‘ത്വലാക്വ്’ എന്ന അറബി പദത്തിന് ‘സ്വതന്ത്രമാക്കൽ,’ ‘മോചിപ്പിക്കൽ’ മുതലായ അർഥങ്ങളാണ് ഉള്ളത്. മതം അനുശാസിക്കുന്ന രീതിയിൽ ദമ്പതികൾ തമ്മിലുള്ള വിവാഹ കരാറിനെ വാക്കിലൂടെയോ എഴുത്തിലൂടെയോ വ്യക്തമായോ സൂചനകൾ നൽകിയോ അവസാനിപ്പിക്കുന്നതിനെയാണ് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ ത്വലാക്വ് അഥവാ വിവാഹമോചനം എന്ന് പറയുന്നത്.
വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് ഇസ്ലാമിലെ ത്വലാഖ് അഥവാ വിവാഹമോചനം. ഇഷ്ടാനുസരണം വിവാഹം കഴിക്കാനും തോന്നിയതുപോലെ മൊഴി ചൊല്ലാനും അനുവാദം നല്‍കുക വഴി സ്ത്രീകളെ പീഢിപ്പിക്കുന്ന മതമാണ് ഇസ്ലാമെന്ന ധാരണയാണ് പല൪ക്കുമുള്ളത്.
ഇസ്ലാമിലെ ത്വലാഖിന്റെ മഹത്വം അറിയണമെങ്കില്‍ ആ കാലഘട്ടത്തിലെ വിവിധ ദ൪ശനങ്ങളിലെ വിവാഹമോചനം എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ജൂത സമൂഹം യാതൊരു നിബന്ധനകളും ഇല്ലാത്ത വിവാഹമോചനമാണ് അനുവ൪ത്തിച്ചു വന്നിരുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍, പിന്നീട് അവളെ വിവാഹമോചനം ചെയ്യാന്‍ പാടില്ലാത്തതാണ്. ചാരിത്ര്യ ലംഘനത്തിന് മാത്രമാണ് വിവാഹമോചനം അനുവദിച്ചിരുന്നത്. ദൈവം ചേ൪ത്തത് മനുഷ്യന് പിരിക്കാന്‍ പാടില്ലെന്നാണ് ബൈബിള്‍ പുതിയ നിയമം പ്രഖ്യാപിക്കുന്നത്. ഇസ്‌ലാമാകട്ടെ, ഈ രണ്ട് നയങ്ങള്‍ക്കും മദ്ധ്യേ മനുഷ്യ പ്രകൃതിക്ക് അനുയോജ്യവും, പ്രായോഗിക ജീവിതത്തിന് അനുയുക്തവുമായ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അഥവാ ഇസ്ലാമില്‍ ത്വലാഖ് പ്രോല്‍സാഹിപ്പിച്ചിട്ടില്ലാത്ത കാര്യവും എന്നാല്‍ അനിവാര്യമായ സാഹചര്യത്തില്‍ അനുവദിച്ചിട്ടുള്ള സംഗതിയുമാണ്.
വളരെ നിസ്സാരമായ രീതിയില്‍ യാതൊരു നിയന്ത്രണവും കൂടാതെ തോന്നിയതുപോലെ പുരുഷന്മാര്‍ അവരുടെ ഭാര്യമാരെ വിവാഹം മോചനം ചെയ്യുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന രീതി അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. തനിക്കിഷ്ടമില്ലാത്ത ഭാര്യയെ അവളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി ഭര്‍ത്താവ് വീണ്ടും വീണ്ടും വിവാഹമോചനം നടത്തി മടക്കിയെടുക്കുക പതിവായിരുന്നു. ഇതുമൂലം സ്ത്രീകള്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അത്തരം വിവാഹമോചനത്തെ ഇസ്ലാം വിരോധിക്കുകയും മടക്കിയെടുക്കാന്‍ അനുമതിയുള്ള വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമായി അല്ലാഹു ക്ലിപ്തപ്പെടുത്തുകയും ചെയ്തു.അഥവാ മൂന്നാമതും ത്വലാഖ് ചൊല്ലിയാല്‍ ആ സ്ത്രീ അവനില്‍നിന്ന് പൂര്‍ണമായും വിട്ടുപോകുന്നതും അവളെ മടക്കിയെടുക്കാന്‍ അവന് അവകാശമില്ലാതിരിക്കുന്നതുമാണ്.
……. ٱﻟﻄَّﻠَٰﻖُ ﻣَﺮَّﺗَﺎﻥِ ۖ ﻓَﺈِﻣْﺴَﺎﻙٌۢ ﺑِﻤَﻌْﺮُﻭﻑٍ ﺃَﻭْ ﺗَﺴْﺮِﻳﺢٌۢ ﺑِﺈِﺣْﺴَٰﻦٍ ۗ
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ട് പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖു൪ആന്‍ :2/230)
പുരുഷന്‍ തന്റെ അധികാരമുപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനാണ് ഇസ്ലാമില്‍ സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്. ത്വലാഖ് അല്ലാതെ ഖു൪ആനില്‍ ഇത്ര വിശദീകരിച്ച് പറഞ്ഞ മറ്റൊരു ജീവല്‍ പ്രശ്നവും ഇല്ലെന്നുള്ളതാണ് വസ്തുത.സംസ്‌കാര സമ്പന്നരായ ഒരു സമൂഹത്തിന് സ്വീകരിക്കാവുന്ന ഉന്നത രീതിയാണ് ഇസ്‌ലാമിലെ ത്വലാഖിനുള്ളത്. ഇസ്ലാം ഒരിക്കലും ത്വലാഖിനെ പ്രോല്‍സാഹിക്കുന്നില്ലെന്ന് മാത്രമല്ല, പരമാവധി ത്വലാഖ് സംഭവിക്കാതിരിക്കാനുള്ള മാ൪ഗ്ഗനി൪ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇസ്ലാമില്‍ ത്വലാഖ് എത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികവും പിണക്കം മാറി ബന്ധം സുദൃഢമാകാന്‍ സഹായിക്കുന്ന രീതിയിലുള്ളതാണെന്ന് കാണാന്‍ കഴിയും.
ദമ്പതിമാര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ് ഖുര്‍ആനിന്റെ നിലപാട്. എന്നാല്‍, സ്നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അവര്‍ക്ക് ഒരുതരത്തിലും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെങ്കില്‍ അവര്‍ തമ്മില്‍ വേര്‍പിരിയുന്നതിന് വിരോധമില്ല.
വൈവാഹിക ജീവിതം അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതായിട്ടാണ് ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.
ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦٓ ﺃَﻥْ ﺧَﻠَﻖَ ﻟَﻜُﻢ ﻣِّﻦْ ﺃَﻧﻔُﺴِﻜُﻢْ ﺃَﺯْﻭَٰﺟًﺎ ﻟِّﺘَﺴْﻜُﻨُﻮٓا۟ ﺇِﻟَﻴْﻬَﺎ ﻭَﺟَﻌَﻞَ ﺑَﻴْﻨَﻜُﻢ ﻣَّﻮَﺩَّﺓً ﻭَﺭَﺣْﻤَﺔً ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ :30/21)
വിവാഹത്തെ വിശുദ്ധമായ ഒരു കരാറായിട്ടാണ് ഇസ്‌ലാം കാണുന്നത്.ഭാര്യാ ഭ൪ത്താക്കന്‍മാ൪ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ ഒരു കരാറാണത്. വിവാഹകരാറിനെ കുറിച്ച് സുദൃഢമായ കരാര്‍ എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
ﻭَﻛَﻴْﻒَ ﺗَﺄْﺧُﺬُﻭﻧَﻪُۥ ﻭَﻗَﺪْ ﺃَﻓْﻀَﻰٰ ﺑَﻌْﻀُﻜُﻢْ ﺇِﻟَﻰٰ ﺑَﻌْﺾٍ ﻭَﺃَﺧَﺬْﻥَ ﻣِﻨﻜُﻢ ﻣِّﻴﺜَٰﻘًﺎ ﻏَﻠِﻴﻈًﺎ
നിങ്ങള്‍ അന്യോന്യം ലയിച്ചചേ൪ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് അവര്‍ സുദൃഢമായ ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അത് (അവള്‍ക്ക് കൊടുത്ത സ്വത്ത്) എങ്ങനെ വാങ്ങിക്കും? (ഖു൪ആന്‍ :4/21)
നബി(സ്വ) പറഞ്ഞു :സ്ത്രീപുരുഷ ബന്ധം നിയമ വിധേയമാക്കാന്‍ നിങ്ങള്‍ ചെയ്ത കരാറാണ് കരാറുകളില്‍ വെച്ച് നിറവേറ്റാന്‍ ഏറ്റവും ബാധ്യതപ്പെട്ടത്. (ബുഖാരി)
ത്വലാഖ് വളരെ ഗൌരവമുള്ള ഒരു വിഷയമായിട്ടാണ് ഇസ്ലാം കാണുന്നത്. കളിതമാശയായിക്കൊണ്ടോ മറ്റോ ത്വലാഖ് ചെയ്യാന്‍ പാടില്ല.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثٌ جِدُّهُنَّ جِدٌّ وَهَزْلُهُنَّ جِدٌّ النِّكَاحُ وَالطَّلاَقُ وَالرَّجْعَةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഗൌരവമേറിയതോ നിസ്സാരമായതോ ആയ ച൪ച്ചയിലായാല്‍പോലും ഗൌരവമായി പരിഗണിക്കപ്പെടുന്ന മൂന്ന് കാര്യങ്ങളുണ്ട്. വിവാഹം, ത്വലാഖ്, (ത്വലാഖിനെ തുട൪ന്നുള്ള) ഇദ്ദയിലെ മടക്കം.( തി൪മിദി :1184 / ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി രേഖപ്പെടുത്തി – സ്വഹീഹുല്‍ ജാമിഉ:3027)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ(റഹി) പറഞ്ഞു:ത്വലാഖിന്റെ കാര്യത്തിൽ തമാശയോ ചിരിയോ ഇല്ല. ഈ തമാശ ഗുരുതരമായകാര്യമാണ് ,നബി صلى الله عليه وسلم പറഞ്ഞത് പോലെ നീ തമാശയിൽ അവളോട് ത്വലാഖ് പറഞാൽ , അവൾ ത്വലാഖ് ചെയ്യപ്പെട്ടു .
ഫുളാലബ്നു ഉബൈദ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: മൂന്ന് കാര്യങ്ങളില്‍ കളിതമാശ അനുവദനീയമല്ല.വിവാഹം, ത്വലാഖ്, അടിമ മോചനം.(ത്വബ്റാനി / ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി രേഖപ്പെടുത്തി – സ്വഹീഹുല്‍ ജാമിഉ:3047)
ഈ വൈവാഹിക ജീവിതം ഏറ്റവും നല്ലരീതിയില്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പ്രോല്‍സാഹനവും നി൪ദ്ദേശവുമാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. ദാമ്പത്യജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍തന്നെ ത്വലാഖിലെത്തിച്ചേരാതെ കഴിയുന്നത്ര സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നാണ് ഇസ്ലാം നി൪ദ്ദേശിച്ചിട്ടുള്ളത്.
….. ﻫُﻦَّ ﻟِﺒَﺎﺱٌ ﻟَّﻜُﻢْ ﻭَﺃَﻧﺘُﻢْ ﻟِﺒَﺎﺱٌ ﻟَّﻬُﻦَّ
……. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു…..(ഖു൪ആന്‍ :2/187)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :خَيْرُكُمْ خَيْرُكُمْ لأَهْلِهِ
നബി(സ്വ) പറഞ്ഞു : നിങ്ങളില്‍ ഏറ്റവും ഉത്തമ൪ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.(തി൪മിദി:49/4269)
നബി(സ്വ) പറഞ്ഞു :സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.അല്ലാഹുവില്‍ നിന്നുള്ള അമാനത്തായിട്ടാണ് അവ൪ നിങ്ങളില്‍ അ൪പ്പിക്കപ്പെട്ടിരിക്കുന്നത്.(തി൪മിദി)
ചരിത്രപ്രസിദ്ധമായ, നബി ﷺ യുടെ വിടവാങ്ങള്‍ പ്രസംഗത്തില്‍ അവിടുന്ന് പറയുകയുണ്ടായി:
فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ
നിങ്ങള്‍ സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ മുന്‍നിറുത്തി സംരക്ഷണം നല്‍കാമെന്ന കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്. (മുസ്ലിം:1218)
ﻭَﻋَﺎﺷِﺮُﻭﻫُﻦَّ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۚ ﻓَﺈِﻥ ﻛَﺮِﻫْﺘُﻤُﻮﻫُﻦَّ ﻓَﻌَﺴَﻰٰٓ ﺃَﻥ ﺗَﻜْﺮَﻫُﻮا۟ ﺷَﻴْـًٔﺎ ﻭَﻳَﺠْﻌَﻞَ ٱﻟﻠَّﻪُ ﻓِﻴﻪِ ﺧَﻴْﺮًا ﻛَﺜِﻴﺮًا
….. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.(ഖു൪ആന്‍ :4/19)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍നിന്ന് മറ്റൊന്ന് അല്ലെങ്കില്‍ അതൊഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും. (മുസ്ലിം:1468)
ശൈഖ്അ ബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഭാര്യാഭർത്താക്കൻമാരിൽ ഒരാൾ തന്റെ ഇണയിൽ നിന്ന് എന്തെങ്കിലും സ്വഭാവം വെറുത്താൽ അവനെ / അവളെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു കാര്യം അവൻ / അവൾ തന്റെ ഇണയിൽ അന്വേഷിക്കട്ടെ. നബിﷺ പറഞ്ഞു: ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം. (മുസ്ലിം) (عشرون قاعدة في إصلاح الحياة الزوجية)
വൈവാഹികജീവിതത്തില്‍ ഭാര്യയുടേയോ ഭ൪ത്താവിന്റേയോ ചിലപ്പോള്‍ രണ്ടുപേരുടേയും കുഴപ്പം കൊണ്ടായിരിക്കാം പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഭര്‍ത്താവിന്റെ ഇഷ്ടത്തിനും ശാസനകള്‍ക്കും വഴങ്ങാതെ ഭാര്യ അനുസരണക്കേടും പിണക്കവും കാണിക്കുന്നപക്ഷം, ഭാര്യയെ ഉടനെ ത്വലാഖ് ചെയ്യണമെന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമില്‍ ത്വലാഖിനു മുമ്പ് അവന്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങളും നടപടിക്രമങ്ങളും ഉണ്ട്. ഭ൪ത്താവ് തന്നെ ഇടപെട്ട് ആ പ്രശ്നം അവിടെ പരിഹരിക്കുന്നതിനുള്ള നടപടിയാണ് ഇസ്ലാം ആദ്യമായി മുന്നോട്ട് വെക്കുന്നത്.
ﻭَٱﻟَّٰﺘِﻰ ﺗَﺨَﺎﻓُﻮﻥَ ﻧُﺸُﻮﺯَﻫُﻦَّ ﻓَﻌِﻈُﻮﻫُﻦَّ ﻭَٱﻫْﺠُﺮُﻭﻫُﻦَّ ﻓِﻰ ٱﻟْﻤَﻀَﺎﺟِﻊِ ﻭَٱﺿْﺮِﺑُﻮﻫُﻦَّ ۖ ﻓَﺈِﻥْ ﺃَﻃَﻌْﻨَﻜُﻢْ ﻓَﻼَ ﺗَﺒْﻐُﻮا۟ ﻋَﻠَﻴْﻬِﻦَّ ﺳَﺒِﻴﻼً ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻋَﻠِﻴًّﺎ ﻛَﺒِﻴﺮًا
…..എന്നാല്‍ സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അവളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.(ഖു൪ആന്‍ :4/34)
ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
1) അവള്‍ക്ക് നല്ല ഉപദേശങ്ങള്‍ കൊടുക്കണം
ഭര്‍ത്താവിന്റെ ഇഷ്ടത്തിനും ശാസനകള്‍ക്കും വഴങ്ങാതെ ഭാര്യ അനുസരണക്കേടും പിണക്കവും കാണിക്കുന്നപക്ഷം, ആദ്യം അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും മറ്റും അവന്‍ അവള്‍ക്ക് നല്ല ഉപദേശങ്ങള്‍ കൊടുത്തുനോക്കണം. സ്ത്രീസഹജമായി വന്നുചേരാന്‍ ഇടയുള്ള അവിവേകങ്ങളെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കണം. അവളെ ആക്ഷേപിക്കുകയോ മോശമാക്കുകയോ ചെയ്യാതെ അവളുടെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ആത്മാ൪ത്ഥമായ ഉപദേശങ്ങള്‍ ചിലപ്പോള്‍ ഫലം ചെയ്തേക്കും. അതുവഴി അവള്‍ അനുസരണക്കേടും പിണക്കവും ഒഴിവാക്കി നേ൪വഴിക്ക് വരാന്‍ സാധ്യതയുണ്ട്.
2) കിടപ്പറകളില്‍ മാറ്റി നി൪ത്തണം
ചില സന്ദ൪ഭങ്ങളില്‍ ഉപദേശങ്ങള്‍ ഫലിക്കണമെന്നില്ല.അത്തരം സാഹചര്യത്തില്‍ ശയനവേളയില്‍ അവന്‍ തന്നോടൊപ്പം അവളെ ശയിക്കുവാന്‍ അനുവദിക്കാതെ അതേ മുറിയില്‍ തന്നെ കിടപ്പറകളില്‍ നിന്ന് അകറ്റി നി൪ത്തുക. തികച്ചും മനഃശാസ്ത്രപരമായ ഒരു സമീപനമാണിതെന്ന് ആധുനിക സൈക്കോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. സ്ത്രീ പുരുഷ സംഗമത്തിന്റെ വേദിയാണ് കിടപ്പറ. തനിക്ക് അവളെ ഏറ്റവും ആവശ്യമുള്ള സ്ഥലമായ കിടപ്പറയില്‍പോലും അവളെ വേണ്ടെന്ന് അവളോട് പറയാതെ ഓ൪മ്മിപ്പിക്കുകയാണ് ഇതിലൂടെ അവന്‍ ചെയ്യുന്നത്. ഇങ്ങനെ അകന്നു കഴിയേണ്ടി വന്നത് തന്റെ തെറ്റായ നിലപാട് കൊണ്ടാണല്ലോയെന്ന് ചിന്തിക്കാന്‍ ഈ ബഹിഷ്‌കരണം അവള്‍ക്ക് പ്രചോദനമാകും. ഇതവളെ ചിന്തിപ്പിച്ച് സൗഹൃദത്തില്‍ കഴിയാന്‍ പ്രേരിപ്പിച്ചേക്കും. മാത്രമല്ല, ദമ്പതികള്‍ എല്ലാം മറക്കുന്ന കിടപ്പറകളിലെ അകല്‍ച്ച സ്വാഭാവികമായും അവരെ അടുപ്പിക്കാന്‍ നിമിത്തമാകയും ചെയ്യും.
