എന്താണ് ബിദ്അത്ത് ?
‘ബിദ്അത്ത് ‘എന്ന അറബി പദത്തിന്റെ അര്‍ത്ഥം, ‘മുന്‍മാതൃകയില്ലാതെ ഉണ്ടാകുന്നത്’ എന്നാണ്. ‘ബദഅ’ എന്ന പദത്തില്‍ നിന്നാണ് അതുണ്ടായിട്ടുള്ളത്. അല്ലാഹു പറയുന്നു:
قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ
(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാര(ബിദ്അന്‍)നൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. (ഖു൪ആന്‍ :46/9)
എനിക്ക് മുമ്പും ദൂതന്മാരുണ്ടായിട്ടുണ്ട് എന്നര്‍ഥം. മുമ്പ് ആരും ചെയ്യാത്ത ഒരു പ്രവര്‍ത്തനം ആരെങ്കിലും തുടങ്ങിയാല്‍ അതിന് ‘ഇബ്തദഅ’ എന്ന് പറയാറുണ്ട്.
എന്നാല്‍ മതത്തില്‍ അതുകൊണ്ടുള്ള വിവക്ഷ നബി ﷺ യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളാണ്.
പുതുനിര്‍മിതികള്‍ (ഇബ്തിദാഅ്) രണ്ടുതരമുണ്ട്.
ഒന്ന്) ഭൗതിക കാര്യങ്ങളില്‍. ആധുനിക കണ്ടുപിടുത്തങ്ങള്‍ ഇതുനുദാഹരണമാണ്. ഇത് അനുവദനീയമാണ്.
രണ്ട്) മതകാര്യങ്ങളില്‍. ഇത് നിഷിദ്ധമാണ്. കാരണം മതവിഷയങ്ങളില്‍ അല്ലാഹുവും അവന്‍റെ റസൂൽ ﷺ യും പറഞ്ഞേടത്ത് നില്‍ക്കണം.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്. (ബുഖാരി:2697)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
ഇമാം ബർബഹാരി(റഹി) പറയുന്നു: ചെറിയ രൂപത്തിലുള്ള പുത്തനാചാരങ്ങളിൽനിന്ന് ജാഗ്രത കൈക്കൊള്ളണം. കാരണം ചെറിയ ബിദ്അത്തുകൾ വളർന്ന് വലുതായിത്തീരുമെന്നത് തീർച്ചയാണ്. ഈ സമൂഹത്തിൽ ഉടലെടുത്ത എല്ലാ ബിദ്അത്തുകളും തുടക്കത്തിൽ ശരിയോട് സാദൃശ്യപ്പെടുന്ന നിലയ്ക്കായിരുന്നു. അതിനാൽ അവയിൽ പ്രവേശിച്ചവൻ പിന്നീട് അതിൽനിന്ന് പുറത്തുകടക്കാനാകാത്ത വിധം വഞ്ചിക്കപ്പെടുകയും. അതൊരു മതാചാരമായി വലുതാവുകയും ചെയ്തു. (ശറഹുസ്സുന്ന)
ഒരു കാര്യം ബിദ്അത്താകാന്‍ മൂന്ന് കാര്യങ്ങള്‍ വേണമെന്ന് ഈ ഹദീസുകളിൽ മനസ്സിലാക്കാം.
1. പുതുതായി ഉണ്ടാക്കുക.
2. അത് ദീനില്‍ ചേര്‍ക്കുക.
3. അതിന് പൊതുവായോ പ്രത്യേകമായോ രേഖയില്ലാതിരിക്കുക.
ഇമാം ഇബ്‌നു റജബ് അല്‍ ഹമ്പലി(റഹി)പറഞ്ഞു: ബിദ്അത്ത് എന്നാല്‍ ശരീഅത്താണെന്നറിയിക്കുന്ന രേഖകളൊന്നുമില്ലാത്ത, പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ഇനി ശരീഅത്തില്‍ പെട്ടതാണെന്നറിയിക്കുന്ന വല്ല രേഖയുമുണ്ടെങ്കില്‍ അത് ശറഇല്‍ ബിദ്അത്തല്ല ഭാഷാപരമായി ബിദ്അത്തെന്ന് പറയുമെങ്കിലും. (ജാമിഉല്‍ ഉലൂമി വല്‍ഹികം)
ഇബ്‌നു ഉസൈമീന്‍ (റഹി) പറഞ്ഞു: ബിദ്അത്തെന്നാല്‍ വിശ്വാസത്തിലോ കര്‍മത്തിലോ പ്രവാചകന്‍ ﷺ യും സ്വഹാബത്തും നിലകൊണ്ട പാതയ്‌ക്കെതിരായുള്ള പുതുതായ കാര്യങ്ങളാണ്. (ശറഹു ലുംഅത്തുല്‍ ഇഅ്തിക്വാദ്)
മതവിഷയങ്ങളിലുള്ള ബിദ്അത്തുകള്‍ രണ്ടുതരമുണ്ട്:
ഒന്ന്) വിശ്വാസപരവും വാചികവുമായ ബിദ്അത്ത്:
ആരാധനകളിലും വിശ്വാസങ്ങളിലുമുള്ള ബിദ്അത്തുകള്‍ നിഷിദ്ധമാണെന്നര്‍ഥം. എന്നാല്‍ ബിദ്അത്തിന്‍റെ ഇനങ്ങളനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.
ഉദാഹരണമായി, ക്വബ്റാളിയുടെ സാമീപ്യംനേടുക എന്ന ഉദ്ദേശ്യത്തില്‍ ക്വബ്റുകളെ ത്വവാഫ് ചെയ്യുക, നേര്‍ച്ച വഴിപാടുകളും അറവും നടത്തുക, അവരോട് പ്രാര്‍ഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം വ്യക്തമായ കുഫ്റാണ്.
ശിര്‍ക്കിന്ന് കാരണമായിത്തീരുന്നതും അതിലേക്ക് എത്തിക്കുന്നതുമായ ബിദ്അത്തുകളും ഉണ്ട്. ക്വബ്റുകള്‍ കെട്ടി ഉയര്‍ത്തുക, അവിടെവെച്ച് നമസ്കാരവും പ്രാര്‍ഥനയും നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം ആ ഗണത്തില്‍ പെട്ടവയാണ്.
ഖവാരിജുകള്‍, ക്വദ്രിയാക്കള്‍ (ക്വദ്റിനെ-വിധിയെ- നിഷേധിക്കുന്നവര്‍), മുര്‍ജിഉകള്‍ (ലാഇലാഹ ഇല്ലല്ലാഹു അംഗീകരിച്ചാല്‍ പിന്നെ എന്തു തെറ്റും ചെയ്യാം എന്ന വാദക്കര്‍) തുടങ്ങിയവര്‍ അവരുടെ വാക്കുകളിലും വിശ്വാസങ്ങളിലും വെച്ചുപുലര്‍ത്തുന്ന തെളിവുകളില്ലാത്ത കാര്യങ്ങള്‍. ഇവ വിശ്വാസത്തില്‍ വന്നുപോകുന്ന അധര്‍മമാണ്.
ജഹ്മിയാക്കള്‍, മുഅ്തസലിയാക്കള്‍, റാഫിളികള്‍… തുടങ്ങിയ സര്‍വ പിഴച്ചകക്ഷികളുടേയും വിശ്വാസങ്ങളും വാദങ്ങളും ഈ ഇനം ബിദ്അത്തിന് ഉദാഹരണമാണ്.
രണ്ട്) ആരാധനകളിലെ ബിദ്അത്ത്:
അല്ലാഹു പറയാത്ത രൂപത്തില്‍ അവനെ ആരാധിക്കല്‍ ഇതിന്നുദാഹരണമാണ്. ആരാധനകളിലെ ബിദ്അത്തിന്റെ പല ഇനങ്ങളുമുണ്ട്. അവയെ കുറിച്ച് താഴെ സൂചിപ്പിക്കുന്നു:
1) മതത്തില്‍ അടിസ്ഥാനമില്ലാത്ത നോമ്പ്, നമസ്കാരം, ജന്മദിനാഘോഷം തുടങ്ങി ആരാധനയുടെ പേരില്‍ ചെയ്യുന്ന പുതിയ കാര്യങ്ങള്‍.
2) മതത്തില്‍ അടിസ്ഥാനമുള്ള ആരാധനകളില്‍ വര്‍ധനവ് വരുത്തുക. ഉദാ: നാല് റക്അത്തുള്ള ദുഹ്റും അസ്വ്റും 5 റക്അത്തായി വര്‍ധിപ്പിക്കുക.
3) നബി ﷺ യുടെ സുന്നത്തില്‍നിന്നും പുറത്തുപോയിക്കൊണ്ടുള്ള രൂപത്തില്‍ സ്വന്തത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടും സംഘം ചേര്‍ന്നും ഉച്ചത്തിലും ദിക്റുകള്‍ ഉരുവിട്ടുകൊണ്ടും ദീനില്‍ പഠിപ്പിക്കാത്ത രൂപത്തില്‍ ആരാധന നിര്‍വഹിക്കുക.
4) മതം നിശ്ചയിക്കാത്ത, പ്രത്യേക സമയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആരാധന നിര്‍വഹിക്കല്‍. ശഅ്ബാന്‍ 15ലെ നോമ്പും അന്നത്തെ രാത്രിയിലെ നമസ്കാരവും ഇതിന്നുദാഹരണമാണ്.
നോമ്പും നമസ്കാരവും നല്ല കാര്യങ്ങളാണെങ്കിലും അതിന് പ്രത്യേകമായ സമയം നിശ്ചയിക്കാന്‍ തെളിവ് വേണം.
ഹജ്ജത്തുൽ വദാഇൽ വെച്ചാണ് ഇസ്‌ലാം സമ്പൂർണ്ണമാകുന്നത്.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)
നബി ﷺ യുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്. അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ
അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)
ഇതില്‍ നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.
- ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് നബി ﷺ വഫാത്തായിട്ടുള്ളത്.
- ഇസ്ലാമില്‍ ഇനി എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതില്‍ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ വേണ്ടതില്ല.
