ദേഹേച്ഛകൾക്ക് അടിമപ്പെട്ടോ പിശാചിന്റെ പ്രേരണക്ക് വിധേയനായോ ഒരാള്‍ ഒരു പാപം ചെയ്യുമ്പോള്‍, അവന് ആ പാപത്തിൽ നിന്നും പിന്തിരിയാന്‍ സാധിക്കാത്തവണ്ണം പിശാച് അവന് ആസ്വാദനവും പ്രേരണയും നല്‍കുന്നു. ആ ആസ്വാദനത്തിൽ അടിമപ്പെട്ട് അവൻ വീണ്ടും വീണ്ടും പാപത്തിൽ കൂപ്പുകുത്തുന്നു. അറിയുക: മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് അനന്തരഫലങ്ങളുണ്ട്. ദുനിയാവിലും ആഖിറത്തിലും പാപത്തിന്റെ അനന്തരഫലം വേദനാജനകമായിരിക്കും.
പാപത്തിന് ദുനിയാവിലും ആഖിറത്തിലും ധാരാളം അനന്തരഫലങ്ങൾ ഉള്ളതായി ഖുർആനിലും സുന്നത്തിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ “ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا
അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. മ്ളേച്ഛത ഒരു ജനതയിൽ പരസ്യമായ രീതിയില്‍ വെളിവായാല്‍ അവരുടെ പൂ൪വ്വിക൪ക്ക് ബാധിച്ചിട്ടില്ലാത്ത പക൪ച്ച വ്യാധികള്‍ അവരില്‍ വ്യാപിക്കുന്നതാണ്. (ഇബ്നുമാജ:4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عن ابن عبَّاس رضي الله عنهما عن النَّبيِّ صلَّى الله عليْه وسلَّم أنَّه قال: إذا ظهر الزِّنا والرِّبا في قريةٍ، فقد أحلُّوا بأنفُسِهم عذاب الله
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്യഭിചാരവും പലിശയും പ്രകടമായ സമൂഹത്തില്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും. (ഹാകിം)
ഇങ്ങനെ മിക്ക പാപങ്ങളുടെയും പൊതുവായ ദുൻയാവിൽതന്നെയുള്ള അനന്തര ഫലങ്ങൾ നബി ﷺ വിശദീകരിച്ചിട്ടുള്ളതായി കാണാം.
ഇബ്‌ലീസിനെ ഉന്നതങ്ങളിൽനിന്നും താഴേക്കെത്തിച്ചത് അനുസരണക്കേടായിരുന്നു അഥവാ പാപമായിരുന്നു. നൂഹ് നബി عليه السلام യുടെ ജനത, മഹാപാപങ്ങളായ പാപങ്ങൾ (ശിർക്കും നിഷേധവും) കാരണം കഠിന ശിക്ഷക്കർഹരായി. മുകളിൽനിന്നും പെയ്തിറങ്ങുകയും താഴ്ഭാഗത്തുനിന്നും പ്രവഹിക്കുകയും ചെയ്ത മഹാപ്രളയത്തിൽ അല്ലാഹു അവരെ മുക്കിക്കളഞ്ഞു. ആദ് ഗോത്രത്തെ അവരുടെ അനുസരണക്കേട് മൂലം കൊടുങ്കാറ്റിലൂടെ അല്ലാഹു ശിക്ഷിച്ചു. അത് നശിപ്പിച്ചത് മനുഷ്യരെ മാത്രമല്ല, അവരുടെ കൃഷിയിടങ്ങളെയും കാലികളെയും അവർക്കുണ്ടായിരുന്ന എല്ലാത്തിനെയും തകർത്തുകളഞ്ഞു. അല്ലാഹു അതിനെ ജനങ്ങൾക്ക് ഒരു പാഠമാക്കി. സമൂദ് ഗോത്രത്തിനെ ഒരു ഘോരശബ്ദത്തിലൂടെ പ്രകമ്പനം