അഞ്ച് നേരത്തെ നമസ്കാരം

THADHKIRAH

ഇസ്ലാം പഞ്ചസ്തംഭങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ പെട്ടതാണ് അഞ്ച് നേരത്തെ നമസ്കാരം.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ ‏‏‏.

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഇസ്ലാം അഞ്ച് കാര്യങ്ങളില്‍ സ്ഥാപിതമാണ്. രണ്ട് സാക്ഷ്യ വചനങ്ങള്‍, നമസ്കാരം നേരാംവിധം നിലനി൪ത്തല്‍, സക്കാത്ത് കൊടുക്കല്‍, ഹജ്ജ് ചെയ്യല്‍, റമളാനിലെ നോമ്പ് നോല്‍ക്കല്‍. (ബുഖാരി:8)

സത്യവിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടില്ലാത്ത ഒരു നിര്‍ബന്ധ കര്‍മമാണ് അഞ്ച് നേരത്തെ നമസ്കാരം. ശഹാദത്തു കലിമകള്‍ ഉച്ചരിച്ച് ഒരാള്‍ മുസ്ലിമായി കഴിഞ്ഞാല്‍‌ പിന്നീട് ഏറ്റവും ഗൌരവപൂ൪വ്വം അവന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് ഇത്. നബി(സ്വ) മുആദ് ബ്നു ജബലിനെ(റ) പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:

إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ

ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി:7372)

رَأْسُ الأَمْرِ الإِسْلاَمُ وَعَمُودُهُ الصَّلاَةُ وَذِرْوَةُ سَنَامِهِ الْجِهَادُ

നബി(സ്വ) പറഞ്ഞു: കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇസ്ലാമാകുന്നു. അതിന്റെ തൂണും നമസ്കാരവും അതിന്റെ കടിഞ്ഞാണ്‍ ധ൪മ്മ സമരവുമാകുന്നു.(തി൪മിദി:2616)

കെട്ടിടം നിലനിൽക്കുന്നതും കെട്ടിടത്തിന്റെ ഉറപ്പും തൂണുകളിലാണ്. ഒരു തൂൺ നിർവഹിക്കുന്ന ദൗത്യം എന്തായിരുന്നുവെന്ന് അത് തകരുമ്പോഴാണ് മനസ്സിലാവുക; എല്ലാം നശിക്കും.

عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏

മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.പ്രവാചകരേ(ﷺ)നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി:2616)

അഞ്ച് നേരത്തെ നമസ്കാരത്തെ കുറിച്ച് വിശുദ്ധ ഖു൪ആനില്‍ സൂചന കാണാവുന്നതാണ്.

ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ ﻭَﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ۖ ﺇِﻥَّ ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ﻛَﺎﻥَ ﻣَﺸْﻬُﻮﺩًا

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു. (ഖു൪ആന്‍:17/78)

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ എന്നതില്‍ ളുഹ്൪, അസ്വ്൪, മഗ്രിബ്, ഇശാഅ്, എന്നിവയും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരം എന്നതില്‍ സുബ്ഹിയും ഉള്‍പ്പെടുന്നു.

وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا ‎﴿٢٥﴾‏ وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا ‎﴿٢٦﴾

നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക. രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (ഖു൪ആന്‍:76/25-26)

രാവിലെയും വൈകുന്നേരവും റബ്ബിന്റെ നാമം സ്മരിക്കുക എന്നു പറഞ്ഞതില്‍ സുബ്ഹ്, ദുഹ്ര്‍, അസ്വര്‍ എന്നീ നമസ്കാരങ്ങള്‍ മുഖേനയുള്ള സ്മരണയും, രാത്രി കുറച്ചു സമയം സുജൂദു ചെയ്യണമെന്നു പറഞ്ഞതില്‍ മഗ്‌രിബും, ഇശാഉം ഉള്‍പ്പെടുന്നതാണ്.