- അല്ലാഹുവില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി ﷺ നമുക്ക് എത്തിച്ചു തന്നിട്ടുണ്ട്.
- നബി ﷺ യുടെ കാലത്ത് എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബി ﷺ യുടെ കാലത്ത് എന്തെല്ലാം ദീന്‍ അല്ലയോ അതെല്ലാം ഇന്നും ദീനല്ല.
മതം പൂര്‍ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിതന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.
قال الشاطبي – رجمه الله -: فَالْبِدْعَةُ إِذَنْ عِبَارَةٌ عَنْ: طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ
ഇമാം ശാത്വിബി (റഹി) പറയുന്നു: അല്ലാഹുവിലുള്ള ആരാധനയിൽ അധികരിപ്പിക്കാൻ ഉദ്ദേശിച്ച് കൊണ്ട് മതത്തിനോട് കിടപിടിക്കുന്ന രൂപത്തിൽ മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന വഴികൾക്കാണ് ബിദ്‌അത്ത് എന്ന് പറയുന്നത്. (അൽ ഇഅ്‌തിസാം: 1/37)
ജൗഹരി (റഹി) പറയുന്നു:
وَالْبِدْعَةُ: الْحَدَثُ فِي الدِّينِ بَعْدَ الْإِكْمَالِ
ദീൻ പൂർത്തീകരിച്ചതിനു ശേഷം അതിലുണ്ടാകുന്ന പുതിയ കാര്യങ്ങള്‍ക്കാണ് ബിദ്അത്ത് എന്ന് പറയുന്നത്. (അൽബാഇസ് പേ:87)
ചുരുക്കത്തില്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണ് ബിദ്അത്ത്.
ബിദ്അത്തുകളുടെ തുടക്കം
قال شيخ الإسلام ابن تيمية رحمه اللّه : واعلم أن عامة البدع المتعلقة بالعلوم والعبادات إنما وقع في الأمة في أواخر الخلفاء الراشدين كما أخبر به النبي صلى الله عليه وسلم حيث قال : « من يعش منكم فسيرى اختلافا كثيرا ؟ فعليكم بسنتي وسنة الخلفاء الراشدين المهديين » وأول بدعة ظهرت بدعة القدر وبدعة الإرجاء ، وبدعة التشيع والخوارج ولما حدثت الفرقة بعد مقتل عثمان ظهرت بدعة الحرورية ، ثم في أواخر عصر الصحابة حدثَ القدرية في آخر عصر ابن عمر وابن عباس وجابر وأمثالهم من الصحابة ، وحدثت المرجئة قريبا من ذلك . وأما الجهمية فإنها حدثت في أواخر عصر التابعين بعد موت عمر بن عبد العزيز ، وقد روي أنه أنذر بهم ، وكان ظهور جهم بخراسان في خلافة هشام بن عبد الملك .
هذه البدع ظهرت في القرن الثاني والصحابة موجودون وقد أنكروا على أهلها ، ثم ظهرت بدعة الاعتزال وحدثت الفتن بين المسلمين وظهر اختلاف الآراء والميل إلى البدع والأهواء ، وظهرت بدعة التصوف وبدعة البناء على القبور بعد القرون المفضلة ، وهكذا كلما تأخر الوقت زادت البدع وتنوعت .
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റഹി) പറയുന്നു: “അറിയുക, സച്ചരിതരായ ഖലീഫമാരുടെഅവസാന കാലങ്ങളിലാണ് പൊതുവായുള്ള ബിദ്അത്തുകള്‍ വിജ്ഞാനങ്ങളിലും ആരാധനകളിലും ഉണ്ടായിത്തുടങ്ങുന്നത്. നബി ﷺ പറഞ്ഞല്ലോ; ‘എനിക്കുശേഷം ആരെങ്കിലും ജീവിച്ചാല്‍ ഒരുപാട് ഭിന്നതകള്‍ കാണാം. അപ്പോള്‍ നിങ്ങള്‍ എന്‍റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയെ മുറുകെപ്പിടിക്കുക’ എന്ന്. ഖവാരിജുകളുടെയും ശിയാക്കളുടെയും മുര്‍ജിയാക്കളുടെയും ക്വദ്രിയാക്കളുടെയും ബിദ്അത്തുകളാണ് ആദ്യമാദ്യം രംഗത്ത് വന്നുതുടങ്ങിയത്. രണ്ടാം നൂറ്റാണ്ടിലായിരുന്നു ഇത്. സ്വഹാബാക്കള്‍ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ബിദ്അത്തുമായി വന്നവരെ സ്വഹാബാക്കള്‍ എതിര്‍ക്കുകയുമുണ്ടായിട്ടുണ്ട്.
പിന്നീടാണ് മുഅ്തസിലിയാക്കളുടെ ബിദ്അത്തുകള്‍ തുടങ്ങുന്നത്. മുസ്ലിംകള്‍ക്കിടയില്‍ ഫിത്നകളും തുടങ്ങി. അഭിപ്രായങ്ങളിലെ ഭിന്നതകളും അതുമൂലം ബിദ്അത്തുകളിലേക്കും ഇച്ഛകളിലേക്കുമുള്ള ചായ്വുകളും തുടങ്ങി. ആദ്യ ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വൂഫിയാക്കളുടെ ബിദ്അത്തുകളും ക്വബ്റുകളുമായി ബന്ധപ്പെട്ട ബിദ്അത്തുകളും തുടങ്ങിയത്. ഇങ്ങനെ കാലത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തില്‍ ബിദ്അത്തുകള്‍ക്ക് വര്‍ധനവും പുതിയതായ രൂപങ്ങളും ഭാവങ്ങളും വന്നുതുടങ്ങി.
ബിദ്അത്തിനെ കുറിച്ചുള്ള നബി ﷺ യുടെ താക്കീത്
ബിദ്അത്ത് ഒരു സമാന്തര മതമാണെന്ന് പറയാം. സുന്നത്തുമായി അതൊരിക്കലും യോജിച്ചു പോകുകയില്ല. അത് പ്രവാചകചര്യക്ക് കടകവിരുദ്ധവും സുന്നത്തിന്റെ നേരെ വിപരീതാശയവുമാണ്. ഒരു ബിദ്അത്ത് വരുമ്പോള്‍ ഒരു സുന്നത്ത് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നബി ﷺ ബിദ്അത്തിനെ കുറിച്ച് ശക്തമായ താക്കീത് ചെയ്തിട്ടുണ്ട്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി ﷺ പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്. (അബൂദാവൂദ് :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ” صَبَّحَكُمْ وَمَسَّاكُمْ ” . وَيَقُولُ ” بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ” . وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ” أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ”
ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)
ബിദ്അത്തിനെ കുറിച്ചുള്ള സ്വഹാബിമാരുടെ താക്കീത്
عَن أم الدَّرْدَاء قَالَتْ: دَخَلَ عَلَىَّ أَبُو الدَّرْدَاءِ وَهْوَ مُغْضَبٌ فَقُلْتُ مَا أَغْضَبَكَ فَقَالَ وَاللَّهِ مَا أَعْرِفُ مِنْ أُمَّةِ مُحَمَّدٍ صلى الله عليه وسلم شَيْئًا إِلاَّ أَنَّهُمْ يُصَلُّونَ جَمِيعًا.