കൊള്ളിക്കുകയും അത് അവരുടെ ഹൃദയങ്ങളെ തകർക്കുകയും അവർ മരിച്ചുവീഴുകയും ചെയ്തു. ശുഐബ് നബി عليه السلام യുടെ ഗോത്രം ജനങ്ങളുമായുള്ള ഇടപാടുകളിൽ വഞ്ചനകാണിക്കുകയും സ്വന്തം അവകാശങ്ങൾ കൈപ്പറ്റുകയും എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. അവരുടെ ശിരസ്സുകൾക്കുമീതെ ഒരു മേഘം വന്ന് പൊതിയുകയും അഗ്‌നിമഴ അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്തു. സാധുക്കളെ ധാരാളമായി പീഡിപ്പിച്ച ഫിർഔനും കൂട്ടരും ജലത്തിൽ മുങ്ങിത്താണ് നശിച്ചു. അക്രമങ്ങൾ കാട്ടിക്കൂട്ടിയ ഖാറൂൻ ഭൂമിയിൽ ആണ്ടുപോയി. ബനൂ ഇസ്‌റാഈൽ പ്രവാചകന്മാരുടെ പാതയിൽനിന്നും മാറുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തപ്പോൾ അവരുടെ അടുത്തേക്ക് അല്ലാഹു മഹാഅക്രമികളായ ആളുകളെ അയച്ചു.
പാപങ്ങളിൽ നിന്നും നാം പിൻമാറാതെ അത് തുടർത്തുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ മുൻകാല ജനതതക്ക് ബാധിച്ചതുപോലെയുള്ള ശിക്ഷകൾ നമ്മളും ഏറ്റുവാങ്ങേണ്ടി വരും. ഈ കാലഘട്ടത്തിലും അക്രമം, കൊല, നാടുകടത്തൽ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കൃഷിനാശം, പകർച്ചവ്യാധി, മുതലായ നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാന കാരണം നമ്മുടെ പാപങ്ങൾ തന്നെയാണ്.
പാപങ്ങളുടെ പൊതുവായിട്ടുള്ള ശിക്ഷകളെ കുറിച്ചും അനന്തര ഫലങ്ങളെ കുറിച്ചും ഓർമ്മപ്പെടുത്തിയാൽപോലും പലരും അതിൽ നിന്നും വിട്ടുനിൽക്കുകയില്ല. അത്രമാത്രം അവരതിൽ അടിമപ്പെട്ടുപോയി. അവിടെയാണ് പാപത്തിന്റെ അനന്തരഫലമെന്ന നിലക്ക് വ്യക്തിപരമായി സംഭവിക്കുന്ന ചില നഷ്ടങ്ങളെ കുറിച്ചും ശിക്ഷകളെ കുറിച്ചും ഓർമ്മിപ്പിക്കുന്നതിന്റെ പ്രസക്തി.
സത്യവിശ്വാസികൾ പൊതുവേ പാപങ്ങളിൽ വിഹരിക്കുന്നവരല്ല. എന്നാൽ സത്യവിശ്വാസികളിൽ പലരും അവരുടെ ദൗർബല്യങ്ങൾക്കനുസരിച്ച് ചില പാപങ്ങളിൽ അകപ്പെടാറുണ്ട്. ദേഹേച്ഛകൾക്ക് അടിമപ്പെട്ടോ പിശാചിന്റെ പ്രേരണക്ക് വിധേയനായോ അത് സംഭവിക്കുന്നത്. അതിൽ നിന്നും അവർ പിൻമാറുന്നില്ലെങ്കിൽ ദുൻയാവിലും ആഖിറത്തിലും അതിന്റെ അനന്തര ഫലങ്ങളുണ്ടായിരിക്കും. പാപത്തിന്റെ അനന്തരഫലമെന്ന നിലക്ക് വ്യക്തിപരമായി സംഭവിക്കുന്ന ചില നഷ്ടങ്ങളെ കുറിച്ചും ശിക്ഷകളെ കുറിച്ചും ഓർമ്മിപ്പിക്കുന്നു. അതാകട്ടെ, പാപങ്ങളിൽ നിന്നും പിൻമാറാൻ ആളുകളെ പ്രചോദിപ്പിച്ചേക്കാം.