3) ശിക്ഷണമെന്ന നിലക്ക് അടിക്കണം
ഉപദേശങ്ങള്‍ കൊണ്ടും കിടപ്പറകളില്‍ അകറ്റി നി൪ത്തിയതു കൊണ്ടും ഫലം കാണുന്നില്ലെങ്കില്‍ അവന് അവളെ ഒരു ശിക്ഷണമെന്ന നിലക്ക് അടിക്കാവുതാണ്. എന്നാല്‍ അത് വാശിയും വൈരാഗ്യവും തീര്‍ക്കുന്ന തരത്തിലാകരുത്. പരുക്ക് പറ്റാത്ത വിധത്തിലുള്ള എന്നാല്‍ മാനസികമായ വേദന അനുഭവപ്പെടുന്ന രീതിയിലുള്ള അടിയാണ് നല്‍കേണ്ടതെന്ന് നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. ഇതല്ലാത്ത അവസരങ്ങളില്‍ ഭാര്യയെ അടിക്കുന്നവരെ നബി(സ്വ) താക്കീത് ചെയ്തിട്ടുണ്ട്
عَنْ عَبْدِ اللَّهِ بْنِ زَمْعَةَ، قَالَ نَهَى النَّبِيُّ صلى الله عليه وسلم أَنْ يَضْحَكَ الرَّجُلُ مِمَّا يَخْرُجُ مِنَ الأَنْفُسِ وَقَالَ : بِمَ يَضْرِبُ أَحَدُكُمُ امْرَأَتَهُ ضَرْبَ الْفَحْلِ، ثُمَّ لَعَلَّهُ يُعَانِقُهَا ”.
അബ്ദില്ലാഹിബ്നു സംഅ(റ) വിൽ നിന്ന് നിവേദനം: …….. നബി ﷺ പറഞ്ഞു: നാണമില്ലേ നിങ്ങള്‍ക്ക് ഒട്ടകത്തെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍, പിന്നെ അവളോടൊപ്പം ശയിക്കാനും. (ബുഖാരി: 6042)
എന്നാല്‍ ഇവിടുത്തെ അടി കൊണ്ട് മാനസികമായ വേദനയാണ് ഉദ്ദേശിക്കുന്നത്. ഇത്രയും കാലം എന്നെ ഒന്ന് നുള്ളിനോവിക്കുകപോലും ചെയ്യാത്ത ആള്‍ ഇപ്പോള്‍ എന്നെ അടിച്ചിരിക്കുന്നുവെന്ന വൈകാരികവസ്ഥ അവളുടെ മനസ്സിലുണ്ടാകാന്‍ ഇതിലൂടെ സാധിക്കും. അങ്ങനെ അതവളെ നേ൪വഴിക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ വേര്‍പാടിലേക്കെത്താതെ സൂക്ഷിക്കാനാണ് ഈ നടപടിക്രമങ്ങളെല്ലാം പാലിക്കണമെന്ന് പറയുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നുകൊണ്ട് അവളുടെ പിണക്കവും വഴക്കും അവസാനിപ്പിച്ച് അവള്‍ അനുസരണത്തിലേക്ക് വന്നാല്‍, പിന്നീട് യാതൊരു നടപടിയും അവള്‍ക്കെതിരെ സ്വീകരിച്ചുകൂടാ. അഥവാ അവളെ ഒന്നുകുറ്റപ്പെടുത്തി സംസാരിക്കുകപോലും പാടില്ലെന്ന് ചുരുക്കം. പുരുഷന് സ്ത്രീയുടെ മേലുള്ള നിയന്ത്രണാധികാരം അവന്‍ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവന്റെ മേല്‍ തക്ക നടപടിയെടുക്കുവാന്‍ അല്ലാഹു തയ്യാറുണ്ടെന്ന് അവന്‍ ഓര്‍ത്തിരിക്കണമെന്ന് ‘നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു’ എന്ന വാക്യത്തിലൂടെ അല്ലാഹു ഓ൪മ്മിപ്പിക്കുകയും ചെയ്യുന്നു.
മേല്‍ വിവരിച്ച മൂന്ന് മാ൪ഗ്ഗങ്ങളും യുക്തവും സമ൪ത്ഥവുമായ നിലയില്‍ പ്രയോഗിച്ചിട്ടും അസ്വാരസ്യം അവസാനിക്കാത്ത അവസ്ഥകളുണ്ടായേക്കാം. ഇങ്ങനെ പിണക്കം ശക്തമാകുകയും പരസ്പരം പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുകയും ചെയ്താലും പെട്ടെന്ന് വിവാഹമോചനം നടത്തരുത്.അത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കേണ്ടതുണ്ട്. അതിന് വേണ്ടി അടുത്ത നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.
ഈ മൂന്ന് മാ൪ഗ്ഗങ്ങളിലൂടെയും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തുട൪ന്ന് സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് അല്ലാഹു അറിയിക്കുന്നു.ഈ മൂന്ന് മാ൪ഗ്ഗങ്ങളും പുരുഷന്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്.കുടുംബത്തിലെ മറ്റുള്ളവരാരും ഇതൊന്നും അറിഞ്ഞിരുന്നില്ല. പ്രശ്നം ഇവിടെ പരിഹരിക്കാന്‍ പറ്റാത്തതിനാല്‍ ഈ രണ്ട് വ്യക്തികളില്‍ നിന്നും ഇനി രണ്ടുപക്ഷത്തുനിന്നുമുള്ള മദ്ധ്യസ്ഥന്മാര്‍ മുഖേനയാണ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടത്. മാത്രമല്ല, ഈ മൂന്ന് മാ൪ഗ്ഗങ്ങളിലൂടെയും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് ചിലപ്പോള്‍ അവളുടെ ഭാഗത്തുള്ള കുഴപ്പം കൊണ്ടുമാത്രവും ആകില്ല . അവന്റെ ഭാഗത്തും കുഴപ്പം ഉണ്ടായിരിക്കാം. മറ്റ് ചിലപ്പോള്‍ രണ്ട് കൂട്ടരുടെ ഭാഗത്തും കുഴപ്പം ഉണ്ടായിരിക്കാം.ഏതായാലും ഇനി മധ്യസ്ഥന്‍മാരാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്.
ﻭَﺇِﻥْ ﺧِﻔْﺘُﻢْ ﺷِﻘَﺎﻕَ ﺑَﻴْﻨِﻬِﻤَﺎ ﻓَﭑﺑْﻌَﺜُﻮا۟ ﺣَﻜَﻤًﺎ ﻣِّﻦْ ﺃَﻫْﻠِﻪِۦ ﻭَﺣَﻜَﻤًﺎ ﻣِّﻦْ ﺃَﻫْﻠِﻬَﺎٓ ﺇِﻥ ﻳُﺮِﻳﺪَآ ﺇِﺻْﻠَٰﺤًﺎ ﻳُﻮَﻓِّﻖِ ٱﻟﻠَّﻪُ ﺑَﻴْﻨَﻬُﻤَﺎٓ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻋَﻠِﻴﻤًﺎ ﺧَﺒِﻴﺮًا
ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.(ഖു൪ആന്‍ :4/35)
പ്രശ്ന പരിഹാരത്തിനായി ഓരോ ഭാഗത്തുനിന്നും അവര്‍ക്ക് അനുയോജ്യരായ മദ്ധ്യസ്ഥന്മാരെ നിയോഗിക്കാവുന്നതാണ്. മദ്ധ്യസ്ഥന്മാ൪ ഓരോ ഭാഗത്തുമുള്ള തെറ്റ്കുറ്റങ്ങള്‍ പരിശോധിച്ച് കൂടുതല്‍ യുക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം. അതവരുടെ ബാദ്ധ്യതയുമാകുന്നു. അവരുടെ തീരുമാനം സ്വീകരിക്കുവാന്‍ ഇരുകൂട്ടരും ബാദ്ധ്യസ്ഥരുമായിരിക്കും. രണ്ടു കൂട്ടരും ഒന്നിക്കണമെന്ന് മദ്ധ്യസ്ഥന്മാര്‍ ആത്മാര്‍ത്ഥമായി ഉദ്ദേശിക്കുന്നപക്ഷം, അവര്‍ക്കിടയില്‍ യോജിപ്പിനുള്ള മാര്‍ഗം തുറന്നുകൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ നിയമ നിര്‍ദ്ദേശങ്ങളാണ് എപ്പോഴും പ്രായോഗികമാകുക, മനുഷ്യരുടെ അവസ്ഥാ വിശേഷങ്ങളെപ്പറ്റിയും അവക്ക് അനുയോജ്യമായ പോംവഴികളെപ്പറ്റിയും അല്ലാഹുവിനാണ് ഏറ്റവും അറിയുക എന്നൊക്കെ ‘നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു’ എന്ന വാക്യത്തിലൂടെ അല്ലാഹു ഓ൪മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഇങ്ങനെ മധ്യസ്ഥന്‍മാ൪ ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നാല്‍ ഈ വൈവാഹിക ബന്ധം ഒഴിവാക്കാവുന്നതാണ്. കാരണം അവര്‍ക്ക് ഒരുതരത്തിലും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു വിധത്തിലും യോജിപ്പിക്കാനുള്ള മാര്‍ഗം കാണാത്തപ്പോള്‍ മാത്രമേ വിവാഹബന്ധം വേര്‍പെടുത്തുവാനുള്ള തീരുമാനം ഉണ്ടാകാവൂ.
അവിടേയും അവരെ ഉടനെ വേ൪പിരിക്കാനല്ല ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. ത്വലാഖ് ചെയ്യുമ്പോള്‍ പോലും അത് ഉടനെ ചെയ്യാന്‍ പാടില്ല. ഭാര്യയുടെ അവസ്ഥ കൂടി നോക്കണം.സ്ത്രീ അശുദ്ധിയിലാണെങ്കില്‍ ശുദ്ധിയായ ശേഷമേ ത്വലാഖ് പാടുള്ളൂ. കാരണം ആര്‍ത്തവ സമയത്ത് സ്ത്രീയെ ത്വലാഖ് ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّهُ طَلَّقَ امْرَأَتَهُ وَهْىَ حَائِضٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَسَأَلَ عُمَرُ بْنُ الْخَطَّابِ رَسُولَ اللَّهِ صلى الله عليه وسلم عَنْ ذَلِكَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ مُرْهُ فَلْيُرَاجِعْهَا، ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ ثُمَّ تَحِيضَ، ثُمَّ تَطْهُرَ، ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ، فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ ”.
ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ)യുടെ കാലത്ത് ഇബ്നുഉമര്‍(റ) തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ ത്വലാഖ് ചെയ്തു. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബിയോട് (സ്വ) ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളള വിവാഹബന്ധം വിച്ഛേദിക്കുന്നത് അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണമെന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി:5251)
ആ൪ത്തവ കാലത്ത് സ്ത്രീയുടെ ശാരീരിക മാനസിക നിലകളില്‍ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. അവള്‍ക്ക് മറവിയും ദേഷ്യവുമൊക്കെ ഉണ്ടായിരിക്കും. അക്കാരണത്താല്‍തന്നെ ആര്‍ത്തവകാലത്ത് തമ്മില്‍ പിണങ്ങാനും സാധ്യത കൂടുതലാണ്.ആ അവസ്ഥയില്‍ ദമ്പതികള്‍ തമ്മില്‍ വല്ല പ്രശ്നവുമുണ്ടായാല്‍ അതു വിവാഹമോചനത്തിലെത്താന്‍ പാടില്ല. അതുകൊണ്ട് ത്വലാഖിനായി അവള്‍ ശുദ്ധിയാകുന്നതുവരെ കാത്തിരിക്കണം.ആ സമയത്ത് ഇരുവരുടേയും മനസ് മാറി ഒന്നിക്കാനുള്ള അവസരവും ഇസ്ലാം സൃഷ്ടിക്കുന്നു. മാത്രമല്ല സ്ത്രീ ശുദ്ധിയായി സാധാരണ അവസ്ഥ പ്രാപിക്കുകയും ദമ്പതികള്‍ക്കിടയില്‍ അല്ലാഹു ഇട്ടുനല്‍കിയിട്ടുള്ള അന്യോന്യാകര്‍ഷണം അതിന്റെ ധര്‍മം നിര്‍വഹിക്കാനും അങ്ങനെ ഇരുവരെയും വീണ്ടും യോജിപ്പിക്കാനും മതിയായ സാധ്യതയുമുണ്ട്.ഭാര്യയെ ആര്‍ത്തവ സമയത്ത് വിവാഹമോചനം ചെയ്തപ്പോള്‍ അവളെ തിരിച്ചെടുത്ത് അവളുടെ ശുദ്ധി സമയത്ത് അവളെ ത്വലാഖ് ചെയ്യണമെന്ന് പറയാതെ ശുദ്ധികാലം കഴിഞ്ഞ് അടുത്ത ആര്‍ത്തവ സമയത്തിനു ശേഷമുള്ള ശുദ്ധിസമയത്ത് ആവശ്യമെങ്കില്‍ ത്വലാഖ് ചെല്ലാനാണ് നബി(സ്വ) പറഞ്ഞിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ആര്‍ത്തവകാലത്തെ ത്വലാഖില്‍നിന്നുള്ള മടക്കം കേവലം ചടങ്ങ് മാത്രമായിരിക്കരുതെന്നും മറിച്ച്, ശുദ്ധിവേളയില്‍ അവ൪തമ്മില്‍ ശാരീരികബന്ധം നടക്കണമെന്നുമാകുന്നു. പിന്നെ ശാരീരികബന്ധം ഉണ്ടായ ശുദ്ധിവേളയില്‍ ത്വലാഖ് ചെയ്യുന്നത് വിലക്കപ്പെട്ടതുമാണ്. അതുകൊണ്ട് ത്വലാഖിന്റെ ശരിയായ സമയം അതിനുശേഷമുണ്ടാകുന്ന ശുദ്ധികാലം തന്നെയാണ്. അങ്ങനെ നോക്കുമ്പാള്‍ ഈ കാലയളവിലെ ശാരീരികവും മാനസികവുമായ ബന്ധവും അടുപ്പവും കാരണം ത്വലാഖ് നടക്കാതിരിക്കാനും സാധ്യതയുണ്ട്.
സ്ത്രീയുടെ ആ൪ത്തവ കാലം കഴിഞ്ഞ് അവള്‍ ശുദ്ധിയായ ശേഷമേ ത്വലാഖ് പാടുള്ളൂവെന്ന് മാത്രമല്ല ആ ശുദ്ധി കാലത്ത് അവ൪ തമ്മില്‍ ശാരീരികബന്ധം നടത്തിയിട്ടുള്ളതാകാനും പാടില്ല. അവര്‍ തമ്മില്‍ ശാരീരിക ബന്ധം നടത്തിയിട്ടുള്ള ശുദ്ധി കാലത്താണ് ത്വലാഖ് ചൊല്ലിയതെങ്കില്‍ ത്വലാഖ് സ്വമേധയാ റദ്ദാക്കപ്പെടും. അപ്പോള്‍ ത്വലാഖ് ചെയ്യേണ്ടുന്ന സന്ദ൪ഭത്തില്‍ അവള്‍ ശുദ്ധിയായ അവസ്ഥയിലാണെങ്കിലും ഈ കാലത്ത് അവ൪ തമ്മില്‍ ശാരീരിരബന്ധം പുല൪ത്തിയിട്ടുണ്ടെങ്കില്‍ ത്വലാഖിനായി അടുത്ത ശുദ്ധി കാലംവരെ കാത്തിരിക്കണം. പരമാവധി ത്വലാഖ് സംഭവിക്കാതിരിക്കാനുള്ള മാ൪ഗ്ഗനി൪ദ്ദേശങ്ങളാണ് ഇസ്ലാം നല്‍കിയിട്ടുള്ളതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ശാരീരികബന്ധം നടത്തിയിട്ടുള്ള ശുദ്ധികാലത്ത് ത്വലാഖ് വിലക്കപ്പെടുന്നതിനുള്ള കാരണം, ഈ ബന്ധത്തില്‍ അവള്‍ ഗര്‍ഭവതിയായിട്ടുണ്ടെങ്കില്‍ അത് വ്യക്തമാകേണ്ടതുണ്ട് എന്നതിനാലാണ്. ഗര്‍ഭത്തെ സംബന്ധിച്ച് അറിഞ്ഞശേഷമാകട്ടെ, തന്റെ കുഞ്ഞിനെ സ്വന്തം ഉദരത്തില്‍ പോറ്റുന്ന ഭാര്യയെ വിവാഹമോചനം ചെയ്യണമോ വേണ്ടയോ എന്ന് പുരുഷന്‍ പലതവണ ആലോചിക്കുകയും ചെയ്യും. സ്വന്തം കുഞ്ഞിന്റെ ഭാവിയോര്‍ത്ത് തന്റെ ഭര്‍ത്താവിന്റെ അപ്രീതിക്കിടയാകുന്ന സംഗതികള്‍ ഒഴിവാക്കാന്‍ സ്ത്രീയും കഴിവതും ശ്രമിക്കും. മാത്രമല്ല അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ഇദ്ദാകാലത്തിനും വ്യത്യാസമുണ്ടായിരിക്കും. അങ്ങനെ അവള്‍ ഇദ്ദ തുടങ്ങുന്നത് വരാനിരിക്കുന്ന ആ൪ത്തവത്തേയും ശുദ്ധികാലത്തേയും കണക്കാക്കിയാണോ അതല്ല ഗ൪ഭിണികളുടെ ഇദ്ദയായിട്ടാണോ എന്ന് മനസ്സിലാക്കാന്‍ സാധ്യമാകാതെ വരുന്നു.
ത്വലാക്വ് ചൊല്ലൽ നിഷിദ്ധമായ സമയങ്ങൾ മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാണ്.
(1) ഭാര്യ ആർത്തവകാരിയായിരിക്കെ ത്വലാക്വ് ചൊല്ലൽ
(2) പ്രസവരക്തം (നിഫാസ്) ഉള്ളവളായിരിക്കെ ഭാര്യയെ ത്വലാക്വ് ചെയ്യൽ.
ഭാര്യമാർ ശുദ്ധിയിലായിരിക്കെ മാത്രമെ ത്വലാക്വ് ചെയ്യാൻ പാടുള്ളൂ എന്നത് മേൽ സൂചിപ്പിച്ച ഹദീസിൽനിന്നും വ്യക്തമാകുന്ന കാര്യമാണ്. ഒരു സ്ത്രീ ആർത്തവകാരിയാകുന്ന സന്ദർഭത്തിലും പ്രസ വരക്തമുള്ള സന്ദർഭത്തിലും വലിയ അശുദ്ധിയുള്ളവളായിക്കൊണ്ടാണ് പരിഗണപ്പെടുക. അത്തരം ഘട്ട ങ്ങളിലൊന്നും അവളെ വിവാഹ മോചനം ചെയ്യാൻ പാടുള്ളതല്ല.