ഉമ്മുദ്ദര്‍ദാഅ്(റ) പറയുന്നു: “അബുദ്ദര്‍ദാഅ്(റ) കോപിഷ്ഠനായിക്കൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. ഞാന്‍ ചോദിച്ചു: ‘താങ്കള്‍ക്കെന്തുപറ്റി?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുതന്നെയാണ് സത്യം! അവര്‍ ഒന്നിച്ച് നമസ്കരിക്കുന്നുണ്ട് എന്നതല്ലാതെ മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഒരു കാര്യവും ഞാനവരില്‍ കണ്ടില്ല” (ബുഖാരി:650)
عن عبدالله بن مسعود: عن عمرو بنِ سلَمةَ الهمْدانيِّ قال كنا نجلسُ على بابِ عبدِ اللهِ بنِ مسعودٍ قَبل صلاةِ الغداةِ فإذا خرج مَشينا معه إلى المسجدِ فجاءنا أبو موسى الأشعريُّ فقال أخَرَجَ إليكم أبو عبد الرحمنِ بعدُ قلنا لا فجلس معنا حتى خرج فلما خرج قُمْنا إليه جميعًا فقال له أبو موسى يا أبا عبد الرَّحمنِ إني رأيتُ في المسجدِ آنفًا أمرًا أنكرتُه ولم أرَ والحمدُ للهِ إلا خيرًا قال فما هو فقال إن عشتَ فستراه قال رأيتُ في المسجدِ قومًا حِلَقًا جلوسًا ينتظرون الصلاةَ في كلِّ حلْقةٍ رجلٌ وفي أيديهم حصًى فيقول كَبِّرُوا مئةً فيُكبِّرونَ مئةً فيقول هلِّلُوا مئةً فيُهلِّلون مئةً ويقول سبِّحوا مئةً فيُسبِّحون مئةً قال فماذا قلتَ لهم قال ما قلتُ لهم شيئًا انتظارَ رأيِك قال أفلا أمرتَهم أن يعُدُّوا سيئاتِهم وضمنتَ لهم أن لا يضيعَ من حسناتهم شيءٌ ثم مضى ومضَينا معه حتى أتى حلقةً من تلك الحلقِ فوقف عليهم فقال ما هذا الذي أراكم تصنعون قالوا يا أبا عبدَ الرَّحمنِ حصًى نعُدُّ به التكبيرَ والتهليلَ والتَّسبيحَ قال فعُدُّوا سيئاتِكم فأنا ضامنٌ أن لا يضيعَ من حسناتكم شيءٌ ويحكم يا أمَّةَ محمدٍ ما أسرعَ هلَكَتِكم هؤلاءِ صحابةُ نبيِّكم صلّى اللهُ عليهِ وسلَّمَ مُتوافرون وهذه ثيابُه لم تَبلَ وآنيتُه لم تُكسَرْ والذي نفسي بيده إنكم لعلى مِلَّةٍ هي أهدى من ملةِ محمدٍ أو مُفتتِحو بابَ ضلالةٍ قالوا والله يا أبا عبدَ الرَّحمنِ ما أردْنا إلا الخيرَ قال وكم من مُريدٍ للخيرِ لن يُصيبَه إنَّ رسولَ اللهِ صلّى اللهُ عليهِ وسلَّمَ حدَّثنا أنَّ قومًا يقرؤون القرآنَ لا يجاوزُ تراقيهم يمرُقونَ من الإسلامِ كما يمرُقُ السَّهمُ منَ الرَّميّةِ وأيمُ اللهِ ما أدري لعلَّ أكثرَهم منكم ثم تولى عنهم فقال عمرو بنُ سلَمةَ فرأينا عامَّةَ أولئك الحِلَقِ يُطاعِنونا يومَ النَّهروانِ مع الخوارجِ
അബ്ദില്ലാഹിബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം :അംറുബ്നു സലമ(റ) പറയുന്നു: “എന്‍റെ പിതാവ് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: ‘ഞങ്ങള്‍ സ്വുബ്ഹി നമസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന്‍റെ വാതില്‍ക്കല്‍ ഇരുന്നു. അദ്ദേഹം പുറത്ത് വന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കൂടെ പള്ളിയിലേക്ക് പോയി. അപ്പോള്‍ അബൂമൂസല്‍അശ്അരി(റ) തങ്ങളുടെ അടുക്കലേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘അബൂ അബ്ദുര്‍റഹ്മാന്‍ ഇനിയും വന്നില്ലേ?’ ഞങ്ങള്‍ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ അദ്ദേഹം വരുന്നതുവരെ ഞങ്ങളുടെ കൂടെയിരുന്നു. അബൂഅബ്ദുര്‍റഹ്മാന്‍ വന്നപ്പോള്‍ ഞങ്ങളെല്ലാവരും എഴുന്നേറ്റു നിന്നു; അപ്പോള്‍ അബൂ മൂസല്‍അശ്അരി(റ) പറഞ്ഞു: ‘അല്ലയോ അബൂഅബ്ദുറഹ്മാന്‍! ഞാന്‍ വെറുക്കുന്ന ഒരു കാര്യം ഇപ്പോള്‍ പള്ളിയില്‍വെച്ച് കണ്ടു. അല്‍ഹംദുലില്ലാഹ്! ഞാന്‍ കണ്ടത് നന്മ മാത്രമാണ്!’ അബൂഅബ്ദുര്‍റഹ്മാന്‍ ചോദിച്ചു: ‘എന്താണ് കണ്ടത്?’ അബുമൂസ(റ) പറഞ്ഞു: ‘താങ്കള്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ താങ്കള്‍ക്കുമത് കാണാം. ഒരു വിഭാഗം ആളുകള്‍ നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് വട്ടമിട്ടിരിക്കുന്നു. ഓരോ വട്ടത്തിലും (നേതൃത്വം കൊടുക്കാന്‍) ഒരാളുണ്ട്. അവരുടെയെല്ലാം കൈകളില്‍ ചെറിയ കല്ലുകളുണ്ട്. അയാള്‍ പറയും: ‘100 തവണ അല്ലാഹു അക്ബര്‍ പറയുക.’ അപ്പോള്‍ അവരിങ്ങനെ പറയും. ‘100 തവണ ലാഇലാഹ ഇല്ലല്ലാഹ് പറയുക.’ അപ്പോള്‍ അവരത് പറയും. ‘100 തവണ സുബ്ഹാനല്ലാഹ് പറയുക.’ അപ്പോള്‍ അവരത് പറയും.” അബൂഅബ്ദുറഹ്മാന്‍(റ) ചോദിച്ചു: ‘അവരുടെ തിന്മകള്‍ എണ്ണുവാനവരോട് കല്‍പിക്കുകയും നിങ്ങളുടെ നന്മകളില്‍നിന്ന് ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ എന്നവരോട് പറയുകയും ചെയ്തില്ലേ?’ അങ്ങനെ ഞങ്ങള്‍ പോയി. പള്ളിയിലെ ഹല്‍ക്വകളിലെ ഒരു ഹല്‍ക്വയുടെ അടുത്തെത്തി. എന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളീ കാണിക്കുന്നത്?’ അവര്‍ പറഞ്ഞു: ‘അബൂ അബ്ദുര്‍റഹ്മാന്‍, ഇത് കുറച്ചു കല്ലുകളാണ്. ഞങ്ങളതുകൊണ്ട് തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കുകയാണ്.’
അബൂ അബ്ദുര്‍റഹ്മാന്‍(റ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ തിന്മകള്‍ എണ്ണിക്കൊള്ളുക. നിങ്ങളുടെ നന്മകളില്‍ ഒന്നും നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ. മുഹമ്മദ് നബി ﷺ യുടെ സമൂഹമേ, നിങ്ങള്‍ക്ക് നാശം! എത്ര പെട്ടെന്നാണ് നിങ്ങള്‍ നശിച്ചത്! റസൂലിന്‍റെ അനുചരന്മാരിതാ (സ്വഹാബിമാര്‍) ജീവിച്ചിരിക്കുന്നു. റസൂലിന്‍റെ വസ്ത്രങ്ങളിതാ, അത് നുരുമ്പിയിട്ടില്ല. റസൂല്‍ ഉപയോഗിച്ച പാത്രങ്ങളിതാ, അവ കേടുവന്നിട്ടില്ല. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം! മുഹമ്മദ് നബി ﷺ കൊണ്ടുവന്ന മാര്‍ഗത്തെക്കാള്‍ നല്ല മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ വഴികേടിന്‍റെ വാതിലുകള്‍ തുറക്കുകയാണോ നിങ്ങള്‍?’ അവര്‍ പറഞ്ഞു: ‘അബൂഅബ്ദുര്‍റഹ്മാന്‍, ഞങ്ങള്‍ നന്മയല്ലാതെ ഉദ്ദേശിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു: ‘ഇങ്ങനെ, നന്മയാഗ്രഹിച്ചിട്ട് അതു ലഭിക്കാത്ത എത്രപേര്‍! നബി ﷺ പറഞ്ഞിട്ടുണ്ട്: ചില ആളുകള്‍ വരും. അവര്‍ ക്വുര്‍ആന്‍ ഓതുമെങ്കിലും അത് തൊണ്ടവിട്ട് താഴോട്ടിറങ്ങുകയില്ല. അല്ലാഹുതന്നെയാണ് സത്യം! എനിക്കറിയില്ല; അവരില്‍ അധികവും നിങ്ങളില്‍ തന്നെയായിരിക്കാം.’ അംറുബ്നു സലമ(റ) പറയുന്നു: ‘ഇവരില്‍ അധികമാളുകളെയും നഹര്‍വാന്‍ യുദ്ധദിവസം ഖവാരിജുകളോടൊപ്പം ഞങ്ങള്‍ കണ്ടു” (സിൽസിലത്തു സ്വഹീഹ)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ قَالَ اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا فَقَدْ كُفِيتُمْ
ഇബ്നു മസ്ഊദ്(റ) പറഞ്ഞു : നിങ്ങള്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ബിദ്അത്തുകള്‍ നിര്‍മ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങള്‍ക്ക് മതിയായതാണ്.
സ്വലഫുകള്‍ (മുന്‍ഗാമികള്‍) ബിദ്അത്തുകളെ കുറിച്ച് സമൂഹത്തെ താക്കീത് ചെയ്തിട്ടുള്ളവരും ബിദ്അത്തുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തവരുമായിരുന്നു. സ്വലഫുകളില്‍ ചില൪ ഇപ്രകാരം പറയുമായിരുന്നു:
كُلُّ عِبَادَةٍ لَا يَتَعَبَّدُهَا أَصْحَابُ رَسُولِ اللهِ صلَّى الله عَلَيه وَسَلم فَلَا تَعَبَّدُوهَا، فَإِنَّ الأَوَّلَ لَمْ يَدَعْ لِلآخِرِ مَقَالًا، فَاتَّقُوا اللهَ يَا مَعْشَرَ القُرَّاءِ وَخُذُوا طَرِيقَ مَنْ كَانَ قَبْلَكُم
നബി ﷺ യുടെ സ്വഹാബത്ത് ചെയ്യാത്ത ഒരു ഇബാദത്തും നിങ്ങള്‍ ചെയ്യരുത്. കാരണം മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി (മതപരമായ) യാതൊന്നും (പഠിപ്പിച്ചു തരാതെ) പോയിട്ടില്ല. അറിവുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ക്ക് മുന്‍കഴിഞ്ഞുപോയവരുടെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുക.
മാലിക് ഇബ്നു അനസി(റഹി)ന്‍റെ അടുക്കലേക്ക് ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: ‘ഞാന്‍ എവിടെനിന്നാണ് ഇഹ്റാമില്‍ പ്രവേശിക്കേണ്ടത്?’ (മാലിക്) പറഞ്ഞു: ‘നബി ﷺ നിശ്ചയിക്കുകയും ഇഹ്റാമില്‍ പ്രവേശിക്കുകയും ചെയ്ത മീക്വാതില്‍ നിന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അതിനെക്കാള്‍ ദൂരത്തുനിന്നും ഇഹ്റാമില്‍ പ്രവേശിച്ചാലോ? മാലിക് പറഞ്ഞു: ‘ആ അഭിപ്രായം എനിക്കില്ല.’ അദ്ദേഹം ചോദിച്ചു: ‘ഇക്കാര്യത്തില്‍ എന്തു മാര്‍ഗമാണ് താങ്കള്‍ വെറുക്കുന്നത്?’ മാലിക് പറഞ്ഞു: ‘താങ്കളില്‍ ഫിത്നയുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു.’ വീണ്ടും അയാള്‍ ചോദിച്ചു: ‘നന്മ വര്‍ധിപ്പിക്കുന്നതില്‍ എന്ത് ഫിത്നയാണുള്ളത്?’ ഇമാം മാലിക് പറഞ്ഞു: ‘അല്ലാഹു പറയുന്നു: നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ചോര്‍ന്നുപോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ’ (നൂര്‍: 63) നബി ﷺ നല്‍കിയിട്ടില്ലാത്ത ഒരു പ്രത്യേകമായ ശ്രേഷ്ഠത നിങ്ങളുണ്ടാക്കുന്നതിനെക്കാള്‍ വലിയ ഫിത്ന വേറെ എന്താണുള്ളത്?”
