അല്ലാഹുവിന്റെ ആയത്തുകളില്‍ വിശ്വസിക്കുന്ന ആളുകളുടെ ലക്ഷണങ്ങൾ

THADHKIRAH

إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ‎﴿١٥﴾‏ تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (ഖു൪ആന്‍ :32/15-16)

അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഓരോന്നും നാം പ്രത്യേകം മനസ്സിരുത്തേണ്ടതും, പ്രവര്‍ത്തനത്തില്‍ വരുത്തേണ്ടതുമാകുന്നു. അല്ലാഹു സഹായിക്കട്ടെ. ആമീന്‍. അവയെ ഇങ്ങനെ സംഗ്രഹിക്കാം:

إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ.

ഒന്നാമത്തെ ഗുണം: അല്ലാഹുവിന്റെ ആയത്തുകള്‍  മുഖേന – അഥവാ ദൃഷ്ടാന്തങ്ങള്‍ മുഖേനയോ ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയോ – ഉപദേശം നല്‍കപ്പെട്ടാല്‍ സശ്രദ്ധം അതു കേള്‍ക്കുകയും, ഭക്തിബഹുമാനത്തോടു കൂടി അതു അനുസരിക്കുകയും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതു അനുഷ്ടിക്കുകയും ചെയ്യുക.

 ധാരാളം പ്രവാചകൻമാരുടെ ചരിത്രം വിവരിച്ച ശേഷം വിശുദ്ധ ഖുർആൻ തുടർന്ന് പറയുന്നത് കാണുക:

أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّا

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌. (ഖു൪ആന്‍ :19/58)

 റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളിലൊന്നായി അല്ലാഹു പറയുന്നു:

وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا

തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍. (ഖു൪ആന്‍ :25/73)

അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ ഉള്‍ക്കാഴ്ചയോട് കൂടിയായിരിക്കും അവ൪ അതിനെ സമീപിക്കുന്നത്. അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും അത് ചെയ്യാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക.

قال قتادة : قوله تعالى : ( والذين إذا ذكروا بآيات ربهم لم يخروا عليها صما وعميانا ) يقول : لم يصموا عن الحق ولم يعموا فيه ، فهم – والله – قوم عقلوا عن الله وانتفعوا بما سمعوا من كتابه .

ഖത്താദ رحمه الله പറയുന്നു: അല്ലാഹു പറയുന്നു: {തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍} അതായത്: അവർ സത്യത്തോട് ബധിരരോ അന്ധരോ ആയിരുന്നില്ല, അവർ അല്ലാഹുവിന്റെ വാക്കുകളെ ഗ്രഹിക്കുകയും അവന്റെ ഗ്രന്ഥത്തിൽ നിന്ന് കേട്ടതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്ത ഒരു ജനതയാണ്. (ഇബ്നു കസീർ)

وَهُمْ لَا يَسْتَكْبِرُونَ

അവര്‍ അഹംഭാവം നടിക്കുകയുമില്ല

രണ്ടാമത്തെ ഗുണം: അവന്‍ ഗര്‍വ്വ് നടിക്കുകയില്ല എന്നുള്ളതാകുന്നു. സത്യത്തോടും ഉപദേശത്തോടും ആദരവ്, വാക്കിലും പെരുമാറ്റത്തിലും വിനയം, ഇതാണവരുടെ സ്വഭാവം. ആകയാല്‍, ധിക്കാരം, മര്‍ക്കടമുഷ്ടി, കുതര്‍ക്കം, ദുര്‍വ്യാഖ്യാനം, പൊങ്ങച്ചം, സത്യത്തോടും ന്യായത്തോടും അവഗണന, ഇത്യാദി ദോഷങ്ങളൊന്നും അവരെ തീണ്ടുകയില്ല.

അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും നോക്കുവാനോ, അതനുസരിക്കുവാനോ തയ്യാറാകാത്ത, അത് കേൾക്കാൻപോലും തയ്യാറാകാത്ത  അതിന്റെനേരെ പരിഹാസവും പ്രതിഷേധവും പ്രകടിപ്പിക്കുന്നവർക്ക് അല്ലാഹുവിന്റെ ശിക്ഷയുണ്ട്.

وَإِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا وَلَّىٰ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا كَأَنَّ فِىٓ أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്‌. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക. (ഖു൪ആന്‍ :31/7)

وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَٰبٍ مُّنِيرٍ ‎﴿٨﴾‏ ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَٰمَةِ عَذَابَ ٱلْحَرِيقِ ‎﴿٩﴾

യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.  അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌.) ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍ :22/8-9)

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ

തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌

മൂന്നാമത്തെ ഗുണം: അവര്‍ രാത്രി സമയത്തു സാധാരണ ആളുകളെപ്പോലെ നിദ്രയില്‍ മുഴുകി സമയം കഴിക്കുകയില്ല. നമസ്‌കാരം, ദിക്ര്‍, തസ്ബീഹ്, ദുആ ആദിയായവയില്‍ വ്യാപൃതരാകുന്നതുകൊണ്ട് രാത്രി അധിക സമയം അവര്‍ ശയന സ്ഥാനത്തെ വിട്ടുകൊണ്ടാണ് കഴിച്ചുകൂട്ടുക.

كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾

രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആൻ: 51/ 17-18)

ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ

തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/64)

خَوْفًا وَطَمَعًا

ഭയത്തോടും പ്രത്യാശയോടും കൂടി

നാലാമത്തെ ഗുണം: ഭയപ്പാടും, ആശയും കലര്‍ന്നുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥനകളും ആരാധനകളും നടത്തുന്നത്. തങ്ങളുടെ പാപങ്ങള്‍ നിമിത്തം തങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്കും, ശാപകോപങ്ങള്‍ക്കും പാത്രമായേക്കുമോ? തങ്ങളുടെ പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതെ വന്നേക്കുമോ? തങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതിരുന്നേക്കുമോ? ഇതൊക്കെയാണവരുടെ ഭയം. സല്‍ക്കര്‍മ്മങ്ങള്‍ക്കും, സജ്ജനങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന മഹത്തായ വാഗ്ദാനഫലങ്ങള്‍, അവന്റെ അതിവിശാലമായ കാരുണ്യം, പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷ, ഇതെല്ലാം അവര്‍ക്കു ആശയും ആവേശവും നല്‍കിക്കൊണ്ടുമിരിക്കും. ഭയവും ആശയും ഒരേ സമയത്തുണ്ടായിരിക്കുവാന്‍ കാരണമെന്തെന്നാല്‍, അല്ലാഹു പറയുന്നു:

نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ‎﴿٤٩﴾‏ وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ‎﴿٥٠﴾

(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.) (ഖു൪ആന്‍:15/49-50)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لَوْ يَعْلَمُ الْمُؤْمِنُ مَا عِنْدَ اللَّهِ مِنَ الْعُقُوبَةِ مَا طَمِعَ بِجَنَّتِهِ أَحَدٌ وَلَوْ يَعْلَمُ الْكَافِرُ مَا عِنْدَ اللَّهِ مِنَ الرَّحْمَةِ مَا قَنِطَ مِنْ جَنَّتِهِ أَحَدٌ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് ശരിക്കും അറിയുകയാണെങ്കിൽ ഒരാളും സ്വർഗം ലഭിക്കുമെന്ന അമിത പ്രതീക്ഷ വെച്ചു പുലർത്തുകയില്ല (അല്ലാഹുവിന്റെ കഠിന ശിക്ഷ ഓർത്ത് സ്വർഗം ലഭിക്കുമോയെന്ന പേടി സത്യവിശ്വാസികൾക്ക് ഉണ്ടാകും.). ഒരു സത്യനിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് അറിയുകയാണെങ്കിൽ അവന്റെ സ്വർഗത്തെകുറിച്ച് യാതൊരാളും നിരാശരാവുകയുമില്ല (അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത ഓർത്ത് സ്വർഗം ലഭിക്കുമെന്ന് സത്യനിഷേധിക്ക് തോന്നും). (മുസ്‌ലിം: 2755)

അതുകൊണ്ട് ഓരോ സത്യവിശ്വാസിയും എപ്പോഴും പേടിയും ശുഭപ്രതീക്ഷയും (الخوف والرجاء) ഉള്ളവനായിരിക്കണമെന്നു കര്‍ശനമായി ഉപദേശിക്കപ്പെടുന്നു.

وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും.

അഞ്ചാമത്തെ ഗുണം:: അല്ലാഹു തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ ചിലവഴിക്കുമെന്നുള്ളതാണ്. തങ്ങള്‍ക്ക് എന്തെല്ലാം കഴിവുകളുണ്ടോ അതെല്ലാം അല്ലാഹു നല്‍കിയതാണ് – തങ്ങളുടെ സ്വന്തം പ്രാപ്തി കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ ലഭിച്ചതല്ല – എന്നു അവര്‍ക്കും തികച്ചും വിശ്വാസമുണ്ട്. അങ്ങിനെ, അല്ലാഹുവിനും തങ്ങള്‍ക്കുമിടയിലുള്ള ബന്ധം യഥാവണ്ണം നിറവേറ്റുന്നതുപോലെ, സഹസൃഷ്ടികളോടുള്ള ബന്ധവും അവര്‍ പാലിക്കും. കഴിവനുസരിച്ച് ദാനധര്‍മ്മങ്ങളും, സഹായസഹകരണങ്ങളും ചെയ്യുന്നതില്‍ അവര്‍ക്കു പിശുക്കോ വൈമനസ്യമോ ഇല്ല.

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)

അഥവാ അവര്‍ക്കു തങ്ങളുടെ സ്വത്തില്‍നിന്നു സഹായം നല്‍കുന്നതു തങ്ങളുടെ കടമയാണെന്നുള്ള നിലക്കാണ് അവരുടെ പെരുമാറ്റം  എന്നു താല്‍പര്യം.

ഇത്തരം ആളുകൾക്കുള്ള പ്രതിഫലവും വിശുദ്ധ ഖുർആൻ തുടർന്ന് പറയുന്നുണ്ട്.

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.(ഖു൪ആന്‍ :32/17)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ‏ قَالَ اللَّهُ : أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنَ رَأَتْ، وَلاَ أُذُنَ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ‏{‏ فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ ‏}‏‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുകയാണ്‌ : എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിന് തെളിവായി) നിങ്ങള്‍ فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബുഖാരി :3244)

അതെ, സുഖാനുഗ്രഹത്തിന്റെ സ്വർഗമാണ് അവർക്കുള്ള പ്രതിഫലം. ഇങ്ങിനെയുള്ള സല്‍ഗുണവാന്മാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. (ആമീൻ)

അവലംബം : അമാനിതഫ്സീര്‍

Leave a Reply

Your email address will not be published.

Similar Posts