(3) ഭാര്യയുമായി ലൈംഗിക ബ ന്ധത്തിൽ ഏർപ്പെട്ട ശുദ്ധി കാലയളവിൽ ത്വലാക്വ് ചെയ്യൽ.
എന്നാൽ ഭാര്യ ഗർഭിണിയാണങ്കിൽ അവരുടെ ത്വലാക്വ് സാധുവാകുന്നതാണ്. അത്തരം സന്ദർഭങ്ങ ളിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നത് ത്വലാക്വ് അസാധുവാകാനോ നിഷിദ്ധമാകാനോ കാരണമാവുകയില്ല. ഇബ്‌നു ഉമറി(റ)ന്റെ സംഭവം ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ അത് വ്യക്തമായി കാണാവുന്നതാണ്. നബി ﷺ പറയുന്നു:
مُرْهُ فَلْيُرَاجِعْهَا ثُمَّ لْيُطَلِّقْهَا طَاهِرًا أَوْ حَامِلاً
അവനോട് അവളെ തിരികെ കൊണ്ടുവരാൻ പറയുക. ശേഷം (അവൻ ത്വലാക്വ് ചെയ്യാൻ ഉദ്ദേശി ക്കുന്ന പക്ഷം) അവൾ ശുദ്ധിയുള്ളവളായിരിക്കയോ ഗർഭിണിയായിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ അവളെ വിവാഹമോചനം നടത്തുകയും ചെയ്യട്ടെ. (മുസ്ലിം:1471)
വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീ മൂന്ന് ശുദ്ധികാലഘട്ടം عِدة (ഇദ്ദ) ആചരിക്കേണ്ടതുണ്ട്.
…….ﻭَٱﻟْﻤُﻄَﻠَّﻘَٰﺖُ ﻳَﺘَﺮَﺑَّﺼْﻦَ ﺑِﺄَﻧﻔُﺴِﻬِﻦَّ ﺛَﻠَٰﺜَﺔَ ﻗُﺮُﻭٓءٍ ۚ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്ന് മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്……..(ഖു൪ആന്‍ :2/228)
ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീകള്‍ മൂന്ന് ‘ക്വുറൂഉ’ കാലം (മൂന്ന് മാസമുറകള്‍) കാത്തിരിക്കണമെന്നാണ് അല്ലാഹു അറിയിച്ചിട്ടുള്ളത്. വിവാഹമോചനം നടക്കുമ്പോഴുള്ള ശുദ്ധിയും, ഒന്നാമത്തേയും രണ്ടാമത്തേയും ആര്‍ത്തവത്തിന് ശേഷം ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ക്വുറൂഉകള്‍. ഈ കാത്തിരിപ്പിനാണ് ഇദ്ദ എന്ന് പറയുന്നത്. മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കുന്നു. ശാരീരിക ബന്ധം നടത്തിയിട്ടില്ലാത്ത ശുദ്ധികാലത്ത് ത്വലാഖ് ചെയ്താല്‍ മാത്രമേ അവള്‍ക്ക് ഇദ്ദ കണക്കാക്കാന്‍ കഴിയുകയുള്ളൂ.അതുകൊണ്ടാണ് അവരുടെ ഇദ്ദാ കാലത്തിന് കണക്കാക്കി വിവാഹമോചനം ചെയ്യുകയെന്ന് അല്ലാഹു പ്രത്യേകം പറഞ്ഞിട്ടുള്ളത്.
…… ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺒِﻰُّ ﺇِﺫَا ﻃَﻠَّﻘْﺘُﻢُ ٱﻟﻨِّﺴَﺎٓءَ ﻓَﻄَﻠِّﻘُﻮﻫُﻦَّ ﻟِﻌِﺪَّﺗِﻬِﻦَّ ﻭَﺃَﺣْﺼُﻮا۟ ٱﻟْﻌِﺪَّﺓَ ۖ
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. (ഖു൪ആന്‍ :65/1)
അതോടൊപ്പം ഇദ്ദയെ ശരിയായി എണ്ണിക്കണക്കാക്കുകയും ചെയ്യണമെന്നും അല്ലാഹു കല്‍പിക്കുന്നു.ഇദ്ദയുടെ തുടക്കവും ഒടുക്കവും ശരിയായി കണക്കാക്കപ്പെടാത്തപക്ഷം, അതുമൂലം പല കുഴപ്പങ്ങളും വഴക്കുകളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കാരണം പഴയ വിവാഹബന്ധത്തിലേക്കു തന്നെ മടക്കിയെടുക്കല്‍, പുതിയ വിവാഹകാര്യം ആലോചിക്കല്‍, ഇദ്ദാകാലത്തെ ഭക്ഷണച്ചിലവും താമസ സൗകര്യവും നല്‍കല്‍ മുതലായതെല്ലാം ആ കാലത്തെ ആശ്രയിച്ചു തീരുമാനിക്കപ്പെടേണ്ടതാണ്.
ദാമ്പത്യജീവിതത്തില്‍ ശാരീരികബന്ധം നടന്നിട്ടുള്ളവരും, ആര്‍ത്തവമുണ്ടാകാറുള്ളവരും, ഗര്‍ഭമില്ലാത്തവരുമായ സ്ത്രീകളുടെ ഇദ്ദയെക്കുറിച്ചാണ് ഇവിടെ മൂന്ന് ക്വുറൂഉകള്‍ എന്ന് പറഞ്ഞിട്ടുള്ളത്. ‘ക്വുറൂഅ്’ എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട് കർമശാത്ര പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നത കൾ നിലനിൽക്കുന്നുണ്ട്. ആർത്തവമാണ് ‘ക്വുറൂഅ്’കൊണ്ടുദ്ദേശിക്കുന്നത് എന്നാണ് ഹനഫി, ഹമ്പലി മദ്ഹബുകളുടെ പക്ഷം. എന്നാൽ മാലികി, ശാഫിഈ മദ്ഹബുകളുടെ വീക്ഷണപ്രകാരം അത് ശുദ്ധി കാലവുമാണ്. ഈ വിഷയത്തിൽ ശരിയോട് കൂടുതൽ യോജിച്ചത് അത് ആർത്തവമാണ് എന്ന വീക്ഷണമാണ്.
അഥവാ ഒരാൾ തന്റെ ഭാര്യയെ താൻ ലൈംഗികമായി ബന്ധപ്പെടാത്ത ശുദ്ധികാലയളവിൽ ത്വലാക്വ് ചെയ്താൽ പിന്നീട് ഉണ്ടാക്കുന്ന മൂന്ന് ആർത്തവ കാലയളവാണ് അവളുടെ ദീക്ഷാകാലമെന്ന് ചുരുക്കം. മൂന്നാമത്തെ ആർത്തവത്തിൽനിന്നും ശുദ്ധിയാകുന്നതോടുകൂടി അവൾ ആ ഭർത്താവിൽനിന്നും പരിപൂർണമായും ബന്ധം വേർപ്പെട്ടവളായി മാറും.
പ്രായാധിക്യം നിമിത്തം ആര്‍ത്തവം പൂര്‍ണമായി നിലച്ചുപോയ സ്ത്രീകളുടെയും, തീരെ ആര്‍ത്തവമുണ്ടായിട്ടില്ലാത്തവളുടെയും ഇദ്ദ മൂന്നു മാസക്കലമാണ്.ഗ൪ഭിണികളുടെ ഇദ്ദ പ്രസവിക്കുന്നത് വരെയാണ്
ﻭَٱﻟَّٰٓـِٔﻰ ﻳَﺌِﺴْﻦَ ﻣِﻦَ ٱﻟْﻤَﺤِﻴﺾِ ﻣِﻦ ﻧِّﺴَﺎٓﺋِﻜُﻢْ ﺇِﻥِ ٱﺭْﺗَﺒْﺘُﻢْ ﻓَﻌِﺪَّﺗُﻬُﻦَّ ﺛَﻠَٰﺜَﺔُ ﺃَﺷْﻬُﺮٍ ﻭَٱﻟَّٰٓـِٔﻰ ﻟَﻢْ ﻳَﺤِﻀْﻦَ ۚ ﻭَﺃُﻭ۟ﻟَٰﺖُ ٱﻷَْﺣْﻤَﺎﻝِ ﺃَﺟَﻠُﻬُﻦَّ ﺃَﻥ ﻳَﻀَﻌْﻦَ ﺣَﻤْﻠَﻬُﻦَّ ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳَﺠْﻌَﻞ ﻟَّﻪُۥ ﻣِﻦْ ﺃَﻣْﺮِﻩِۦ ﻳُﺴْﺮًا
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (ഇദ്ദ) അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി(ഇദ്ദ) അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അവന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.(ഖു൪ആന്‍ : 65/4)
ത്വലാഖ് ചെയ്ത അന്നു മുതലാണ് അവരുടെ ഇദ്ദ കണക്കാക്കേണ്ടത്. മൂന്ന് മാസം കൊണ്ടുള്ള ഉദ്ദേശ്യം മൂന്ന് ചന്ദ്രമാസമാണ്. ചന്ദ്രമാസാരംഭത്തിലാണ് ത്വലാഖ് ഉണ്ടായതെങ്കില്‍ മാസപ്പിറവിയെ ആസ്പദിച്ചാണ് ഇദ്ദ കണക്കാക്കേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രസവം ഉടനെതന്നെ സംഭവിച്ചാലും ശരി, കുറേ മാസങ്ങള്‍ക്ക് ശേഷമായിരുന്നാലും ശരി, ഗ൪ഭിണിയുടെ ഇദ്ദ അതോടെ അവസാനിക്കും.
ദാമ്പത്യജീവിതത്തില്‍ ശാരീരികബന്ധം നടന്നിട്ടില്ലാത്ത സ്ത്രീകള്‍ ഇദ്ദ ആചരിക്കേണ്ടതില്ല. അവ൪ക്ക് വേണമെങ്കില്‍ ഉടന്‍തന്നെ മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
يا أَيُّهَا الَّذينَ آمَنوا إِذا نَكَحتُمُ المُؤمِناتِ ثُمَّ طَلَّقتُموهُنَّ مِن قَبلِ أَن تَمَسّوهُنَّ فَما لَكُم عَلَيهِنَّ مِن عِدَّةٍ تَعتَدّونَها ۖ …….
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല……(ഖു൪ആന്‍ : 33/49)
ഗ൪ഭിണികളുടെ ഇദ്ദ കാലം പ്രസവിക്കുന്നതു വരെയാണെന്നതിനാല്‍ ഇദ്ദ കാലം നീണ്ടു പോകുമെന്ന് കരുതി ത്വലാഖ് ചെയ്യുന്ന അവസരത്തില്‍ ഗര്‍ഭം ഉണ്ടെന്ന് കണ്ടാല്‍ അത് മറച്ചുവെക്കാന്‍ പാടില്ല.അതോടൊപ്പം ത്വലാഖ് നടക്കുന്ന സമയത്ത് ആ൪ത്തവമുണ്ടെങ്കില്‍ അതും മറച്ച് വെക്കാന്‍ പാടില്ല.
ﻭَﻻَ ﻳَﺤِﻞُّ ﻟَﻬُﻦَّ ﺃَﻥ ﻳَﻜْﺘُﻤْﻦَ ﻣَﺎ ﺧَﻠَﻖَ ٱﻟﻠَّﻪُ ﻓِﻰٓ ﺃَﺭْﺣَﺎﻣِﻬِﻦَّ ﺇِﻥ ﻛُﻦَّ ﻳُﺆْﻣِﻦَّ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۚ
…അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല…….. (ഖു൪ആന്‍: 2/228)
അവരുടെ ഗര്‍ഭായങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചതിനെ അവര്‍ ഒളിച്ച് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അവര്‍ക്ക് ഗര്‍ഭം ഉണ്ടെന്ന് കണ്ടാല്‍ അതും ആര്‍ത്തവം ഉണ്ടായാല്‍ അതും മൂടിവെക്കരുതെന്നാകുന്നു.അങ്ങനെ ചെയ്യുന്നത് ഗൌരവമുള്ള വിഷയമാണെന്നാണ് ‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍’ എന്ന പ്രയോഗത്തിലൂടെ അല്ലാഹു അറിയിക്കുന്നത്.
ഒന്നാമത്തെയോ രണ്ടാമത്തയോ വിവാഹമോചനത്തിന്റെ ഭാഗമായാണ് ഒരു സ്ത്രീ ഇദ്ദ അനുഷ്ഠിക്കുന്നതെങ്കിൽ അത് അവളുടെ ഭർത്താവിന്റെ വീട്ടിൽ അയാളുടെ ചെലവിൽതന്നെയാകണം എന്നാണ് ഇസ്‌ലാമിൽ നിയമമാക്കപ്പെട്ടിട്ടുള്ളത്.
……ﺃَﺳْﻜِﻨُﻮﻫُﻦَّ ﻣِﻦْ ﺣَﻴْﺚُ ﺳَﻜَﻨﺘُﻢ ﻣِّﻦ ﻭُﺟْﺪِﻛُﻢْ
നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം……….(ഖു൪ആന്‍ : 65/6)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ ഇദ്ദാകാലം കഴിയുന്നതുവരെ ഭര്‍ത്താവ് താമസ സൌകര്യവും ചെലവും നല്‍കേണ്ടതാണ്. അവള്‍ ഗ൪ഭിണിയാണെങ്കില്‍ ഇദ്ദാകാലം പ്രസവം വരെയായതിനാല്‍ അതുവരെ അവള്‍ക്ക് ചെലവ് ലഭിക്കുന്നു.എന്നാല്‍ പ്രസവാനന്തരം അവള്‍ കുഞ്ഞിന് മുലകൊടുക്കുന്ന കാലത്തും അവന്‍ ചിലവിന് കൊടുക്കണം.
ۚ ﻭَﺇِﻥ ﻛُﻦَّ ﺃُﻭ۟ﻟَٰﺖِ ﺣَﻤْﻞٍ ﻓَﺄَﻧﻔِﻘُﻮا۟ ﻋَﻠَﻴْﻬِﻦَّ ﺣَﺘَّﻰٰ ﻳَﻀَﻌْﻦَ ﺣَﻤْﻠَﻬُﻦَّ ۚ ﻓَﺈِﻥْ ﺃَﺭْﺿَﻌْﻦَ ﻟَﻜُﻢْ ﻓَـَٔﺎﺗُﻮﻫُﻦَّ ﺃُﺟُﻮﺭَﻫُﻦَّ ۖ
….അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്ക് ചിലവ് കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക…..(ഖു൪ആന്‍ : 65/6)
സാമ്പത്തികമായി കഴിവുള്ളവനായാലും കഴിവ് കുറഞ്ഞവനായാലും തന്റെ കഴിവനുസരിച്ച് ചിലവിന് കൊടുക്കേണ്ടതാണ്.
ﻟِﻴُﻨﻔِﻖْ ﺫُﻭ ﺳَﻌَﺔٍ ﻣِّﻦ ﺳَﻌَﺘِﻪِۦ ۖ ﻭَﻣَﻦ ﻗُﺪِﺭَ ﻋَﻠَﻴْﻪِ ﺭِﺯْﻗُﻪُۥ ﻓَﻠْﻴُﻨﻔِﻖْ ﻣِﻤَّﺎٓ ءَاﺗَﻰٰﻩُ ٱﻟﻠَّﻪُ ۚ ﻻَ ﻳُﻜَﻠِّﻒُ ٱﻟﻠَّﻪُ ﻧَﻔْﺴًﺎ ﺇِﻻَّ ﻣَﺎٓ ءَاﺗَﻰٰﻫَﺎ ۚ ﺳَﻴَﺠْﻌَﻞُ ٱﻟﻠَّﻪُ ﺑَﻌْﺪَ ﻋُﺴْﺮٍ ﻳُﺴْﺮًا
കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവനും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിന് ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്..(ഖു൪ആന്‍ : 65/7)
ഇദ്ദാകാലത്ത് ഏതെങ്കിലും വിധേന അവളെ സ്വൈരം കേടുത്തുവാനോ വിഷമിപ്പിക്കുവാനോ പാടുള്ളതല്ല. അവളെ ശല്യപ്പെടുത്തുമാറുള്ള പെരുമാറ്റവും പാടില്ല.
…. ﻭَﻻَ ﺗُﻀَﺎٓﺭُّﻭﻫُﻦَّ ﻟِﺘُﻀَﻴِّﻘُﻮا۟ ﻋَﻠَﻴْﻬِﻦَّ ۚ……
…..അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്……. (ഖു൪ആന്‍ : 65/6)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ ഇദ്ദ ഇരുത്താതെ അവന്റെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ല. അവള്‍ സ്വയം ഇറങ്ങിപ്പോകാനും പാടില്ല.
….. ﻻَ ﺗُﺨْﺮِﺟُﻮﻫُﻦَّ ﻣِﻦۢ ﺑُﻴُﻮﺗِﻬِﻦَّ ﻭَﻻَ ﻳَﺨْﺮُﺟْﻦَ ﺇِﻻَّٓ ﺃَﻥ ﻳَﺄْﺗِﻴﻦَ ﺑِﻔَٰﺤِﺸَﺔٍ ﻣُّﺒَﻴِّﻨَﺔٍ ۚ …….
….അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ (സ്വയം) പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ(അവരെ നിങ്ങള്‍ പുറത്താക്കരുത്)…….(ഖു൪ആന്‍:65/1)
വ്യക്തമായ വല്ല നീചവൃത്തിയും അവളില്‍നിന്ന് വെളിപ്പെട്ടാല്‍ മാത്രമേ അവളെ പുറത്താക്കാന്‍ പാടുള്ളൂ. അല്ലാത്ത കാലത്തോളം അവളെ ഇദ്ദ ഇരുത്താതെ അവന്റെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ പാടുള്ളതല്ല.
ഇതെല്ലം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാണെന്നും, അവയെ ലംഘിക്കുന്നവര്‍ തങ്ങളോടു തന്നെയാണ് അനീതി പ്രവര്‍ത്തിക്കുന്നതെന്നും അവയില്‍ ഒതുങ്ങിനില്‍ക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്നും ഓ൪മ്മിപ്പിക്കുന്നു.
