അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ

THADHKIRAH

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:30/20)

ആദ്യമനുഷ്യനായ ആദം عليه السلام യെ അല്ലാഹു മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് ആദമിൽ നിന്നുതന്നെ ആദമിന്റെ ഇണയെയും സൃഷ്ടിച്ചു. അവരിൽ നിന്നുമാണ് മറ്റ് മനുഷ്യർ ഉണ്ടായത്. അല്ലാഹു പറയുന്നു:

هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا

ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. . (ഖുർആൻ:7/189)

ഒരേ മാതാപിതാക്കളില്‍നിന്ന് ഉത്ഭവിച്ച മനുഷ്യന്‍ പെറ്റുപെരുകി ഇന്നു ഭൂലോകം മുഴുവനും വ്യാപിച്ചു കിടക്കുന്നു. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/21)

ആദ്യമനുഷ്യനിൽ നിന്നുതന്നെയാണല്ലോ അല്ലാഹു അവന്റെ ഇണയേയും സൃഷ്ടിച്ചത്. ഇന്ന് കാണുന്ന ആണും പെണ്ണുമെല്ലാം ആദ്യ ഇണകളുടെ സന്താനങ്ങളാണ്. അഥവാ മനുഷ്യനിൽ നിന്നുതന്നെയാണ് അല്ലാഹു അവന്റെ ഇണയെ ഉണ്ടാക്കിയത്. പരസ്പര സമാധാനത്തിന് വേണ്ടിയാണത്. പുരുഷന് സ്ത്രിയും സ്ത്രീക്ക് പുരുഷനും പരസ്പരം സമാധാനവും ആശ്വാസവുമാണ്. അതിനാണ് അല്ലാഹു ആണും പെണ്ണും തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. അതിലൂടെ ഇരുവർക്കും പ്രയോജനങ്ങളുണ്ട്. അതിലൂടെയാണ് മനുഷ്യ പരമ്പര നിലനിൽക്കുന്നത്. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.

ആണിനെയും പെണ്ണിനേയും ഇണകളാക്കി ഒന്നിപ്പിച്ചുവെന്നു മാത്രമല്ല, അവർക്കിടയിൽ അവൻ പരസ്പര സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ഇത് എല്ലാവർക്കും ബോധ്യപ്പെടുന്ന കാര്യവുമാണ്. ഇന്നലെവരെ എവിടെയോ ഏതോ കുടുംബത്തിൽ ജീവിച്ചിരുന്നയാൾ ഇന്ന് വിവാഹത്തോടെ ഏറ്റവും പ്രിയപ്പെട്ടവരായി. അവർക്കിടയിലെ സ്നേഹവും കാരുണ്യവും വിവരണാതീതമാണ്. ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള ഈ ഇണക്കവും സ്‌നേഹബന്ധവും ഇല്ലായിരുന്നുവെങ്കില്‍, പല നിലക്കും അതു മനുഷ്യവര്‍ഗ്ഗ്ഗത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചക്കും വളരെ ഹാനികരമാകുമായിരുന്നു.

وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّلْعَٰلِمِينَ

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/22)

ആകാശഭൂമികളുടെ സൃഷ്ടിപ്പ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അനന്തവിശാലമായ ആകാശങ്ങള്‍, എണ്ണവും വണ്ണവും അജ്ഞാതങ്ങളായ അവയിലെ നക്ഷത്ര ലോകങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ഓരോന്നിന്‍റെയും വ്യവസ്ഥാപിതവും അത്യല്‍ഭുതകരവുമായ ഗതിവിഗതികള്‍, പരസ്പര ബന്ധങ്ങള്‍, നാം നിവസിക്കുന്ന ഈ ഭൂമി, അതിന്‍റെ ചലനങ്ങള്‍, അതുള്‍ക്കൊള്ളുന്ന വന്‍കരകള്‍, സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, മരുഭൂമികള്‍, നാടുകള്‍, കാടുകള്‍, ജീവജാലങ്ങള്‍, പദാര്‍ത്ഥങ്ങള്‍, വ്യത്യസ്തമായ ഭൂപ്രകൃതികള്‍, അവയെ കീഴടക്കുവാനും ചൂഷണം ചെയ്യുവാനുമുള്ള മാര്‍ഗങ്ങള്‍ അങ്ങിനെ പലതും പലതും.

മനുഷ്യരുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. മനുഷ്യപ്രകൃതിയിലും, ആകൃതിയിലും യോജിക്കുന്നുവെങ്കിലും വ്യക്തികളുടെ നിറവും ഭാഷകളുമെല്ലാം വ്യത്യസ്തമാണ്.

وَمِنْ ءَايَٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَسْمَعُونَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/23)

രാപ്പലുകളിലെ ഉറക്കവും, ഉപജീവനം തേടുന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു:

وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

അവന്‍റെ (അല്ലാഹുവിന്റെ) കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി. (ഖുർആൻ:28/73)

وَمِنْ ءَايَٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:30/24)

മിന്നൽ, മഴ, മഴമുഖേന ഭൂമി ജീവസുറ്റതാകുന്നത് എന്നിവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.

وَمِنْ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ

അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. പിന്നെ, ഭൂമിയില്‍ നിന്ന് നിങ്ങളെ അവന്‍ ഒരു വിളി വിളിച്ചാല്‍ നിങ്ങളതാ പുറത്ത് വരുന്നു. (ഖുർആൻ:30/25)

യാതൊരു തൂണും, പിടിയും കൂടാതെ ഈ മഹാപ്രപഞ്ചം അതിന്റേതായ ചിട്ടയും വ്യവസ്ഥയും അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. മേഘവും വായുവും അതിനുമീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ അതിനുചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്നു – മറ്റു ചില ഉപഗ്രഹങ്ങളെപ്പോലെ – സൂര്യഗോളത്തെ വൃത്തംവെച്ചുകൊണ്ടിരിക്കുന്നു. സൂര്യനും, സൂര്യകുടുംബവും ചേര്‍ന്നു ആയിരക്കണക്കിലുള്ള ഇതര സൂര്യകുടുംബങ്ങളോടൊപ്പം വേറെ ഏതോ അതിബൃഹത്തായ ചില ഉന്നങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.

وَمِنْ ءَايَٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്‍റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:30/46)

وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖുർആൻ:41/37)

وَمِنْ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎

നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുർആൻ:41/39)

وَمِنْ ءَايَٰتِهِۦ خَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍. (ഖുർആൻ:42/29)

وَمِنْ ءَايَٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَٰمِ

കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുർആൻ:42/32)

മുൻകാലത്തെ  പായകപ്പലുകളായാലും ഇക്കാലത്തെ യന്ത്ര കപ്പലുകളായാലും അതൊക്കെ  അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.

وَمِنْ ءَايَٰتِهِ (ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്) എന്ന് പറഞ്ഞ് എണ്ണിയ ഓരോ കാര്യങ്ങളും പരിശോധിച്ചാൽ, അവയെ കുറിച്ച് ഉറ്റാലോചിച്ചാൽ അവിടെയൊക്കെ അല്ലാഹുവിന്‍റെ ഏകത്വം, അവന്റെ സാര്‍വ്വത്രികമായ കഴിവ്, മഹത്തായ അനുഗ്രഹം, സൃഷ്ടിവൈഭവം, പുനരുത്ഥാനം തുടങ്ങിയ കാര്യങ്ങളിലെ സത്യത ബോധ്യപ്പെടും.

Leave a Reply

Your email address will not be published.

Similar Posts