ﻗﺎﻝ الأوزاعي- ﺭﺣﻤﻪ ﺍﻟﻠﻪ -: اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ
ഇമാം ഔസാഇ (റഹി) പറഞ്ഞു : നീ നിന്റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചു നിര്‍ത്തുക. മുമ്പ്കഴിഞ്ഞു പോയ ജനത (സ്വഹാബികള്‍) എവിടെ നിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതുമാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക. സ്വലഫു സ്വാലിഹുകളുടെ മാര്‍ഗ്ഗം നീ പിന്‍പറ്റുക. തീര്‍ച്ചയായും അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതി.
ദീനിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് ആരെങ്കിലും വാദിക്കുന്ന പക്ഷം, നബി ﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.ഇമാം മാലിക്ؒ(റഹി) പറഞ്ഞു:
منْ أَحْدَثَ فِي هَذِهِ الْأُمَّةِ شَيْئًا لَمْ يَكُنْ عَلَيْهِ سَلَفُهَا ؛ فَقَدْ زَعَمَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ ؛ لِأَنَّ اللهَ يَقُولُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا ؛ فَلَا يَكُونُ الْيَوْمَ دِينًا
സ്വലഫുകളിൽ (സ്വഹാബത്തിലും താബിഉകളിലും) ഇല്ലാത്ത ഒരു ചര്യ ഈ സമുദായത്തിൽ വല്ലവനും പുതുതായി ഉണ്ടാക്കുന്ന പക്ഷം നബി ﷺ പ്രബോധനത്തിൽ വഞ്ചന കാണിച്ചു എന്നാണവന്‍ ജൽപിച്ചിരിക്കുന്നത്. നിശ്ചയം അല്ലാഹു അരുളുന്നു: ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീനിനെ പൂർത്തിയാക്കി തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങൾക്കുള്ള മതമായും തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അന്ന് നബി ﷺ യുടെ കാലത്ത് ദീനിൽ പെടാത്ത ഒരു കാര്യം ഇന്നും ദീനാവുകയില്ല (അൽ ഇഅ്തിസ്വാം :1/48)
ബിദ്അത്തിന്‍റെ കക്ഷികളെ എതിര്‍ക്കുകയും അവര്‍ക്ക് മറുപടി നല്‍കുകയും ബിദ്അത്തിനെ നിഷ്കാസനം ചെയ്യുകയും അതില്‍നിന്ന് അവരെ തടയുകയും ചെയ്യുന്ന സമീപനമാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്.
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നതിനേക്കാള്‍ ശൈത്വാന് ഇഷ്ടം അവ൪ ബിദ്അത്ത് ചെയ്യുന്നതാണെന്ന് വരെ പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം. കാരണം ബിദ്അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല. അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയിലാണ് ഒരാൾ ഒരു ബിദ്അത്ത് ചെയ്യുക. അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല.
حَدَّثَنَا يَحْيَى بْنُ الْيَمَانِ , قَالَ : سَمِعْتُ سُفْيَانَ الثَّوْرِيَّ ، يَقُولُ : الْبِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ , وَالْمَعْصِيَةُ يُتَابُ مِنْهَا , وَالْبِدْعَةُ لا يُتَابُ مِنْهَا
സുഫിയാനു സൌരി(റഹി) പറയുന്നു : ദോഷങ്ങളേക്കാൾ പിശാചിനിഷ്ടം ബിദ്അത്താണ്. തെറ്റ് ചെയ്യുന്നവന്‍ പിന്നീട് പശ്ചാത്തപിച്ചേക്കം. ബിദ്അത്ത് ചെയ്യുന്നവന്‍ പശ്ചാത്തപ്പിക്കില്ല.
ബിദ്അത്ത് ചെയ്യുന്നവര്‍ക്കാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരേക്കാള്‍ കടുത്ത ശിക്ഷയെന്നും പണ്ഢിതന്‍മാ൪ പറഞ്ഞതായികാണാം.
ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍(റഹി) പറഞ്ഞു: ബിദ്അത്ത് ചെയ്യുന്നവര്‍ക്കാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരേക്കാള്‍ കടുത്ത ശിക്ഷ. കാരണം കുറ്റകൃത്യങ്ങളേക്കാള്‍ ഗൌരവമുള്ളതാണ് ബിദ്അത്ത്. ശൈത്വാന് കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടം ബിദ്അത്തിനോടാണ്. കാരണം കുറ്റകൃത്യം ചെയ്യുന്നവന്‍ അതില്‍ നിന്ന് തൗബ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബിദ്അത്തുക്കാരന്‍ തൗബ ചെയ്യുന്നത് അപൂര്‍വ്വമാണ് . ശരിയായ കര്‍മ്മവും (അല്ലാഹുവിനോടുള്ള) അനുസരണവുമായിട്ടാണ് ചെയ്യുന്ന ബിദ്അത്തിനെ അവന്‍ കാണുന്നത്. (അതുകൊണ്ടുതന്നെ അതില്‍ നിന്ന് അവന്‍ തൌബ ചെയ്യില്ല). എന്നാല്‍ കുറ്റകൃത്യം ചെയ്യുന്നവന്‍ താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്നു (ആ തെറ്റില്‍ നിന്ന് തൗബ ചെയ്യാന്‍ അവന്‍ തയ്യാറായേക്കാം). അതിനാല്‍ ബിദ്അത്ത് കുറ്റകൃത്യങ്ങളേക്കാള്‍ ഗൌരവമേറിയതാണ്. (അല്‍ അജ്’വിബത്തുല്‍ മുഫീദ)
قال العلامة ابن باز رحمه الله : فأيّ بدعة رآها المؤمن وجب عليه إنكارها حسب الطاقة بالطرق الشرعية
ശൈഖ് ഇബ്നു ബാസ്(റ) പറഞ്ഞു: സത്യവിശ്വാസി കാണുന്ന ഏതൊരു ബിദ്അത്തും ,മതപരമായ മാർഗങ്ങളിലൂടെ കഴിവനുസരിച്ച് അതിനെ എതിർക്കൽ അവന് നിർബന്ധമാണ്..[المجموع ١٨٢/٧ ]
ബിദ്അത്തിന്റെ പരിണിത ഫലങ്ങൾ
1. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കില്ല
സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്. 1) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ളതായിരിക്കുക (ഇഖ്’ലാസ്.) 2) ചെയ്യുന്ന ക൪മ്മം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കണം(സുന്നത്ത്.) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കില്‍ അത് തള്ളപ്പെടും. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കില്ലെന്ന൪ത്ഥം.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്. (ബുഖാരി:2697)
2. ബിദ്അത്തുകാരന്റെ തൌബ അല്ലാഹു സ്വീകരിക്കുകയില്ല.
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)
3. ഹൗളുൽ കൗസർ നഷ്ടമാകും.
പരലോകത്ത് ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബിയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَى الْمَقْبُرَةَ فَقَالَ ” السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ وَدِدْتُ أَنَّا قَدْ رَأَيْنَا إِخْوَانَنَا ” . قَالُوا أَوَلَسْنَا إِخْوَانَكَ يَا رَسُولَ اللَّهِ قَالَ ” أَنْتُمْ أَصْحَابِي وَإِخْوَانُنَا الَّذِينَ لَمْ يَأْتُوا بَعْدُ ” . فَقَالُوا كَيْفَ تَعْرِفُ مَنْ لَمْ يَأْتِ بَعْدُ مِنْ أُمَّتِكَ يَا رَسُولَ اللَّهِ فَقَالَ ” أَرَأَيْتَ لَوْ أَنَّ رَجُلاً لَهُ خَيْلٌ غُرٌّ مُحَجَّلَةٌ بَيْنَ ظَهْرَىْ خَيْلٍ دُهْمٍ بُهْمٍ أَلاَ يَعْرِفُ خَيْلَهُ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” فَإِنَّهُمْ يَأْتُونَ غُرًّا مُحَجَّلِينَ مِنَ الْوُضُوءِ وَأَنَا فَرَطُهُمْ عَلَى الْحَوْضِ أَلاَ لَيُذَادَنَّ رِجَالٌ عَنْ حَوْضِي كَمَا يُذَادُ الْبَعِيرُ الضَّالُّ أُنَادِيهِمْ أَلاَ هَلُمَّ . فَيُقَالُ إِنَّهُمْ قَدْ بَدَّلُوا بَعْدَكَ . فَأَقُولُ سُحْقًا سُحْقًا ” .
