ശാരീരികമായ ഒരു അനുഭവമാണ് വേദന.വേദന അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. വേദന ഇഷ്ടപ്പെടുന്നവരായും ആരുമുണ്ടാകില്ല. എന്നാൽ അറിയുക: അല്ലാഹു മനുഷ്യനിൽ നിശ്ചയിച്ചിട്ടുള്ള വേദന എന്ന അനുഭവം ഒരു തരത്തിൽ അനുഗ്രഹം തന്നെയാണ്.
വേദന സംവേദിക്കുന്ന ഞരമ്പുകളാണ് ശരീരത്തിന്റെ ഒരോ ഭാഗങ്ങളിൽ നിന്നും വേദനയുടെ തരംഗങ്ങളെ തലച്ചോറിലെത്തിച്ച് വേദനയുണ്ട് എന്ന് നമ്മെ അറിയിക്കുന്നത്. ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാകാം വേദന. വേദന അനുഭവപ്പെട്ടതിനാൽ നാം രോഗനിർണ്ണയം നടത്തി രോഗം കണ്ടുപിടിച്ച് ചികിൽസിച്ച് രോഗം ഭേദമാക്കുന്നു. ഇവിടെ വേദന വന്നതുകൊണ്ടാണ് ചികിൽസിക്കാൻ ശ്രമിച്ചതുതന്നെ. അതേപോലെ നമ്മുടെ ശരീരത്തിൽ ഒരു മുറിവ് പറ്റിയാൽ നാം അറിയുന്നതുതന്നെ വേദന വന്നതുകൊണ്ടാണ്. അതെ, വേദന ഒരു അനുഗ്രഹം തന്നെയാണ്. അപകടകരമായ അവസ്ഥകളിൽ നിന്ന് മാറി നിൽക്കാനും ചികിത്സ തേടാനും വേദന പ്രേരിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിൽ ബാധിക്കുന്ന വേദന കാരണം നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. അതെ, വേദന ഒരു അനുഗ്രഹം തന്നെയാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
അബൂസഈദ് رَضِيَ اللَّهُ عَنْهُ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി. (ബുഖാരി: 5641.5643)
തിൻമകളിൽ നിന്ന് മാറിനിൽക്കുവാനും വേദന എന്ന അനുഭവം കാരണമാകുന്നു. തീയിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ﴿٧١﴾ ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ﴿٧٢﴾ نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ ﴿٧٣﴾
നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും. (ഖുർആൻ:56/71-73)
തീയിനെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍, അതൊരു സ്മരണ – അഥവാ – ചിന്താവിഷയം – ആണെന്നു അല്ലാഹു പറഞ്ഞുവല്ലോ. സാധാരണ തീയിനെക്കള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ നരകത്തിലെ തീയിനെക്കുറിച്ച് ഓർമ്മിക്കുവാനുള്ള ഒരു സൂചന ആ വാക്കിൽ അടങ്ങിയിരിക്കുന്നതായി ചില മഹാന്‍മാർ ചൂണ്ടിക്കാട്ടുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:56/71-73 ന്റെ വിശദീകരണത്തില്‍ നിന്ന്)
വേദനയുടെ അവസ്ഥയും ഇതേപോലെ തന്നെയാണ്. പരലോകത്തെ ശിക്ഷയെ കുറിച്ച് പരാമർശിക്കുമ്പോൾ വിശുദ്ധ ഖുർആൻ അനവധി സ്ഥലങ്ങളിൽ “വേദനയേറിയ ശിക്ഷയുണ്ട്“ എന്ന പ്രയോഗം നടത്തിയിട്ടുണ്ട്. വേദനയുടെ പ്രയാസം മനസ്സിലാക്കിയ മനുഷ്യന് പരലോകത്ത് അനുഭവിക്കേണ്ട കഠിനമായ വേദനയെ ഓർത്ത് ഇഹലോകത്ത് തിൻമകളിൽ നിന്ന് മാറിനിൽക്കാനും നൻമകളിൽ മുന്നേറാനും സാധിക്കുന്നു. അതെ, വേദന ഒരു അനുഗ്രഹം തന്നെയാണ്.
