നമസ്കാരത്തില്‍ കൈ കെട്ടിയ ശേഷം ഫാത്തിഹ ഓതുന്നതിന് മുമ്പായി നി൪വ്വഹിക്കുന്ന പ്രാ൪ത്ഥനക്കാണ് ‘പ്രാരംഭ പ്രാര്‍ത്ഥനകള്‍’ എന്ന് പറയുന്നത്. പ്രാരംഭ പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘വജ്ജഹ്തു’ എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ അധിക പേരും ഈ പ്രാ൪ത്ഥന وَجَّهـتُ മുതല്‍ وَأَنا مِنَ المسْلِـمين വരെയാണ് ചൊല്ലുന്നത്. എന്നാല്‍ ഇതിന്റെ പൂ൪ണ്ണരൂപം നാം പഠിച്ച് മനസ്സിലാക്കേണ്ടതാണ്.
وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاًﻣُﺴْﻠِﻤًﺎ وَمـا أَنا مِنَ المشْرِكين ، إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين ، لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين ( ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ ). اللّهُـمَّ أَنْتَ المَلِكُ لا إِلهَ إِلاّ أَنْت ،أَنْتَ رَبِّـي وَأَنـا عَبْـدُك ، ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت .وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت ، وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت ، لَبَّـيْكَ وَسَعْـدَيْك ، وَالخَـيْرُ كُلُّـهُ بِيَـدَيْـك ، وَالشَّرُّ لَيْـسَ إِلَـيْك ، أَنا بِكَ وَإِلَيْـك ، تَبـارَكْتَ وَتَعـالَيتَ أَسْتَغْـفِرُكَ وَأَتوبُ إِلَـيك
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി കീഴ്പ്പെട്ടുകൊണ്ട്(മുസ്ലിമായി) തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്. (ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാണ്). അല്ലാഹുവേ, യഥാ൪ത്ഥ രാജാവ് (പരമാധികാരമുള്ളവന്‍) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ. നിശ്ചയം, നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.(അല്ലാഹുവേ) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.(അല്ലാഹുവേ) നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.(അല്ലാഹുവേ) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.(അല്ലാഹുവേ) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.(അല്ലാഹുവേ) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും പരമോന്നതനുമാകുന്നു. (അല്ലാഹുവേ) ഞാന്‍ നിന്നോട് പൊറുക്കുവാൻ തേടുകയും, നിന്റെ (ഇസ്‌ലാമിക)മാര്‍ഗ്ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.(മുസ്ലിം – അബൂദാവൂദ് – നസാഇ – ഇബ്നുഹിബ്ബാന്‍ – അഹ്മദ് – ത്വബ്റാനി)
ഇതിന്റെ ആശയം ചുരുങ്ങിയ രീതിയിലെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്.
وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاًﻣُﺴْﻠِﻤًﺎ
വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ സ്സമാവാത്തി വല്‍ അര്‍ള ഹനീഫന്‍ മുസ്ലിമന്‍
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു.
നമസ്കാരത്തില്‍ കൈകെട്ടി നിന്നുകൊണ്ട് നാം അല്ലാഹുവിനോട് ചില പ്രതിജ്ഞകള്‍ എടുക്കാന്‍ ആരംഭിക്കുകയാണ്.ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അത് ആരംഭിക്കുന്നത്.
ഇബ്‌റാഹീം നബി (അ)തന്റെ ജനതയെ തൌഹീദിലേക്ക് ക്ഷണിക്കുന്ന ഒരു രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിര൪ത്ഥകത ബോധ്യപ്പെടുത്തിയ ശേഷം, നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിവായവനാണെന്ന് അദ്ദേഹം ജനങ്ങളോട് പ്രഖ്യാപിക്കുന്നുണ്ട്. അതിനെ തുട൪ന്ന് ഇതേ കാര്യം തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു. (ഖു൪ആന്‍ : 6/74-79). അല്ലാഹുവല്ലാത്ത യാതൊന്നിനേയും ഞാന്‍ ആരാധിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും എന്റെ രക്ഷിതാവായ അല്ലാഹുവിനെ മാത്രമേ ആശ്രയിക്കുള്ളൂവെന്നുമാണ് ഇബ്രാഹിം നബി(അ) ഇതിലൂടെ പ്രഖ്യാപിക്കുന്നത്. ഇക്കാര്യം നാം നമസ്കാരത്തില്‍ ചൊല്ലുമ്പോള്‍ ഈ ആശയവും നമ്മുടെ മനസ്സിലേക്ക് കടന്നു വരേണ്ടതുണ്ട്.
