വിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ يَا أَيُّهَا الَّذِينَ آمَنُوا (സത്യവിശ്വാസികളേ) എന്ന് അഭിസംബാധന ചെയ്ത് സത്യവിശ്വാസികളോട് സംസാരിക്കുന്നതു കാണാം. പ്രത്യേകമായി കൊണ്ടുള്ള ഈ വിളിയിൽ സത്യവിശ്വാസികൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ വിളിയിലൂടെ അല്ലാഹു കൽപ്പിക്കുകയോ വിരോധിക്കുകയോ ചെയ്യുന്ന കാര്യം സഗൗരവം സ്വീകരിക്കേണ്ടതുണ്ട്.
قال ابن مسعود رضي الله عنه : إذا سمعت الله يقول: ﴿يَا أَيُّهَا الَّذِينَ آمَنُوا﴾ فارعها سمعك؛ فإنه خير يأمر به؛ أو شر ينهى عنه
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: (ഖുർആനിൽ) ‘സത്യവിശ്വാസികളേ’ എന്ന അല്ലാഹുവിന്റെ വിളി കേട്ടാൽ നിങ്ങൾ അതിന് ചെവി കൊടുക്കുക. അത് നിങ്ങൾക്ക് ഖൈറാണ്. അത് ഒരു കല്പനയായിരിക്കാം അല്ലെങ്കിൽ ഒരു വിരോധമായിരിക്കാം.
അത്തരം ചില വചനങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം. (ഖുർആൻ:5/35)
ഈ ആയത്തിൽ ഒന്നാമതായ പറഞ്ഞിട്ടുള്ളത് അല്ലാഹുവിനെ സൂക്ഷിച്ച് തഖ്‌വയോടെ ജീവിക്കണം എന്നാണ്. അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുഷ്ഠിക്കുകയും, അവന്‍റെ നിരോധങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നത് മുഖേനയത്രെ അവനെ സൂക്ഷിക്കല്‍ (തഖ്‌വ) ഉണ്ടാകുന്നത്. അല്ലാഹുവിലേക്കുള്ള സമീപനമാര്‍ഗം തേടുക (وَابْتَغُوا إِلَيْهِ الْوَسِيلَةَ) എന്നതിനെപ്പറ്റിയാണ് തുടർന്ന് പറയുന്നത്. وسلية (വസീലത്ത്) എന്ന വാക്കിന് ഉദ്ദേശിക്കപ്പെട്ട കാര്യത്തിലേക്ക്ചെന്നു ചേരുവാനുള്ള – സമീപിക്കുവാനുള്ള – മാര്‍ഗം (ما يتوصل اى يتقرب به الى المقصود) എന്നാണര്‍ത്ഥം. അല്ലാഹുവിന് വഴിപ്പെട്ടും സല്‍കര്‍മങ്ങള്‍ ചെയ്തും കൊണ്ട് അവന്റെ സാമീപ്യവും പ്രീതിയും നേടുവാന്‍ ശ്രമിക്കുക എന്ന് ചുരുക്കം.
{ وَابْتَغُوا إِلَيْهِ الْوَسِيلَةَ } أي: القرب منه، والحظوة لديه، والحب له، وذلك بأداء فرائضه القلبية، كالحب له وفيه، والخوف والرجاء، والإنابة والتوكل. والبدنية: كالزكاة والحج. والمركبة من ذلك كالصلاة ونحوها، من أنواع القراءة والذكر، ومن أنواع الإحسان إلى الخلق بالمال والعلم والجاه، والبدن، والنصح لعباد الله، فكل هذه الأعمال تقرب إلى الله.
{അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുക} അതായത്: അല്ലാഹുവിനോട് അടുക്കാന്‍, അവന്‍റെ മുന്നില്‍ വിനയം കാണിക്കാന്‍, അവനെ സ്നേഹിക്കാന്‍ ശ്രമിക്കുക. അല്ലാഹുവിനെ ഇഷ്ടപ്പെടുക, അല്ലാഹുവിനു വേണ്ടി ഇഷ്ടപ്പെടുക, ഭയം, പ്രതീക്ഷ, കീഴൊതുക്കം, തവക്കുല്‍ തുടങ്ങിയ മാനസികമായ ബാധ്യതകള്‍ നിര്‍വഹിക്കുക, സകാത്ത്, ഹജ്ജ്, നമസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, ഉപകാരങ്ങള്‍ നല്‍കല്‍, നന്മയുപദേശിക്കല്‍, വിജ്ഞാനം പകരല്‍ തുടങ്ങിയ ശാരീരിക ബാധ്യതകള്‍ അനുഷ്ഠിക്കുക. ഇവ്വിധമാകണം അല്ലാഹുവിലേക്ക് സാമീപ്യം തേടേണ്ടത്. (തഫ്സീറുസ്സഅ്ദി)
قال قتادة : أي تقربوا إليه بطاعته والعمل بما يرضيه . وقرأ ابن زيد : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) [ الإسراء : 57 ] وهذا الذي قاله هؤلاء الأئمة لا خلاف بين المفسرين فيه
ഖതാദ(റഹി) പറയുന്നു: {അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുക} എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്: നിങ്ങള്‍ (വിധിവിലക്കുകള്‍) അനുസരിച്ചു കൊണ്ടും അവനെ തൃപ്തിപ്പെടുത്താവുന്ന കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്നാണ് ……… പണ്ഡിതന്മാരെല്ലാം ഇതേ അഭിപ്രായം പറഞ്ഞവരാണ്. മുഫസ്സിറുകളിലാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. (ഇബ്‌നു കഥീര്‍)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. (ഖുർആൻ:8/24)
നിങ്ങളെ ജീവിപ്പിക്കുന്ന അഥവാ നിങ്ങള്‍ക്ക് ജീവസ്സും ആത്മീയ ചൈതന്യവും നല്‍കുന്ന കാര്യത്തിലേക്കു നിങ്ങളെ റസൂല്‍ ക്ഷണിക്കുമ്പോള്‍, ആ കാര്യം അനുഷ്ഠാനത്തില്‍ വരുത്തിക്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ക്ഷണം സ്വീകരിക്കണം എന്നാണ് വചനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നബി ﷺ യുടെ ക്ഷണമുണ്ടാകുന്നതിനാൽ ആ ക്ഷണം സ്വീകരിക്കല്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കലായിത്തീരുന്നു.
فإن حياة القلب والروح بعبودية اللّه تعالى ولزوم طاعته وطاعة رسوله على الدوام
ഖൽബിനും (ഹൃദയത്തിനും) റൂഹിനും (ആത്മാവിനും) ജീവൻ ലഭിക്കുക അല്ലാഹുവിനോടുള്ള അടിമത്തത്തിലൂടെയും (ദാസ്യഭാവത്തിലൂടെയും) അല്ലാഹുവിനെയും അവന്റെ റസൂലിനെയും സർവകാര്യങ്ങളിലും അനുസരിച്ചുകൊണ്ടും മാത്രമാണ്. (തഫ്സീറുസ്സഅ്ദി)
മനുഷ്യനും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണെന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ് കൊള്ളണമെന്നാണ് തുടർന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. മനുഷ്യഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുള്ളത്. മനുഷ്യ മനസ്സിന് സ്ഥിരതയില്ല. പരസ്പര വിരുദ്ധങ്ങളായ മാറ്റങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും അതു വിധേയമാകും. അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക, അല്ലാഹു എന്തൊന്ന് കൽപ്പിച്ചുവോ അത് സ്വീകരിക്കുന്ന തരത്തിലേക്ക് മനസ്സിനെ പാകപ്പെടുത്തുക.