അല്ലാഹു, മനുഷ്യനെ സൃഷ്ടിച്ചു ശരിപ്പെടുത്തുക മാത്രമല്ല, അവന്റെ നന്മയും തിന്മയും അവനു വേര്‍തിരിച്ചു മനസ്സിലാക്കികൊടുക്കുകയും, നല്ലതും ചീത്തയും ചെയ്‌വാനുള്ള കഴിവു നല്‍കുകയും ചെയ്തിരിക്കുന്നു. അപ്രകാരം നൻമകൾ പ്രവർത്തിച്ച് ആത്മപരിശുദ്ധി വരുത്തിയവന്‍ ഭാഗ്യവാനും വിജയിയുമാണ്. പാപങ്ങൾ ചെയ്ത് ആത്മകളങ്കം ചെയ്തവന്‍ ദുര്‍ഭാഗ്യവാനും പരാജിതനുമാണ്.
وَنَفْسٍ وَمَا سَوَّىٰهَا ﴿٧﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ﴿٨﴾ قَدْ أَفْلَحَ مَن زَكَّىٰهَا ﴿٩﴾ وَقَدْ خَابَ مَن دَسَّىٰهَا ﴿١٠﴾
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുർആൻ:91/7-10)
وقوله: { قَدْ أَفْلَحَ مَنْ زَكَّاهَا } أي: طهر نفسه من الذنوب، ونقاها من العيوب، ورقاها بطاعة الله، وعلاها بالعلم النافع والعمل الصالح.
(തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു). പാപങ്ങളിൽ നിന്ന് മനസ്സിനെ ശുദ്ധമാക്കുകയും ന്യൂനതകളില്‍ നിന്ന് പരിഹരിക്കുകയും അല്ലാഹുവിന് കീഴ്‌പ്പെട്ടുകൊണ്ട് അതിനെ വളര്‍ത്തുകയും പ്രയോജനകരമായ വിജ്ഞാനത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും അതിനെ ഉന്നതമാക്കുകയും ചെയ്തവന്‍ വിജയം വരിച്ചു എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)
{ وَقَدْ خَابَ مَنْ دَسَّاهَا } أي: أخفى نفسه الكريمة، التي ليست حقيقة بقمعها وإخفائها، بالتدنس بالرذائل، والدنو من العيوب، والاقتراف للذنوب، وترك ما يكملها وينميها، واستعمال ما يشينها ويدسيها.
(അതിനെ മലിനപ്പെടുത്തിയന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു). അടിച്ചമര്‍ത്താനും മലിനമാക്കാനും പാടില്ലാത്ത പരിശുദ്ധമായ മനസ്സിനെ മോശമായ കാര്യങ്ങളെക്കൊണ്ടും കുറ്റങ്ങളും കുറവുകളും ചേര്‍ത്തും അതിനെ പരിപോഷിപ്പിക്കുകയും പുരോഗതിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചും മോശവും മലിനവുമായ കാര്യങ്ങള്‍ ചെയ്തും അതിനെ മലിനപ്പെടുത്തരുത് എന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)
പാപങ്ങള്‍ വര്‍ദ്ധിക്കും തോറും ഹൃദയം കറപിടിക്കുകയും, അങ്ങനെ അതിലേക്കു നല്ലതൊന്നും പ്രവേശിക്കാതാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വഹ്’യായ ഖുർആനിനെയോ സുന്നത്തിനേയോ സ്വീകരിക്കുവാനോ അതിനെ ഉൾക്കൊള്ളുവാനോ കഴിയുകയില്ല.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ സത്യനിഷേധികൾ പറയുന്നത് ‘അത് പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണ്’ എന്നാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ എടുത്ത് പറഞ്ഞശേഷം അതിനുള്ള ഒരു മറുപടി കൂടിയായിട്ട് അല്ലാഹു പറയുന്നു:
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. . (ഖു൪ആന്‍ :83/14)
ليس الأمر كما زعموا ولا كما قالوا إن هذا القرآن أساطير الأولين بل هو كلام الله ووحيه وتنزيله على رسوله صلى الله عليه وسلم وإنما حجب قلوبهم عن الإيمان به ما عليها من الرين الذي قد لبس قلوبهم من كثرة الذنوب والخطايا
ഈ ഖുർആൻ പൂർവ്വികരുടെ ഐതിഹ്യങ്ങളാണെന്നത് അവർ അവകാശപ്പെട്ടതുപോലെയോ അവർ പറഞ്ഞതുപോലെയോ അല്ല, മറിച്ച് അത് അല്ലാഹുവിന്റ വചനവും വഹ്’യുമാണ്. അത് അല്ലാഹു അവന്റെ റസൂൽ ﷺ ക്ക് അവതരിപ്പിച്ചതാണ്. പാപങ്ങളുടെയും തിൻമകളുടെയും ബാഹുല്യത്തിൽ നിന്ന് അവരുടെ ഹൃദയങ്ങളെ ക്ഷീണിപ്പിച്ച പാപം നിമിത്തം തന്നിൽ വിശ്വസിക്കുന്നതിൽ നിന്ന് അവൻ അവരുടെ ഹൃദയങ്ങളെ മൂടുക മാത്രമാണ് ചെയ്തത്. (ഇബ്നുകസീർ)
لَيْسَ الأَمْرُ كَمَا تَصَوَّرَ هَؤُلَاءِ المُكَذِّبُونَ، بَلْ غَلَبَ عَلَى عُقُولِهِمْ وَغَطَّاهَا مَا كَانُوا يَكْسِبُونَ مِنَ المَعَاصِي، فَلَمْ يُبْصِرُوا الحَقَّ بِقُلُوبِهِمْ.
(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ച ഇക്കൂട്ടർ ധരിച്ചു വെച്ചതു പോലെയല്ല കാര്യം! മറിച്ച്, അവർ ചെയ്തുകൂട്ടിയ തിന്മകൾ അവരുടെ ബുദ്ധിയെ കീഴടക്കുകയും, അതിന് മറയിടുകയും ചെയ്തിരിക്കുന്നു. അതിനാൽ തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അവർ സത്യം കാണുന്നില്ല. (തഫ്സീർ മുഖ്തസ്വർ)
بِخِلَافِ مَنْ رَانَ عَلَى قَلْبِهِ كَسْبُهُ، وَغَطَّتْهُ مَعَاصِيهِ، فَإِنَّهُ مَحْجُوبٌ عَنِ الْحَقِّ
എന്നാല്‍ താന്‍ സമ്പാദിച്ച തിന്മക്കറകളാല്‍ ഹൃദയത്തില്‍ കറപിടിച്ചവന്‍, തെറ്റുകളില്‍ മൂടിയവന്‍ സത്യത്തെ തൊട്ട് മറ വീണവനാണ്. (തഫ്സീറുസ്സഅദി)
وَفِي هَذِهِ الْآيَاتِ، التَّحْذِيرُ مِنَ الذُّنُوبِ، فَإِنَّهَا تَرَيْنُ عَلَى الْقَلْبِ وَتُغَطِّيهِ شَيْئًا فَشَيْئًا، حَتَّى يَنْطَمِسَ نُورُهُ، وَتَمُوتَ بَصِيرَتُهُ، فَتَنْقَلِبُ عَلَيْهِ الْحَقَائِقُ، فَيَرَى الْبَاطِلَ حَقًّا، وَالْحَقَّ بَاطِلًا وَهَذَا مِنْ أَعْظَمِ عُقُوبَاتِ الذُّنُوبِ.