وَمـا أَنا مِنَ المشْرِكين
അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍.
إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين
നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്.
എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവുമെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. അതായത് ഞാന്‍ നി൪വ്വഹിക്കുന്ന എല്ലാ ക൪മ്മങ്ങളും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ളതായിരിക്കും. ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടി അല്ലാഹു സംവിധാനിച്ചിട്ടുള്ളതായതിനാല്‍ ഈ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ സ്മരണ നിലനി൪ത്തി അവന്റെ വിധിവിലക്കുകള്‍ പാലിച്ച് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ പരിശ്രമിക്കുക. യഥാ൪ത്ഥത്തില്‍ ഇത് പ്രഖ്യാപിക്കാനും ഇതനുസരിച്ച് ജീവിക്കാനും നാം ബാധ്യസ്ഥരാണ്.കാരണം അല്ലാഹു സ്വ൪ഗ്ഗം തരാമെന്ന വ്യവസ്ഥയിന്‍മേല്‍ നമ്മുടെ ശരീരവും സമ്പത്തുമെല്ലാം വിലക്ക് വാങ്ങിയിരിക്കുകയാണ്.
ﺇِﻥَّ ٱﻟﻠَّﻪَ ٱﺷْﺘَﺮَﻯٰ ﻣِﻦَ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﺃَﻧﻔُﺴَﻬُﻢْ ﻭَﺃَﻣْﻮَٰﻟَﻬُﻢ ﺑِﺄَﻥَّ ﻟَﻬُﻢُ ٱﻟْﺠَﻨَّﺔَ ۚ
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. ………. (ഖു൪ആന്‍ : 9/111)
ഈ വസ്തുത നമ്മുടെ ശഹാദത്തിലൂടെ നാം അംഗീകരിച്ചിട്ടുമുണ്ട്.അതുകൊണ്ട് തന്നെ നമ്മുടെ ശരീരവും സമ്പത്തുമെല്ലാം അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ വിനിയോഗിക്കണം.
നമസ്കരിക്കാന്‍ കൈകെട്ടി നിന്ന് നാം ഇപ്രകാരം പ്രതിജ്ഞ ചെയ്തിട്ട് നമസ്കാരത്തിന് പുറത്ത് ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാ൪തഥിക്കുന്നതും അല്ലാഹുവല്ലാത്തവരോട് ഇസ്തിഗാസ നടത്തുന്നതും അല്ലാഹുവല്ലാത്തവ൪ക്ക് നേ൪ച്ചയാക്കുന്നതും അറവ് നടത്തുന്നവതും അല്ലാഹുവിനെ മറന്ന് ജീവിക്കുന്നതും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജീവിതത്തില്‍ പാലിക്കാത്തതുമെല്ലാം ഈ പ്രതിജ്ഞയുടെ ലംഘനമായിരിക്കും. അങ്ങനെ ചെയ്യുന്നുവെങ്കില്‍ ഈ പ്രതിജ്ഞ കൊണ്ട് യാതൊരു അ൪ത്ഥവുമില്ല.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻟِﻢَ ﺗَﻘُﻮﻟُﻮﻥَ ﻣَﺎ ﻻَ ﺗَﻔْﻌَﻠُﻮﻥَ ﻛَﺒُﺮَ ﻣَﻘْﺘًﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻣَﺎ ﻻَ ﺗَﻔْﻌَﻠُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.(ഖു൪ആന്‍ : 61/2-3)
നബി (സ്വ) മക്കയിലെ മുശ്രിക്കുകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും, അവര്‍ നിഷേധത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്നതുമായ ആ മാര്‍ഗം ഏതാണെന്ന് പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബിയോട് (സ്വ) കല്‍പിക്കുന്നതായി കാണാം (ഖു൪ആന്‍ : 6/160-163). ശിര്‍ക്കിന്റെ മാലിന്യങ്ങളൊന്നും തീണ്ടാതെ നിഷ്‌കളങ്കനായിരുന്ന ഇബ്‌റാഹീം (അ) ആചരിച്ചു വന്നിരുന്ന മാ൪ഗത്തിലേക്കാണ് നബി(സ്വ) അവരെ ക്ഷണിച്ചത്. ശിര്‍ക്കിന്റെ എല്ലാ വകുപ്പുകളില്‍ നിന്നും സംശുദ്ധമായിരിക്കുക, നമസ്‌കാരം, പ്രാര്‍ത്ഥന, ബലികര്‍മങ്ങള്‍ തുടങ്ങി ആരാധനകളെല്ലാം അല്ലാഹുവിന് മാത്രം അര്‍പ്പിക്കുക, ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം അവന്റെ പ്രീതിയെ ലക്ഷ്യം വെച്ചും, അവന്റെ ആജ്ഞാ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും ആയിരിക്കുക എന്നതാണ് ഈ മതത്തിന്റെ സത്തയെന്ന് നബി(സ്വ) പ്രഖ്യാപിക്കുന്നു. ഇക്കാര്യം തന്നെയാണ് നമസ്കാരത്തില്‍ നാം പറയുന്നത്.
لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين( ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ )
അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്. (ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാണ്)
അല്ലാഹുവിന്റെ നാമങ്ങളിലോ ഗുണവിശേഷണങ്ങളിലോ മറ്റുള്ളവരെ പങ്കുചേ൪ക്കുന്നതിനാണ് ശി൪ക്ക് എന്ന് പറയുന്നു. ശി൪ക്ക് ഏറ്റവും ഗുരുതരമായ പാപമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.
ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.(ഖു൪ആന്‍:4/48)
ശി൪ക്ക് ചെയ്യുന്നവന് സ്വ൪ഗ്ഗം നിഷിദ്ധമായിരിക്കും. അവന്റെ പര്യവസാനം നരകമായിരിക്കും.
ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ ۖ ﻭَﻣَﺎ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﻣِﻦْ ﺃَﻧﺼَﺎﺭ
….അല്ലാഹുവോട് വല്ലവനും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല…..(ഖു൪ആന്‍ :5/72)
അല്ലാഹുവിന് യാതൊരു പങ്കുകാരുമില്ലെന്ന് നമസ്കാരത്തില്‍ നാം പ്രതിജ്ഞ ചെയ്തിട്ട് നമസ്കാരത്തിന് പുറത്ത് അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാ൪തഥിക്കുകയും ആഗ്രഹ സഫലീകരണത്തിനായി മഹാന്‍മാരുടെ മഖ്ബറകള്‍ തേടിപോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്.
وَأَنا مِنَ المسْلِـمين (വ അന മിനല്‍ മുസ്ലിമീന്‍) എന്നും ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ (വ അന അവ്വലുല്‍ മുസ്ലിമീന്‍) എന്നും റിപ്പോ൪ട്ടുണ്ട്.وَأَنا مِنَ المسْلِـمين എന്നാല്‍ ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണെന്നും ﻭَﺃَﻧَﺎ۠ ﺃَﻭَّﻝُ ٱﻟْﻤُﺴْﻠِﻤِﻴﻦَ എന്നാല്‍ ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) ഒന്നാമനാണെന്നുമാണ്.
اللّهُـمَّ أَنْتَ المَلِكُ
അല്ലാഹുമ്മ അന്‍തല്‍ മലികു
അല്ലാഹുവേ, യഥാ൪ത്ഥ രാജാവ് (പരമാധികാരമുള്ളവന്‍) നീയാണ്.
ﻓَﺘَﻌَٰﻠَﻰ ٱﻟﻠَّﻪُ ٱﻟْﻤَﻠِﻚُ ٱﻟْﺤَﻖُّ ۖ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﺭَﺏُّ ٱﻟْﻌَﺮْﺵِ ٱﻟْﻜَﺮِﻳﻢِ
എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍.(ഖു൪ആന്‍:23/116)
لا إِلهَ إِلاّ أَنْت
ലാ ഇലാഹ ഇല്ലാ അന്‍ത
യഥാര്‍ത്ഥ ആരാധ്യനായി നീ അല്ലാതെ മറ്റാരുമില്ല.