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ ഖബ്൪സ്ഥാന്‍ സന്ദ൪ശിച്ച് പറഞ്ഞു: ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുഅ്മിനുകളെ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്.നമ്മുടെ സഹോദരങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയുടെ സഹോദരങ്ങളല്ലേ? നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ സ്വഹാബികളാണ്, ഇതുവരെയയും വന്നിട്ടില്ലാത്തവരാണ് നമ്മുടെ സഹോദരങ്ങള്‍ (കൊണ്ട് ഉദ്ദേശിച്ചത്) സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഉമ്മത്തില്‍ നിന്ന് ഇതുവരെയും വന്നിട്ടില്ലാത്ത അവരെ (പരലോകത്ത് വെച്ച്) എങ്ങനെ തിരിച്ചറിയും? നബി ﷺ പറഞ്ഞു: ഒരാള്‍ക്ക്, മുഖത്തും കാലിലും വെള്ള നിറമുള്ള ഒരു കുതിരയുണ്ട്. കറുത്ത കുതിരകള്‍ക്കിടയില്‍ നില‍്‍ക്കുന്ന അതിനെ അയാള്‍ തിരിച്ചറിയില്ലെയോ? അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അതെ (തിരിച്ചറിയും) നബി ﷺ പറഞ്ഞു: വുളൂവിന്റെ അടയാളങ്ങളുമായിട്ടാണ് അവ൪ വരുന്നത്. ഹൗളിന്റെ അടുത്ത് അവരെ ഞാന്‍ കാത്തിരിക്കും. എന്നാല്‍ ചിലയാളുകളെ ഹൗളിന്റ അടുത്ത് നിന്ന് ആട്ടിയോടിക്കപ്പെടും, കൂട്ടംതെറ്റി (മറ്റുള്ളതിന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ വരുന്ന) ഒട്ടകത്തെ ആട്ടിയോടിക്കുന്നതുപോലെ. വരൂ, വരൂ എന്ന് അവരെ ഞാന്‍ വിളിച്ചു കൊണ്ടിരിക്കും. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) മാറ്റം വരുത്തിയവരാണ്. അപ്പോള്‍ ഞാന്‍ പറയും:ദൂരെപ്പോകൂ! ദൂരെപ്പോകൂ! (മുസ്ലിം: 249)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَيُخْتَلَجُ الْعَبْدُ مِنْهُمْ فَأَقُولُ رَبِّ إِنَّهُ مِنْ أُمَّتِي . فَيَقُولُ مَا تَدْرِي مَا أَحْدَثَتْ بَعْدَكَ ” . زَادَ ابْنُ حُجْرٍ فِي حَدِيثِهِ بَيْنَ أَظْهُرِنَا فِي الْمَسْجِدِ . وَقَالَ ” مَا أَحْدَثَ بَعْدَكَ ” .
നബി ﷺ പറഞ്ഞു: എന്നാൽ എന്റെ ഉമ്മത്തിൽ നിന്ന് ചിലർ (ഹൗളിലേക്ക് എത്താതെ) വലിച്ചു മാറ്റപ്പെടുന്നതാണ്. അപ്പോൾ ഞാൻ പറയും: റബ്ബേ! അവർ എന്റെ ഉമ്മത്തിൽ പെട്ടവരാണ്. അപ്പോൾ അല്ലാഹു പറയും: നിനക്ക് ശേഷം അവർ (ദീനിൽ) പുതുതായി നിർമ്മിച്ചത് എന്തെല്ലാമാണെന്ന് താങ്കൾക്കറിയില്ല. (മുസ്ലിം: 400)
ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി ﷺ പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബി ﷺ യുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.
4. നരകം ലഭിക്കും
قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
നബി ﷺ പറഞ്ഞു: നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്. (നസാഇ:1578)
ഇസ്ലാമില്‍ നല്ല ബിദ്അത്ത് ഉണ്ടോ?
ഇന്ന് ബിദ്അത്തിന്റെ ആളുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ് ഇസ്ലാമില്‍ ‘ബിദ്അതുൻ ഹസന’ അതായത് ‘നല്ല പുത്തനാചാരം’ ഉണ്ടെന്നുള്ളത്.
വ൪ഷംതോറും നബി ﷺ യുടെ ജന്‍മദിനത്തോടനുബന്ധിച്ച നടന്നുവരുന്ന ദാനധ൪മ്മങ്ങളും സല്‍ക൪മ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്.(സുന്നി അഫ്ഗാ൪ വാരിക 1999 ജൂണ്‍ 23)
മൌലിദ് പരിപാടി നല്ല ബിദ്അത്തില്‍ പെട്ടതും അങ്ങനെ ചെയ്യുന്നത് പ്രതിഫലാ൪ഹമായ കാര്യവുമാണ്.(സുന്നി അഫ്ഗാ൪ വാരിക 1999 ജൂണ്‍ 23)
ദീനിൽ നിർമ്മിച്ചുണ്ടാക്കുന്ന സകല ബിദ്അത്തുകളും അനാചാരങ്ങളാണെന്നാണ് സ്വഹാബികൾ അടക്കമുള്ള സ്വലഫുകൾ മനസ്സിലാക്കിയത്. ഇബ്‌നു ഉമർؓ(റ) പറയുന്നു:
كُلُّ بِدْعَةٍ ضَلَالَةٌ ، وَإِنْ رَآهَا النَّاسُ حَسَنَةً
എല്ലാ അനാചാരങ്ങളും വഴി കേടാണ്. ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി. (ബൈഹഖി)
നല്ല ബിദ്അത്തുകള്‍ ഉണ്ടാക്കാം എന്നതിന് രേഖയായി അവ൪ കൊണ്ടുവരുന്ന പ്രധാന തെളിവ്, ഉമറിന്റെ(റ) കാലത്ത് തറാവീഹ് നമസ്കാരം ജമാഅത്തായി പുനസ്ഥാപിച്ചതിനെ കുറിച്ച് ഉമര്‍(റ) നടത്തിയ ‘ഇതെത്ര നല്ല ബിദ്അത്ത് ‘ എന്ന പരാമര്‍ശമാണ്. ഇത് ഒരിക്കലും പുത്തനാചാരങ്ങള്‍ നി൪മ്മിക്കുന്നതിന് തെളിവല്ല.
عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، أَنَّهُ قَالَ خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ لَيْلَةً فِي رَمَضَانَ، إِلَى الْمَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلاَتِهِ الرَّهْطُ فَقَالَ عُمَرُ إِنِّي أَرَى لَوْ جَمَعْتُ هَؤُلاَءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ. ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَىِّ بْنِ كَعْبٍ، ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى، وَالنَّاسُ يُصَلُّونَ بِصَلاَةِ قَارِئِهِمْ، قَالَ عُمَرُ نِعْمَ الْبِدْعَةُ هَذِهِ
അബ്ദുറഹ്മാന്‍ ബ്നു അബ്ദില്‍ ഖാരിയ്യില്‍(റ) നിന്ന് നിവേദനം:ഉമര്‍(റ) ഒരു ദിവസം റമളാനില്‍ പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഒറ്റയായും വിവിധ സംഘങ്ങളായും നമസ്കരിക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇവരെയെല്ലാവരെയും ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ഒരുമിച്ചു കൂട്ടുക. അങ്ങനെ ഉബയ്യുബ്നു കഅബിന്റെ(റ) നേതൃത്വത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചു. പിന്നീട് മറ്റൊരു ദിവസം അദ്ദേഹം പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങളെല്ലാം ഒരു ഇമാമിന്റെ കീഴില്‍ നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് എത്ര നല്ല ബിദ്അത്ത് (ബുഖാരി:2010)
നബി ﷺ യുടെ കാലത്ത് ഏതാനും ദിവസങ്ങളില്‍ മാത്രണാണ് ഒരൊറ്റ ജമാഅത്തായി തറാവീഹ് നമസ്കാരം നടന്നത്. ജനങ്ങളുടെ ആവേശം കണ്ടപ്പോള്‍ അല്ലാഹു ഇത് നി൪ബന്ധമാക്കുമോയെന്ന് ഭയന്ന്, അതിനുശേഷം നബി ﷺ തറാവീഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചില്ല. പില്‍ക്കാലത്ത് തറാവീഹ് നമസ്കാരം വിവിധ സംഘങ്ങളായി ഒരൊറ്റ പള്ളിയില്‍ വെച്ചുതന്നെ നടത്തുന്നത് കണ്ടപ്പോള്‍ ഉമര്‍(റ) അത് ഒരു ഇമാമിന്റെ കീഴില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. അല്ലാതെ പുതുതായൊന്നും നിര്‍മ്മിക്കുകയുണ്ടായില്ല. ഇതിനെ കുറിച്ച് ഭാഷാപരമായ അര്‍ത്ഥത്തില്‍ മാത്രമാണ് അദ്ദേഹം ‘നല്ല ബിദ്അത്ത് ‘ എന്ന് പ്രയോഗിച്ചത്. ഉമറിന്റെ(റ) പ്രസ്താവന കേവലം ഭാഷപരമായിരുന്നുവെന്നാണ് പണ്ഢിതന്‍മാ൪ പറയുന്നത്.