إِنَّ أَحَدَكُمْ إِذَا قَامَ فِي صَلاَتِهِ، فَإِنَّهُ يُنَاجِي رَبَّهُ

നബി(സ്വ) പറഞ്ഞു: നിങ്ങളാരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍ അവന്‍ തന്റെ രക്ഷിതാവുമായി രഹസ്യ സംഭാഷണത്തിലാകുന്നു.(ബുഖാരി:405)

ദിനേനയുള്ള അഞ്ച് നേരത്തെ നിർബന്ധ നമസ്‌ക്കാരങ്ങൾ സമയനിഷ്ഠയോടെ മുറപോലെ നിർവ്വഹിക്കുന്നവർക്കു് ഇരട്ടിയിരട്ടി പ്രതിഫലങ്ങളാണ് അല്ലാഹു നൽകുന്നത്. നബിയുടെ (സ്വ) മിഅ്റാജ് യാത്രയിൽ വെച്ച് അമ്പത് സമയത്തെ നമസ്‌ക്കാരം അല്ലാഹു നിർബന്ധമാക്കി നല്‍കി. ഈ അമ്പത് സമയത്തെ നമസ്‌കാരം നബി(സ്വ) സ്വീകരിച്ച് വരുന്ന വഴിയിലാണ്‌ മൂസാനബിയെ (അ) കണ്ടുമുട്ടിയത്‌. നബിയോട്(സ്വ) മൂസാ (അ) ചോദിച്ചു : എന്താണ്‌ അല്ലാഹു താങ്കള്‍ക്ക്‌ നല്‍കിയത്‌? നബി (സ്വ) പറഞ്ഞു. 50 നേരത്തെ നമസ്‌കാരം. മൂസാനബി (അ) പറഞ്ഞു: ഇത്‌ താങ്കളുടെ ജനതക്ക്‌ പ്രയാസങ്ങള്‍ വരുത്തും. അതവര്‍ക്ക്‌ കഴിയുകയില്ല. താങ്കള്‍ അല്ലാഹുവിനോട് കുറച്ചു തരാന്‍ പറയണം. അങ്ങനെ നബി (സ്വ) മടങ്ങി. പല പ്രാവശ്യമായി അല്ലാഹു അത്‌ അഞ്ച്‌ നേരത്തെ നമസ്‌കാരമാക്കി ചുരുക്കി നല്‍കി. അമ്പത്‌ നേരത്തെ നമസ്‌കാരത്തിന്റെ പ്രതിഫലവും വാഗ്‌ദാനവും ചെയ്‌തു.മിഅ്റാജ് യാത്ര വിവരിച്ചുക്കൊണ്ട് നബി (സ്വ) പറയുന്നു:

فَنُودِيَ إِنِّي قَدْ أَمْضَيْتُ فَرِيضَتِي وَخَفَّفْتُ عَنْ عِبَادِي، وَأَجْزِي الْحَسَنَةَ عَشْرًا

………. അപ്പോള്‍ (അല്ലാഹുവില്‍ നിന്നും) പറയപ്പെട്ടു: ‘നിശ്ചയം ഞാൻ നിർബന്ധ നമസ്‌ക്കാരങ്ങൾ നടപ്പിലാക്കുകയും എന്റെ അടിമകൾക്ക് ലഘൂകരിച്ചു നൽകുകയും ചെയ്തു. ഒരു സല്‍കർമ്മത്തിന് ഞാൻ പത്തിരട്ടി പ്രതിഫലം നൽകുന്നതായിരിക്കും. (ബുഖാരി : 3207)