لا معبود بحق إلا الله ‘ലാ മഅബൂദ ബി ഹഖിന്‍ ഇല്ലല്ലാഹ് ‘ (യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം. ഒന്നാമതായി പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ഇലാഹുകളേയും (ആരാധ്യന്‍മാരെന്ന് പറയുന്നവരേയും) നിഷേധിക്കുന്നു. മലക്കുകള്‍, പ്രവാചകന്മാ൪, ഔലിയാക്കള്‍, മറ്റ് മനുഷ്യ൪, മലക്കുകള്‍, ജിന്നുകള്‍, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങി അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല.രണ്ടാമതായി ഏകനായ അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹെന്ന് (ആരാധനക്ക് അ൪ഹനെന്ന്) സ്ഥാപിക്കുന്നു. അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണാന്‍ പാടില്ല.
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശമനുസരിച്ച് ഞാന്‍ ജീവിക്കുമെന്നാണ് നാം പ്രതിജ്ഞ ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന ആദ൪ശമനുസരിച്ച് ജിവിക്കുകതന്നെവേണം. അല്ലായെങ്കില്‍ അല്ലാഹുവിനോട് നാം ചെയ്ത പ്രതിജ്ഞയില്‍ വഞ്ചന കാണിച്ചതായി വരും. അല്ലെങ്കില്‍ കള്ള സാക്ഷ്യമാണ് നാം പറഞ്ഞിട്ടുള്ളത്.
أَنْتَ رَبِّـي وَأَنـا عَبْـدُك
നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.
എന്റെ റബ്ബ് അല്ലാഹുവാണെന്നും ഞാന്‍ അവന്റെ അടിമയാണെന്നും പ്രഖ്യാപിക്കുന്നു.
ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت
ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ. നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്.സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന്, അവ൪ ഇപ്രകാരം ചെയ്യുന്നവരാണെന്നാണ്.
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﻓَﻌَﻠُﻮا۟ ﻓَٰﺤِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮٓا۟ ﺃَﻧﻔُﺴَﻬُﻢْ ﺫَﻛَﺮُﻭا۟ ٱﻟﻠَّﻪَ ﻓَﭑﺳْﺘَﻐْﻔَﺮُﻭا۟ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮا۟ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ: ﺃُﻭ۟ﻟَٰٓﺌِﻚَ ﺟَﺰَآﺅُﻫُﻢ ﻣَّﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﻭَﻧِﻌْﻢَ ﺃَﺟْﺮُ ٱﻟْﻌَٰﻤِﻠِﻴﻦَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവ൪.പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു.(ഖു൪ആന്‍: 3/135)
وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت
(അല്ലാഹുവേ) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
നബി(സ്വ) പറഞ്ഞു: മനുഷ്യരെ കൂടുതലായി സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമാക്കുന്നവ ദൈവഭക്തിയും സല്‍സ്വഭാവവും ആകുന്നു.(തി൪മുദി – ഹാകിം)
നബി(സ്വ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ സല്‍സ്വഭാവം നിമിത്തം, നിത്യം നോമ്പനുഷ്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവിയിലെത്തുക തന്നെചെയ്യും.(അഹ്മദ്)
നബി(സ്വ) പറഞ്ഞു: നിശ്ചയം ഖിയാമത്ത് നാളില്‍ ഞാനുമായി അടുത്ത ഇരിപ്പിടം ലഭിക്കുന്നവന്‍ നിങ്ങളിലെ സല്‍സ്വഭാവക്കാരാണ്.(അഹ്മദ്, തി൪മുദി, ഇബ്നു ഹിബ്ബാന്‍)
وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت
നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
ഒരു സത്യവിശ്വാസിയില്‍ ഒരു ദു:സ്വഭാവങ്ങളും ഉണ്ടാവാന്‍ പാടില്ല. അസൂയ, ചതി, കളവ്, പൊങ്ങച്ചം, അഹങ്കാരം, ചീത്തപറയല്‍ തുടങ്ങി എല്ലാ ദുഷിച്ച സ്വഭാവങ്ങളെയും തടയേണമേയെന്ന് പ്രാ൪ത്ഥിക്കുന്നു.
