സകരിയ്യാ നബിയുടെ പ്രാർത്ഥന : ചില പാഠങ്ങൾ

THADHKIRAH

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു സകരിയ്യാ നബി عليه السلام.  സുലൈമാന്‍ നബി عليه السلام യുടെ സന്താന പരമ്പരയിൽപെട്ടയാളായിരുന്നു അദ്ദേഹം. പ്രശസ്തമായ ഇംറാന്‍ കുടുംബത്തില്‍ നിന്നാണ് സകരിയ്യാ നബി عليه السلام വിവാഹം ചെയ്തത്. അവർക്ക് സന്താനങ്ങളുണ്ടായില്ല. കാലങ്ങൾ കഴിഞ്ഞുപോയി. വയസ്സേറെയായിട്ടും സന്താനങ്ങൾക്കായി അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا ‎﴿٣﴾‏ قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا ‎﴿٤﴾‏ وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا ‎﴿٥﴾‏ يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا ‎﴿٦﴾‏

അദ്ദേഹം (സക്കരിയ്യാ നബി) തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.  അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായി കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.  എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ.  എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:19/2-6)

وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ

സകരിയ്യായെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍. (ഖു൪ആന്‍:21/89)

ഈസാ നബി عليه السلام യുടെ മാതാവായ മറിയം عليه السلام കുഞ്ഞുന്നാള്‍ മുതല്‍ ബൈത്തുല്‍ മുഖദ്ദസിൽ സക്കരിയാ നബി عليه السلام യുടെ സംരക്ഷണത്തിലാണ് താമസിച്ചു വന്നിരുന്നത്. സക്കരിയാ നബി عليه السلام മറിയമിന്റെ അടുക്കല്‍ ചിലപ്പോള്‍ ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണഗതിയില്‍ അവിടെ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലാത്ത ഭക്ഷണ സാധനങ്ങള്‍ അദ്ദേഹം കാണുമായിരുന്നു. അതില്‍ അദ്ദേഹത്തിന് ആശ്ചര്യം തോന്നി. അദ്ദേഹം ചോദിച്ചു : മര്‍യമേ, നിനക്കെവിടെ നിന്നാണ് ഇത് കിട്ടുന്നത്? മറിയം عليه السلام പറഞ്ഞു : ഇത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നു കിട്ടുന്നതാണ്. മർയമിലൂടെ അല്ലാഹു വെളിപ്പെടുത്തിയ കറാമത്തായിരുന്നു. അത് നേരിൽ കണ്ട സക്കരിയാ നബി عليه السلام, ഉടൻ അവിടെവെച്ച് താൻ കാലങ്ങളായി അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യം അതായത് സന്താനത്തെ തരണമെന്ന് പ്രാർത്ഥിച്ചു.

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَٰمَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ‎﴿٣٧﴾‏ هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ

അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു.അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കു ന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍:3/37-38)

അങ്ങനെ അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു.

فَنَادَتْهُ ٱلْمَلَٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقَۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّٰلِحِينَ

അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. (ഖു൪ആന്‍:3/39)

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല. (ഖു൪ആന്‍:19/7)

‏ فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. (ഖു൪ആന്‍:21/90)

അതുവരെ ഗര്‍ഭിണിയാകാത്ത  ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത, അണ്ഡോല്പാദനം നടക്കാത്ത, ചില ശാരീരിക ന്യൂനതകളുള്ള അവസ്ഥയിലായിരുന്നു സകരിയ്യാ നബി عليه السلام യുടെ ഭാര്യ. എന്നാല്‍ അല്ലാഹു അവർക്ക് സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചത് മുതല്‍ സ്ഥിതിഗതികള്‍ മാറി. ഗര്‍ഭധാരണത്തിന് സജ്ജമാകുന്ന അവസ്ഥയില്‍ എല്ലാ ന്യൂനതകളും ഒഴിവായി സ്‌ത്രൈണതയുടെ പൂര്‍ത്തീകരണം നടക്കുകയായി. അങ്ങനെ അവർക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യഹ്‌യാ എന്ന് അല്ലാഹു തന്നെ പേരിട്ട ഒരു ആണ്‍കുട്ടി ജനിച്ചു.