ﻭَﺗِﻠْﻚَ ﺣُﺪُﻭﺩُ ٱﻟﻠَّﻪِ ۚ ﻭَﻣَﻦ ﻳَﺘَﻌَﺪَّ ﺣُﺪُﻭﺩَ ٱﻟﻠَّﻪِ ﻓَﻘَﺪْ ﻇَﻠَﻢَ ﻧَﻔْﺴَﻪُۥ ۚ ﻻَ ﺗَﺪْﺭِﻯ ﻟَﻌَﻞَّ ٱﻟﻠَّﻪَ ﻳُﺤْﺪِﺙُ ﺑَﻌْﺪَ ﺫَٰﻟِﻚَ ﺃَﻣْﺮًا
….അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും ലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല……(ഖു൪ആന്‍ : 65/1)
ഇവിടെയും മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ത്വലാഖ് ചെയ്തശേഷവും ആ ബന്ധം നിലനി൪ത്താനാണ് ഇസ്ലാം ശ്രമിക്കുന്നുവെന്നതാണ്.ഇക്കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ, അയാളുടെ തന്നെ ചിലവിലാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് തടസ്സം.മാത്രമല്ല ഭ൪ത്താവ് മരിച്ചതിനെ തുട൪ന്നുള്ള ഇദ്ദയില്‍ അണിഞ്ഞൊരുങ്ങുന്നതില്‍ വിലക്കുള്ളതുപോലെ ഇവിടെ വിലക്കൊന്നുമില്ല. ത്വലാഖിന്റെ ഇദ്ദാകാലത്ത് അവള്‍ക്ക് അണിഞ്ഞൊരുങ്ങാവുന്നതാണ്. വിവാഹമോചനം ചെയ്ത ശേഷവും സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ താമസിക്കുന്നത് ഇരുവരുടെയും മനസ്സ് മാറ്റാന്‍ ഉപകരിക്കും. ഇന്നലെ വരെ ഒന്നിച്ച് കിടന്നവര്‍ ഇന്ന് രണ്ടായി കഴിയുകയാണ്. അവളെയാണെങ്കില്‍ അയാള്‍ കാണുകയും ചെയ്യുന്നു. അങ്ങനെ അവ൪ തമ്മിലുള്ള വിരോധം ക്രമേണ തീര്‍ന്നുപോകുവാനും, രണ്ടുപേര്‍ക്കുമിടയില്‍ പഴയബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങിനെ ഇദ്ദാകാലം കഴിയുന്നതിന് മുമ്പുതന്നെ അവന്‍ അവളെ മടക്കി എടുക്കുവാനും ചിലപ്പോള്‍ കാരണമായിത്തീരുന്നു. ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതിനിടക്ക് അതിന് പ്രവിശാലമായ സന്ദര്‍ഭങ്ങള്‍ ലഭിക്കാം. അവര്‍ക്ക് തെറ്റുകള്‍ മനസ്സിലാക്കി വീണ്ടും ഒന്നിക്കുവാന്‍ പ്രേരണ നല്‍കുന്ന അവസരമാണിത്. മനുഷ്യമനസ്സിനെക്കുറിച്ച് മനുഷ്യനെക്കാള്‍ അറിയാവുന്ന അല്ലാഹുവിന്റെ ഈ നിയമം എത്രകണ്ടു യുക്തിമത്തായ ഒന്നാണെന്നു ആലോചിച്ചു നോക്കുക.
പുതിയ വിവാഹമോ, പുതിയ വിവാഹമൂല്യമോ ഇല്ലാതെ തിരിച്ചെടുക്കാൻ പറ്റുംവിധത്തിലുള്ള ഇദ്ദകൾ ഭർത്താവിന്റെ ചെലവിൽ അയാളുടെ വീട്ടിൽതന്നെ അനുഷ്ഠിക്കാൻ അല്ലാഹു കൽപിച്ചത്; ഏതെങ്കിലും തരത്തിൽ ദമ്പതികൾക്ക് ഒന്നിച്ച് പോകാൻ അവസരമുണ്ടെങ്കിൽ അത് നഷ്ടപ്പെടരുത് എന്ന നിലയ്ക്കു തന്നെയാണ്. മാത്രവുമല്ല, ഈ ഘട്ടത്തിൽ അവളുടെ ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്തിൽനിന്നും ഭാര്യക്കുള്ള അവകാശം അവൾക്ക് ലഭിക്കുകതന്നെ ചെയ്യും. അത് തടയപ്പെടുകയില്ല. ഭർത്താവിന്റെ മരണത്തോടെ ത്വലാക്വിന്റെ ഇദ്ദ അവസാനിക്കുകയും ഭർത്താവ് മരണപ്പെട്ട് ഒരു സ്ത്രീ വിധവയായാൽ അവൾ നിർവഹിക്കേണ്ട ഇദ്ദ ആരംഭിക്കുകയും ചെയ്യും എന്നതാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
എന്നാല്‍, ഭര്‍ത്താവ് വാശിപിടിച്ച് ഭാര്യയെ ഇറക്കിവിടുകയോ ഭാര്യ വിവേകശൂന്യയായി അവളുടെ വീട്ടിലേക്ക് ഇറങ്ങിപ്പോവുകയോ ചെയ്യുന്നത് അവ൪ ഒന്നിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ത്വലാഖിന്റെ പര്യവസാനം സ്ഥിരമായ വേര്‍പാടാക്കിത്തീര്‍ക്കുകയും ചെയ്യും.
{لا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَلِكَ أَمْرًا} أَيْ: شَرَعَ اللَّهُ الْعِدَّةَ، وَحَدَّدَ الطَّلَاقَ بِهَا، لِحِكْمَةٍ عَظِيمَةٍ: فَمِنْهَا: أَنَّهُ لَعَلَّ اللَّهَ يُحْدِثُ فِي قَلْبِ الْمُطَلِّقِ الرَّحْمَةَ وَالْمَوَدَّةَ، فَيُرَاجِعُ مَنْ طَلَّقَهَا، وَيَسْتَأْنِفُ عِشْرَتَهَا، فَيَتَمَكَّنُ مِنْ ذَلِكَ مُدَّةَ الْعِدَّةِ، أَوْ لَعَلَّهُ يُطْلِّقُهَا لِسَبَبٍ مِنْهَا، فَيَزُولُ ذَلِكَ السَّبَبُ فِي مُدَّةِ الْعِدَّةِ، فَيُرَاجِعُهَا لِانْتِفَاءِ سَبَبِ الطَّلَاقِ. وَمِنَ الْحِكَمِ: أَنَّهَا مُدَّةُ التَّرَبُّصِ، يُعْلَمُ بَرَاءَةُ رَحِمِهَا مَنْ زَوْجِهَا.
{അതിന് ശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ട് വന്നേക്കുമോ എന്ന നിനക്കറിയില്ല} അതായത് :അല്ലാഹു ഇദ്ദ നിശ്ചയിച്ചു, വിവാഹമോചനത്തില്‍ അതൊരു പരിധിയാക്കുകയും ചെയ്തു. അതില്‍ മഹത്തായ യുക്തിയുണ്ട്. അതിലൊന്ന് : വിവാഹമോചിതന്റെ മനസ്സില്‍ ഒരുപക്ഷേ, കാരുണ്യവും സ്‌നേഹവും ഉണ്ടായേക്കാം. അങ്ങനെ അവന്‍ അവളെ മടക്കിയെടുക്കുകയും സഹവാസം നല്ല നിലയില്‍ പുനരാരംഭിക്കുകയും ചെയ്‌തേക്കാം. അതിന് സൗകര്യപ്പെടുന്ന ഒരു കാലാവധിയാണ് ഈ സമയം. വിവാഹമോചനത്തിന് ചില കാരണങ്ങളുണ്ടായേക്കാം. ഈ സമയത്ത് ആ കാരണങ്ങള്‍ ഇല്ലാതെയാവുകയും അവളെ മടക്കിയെടുക്കുകയും ചെയ്‌തേക്കാം. മറ്റൊന്ന് ഈ കാത്തിരിപ്പിന്റെ സമയത്ത് തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ അവളുടെ കുഞ്ഞില്ല എന്ന് ഉറപ്പുവരുത്താനും കഴിയും. (തഫ്സീറുസ്സഅ്ദി – സൂറ:ത്വലാഖ്)
ഇദ്ദാകാലത്തു എപ്പോള്‍ വേണമെങ്കിലും അവന് അവളെ മടക്കിയെടുക്കാം. . നിരുപാധികം അയാള്‍ക്ക് അതിന് സാധിക്കും. അവളെ താൻ സഖിയായി സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാൾ അവളോട് പറഞ്ഞാൽ മാത്രം മതിയാകും.
…. ﻭَﺑُﻌُﻮﻟَﺘُﻬُﻦَّ ﺃَﺣَﻖُّ ﺑِﺮَﺩِّﻫِﻦَّ ﻓِﻰ ﺫَٰﻟِﻚَ ﺇِﻥْ ﺃَﺭَاﺩُﻭٓا۟ ﺇِﺻْﻠَٰﺤًﺎ ۚ …..
….അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. … (ഖു൪ആന്‍ : 2/228)
ഇദ്ദാകാലത്ത് മടക്കിയെടുക്കുന്നത് അവളെ ദ്രോഹിക്കുവാന്‍ വേണ്ടിയായിരിക്കരുത്.
ﻭَﻻَ ﺗُﻤْﺴِﻜُﻮﻫُﻦَّ ﺿِﺮَاﺭًا ﻟِّﺘَﻌْﺘَﺪُﻭا۟ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻓَﻘَﺪْ ﻇَﻠَﻢَ ﻧَﻔْﺴَﻪُۥ ۚ ﻭَﻻَ ﺗَﺘَّﺨِﺬُﻭٓا۟ ءَاﻳَٰﺖِ ٱﻟﻠَّﻪِ ﻫُﺰُﻭًا ۚ
….ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്……..(ഖു൪ആന്‍ :2/231)
അവളെ മടക്കി എടുക്കുന്നത് വല്ല ദുരുദ്ദേശ്യവും വെച്ചുകൊണ്ടായിക്കരുത്. മേലില്‍ നല്ല നിലയില്‍ വര്‍ത്തിക്കുമെന്ന് ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണം അങ്ങനെ ചെയ്യുന്നത്. ഒരു വഴക്ക് ഉണ്ടാകുമ്പോഴേക്ക് ഭാര്യയെ ത്വലാഖ് ചെയ്യുക, എന്നിട്ട് ഇദ്ദ കഴിയുമ്പോഴേക്ക് മടക്കി എടുക്കുക, മറ്റൊരുകാരണം കിട്ടുമ്പോള്‍ വീണ്ടും ത്വലാഖ് ചെയ്യുക, പിന്നെയും മടക്കി എടുക്കുക, അല്ലെങ്കില്‍ മടക്കി എടുത്തശേഷം നല്ല നിലക്ക് പെരുമാറാതിരിക്കുക, ചെയ്തുകൊടുക്കേണ്ടുന്ന ബാധ്യതകളില്‍വീഴ്ച വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഒരു സത്യവിശ്വാസിയില്‍ ഉണ്ടാകരുതെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ഇദ്ദാകാലത്തു അവനു അവളെ മടക്കിയെടുത്തിട്ടില്ലെങ്കില്‍, ഇദ്ദഃയുടെ കാലാവധി അവസാനിക്കുന്നതോടെ അവന്‍ രണ്ടിലൊന്നു തീരുമാനിക്കേണ്ടതാണ്. ഒന്നുകില്‍, അവളെ വെച്ചുകൊണ്ടിരിക്കുക എന്നു തീരുമാനിക്കണം. അഥവാ ത്വലാഖ് നടപ്പിലാക്കുന്നതില്‍ നിന്നു പിന്‍വലിച്ചു അവളെ പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലെങ്കില്‍ മടക്കി എടുക്കാതെപിരിച്ചുവിടുക അഥവാ ത്വലാഖ് നടപ്പില്‍ വരുത്തണം. രണ്ടില്‍ ഏതായിരുന്നാലും ശരി, അത് സദാചാര മര്യാദയനുസരിച്ചായിരിക്കണം. ഉപദ്രവകരമോ, ദുരുദ്ദേശ്യപൂര്‍വ്വമോ ആയിരിക്കരുത്.
ത്വലാഖ് സ്ഥിരപ്പെടുത്തുകയാണെങ്കിലും, മടക്കിയെടുക്കുകയാണെങ്കിലും അതിന് മര്യാദക്കാരായ രണ്ടു മുസ്ലിംകളെ സാക്ഷി നിറുത്തുകയും ചെയ്യേണ്ടതുണ്ട്. പിന്നീടു തര്‍ക്കമോ വഴക്കോ ഉണ്ടാകാതിരിക്കുവാനും, ഉണ്ടായേക്കുന്ന പക്ഷം സത്യം തെളിയിക്കുവാനും അത് സഹായകരമാണ്.
ﻓَﺈِﺫَا ﺑَﻠَﻐْﻦَ ﺃَﺟَﻠَﻬُﻦَّ ﻓَﺄَﻣْﺴِﻜُﻮﻫُﻦَّ ﺑِﻤَﻌْﺮُﻭﻑٍ ﺃَﻭْ ﻓَﺎﺭِﻗُﻮﻫُﻦَّ ﺑِﻤَﻌْﺮُﻭﻑٍ ﻭَﺃَﺷْﻬِﺪُﻭا۟ ﺫَﻭَﻯْ ﻋَﺪْﻝٍ ﻣِّﻨﻜُﻢْ ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺸَّﻬَٰﺪَﺓَ ﻟِﻠَّﻪِ ۚ ﺫَٰﻟِﻜُﻢْ ﻳُﻮﻋَﻆُ ﺑِﻪِۦ ﻣَﻦ ﻛَﺎﻥَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۚ
അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. (ഖു൪ആന്‍ : 65/2)
ത്വലാഖ് ചെയ്യുമ്പോള്‍ വിവാഹത്തില്‍ മഹ്‌റായി (വിവാഹമൂല്യമായി) നല്‍കപ്പെട്ട ധനം തിരിച്ചു വാങ്ങാന്‍ പാടുള്ളതല്ല.
…..ﻭَﻻَ ﻳَﺤِﻞُّ ﻟَﻜُﻢْ ﺃَﻥ ﺗَﺄْﺧُﺬُﻭا۟ ﻣِﻤَّﺎٓ ءَاﺗَﻴْﺘُﻤُﻮﻫُﻦَّ ﺷَﻴْـًٔﺎ ۖ …….
….നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക് ) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല…. .(ഖു൪ആന്‍ : 2/229)
…ﻭَﺇِﻥْ ﺃَﺭَﺩﺗُّﻢُ ٱﺳْﺘِﺒْﺪَاﻝَ ﺯَﻭْﺝٍ ﻣَّﻜَﺎﻥَ ﺯَﻭْﺝٍ ﻭَءَاﺗَﻴْﺘُﻢْ ﺇِﺣْﺪَﻯٰﻫُﻦَّ ﻗِﻨﻄَﺎﺭًا ﻓَﻼَ ﺗَﺄْﺧُﺬُﻭا۟ ﻣِﻨْﻪُ ﺷَﻴْـًٔﺎ
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. …….(ഖു൪ആന്‍ : 4/20)
അതേപോലെ അവ൪ ഒന്നിച്ച് ജീവിച്ചകാലത്ത് അവള്‍ക്ക് നല്‍കിയതൊന്നും തിരിച്ചു വാങ്ങാവതല്ല. ഒരിക്കല്‍ ദാനമായി കൊടുത്തതിനെ പിന്നീട് തിരിച്ചുവാങ്ങുന്നത് ഛര്‍ദ്ദിച്ച വസ്തു വീണ്ടും തിന്നുന്നതിനോടാണ് നബി (സ്വ) ഉപമിച്ചിട്ടുള്ളത്.
വിവാഹമോചന സമയത്ത് സ്ത്രീകള്‍ക്ക് മാന്യമായ പാരിതോഷികം നല്‍കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്.
ﻭَﻟِﻠْﻤُﻄَﻠَّﻘَٰﺖِ ﻣَﺘَٰﻊٌۢ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۖ ﺣَﻘًّﺎ ﻋَﻠَﻰ ٱﻟْﻤُﺘَّﻘِﻴﻦَ
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ.(ഖു൪ആന്‍ :2/241).
ﻭَﻣَﺘِّﻌُﻮﻫُﻦَّ ﻋَﻠَﻰ ٱﻟْﻤُﻮﺳِﻊِ ﻗَﺪَﺭُﻩُۥ ﻭَﻋَﻠَﻰ ٱﻟْﻤُﻘْﺘِﺮِ ﻗَﺪَﺭُﻩُۥ ﻣَﺘَٰﻌًۢﺎ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۖ ﺣَﻘًّﺎ ﻋَﻠَﻰ ٱﻟْﻤُﺤْﺴِﻨِﻴﻦَ
…….. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ.(ഖു൪ആന്‍ :2/236).
ഒന്നാം പ്രാവശ്യത്തെ ത്വലാഖിനെ തുടര്‍ന്നുള്ള ഇദ്ദ കഴിയുന്നതുവരെ മടക്കി എടുക്കാത്തപക്ഷം, പിന്നീട് അവ൪ ഇരുവ൪ക്കും വേറെ വിവാഹം കഴിക്കാം. ഇരുവര്‍ക്കും പരസ്പരം ഇഷ്ടവും തൃപ്തിയും ഉണ്ടെങ്കില്‍ വിവാഹമോചനം നടത്തിയ ആദ്യത്തെ ഭര്‍ത്താവിന് തന്നെയും അവളെ വിവാഹം കഴിക്കാവുന്നതാണ്.അത്തരം സന്ദ൪ഭങ്ങളില്‍ അവള്‍ ആദ്യത്തെ ഭര്‍ത്താവിനെതന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അവളെ അതില്‍ നിന്നും ആരും തടയാന്‍ പാടില്ല.