فإياكم أن تردوا أمر اللّه أول ما يأتيكم، فيحال بينكم وبينه إذا أردتموه بعد ذلك، وتختلف قلوبكم، فإن اللّه يحول بين المرء وقلبه، يقلب القلوب حيث شاء
അല്ലാഹുവിന്റെ ഒരു കൽപന ആദ്യമായി നിങ്ങൾ കേൾക്കുന്ന അവസരത്തിൽ അത് തള്ളിക്കളയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. അങ്ങനെ നിങ്ങൾ തള്ളിക്കളഞ്ഞാൽ പിന്നീട് ആ കൽപന അനുസരിക്കാൻ നിങ്ങൾ ഉദ്ദേശിച്ചാൽ പോലും നിങ്ങൾക്ക് അതിനു സാധിക്കാത്തവിധം നിങ്ങൾക്കും പ്രവർത്തിക്കുമിടയിൽ മറയിടപ്പെട്ടേക്കും. അങ്ങനെ നിങ്ങളുടെ മനസ്സുകൾക്ക് മാറ്റംവരും. അല്ലാഹു മനുഷ്യന്നും അവന്റെ മനസ്സിനുമിടയിൽ മറയിടും. അവൻ മനസ്സുകളെ അവനുദ്ദേശിക്കുന്ന രൂപത്തിൽ മാറ്റിമറിക്കുന്നു. (തഫ്സീറുസ്സഅ്ദി)
നിങ്ങള്‍ അല്ലാഹുവിങ്കലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നതാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നും അല്ലാഹു ഓർമ്മിപ്പിക്കുന്നു. എല്ലായ്പ്പോഴും നിങ്ങള്‍ക്ക് ഈ ബോധം ഉണ്ടായിരിക്കണമെന്ന് താല്‍പര്യം. അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും, അവന്റെ മുമ്പില്‍ എല്ലാ ചെയ്തികള്‍ക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധം ആര്‍ക്കുണ്ടോ അവരുടെ വിചാരവികാരങ്ങളും വിശ്വാസാചാരങ്ങളുമെല്ലാം നന്നായിരിക്കണമെന്ന് അവര്‍ക്കു തീര്‍ച്ചയായും നിഷ്കര്‍ഷയുണ്ടായിരിക്കും. ആ ബോധമുള്ളവര്‍ അല്ലാഹുവിന്റെയും റസൂലിന്റെയും നിയമ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യും.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്. (ഖു൪ആന്‍:5/105)
നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സ്വന്തം കാര്യങ്ങള്‍ -രക്ഷാമാര്‍ഗം- ശ്രദ്ധിക്കണം; മറ്റുള്ളവര്‍ വഴി പിഴച്ചുപോയതുകൊണ്ട്നിങ്ങള്‍ക്ക് ദോഷമൊന്നും വരാനില്ല; നിങ്ങള്‍ നേരായ മാര്‍ഗത്തിലാണോ അല്ലേ എന്നതാണ് നിങ്ങള്‍ ഗൗനിക്കേണ്ടത്; എല്ലാവരും അവനവന്റെ കര്‍മഫലം തന്നെ അനുഭവിക്കേണ്ടിവരും; മറ്റൊരാളുടെ പിഴവുകൊണ്ട്നിങ്ങള്‍ക്ക് ഒഴിവുകഴിവ് ലഭിക്കാന്‍ പോകുന്നില്ല; നിങ്ങളെല്ലാവരും തന്നെ അല്ലാഹുവിങ്കലേക്കാണ് അവസാനം മടങ്ങി എത്തുക; അപ്പോള്‍ ഓരോരുത്തരുടെയും ചെയ്തികളെക്കുറിച്ചു -അവ ശരിയോ തെറ്റോ എന്നും മറ്റും- അവന്‍ നിങ്ങളെ ശരിക്കും ബോധ്യപ്പെടുത്തി വേണ്ട നടപടികള്‍ എടുത്തുകൊള്ളും എന്നൊക്കെയാണ് ഈ വചനത്തിന്റെ സാരം. മറ്റുള്ളവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുക, നല്ല കാര്യങ്ങള്‍കൊണ്ട് ഉപദേശിക്കുക, ചീത്ത കാര്യങ്ങളെക്കുറിച്ചു വിരോധിക്കുക, അനാചാര ദുരാചാരങ്ങളെ നീക്കം ചെയ്‌വാന്‍ ശ്രമിക്കുക എന്നിവയൊന്നും ആവശ്യമില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ താല്‍പര്യം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/105 ന്റെ വിശദീകരണം)
قال سعيد بن المسيب : إذا أمرت بالمعروف ونهيت عن المنكر ، فلا يضرك من ضل إذا اهتديت .