ശരീര വേദനക്കുള്ള ചികിൽസ
ശരീരത്തിൽ വേദന അനുഭപ്പെടുമ്പോൾ രോഗനിർണ്ണയം നടത്തുന്നതിനും ചികിൽസ നടത്തുന്നതിനും മതം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മുസ്ലിംകളിൽ പലരും ഭൗതികമായ ചികിൽസ മാത്രം നടത്തുന്നതായി കാണാം. വേദന അനുഭവപ്പെടുമ്പോൾ നബി ﷺ പഠിപ്പിച്ചത് അവഗണിക്കാതിരിക്കുക.
വേദന അനുഭവപ്പെടുന്ന ഭാഗത്ത് കൈവെക്കുക, എന്നിട്ട് മൂന്ന് പ്രാവശ്യം ഇപ്രകാരം പറയുക:
بِسْمِ اللَّهِ
ബിസ്‌മില്ലാഹ്
അല്ലാഹുവിന്റെ നാമത്തിൽ
ശേഷം ഏഴ് പ്രാവശ്യം ഇപ്രകാരം പറയുക:
أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
അഊദു ബില്ലാഹി വ ഖുദ്‌റതിഹി മിൻ ശർരി മാ അജിദു വ ഉഹാദിറു
എനിക്കനുഭവപ്പെടുന്നതും ഞാൻ ഭയപ്പെടുന്നതുമായ രോഗത്തിന്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു.
عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ . فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم “ ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ وَقُلْ بِاسْمِ اللَّهِ . ثَلاَثًا . وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ” .
ഉസ്മാൻ ബ്നു അബൂആസ് അൽതഖഫി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: താൻ മുസ്ലീമായി മാറിയ സമയത്ത് തന്റെ ശരീരത്തിൽ അനുഭവപ്പെട്ട വേദനയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ശരീരത്തിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് കൈവെക്കുക, എന്നിട്ട് മൂന്ന് പ്രാവശ്യം “ബിസ്‌മില്ലാഹ്” എന്ന് പറയുക. ശേഷം ഏഴ് പ്രാവശ്യം “അല്ലാഹുവിന്റെ നാമത്തിൽ” ശേഷം ഏഴു പ്രാവശ്യം “അഊദു ബില്ലാഹി വ ഖുദ്‌റതിഹി മിൻ ശർരി മാ അജിദു വ ഉഹാദിറു” എന്ന് പറയുക. (മുസ്‌ലിം: 2202)
باب اسْتِحْبَابِ وَضْعِ يَدِهِ عَلَى مَوْضِعِ الأَلَمِ مَعَ الدُّعَاءِ (വേദനയുള്ള സ്ഥലത്ത് ഒരാളുടെ കൈ വെച്ച് പ്രാർത്ഥിക്കുക മുസ്തഹബ്ബാകുന്നു ) എന്ന അദ്ധ്യായത്തിലാണ് ഇമാം മുസ്ലിം رحمه الله ഈ ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.
ചില റിപ്പോർട്ടുകളിൽ أَعُوذُ بِعِزَّةِ اللَّهِ وَقُوَّتِهِ مِنْ شَرِّ مَا أَجِدُ എന്നാണ് വന്നിട്ടുള്ളത്. അതായത് بِعِزَّةِ اللَّهِ എന്ന പദം അധികമായികൊണ്ട്. (ഇബ്നുമാജ,തിർമിദി,അബൂദാവൂദ്)
“ബിസ്മില്ലാഹ്” എന്നാൽ അല്ലാഹുവിന്റെ മുഴുവൻ നാമങ്ങൾ കൊണ്ട് ആരംഭിക്കുന്നു, കാവൽ ചോദിക്കുന്നു എന്നൊക്കെയാണ് ഉദ്ദേശം.