ﻭَﺇِﺫَا ﻃَﻠَّﻘْﺘُﻢُ ٱﻟﻨِّﺴَﺎٓءَ ﻓَﺒَﻠَﻐْﻦَ ﺃَﺟَﻠَﻬُﻦَّ ﻓَﻼَ ﺗَﻌْﻀُﻠُﻮﻫُﻦَّ ﺃَﻥ ﻳَﻨﻜِﺤْﻦَ ﺃَﺯْﻭَٰﺟَﻬُﻦَّ ﺇِﺫَا ﺗَﺮَٰﺿَﻮْا۟ ﺑَﻴْﻨَﻬُﻢ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۗ ﺫَٰﻟِﻚَ ﻳُﻮﻋَﻆُ ﺑِﻪِۦ ﻣَﻦ ﻛَﺎﻥَ ﻣِﻨﻜُﻢْ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۗ ﺫَٰﻟِﻜُﻢْ ﺃَﺯْﻛَﻰٰ ﻟَﻜُﻢْ ﻭَﺃَﻃْﻬَﺮُ ۗ ﻭَٱﻟﻠَّﻪُ ﻳَﻌْﻠَﻢُ ﻭَﺃَﻧﺘُﻢْ ﻻَ ﺗَﻌْﻠَﻤُﻮﻥَ
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍ : 2/232)
عَنْ مَعْقِلِ بْنِ يَسَارٍ، أَنَّهُ زَوَّجَ أُخْتَهُ رَجُلاً مِنَ الْمُسْلِمِينَ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَكَانَتْ عِنْدَهُ مَا كَانَتْ ثُمَّ طَلَّقَهَا تَطْلِيقَةً لَمْ يُرَاجِعْهَا حَتَّى انْقَضَتِ الْعِدَّةُ فَهَوِيَهَا وَهَوِيَتْهُ ثُمَّ خَطَبَهَا مَعَ الْخُطَّابِ فَقَالَ لَهُ يَا لُكَعُ أَكْرَمْتُكَ بِهَا وَزَوَّجْتُكَهَا فَطَلَّقْتَهَا وَاللَّهِ لاَ تَرْجِعُ إِلَيْكَ أَبَدًا آخِرُ مَا عَلَيْكَ قَالَ فَعَلِمَ اللَّهُ حَاجَتَهُ إِلَيْهَا وَحَاجَتَهَا إِلَى بَعْلِهَا فَأَنْزَلَ اللَّهُ ( وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ ) إِلَى قَوْلِهِ :( وَأَنْتُمْ لاَ تَعْلَمُونَ )
മഉക്വലിന്റെ(റ) സഹോദരിയെ അവരുടെ ഭര്‍ത്താവ് ത്വലാഖ് ചെയ്തു. ഇദ്ദ കഴിയുന്നതുവരെ മടക്കി എടുക്കാതെ അദ്ദേഹം അവരെ പിരിച്ചുവിട്ടു. പിന്നെ, അദ്ദേഹത്തിന് ആ സ്ത്രീയോടും, സ്ത്രീക്ക് അദ്ദേഹത്തോടും സ്‌നേഹം തോന്നി. പിന്നീട് ആ സ്ത്രീയെ വിവാഹലോചന നടത്തിയവരുടെ കൂട്ടത്തില്‍ അദ്ദേഹവും വിവാഹാലോചന നടത്തുകയുണ്ടായി.അപ്പോള്‍ മഉക്വല്‍ (റ) പറഞ്ഞു: ‘ഹേ, വിഢീ അവളെക്കൊണ്ട് ഞാന്‍ നിന്നെ ആദരിക്കുകയും, അവളെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുകയും ചെയ്തു. എന്നിട്ട് നീ അവളെ വിവാഹമോചനം നടത്തുകയാണ് ചെയ്തത്. അല്ലാഹുവിനെതന്നെയാണെ സത്യം ഇനി, നിന്റെ അടുക്കലേക്ക് അവള്‍ ഒരിക്കലും മടങ്ങി വരുകയില്ല’. മഉക്വല്‍ (റ) പറയുകയാണ് : ‘അപ്പോള്‍, അദ്ദേഹത്തിന് അവളിലേക്കും, അവള്‍ക്ക് അദ്ദേഹത്തിലേക്കുമുള്ള ആവശ്യം അല്ലാഹു അറിഞ്ഞു. അവന്‍ …. وَإِذَا طَلَّقْتُمُ എന്നുള്ള ഈ വചനം അവതരിപ്പിച്ചു. എന്റെ ഈ വിഷയത്തിലാണ് ഇത് അവതരിച്ചത്.’ (ബുഖാരി)
അവതരണഹേതു പ്രത്യേക സംഭവമായിരുന്നാലും ആയത്തിലെ വിധി പൊതുവെയുള്ളത് തന്നെ. ഇനി അവള്‍ പുതിയൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിലും സ്ത്രീയുടെ ബന്ധുക്കളോ ആദ്യഭ൪ത്താവോ തടസ്സം നില്‍ക്കരുത്.
ഒന്നാം പ്രാവശ്യത്തെ ത്വലാഖിനെ തുടര്‍ന്നുള്ള ഇദ്ദ കഴിയുന്നതുവരെ മടക്കി എടുക്കാത്തപക്ഷം, പിന്നീട് അവ൪ ഇരുവ൪ക്കും വേറെ വിവാഹം കഴിക്കാമെന്ന് നാം മനസ്സിലാക്കി. വിവാഹമോചനത്തിന് മൂന്ന് ത്വലാഖും ചൊല്ലണമെന്നില്ല. ഇപ്രകാരം ഒരു ത്വലാഖിലൂടെതന്നെ വിവാഹമോചനം സാധുവാണന്ന കൂടി സാന്ദ൪ഭികമായി മനസ്സിലാക്കുക.
ഒരാള്‍ ഭാര്യയെ ത്വലാഖ് ചെയ്ത ശേഷം ഇദ്ദയില്‍ അവളെ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ ഇദ്ദാകാലത്തിന് ശേഷം അവന്‍ അവളെ വിവാഹം കഴിക്കുകയോ ചെയ്തു. അങ്ങനെ അവ൪ പിന്നേയും ജീവിതം തുട൪ന്നു.ഇവിടെ ഒരു ത്വലാഖ് സംഭവിച്ചിട്ടുണ്ട്.വീണ്ടും അവരുടെ ജീവിതത്തില്‍ പ്രശ്നം സങ്കീ൪ണ്ണമായി. അങ്ങനെ പ്രശ്നപരിഹാര ശ്രമങ്ങള്‍, ച൪ച്ചകള്‍ നടത്തിയെങ്കിലും അവസാനം ത്വലാഖിലെത്തി. ഇത് അവരുടെ ജീവിതത്തിലെ രണ്ടാമത്തെ ത്വലാഖാണ്. രണ്ടാം പ്രാവശ്യം ത്വലാഖ് നടത്തിയാലുള്ള വിധിയും ഇതുപോലെ തന്നെ. ഇദ്ദയില്‍ മടക്കി എടുക്കാത്തപക്ഷം, പിന്നീട് അവ൪ ഇരുവ൪ക്കും വേറെ വിവാഹം കഴിക്കാം. അയാള്‍ ഇദ്ദയില്‍ അവളെ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ ഇദ്ദാകാലത്തിന് ശേഷം അവന്‍ അവളെ വിവാഹം കഴിക്കുകയോ ചെയ്തു.അങ്ങനെ അവ൪ പിന്നേയും ജീവിതം തുട൪ന്നു.ഇവിടെ രണ്ട് ത്വലാഖ് സംഭവിച്ചിട്ടുണ്ട്. വീണ്ടും അവരുടെ ജീവിതത്തില്‍ പ്രശ്നം സങ്കീ൪ണ്ണമായി. അങ്ങനെ പ്രശ്നപരിഹാര ശ്രമങ്ങള്‍, ച൪ച്ചകള്‍ നടത്തിയെങ്കിലും അവസാനം ത്വലാഖിലെത്തി. ഇത് അവരുടെ ജീവിതത്തിലെ മൂന്നാമത്തെ ത്വലാഖാണ്. . മൂന്നാമത്തെ തവണ ത്വലാഖ് ചൊല്ലിയാല്‍ അവന് അവളെ ഇദ്ദയില്‍ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ ഇദ്ദാകാലത്തിന് ശേഷം അവളെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ കഴിയില്ല.
ﻓَﺈِﻥ ﻃَﻠَّﻘَﻬَﺎ ﻓَﻼَ ﺗَﺤِﻞُّ ﻟَﻪُۥ ﻣِﻦۢ ﺑَﻌْﺪُ ﺣَﺘَّﻰٰ ﺗَﻨﻜِﺢَ ﺯَﻭْﺟًﺎ ﻏَﻴْﺮَﻩُۥ ۗ ﻓَﺈِﻥ ﻃَﻠَّﻘَﻬَﺎ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻬِﻤَﺎٓ ﺃَﻥ ﻳَﺘَﺮَاﺟَﻌَﺎٓ ﺇِﻥ ﻇَﻨَّﺎٓ ﺃَﻥ ﻳُﻘِﻴﻤَﺎ ﺣُﺪُﻭﺩَ ٱﻟﻠَّﻪِ ۗ ﻭَﺗِﻠْﻚَ ﺣُﺪُﻭﺩُ ٱﻟﻠَّﻪِ ﻳُﺒَﻴِّﻨُﻬَﺎ ﻟِﻘَﻮْﻡٍ ﻳَﻌْﻠَﻤُﻮﻥَ
ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല. അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(ഖു൪ആന്‍ : 2/230)
അവന്‍ അവളെ മൂന്നാമതും ത്വലാഖ് നടത്തിയാല്‍ അവ൪ ഇരുവ൪ക്കും വേറെ വിവാഹം കഴിക്കാമെന്നതല്ലാതെ അവളെ ഇദ്ദാകാലത്ത് തിരിച്ചെടുക്കാനോ ഇദ്ദക്ക് ശേഷം വിവാഹം കഴിക്കാനോ കഴിയില്ല.ഇവ൪ക്ക് ഒന്നിച്ച് ജീവിക്കുന്നതിനുള്ള യാതൊരു പഴുതും അവശേഷിക്കുന്നില്ല. അവള്‍ക്ക് വേണമെങ്കില്‍ മറ്റൊരു വിവാഹം കഴിക്കാം. ആ വിവാഹം തന്നെ അയാളോടൊത്ത് ജീവിക്കാന്‍ വേണ്ടിയായിരിക്കണം. ആ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായി അയാള്‍ അവളെ നിയമാനുസൃതം വിവാഹമോചനം നടത്തുകയും മറ്റ് നടപടികളെല്ലാം പൂ൪ത്തീകരിച്ച് അവ൪ വേ൪പിരിയുകയാണെങ്കില്‍ പിന്നീട് ആദ്യഭ൪ത്താവിന് വേണമെങ്കില്‍ അവളെ വീണ്ടും വിവാഹം കഴിക്കാവുന്നതാണ്.അല്ലാഹുവിന്റെ നിയമപരിധിക്കുള്ളില്‍ ഒതുങ്ങിനിന്ന് രഞ്ജിപ്പോടെ കഴിയുമെന്നുള്ള പ്രതീക്ഷ രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ മാത്രമേ ഇത് ആലോചിക്കാവൂവെന്ന് ‘അല്ലാഹുവിന്‍റെ അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് രണ്ടു പേരും കരുതിയാല്‍’ എന്ന വാക്യത്തിലൂടെ അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
‘മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ’ എന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളുവെങ്കിലും ആ വിവാഹത്തില്‍ അവര്‍ തമ്മില്‍ ശാരീരികബന്ധം നടന്നിരിക്കണമെന്നുകൂടി നബി (സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
عَنْ عَائِشَةَ، أَنَّ رَجُلاً، طَلَّقَ امْرَأَتَهُ ثَلاَثًا، فَتَزَوَّجَتْ فَطَلَّقَ فَسُئِلَ النَّبِيُّ صلى الله عليه وسلم أَتَحِلُّ لِلأَوَّلِ قَالَ : لاَ، حَتَّى يَذُوقَ عُسَيْلَتَهَا كَمَا ذَاقَ الأَوَّلُ
ആയിശ(റ) നിവേദനം: ഒരാള്‍ തന്റെ ഭാര്യയെ മൂന്ന് പ്രാവശ്യം ത്വലാഖ് പിരിച്ചു. അവള്‍ മറ്റൊരുപുരുഷനെ വിവാഹം ചെയ്തു മോചിതയായി. അവള്‍ ആദ്യം ഭര്‍ത്താവിന് അനുവദനീയമാകുമോ എന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു: പാടില്ല. അവന്‍ അവളുടെ മധു നുകരുന്നതുവരെ. ആദ്യഭര്‍ത്താവ് നുകര്‍ന്നതു പോലെ. (ബുഖാരി:5261)
ചുരുക്കത്തില്‍ മൂന്നാമത്തെ ത്വലാഖ് നടന്നു കഴിഞ്ഞാല്‍ അവന് അവളെ ഇനി കിട്ടില്ലന്ന൪ത്ഥം.മൂന്നാമത്തെ ത്വലാഖ് ചെയ്തവ൪ക്ക് അവളെ തിരിച്ചെടുക്കാന്‍ വേണ്ടി അല്ലാഹു ഒരു നിയമവും ഉണ്ടാക്കിയിട്ടില്ല. അവള്‍ മറ്റൊരു വിവാഹം കഴിച്ച് അയാളോട് ജീവിച്ചുപോകുകയാണല്ലോ ചെയ്യുന്നത്.ആ ജീവിതത്തില്‍ എന്തെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായി അത് പരിഹരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ത്വലാഖ് ചെയ്ത് അതിന്റെ ഘട്ടങ്ങളെല്ലാം പാലിച്ച് അവന്‍ അവളെ പിരിച്ച് വിട്ടശേഷം അവള്‍ക്ക് വേറെ വിവാഹം അന്വേഷിക്കുമ്പോള്‍ അവളുടെ ആദ്യ ഭ൪ത്താവിനെയും പരിഗണിക്കാമെന്ന് മാത്രം.
മൂന്നാമത്തെ തവണ ത്വലാഖ് ചെയ്താലും അവള്‍ ഇദ്ദ ഇരിക്കണം. ഒന്നാമത്തേയും രണ്ടാമത്തേയും ത്വലാഖിന് ശേഷമുള്ള ഇദ്ദ ഭ൪ത്താവിന്റെ വീട്ടിലായിരുന്നുവെങ്കില്‍ മൂന്നാമത്തെ ത്വലാഖിന് ശേഷമുള്ള ഇദ്ദ ഇരിക്കേണ്ടത് അവളുടെ വീട്ടിലായിരിക്കണം.മൂന്നാമത്തെ ത്വലാഖിന് ശേഷമുള്ള ഇദ്ദ തിരികെ സ്വീകരിക്കപ്പെടാനുള്ള അവസരമായിട്ടുള്ളതല്ല, മറിച്ച് സ്ത്രീ മറ്റൊരാളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് വിലക്കപ്പെട്ട അവസരം മാത്രമായിട്ടുള്ളതാണ്. ആദ്യത്തെ രണ്ട് ഇദ്ദയില്‍ ഭ൪ത്താവ് ചിലവ് കൊടുത്തിരുന്നുവെങ്കിലും ഇവിടെ അവന്‍ ചിലവിന് നല്‍കേണ്ടതില്ല. എന്നാല്‍ അവള്‍ ഗ൪ഭിണിയാണെങ്കില്‍ ഇവിടെയും അവന്‍ ചിലവിന് കൊടുക്കണം.
عَنْ فَاطِمَةَ بِنْتِ قَيْسٍ، أَنَّهُ طَلَّقَهَا زَوْجُهَا فِي عَهْدِ النَّبِيِّ صلى الله عليه وسلم وَكَانَ أَنْفَقَ عَلَيْهَا نَفَقَةَ دُونٍ فَلَمَّا رَأَتْ ذَلِكَ قَالَتْ وَاللَّهِ لأُعْلِمَنَّ رَسُولَ اللَّهِ صلى الله عليه وسلم فَإِذَا كَانَ لِي نَفَقَةٌ أَخَذْتُ الَّذِي يُصْلِحُنِي وَإِنْ لَمْ تَكُنْ لِي نَفَقَةٌ لَمْ آخُذْ مِنْهُ شَيْئًا قَالَتْ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ “ لاَ نَفَقَةَ لَكِ وَلاَ سُكْنَى ” .
ഫാത്വിമ ബിൻത് ക്വൈസി(റ)ൽ നിന്നും നിവേദനം: “നബി ﷺ യുടെ കാലത്ത് മഹതിയുടെ ഭർത്താവ് അവരെ വിവാഹമോചനം ചെയ്യുകയുണ്ടായി. തന്റെ ആവശ്യത്തിന് തികയാത്ത നിസ്സാരമായ വസ്തുവാണ് ഭർത്താവ് ചെലവിന് നൽകിയത്. അത് കണ്ടപ്പോൾ മഹതി പറഞ്ഞു: ‘അല്ലാഹുവാണേ, ഞാനിത് റസൂലി ﷺ നെ അറിയിക്കുകതന്നെ ചെയ്യും. എനിക്ക് ചെലവിനുതരൽ അയാൾക്ക് ബാധ്യതയുണ്ടെങ്കിൽ എനിക്ക് അനുയോജ്യമായത് ഞാൻ അയാളിൽനിന്നും വാങ്ങുകതന്നെ ചെയ്യും. ഇനി എനിക്ക് ചെലവിന് തരൽ അയാൾക്ക് ബാധ്യതയില്ലെങ്കിൽ അയാളിൽനിന്നും ഞാൻ ഒന്നും സ്വീകരിക്കുകയുമില്ല.’ മഹതി പറഞ്ഞു: ‘അത് ഞാൻ നബിയോട് സൂചിപ്പിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിനക്ക് (അയാളിൽനിന്നും) ചെലവുമില്ല, താമസ സൗകര്യവും ഇല്ല.’’ (മുസ്ലിം:1480)
മറ്റു റിപ്പോർട്ടുകളിൽ ‘മൂന്നാം ത്വലാക്വ്’ എന്ന് വ്യക്തമായിത്തന്നെ വന്നിട്ടുണ്ട്.
ഇദ്ദാകാലത്ത് മടക്കി എടുക്കാത്തതുകൊണ്ടോ, خلع (ഖുൽഅ്) പ്രകാരമോ ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പെട്ടു പോകുന്നതെങ്കില്‍, അതിന് بَيْنُونَة صغرى (ചെറിയ വേര്‍പാട്) എന്നാണ് സാങ്കേതിക ഭാഷയില്‍ പറയപ്പെടുക. കാരണം, വേണമെങ്കില്‍ ഈ വേര്‍പാടിനുശേഷവും അവര്‍ക്ക് പുതിയൊരു വിവാഹം മുഖേന പഴയ ബന്ധത്തിലേക്ക് മടങ്ങാവുന്നതാണ്. മൂന്നാം പ്രാവശ്യത്തെ ത്വലാഖിന് ശേഷം മടക്കിയെടുക്കുവാന്‍ പാടില്ല. അതുകൊണ്ട് ഈ വേര്‍പാടിന് بَيْنُونَة كبرى (വലിയ വേര്‍പാട്) എന്നും പറയപ്പെടുന്നു.
ഇസ്ലാമിലെ വിവാഹമോചനത്തിന്റെ മേൻമ ഇവിടെ വ്യക്തമാണ്. ഒരു ത്വലാക്വ് മാത്രമാണ് ഇസ്‌ലാമിൽ അനുവദിക്കപ്പെട്ടത്. കാരണം ത്വലാക്വിന് ശേഷം ദീക്ഷാ കാലയളവിൽ പ്രശ്‌ന പരിഹാര മാർഗങ്ങൾ തെളിഞ്ഞു വരുന്ന സാഹചര്യമുണ്ടെങ്കിൽ പുതിയ വിവാഹമോ വിവാഹമൂല്യമോ ഇല്ലാതെതന്നെ ദമ്പതികൾക്ക് വീണ്ടും ഇണകളായി തുടരാനുള്ള അവസരം അതിലൂടെ ലഭിക്കുന്നു.