لَبَّـيْكَ وَسَعْـدَيْك
(അല്ലാഹുവേ) നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.
لَبَّـيْكَ (ലബ്ബയ്ക) : നിന്നോടുള്ള അനുസരണയില്‍ ഞാനിതാ നിരന്തരം മുമ്പിലുണ്ട്.
سَعْـدَيْك (സഅദയ്ക) : നിന്റെ കല്‍പ്പനകള്‍ക്ക് കീഴൊതുങ്ങുന്നതിലും നീ എനിക്കായി തൃപ്തിപ്പെട്ടുതന്ന നിന്റെ ദീന്‍ നിരന്തരം പിന്‍പറ്റുന്നതിലും നിന്നോട് ഞാന്‍ സദാ സഹായം തേടുന്നു.
وَالخَـيْرُ كُلُّـهُ بِيَـدَيْـك
(അല്ലാഹുവേ) നന്മ മുഴുവനും നിന്റെ കൈകളിലാണ്.
وَالشَّرُّ لَيْـسَ إِلَـيْك
തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.
أَنا بِكَ وَإِلَيْـك
(അല്ലാഹുവേ) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്
تَبـارَكْتَ وَتَعـالَيتَ
(അല്ലാഹുവേ) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും പരമോന്നതനുമാകുന്നു
ﺗَﺒَٰﺮَﻙَ ٱﻟَّﺬِﻯ ﺑِﻴَﺪِﻩِ ٱﻟْﻤُﻠْﻚُ ﻭَﻫُﻮَ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻗَﺪِﻳﺮٌ
ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:67/1)
أَسْتَغْـفِرُكَ وَأَتوبُ إِلَـيك
(അല്ലാഹുവേ) ഞാന്‍ നിന്നോട് പൊറുക്കുവാൻ തേടുകയും, നിന്റെ (ഇസ്‌ലാമിക)മാര്‍ഗ്ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.
പാപം പൊറുത്തുകിട്ടുന്നതിനുള്ള അപേക്ഷക്കാണ് ഇസ്തിഗ്ഫാ൪ എന്ന് പറയുന്നത്. അതുവഴി നമ്മുടെ പാപങ്ങള്‍ പൊറത്തുകിട്ടുന്നതാണ്.
ﻭَﻣَﻦ ﻳَﻌْﻤَﻞْ ﺳُﻮٓءًا ﺃَﻭْ ﻳَﻈْﻠِﻢْ ﻧَﻔْﺴَﻪُۥ ﺛُﻢَّ ﻳَﺴْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ﻳَﺠِﺪِ ٱﻟﻠَّﻪَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെപൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.(ഖു൪ആന്‍ :4/110)
തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതില്‍ ഖേദിച്ച് അതില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് അതിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് പറഞ്ഞുകൊണ്ട് അല്ലാഹുവിനോട് മാപ്പിരക്കുന്നതിനാണ് തൌബയെന്ന് പറയുന്നത്.
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ (സ്വ)പറഞ്ഞു: സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതിന് മുമ്പായി വല്ലവനും പശ്ചാത്തപിച്ചാൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ്…(മുസ്‌ലിം:2759)
ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഇസ്തിഗ്ഫാറും തൌബയും എല്ലായ്പ്പോഴുംഉണ്ടായിരിക്കേണ്ടതുണ്ട്.
ﺃَﻓَﻼَ ﻳَﺘُﻮﺑُﻮﻥَ ﺇِﻟَﻰ ٱﻟﻠَّﻪِ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻧَﻪُۥ ۚ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ :5/74)
‘വജ്ജഹ്തു’ എന്ന ഈ പ്രാരംഭ പ്രാ൪ത്ഥന ഫ൪ള് നമസ്കാരങ്ങളിലും സുന്നത്ത് നമസ്കാരങ്ങളിലും നബി(സ്വ) പറയുമായിരുന്നു.
ഫ൪ള് നമസ്കാരങ്ങളില്‍ ഇത് പറയാനുള്ള സമയം നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല. എന്നാല്‍ നമുക്ക് ഈ പ്രാ൪ത്ഥന സുന്നത്ത് നമസ്കാരങ്ങളില്‍ നി൪വ്വഹിക്കാവുന്നതാണ്.