കഠിനമായ വേദനയുള്ളപ്പോഴായിരുന്നു സ്വഹാബി നബി ﷺ യോട് അക്കാര്യം പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ഓർക്കുക. വേദനയെ കുറിച്ചുള്ള പ്രയോഗം ഇപ്രകാരമായിരുന്നു: قَدْ كَانَ يُهْلِكُنِ (ആ വേദന എന്നെ നശിപ്പിച്ചിരിക്കുന്നു). (തിർമിദി:2080)
അദ്ദേഹം നബി ﷺ പഠിപ്പിച്ച രീതിയിൽ റുഖ്‌യ നടത്തിയപ്പോൾ അദ്ദേഹത്തിന്റെ വേദന മാറി. അദ്ദേഹം തന്നെ പറയുന്നത് കാണുക:
قَالَ فَفَعَلْتُ فَأَذْهَبَ اللَّهُ مَا كَانَ بِي فَلَمْ أَزَلْ آمُرُ بِهِ أَهْلِي وَغَيْرَهُمْ .
അങ്ങനെ ഞാൻ അത് ചെയ്തു, അല്ലാഹു എന്റെ വേദന നീക്കം ചെയ്തു, എന്റെ കുടുംബത്തോടും മറ്റുള്ളവരോടും അത് ചെയ്യാൻ ഞാൻ ഒരിക്കലും നിർത്തിയില്ല. (തിർമിദി:2080)
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
إذا قاله موقنا بذلك مؤمنا به وأنه سوف يستفيد من هذا فإنه يسكن الألم بإذن الله عز وجل وهذا أبلغ من الدواء الحسي كالأقراص والشراب والحقن لأنك تستعيذ بمن بيده ملكوت السماوات والأرض الذي أنزل هذا المرض هو الذي يجيرك منه
അവൻ ദൃഢവിശ്വാസത്തോടെയാണ് ഇത് പറയുന്നതെങ്കിൽ അവന് ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. അല്ലാഹുവിന്റ അനുമതിയോടെ വേദന ഇല്ലാതാകും. ഗുളികകൾ, സിറപ്പ്, കുത്തിവയ്പ്പുകൾ തുടങ്ങിയവയേക്കാൾ ഇതിന് ഫലം കിട്ടും. കാരണം, ആകാശഭൂമികളുടെ ആധിപത്യം ആരുടെ കൈയിലാണോ അവനോടാണ് നിങ്ങൾ അഭയം തേടിയത്, അവനാണല്ലോ രോഗം ഇറക്കിയത്. അവൻതന്നെ ഈ രോഗത്തിൽ നിന്ന് നിന്നെ രക്ഷിക്കും. (ശറഹു രിയാളു സ്സ്വാലിഹീൻ)
അതേപോലെ ശരീരത്തിൽ വേദന അനുഭവപ്പെടുമ്പോൾ ഖുർആൻ കൊണ്ടും ചികിൽസിക്കാവുന്നതാണ്.
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു. (ഖു൪ആന്‍:17/82)
قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ
നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. (ഖു൪ആന്‍:41/44)
عَنْ عَائِشَةَ، رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا.
ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ ക്ക് ശാരീരിക വേദന അനുഭവപ്പെട്ടാൽ തന്റെ ശരീരത്തിൽ ഖുൽഹുവല്ലാഹു അഹദ്, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബിന്നാസ്, പാരായണം ചെയ്‌ത് (ഉമിനീർ പാറിവീഴുന്നതാക്കി) തന്റെ കൈകളിൽ ഊതി, അതുകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. രോഗത്തിന്റെ വേദന കൂടിയപ്പോൾ ഞാൻ (ആയിശ) ഈ സൂറത്തുകൾ ഓതി നബി ﷺ യുടെ കൈകളിൽ ഊതുകയും അതുകൊണ്ട് ശരീരം തടവിക്കൊടുക്കുകയും ചെയ്‌തു, (നബിﷺയുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി:5016)