قال ابن حجر الهيتمي رحمه الله : وَقَول عمر رَضِي الله عَنهُ فِي التَّرَاوِيح نعمت الْبِدْعَة هِيَ أَرَادَ الْبِدْعَة اللُّغَوِيَّة وَهُوَ مَا فعل على غير مِثَال كَمَا قَالَ تَعَالَى {قل مَا كنت بدعا من الرُّسُل} وَلَيْسَت بِدعَة شرعا فَإِن الْبِدْعَة الشَّرْعِيَّة ضَلَالَة كَمَا قَالَ – صلى الله عليه وسلم – وَمن قسمهَا من الْعلمَاء إِلَى حسن وَغير حسن فَإِنَّمَا قسم الْبِدْعَة اللُّغَوِيَّة وَمن قَالَ كل بِدعَة ضَلَالَة فَمَعْنَاه الْبِدْعَة الشَّرْعِيَّة
ഇബ്‌നു ഹജറുൽ ഹൈത്തമി(റഹി) പറയുന്നു: തറാവീഹ് നമസ്കാരത്തെ സംബന്ധിച്ച് അത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പറഞ്ഞത് അതിന്റെ ഭാഷാപരമായ അര്‍ത്ഥത്തിലാണ്. മുൻ മാതൃകയില്ലാതെ ചെയ്തത് (എന്നർത്ഥം). അല്ലാഹു പറഞ്ഞതുപോലെ (നബിയേ) പറയുക: ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. (ഉമർ(റ) ഉദ്ദേശിച്ചത്) മതപരമായ ബിദ്അത്തല്ല. കാരണം, മതപരമായ ബിദ്അത്ത് ദുർമാർഗമാണ്. നബി ﷺ അങ്ങനെ പറഞ്ഞിട്ടുണ്ട്. (എല്ലാ ബിദ്അത്തും എന്ന ദുർമാർഗമാണ് എന്ന നബിവാചകമാണ് ഇബ്‌നു ഹജർؒ ഉദ്ദേശിച്ചത്.) നല്ലതെന്നും അല്ലാത്തതെന്നും ബിദ്അത്തിനെ വിഭജിച്ച പണ്ഢിതന്മാർ ഭാഷാപരമായ ബിദ്അത്തിനെയാണ് ഉദ്ദേശിച്ചത്. ‘എല്ലാ ബിദ്അത്തും ദുർമാർഗമാണ്’ എന്ന് പറഞ്ഞവർ ഉദ്ദേശിച്ചത് മതപരമായ ബിദ്അത്തിനെയാണ്. (അൽ ഫതാവൽ ഹദീസിയ്യ: 240)
قال الشاطبي – رجمه الله -: إِنَّمَا سَمَّاهَا بِدْعَةً بِاعْتِبَارِ ظَاهِرِ الْحَالِ، مِنْ حَيْثُ تَرَكَهَا رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ، وَاتَّفَقَ أَنْ لَمْ تَقَعْ فِي زَمَانِ أَبِي بَكْرٍ رَضِيَ اللهُ عَنْهُ، لَا أَنَّهَا بِدْعَةٌ فِي الْمَعْنَى، فَمَنْ سَمَّاهَا بِدْعَةً بِهَذَا الِاعْتِبَارِ فَلَا مُشَاحَةَ فِي الْأَسَامِي، وَعِنْدَ ذَلِكَ لا يَجُوزُ أَنْ يُسْتَدَلَّ بِهَا عَلَى جَوَازِ الِابْتِدَاعِ بِالْمَعْنَى الْمُتَكَلَّمِ فِيهِ، لِأَنَّهُ نَوْعٌ مِنْ تَحْرِيفِ الْكَلِمِ عَنْ مَوَاضِعِهِ. ( الاعْتِصَام)
ഇമാം ശാത്വബി (റഹി) പറയുന്നു: പ്രത്യക്ഷം പരിഗണിച്ചുകൊണ്ട് മാത്രമാണ് ഉമർؓ അതിനെ ബിദ്‌അത്ത് എന്ന് പ്രയോഗിച്ചത്. അഥവാ നബി ﷺ ഉപേക്ഷിക്കുകയും അബൂബക്കറിന്റെ(റ) കാലത്ത് ഉണ്ടാകാതിരിക്കുകയും ചെയ്തത് എന്ന നിലക്ക്. അല്ലാതെ ആശയതലത്തിലുള്ള ബിദ്‌അത്ത് എന്ന അർത്ഥത്തിലല്ല. ഈ പരിഗണനയിൽ വല്ലവനും ബിദ്‌അത്ത് എന്ന് പ്രയോഗിച്ചാൽ ആ പദപ്രയോഗത്തെ ആക്ഷേപിക്കേണ്ടതില്ല. എന്നാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന ആശയത്തിലുള്ള ബിദ്‌അത്ത് അനുവദനീയമാണെന്നതിന് ഇത് തെളിവാക്കാവതല്ല. അങ്ങിനെ തെളിവാക്കുന്നുവെങ്കിൽ അത് വാചകങ്ങളെ ദുർവ്യാഖ്യാനിക്കലാകുന്നു. (അൽ ഇഅ്തിസാം :1/195)
തറാവീഹ് നമസ്കാരത്തെ സംബന്ധിച്ച് അത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പറഞ്ഞത് അതിന്റെ ഭാഷാപരമായ അര്‍ത്ഥത്തിലാണെന്ന് വ്യക്തം. നല്ല ബിദ്അത്ത് എന്ന പേരില്‍ ഒരു ക൪മ്മം നടപ്പിലാക്കാന്‍ നബി ﷺ യുടെ വഫാത്തിന് ശേഷം ഒരാള്‍ക്കും അവകാശമില്ലെന്നും നബി ﷺ പഠിപ്പിച്ച ഒരു ചര്യ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ഉമ൪(റ) ചെയ്തിട്ടുള്ളതെന്നും നാം മനസ്സിലാക്കേണ്ടതാണ്.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: റസൂല്‍ ﷺ പറയുന്നു “എല്ലാ ബിദ്അത്തുകളും വഴികേടുകളാകുന്നു” എന്ന്. എന്നിട്ട് “നല്ല ബിദ്അത്തുകളുണ്ട്” എന്നാണോ നീ പറയുന്നത്!? (فتح المجيد ٨-٦-١٤٣٨)
ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍(ഹഫിലഹുല്ലാഹ്)പറയുന്നു: ‘നല്ല ബിദഅത്തിന്‍റെ’ വാദക്കാര്‍ക്ക് അവരുടെയടുക്കല്‍ തെളിവുകളൊന്നുമില്ല. ‘ഇത് എത്ര നല്ല ബിദ്അത്ത്’ എന്ന് തറാവീഹ് നമസ്കാരത്തെക്കുറിച്ച് ഉമര്‍(റ) പറഞ്ഞ വാക്കാണവരുടെ അവലംബം. മാത്രമല്ല, ചിലര്‍ ഇത്രകൂടി പറയുന്നു: ‘ഒരു പാട് പുതിയ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അതിനെയൊന്നും മുന്‍ഗാമികള്‍ (സലഫുകള്‍) എതിര്‍ത്തിട്ടില്ലല്ലോ. ഒറ്റഗ്രന്ഥമായി ക്വുര്‍ആന്‍ ക്രോഡീകരിക്കല്‍, ഹദീഥ് എഴുതിവെക്കല്‍, അതിന്‍റെ ക്രോഡീകരണം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളല്ലേ?’
യഥാര്‍ഥത്തില്‍ ഇതൊന്നും പുതുനിര്‍മിതികളല്ല. മറിച്ച് മതത്തില്‍ അടിസ്ഥാനമുള്ള കാര്യങ്ങളാണ്. ഉമര്‍(റ) ഇതു പറഞ്ഞത് മതപരമായ അര്‍ഥത്തിലല്ല. മറിച്ച് ഭാഷാപരമായ അര്‍ഥത്തിലാണ്. കാരണം ഇവിടെ മതത്തില്‍ മടക്കപ്പെടാവുന്ന ഒരു അടിസ്ഥാനമുണ്ട്. (നബി ﷺ സംഘംചേര്‍ന്ന് തറാവീഹ് നിര്‍വഹിച്ചിട്ടുണ്ട്). മതത്തില്‍ മടക്കപ്പെടാവുന്ന ഒരു അടിസ്ഥാനം ഇല്ലാത്തതിനാണ് മതപരമായി ബിദ്അത്ത് പറയുക.
ക്വുര്‍ആന്‍ ക്രോഡീകരണത്തിനും ‘അസ്വ്ല്’ (അടിസ്ഥാനമുണ്ട്). കാരണം നബി ﷺ ക്വുര്‍ആന്‍ എഴുതിവെക്കാന്‍ കല്‍പിച്ചിരുന്നു. പക്ഷേ, വേറെവേറെയായിക്കൊണ്ട് വിവിധ വസ്തുക്കളിലായിരുന്നു അതെഴുതിവെച്ചിരുന്നത്. എന്നാല്‍ ക്വുര്‍ആനിനെ സംരക്ഷിക്കുക എന്ന നിലക്ക് സ്വഹാബികള്‍ അങ്ങനെ ഒറ്റ ഗ്രന്ഥത്തില്‍ സമാഹരിച്ചു.
നബി ﷺ തന്‍റെ സ്വഹാബത്തിനോടൊപ്പം തറാവീഹ് നമസ്കരിച്ചിട്ടുണ്ട്. പക്ഷേ, അത് നിര്‍ബന്ധമായേക്കുമോ എന്ന ഭയത്താല്‍ നബി ﷺ അതില്‍നിന്നും വിട്ടുനിന്നു. നബി ﷺ യുടെ ജീവിതകാലത്തും ശേഷവും സ്വഹാബാക്കള്‍ വേറിട്ട് നിന്നുകൊണ്ട് തറാവീഹ് നമസ്കരിച്ചുപോന്നു. ഉമര്‍(റ)വിന്‍റെ കാലത്ത് നബി ﷺ യുടെ കാലത്തുണ്ടായിരുന്നപോലെ ഒരൊറ്റ ഇമാമിന്‍റെ കീഴില്‍ അവരെ ഒരുമിച്ചുകൂട്ടി. ഇത് മതത്തില്‍ ബിദ്അത്തുണ്ടാക്കലല്ല.
ഹദീഥ് എഴുതിവെക്കുന്നതിനും മതത്തില്‍ അടിസ്ഥാനമുണ്ട്. നബി ﷺ തന്‍റെ ചില സ്വഹാബിമാരോട് ചില ഹദീഥുകള്‍ എഴുതിവെക്കാന്‍ കല്‍പിച്ചിരുന്നു. സ്വഹാബിമാരുടെ ആവശ്യപ്രകാരം തന്നെയായിരുന്നു അത്. ക്വുര്‍ആനുമായി അതിലില്ലാത്തത് കൂടിക്കലരുമോ എന്ന ഭയമായിരുന്നു പ്രവാചകന്‍റെ കാലഘട്ടത്തില്‍ മൊത്തത്തിലുള്ള വിലക്കിനുള്ള കാരണം. എന്നാല്‍ നബി ﷺ യുടെ മരണത്തോടെ ഈ പ്രശ്നം അവസാനിച്ചു. പ്രവാചകന്‍റെ മരണത്തിന് മുമ്പുതന്നെ ക്വുര്‍ആന്‍ പൂര്‍ത്തിയാവുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. അങ്ങനെ സംരക്ഷണാര്‍ഥം മുസ്ലിംകള്‍ ഹദീഥും ക്രോഡീകരിച്ചു. നാശത്തില്‍നിന്നും നാശകാരികളുടെ കരങ്ങളില്‍നിന്നും അല്ലാഹുവിന്‍റെ ഗ്രന്ഥത്തെയും റസൂലി ﷺ ന്‍റെ സുന്നത്തിനെയും സംരക്ഷിച്ച അവര്‍ക്ക് അല്ലാഹു നന്മ പ്രതിഫലം നല്‍കുമാറാകട്ടെ. (تعريف البدعة أنواعها وأحكامها)
قال الحافظ ابن رجب رحمه الله تعالى في الكلام على حديث العرباض بن سارية رضي الله عنه, قوله – صلى الله عليه وسلم -: «كل بدعة ضلالة» من جوامع الكلم لا يخرج عنه شيء وهو أصل عظيم من أصول الدين وهو شبيه بقوله – صلى الله عليه وسلم -: «من أحدث في أمرنا هذاما ليس منه فهو رد» فكل من أحدث شيئاً ونسبه إلى الدين ولم يكن له أصل من الدين يرجع إليه فهو ضلالة, والدين بريء منه, وسواء في ذلك مسائل الاعتقادات أو الأعمال أو الأقوال الظاهرة والباطنة انتهى.