ഒരു മുസ്ലിമിന് തന്റെ രക്ഷിതാവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നമസ്കാരത്തിലൂടെയാണ്. ഇസ്‌ലാമിലെ എല്ലാ ആരാധനകളും വഹ്‌യിലൂടെ ഭൂമിയില്‍ വെച്ചാണ് ലഭിച്ചതെങ്കില്‍ നമസ്‌കാരം മിഅ്‌റാജിന്റെ വേളയില്‍ ആകാശത്ത് വെച്ച് ലഭിച്ചു എന്നത് അതിന്റെ സ്ഥാനത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. അമ്പത് സമയങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം അഞ്ചാക്കി ചുരുക്കി എന്നത് അല്ലാഹു സത്യവിശ്വാസികളോട് കാണിച്ച കാരുണ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമസ്‌കാരത്തെ കുറിച്ച് പറഞ്ഞു എന്നതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമുക്ക് മതിയായതാണ്. സക്കാത്ത് സമ്പത്തുള്ളവന്‍ കൊടുത്താല്‍ മതി, നോമ്പ് ആരോഗ്യമുള്ളവന്‍ എടുത്താല്‍ മതി, ഹജ്ജ് അതിന് ശേഷിയുള്ളവന്‍ ചെയ്താല്‍ മതി. എന്നാല്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിന്ന് നമസ്‌കരിക്കാന്‍ കഴിയില്ലെങ്കില്‍ അവന്‍ ഇരുന്നുകൊണ്ടും അതിനും കഴിയില്ലെങ്കില്‍ എങ്കില്‍ കിടന്നും നമസ്കരിക്കണം.

عَنْ عِمْرَانَ بْنِ حُصَيْنٍ ـ رضى الله عنه ـ قَالَ كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الصَّلاَةِ فَقَالَ ‏: ‏ صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ

ഇംറാനുബ്‌നു ഹുസ്വൈൻ(റ) പറയുന്നു: എനിക്ക് മൂലക്കുരു രോഗം ബാധിച്ചിരുന്നു. അതിനാൽ നമസ്‌കാരം എങ്ങിനെ നിർവ്വഹിക്കണം എന്നതിനെക്കുറിച്ച് നബിയോട്(സ്വ) ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: നീ നിന്നു നമസ്‌കരിക്കുക, അതിന് നിനക്ക് സാധിക്കുന്നില്ലെങ്കിൽ ഇരുന്നുകൊണ്ട് നിർവ്വഹിക്കുക, അതിനും കഴിയുന്നില്ലെങ്കിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന്.(ബുഖാരി: 1117)

അതേപോലെ ശത്രുക്കളെക്കുറിച്ചോ, അല്ലെങ്കില്‍ മറ്റ് വല്ലതിനെയും കുറിച്ചോ, ഭയപ്പാടുണ്ടാകുകയും ചെയ്താല്‍ പോലും നമസ്‌കാരം കഴിയും വിധം നടന്നുകൊണ്ടോ, വാഹന പ്പുറത്തുകയറിയോ സാധിക്കുന്ന പോലെ അത് നിര്‍വഹിക്കണം. എന്നാലും നമസ്‌കാരം വിട്ടുകളയുവാന്‍ പാടില്ല.

ﻓَﺈِﻥْ ﺧِﻔْﺘُﻢْ ﻓَﺮِﺟَﺎﻻً ﺃَﻭْ ﺭُﻛْﺒَﺎﻧًﺎ ۖ ﻓَﺈِﺫَآ ﺃَﻣِﻨﺘُﻢْ ﻓَﭑﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻛَﻤَﺎ ﻋَﻠَّﻤَﻜُﻢ ﻣَّﺎ ﻟَﻢْ ﺗَﻜُﻮﻧُﻮا۟ ﺗَﻌْﻠَﻤُﻮﻥَ

നിങ്ങള്‍ (ശത്രുവിന്റെ ആക്രമണമോ മറ്റോ) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്കരിക്കാം) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്‌.(ഖു൪ആന്‍:2/239)

യാത്രയുടെ ക്ലേശം പറഞ്ഞുപോലും നമസ്‌കാരം ഉപേക്ഷിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല. യാത്രാവേളയിലാണെങ്കില്‍ നാല് റക്അത്തുള്ളത് രണ്ടായി ചുരുക്കാനും ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കാനും ഇസ്‌ലാം അനുമതി നല്‍കി. ചില അത്യാവശ്യ ഘട്ടങ്ങളില്‍ ജംഅ് ചെയ്യുന്നതിനും (ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നി൪വ്വഹിക്കുന്നതിന്) ഇസ്‌ലാം അനുമതി നല്‍കി.