തിന്മയെക്കുറിച്ചുള്ള താക്കീത് ഈ വചനത്തിലുണ്ട്. അത് ഹൃദയത്തെ മൂടുകയും അല്‍പാല്‍പമായി കറപിടിപ്പിക്കുകയും ചെയ്യും. അങ്ങനെ അവന്റെ ഹൃദയത്തിന്റെ വെളിച്ചം അണയും. ഉള്‍ക്കാഴ്ച മരിക്കും. യാഥാര്‍ഥ്യബോധം തലകീഴായി മറിയും. സത്യത്തെ അസത്യമായി കാണും. അസത്യത്തെ സത്യമായി കാണും. ഇത് പാപങ്ങള്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷയാണ്. (തഫ്സീറുസ്സഅദി)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ” إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ : ( كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ ) ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും ഒരു അടിമ ഒരു തെറ്റു പ്രവർത്തിക്കുമ്പോൾ അവന്റെ ഖൽബിൽ ഒരു കറുത്ത കുത്ത് കുത്തപ്പെടും, അവൻ അതിൽ നിന്ന് അവന്റെ നഫ്സിനെ നീക്കി തൗബയും ഇസ്തിഗ്ഫാറും ചെയ്താൽ അവന്റെ ഖൽബ് ശുദ്ധിയാക്കപ്പെടും. എന്നാൽ അവൻ അതിലേക്ക് (തെറ്റിലേക്ക്) മടങ്ങിയാൽ അവന്റെ ഹൃദയത്തെ മൂടുന്നത് വരെ അതു(കറുത്ത കുത്ത്) വർധിക്കും. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞ ” റാൻ ” {كَلَّاۖ بَلْۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ } അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ “കറ”(റാൻ) യുണ്ടാക്കിയിരിക്കുന്നു. (തിർമിദി:3334 – സ്വഹീഹ് അൽബാനി)
പാപങ്ങള്‍ ഹൃദയത്തിന് ഇരുട്ടാണ്. നന്‍മകള്‍ ഹൃദയത്തിന് വെളിച്ചമാണ്. അതിനാല്‍ പാപങ്ങളെ നാം സൂക്ഷിക്കുക. കാരണം, പാപത്തിന്‍റെ ഇരുള്‍ ഹൃദയത്തെ മൂടിയാല്‍, നന്‍മയുടെ വെളിച്ചം അതിലേക്കെത്തുക പ്രയാസമാണ്.
ഇന്ന് ഇസ്ലാമികമായ വിജ്ഞാനങ്ങൾക്ക് യാതൊരു കുറവുമില്ല. നിരന്തരം ദർസുകൾ, പ്രഭാഷണങ്ങൾ. സോഷ്യൽ മീഡിയകൾ തന്നെ വിജ്ഞാനങ്ങൾ കൊണ്ട് വിരുന്നൊരുക്കിയിരിക്കുന്നു. പക്ഷേ, ഇതെല്ലാം കേൾക്കുന്നവരിൽ ഭൂരിഭാഗം ആളുകളിലും ഇസ്ലാമികമായ സംസ്കരണം നടക്കുന്നില്ല. അതിന്റെ ഒരു പ്രധാന കാരണം ആളുകൾ, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നില്ല എന്നതുതന്നെയാണ്. ഇതുമാത്രമല്ല, ഇന്ന് നാം നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം നമ്മുടെ പാപങ്ങൾതന്നെയാണ്.
وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ
നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ
അല്ലാഹുവേ, ദു:ഖം, വിഷാദം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകള്‍ക്ക് വിധേയമാകല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നിലഭയം തേടുന്നു. (ബുഖാരി: 6369)
പാപങ്ങളുടെ അനന്തരഫലങ്ങൾ ഒരുമിച്ചു കൂട്ടിയ ഹദീസ് എന്ന് പണ്ഢിതൻമാർ ഈ ഹദീസിനെ വിശദീകരിച്ചിട്ടുള്ളതായി കാണാം. അതായത്, പാപത്തിന്റെ അനന്തരഫലങ്ങളിൽപെട്ടതാണ് ഹദീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ.