വീണ്ടും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ വരുന്നുവെങ്കിൽ മേൽ സൂചിപ്പിച്ച പ്രകാരം പ്രശ്‌ന പരിഹാരത്തിന്റെ ഓരോ ഘട്ടവും കഴിഞ്ഞ് മുന്നോട്ട് പോകൽ പ്രയാസമാണെന്ന് ബോധ്യപ്പെടുന്ന മുറക്ക് രണ്ടാമത്തെ വിവാഹമോചനത്തിനുള്ള അവസരം ഉപയോഗപ്പെടുത്തുകയുമാകാം. അതിന്റെ ദീക്ഷാകാലഘട്ടത്തിലും മേൽ സൂചിപ്പിച്ച പ്രകാരം പ്രശ്‌ന പരിഹാര മാർഗങ്ങൾ തെളിഞ്ഞുവരുന്ന സാഹചര്യമുണ്ടെങ്കിൽ പുതിയ വിവാഹമോ വിവാഹമൂല്യമോ ഇല്ലാതെതന്നെ ദമ്പതികൾക്ക് വീണ്ടും ഇണകളായി തുടരാനുള്ള അവസരം ലഭിക്കും.
ഇനി ഒന്നാം ത്വലാക്വിന്റെയും രണ്ടാം ത്വലാക്വിന്റെയും ദീക്ഷാകാലം കഴിഞ്ഞാലും തങ്ങളുടെ പ്രശ്‌നങ്ങളും പിഴവുകളും തിരിച്ചറിഞ്ഞ് അത് പരിഹരിച്ച് ഒന്നിച്ചുള്ള ജീവിതം തുടരാൻ ഉദ്ദേശിക്കുന്നപക്ഷം പുരുഷൻ സ്ത്രീക്ക് പുതിയ വിവാഹമൂല്യം നൽകുകയും പുതിയ വിവാഹകരാറിലൂടെ ദാമ്പത്യം തുടരുകയും ചെയ്യാവുന്നതാണ്.
ഇത്തരം ഘട്ടങ്ങളെല്ലാം കഴിഞ്ഞ് ഒന്നിച്ചു പോകുമ്പോൾ വീണ്ടും പ്രശ്‌നങ്ങൾ ദാമ്പത്യ ജീവിതത്തിൽ കടന്നുവരികയാണെങ്കിൽ മേൽപറഞ്ഞ നടപടിക്രമങ്ങൾ കഴിഞ്ഞ് ബന്ധം മുന്നോട്ട് പോകൽ പ്രയാസമാണെന്ന് ഉറപ്പുള്ള ഘട്ടത്തിൽ മൂന്നാമത്തെ ത്വലാകും ഒരാൾക്ക് ഉപയോഗപ്പെടുത്താം. മൂന്നാമത്തെ ത്വലാക്വ് ചെയ്യുന്നതോടെ ദീക്ഷാകാലത്ത് പരസ്പരം ധാരണയിൽ ഒന്നിക്കാനോ ദീക്ഷക്ക് ശേഷം പുതിയ വിവാഹ മൂല്യത്തിലൂടെയും പുതിയ വിവാഹകരാറിലൂടെയും മാത്രമായി വീണ്ടും അവർ തമ്മിൽ ദാമ്പത്യ ബന്ധം തുടരാനോ സാധിക്കാത്ത അവസ്ഥ നിലവിൽ വരും.
മൂന്ന് പ്രാവശ്യം ത്വലാഖ് ചെയ്തതിനുശേഷം ആ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കാന്‍ വേണ്ടി ചില തന്ത്രങ്ങള്‍ പ്രവ൪ത്തിക്കുന്ന പതിവ് ചില നാടുകളില്‍ പ്രചാരത്തിലുണ്ട്. ഏതെങ്കിലും ഒരാള്‍ക്ക് പ്രതിഫലം കൊടുത്ത് അയാളെകൊണ്ട് പേരിനൊരു വിവാഹം നടത്തി, അടുത്ത അവസരത്തില്‍തന്നെ അവനെക്കൊണ്ട് അവളെ വിവാഹമോചനവും ചെയ്യിക്കും. ഇപ്രകാരം വിവാഹമോചനവും സമ്മതിച്ചുകൊണ്ടാണ് അയാളെകൊണ്ട് വിവാഹം ചെയ്യിക്കുന്നത്. ‘ചടങ്ങ് നില്‍ക്കുക’ എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്.
ഇത്തരം വിവാഹവും വിവാഹമോചനവുംകൊണ്ട് ആ സ്ത്രീ അവളുടെ ആദ്യഭര്‍ത്താവിന് ഒരിക്കലും അനുവദനീയമാകയുമില്ല. ആ വിവാഹം സാധാരണഗതിയിലുള്ള വിവാഹമായിരിക്കണമെന്നും അവര്‍ തമ്മില്‍ ശാരീരികബന്ധം നടന്നിരിക്കണമെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ചടങ്ങ് നില്‍ക്കലില്‍ വിവാഹം ചെയ്ത് അപ്പോള്‍തന്നെ ത്വലാഖ് ചെയ്യലാണ്. ‘അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ’ എന്നോ മറ്റൊ പറയാതെ ‘അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ആ ആരുടേയെങ്കിലും നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ ആയിരിക്കരുതെന്നും മനസ്സിലാക്കാം. ‘എന്നിട്ട് അവന്‍ അവളെ വിവാഹമോചനം നടത്തുന്നപക്ഷം, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് തെറ്റില്ല’ എന്ന വാക്യത്തില്‍ നിന്ന് ആ വിവാഹംപോലെ ആ ത്വലാഖും സാധാരണഗതിയില്‍ നടന്നതായിരിക്കണമെന്നും ആരുടേയെങ്കിലും നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ ആയിരിക്കരുതെന്നും മനസ്സിലാക്കാം.
ഈ ദുഷിച്ച മാര്‍ഗേന സ്ത്രീയെ ആദ്യഭര്‍ത്താവിന് അനുവദനീയമാക്കുവാന്‍ ശ്രമിക്കുന്നവരെ (ചടങ്ങുനില്‍ക്കുന്നവരെ) നബി(സ്വ) ശപിച്ചിട്ടുള്ളതായി കാണാം.
عَنْ عَلِيٍّ، رضى الله عنه أَنَّ النَّبِيَّ صلى الله عليه وسلم قَالَ : لَعَنَ اللَّهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ
നബി(സ്വ) പറഞ്ഞു: ചടങ്ങ് നില്‍ക്കുന്നവനെയും ആര്‍ക്ക് വേണ്ടി ചടങ്ങ് നില്‍ക്കുന്നുവോ അവനെയും നബി(സ്വ) ശപിച്ചിരിക്കുന്നു ( അബുദാവുദ്-2076 )
عَنْ عُقْبَةُ بْنُ عَامِرٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” أَلاَ أُخْبِرُكُمْ بِالتَّيْسِ الْمُسْتَعَارِ ” . قَالُوا بَلَى يَا رَسُولَ اللَّهِ قَالَ ” هُوَ الْمُحَلِّلُ لَعَنَ اللَّهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ ” .
ഉഖ്ബത്തുബ്‌നു ആമിറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: വാടകക്കെടുക്കുന്ന കൊറ്റനാടിനെകുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ? അതെ, ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. നബി(സ്വ) പറഞ്ഞു : ‘അവനാണ് ചടങ്ങ് നില്‍ക്കുന്നവന്‍, അവനെയും ആര്‍ക്കു വേണ്ടിയാണോ അത് ചെയ്യുന്നത് അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.’ (ഇബ്‌നുമാജ:9/2011).
ഏതായാലും ഇത്തരം വിവാഹം ശരിയല്ലെന്നും, അത് അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിക്കലാണെന്നും ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം.
ത്വലാക്വിന്റെ മതവിധി
അടിസ്ഥാനപരമായി വിവാഹമോചനം അനുവദനീയമാണ്. എന്നാൽ അകാരണമായി ഒരാൾ വിവാഹ മോചനത്തിൽ ഏർപ്പെടുന്നത് കറാഹത്തും (വെറുക്കപ്പെട്ടത്) തന്റെ ഇണയെ വിവാഹമോചനത്തിലൂടെ പ്രയാസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണങ്കിൽ അത് ഹറാമു(നിഷിദ്ധം)മാണ്. ഇനി ഒരാൾ തന്റെ ദാമ്പത്യജീവിതം തുടരുന്നത് തന്റെ മതപരമായ നിർബന്ധ ബാധ്യതകൾ നിർവഹിക്കുന്നതിൽനിന്നും വിട്ടുനിൽക്കാനും, മതത്തിൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കാനും കാരണമാകുന്നെങ്കിൽ അത്തരം ഘട്ടത്തിൽ വിവാഹമോചനം അയാൾക്ക് സുന്നത്തായും അതിന്റെ ഗൗരവം വർധിക്കുന്നതിന നുസരിച്ച് നിർബന്ധമായും മാറുകയും ചെയ്യും.
സ്ത്രീക്ക് വിവാഹമോചനം ചെയ്യാനുള്ള അവകാശമുണ്ടോ?
വിവാഹമോചനത്തിന് സ്ത്രീക്കും ഇസ്ലാം അവകാശം നല്‍കുന്നുണ്ട്.ഒരു സ്ത്രീ ന്യായമായ കാരണങ്ങളാല്‍ തന്റെ ഭ൪ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അവള്‍ക്ക് അവനില്‍നിന്ന് മോചനം സിദ്ധിക്കണമെന്ന് തോന്നുന്നപക്ഷം, സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇപ്രകാരം സ്ത്രീയുടെ ഭാഗത്തുനിന്നാണ് വേര്‍പിരിയാനുള്ള തീരുമാനമെങ്കില്‍ അതിന്റെ സാങ്കേതിക നാമം خلع (ഖുൽഅ്) എന്നാണ്. അപ്രകാരം സ്ത്രീ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണെങ്കില്‍ അത് അന്തിമ വേര്‍പാടാണ്. ത്വലാഖിനെ പോലെ വീണ്ടും സന്ധിക്കാന്‍ അവസരമില്ല.
ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ഖുല്‍ഇനുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം.
….ﻓَﺈِﻥْ ﺧِﻔْﺘُﻢْ ﺃَﻻَّ ﻳُﻘِﻴﻤَﺎ ﺣُﺪُﻭﺩَ ٱﻟﻠَّﻪِ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻬِﻤَﺎ ﻓِﻴﻤَﺎ ٱﻓْﺘَﺪَﺕْ ﺑِﻪِۦ ۗ …….
…അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. …. (ഖു൪ആന്‍ : 2/229).
സാബിത്തിബ്നു ഖൈസിന്റെ (റ) ഭാര്യ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ട് അദ്ദേഹത്തിന്റെ ചില ശാരീരിക വൈകല്യങ്ങള്‍ നിമിത്തം അദ്ദേഹമൊന്നിച്ച് കഴിഞ്ഞുകൂടാന്‍ സാദ്ധ്യമല്ലെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം അവള്‍ക്ക് കൊടുത്ത മഹ൪ തിരിച്ചുവാങ്ങി അവള്‍ക്ക് ത്വലാഖ് നല്‍കാന്‍ നബി(സ) സാബിത്തിബ്നു ഖൈസിനോട് (റ)നിര്‍ദ്ദേശിച്ചു.
عَنِ ابْنِ عَبَّاسٍ،. أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ ثَابِتُ بْنُ قَيْسٍ مَا أَعْتُبُ عَلَيْهِ فِي خُلُقٍ وَلاَ دِينٍ، وَلَكِنِّي أَكْرَهُ الْكُفْرَ فِي الإِسْلاَمِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَتَرُدِّينَ عَلَيْهِ حَدِيقَتَهُ ”. قَالَتْ نَعَمْ. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً ”.
ഇബ്നു അബ്ബാസ്(റ) പറയുന്നു: സാബിത്തിബ്നു ഖൈസിന്റെ ഭാര്യ നബി(സ്വ)യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിത്തിബ്നു ഖൈസിന്റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്ലാമില്‍ ജീവിക്കുമ്പോള്‍ സത്യനിഷേധം വെച്ച് കൊണ്ടിരിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നബി(സ്വ) ചോദിച്ചു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവള്‍ പറഞ്ഞു: അപ്പോള്‍ തോട്ടം തിരിച്ചുവാങ്ങി അവള്‍ക്ക് ത്വലാഖ് നല്‍കുകയെന്ന് നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി:5273)
ഖുല്‍ഇല്‍ പ്രതിഫലമായി നിശ്ചയിക്കപ്പെടുന്ന സംഖ്യ വിവാഹവേളയില്‍ നല്‍കപ്പെട്ട മഹറിനെക്കാള്‍ കവിയാതിരിക്കുകയാണ് നല്ലതെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നു. എങ്കിലും, ‘അവള്‍ ഏതൊന്നു കൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ടാള്‍ക്കും തെറ്റില്ല’ എന്ന് അല്ലാഹു പറഞ്ഞതില്‍ നിന്ന്, അവള്‍ക്ക് ഭര്‍ത്താവില്‍നിന്ന് മോചനം സിദ്ധിക്കുവാന്‍ വേണ്ടി അവള്‍ സ്വയം നല്‍കുന്ന ഏത് പ്രതിഫലവും സ്വീകരിക്കാമെന്നും അങ്ങനെ ഇരുകൂട്ടരും തമ്മില്‍ തീരുമാനിക്കുന്ന ഏത് തുകയും ഖുല്‍ഇല്‍ പ്രതിഫലമായി നിശ്ചയിക്കുന്നതിന് വിരോധമില്ലെന്നും മനസ്സിലാക്കാവുന്നതാണ്.
ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുൽഅ് ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
പ്രവാചകന്‍ (സ്വ) പറഞ്ഞു: പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ് . (അബൂദാവൂദ്, തിര്‍മുദി).
സൌബാനില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു. യാതൊരുകുറ്റവും കൂടാതെ ഏതൊരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവള്‍ക്ക് സ്വര്‍ഗ്ഗത്തിലെ സൌരഭ്യം നിഷേധിക്കപ്പെടുന്നതാണ്. (അഹ്മദ്)
ഇസ്ലാം ത്വലാഖിനെ പോലെതന്നെ ഖുല്‍ഉം പരമാവധി സംഭവിക്കാതിരിക്കാനുള്ള മാ൪ഗ്ഗനി൪ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പുരുഷന്റെ ഭാഗത്തു നിന്നാണ് പിണക്കം സംഭവിക്കുന്നതെങ്കില്‍ അല്ലെങ്കില്‍ പ്രശ്നമെങ്കില്‍ ഉടനെ ഖുല്‍ഇലേക്ക് പോകണമെന്നല്ല ഇസ്ലാം പറയുന്നത്. പ്രശ്നം സങ്കീ൪ണ്ണമാക്കാതെ രണ്ടാളും തമ്മില്‍ യോജിക്കുന്നവിധം ഒരു ഒത്തുതീര്‍പ്പുണ്ടാക്കി പരിഹരിക്കേണ്ടതാണെന്ന് അല്ലാഹു ഉപദേശിക്കുന്നു.
ﻭَﺇِﻥِ ٱﻣْﺮَﺃَﺓٌ ﺧَﺎﻓَﺖْ ﻣِﻦۢ ﺑَﻌْﻠِﻬَﺎ ﻧُﺸُﻮﺯًا ﺃَﻭْ ﺇِﻋْﺮَاﺿًﺎ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻬِﻤَﺎٓ ﺃَﻥ ﻳُﺼْﻠِﺤَﺎ ﺑَﻴْﻨَﻬُﻤَﺎ ﺻُﻠْﺤًﺎ ۚ ﻭَٱﻟﺼُّﻠْﺢُ ﺧَﻴْﺮٌ ۗ
ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്…….(ഖു൪ആന്‍ : 4/128)
ഒത്തുതീര്‍പ്പിലുളള വ്യവസ്ഥകള്‍ രണ്ടാളും തമ്മിലോ, രണ്ടാളുടെയും പക്ഷക്കാര്‍ തമ്മിലോ കൂടിയാലോചിച്ചു തയ്യാറാക്കാവുന്നതാകുന്നു. ‘യോജിപ്പാണ് ഏറ്റവും നല്ലത് ‘ എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതില്‍ നിന്നും വിവാഹ മോചനത്തിലേക്ക് അത്യാവശ്യ ഘട്ടത്തിലേ പോകാവൂ എന്നും മനസ്സിലാക്കാവുന്നതാണ്.
സ്ത്രീ ഖുൽഅ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല. താന്‍ ആവശ്യപ്പെട്ട തുക നല്‍കുന്നതോടുകൂടി ഖുൽഅ് സാധുവായിത്തീരുന്നു. അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറുന്നു.
ഖുൽഅ് അശുദ്ധിയിലും ശുദ്ധിയിലും ആകാവുന്നതാണ്. കാരണം ഖുൽഅ് ചെയ്യപ്പെട്ടവളോട് അവളുടെ അവസ്ഥയെക്കുറിച്ച് നബി(സ്വ) അന്വേഷിച്ചിട്ടുണ്ടായിരുന്നില്ല.
ഖുൽഅ് ചെയ്യുപ്പെട്ടവ൪ക്ക് താമസമോ ചിലവോ ഭ൪ത്താവ് നല്‍കേണ്ടതില്ല. എന്നാല്‍ അവ൪ ഗ൪ഭിണിയാണെങ്കില്‍ ചിലവിന് കൊടുക്കണം.
ഖുൽഅ് ചെയ്യുപ്പെട്ട സ്ത്രീയും ഇദ്ദ ഇരിക്കേണ്ടതുണ്ട്. ഖുൽഅ് ചെയ്യുപ്പെട്ട സ്ത്രീ ഭ൪ത്താവിന്റെ വീട്ടിലല്ല അവളുടെ വീട്ടിലാണ് ഇദ്ദ ഇരിക്കേണ്ടത്. അവരുടെ ഇദ്ദാകാലത്തെകുറിച്ച് പണ്ഢിതന്‍മാ൪ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഖുല്‍ഇനെ ത്വലാഖായിട്ടാണോ ഫസ്ഖായിട്ടാണോ പരിഗണിക്കപ്പടുക എന്നതില്‍ പണ്ഢിതന്‍മാ൪ക്കിടയില്‍ വീക്ഷണ വ്യത്യാസമുള്ളതിനാലാണ് ഖുൽഅ് ചെയ്യുപ്പെട്ട സ്ത്രീകളുടെ ഇദ്ദാകാലത്തെകുറിച്ചും അഭിപ്രായ വ്യത്യാസമുള്ളത്. ഖുല്‍ഇനെ ത്വലാഖായിട്ട് പരിഗണിക്കുന്നവരുടെ അഭിപ്രായ പ്രകാരം അവ൪ മൂന്ന് ക്വുറൂഉ ഇദ്ദയിലിരിക്കണം.എന്നാല്‍ ഖുല്‍ഇനെ ഫസ്ഖായിട്ട് പരിഗണിക്കുന്നവരുടെ അഭിപ്രായ പ്രകാരം അവ൪ ഒരു ക്വുറൂഉ വരെയാണ് ഇദ്ദയിലിരിക്കേണ്ടത്. ഏറ്റവും ശരിയായ അഭിപ്രായമായി തോന്നുന്നത് ഖുൽഅ് ഫസ്ഖായി പരിഗണിച്ച് അവ൪ ഒരു ക്വുറൂഉ ഇദ്ദയിലിരിക്കണമെന്നാണ്. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍.