നബി(സ്വ) മരണയാദനയില്‍ കിടക്കുന്ന ദിവസങ്ങളില്‍ പോലും – മരണത്തിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് പോലും – സ്വഹാബികളെ ഉണര്‍ത്തിയത് ‘നമസ്‌കാരം ശ്രദ്ധിക്കണേ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു. മരിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ നബിക്ക്(സ്വ) ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യമായി ചോദിച്ചത് ‘ആഇശാ, ജനങ്ങള്‍ നമസ്‌കരിച്ചോ?’ എന്നായിരുന്നു.

എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ക്കും നമസ്‌കാരം നിര്‍ബന്ധമായിരുന്നു എന്നത് നമസ്‌കാരം അല്ലാഹുവിന് എത്രമാത്രം ഇഷ്ടമുള്ള ഇബാദത്തായിരുന്നു എന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. വിവിധ പ്രവാചകന്‍മാരുടെ സംഭവങ്ങള്‍ പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു:

وَجَعَلْنَٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَٰبِدِينَ

അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവ൪ ആരാധിച്ചിരുന്നത്. (ഖു൪ആന്‍:21/73)

ഇബ്രാഹിം നബിയുടെ(അ) പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ ഇപ്രകാരം ഉദ്ദരിക്കുന്നു.

ﺭَﺏِّ ٱﺟْﻌَﻠْﻨِﻰ ﻣُﻘِﻴﻢَ ٱﻟﺼَّﻠَﻮٰﺓِ ﻭَﻣِﻦ ﺫُﺭِّﻳَّﺘِﻰ ۚ ﺭَﺑَّﻨَﺎ ﻭَﺗَﻘَﺒَّﻞْ ﺩُﻋَﺎٓءِ

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:14/40)

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ കാര്യമാണ് നമസ്കാരം കൃത്യമായി നിലനി൪ത്തുക എന്നത്. അല്ലാഹു നമസ്കാരം നിര്‍വഹിക്കാന്‍ കല്‍പ്പിച്ചിട്ടുള്ളതുതന്നെ അവനെ ഓര്‍മ്മിക്കുന്നതിന് വേണ്ടിയാണ്.

ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺬِﻛْﺮِﻯ

……. എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.(ഖു൪ആന്‍ : 20/14)

ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ

………അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. …..(ഖു൪ആന്‍:29/45)

ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്‌.(ഖു൪ആന്‍ :13/28)

ﻓَﭑﺫْﻛُﺮُﻭﻧِﻰٓ ﺃَﺫْﻛُﺮْﻛُﻢْ ﻭَٱﺷْﻜُﺮُﻭا۟ ﻟِﻰ ﻭَﻻَ ﺗَﻜْﻔُﺮُﻭﻥِ

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.(ഖു൪ആന്‍ :2/152)

നമസ്‌കാരം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകരമാണെന്നതോടൊപ്പം അത് നീചവും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടയുകയും ചെയ്യുന്നു.

ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ

(നബിയേ) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍ :29/45)

قال الشيخ ربيع المدخلي حفظه الله: فإذا رأيت من يأتي الفحشاء والمنكر، فإما انه لا يصلي، وإما أن في صلاته خللا

ശൈഖ് റബീഅ് അൽ മദ്ഖലി حفظه الله പറഞ്ഞു :ആരെങ്കിലും നീചവൃത്തിയും നിഷിദ്ധമായതും ചെയ്യുന്നതായി നീ കണ്ടാൽ, (അറിയുക) ഒന്നുകിൽ അവൻ നമസ്കരിക്കാത്തവനായിരിക്കും, അല്ലെങ്കിൽ അവന്റെ നമസ്കാരത്തിൽ വല്ല പിഴവും ഉണ്ടായിരിക്കും തീർച്ച. (നഫ്ഹാതുൽ ഹുദാ വൽ ഈമാൻ : 157)

നമസ്കാരത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൈവരുന്നില്ലെങ്കിലോ നമസ്കാരം മുഖേനെ തിന്‍മകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കിലോ നമസ്‌കാരം അതിന്റെ യഥാരൂപത്തിലായിരുന്നില്ലെന്ന് മനസ്സിലാക്കുക.