ഹാഫിള് ഇബ്നുറജബ് പറയുന്നു: ‘കുല്ലു ബിദ്അത്തില്‍ ളലാല’ (എല്ലാ ബിദ്അത്തുകളും വഴികേടാണ്) എന്നത് ‘ജവാമിഉല്‍കലാമില്‍’ പെട്ടതാണ്. (ചുരുക്കം വാക്കുകളില്‍ വിശദങ്ങളായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാണ് ‘ജവാമിഉല്‍കലാം എന്ന് പറയുക. ഇത് നബി ﷺ ക്ക് നല്‍കപ്പെട്ട പ്രത്യേകതയാണ്). ഇതില്‍നിന്ന് ഒന്നും ഒഴിവല്ല. (എല്ലാ ബിദഅത്തും പെടും എന്നര്‍ഥം). മതത്തിന്‍റെ അടിസ്ഥാനങ്ങളിലെ മുഖ്യമായ ഒന്നാണിത്. മാത്രമല്ല, ‘നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും പുതുതായി ചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാണ്’ എന്ന ഹദീഥിനു സമാനമാണ് ഇതും. ദീനില്‍ അടിസ്ഥാനമില്ലാത്ത വല്ലതും ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് വഴികേടാണ്. മതം അതില്‍നിന്നും ഒഴിവാണ്. അത് വിശ്വാസപരമോ കര്‍മപരമോ ബാഹ്യവും ആന്തരികവുമായ വാക്കുകളോ എന്തോ ആകട്ടെ. (അടിസ്ഥാനമില്ലെങ്കില്‍ സ്വീകാര്യമല്ല). (ജാമിഉൽ ഉലൂമി വൽഹികം)
ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം
ബിദ്അത്ത് മദ്യപാനമോ വ്യഭിചാരമോ പോലെയല്ല, മറിച്ച് മതത്തിലെ പുണ്യക൪മ്മമായിട്ടാണ് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ക്ക് വലിയ പ്രയാസമാണ്. പ്രസ്തുത ബിദ്അത്ത് ചൂണ്ടികാണിച്ചാല്‍ ആളുകള്‍ പറയും, അത് നമസ്കാരമല്ലേ ദിക്റല്ലേ സ്വലാത്തല്ലേ എന്നൊക്കെ. എക്കാലത്തും ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം ഇതുതന്നെയാണ്.
عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ: يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟ قَالَ: لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ
സഈദ്ബ് നു മുസയ്യബില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട് രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ? (അപ്പോള്‍ സഈദ്ബ് നു മുസയ്യബ്) പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.
ഈ ഹദീസ് വിശദീകരിക്കവെ ശൈഖ് അല്‍ബാനി (റഹി)പറഞ്ഞു: സഈദ് ബ് നു മുസയ്യബിന്റെ മറുപടി എത്ര ഉന്നതമാണ്. മിക്ക ബിദ്അത്തുകളെയും അത് നമസ്കാരമല്ലേ, ദിക്റല്ലേ എന്നൊക്കെ പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന ബിദ്അത്തുകാ൪ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇങ്ങനെയുള്ള ബിദ്അത്തുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഇത്തരം ആളുകള്‍ അഹ്ലുസ്സുന്നയെ എതിര്‍ക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അഹ്ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്. (ഇര്‍വാഅ് : 2/236).
നമ്മുടെ നാടുകളില്‍ നബി ﷺ യുടെ സ്വഹാബത്തിന്റേയോ കാലത്തില്ലാത്ത പല പുതിയ ഇബാദത്തുകളും കാണാന്‍ കഴിയും. എല്ലാ ദിവസവും രാത്രിയില്‍ പള്ളികളില്‍ പാരായണം ചെയ്യപ്പെടുന്ന ഹദ്ദാദ് റാത്തീബ്, സ്വലാത്ത് ചൊല്ലുന്നതിനായി സദസ്സുകള്‍ സംഘടിപ്പിക്കുന്നത്, മൌലിദ് പാരായണം, മരണവീട്ടില്‍ 3,7,40 ദിവസങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കല്‍ എന്നിവയെല്ലാം ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ സംഭവത്തില്‍ നിന്നും സംശയമില്ലാത്തവിധം വ്യക്തമാണ്.
ഇന്ന് പലപ്പോഴും ബിദ്അത്തുകള്‍ക്ക് സുന്നത്തിന്റെ പരിവേഷം നല്‍കിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഏത് ബിദ്അത്തെടുത്ത് പരിശോധിച്ചു നോക്കിയാലും ആളുകള്‍ അത് മതത്തിലെ പുണ്യക൪മ്മമെന്ന നിലക്കാണ് ചെയ്തുവരുന്നത്. അത്തരം ബിദ്അത്തുകള്‍ ഒഴിവാക്കുന്നവരെ സുന്നത്ത് ഒഴിവാക്കിയിരിക്കുന്നുവെന്നു പറഞ്ഞ് ആക്ഷേപിക്കും. ഹുദൈഫ(റ) പറഞ്ഞത് സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
قَالَ حُذَيْفَةَ - رضى الله عنه : وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ»
ഹുദൈഫ (റ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം. ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം. ബിദ്അത്തുകള്‍ സര്‍വ്വപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും. (ഇഅതിസാം – ശ്വാതിബി: 1/78)
എന്തുകൊണ്ടാണ് ആളുകള്‍ ബിദ്അത്ത് ചെയ്യുന്നത്
1. മതത്തിന്‍റ വിധിവിലക്കുകളെക്കുറിച്ചുള്ള അജ്ഞത
കാലം മുന്നോട്ട് പോവുകയും പ്രവാചകന്‍റെ കാല്‍പാടുകളില്‍നിന്ന് ആളുകള്‍ അകലുകയും ചെയ്തതോടെ വിജ്ഞാനം കുറയുകയും അജ്ഞത വര്‍ധിക്കുകയും ചെയ്തു. നബി ﷺ അത് പഠിപ്പിച്ച് തന്നിട്ടുമുണ്ട്:
فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا
‘എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരുപാട് ഭിന്നതകള്‍ കാണാം…’ (അബൂദാവൂദ് : 4607)
നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു:
إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا ” .
‘അടിമകളില്‍നിന്നും ഊരിയെടുത്തു കൊണ്ടല്ല അല്ലാഹു അറിവിനെ പിടിച്ചെടുക്കുക. മറിച്ച് പണ്ഡിതന്മാരെ പിടികൂടുന്നതിലൂടെ (അവരുടെ മരണത്തിലൂടെ)യാണത്. അങ്ങനെ ഒരു പണ്ഡിതനും അവശേഷിക്കാത്ത കാലം വന്നാല്‍ ജാഹിലുകളെ (അറിവില്ലാത്തവരെ) ജനങ്ങള്‍ നേതാക്കന്മാരാക്കിവെക്കും. അവരോട് ചോദിക്കും. അവര്‍ അറിവില്ലാതെ ഫത്വ കൊടുക്കും. അവരും പിഴച്ചു. മറ്റുള്ളവരെയും പിഴപ്പിച്ചു.’ (മുസ്ലിം:2672)
ഇല്‍മും (അറിവ്) ഉലമാക്കളും(പണ്ഡിതന്‍മാര്‍ )ആണ് ബിദ്അത്തുകളോട് ഏറ്റുമുട്ടുന്നത്. ഇല്‍മും ഉലമാക്കളും ഇല്ലാതായാല്‍ ബിദ്അത്തുകള്‍ കടന്നുവരാനും അത് വ്യാപിക്കാനും അതിന്‍റെ വക്താക്കള്‍ക്ക് വിഹരിക്കാനുമുള്ള അവസരമായി.
2. സുന്നത്തിനെ കുറിച്ചുള്ള അജ്ഞത
ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും നമുക്ക് നബി ﷺ യില്‍ മാതൃകയുണ്ട്.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
….നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക ……..(ഖു൪ആന്‍:59/7)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ
അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)
എന്നാല്‍ ഓരോ രംഗത്തുമുള്ള സുന്നത്ത് എന്താണെന്ന് അറിയാതെ വരുമ്പോഴാണ് ബിദ്അത്തുകള്‍ കടന്നുവരുന്നത്.
