ഒരാള്‍ മരണപ്പെട്ട് കഴിഞ്ഞാല്‍ ഖബ്റടക്കം കഴിഞ്ഞ് മൂന്നാം നാളിലും ഏഴിലും പതിനൊന്നിലും നാൽപ്പതിലും ആണ്ടിലുമൊക്കെ ആളുകളെ വിളിച്ചുകൂട്ടി ദുആ-ദിക്റുകൾ നടത്തിയും ഖു൪ആന്‍ പാരായണം നടത്തിയും ഭക്ഷണം തയ്യാറാക്കി സൽക്കരിക്കുകയും ചെയ്യുന്ന പതിവ് നമ്മുടെ നാടുകളിൽ കാണാറുണ്ട്. ഇപ്രകാരം ചെയ്യുന്നതിന് മതത്തിൽ യാതൊരു അടിസ്ഥാനവുമില്ല.
നബി ﷺ കൊണ്ടുവന്നത് മാത്രമാണ് മതമായി സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ടത്. അല്ലാഹു പറയുന്നു:
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
…. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.(ഖു൪ആന്‍:59/7)
مهما أمركم به فافعلوه ، ومهما نهاكم عنه فاجتنبوه ، فإنه إنما يأمر بخير وإنما ينهى عن شر
അദ്ദേഹം എന്തൊന്ന് നിങ്ങളോട് കല്‍പിച്ചുവോ അത് നിങ്ങള്‍ ചെയ്യുക. അദ്ദേഹം എന്തൊന്ന് നിങ്ങള്‍ക്ക് വിരോധിച്ചുവോ അത് നിങ്ങള്‍ വെടിയുകയും ചെയ്യുക. കാരണം അദ്ദേഹം നിങ്ങളോട് നന്മ മാത്രമെ കല്പിക്കൂ. തിന്മ മാത്രമെ വിരോധിക്കൂ, (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)
നബി ﷺ പഠിപ്പിച്ച ദീനിൽ മരിച്ച വീട്ടിൽ മൂന്നും ഏഴും പതിനൊന്നും നാല്പതും ആണ്ടുമൊന്നും നടത്താൻ കൽപനയോ പ്രോൽസാഹനമോ സൂചനയോ ഇല്ല. അതുകൊണ്ടുതന്നെ അതൊഴിവാക്കേണ്ടതാണ്.
തഅ്സിയത്ത് (മരണപ്പെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കൽ) ഇസ്ലാം പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ തഅ്സിയത്തിന്റെ പേരിൽ മൂന്നാം നാളിൽ ആളുകളെ വിളിച്ച് ഭക്ഷണം കൊടുത്ത് സൽക്കരിക്കുന്നത് ശരിയല്ല.
قال الإمام الشافعي رحمه اللّه: وأكره المأتم، وهي الجماعة، وإن لم يكن لهم بكاء فإن ذلك: يجدد الحزن. ويكلف المؤنة.
ഇമാം ശാഫിഈ رحمه اللّه പറഞ്ഞു: ആളുകൾ ഒത്തുകൂടുന്നത് ഞാൻ വെറുക്കുന്നു. അങ്ങനെ കൂടുന്നതുമൂലം ദുഖമുണ്ടായിത്തീരുകയും ചിലവ് ഉണ്ടാക്കിത്തീർക്കുകയും ചെയ്യും. ആളുകളെ കൂട്ടിച്ചേർത്ത് കരയുന്നില്ലെങ്കിൽപ്പോലും അങ്ങനെ കൂടിച്ചേരുന്നത് എനിക്ക് വെറുപ്പാകുന്നു. (അൽഉമ്മ്)
മയ്യിത്തിന്റെ വീട്ടുകാർ പതിനഞ്ചും നാൽപതും ആണ്ടുമൊക്കെ ആചരിക്കുന്നതിന്റെ വിധിയെന്താണ്? ഈ ദിവസങ്ങളിൽ അവർ ക്വുർആൻ ഓതുകയും അത് മയ്യിത്തിന് ഹദ്‌യ ചെയ്യുകയും ചെയ്യുന്നു. ഇത് സുന്നത്താണോ?
സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
هذا كله بدعة لا أصل له بالشرع المطهر، فالواجب تركه عملا بقول النبي – صلى الله عليه وسلم-: «من عمل عملا ليس عليه أمرنا فهو رد» خرجه الإمام مسلم في صحيحه، وهذا العمل لم يعمله النبي -صلى الله عليه وسلم- ولا أصحابه رضي الله عنهم، فصار بدعة يجب تركها.
പരിശുദ്ധമായ ദീനിൽ ഒരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തുകളാണ് ഇവയൊക്കെ. ഇങ്ങനെയുള്ള ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ നിർബന്ധമായും ഒഴിവാക്കണം. കാരണം, നബിﷺ പറഞ്ഞു: “ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാത്ത ഒരു അമൽ ചെയ്താൽ, അത് തള്ളപ്പെടേണ്ടതാണ്.” (മുസ്‌ലിം: 1718). ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീഥാണ് ഇത്. ഇങ്ങനെ പതിനഞ്ചും നാൽപതും ആണ്ടുമൊക്കെ ആചരിക്കുക എന്നത് നബിﷺയോ സ്വഹാബിമാരോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ, ഇവയൊക്കെ നിർബന്ധമായും ഒഴിവാക്കേണ്ട ബിദ്അത്താണ്. (https://bit.ly/3cvqLIg)