ജീവിതത്തില്‍ അഞ്ച് നേരത്തെ നമസ്കാരം കൃത്യമായി യഥാവിധി നി൪വ്വഹിക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ ‏.‏ قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا‏.‏ قَالَ :‏ ‏فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി (സ്വ) പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?’ അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല. നബി (സ്വ) പറഞ്ഞു: ‘ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.  (ബുഖാരി: 528 – മുസ്‌ലിം: 667)

عَنْ عُثْمَانَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ

ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള്‌ നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം:228)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ :‏ الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ അ‍ഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു. (മുസ്ലിം:233)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏: يَعْجَبُ رَبُّكُمْ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةٍ بِجَبَلٍ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ انْظُرُوا إِلَى عَبْدِي هَذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي فَقَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ ‏”‏ ‏.‏

ഉഖ്ബത്തിബ്നു ആമിറില്‍(റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: ഒരു മലമേട്ടില്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനില്‍ നിന്റെ റബ്ബ് അല്‍ഭുതം കൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ. അവന്‍ ബാങ്ക് വിളിക്കുന്നു. നമസ്കാരം കൃത്യമായി നി൪വ്വഹിക്കുന്നു. അവന്‍ എന്നെ ഭയക്കുന്നു.തി൪ച്ചയായും എന്റെ ദാസന് ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നു. ഞാന്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ്1203 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ أَنَّ رَجُلاً، أَصَابَ مِنَ امْرَأَةٍ قُبْلَةً، فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَأُنْزِلَتْ عَلَيْهِ ‏{‏وَأَقِمِ الصَّلاَةَ طَرَفَىِ النَّهَارِ وَزُلَفًا مِنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ذَلِكَ ذِكْرَى لِلذَّاكِرِينَ‏}‏‏.‏ قَالَ الرَّجُلُ أَلِيَ هَذِهِ قَالَ ‏ “‏ لِمَنْ عَمِلَ بِهَا مِنْ أُمَّتِي ‏”‏‏.‏

ഇബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ ഒരു മനുഷ്യൻ ഒരു സ്ത്രീയെ ചുംബിച്ചുപോയി. ഉടനെ അദ്ദേഹം പ്രവാചകന്റെ(സ്വ) സന്നിധിയിൽ വന്നുകൊണ്ട് സംഭവം ഉണർത്തി. തദവസരത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.

ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻃَﺮَﻓَﻰِ ٱﻟﻨَّﻬَﺎﺭِ ﻭَﺯُﻟَﻔًﺎ ﻣِّﻦَ ٱﻟَّﻴْﻞِ ۚ ﺇِﻥَّ ٱﻟْﺤَﺴَﻨَٰﺖِ ﻳُﺬْﻫِﺒْﻦَ ٱﻟﺴَّﻴِّـَٔﺎﺕِ ۚ ﺫَٰﻟِﻚَ ﺫِﻛْﺮَﻯٰ ﻟِﻠﺬَّٰﻛِﺮِﻳﻦَ

പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ് കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌. (ഖു൪ആന്‍ :11/114)

അദ്ദേഹം ചോദിച്ചു : പ്രവാചകരെ(സ്വ), ഇത് എനിക്ക് മാത്രം പ്രത്യേകമായതാണോ? അവിടുന്ന് അരുളി: എന്റെ ഉമ്മത്തിന് മുഴുവനുമുളളതാണ്. (ബുഖാരി:65/4687)

عَنْ أَنَسٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَصَبْتُ حَدًّا فَأَقِمْهُ عَلَىَّ – قَالَ – وَحَضَرَتِ الصَّلاَةُ فَصَلَّى مَعَ رَسُولِ اللَّهِ صلى الله عليه وسلم فَلَمَّا قَضَى الصَّلاَةَ قَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ حَدًّا فَأَقِمْ فِيَّ كِتَابَ اللَّهِ ‏.‏ قَالَ ‌‏ هَلْ حَضَرْتَ الصَّلاَةَ مَعَنَا ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ قَدْ غُفِرَ لَكَ ‏”‏ ‏.‏”