യഹ്‌യാ عليه السلام യോട് അല്ലാഹു കല്‍പിക്കുന്നു:

يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍ ۖ وَءَاتَيْنَٰهُ ٱلْحُكْمَ صَبِيًّا ‎﴿١٢﴾‏ وَحَنَانًا مِّن لَّدُنَّا وَزَكَوٰةً ۖ وَكَانَ تَقِيًّا ‎﴿١٣﴾‏ وَبَرَّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا ‎﴿١٤﴾‏ وَسَلَٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا

ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.  നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി.) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു. തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.  അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം. (ഖു൪ആന്‍:19/12-15)

യഹ്‌യായോട് അല്ലാഹു കിതാബ് (വേദഗ്രന്ഥം) മുറുകെ പിടിക്കുവാന്‍ കല്‍പിച്ചു. ആ കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം മൂസാ നബി عليه السلام ക്ക് നല്‍കപ്പെട്ട തൗറാത്ത് ആയിരുന്നു. തൗറാത്ത് മുറുകെ പിടിക്കുന്നതിനാണ് അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചത്.

കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് അല്ലാഹു ജ്ഞാനം നല്‍കി എന്ന് പറഞ്ഞതിന് പണ്ഡിതന്മാര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. അത് നുബുവ്വത്താണെന്നും ചെറുപ്പത്തിലേ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയാണെന്നും വേദഗ്രന്ഥത്തിലെ അറിവ് ഗ്രഹിക്കാനുള്ള കഴിവാണെന്നുമെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായങ്ങളൊന്നും തന്നെ വിരുദ്ധമല്ല. എല്ലാം അദ്ദേഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകളെ ദ്യോതിപ്പിക്കുന്ന വ്യാഖ്യാനങ്ങളാകുന്നു.

ദയയും അനുകമ്പയും പരിശുദ്ധിയുമെല്ലാം അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞ് നല്‍കിയിരുന്നു. അദ്ദേഹം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്ന മഹാനായിരുന്നു.

അനുസരണക്കേടോ കഠിന മനസ്സോ ഉള്ള ആളുമായിരുന്നില്ല യഹ്‌യാ عليه السلام. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം ഉണ്ടായിരിക്കുന്നതാണ് എന്നും അല്ലാഹു നമ്മെ അറിയിക്കുന്നു,

സകരിയ്യാ നബി عليه السلام യുടെ പ്രാർത്ഥനയിൽ നിന്നും യഹ്‌യ عليه السلام യുടെ ജനനത്തിൽ നിന്നുമുള്ള  ചില  പ്രധാനപ്പെട്ട പാഠങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, മക്കളായില്ലെന്ന് കരുതി നിരാശപ്പെടാനോ നിഷ്ക്രിയനായി ജീവിക്കാനോ പാടുള്ളതല്ല. മക്കളെ ലഭിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചുമാത്രമാണ്. അല്ലാഹു ചിലർക്ക് മക്കളെ കൊടുക്കും, മറ്റ് ചിലർക്ക് കാടുക്കുകയില്ല. ചിലർക്ക് അവൻ മക്കളെ ഉടനെ കൊടുക്കും, മറ്റ് ചിലർക്ക് കുറെ കാലം കഴിഞ്ഞ് കൊടുക്കും. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ വിധിയിൽ തൃപ്തരായി, ക്ഷമപാലിച്ച് ജീവിക്കുക.