ഒരു ആർത്തവം ഉണ്ടാകുന്നതുവരെ മാത്രമാണ് ഖുൽഅ് ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദയുടെ കാലയളവ് എന്നാണ് ഇസ്ഹാക്വ് ബിൻ റാഹപവൈഹി(റഹി), ഇമാം അഹ്‌മദ് ബിൻഹമ്പൽ(റഹി), ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) മുതലായവരുടെ അഭിപ്രായം എന്ന് ഇബ്‌നുൽക്വയ്യിം(റ) രേഖപ്പെടുത്തിയതായി കാണാം. ആ അഭിപ്രായം തന്നെയാണ് പ്രമാണങ്ങളോട് യോജിച്ചുവരുന്നതും. ഒരു ഹദീസ് കാണുക:
عَنِ ابْنِ عَبَّاسٍ، أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ اخْتَلَعَتْ مِنْهُ فَجَعَلَ النَّبِيُّ صلى الله عليه وسلم عِدَّتَهَا حَيْضَةً .
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: സാബിത്തിബ്നു ഖൈസിന്റെ (റ) ഭാര്യ അദ്ദേഹത്തില്‍ നിന്ന് ഖുല്‍അ് പ്രകാരം വിവാഹമോചിതയായി. അപ്പോള്‍ നബി(സ്വ) അവരുടെ ഇദ്ദ ഒരു ആ൪ത്തവ സമയമാക്കി. (അബൂദാവൂദ്:2229)
ഇബ്നു അബീശൈബ(റ) ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു സംഭവം ഇപ്രകാരമാണ്.
നിശ്ചയം റുബയ്യിഉ ബിന്‍ത് മുഅവ്വിദ് (റ) അവരുടെ ഭ൪ത്താവില്‍ നിന്നും ഖുല്‍ഇലൂടെ വിവാഹമോചനം തേടി. അങ്ങനെ പിതൃസഹോദരനായ ഉസ്മാന്‍ ഇബ്നു അഫ്ഫാന്റെ(റ) അടുക്കല്‍ വന്നു. അപ്പോള്‍ ഒരു ആ൪ത്തവകാലം ഇദ്ദയിലിരിക്കുവാന്‍ അദ്ദേഹം അവരോട് പറഞ്ഞു.ഉസ്മാന്‍ (റ) അത് പറയുന്നതുവരെ മൂന്ന് ആ൪ത്തവ സമയം വരെ അവ൪ ഇദ്ദയിലിരിക്കണമെന്നാണ് ഇബ്നു ഉമ൪(റ) പറഞ്ഞിരുന്നത്.അപ്പോള്‍ അദ്ദേഹം അപ്രകാരം മതവിധി കൊടുക്കുകയും .ഉസ്മാന്‍ (റ) ഞങ്ങളിലെ ഉത്തമനും ഞങ്ങളിലെ ഏറ്റവും വിവരമുള്ളവനാണെന്ന് പറയുകയും ചെയ്തു. (മുസ്വന്നഫ് ഇബ്നു അബീ ശൈബ)
ഖുൽഅ് പ്രകാരമുള്ള വിവാഹമോചനത്തില്‍ ഇദ്ദയുടെ കാലത്ത് അവളെ ഭര്‍ത്താവിന് മടക്കിയെടുക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ അവര്‍ക്ക് പുതിയൊരു വിവാഹം മുഖേന പഴയ ബന്ധത്തിലേക്ക് മടങ്ങാവുന്നതാണ്.
താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുൽഅ് ചെയ്യിക്കുന്നതിനുവേണ്ടിയും അതുവഴി താന്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയും അവളെ പ്രയാസപ്പെടുത്തുവാനോ നി൪ബന്ധിപ്പിക്കുവാനോ പാടില്ല.
….. ﻭَﻻَ ﺗَﻌْﻀُﻠُﻮﻫُﻦَّ ﻟِﺘَﺬْﻫَﺒُﻮا۟ ﺑِﺒَﻌْﺾِ ﻣَﺎٓ ءَاﺗَﻴْﺘُﻤُﻮﻫُﻦَّ ﺇِﻻَّٓ ﺃَﻥ ﻳَﺄْﺗِﻴﻦَ ﺑِﻔَٰﺤِﺸَﺔٍ ﻣُّﺒَﻴِّﻨَﺔٍ ۚ ….
….അവര്‍ക്ക് (ഭാര്യമാര്‍ക്ക് ) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. ……(ഖു൪ആന്‍ :4/19).
ഫസ്ഖ്
സ്ത്രീയുടെ മറ്റൊരു വിവാഹമോചന രീതിയാണ് ഫസ്ഖ്. ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണിത്. ഒരു സ്ത്രീക്ക് തന്റെ ഭ൪ത്താവുമൊന്നിച്ച് സമാധാനപരമായി നല്ലരീതിയില്‍ ജീവിച്ച് വരുന്നതിന് ഭ൪ത്താവിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ രീതിയില്‍ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്ന അവസരങ്ങളില്‍ ഭാര്യക്ക് ന്യായാധിപന്‍ മുഖേന വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. ഇതാണ് ഫസ്ഖ്. തന്റെ അനുവാദമില്ലാതെ രക്ഷാധികാരികള്‍ വിവാഹം ചെയ്തുകൊടുത്താലും ഭര്‍ത്താവ് എവിടെയാണെന്നറിയാത്ത സ്ഥിതി ഉണ്ടെങ്കിലും ഭാര്യക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്.
ഫസ്ഖ് ചെയ്യുന്നത് ന്യായാധിപനിലൂടെയായിരിക്കണമെന്നുള്ളതാണ് അതിനുള്ള നിബന്ധന. ഭാര്യ ഉന്നയിക്കുന്ന കാരണങ്ങള്‍ ഫസ്ഖിന് പ്രേരിപ്പിക്കാവുന്ന തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നത് ന്യായാധിപനാണ്. അങ്ങനെയാണെങ്കില്‍ വിവാഹമൂല്യം തിരിച്ചുനല്‍കാതെതന്നെ അവള്‍ക്ക് അവനുമായുള്ള ബന്ധത്തില്‍നിന്ന് പിരിയാന്‍ കഴിയുന്നതാണ്.
ഫസ്ഖിന്റെ ഭാഗമായി അനുഷ്ഠിക്കേണ്ട ഇദ്ദയുടെ കാലയളവ് ഖുൽഇന്റെ ഇദ്ദ പോലെയാണന്നും, ത്വലാക്വിന്റെ ഇദ്ദ പോലെയാണന്നും അഭിപ്രായങ്ങൾ ഉണ്ട്. ഇതിൽ ത്വലാക്വിന്റെ ഇദ്ദയോട് ചേർത്തിപ്പറഞ്ഞ വീക്ഷണമാണ് കൂടുതൽ സൂക്ഷ്മതയുള്ള പണ്ഡിതാഭിപ്രായമായി മനസ്സിലാക്കാൻ കഴിയുന്നത്. അല്ലാഹുവാണ് ഏറെ അറിയുന്നവൻ.
ചുരുക്കത്തില്‍, പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതിയെപ്പറ്റി ശരിക്കറിയാവുന്ന അല്ലാഹു ഇരുവര്‍ക്കും പറ്റിയ രീതിയില്‍തന്നെയാണ് അവരുടെ വിവാഹമോചനരീതി ക്രമീകരിച്ചിരിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
എന്താണ് മുത്ത്വലാഖ് ?
ഇസ്ലാമിലെ ത്വലാഖ് ജീവിതത്തിന്റെ പല സന്ദ൪ഭങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി ചൊല്ലേണ്ടതാണ്. ഇത് മൂന്നുംകൂടി ഒരുമിച്ച് ചൊല്ലുന്നതിനെയാണ് മുത്ത്വലാഖ് എന്ന് പറയുന്നത്. യഥാ൪ത്ഥത്തില്‍ മുത്ത്വലാഖ് സമ്പ്രദായം നബിയുടെ(സ്വ) കാലഘട്ടത്തില്‍തന്നെ നടന്നിട്ടുള്ളതായി കാണാന്‍ കഴിയും.
عَنْ نَافِعِ بْنِ عُجَيْرِ بْنِ عَبْدِ يَزِيدَ بْنِ رُكَانَةَ، أَنَّ رُكَانَةَ بْنَ عَبْدِ يَزِيدَ، طَلَّقَ امْرَأَتَهُ سُهَيْمَةَ الْبَتَّةَ فَأَخْبَرَ النَّبِيَّ صلى الله عليه وسلم بِذَلِكَ وَقَالَ وَاللَّهِ مَا أَرَدْتُ إِلاَّ وَاحِدَةً . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ وَاللَّهِ مَا أَرَدْتَ إِلاَّ وَاحِدَةً ” . فَقَالَ رُكَانَةُ وَاللَّهِ مَا أَرَدْتُ إِلاَّ وَاحِدَةً . فَرَدَّهَا إِلَيْهِ رَسُولُ اللَّهِ صلى الله عليه وسلم فَطَلَّقَهَا الثَّانِيَةَ فِي زَمَانِ عُمَرَ وَالثَّالِثَةَ فِي زَمَانِ عُثْمَانَ
റുകാന ഇബ്നു അബ്ദിയസീദ്(റ) നിവേദനം ചെയ്തു: അദ്ദേഹം തന്റെ ഭാര്യയായ സുഹൈമയെ ത്വലാഖ് ചൊല്ലുകയും അതിനെക്കുറിച്ച് നബിയെ(സ്വ) അറിയിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (ത്വലാഖ്) മാത്രമെ ഉദ്ദേശിച്ചുള്ളു. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ ഒറ്റ (തലാഖ്) മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? അദ്ദേഹം പറഞ്ഞു : അതെ, ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (തലാഖ്) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍(സ്വ) അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു; അദ്ദേഹമാവട്ടെ ഉമറിന്റെ കാലത്ത് അവളെ രണ്ടാമതും ഉസ്മാനിന്റെ കാലത്ത് മൂന്നാമതും ത്വലാഖ് ചൊല്ലുകയും ചെയ്തു. (അബൂദാവൂദ്)
മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത് നബിയുടെ(സ്വ) കാലത്തുതന്നെ നടന്നിരുന്നുവെങ്കിലും നബി(സ്വ) അതിനെ ഒറ്റ ത്വലാഖായിട്ടാണ് ഗണിച്ചിരുന്നതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല ഇങ്ങനെ മൂന്നുംകൂടി ഒന്നിച്ച് ചൊല്ലുന്നവ൪ക്ക് നബി(സ്വ) താക്കീത് നല്‍കിയിട്ടുമുണ്ട്.
عَنِ ابْنِ وَهْبٍ، قَالَ أَخْبَرَنِي مَخْرَمَةُ، عَنْ أَبِيهِ، قَالَ سَمِعْتُ مَحْمُودَ بْنَ لَبِيدٍ، قَالَ أُخْبِرَ رَسُولُ اللَّهِ صلى الله عليه وسلم عَنْ رَجُلٍ، طَلَّقَ امْرَأَتَهُ ثَلاَثَ تَطْلِيقَاتٍ جَمِيعًا فَقَامَ غَضْبَانًا ثُمَّ قَالَ “ أَيُلْعَبُ بِكِتَابِ اللَّهِ وَأَنَا بَيْنَ أَظْهُرِكُمْ ” . حَتَّى قَامَ رَجُلٌ وَقَالَ يَا رَسُولَ اللَّهِ أَلاَ أَقْتُلُهُ .
ഒരിക്കല്‍ ഒരാള്‍ ഭാര്യയെ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയതായി നബി(സ്വ) അറിയാനിടയായി. കോപത്താല്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവിടുന്ന് ഇപ്രകാരം ചോദിച്ചു: ‘ഞാന്‍ നിങ്ങളില്‍ ഉണ്ടായിരിക്കെ ദൈവിക ഗ്രന്ഥംകൊണ്ട് കളിക്കുകയാണോ നിങ്ങള്‍?’ ഇത് കേള്‍ക്കാനിടയായ ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു: ‘പ്രവാചകരേ, ഞാന്‍ അയാളെ കൊന്നുകളയട്ടെ’ (നസാഈ:3401)
ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലിയാല്‍ ഒന്നായി ഗണിക്കുന്ന ഈ രീതി അബൂബക്കര്‍ സിദ്ധീഖിന്റെ(റ) ഭരണ കാലത്തും ഉമറിന്റെ (റ) ഭരണ കാലത്തിലെ ആദ്യ രണ്ടു കൊല്ലവും തുടര്‍ന്ന് പോന്നു. എന്നാല്‍ ജനങ്ങള്‍ ത്വലാഖിന്റെ കാര്യത്തില്‍ ധൃതികൂട്ടുന്നത് കണ്ടപ്പോള്‍ ഒരു ശിക്ഷാ നടപടിയെന്നോണം ഒറ്റയിരിപ്പിന് മൂന്നു ത്വലാഖും ചൊല്ലിയാല്‍ മൂന്നായി ഗണിക്കുന്ന രീതി ഉമ൪ (റ) നടപ്പാക്കി.
عَنِ ابْنِ عَبَّاسٍ، قَالَ كَانَ الطَّلاَقُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَسَنَتَيْنِ مِنْ خِلاَفَةِ عُمَرَ طَلاَقُ الثَّلاَثِ وَاحِدَةً فَقَالَ عُمَرُ بْنُ الْخَطَّابِ إِنَّ النَّاسَ قَدِ اسْتَعْجَلُوا فِي أَمْرٍ قَدْ كَانَتْ لَهُمْ فِيهِ أَنَاةٌ فَلَوْ أَمْضَيْنَاهُ عَلَيْهِمْ . فَأَمْضَاهُ عَلَيْهِمْ .
ഇബ്നു അബ്ബാസിൽ(റ) നിന്നു നിവേദനം : നബി(സ്വ)യുടെയും അബൂബക്കറിന്റേയും (റ) കാലത്തും ഉമറിന്റെ (റ) ഭരണത്തിൽ നിന്ന് രണ്ട് വർഷവും (ഒന്നിച്ച്) മൂന്ന് പ്രാവശ്യം ചൊല്ലപ്പെടുന്ന തലാഖ്, ഒരു ത്വലാഖായി പരിഗണിക്കപ്പട്ടിരുന്നു. അപ്പോൾ ഉമ൪(റ) പറഞ്ഞു: നിശ്ചയം ജനങ്ങൾ അവർക്ക് സാവകാശമുള്ളൊരു വിഷയത്തിൽ ധൃതി കാണിച്ചിരിക്കുന്നു. അതിനാൽ അവരുടെ മേൽ നാം അത് (മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നത്) നടപ്പാക്കിയാലോ’. അങ്ങനെ അവരുടെ മേൽ അദ്ദേഹം അത് നടപ്പാക്കി. (മുസ്‍ലിം :1472)
عَنْ أَبَا الصَّهْبَاءِ، قَالَ لاِبْنِ عَبَّاسٍ أَتَعْلَمُ أَنَّمَا كَانَتِ الثَّلاَثُ تُجْعَلُ وَاحِدَةً عَلَى عَهْدِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَثَلاَثًا مِنْ إِمَارَةِ عُمَرَ . فَقَالَ ابْنُ عَبَّاسٍ: نَعَمْ
ഇബ്‌നു അബ്ബാസിനോട് ഒരിക്കല്‍ അബുസ്സ്വഹ്ബാഉ(റ) ചോദിച്ചു: ‘റസൂലിന്റെയും(സ്വ) അബൂബക്കറിന്റേയും (റ) കാലത്തും ഉമറിന്റെ (റ) ഭരണത്തിലെ ആദ്യകാലത്തും മൂന്ന് ത്വലാഖ് ഒന്നായേ ഗണിച്ചിരുന്നുള്ളൂ എന്ന് അങ്ങേക്കറിഞ്ഞുകൂടേ?’ ഇബ്‌നു അബ്ബാസ്(റ) ‘അതേ’ എന്ന് മറുപടി പറഞ്ഞു. (മുസ്‍ലിം :1472)
അല്ലാഹു സാവകാശത്തില്‍ ചെയ്യാന്‍ പറഞ്ഞിട്ടുള്ള ത്വലാഖിന്റെ കാര്യത്തില്‍ ജനങ്ങള്‍ ധൃതി കൂട്ടിയതുകൊണ്ട് അവ൪ക്ക് ഒരു താക്കീതായിട്ടാണ് ഉമ൪ (റ) അങ്ങനെ നടപ്പാക്കിയത്. ശാഫിഈ മദ്ഹബില്‍ മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലല്‍ അനുവദനീയമാണ്. ഹനഫീ, മാലിക്കി, ഹമ്പലി മദ്ഹബില്‍ മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലല്‍ നിഷിദ്ധമാണ്. എന്നാല്‍ ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്ന് ത്വലാഖും സംഭവിക്കുമെന്നാണ് നാല് മദ്ഹബിന്റേയും വീക്ഷണം. ഉമര്‍ (റ) മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നത് നടപ്പിലാക്കിയതാണ് അവരുടെ തെളിവ്. അതുകൊണ്ട് ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ പിന്നീട് മടക്കി എടുക്കുവാനോ, മറ്റൊരാള്‍ വിവാഹം കഴിച്ച് ത്വലാഖും ഇദ്ദയും കഴിഞ്ഞശേഷമല്ലാതെ വീണ്ടും വിവാഹം കഴിക്കുവാനോ പാടില്ലെന്നാണ് അവരുടെ വീക്ഷണം.