قال شيخ الإسلام ابن تيمية رحمه الله :من أعرض عن نور السنة التي بعث الله بها رسوله ﷺ فإنه يقع في ظلمات البدع ظلمات بعضها فوق بعض
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: അല്ലാഹു അയച്ച അവന്‍റെ റസൂലിന്‍റെ സുന്നത്തില്‍നിന്ന് തിരിഞ്ഞവന്‍, തീര്‍ച്ചയായും അവന്‍ ബിദ്അത്തിന്‍റെ ഇരുട്ടുകളില്‍ അകപ്പെടുന്നതാണ്. منهاج السنة (6 / 442)
3. ദേഹേച്ഛ
ഖുര്‍ആനിനെയും സുന്നത്തിനെയും ആരെങ്കിലും അവഗണിച്ചാല്‍ അവന്‍ പിന്നെ തന്‍റെ ഇച്ഛയെ പിന്‍പറ്റുകയായി. അല്ലാഹു പറയുന്നു:
فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവില്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്‍തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച! (ഖര്‍ആന്‍: 28/50)
ഇബ്നു റജബ് (റഹി) പറഞ്ഞു: ശരീഅത്തിനു മുകളിൽ ഹവക്ക് (ദേഹേച്ചകൾക്ക്) പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ബിദ്അത്തുകൾ ഉത്ഭവിക്കുന്നത്. അത് കൊണ്ടാണ് ബിദ്അത്തിന്റെ ആളുകളെ ഹവയുടെ ആളുകൾ എന്ന് വിളിക്കപ്പെടുന്നത് . (തഫ്സീ൪ ഇബ്നു റജബ്:202)
അറിയുക:ഇച്ഛയാല്‍ വാര്‍ത്തെടുക്കപ്പെട്ടതാണ് യഥാര്‍ഥത്തില്‍ ബിദ്അത്ത്
4. വ്യക്തികളോടും അഭിപ്രായങ്ങളോടുമുള്ള കക്ഷിത്വം
ഈ പ്രവണത സത്യം മനസ്സിലാക്കുന്നതില്‍നിന്നും തെളിവിനെ പിന്‍പറ്റുന്നതില്‍നിന്നും മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്നു:
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്തരുകയാണോ?)” (ഖുര്‍ആന്‍: 2/170).
സ്വൂഫികളുടെയും ക്വബ്റാരാധകരുടെയും മദ്ഹബുകളെ പിന്‍പറ്റുന്നവരുടെയുമൊക്കെ ഇന്നത്തെ അവസ്ഥ ഇതുതന്നെയാണ്. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും അവരെ വിളിക്കുകയുംഅതിനു വിരുദ്ധമായി അവര്‍ സ്വീകരിച്ചിട്ടുള്ള കാര്യങ്ങളെ വലിച്ചറിയാനാവശ്യപ്പെടുകയും ചെയ്താല്‍ തങ്ങളുടെ മദ്ഹബുകളെയും ശൈഖുമാരെയും പൂര്‍വപിതാക്കളെയും തെളിവായി അവര്‍ നിരത്തുന്നതാണ്.
ആളുകള്‍ ബിദ്അത്തിന്റെ ഗൌരവം വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലെന്നുള്ളത് ഒരു സത്യമാണ്. ശി൪ക്കും കുഫ്റും കഴിഞ്ഞാല്‍ വന്‍പാപങ്ങളില്‍ അടുത്തതായി പണ്ഢിതന്‍മാ൪ എണ്ണിയിട്ടുള്ളതാണ് ബിദ്അത്ത്.
5. സത്യനിഷേധികളോട് സാദൃശ്യം സ്വീകരിക്കല്‍
മനുഷ്യനെ ബിദ്അത്തില്‍കൊണ്ടെത്തിക്കാന്‍ ഉപകരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണിത്. അബൂവാഖിദുല്ലൈസി(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം:
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ . فَقَالَ النَّبِيُّ صلى الله عليه وسلم ” سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى : (اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ) وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ” .
അബൂവാഖിദുല്ലൈസി(റ) പറയുന്നു: “ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഹുനൈനിലേക്ക് പുറപ്പെട്ടു. തൊട്ടടുത്തകാലംവരെ ഞങ്ങള്‍ സത്യനിഷേധത്തിലായിരുന്നു. മുശ്രിക്കുകള്‍ ഭജനമിരിക്കുകയും വാള്‍ തൂക്കിയിടുകയും ചെയ്യുന്ന ഒരു മരമുണ്ടായിരുന്നു. ദാതു അന്‍വാത്വ്എന്നായിരുന്നു അതിന്‍റെ പേര്. ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ; അവര്‍ക്ക് ദാത് അന്‍വാത്വുള്ളപോലെ ഞങ്ങള്‍ക്കും ഒരു ദാതു അന്‍വാത്വുണ്ടാക്കി തന്നുകൂടേ?’ അപ്പോള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ പറഞ്ഞു: ‘അല്ലാഹു അക്ബര്‍! എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, മൂസാനബിയോട് ബനൂഇസ്റാഈല്യര്‍ പറഞ്ഞതുപോലെയാണ് നിങ്ങള്‍ പറഞ്ഞത്: ‘ഇവര്‍ക്ക് ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു’ (അഅ്റാഫ്: 138). മുമ്പുണ്ടായിരുന്നവരുടെ ചര്യ നിങ്ങള്‍ സ്വീകരിക്കുകതന്നെ ചെയ്യും”. (തിര്‍മിദി:2180)
സത്യനിഷേധികളോടുള്ള സാദൃശ്യമാണ് ബനൂ ഇസ്റാഈല്യരെയും മുഹമ്മദ് നബി ﷺ യുടെ ചില അനുയായികളെയും ഈ മോശമായ കാര്യം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്. അല്ലാഹുവിന്ന് പുറമെ ആരാധനക്കായി ആരാധ്യവസ്തുക്കളുണ്ടാക്കലും ബറകത്തെടുക്കാന്‍ അവയെ സ്വീകരിക്കലുമാണത്.
ഇതുതന്നെയാണ് ഇന്നും സമൂഹത്തില്‍ നിലവിലുള്ളത്. ശിര്‍ക്ക് ബിദ്അത്തുകളില്‍ മുസ്ലിം സഹോദരന്മാര്‍ അന്യമതസ്ഥരെ പിന്‍പറ്റിക്കൊണ്ടിരിക്കയാണ്. ജന്മദിനാഘോഷങ്ങള്‍, ആഴ്ചകള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേകത നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, മതപരവും അനുസ്മരണപരവുമായ ചടങ്ങുകളുടെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍, സ്തൂപങ്ങളും സ്മരണക്കായി ഉണ്ടാക്കപ്പെടുന്ന വസ്തുക്കളും, ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട നൂതനാചാരങ്ങള്‍, ക്വബ്റിന്‍മേല്‍ കെട്ടിടമുണ്ടാക്കല്‍ തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
ബിദ്അത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴി
ബിദ്അത്തുകളില്‍നിന്നും വഴികേടുകളില്‍നിന്നും രക്ഷപ്പെടാനുള്ള ഏകമാര്‍ഗം ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കലാണെന്നതില്‍ സംശയമില്ല:
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. (ഖു൪ആന്‍:6/153)
عن عبدالله بن مسعود:] خَطَّ لنا رسولُ اللهِ – ﷺ – خَطًّا، ثم قال: هذا سبيلُ اللهِ، ثم خَطَّ خطوطًا عن يمينِه وعن شمالِه، وقال: هذه سُبُلٌ، على كلِّ سبيلٍ منها شيطانٌ يَدْعُو إليه، وقرأ:وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
ഇബ്നു മസ്ഊദ്(റ)വില്‍ നിന്നും നിവേദനം: നബി ﷺ ഒരു വര വരച്ചശേഷം പറഞ്ഞു: ‘ഇത് അല്ലാഹുവിന്‍റെ മാര്‍ഗമാണ്.’ എന്നിട്ട് അതിന്‍റെ ഇടത്തും വലത്തും ഒരുപാട് വരകള്‍ വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഈ ഓരോ വഴിയിലുംഅതിലേക്ക് ക്ഷണിച്ചുകൊണ്ട് പിശാച് ഉണ്ടായിരിക്കും.’ ശേഷം പ്രവാചകന്‍ ﷺ ഓതി: “ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്‍തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണ്” (അല്‍അന്‍ആം: 153). (അഹ്മദ്)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി ﷺ പറഞ്ഞു: എനിക്ക് ശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു മുറുകെ പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്. (അബൂദാവൂദ് : 4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال الإمام الشافعي – رحمه الله -: إِذَا وَجَدْتُمْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُنَّةً فَاتَّبِعُوهَا ، وَلَا تَلْتَفِتُوا إِلَى قَوْلِ أَحَدٍ
ഇമാം ശാഫിഈ (റഹി) പറഞ്ഞു:’നിങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ ﷺ സുന്നത്ത് കണ്ടെത്തിയാല്‍ അത് പിന്തുടരുക.മറ്റൊരാളുടെ വാക്കിലേക്കും നിങ്ങള്‍ തിരിയരുത്.’ حلية الأولياء (١٠٧/٩)
قَال الإمَام الألبَاني – رَحمه الله :أكثَـر النّـاس اليَـوم لَا يَعبدُون اللهَ باتِّباع سُنة الرسُـول ﷺ ،إنّمَا يَعبدون الله بأهْـوائهِـم
ശൈഖ് അല്‍ബാനി(റഹി)പറഞ്ഞു:’ഇന്ന് ജനങ്ങളിലധികവും നബി ﷺ യുടെ സുന്നത്ത് പിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നില്ല.അവര്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് അവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മാത്രമാണ്. [سِلسلة الهُدى والنّور رقم 190 د16]
قال العلَّامة صالح بن فوزان الفوزان -حفظه الله-:إنَّ البدعة تُبعد عن الله؛ والسُّنة تقرِّب من الله
ശൈഖ് സ്വാലിഹുൽ ഫൗസാൻ(ഹഫിളഹുല്ലാഹ്) പറഞ്ഞു:തീർച്ചയായും ബിദ്അത്ത് അല്ലാഹുവിൽ നിന്ന് അകറ്റുകയും, സുന്നത്ത് അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യും..”التَّحذير من البدع” (12/1/1435هـ)
قال ابن القيم رحمه الله : إذا طلعت شمس السنة في قلب العبد ،فقطعت من قلبه ضباب كل بدعة
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : ഒരു അടിമയുടെ ഹൃദയത്തിൽ സുന്നത്തിന്‍റെ പ്രഭ ഉയർന്നു പൊങ്ങിയാൽ ,പിന്നെ ബിദ്അത്തിന്‍റെ അന്ധകാരം അറ്റുപ്പോക്കും. (مدارج السالكين 1/374)
ക്വുര്‍ആനിനെയും സുന്നത്തിനെയും ആരെങ്കിലും അവഗണിച്ചാല്‍ പിഴച്ച വഴികളും പുതിയ പുതിയ ബിദ്അത്തുകളും അവനെ തകര്‍ക്കുകതന്നെ ചെയ്യും.