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

രണ്ടാമതായി, തനിക്കൊരു സന്താനമുണ്ടായിട്ടില്ലല്ലോ എന്ന കേവലമൊരു വ്യസനമല്ല സകരിയ്യാ നബി عليه السلام ക്ക് ഉണ്ടായിരുന്നത് പ്രത്യുത തൗഹീദും, സത്യമതവും പ്രചരിപ്പിക്കുക എന്ന തന്‍റെ കൃത്യം തന്‍റെ മരണശേഷം നിര്‍വ്വഹിക്കുവാന്‍ തക്ക പിന്‍ഗാമികളില്ലല്ലോ എന്നതായിരുന്നു.  മക്കളില്ലാതെ മരണപ്പെട്ടു പോയാല്‍ തന്റെ സമ്പത്ത് എന്താകും, അതിന്റെ അനന്തരാവകാശി ആരാകും എന്നൊക്കെയാണല്ലോ സാധാരണ ആളുകള്‍ക്കിടയില്‍ നാം കണ്ടുവരുന്ന ആശങ്ക. ഇത്തരം ആശങ്കയും നിരാശയുമൊന്നും സകരിയ്യാ നബി عليه السلام യില്‍ ഉണ്ടായിരുന്നില്ല. ഈ കാര്യത്തിൽ നമ്മളുടെ നിലപാട് എന്താണ്? മക്കൾ ലഭിക്കുന്നതിനുവേണ്ടി വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇത്തരമൊരു ചിന്ത നമ്മിൽ കടന്നു വരാറുണ്ടോ ?  അല്ലാഹു നമുക്ക് മക്കളെ നൽകിയിട്ടുണ്ടല്ലോ. ഈയൊരു ലക്ഷ്യത്തെ കൂടി പരിഗണിച്ച് നാം മക്കളെ വളർത്താറുണ്ടാ? അതനുസരിച്ചുള്ള വിദ്യാഭ്യാസം നാം മക്കൾക്ക് നൽകാറുണ്ടോ?

മൂന്നാമതായി, മക്കൾക്കായി അല്ലാഹുവിനോട് സദാ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക.

അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യവും, കാരുണ്യവും അതിരറ്റതാകുന്നു. ഏതു സന്നിഗ്ദ്ധഘട്ടത്തിലും നാം നിരാശപ്പെടരുത്. നാം ചെയ്യേണ്ടതു നമ്മുടെ കഴിവനുസരിച്ചു ചെയ്യുകയും, അതിനപ്പുറമുള്ളതിലെല്ലാം അവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഹൃദയസാന്നിധ്യത്തോടും, ഭക്തിയാദരവോടുംകൂടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹു പാഴാക്കുകയില്ല. (അമാനി തഫ്സീ൪ – സൂറ മർയം)

മക്കളെ ലഭിക്കാൻ കാലതാമസമെടുക്കുമ്പോൾ ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമല്ല പ്രാർത്ഥിക്കാനായി പോകേണ്ടത്. കറാമത്തിന്റെ പേരിൽ ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും പുരോഹിതൻമാർ ആളെ ക്ഷണിച്ചു വരുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. മര്‍യം ബീവി(അ)യുടെ സമീപത്ത് വലിയ കറാമത്ത് സകരിയ്യാ(അ) കാണുമ്പോള്‍, സന്താനങ്ങളില്ലാതെ വിഷമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അല്ലാഹുവിനോടാണ് തേടുന്നത്. കറാമത്തിന്റെ ഉടമ അല്ലാഹുവാണെന്നും അത് അല്ലാഹുവാണ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന രൂപത്തില്‍ നല്‍കുന്നതെന്നും സകരിയ്യാ നബി(അ)ക്ക് അറിയാം. അതിനാല്‍ കറാമത്തിന്റെ ഉടമയായ അല്ലാഹുവിനോടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്.

നാലാമതായി, സകരിയ്യാ നബി عليه السلام തേടുന്നത് കേവലം ഒരു സന്താനത്തെയല്ല. മറിച്ച്, നല്ല ഒരു സന്താനത്തെയാണ്. സന്താനസൗഭാഗ്യത്തിന് വേണ്ടി തേടുമ്പോള്‍ നല്ല മക്കളെ തരാനാണ് നമ്മളും അല്ലാഹുവിനോട് ചോദിക്കേണ്ടത്. ഇബ്‌റാഹീം നബി عليه السلام യുടെ പ്രാര്‍ഥന കാണുക:

رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ

എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.(ഖു൪ആന്‍:37/100)

അഞ്ചാമതായി, രഹസ്യമായിട്ടാണ് സക്കരിയാ നബി പ്രാർത്ഥിക്കുന്നത്. ഇത് പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണ്. തനിച്ചായിരിക്കുന്ന വേളയില്‍ രഹസ്യമായിട്ടായിരിക്കണം നാം പ്രാര്‍ഥിക്കേണ്ടത്.

