صَلُّوا كَمَا رَأَيْتُمُونِي أُصَلِّي
നബി(സ്വ)പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)
നമസ്ക്കാരത്തിൽ നബി(സ്വ) കൈ കെട്ടിയിരുന്നോ?
നമസ്കാരത്തിൽ നബി(സ്വ) കൈ കെട്ടിയിരുന്നതായി ഹദീസുകളില്‍ കാണാം.
عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ
സഹ്ലിൽ (റ) നിന്ന് നിവേദനം: ‘വലതുകൈ നമസ്ക്കാരത്തിൽ ഇടത്തെ മുഴം കയ്യിൻമേൽ വെക്കാൻ (തിരുമേനിയുടെകാലത്ത്) ആളുകളോട് കൽപ്പിക്കാറുണ്ടായിരുന്നു.’ (ബുഖാരി: 740)
مرَّ رسولُ اللهِ صلَّى اللهُ عليه وسلَّم برجُلٍ وهو يُصلِّي وقد وضَع يدَه اليُسْرى على اليُمْنى، فانتزَعها، ووضَع اليُمْنى على اليُسْرى [أبو داود]
നബി(സ) ഒരിക്കൽ ഒരാൾ നമസ്കരിക്കുന്നതിന് അടുത്തു കൂടി നടന്നു, അയാൾ തൻ്റെ ഇടത് കൈ വലതു കയ്യിൻ്റെ മീതെ വെച്ചായിരുന്നു നമസ്കരിച്ചിരുന്നത്; നബി(സ) അന്നേരം അയാളുടെ കൈ അഴിക്കുകയും വലതു കൈ ഇടതു കയ്യിൻ്റെ മീതെക്ക് വെക്കുകയും ചെയ്തു. [അബൂദാവൂദ്]
عَنْ عَلْقَمَةُ بْنُ وَائِلٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم إِذَا كَانَ قَائِمًا فِي الصَّلاَةِ قَبَضَ بِيَمِينِهِ عَلَى شِمَالِهِ
അല്‍ഖമ ബ്നു വാഇല്‍(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി(സ്വ) നമസ്കാരത്തില്‍ നിന്നുകഴിഞ്ഞാല്‍ തന്റെ വലത് കൈ ഇടത് കൈയിന്‍ മേല്‍ പിടിക്കുന്നതായി ഞാന്‍ കണ്ടു. (നസാഇ:887-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: ശുഹൂർ(ഇടയത്താഴം) വൈകിപ്പിക്കാനും, നോമ്പ് വേഗത്തിൽതുറക്കാനും, നമസ്ക്കാരത്തിൽ വലതു കൈ ഇടതുകയ്യിന്മേൽ വെക്കാനും പ്രവാചകൻ ഞങ്ങളോട് കൽപ്പിച്ചിട്ടുണ്ട്. (സ്വഹീഹ് ഇബിനു ഹിബ്ബാൻ : 3/13-14)
മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത് :
ثُمَّ وَضَعَ يَدَهُ الْيُمْنَى عَلَى ظَهْرِ كَفِّهِ الْيُسْرَى وَالرُّسْغِ وَالسَّاعِدِ
ശേഷം വലത് കരം ഇടത് മുന്‍കൈയിന്റെ പുറത്ത് വെച്ചു. മണികണ്ഢവും കൈ തണ്ഢവും വെച്ച്. (അബൂദാവൂദ് : 27 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇബനു ഉസൈമീന്‍(റഹി)പറഞ്ഞു: അപ്പോള്‍ ഇതാണ് രണ്ട് രൂപങ്ങള്‍.(ഒന്ന്) കൈകള്‍ പിടിക്കല്‍. (2) കൈകള്‍ വെക്കല്‍. (ശറഉല്‍ മുംതിഅ് അലാ സാദുല്‍ മുസ്തഖ്നിഅ്:3/44)
നബി(സ്വ) നമസ്കാരത്തിലേക്ക് പ്രവേശിച്ചാൽ തൻ്റെ വലതു കൈ, ഇടതു മുൻകൈ മണിബന്ധം മുഴംകൈ എന്നീ ഭാഗങ്ങളിലായി വരുന്ന വിധത്തിൽ വെക്കുകയോ; വലതു കൈകൊണ്ട് ഇടതു കൈ പിടിക്കുകയോ ചെയ്യുമായിരുന്നു. രണ്ട് രൂപവും ചെയ്യാൻ അനുവാദമുണ്ട് എന്ന് മനസ്സിലാക്കാം.