ദുൻയാവിലെ എല്ലാ നൻമകളെയും എടുത്തുകളയാൻ മാത്രം പര്യാപ്തമായതാണ് പാപങ്ങൾ. സലഫുകൾ ഇപ്രകാരം പറയുമായിരുന്നു:
إنَّ العبد ليُحرم الرِّزق بالذنب يصيبه
ഒരു അടിമ ചെയ്യുന്ന പാപം മൂലം (അവന്റെ) ഉപജീവനം തടയപ്പെടുന്നു.
രിസ്ഖ് (ഉപജീവനം) എന്ന് പറയുമ്പോൾ ഭക്ഷണം മാതമല്ല ഉദ്ദേശ്യം, മനുഷ്യന് ആവശ്യമുള്ളതെല്ലാം അതിൽ ഉൾപ്പെടും. സമ്പത്ത്, ആരോഗ്യം, ഇണകൾ, മക്കൾ, വീട്, വാഹനം എല്ലാം അതിൽ ഉൾപ്പെടും. ദീൻ, അറിവ്, ഹിദായത്ത് എന്നിവ മനുഷ്യന് ആവശ്യമുള്ളതാണെന്ന കാര്യം പ്രത്യേക പറയേണ്ടതില്ലല്ലോ. അതെ ! പാപങ്ങൾ രിസ്ഖ് തടയപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്. രിസ്ഖ് എന്നു പറയുന്നതിൽ ഹൃദയങ്ങളുടെ രിസ്ഖായ സന്മാർഗവും ജീവിതവിശുദ്ധിയും ഉൾപെടും. ഇത് വളരെ അപകടം പിടിച്ച കാര്യമാണ്.
قال ابن الجوزي رحمه الله : واعلم أنّ المعاصي تسد أبواب الرزق، وأنّ مَن ضيّع أمرَ اللهِ ضيعه الله .
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു:പാപങ്ങൾ ഉപജീവനത്തിന്റെ വാതിലുകൾ അടക്കുമെന്നും, അല്ലാഹുവിൻ്റെ കൽപ്പന അവഗണിക്കുന്നവനെ അല്ലാഹുവും അവഗണിക്കുമെന്നും നീ അറിയുക. صيد الخاطر【٤٥٠】
പാപങ്ങള്‍ നേർമ്മാർഗ്ഗത്തിൽ നിന്ന് ഖൽബിനെ തെറ്റിച്ചു കളയാൻ കാരണമായി മാറിയേക്കാം. അവർക്ക് സത്യം മനസ്സിലാക്കാൻ കഴിയുന്നതല്ല.
فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَٰسِقُونَ
ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖുർആൻ:5/49)
قال شيخ الإسلام ابن تيمية- رحمه الله – : ﻛﻤﺎ ﺃﻥ اﻹﻧﺴﺎﻥ ﻳﻐﻤﺾ ﻋﻴﻨﻴﻪ ﻓﻼ ﻳﺮﻯ ﺷﻴﺌﺎ ﻭﺇﻥ ﻟﻢ ﻳﻜﻦ ﺃﻋﻤﻰ. ﻓﻜﺬﻟﻚ اﻟﻘﻠﺐ ﺑﻤﺎ ﻳﻐﺸﺎﻩ ﻣﻦ ﺭﻳﻦ اﻟﺬﻧﻮﺏ، ﻻ ﻳﺒﺼﺮ اﻟﺤﻖ.
ഇബ്നു തൈമിയ്യرحمه الله പറഞ്ഞു : അന്ധനല്ലെങ്കിലും ഒരാൾ തന്റെ മിഴികൾ അടച്ചാൽ ഒന്നും കാണാൻ കഴിയില്ല. എന്നതുപോലെ ;ഹൃദയത്തിൽ പാപക്കറകൾ ആവരണം ചെയ്താൽ സത്യം കണ്ടറിയാൻ കഴിയുന്നതല്ല. (മജ്മൂഉൽ ഫതാവാ :7/32)
പാപങ്ങൾ കാരണമായി സന്മാർഗവും ജീവിതവിശുദ്ധിയും നഷ്ടമാകും. പാപങ്ങളുടെ ഫലമായി ഇൽമ് മറന്നുപോകുന്ന അവസ്ഥയുണ്ടാകും.