قال الحسن : بين دعوة السر ودعوة العلانية سبعون ضعفا ، ولقد كان المسلمون يجتهدون في الدعاء وما يسمع لهم صوت ، وإن كان إلا همسا بينهم وبين ربهم ، وذلك أن الله سبحانه يقول : “ادعوا ربكم تضرعا وخفية” ، وإن الله ذكر عبدا صالحا ورضي فعله فقال :  “إذ نادى ربه نداء خفيا” مريم – 3 .

ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ”രഹസ്യമായ പ്രാര്‍ഥനയുടെയും പരസ്യമായ പ്രാര്‍ഥനയുടെയും ഇടയില്‍ എഴുപത് ഇരട്ടി (വ്യത്യാസമുണ്ട്). (മുന്‍ഗാമികളായ) മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. (അവരുടെ പ്രാര്‍ഥനയുടെ) ശബ്ദം കേള്‍ക്കുമായിരുന്നില്ല. (ശബ്ദം) ഉണ്ടായിരുന്നതായാല്‍ അവരുടെയും അവരുടെ രക്ഷിതാവിന്റെയും ഇടയിലുള്ള നേരിയ ശബ്ദമല്ലാതെ (കേള്‍ക്കാറില്ലായിരുന്നു). അതാണ് അല്ലാഹു പറയുന്നത്: ‘താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.’ അല്ലാഹു സ്വാലിഹായ അടിമയെ സ്മരിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ തൃപ്തിപ്പെടുകയും ചെയ്തു. എന്നിട്ട് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം…” (തഫ്‌സീറുല്‍ ബഗവി)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയഃ(റഹി) അതു സംബന്ധമായി പറയുന്നതിന്റെ ചുരുക്കം കാണുക: ”പ്രാര്‍ഥന സ്വകാര്യമാക്കുന്നതില്‍ എണ്ണമറ്റ ഉപകാരങ്ങളുണ്ട്. അതില്‍ ഒന്ന്, അത് വിശ്വാസത്തിന്റെ മഹത്തായ അടയാളമാണ് എന്നതാണ്. കാരണം, രഹസ്യമായി പ്രാര്‍ഥിക്കുന്നയാള്‍ അല്ലാഹു രഹസ്യമായി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനാണ് എന്ന് അറിയുന്നവനാണ്. അതില്‍ രണ്ടാമത്തേത്,അതാണ് ഏറ്റവും നല്ല മര്യാദയും ബഹുമാനിക്കലും. കാരണം, രാജാക്കന്മാരുടെ സദസ്സില്‍ അവരുടെ ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അല്ലാഹു ഈ രാജാക്കന്മാരുടെ രാജാവാണല്ലോ. മൂന്ന്, അതാണ് വിനയത്തിന്റെയും ഭയഭക്തിയുടെയും അങ്ങേയറ്റം (ഉള്ള അവസ്ഥ). ഭയഭക്തിയിലാണല്ലോ പ്രാര്‍ഥനയുടെ ആത്മാവ് നിലകൊള്ളുന്നത്. നാല്, അപ്രകാരമുള്ള പ്രാര്‍ഥനയാണ് നിഷ്‌കളങ്കമായതില്‍ അങ്ങേയറ്റമുള്ളത്. അഞ്ച്, അപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിനോട് അടുത്തവനാണ് എന്നാണ് അറിയിക്കുന്നത്.”

ആറാമതായി, പ്രാർത്ഥനയിൽ അദ്ദേഹം തവസ്സുലാക്കുന്നുണ്ട്. അത് പ്രാർത്ഥനക്ക് വേഗം ഉത്തരം ലഭിക്കുന്നത് സഹായകരമാണ്. എപ്പോഴും, ഏതു വിഷമാവസ്ഥയിലും അല്ലാഹുവിനോടു മാത്രമേ താന്‍ പ്രാര്‍ത്ഥിക്കാറുള്ളുവെന്നും അവയെല്ലാം തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും, അതുപോലെ ഈ പ്രാര്‍ത്ഥനയും സ്വീകരിച്ചനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥനയില്‍ സൂചിപ്പിച്ചുവല്ലോ, ഇത് സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടുള്ള ഇടതേട്ടത്തി (توسل)ന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടതാകുന്നു.

Leave a Reply

Your email address will not be published.

Similar Posts