മാലിക്കീ മദ്ഹബിന്റെ ആളുകള്‍ നമസ്ക്കാരത്തിൽ കൈകൾ കെട്ടാതെ താഴ്ത്തി ഇടുന്നതുകാണാം. ഇതിന് നബിയില്‍(സ്വ) നിന്ന് യാതൊരു മാതൃകയുമില്ല. ഇമാം മാലിക്(റഹി) കുറച്ചുകാലം കൈകള്‍ താഴ്ത്തിയിട്ട് നമസ്കരിച്ചിരുന്നു. ഖലീഫ മൻസൂറിന് ബൈഅത്ത് ചെയ്യാത്തതിന്റെ പേരിൽ മദീനയിലെ ഗവർണ്ണർ അദ്ദേഹത്തിന്റെ കൈതല്ലി തളർത്തിയെന്നും പിന്നീട് അദ്ദേഹത്തിന് കൈ കെട്ടി നമസ്ക്കരിക്കാൻ പറ്റുമായിരുന്നില്ലെന്നും ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അതാണ് പിന്നീട് മാലിക്കി മദ്ഹബിന്റെ ആളുകള്‍ കൈ അഴിച്ചിട്ട് നമസ്ക്കരിക്കാനുള്ള തെളിവാക്കിയിട്ടുള്ളത്.
നബി(സ) നമസ്കാരത്തിൽ കൈ കെട്ടാതെ ഇരു ഭാഗങ്ങളിൽ താഴ്ത്തിയിടുകയായിരുന്നു എന്ന് ഒരു ഹദീസിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല.[ലജ്നതു ദ്ദാഇമ: 6/365]
നമസ്‌കാരത്തിൽ എവിടെയാണ് കൈ കെട്ടേണ്ടത് ?
നമസ്ക്കാരത്തിൽ നബി(സ്വ) കൈ കെട്ടിയിരുന്നതായി ഹദീസുകളില്‍ നിന്നും മനസ്സിലാക്കി. അടുത്ത സംശയം എവിടെയാണ് കൈ കെട്ടേണ്ടതാണെന്നാണ്. നമസ്കാരത്തിൽ നബി(സ്വ) നെഞ്ചില്‍ കൈ കെട്ടിയിരുന്നതായിട്ടാണ് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുള്ളത്.
عَنْ طَاوُسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَضَعُ يَدَهُ الْيُمْنَى عَلَى يَدِهِ الْيُسْرَى ثُمَّ يَشُدُّ بَيْنَهُمَا عَلَى صَدْرِهِ وَهُوَ فِي الصَّلاَةِ .
ത്വാഊസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കെപിടിച്ചുകൊണ്ട് തന്റെ നെഞ്ചിന്‍ മേല്‍ വെക്കാറുണ്ടായിരുന്നു. (അബൂദാവൂദ് : 759 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ وَائِلِ بْنِ حُجْرٍ رضي الله عنه قَالَ : رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ قَائِمًا فِي الصَّلاةِ قَبَضَ بِيَمِينِهِ عَلَى شِمَالِهِ
വാഇലു ബ്നു ഹുജ്ർ (റ) പറയുന്നു: നബി(സ) നമസ്കരിക്കുമ്പോൾ അദ്ദേഹം തൻ്റെ വലതു കൈകൊണ്ട് ഇടതു കൈ പിടിക്കുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. [നസാഇ:887]
عَنْ قَبِيصَةَ بْنِ هُلْبٍ ، عَنْ أَبِيهِ قَالَ : رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ وَرَأَيْتُهُ يَضَعُ هَذِهِ عَلَى صَدْرِهِ ، وَوَصَفَ يَحْيَى الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ
ഖബീസത്തു ബ്‌നു ഹുല്ബ്ؒ (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു: നബി (സ്വ) നമസ്‌കാരത്തിൽ നിന്ന് തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും പിരിഞ്ഞ് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് (കൈകൾ) അദ്ദേഹം നെഞ്ചിന്മേൽ വെച്ചതായും ഞാൻ കണ്ടു. വലതുകൈ ഇടതു കയ്യിന്റെ മണിബന്ധത്തിന്റെ മുകളിലായി വെച്ചുകൊണ്ട് യഹ്‌യാ അത് കാണിച്ചു തന്നു. (മുസ്നദ് അഹ്‌മദ് :5/226 ഹദീസ് നമ്പ൪:22026 – ഹദീസ് ഹസൻ)
عن وائل ابن حجر قال: …… ثم وضع يمينه على اليسراه على صدره. رواه أيضا عن وائل: أنه رأى النبي صلى الله عليه وسلم وضع يمينه على شماله ثم وضعهما على صدره
വാഇലു ബിന് ഹുജ്റില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) തക്ബീര്‍ ചൊല്ലിക്കൊണ്ട് കൈകള്‍ ഉയര്‍ത്തുകയും എന്നിട്ട് വലത് കൈ ഇടത് കയ്യിന്മേല്‍ ആയിക്കൊണ്ട് തന്റെ നെഞ്ചിന്മേല്‍ വെക്കുകയും ചെയ്തു. അദ്ദേഹം തന്നെ (വാഇല്‍) റിപ്പോര്‍ട്ട് ചെയ്യുന്നു: തീര്‍ച്ചയായും നബി (സ്വ) അവിടുത്തെ വലതുകൈ ഇടത് കയ്യിന്മേല്‍ ആയി വെച്ചു. എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേല്‍ വെച്ചു. (ബൈഹഖിയുടെ സുനനുല്‍ കുബ്റാ :2383)
ഈ ഹദീസുകള്‍ക്ക് ഇമാം ബൈഹഖി നല്‍കിയ തലക്കെട്ട് باب وضع اليدين على الصدر فى الصلاة من السنة (നമസ്കാരത്തില്‍ ഇരു കൈകളും നെഞ്ചിന്മേല്‍ വെക്കല്‍ സുന്നത്ത്) എന്നാണ്.
عن وائل ابن حجر قال: صليت مع رسول الله صلى الله عليه وسلم ووضع يده اليمنى على يده اليسرى على صدره.
വാഇലു ബിന് ഹുജ്റില്‍(റ) നിന്ന് നിവേദനം: ‘ഞാൻ നബിയുടെ (സ്വ) കൂടെ നമസ്ക്കരിച്ചു. അപ്പോൾ അദ്ദേഹം തന്റെ വലതു കൈ ഇടതു കയ്യിന്റെ മീതെയായികൊണ്ട് തന്റെ നെഞ്ചിൽമേല്‍ വെച്ചു. (സ്വഹീഹ് ഇബ്നു ഖുസൈമ : 1/243 – ഹദീസ് നമ്പര്‍:479)
ശാഫിഈ മദ്‌ഹബുകാ൪ നമസ്കാരത്തില്‍ വയറിന്റെ മേലാണ് കൈകെട്ടുന്നത്. വയറിന്മേൽ കൈകെട്ടുന്നതായുള്ള സ്വഹീഹായ ഹദീസുകള്‍ വന്നിട്ടില്ല. ശാഫിഈ മദ്‌ഹബിലും ഇബ്‌നു ഖുസൈമയുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍ നെഞ്ചിന്റെ താഴ്ഭാഗത്താണ് കൈ കെട്ടേണ്ടതെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാം. ശാഫിഈ മദ്‌ഹബിലെ പ്രമുഖ പണ്ഢിതനായ ഇമാം നവവി(റഹി) പറയുന്നു:
وَاحْتَجَّ أَصْحَابُنَا بِحَدِيثِ وَائِلِ بْنِ حُجُرٍ قَالَ : صَلَّيْتُ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَوَضَعَ يَدَهُ الْيُمْنَى عَلَى يَدِهِ الْيُسْرَى عَلَى صَدْرِهِ رَوَاهُ أَبُو بَكْرِ بْنُ خُزَيْمَةَ فِي صَحِيحِهِ