قال ابن القيم رحمه الله : فلا تجد أقل بركة في عمره ، ودينه ، ودنياه ؛ ممن عصى الله ، وما مُحِقت البركة من الأرض ؛ إلا بمعاصي الخلق
ഇബ്നുല്‍ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവനേക്കാള്‍, തന്‍റെ ദുനിയാവിലും, ദീനിലും, ആയുസിലും, ഏറ്റവും ബര്‍ക്കത്ത് കുറഞ്ഞവനെ നീ കണ്ടെത്തുകയില്ല. സൃഷ്ടിയുടെ പാപങ്ങള്‍ക്കൊണ്ടല്ലാതെ ഭൂമിയില്‍നിന്ന് ബര്‍ക്കത്ത് നീക്കപ്പെട്ടിട്ടില്ല. [الداء والدواء (١٢٤)]
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:തീർച്ചയായും പാപങ്ങൾ അനുഗ്രഹങ്ങളുടെ തീയാണ്, തീ വിറകിനെ തിന്നുന്നതു പോലെ പാപങ്ങൾ അനുഗ്രഹങ്ങളെ തിന്നും (ഇല്ലാതാക്കും) [طريق الهجرتين ٢٧١]
പാപങ്ങൾ നിമിത്തം സൽകർമ്മങ്ങൾവരെ തടയപ്പെട്ടേക്കാം. സലഫുകൾ അപ്രകാരം മനസ്സിലാക്കിയിട്ടുണ്ട്:
قال أبو داود -رحمه الله-: دخلت على كرز الحارثي فوجدته يبكي ! فقلت ما يبكيك؟ قال: لم أقرأ البارحة حزبي من القرآن ، وما أظنه إلاّ بذنب فعلته .
അബൂ ദാവൂദ് رحمه الله പറയുന്നു: കുറുസുൽ ഹാരിസിയുടെ അടുക്കലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ അദ്ദേഹം കരയുന്നതായി ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് (കാര്യമാണ്) താങ്കളെ കരയിച്ചത്. അദ്ദേഹം പറഞ്ഞു: ഇന്നലെ ഞാൻ ഖുർആനിൽ നിന്ന് എനിക്കുള്ള ഭാഗം ഓതിയില്ല. ഇത് ഞാൻ ചെയ്ത പാപം കാരണമാണെന്നല്ലാതെ മറ്റൊന്നും ഞാൻകരുതുന്നില്ല. [حلية الأولياء (٧٩/٥)]
പാപങ്ങൾ നിമിത്തം ഇബാദത്തുകളുടെ മാധുര്യം നഷ്ടപ്പെടും.
യഹ്‌യ ബിന്‍ മുആദ് رحمه الله പറഞ്ഞു: രോഗത്തിന്‍റെ സന്ദര്‍ഭത്തില്‍,ശരീരം ഭക്ഷണത്തിന്‍റെ രുചി കണ്ടെത്തുകയില്ല.അപ്രകാരം തന്നെ,പാപങ്ങളുള്ളതോടൊപ്പം, ഹൃദയം ഇബാദത്തിന്‍റെ മാധുര്യം കണ്ടെത്തുകയില്ല. (ذم الهوي 1/68)
മനുഷ്യരുടെ മനസ്സുകളുടെ രോഗങ്ങളുടെ കാരണവും അവരുടെ പാപങ്ങളാണ്.