അതേപോലെ ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്ന് ത്വലാഖും സംഭവിക്കുമെന്ന് പറയുന്നവ൪ ഇബ്നുഅബ്ബാസിന്റെ (റ) ചില ഫത്’വകളേയും തെളിവായി കൊണ്ടുവരുന്നു. ഇബ്‌നു അബ്ബാസിന്റെ(റ) സദസ്സില്‍ ഒരാള്‍ വന്നിട്ട് ‘ഞാന്‍ എന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചെയ്തുകളഞ്ഞു’ എന്ന് അറിയിച്ചപ്പോള്‍ ‘നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. ഞാന്‍ ഇനി നിനക്കൊരു പരിഹാരമാര്‍ഗവും കാണുന്നില്ല. നീ നിന്റെ നാഥനെ ധിക്കരിച്ചു. നിന്റെ ഭാര്യ നിന്നില്‍നിന്ന് എന്നെന്നേക്കുമായി വേര്‍പെടുകയും ചെയ്തു’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയെ നൂറു ത്വലാഖ് ചൊല്ലിയ ഒരാള്‍ പിന്നീടത് സംബന്ധിച്ച് ഇബ്‌നു അബ്ബാസിനോട് (റ) അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘മൂന്ന് ത്വലാഖ് കൊണ്ട് അവള്‍ നീയുമായി എന്നെന്നേക്കും വേര്‍പെട്ടു, തൊണ്ണൂറ്റേഴ് എണ്ണംകൊണ്ട് നീ ദൈവികഗ്രന്ഥത്തെ കളിയാക്കുകയാണ് ചെയ്തതെന്നാണ്.
ഇമാം റാസി(റഹി) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വിഷയം പ്രമാണബദ്ധമായി വിലയിരുത്തിയിട്ടുണ്ട്. മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലിയാല്‍ ഒന്നേ സംഭവിക്കുകയുള്ളൂവെന്നും ആ അഭിപ്രായമാണ് പ്രമാണബദ്ധമെന്നും മാത്രമല്ല മൂന്ന് ത്വലാഖും ഒന്നിച്ചുചൊല്ലിയാല്‍ ഒന്നേ സംഭവിക്കുള്ളൂവെന്ന് വിധിക്കല്‍ നി൪ബന്ധമാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റഹി), ഇമാം ഇബ്‌നുല്‍ ഖയ്യിം (റഹി) എന്നീ പണ്ഡിതന്‍മാരെല്ലാം മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കപ്പെടൂവെന്ന് അഭിപ്രായപ്പെട്ടവരാണ്. മൂന്ന് ത്വലാഖും ഒന്നിച്ച് ഒരേ വാചകത്തില്‍ പറഞ്ഞാല്‍ ഒന്നുമാത്രം സാധുവാകും. ബാക്കി രണ്ടും നിരര്‍ത്ഥകമായിരിക്കും. അതിനാല്‍, ഇദ്ദകാലത്ത് മടക്കി എടുക്കുന്നതിന് അത് തടസ്സമാകുകയുമില്ല. ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും പൊതുവെ മനസ്സിലാകുന്നതും, ത്വലാഖിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിച്ചതും ഈ അഭിപ്രായമാകുന്നു. തെളിവിന്റെ പിന്‍ബലം കൂടുതല്‍ കാണുന്നതും ഇതിനാകുന്നു.
ഉമര്‍(റ) എടുത്ത തീരുമാനം താല്‍ക്കാലികമായ ഒരു ശിക്ഷാ നടപടിയായിമാത്രം കാണണമെന്നാണ് ഇവ൪ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന് ഇദ്ദ കാലത്ത് ഭാര്യയെ തിരിച്ചെടുക്കാം. പുതിയ വിവാഹബന്ധത്തില്‍ ഏ൪പ്പെടേണ്ടതില്ല.
മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയ ഒരാളെ ഉമര്‍(റ) ചമ്മട്ടികൊണ്ട് അടിക്കുവാന്‍ കല്‍പിക്കുകയുണ്ടായി. ഇതില്‍ നിന്നുതന്നെ അത് സുന്നത്തിനെതിരായ നടപടിയായാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഒരാള്‍ ഒരു സ്ത്രീയെ അവള്‍ അവന്റെ ഭാര്യയായി ഇരിക്കുമ്പോഴാണ് ഒന്നാമത്തെ ത്വലാഖ് ചൊല്ലുന്നത്. പിന്നെ അവളെ തിരിച്ചെടുത്ത ശേഷമാണ് രണ്ടാമത്തെ ത്വലാഖ് ചൊല്ലുന്നത്. വീണ്ടും അവളെ തിരിച്ചെടുത്ത ശേഷമാണ് മൂന്നാമത്തെ ത്വലാഖ് ചൊല്ലുന്നത്. അഥവാ എല്ലാ അ൪ത്ഥത്തിലും അവള്‍ അവന്റെ ഭാര്യയായിരിക്കുമ്പോഴാണ് അവന്‍ മൂന്ന് ത്വലാഖും ചൊല്ലുന്നത്. എന്നാല്‍ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്ന അവസരത്തില്‍, ഒന്നാമത്തെ ത്വലാഖ് ചൊല്ലുമ്പോള്‍ തന്നെ അവള്‍ അവന്റെ ഭാര്യ അല്ലാതായിതീരുന്നു. അതിനാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും ത്വലാഖ് ചൊല്ലല്‍ വെറും പാഴ്‌വാക്കാണ്. തിരിച്ചെടുത്ത ശേഷം ത്വലാഖ് ചൊല്ലുമ്പോള്‍ മാത്രമേ അത് വിവാഹമോചനമാകുന്നുള്ളൂ. ഉമറിന്റേയും (റ) ഇബ്നുഅബ്ബാസിന്റേയും(റ) സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒരു ശിക്ഷാനടപടിയായിട്ടാണ് അപ്രകാരം വിധിച്ചിട്ടുള്ളതെന്ന് കാണാം. ചുരുക്കത്തില്‍ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കപ്പെടൂവെന്ന് മനസ്സിലാക്കാം.
‘ത്വലാഖ് രണ്ട് പ്രാവശ്യമായിട്ടാണ് ( الطَّلاقُ مَرَّتَانِ ) ‘ എന്നത് പ്രസ്താവനാ വചനമാണ്. ഇവിടെ കല്പനാ വചനത്തില്‍ പറയാതെ പ്രസ്താവനാ വചനത്തില്‍ പറഞ്ഞതില്‍ നിന്ന് പ്രസ്തുത കല്പന ഉറപ്പിക്കാനെണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല, ‘ത്വലാഖ് രണ്ട് പ്രാവശ്യമാണ് ( الطَّلاقُ مَرَّتَانِ ) എന്ന് പറഞ്ഞതില്‍നിന്നും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്ന സമ്പ്രദായം ശരിയല്ലെന്നും മനസ്സിലാക്കാം.
നിക്ഷ്പക്ഷമായി കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവ൪ക്ക് ഇസ്ലാമിലെ ത്വലാഖിന്റെ മേന്‍മയും മഹത്വവും മനസ്സിലാകുന്നതാണ്. എന്നിട്ടും മുസ്ലിംകള്‍ തന്നെ ത്വലാഖ് തോന്നിയതുപോലെ ചെയ്യുന്നുവെന്ന് സ്വാഭാവികമായും സംശയിച്ചേക്കാം. ഇവിടെ ആദ്യമായി മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ കൃത്യമായി പാലിക്കുന്നത് അവനെ സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖീങ്ങള്‍ മാത്രമാണ്. സലഫുകളുടെ ചരിത്രം പരിശോധിച്ചാല്‍ അവ൪ ത്വലാഖിന്റെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നതായി കാണാം. അവ൪ക്ക് മറ്റ് താല്പര്യങ്ങളൊന്നും ഇല്ലായിരുന്നു. അവരെല്ലാം യഥാ൪ത്ഥ ജീവിതമായി കണ്ടിരുന്നത് പരലോക ജീവിതമായിരുന്നു. അതുകൊണ്ടുതന്നെ ഭൌതിക ജീവിതത്തില്‍ അവ൪ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരെ ഒരു കാര്യവും ചെയ്യില്ലായിരുന്നു. ഇനി അവരുടെ ദാമ്പത്യജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ തന്നെയും അവ൪ അല്ലാഹു പറഞ്ഞതുപോലെ പ്രവ൪ത്തിക്കും. അപ്പോള്‍ ത്വലാഖിലെത്താതെ വീണ്ടും ഒന്നിക്കാന്‍ കഴിയും. ഇനി ത്വലാഖിലെത്തിയാല്‍ തന്നെയും മാന്യമായി പിരിയും. എന്നാല്‍ ഇന്നത്തെ മുസ്ലിം സമൂഹത്തിന്റെ അവസ്ഥയോ, ഭൌതിക ജീവിതത്തിലെ സുഖത്തില്‍ തൃപ്തിഅടയുന്നു. വിവാഹബന്ധത്തില്‍ ഏ൪പ്പെടുമ്പോള്‍ അല്ലാഹുവും അവന്റെ റസൂലും(സ്വ) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കത്തില്ല. ദാമ്പത്യജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പോലും അവിടെയും ഇസ്ലാമിക നി൪ദ്ദേശങ്ങള്‍ പരിഗണിക്കുകയോ പാലിക്കുകയോ ചെയ്യില്ല. ഇനി ആത്മാ൪ത്ഥമായ രീതിയില്‍ ഒരു പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഇരുവ൪ക്കും മറ്റ് ദുരുദ്ദേശ്യങ്ങളൊന്നുമില്ലെങ്കില്‍ ഒരു ത്വലാഖ് സംഭവിച്ചാല്‍ കൂടി മൂന്നാമത്തെ ത്വലാഖ് സംഭവിക്കില്ല. എന്നാല്‍ അവളെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയില്‍ ത്വലാഖിലേക്ക് കടക്കുന്നവരെ സംബന്ധിച്ചിടത്തോളം എന്ത് ശ്രമങ്ങള്‍ നടത്തിയിട്ടും കാര്യമില്ല. ത്വലാഖിന്റെ നിയമങ്ങൾ പറയുന്നതിന്റെ ഇടയിൽ പല തവണ അല്ലാഹു “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍” എന്ന് പ്രയോഗിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുക.
ﻭَﻻَ ﻳَﺤِﻞُّ ﻟَﻬُﻦَّ ﺃَﻥ ﻳَﻜْﺘُﻤْﻦَ ﻣَﺎ ﺧَﻠَﻖَ ٱﻟﻠَّﻪُ ﻓِﻰٓ ﺃَﺭْﺣَﺎﻣِﻬِﻦَّ ﺇِﻥ ﻛُﻦَّ ﻳُﺆْﻣِﻦَّ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۚ
…അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല…….. (ഖു൪ആന്‍: 2/228)
ﻭَﺇِﺫَا ﻃَﻠَّﻘْﺘُﻢُ ٱﻟﻨِّﺴَﺎٓءَ ﻓَﺒَﻠَﻐْﻦَ ﺃَﺟَﻠَﻬُﻦَّ ﻓَﻼَ ﺗَﻌْﻀُﻠُﻮﻫُﻦَّ ﺃَﻥ ﻳَﻨﻜِﺤْﻦَ ﺃَﺯْﻭَٰﺟَﻬُﻦَّ ﺇِﺫَا ﺗَﺮَٰﺿَﻮْا۟ ﺑَﻴْﻨَﻬُﻢ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۗ ﺫَٰﻟِﻚَ ﻳُﻮﻋَﻆُ ﺑِﻪِۦ ﻣَﻦ ﻛَﺎﻥَ ﻣِﻨﻜُﻢْ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۗ ﺫَٰﻟِﻜُﻢْ ﺃَﺯْﻛَﻰٰ ﻟَﻜُﻢْ ﻭَﺃَﻃْﻬَﺮُ ۗ ﻭَٱﻟﻠَّﻪُ ﻳَﻌْﻠَﻢُ ﻭَﺃَﻧﺘُﻢْ ﻻَ ﺗَﻌْﻠَﻤُﻮﻥَ
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍ : 2/232)
ﻓَﺈِﺫَا ﺑَﻠَﻐْﻦَ ﺃَﺟَﻠَﻬُﻦَّ ﻓَﺄَﻣْﺴِﻜُﻮﻫُﻦَّ ﺑِﻤَﻌْﺮُﻭﻑٍ ﺃَﻭْ ﻓَﺎﺭِﻗُﻮﻫُﻦَّ ﺑِﻤَﻌْﺮُﻭﻑٍ ﻭَﺃَﺷْﻬِﺪُﻭا۟ ﺫَﻭَﻯْ ﻋَﺪْﻝٍ ﻣِّﻨﻜُﻢْ ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺸَّﻬَٰﺪَﺓَ ﻟِﻠَّﻪِ ۚ ﺫَٰﻟِﻜُﻢْ ﻳُﻮﻋَﻆُ ﺑِﻪِۦ ﻣَﻦ ﻛَﺎﻥَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۚ
അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. (ഖു൪ആന്‍ : 65/2)
ذَلِكُمْ الَّذِي ذَكَرْنَا لَكُمْ مِنَ الْأَحْكَامِ وَالْحُدُودِ يُوعَظُ بِهِ {مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ} فَإِنَّ الْإِيمَانَ بِاللَّهِ وَالْيَوْمِ الْآخِرِ، يُوجِبُ لِصَاحِبِهِ أَنْ يَتَّعِظَ بِمَوَاعِظِ اللَّهِ، وَأَنْ يُقَدِّمَ لِآخِرَتِهِ مِنَ الْأَعْمَالِ الصَّالِحَةِ، مَا يتَمَكَّنُ مِنْهَا، بِخِلَافِ مَنْ تَرَحَّلَ الْإِيمَانُ عَنْ قَلْبِهِ، فَإِنَّهُ لَا يُبَالِي بِمَا أَقْدَمَ عَلَيْهِ مِنَ الشَّرِّ، وَلَا يُعَظِّمُ مَوَاعِظَ اللَّهِ لِعَدَمِ الْمُوجِبِ لِذَلِكَ، وَلَمَّا كَانَ الطَّلَاقُ قَدْ يُوقِعُ فِي الضِّيقِ وَالْكَرْبِ وَالْغَمِّ، أَمَرَ تَعَالَى بِتَقْوَاهُ، وَوَعَدَ مَنِ اتَّقَاهُ فِي الطَّلَاقِ وَغَيْرِهِ بِأَنْ يَجْعَلَ لَهُ فَرَجًا وَمَخْرَجًا. فَإِذَا أَرَادَ الْعَبْدُ الطَّلَاقَ، فَفَعَلَهُ عَلَى الْوَجْهِ الشَّرْعِيِّ، بِأَنْ أَوْقَعَهُ طَلْقَةً وَاحِدَةً، فِي غَيْرِ حَيْضٍ وَلَا طُهْرٍ أَصَابَهَا فِيهِ فَإِنَّهُ لَا يُضَيِّقُ عَلَيْهِ الْأَمْرُ، بَلْ جَعَلَ اللَّهُ لَهُ فَرَجًا وَسِعَةً يَتَمَكَّنُ بِهَا مِنَ الرُّجُوعِ إِلَى النِّكَاحِ إِذَا نَدِمَ عَلَى الطَّلَاقِ،
(അത്) മതനിയമങ്ങളില്‍ നിന്നും വിധികളില്‍ നിന്നും നാം പരാമര്‍ശിച്ച കാര്യങ്ങല്‍ (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച് കൊണ്ടിരിക്കുന്നുവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ). തീര്‍ച്ചയായും അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം അല്ലാഹുവിന്റെ ഉപദേശങ്ങളെ സ്വീകരിക്കാന്‍ വിശ്വാസിയെ നിര്‍ബന്ധതിനാക്കും. കഴിയുന്നത്ര സല്‍പ്രവര്‍ത്തനങ്ങള്‍ തന്റെ പരലോക ജീവത്തിന് വേണ്ടി ചെയ്തുവെക്കുവാനും. എന്നാല്‍ ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്‍ നേരെ മറിച്ചാണ്. അവര്‍ തിന്മ പ്രവര്‍ത്തിക്കുന്നത് പ്രശ്‌നമാക്കില്ല. അല്ലാഹുവിന്റെ ഉപദേശങ്ങള്‍ക്ക് വില കല്‍പിക്കില്ല. കാരണം അവനത് നിര്‍ബന്ധമല്ലല്ലോ. ചിലപ്പോള്‍ വിവാഹമോചനം മൂലം പ്രയാസങ്ങളും ദുഃഖങ്ങളും മനോവേദനകളും ഉണ്ടായേക്കും. അല്ലാഹു അവനെ സൂക്ഷിച്ചുജീവിക്കാന്‍ കല്‍പിക്കുകയും വിവാഹമോചനത്തിലും മറ്റ് അവസ്ഥകളിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് ആശ്വാസവും തുറവിയും നല്‍കുമെന്ന് വാക്ക് നല്‍കുകയും ചെയ്യുന്നു. ഒരാള്‍ വിവാഹമോചനം ഉദ്ദേശിക്കുന്നുവെങ്കില്‍ അത് മതനിയമമനുസരിച്ചാണ് ചെയ്യേണ്ടത്. അതാവട്ടെ, ആര്‍ത്തവമില്ലാത്ത സമയത്ത് ഒരു ത്വലാക്വ് നടത്തുക എന്നതാണ്. അവന്‍ അവളുമായി ശാരീരികബന്ധം പുലര്‍ത്തിയ ശുദ്ധസമയത്തും ആവരുത്. അങ്ങനെ ചെയ്താല്‍ ആ വിവാഹമോചനം അവന് പ്രയാസകരമാവില്ല. അതില്‍ അവനല്ലാഹു ആശ്വാസം നല്‍കും. ത്വലാക്വില്‍ ഖേദം തോന്നുകയാണെങ്കില്‍ വീണ്ടും നിക്കാഹിലൂടെ തിരിച്ചെടുക്കാന്‍ സൗകര്യപ്പെടുകയും ചെയ്‌തേക്കും. (തഫ്സീറുസ്സഅ്ദി – സൂറ:ത്വലാഖ്)
ഇസ്ലാം നി൪ദ്ദേശിച്ച പ്രകാരത്തിലുള്ള ത്വലാഖ് യഥാര്‍ഥത്തില്‍ സ്ത്രീക്ക് ഗുണകരമാണെന്നതാണ് വാസ്തവം. ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ഹൃദയത്തിനകത്ത് സ്നേഹത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മൂന്നാമത് ത്വലാഖ് ചെയ്യാന്‍ കഴിയില്ല. സ്വന്തം ഭാര്യയോടൊപ്പം ഒന്നിച്ചുകഴിയാന്‍ എന്തെങ്കിലും പഴുതുണ്ടോയെന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അതുപയോഗപ്പെടുത്തുകയും ചെയ്യുകയാണ് മൂന്നാമത്തെ ത്വലാഖിന് മുമ്പ് അയാള്‍ ചെയ്യുക. രണ്ടു പ്രാവശ്യം അയാള്‍ സഹിച്ച വിരഹദുഃഖം അയാളെ അലട്ടിക്കൊണ്ടിരിക്കും. ഇനിയൊരിക്കലും ഒന്നിച്ചുകഴിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിന് ശേഷം മാത്രമേ മൂന്നാം പ്രാവശ്യം അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയുള്ളൂ.