നമ്മുടെ ആളുകൾ ലക്ഷ്യമാക്കിയത് വാഇലു ബ്‌നു ഹുജ്‌റിന്റെ ഹദീഥാണ്. അദ്ദേഹം പറഞ്ഞു: ഞാൻ റസൂലിന്റെ(സ്വ) കൂടെ നമസ്കരിച്ചു. അപ്പോൾ നബി(സ്വ) തന്റെ വലതുകൈ ഇടതു കൈയിന്മേൽ നെഞ്ചിന്മേലായി വെച്ചു. ഇത് ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്. (ശറഹുൽ മുഹദ്ദബ് : 3/313)
മഹല്ലിയില്‍ ജനാസ നമസ്കാരത്തെ കുറിച്ച് വിശദീകരിക്കുന്നിടത്ത് കൈകള്‍ നെഞ്ചിന്‍മേല്‍ തന്നെ വെക്കണമെന്ന് പറയുന്നു: അതിലെ തക്ബീറുകളില്‍ കൈകള്‍ രണ്ടും ചുമലിന് നേരെ ഉയ൪ത്തലും അവയെ മറ്റ് നമസ്കാരങ്ങളിലെപ്പോലെ നെഞ്ചിന്‍മേല്‍ വെക്കലും സുന്നത്താക്കപ്പെടും. (മഹല്ലി: 1/332)
നെഞ്ചിന്റെ താഴ്ഭാഗത്ത് കൈ വെക്കാനുള്ള ന്യായമായി ശാഫിഈ മദ്‌ഹബിലെ പ്രമുഖ ഗ്രന്ഥമായ അസ്നൽ മത്വാലിബിൽ സക്കരിയ്യൽ അൻസ്വാരി പറയുന്നു:
وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ
രണ്ട് കൈകളും നെഞ്ചിന്റെ താഴ് ഭാഗത്ത് വെക്കുന്നതിന്റെ യുക്തി അവ ഏറ്റവും ശ്രേഷ്ഠമായ അവയവത്തിന്റെ മുകളിൽ വെക്കുക എന്നതാണ്. അത് ഹൃദയമാണ്. അത് നെഞ്ചിന്റെ താഴ് ഭാഗത്തുമാണ്. (അസ്നൽ മത്വാലിബ് :1/145)
ഇതേ ആശയം ശാഫിഈ മദ്‌ഹബിലെ തുഹ്ഫ, നിഹായ, ശറഹുല്‍ ബഹ്ജ, ജമാല്‍, ജഅനത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിലും കാണാം.
മഹല്ലിയിൽ നെഞ്ചിന്റെ താഴ് ഭാഗത്ത് എന്ന് പറഞ്ഞതിനെ ഖൽയൂബി വിശദീകരിക്കുന്നു.
قوله : ( تحت صدره ) أي بحذاء قلبه إشارة إلى حفظ الإيمان فيه
നെഞ്ചിന്റെ താഴ് ഭാഗത്ത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഹൃദയത്തിന്റെ നേരെ എന്നാണ്. വിശ്വാസം അവിടെയാണ് സൂക്ഷിക്കപ്പെടുന്നത് എന്നതിലേക്ക് സൂചനയായി. (ഖൽയൂബി : 1/173)
ഹൃദയം നെഞ്ചിനുള്ളിലാണെന്ന് എല്ലാവ൪ക്കും അറിയാം. വിശുദ്ധ ഖുർആൻ അത് വ്യക്തമാക്കിയിട്ടുമുണ്ട്.
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.(ഖു൪ആന്‍:22/46)
നമസ്കാരത്തിൽ നബി(സ്വ) കൈ കെട്ടിയിരുന്നുവെന്ന് പറയുന്ന ഹദീസുകളിലെല്ലാം കൈ കെട്ടിവെച്ചിരുന്നത് عَلَى صَدْرِهِ (അലാ സ്വദ്’രിഹീ) എന്നാണ്. ഈ ആയത്തില്‍ സ്വദ്റ് എന്നത് നെഞ്ചിനെ കുറിക്കുന്നതാണെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്. ചുരുക്കത്തിൽ ശാഫിഈ മദ്‌ഹബുകാരുടെ ഗ്രന്ഥങ്ങളിലും വയറിന്മേലല്ല കൈകെട്ടേണ്ടതെന്നും നബി(സ്വ) ചെയ്തത് പോലെ നെഞ്ചിന്മേലാണെന്നും വ്യക്തം.