സഈദ് ബ്നുൽ മുസയ്യിബ് رحمه الله പറഞ്ഞു : അഥവാ നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മയെ എതിർക്കുകയും ചെയ്‌താൽ പിന്നെ വഴിപിഴച്ചു പോയവർ കാരണം നിങ്ങൾക്ക് പ്രശ്നമുണ്ടാവില്ല. (തഫ്സീർ ഇബ്നുകസീർ)
നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ആവശ്യമില്ലെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കിയവരോട് അബൂബക്ര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.
عَنْ قَيْسٍ، قَالَ قَامَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ يَا أَيُّهَا النَّاسُ إِنَّكُمْ تَقْرَءُونَ هَذِهِ الْآيَةَ {يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لَا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ} وَإِنَّا سَمِعْنَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُنْكِرُوهُ أَوْشَكَ أَنْ يَعُمَّهُمْ اللَّهُ بِعِقَابِهِ.
ക്വൈസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:അബൂബക്ര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ (ഒരിക്കൽ) എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിച്ചു, ശേഷം പറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ {സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. …… } എന്നുള്ള (ഈ) വചനം ഓതുന്നു. അതിനെ അതിന്‍റെ സ്ഥാനത്തല്ലാതെ നിങ്ങള്‍ വെക്കുകയും ചെയ്യുന്നു. നബി ﷺ ഇങ്ങിനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘ഒരു നിരോധിക്കപ്പെട്ട കാര്യം കിട്ട് ജനങ്ങള്‍ അതിന് മാറ്റം വരുത്താതിരിക്കുന്ന പക്ഷം, അല്ലാഹു അവരില്‍ പൊതുവായ വല്ല ശിക്ഷയും ഏര്‍പ്പെടുത്തുവാന്‍ ഇടയാകുന്നതാണ്’. (മുസ്നദ് അഹ്മദ്)
عَنْ أَبِي أُمَيَّةَ الشَّعْبَانِيِّ، قَالَ أَتَيْتُ أَبَا ثَعْلَبَةَ الْخُشَنِيَّ فَقُلْتُ لَهُ كَيْفَ تَصْنَعُ فِي هَذِهِ الآيَةِ قَالَ أَيَّةُ آيَةٍ قُلْتُ قَوْلُهُ : ( يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لاَ يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ ) قَالَ أَمَا وَاللَّهِ لَقَدْ سَأَلْتَ عَنْهَا خَبِيرًا سَأَلْتُ عَنْهَا رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ” بَلِ ائْتَمِرُوا بِالْمَعْرُوفِ وَتَنَاهَوْا عَنِ الْمُنْكَرِ حَتَّى إِذَا رَأَيْتَ شُحًّا مُطَاعًا وَهَوًى مُتَّبَعًا وَدُنْيَا مُؤْثَرَةً وَإِعْجَابَ كُلِّ ذِي رَأْىٍ بِرَأْيِهِ فَعَلَيْكَ بِخَاصَّةِ نَفْسِكَ وَدَعِ الْعَوَامَّ فَإِنَّ مِنْ وَرَائِكُمْ أَيَّامًا الصَّبْرُ فِيهِنَّ مِثْلُ الْقَبْضِ عَلَى الْجَمْرِ لِلْعَامِلِ فِيهِنَّ مِثْلُ أَجْرِ خَمْسِينَ رَجُلاً يَعْمَلُونَ مِثْلَ عَمَلِكُمْ ” . قَالَ عَبْدُ اللَّهِ بْنُ الْمُبَارَكِ وَزَادَنِي غَيْرُ عُتْبَةَ قِيلَ يَا رَسُولَ اللَّهِ أَجْرُ خَمْسِينَ رَجُلاً مِنَّا أَوْ مِنْهُمْ قَالَ ” لاَ بَلْ أَجْرُ خَمْسِينَ مِنْكُمْ ” .
