധ്യതയെ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം ക്വുർആനിന്റെ സത്യതയ്ക്കുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളുമാണ്. ക്വുർആൻ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ സ്വീകാര്യതയെയും ഇത് തെളിയിക്കുന്നു. അല്ലാഹുവിന്റെ പരിപൂർണതക്കും ഉയിർത്തെഴുന്നേൽപിനുമുള്ള തെളിവുകളും കൂടിയാണിത്. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും അവന്റെ ആരാധ്യതക്കും ഖുർആനിന്റെ സത്യതയ്ക്കും പുനരുത്ഥാനത്തിനും അല്ലാഹു വിശദീകരിച്ച ഈ തെളിവുകള്‍ മുമ്പില്‍ വന്നശേഷവും ആളുകൾ വിശ്വസിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് വിശ്വസിക്കാവുന്ന – അതിനെക്കാള്‍ ഉത്തമമായ – മറ്റൊരു വൃത്താന്തം എവിടെനിന്നു ലഭിക്കുവാനാണ്? ഇനിയും എന്ത് സംഗതിയാണ് അവര്‍ക്ക് സത്യവിശ്വാസത്തിന്റെ സൗഭാഗ്യമരുളാന്‍ ആഗതമാകാനുള്ളത്? ഒരുവന് ഈ സൗഭാഗ്യം തേടാനുതകുന്ന അവസാനത്തെ മാധ്യമമാണ് അല്ലാഹുവിന്റെ വചനങ്ങള്‍. ഒരു അദൃശ്യ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതിന് എന്തെല്ലാം ബുദ്ധിപരമായ തെളിവുകള്‍ ഉന്നയിക്കുമോ, അതൊക്കെ ഈ വചനങ്ങളില്‍ വിവരിച്ചിരിക്കുന്നു. ഇക്കാര്യമാണ് 6-ാം വചനത്തില്‍ പറയുന്നത്. ഇതിനുശേഷം ആരെങ്കിലും നിഷേധത്തില്‍ത്തന്നെ ശഠിച്ചുനില്‍ക്കുന്നുവെങ്കില്‍ അവന്‍ നിഷേധിച്ചുകൊള്ളട്ടെ. അവന്റെ നിഷേധംമൂലം യാഥാര്‍ഥ്യം ഒട്ടും മാറാന്‍ പോകുന്നില്ല.