ഹനഫീ മദ്ഹബിന്റെ ആളുകള്‍ പൊക്കിളിന് താഴെ കൈകെട്ടുന്നവരാണ്. പൊക്കിളിന് താഴെയാണ് നബി(സ്വ) കൈകൾ വെച്ചതെന്ന ഹദീസ് ദു൪ബലമാണെന്നും (ളഈഫ്) പണ്ഢിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നുഹജറുൽ അസ്ഖലാനി(റഹി) പറയുന്നു:
وَقَدْ رَوَى ابْنُ خُزَيْمَةَ مِنْ حَدِيثِ وَائِلٍ أَنَّهُ وَضَعَهُمَا عَلَى صَدْرِهِ ، وَالْبَزَّارُ عِنْدَ صَدْرِهِ ، وَعِنْدَ أَحْمَدَ فِي حَدِيثِ هُلْبٍ الطَّائِيِّ نَحْوُهُ . وَهُلْبٌ بِضَمِّ الْهَاءِ وَسُكُونِ اللَّامِ بَعْدَهَا مُوَحَّدَةٌ ، وَفِي زِيَادَاتِ الْمُسْنَدِ مِنْ حَدِيثِ عَلِيٍّ أَنَّهُ وَضَعَهُمَا تَحْتَ السُّرَّةِ وَإِسْنَادُهُ ضَعِيفٌ .
നബി(സ്വ) തന്റെ രണ്ട് കൈകളും നെഞ്ചിന്മേൽ വെച്ചു എന്ന വാഇലിന്റെ ഹദീസ് ഇബ്‌നു ഖുസൈമയും നെഞ്ചിനടുത്തു വെച്ചുവെന്ന് ബസ്സാറും അത് പോലെ (നെഞ്ചിന്മേൽ വെച്ചുവെന്ന്) ഹുൽബുത്ത്വാഇയുടെ ഹദീഥിൽ ഇമാം അഹ്‌മദും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ നബി(സ്വ) രണ്ട് കൈകളും പൊക്കിളിന് താഴെ വെച്ചുവെന്ന അലിയില്‍ നിന്നുള്ള ഹദീസിന്റെ സനദുകൾ ദുർബലമാണ്. (ഫത്‌ഹുൽ ബാരി: 2-224)
ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: കൈകള്‍ നെഞ്ചല്ലാത്തതിന്‍മേല്‍ വെക്കുന്നത് ഒന്നുകില്‍ ദു൪ബലമാണ് അല്ലെങ്കില്‍ അടിസ്ഥാന രഹിതമാണ്. (സിഫത്തു സ്വലാത്ത്)
അധികം ആളുകളും എന്തു ചെയ്യുന്നു എന്നത് മതവിഷയത്തിൽ പ്രസക്തമല്ല. പ്രമാണങ്ങളിൽ പഠിപ്പിക്കപ്പെട്ടത് എന്ത് എന്നതാണ് ദീനിയായ വിഷയങ്ങളുടെ ശരിതെറ്റുകൾ തീരുമാനിക്കാനുള്ള അടിസ്ഥാനം. ഇമാം നവവിؒ(റഹി) പറയുന്നത് കാണുക:
وَإِذَا ثَبَتَتِ السُّنَّةُ لَا تُتْرَكُ لِتَرْكِ بَعْضِ النَّاسِ أَوْ أَكْثَرِهِمْ أَوْ كُلِّهِمْ
സുന്നത്ത് സ്ഥിരപ്പെട്ടാൽ ജനങ്ങളിൽ ചിലർ ഉപേക്ഷിച്ചു എന്നത് കൊണ്ടോ, ഭൂരിഭാഗം ഉപേക്ഷിച്ചു എന്നതുകൊണ്ടോ, എല്ലാവരും ഉപേക്ഷിച്ചു എന്നത് കൊണ്ടോ (സുന്നത്ത്) ഉപേക്ഷിക്കപ്പെടാവതല്ല (ശറഹു മുസ്‌ലിം)
അതേപോലെ നാല് മദ്‌ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത് തങ്ങളുടെ വാക്കുകൾക്ക് വിരുദ്ധമായി നബിയുടെ(സ്വ) സുന്നത്ത് (ഹദീസ്) കണ്ടാൽ അതിലേക്ക് മടങ്ങി തങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്. കാരണം, അവർക്കൊന്നും നബിയുടെ(സ്വ) സുന്നത്ത് പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ അവരെല്ലാവരും ഏകസ്വരത്തിൽ പ്രഖ്യാപിച്ചത്: إذا صَحّ الحَديث فهُوَ مَذهبِي (ഹദീസ് സ്ഥിരപ്പെട്ടു വന്നാൽ അതാണെന്റെ മദ്‌ഹബ്) എന്നാണ്.