അബൂഉമയ്യത്ത ശ്ശഅ്ബാനിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അബൂഥഅ്‌ലബത്തല്‍ ഖുശനീ رَضِيَ اللَّهُ عَنْهُ വിനോട് {സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. …… } എന്ന വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: ‘സൂക്ഷ്മമായി അറിയുന്ന ഒരാളോട് – അതായത്, നബി ﷺ യോട് – ഞാന്‍ അതിനെപ്പറ്റി ചോദിച്ചിരിക്കുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്നാല്‍, നിങ്ങള്‍ സദാചാരത്തെക്കുറിച്ചു ഉപദേശിക്കണം; ദുരാചാരത്തെക്കുറിച്ചു നിരോധിക്കുകയും ചെയ്യണം. അങ്ങനെ, ലുബ്ധതക്ക് വഴിപ്പെടുന്നതായും, തന്നിഷ്ടം പിന്‍പറ്റപ്പെടുന്നതായും, ഐഹിക കാര്യത്തിന് പ്രാധാന്യം നല്‍കപ്പെടുന്നതായും, ഓരോരുത്തരും അവരവരുടെ അഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതായും നീ കണ്ടാല്‍, അപ്പോള്‍ നീ നിന്‍റെ സ്വന്തം കാര്യം നോക്കുക. പൊതുജനങ്ങളുടെ കാര്യം നീ വിട്ടേക്കുകയും ചെയ്യുക. നിങ്ങളുടെ പിന്നാലെ ചില നാളുകള്‍ വരാനിരിക്കുന്നു; അന്ന് ക്ഷമ കൈക്കൊള്ളുന്നവന്‍ തീക്കനലിന്‍മേല്‍ പിടിച്ചവനെപ്പോലെയായിരിക്കും. അന്ന് (സല്‍ക്കര്‍മം) പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രവൃത്തിപോലെ പ്രവര്‍ത്തിക്കുന്ന അമ്പതുപേരുടെ അത്ര പ്രതിഫലമുണ്ടായിരിക്കുന്നതാണ്.’ (തിർമിദി:3058)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (ഖുർആൻ:9/119)
{وَكُونُوا مَعَ الصَّادِقِينَ} في أقوالهم وأفعالهم وأحوالهم، الذين أقوالهم صدق، وأعمالهم، وأحوالهم لا تكون إلا صدقا خلية من الكسل والفتور، سالمة من المقاصد السيئة، مشتملة على الإخلاص والنية الصالحة، فإن الصدق يهدي إلى البر، وإن البر يهدي إلى الجنة.
സത്യസന്ധത അവരുടെ വാക്കുകളിലും പ്രവൃത്തികളിലും അവസ്ഥകളിലുമാണ്. അവര്‍ അവരുടെ വാക്കുകളെ സത്യമാക്കുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങളും അവസ്ഥകളും സത്യസന്ധതയോടെയായിരിക്കും. അത് അലസതയില്‍നിന്നും അശ്രദ്ധയില്‍നിന്നും ഒഴിവായതാണ്. ചീത്ത ലക്ഷ്യങ്ങളില്‍നിന്ന് ഒഴിവായതാണ്. സദുദ്ദേശവും നിഷ്‌കളങ്കതയും ഉള്‍ക്കൊണ്ടതാണ്. തീര്‍ച്ചയായും സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു. തീര്‍ച്ചയായും പുണ്യം സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. (തഫ്‌സീര്‍ സഅദി)
اصدقوا والزموا الصدق تكونوا مع أهله وتنجوا من المهالك ويجعل لكم فرجا من أموركم ، ومخرجا
നിങ്ങള്‍ സത്യസന്ധരാവുക. നിങ്ങള്‍ സത്യത്തിന്റെ കൂടെ നിലകൊണ്ട് അതിന്റെ ആളുകളായിത്തീരുക. എന്നാല്‍ നിങ്ങള്‍ നാശത്തില്‍ നിന്ന് രക്ഷപ്പെടുകയും നിങ്ങളുടെ കാര്യങ്ങള്‍ക്ക് ഒരു എളുപ്പവും വഴിയും ലഭിക്കുകയും ചെയ്യും. (ഇബ്‌നു കസീര്‍)
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَإِنَّ الرَّجُلَ لَيَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا وَعَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ وَإِنَّ الرَّجُلَ لَيَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا ” .
അഅബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. കാരണം കളവ് നീചവൃത്തികളിലേക്ക് വഴിതെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി കളവുപറയും; അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുംകള്ളന്‍ എന്ന് എഴുതപ്പെടും. നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുക. കാരണം സത്യസന്ധത പുണ്യത്തിലേക്ക് വഴിതെളിയിക്കും. പുണ്യമാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി സത്യം പറയുകയും സത്യസന്ധത പുലര്‍ത്തുവാന്‍ സൂക്ഷ്മത കാണിക്കുകയും ചെയ്യും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ സത്യസന്ധന്‍ എന്ന് എഴുതപ്പെടും” (അബൂദാവൂദ്:4989 – സ്വഹീഹ് അൽബാനി)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.(ഖു൪ആന്‍:3/102)
ഈ ആയത്തിൽ ഒന്നാമതായ പറഞ്ഞിട്ടുള്ളത് അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കണം (തഖ്‌വ) എന്നാണ്. അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുഷ്ഠിക്കുകയും, അവന്‍റെ നിരോധങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നത് മുഖേനയത്രെ അവനെ സൂക്ഷിക്കല്‍ (തഖ്‌വ) ഉണ്ടാകുന്നത്.
ശേഷം പറയുന്നതാകട്ടെ, നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് എന്നാകുന്നു. മുസ്‌ലിമാകുകയെന്നാല്‍ ജാതി മുസ്‌ലിമാകുകയെന്നല്ല. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ചുകൊണ്ട് അവന് പൂര്‍ണമായും കീഴൊതുങ്ങുക എന്നത്രെ വിവക്ഷ. മുസ്‌ലിമായിക്കൊണ്ടല്ലാതെ മരണപ്പെടരുത്. ദീര്‍ഘകാലം മുസ്‌ലിമായി ജീവിച്ചശേഷം അവസാന നിമിഷത്തില്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടാല്‍ ആ ഇസ്‌ലാംകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ. മുസ്ലിമായി മരിക്കണമെങ്കിൽ മുസ്ലിമായി ജീവിക്കണം.
حافظوا على الإسلام في حال صحتكم وسلامتكم لتموتوا عليه ، فإن الكريم قد أجرى عادته بكرمه أنه من عاش على شيء مات عليه ، ومن مات على شيء بعث عليه ، فعياذا بالله من خلاف ذلك .
നിങ്ങളുടെ സമാധാനത്തിന്റെ അവസ്ഥയിലും, ആരോഗ്യമുള്ള സന്ദർഭത്തിലും നിങ്ങൾ ഇസ്‌ലാം ദീൻ മുറുകെ പിടിച്ച് കൊള്ളുക; അതിലായി കൊണ്ട് മരിക്കുന്നതിന് വേണ്ടിയാണത്. തീർച്ചയായും, ഔദാര്യവാനായ അല്ലാഹു അവന്റെ ഔദാര്യപൂർണ്ണമായ നടപടിക്രമം നടപ്പിലാക്കാറുള്ളത് ഇപ്രകാരമാണ്. അഥവാ, ഏതൊരവസ്ഥയിലാണോ ഒരുവൻ ജീവിക്കുന്നത്, അതിലായിക്കൊണ്ടായിരിക്കും അവന്റെ മരണവും. ഏതൊരവസ്ഥയിലായിക്കൊണ്ടാണോ ഒരുവൻ മരിക്കുന്നത്, അതിലായിക്കൊണ്ടായിരിക്കും അവൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതും. ഈ പതിവിന് വിരുദ്ധമായ ഒരവസ്ഥ നമുക്കാർക്കും വരാതിരിക്കട്ടെ, അല്ലാഹുവിൽ അഭയം. (ഇബ്‌നു കസീര്‍)