قال ابن الجوزي رحمه الله : إذا غرق القلبُ في المُباح أظلم، فكيف بالحرام
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: അനുവദനീയമായ കാര്യങ്ങളിൽ ഹൃദയം മുഴുകിപ്പോയാൽ തന്നെ ഇരുട്ടിലാവും. അങ്ങനെയെങ്കിൽ ഹറാമുകളിൽ മുങ്ങിപ്പോയാലുള്ള അവസ്ഥ എന്തായിരിക്കും? (അൽ മുദ്ഹിശ്: 1/127)
قال ابن القيم : اعلم أصلح الله قلبك بأن القلوب تمرض بالمعاصي والشهوات وتأثير الذنوب في القلوب كتأثير الأمراض في الأبدان”
ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: നീ അറിയുക,അല്ലാഹു നിന്‍റെ ഹൃദയത്തെ നന്നാക്കട്ടെ.തീര്‍ച്ചയായും മോഹങ്ങളെക്കൊണ്ടും, തെറ്റുകളെക്കൊണ്ടും ഹൃദയങ്ങള്‍ രോഗിയാകും. ഹൃദയങ്ങളില്‍ പാപങ്ങളുടെ സ്വധീനംചെലുത്തല്‍ ശരീരങ്ങളില്‍ രോഗങ്ങളുടെ സ്വധീനംചെലുത്തല്‍ പോലെയാകുന്നു. الجواب الكافي(١٢١)
قال العلامة ابن عثيمين رحمة الله: ولذلك يجب أن يُعلم أن من أشد عقوبات الذنوب أن يعاقب الإنسان بمرض القلب والعياذ بالله، فالإنسان إذا عوقب بهلاك حبيب أو فقد محبوب من المال، فهذه عقوبة لا شك، لكن إذا عوقب بانسلاخ القلب فهذه العقوبة أشد ما يكون
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: മനുഷ്യന്റെ ഹൃദയത്തിന് രോഗം ബാധിക്കുന്നതാണ് പാപങ്ങളുടെ ഏറ്റവും ഗുരുതരമായ പര്യാവസാനമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അല്ലാഹുവിൽ അഭയം. മനുഷ്യൻ പ്രിയപ്പെട്ടവരുടെ മരണത്തിലൂടെയോ, പ്രിയങ്കരമായ സമ്പാദ്യം നഷ്ടപ്പെടുന്നതിലൂടെയോ ശിക്ഷിക്കപ്പെട്ടാൽ അതും ഒരു ശിക്ഷയാണെന്നതിൽ സംശയമില്ല. എന്നാൽ, ഹൃദയം (നന്മകളിൽ നിന്ന്) ഊരിയെടുക്കപ്പെടുകയെന്നതാണ് അതിനേക്കാൾ വമ്പിച്ച ശിക്ഷ… [(തഫ്സീറുൽ ഖുർആനിൽ കരീം സൂറതുൽ കഹ്ഫ്: പേജ് /103)]
قال ابنُ القَيِّمِ رحمه الله : قَالَ بَعضُ المُتَقَدِّمِينَ مِنْ أَئِمَّةِ الطِّبِّ :مَنْ أرَادَ عَافِيَةَ الجِسْمِ فَلْيُقْلِلِ الطَّعَامَ والشَّرابَ وَمَنْ أرَادَ عَافِيَةَ القَلْبِ فلْيَتْرُكِ الآثَامَ
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: വൈദ്യശാസ്ത്രത്തിലെ ചില മുൻഗാമികളായ ഇമാമുമാർ പറഞ്ഞു: “ആരെങ്കിലും ശരീരത്തിന്റെ ആരോഗ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ ഭക്ഷണവും,പാനീയവും കുറക്കട്ടെ. വല്ലവനും ഹൃദയത്തിന്റെ സൗഖ്യം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തിൻമകൾ ഒഴിവാക്കട്ടെ. (സാദുൽ മആദ്:4/203)
قال شيخ الإسلام رحمه الله: وإذا كان في المسلمين ضعفاً وكان عدوهم مستظهراً عليهم ، كان ذلك بسبب ذنوبهم وخطاياهم.
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: മുസ്‌ലിമീങ്ങളില്‍ ബലഹീനത ഉണ്ടായിക്കഴിഞ്ഞാല്‍,അവരുടെ ശത്രുക്കള്‍ അവരെ കീഴടക്കുന്നവരാകും.അവരുടെ തെറ്റിന്‍റേയും, പാപത്തിന്‍റേയും കാരണം കൊണ്ടാണ് അങ്ങനെയായത്. (മജ്മൂഉൽ ഫതാവാ:11/645)