അനസ് (റ) വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ നബിﷺയുടെ അരികിൽ വന്നു ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ (ﷺ), ഞാൻ തെറ്റ് ചെയ്തു, എന്റെ മേൽ ശിക്ഷാ നടപടി സ്വീകരിക്കുക. അങ്ങനെ നിസ്കാര സമയമായപ്പോൾ നബി ﷺ തങ്ങളുടെ കൂടെ നിസ്കരിച്ചു. നിസ്കാരം പൂർത്തിയാക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു: യാ റസൂലല്ലാഹ് ഞാൻ തെറ്റ് ചെയ്തു അല്ലാഹു ﷻ വിന്റെ കിതാബിലുള്ള ശിക്ഷാ നടപടി എന്റെ മേൽ സ്വീകരിക്കുക. അപ്പോൾ നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: നീ എന്റെ കൂടെ നിസ്കരിച്ചിരുന്നോ..? അദ്ദേഹം പറഞ്ഞു: അതെ, ഞാൻ നിസ്കരിച്ചിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിനക്ക് അല്ലാഹു ﷻ പൊറുത്തു തന്നിരിക്കുന്നു.
(മുസ്ലിം: 2764)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : حُبِّبَ إِلَىَّ النِّسَاءُ وَالطِّيبُ وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلاَةِ ‏

അനസിൽ(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: എനിക്ക് ഏറെയിഷ്ടം സ്ത്രീകളും(ഭാര്യമാർ) സുഗന്ധവുമാണ്. എന്നാൽ എൻ്റെ കൺകുളിർമ നമസ്കകാരത്തിലാണ്. (നസാഇ:3940)

عَنْ جُنْدَبَ بْنَ عَبْدِ اللَّهِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللَّهِ

ജുന്‍ദബബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സുബ്ഹി നമസ്കരിച്ചവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. (മുസ്ലിം:657)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، رضى الله عنهما قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الْجَنَّةِ الصَّلاَةُ وَمِفْتَاحُ الصَّلاَةِ الْوُضُوءُ

ജാബിറില്‍ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരവും നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധീകരണവും ആകുന്നു. (തി൪മിദി:4)

സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു.

ﻭَٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻠَﻮَٰﺗِﻬِﻢْ ﻳُﺤَﺎﻓِﻈُﻮﻥَ

തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍) (ഖു൪ആന്‍:23/9)

ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﺩَآﺋِﻤُﻮﻥَ

തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരാണവ൪ (ഖു൪ആന്‍:70/23)

ﻭَٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﻳُﺤَﺎﻓِﻈُﻮﻥَ

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവവരാണവ൪ (ഖു൪ആന്‍:70/34)

عَنِ ابْنِ عُمَارَةَ بْنِ رُؤَيْبَةَ، عَنْ أَبِيهِ، قَالَ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ‏”‏ ‏.‏ يَعْنِي الْفَجْرَ وَالْعَصْرَ

അബുസുഹൈരിയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: സൂര്യന്‍ ഉദിക്കുന്നതിന് മുമ്പും അസ്തമിക്കുന്നതിന് മുമ്പും ആരെങ്കിലും നമസ്കരിക്കുകയാണെങ്കില്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അതായത് സുബ്ഹിയും അസ്റും . (മുസ്‌ലിം: 634)

عَنْ أَبِي بَصْرَةَ الْغِفَارِيِّ، قَالَ صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم الْعَصْرَ بِالْمُخَمَّصِ فَقَالَ ‏ “‏ إِنَّ هَذِهِ الصَّلاَةَ عُرِضَتْ عَلَى مَنْ كَانَ قَبْلَكُمْ فَضَيَّعُوهَا فَمَنْ حَافَظَ عَلَيْهَا كَانَ لَهُ أَجْرُهُ مَرَّتَيْنِ

അബൂബസ്റത്തല്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) ഞങ്ങളേയും കൊണ്ട് അസ്വ്൪ നമസ്കരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഈ നമസ്കാരമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരില്‍ (കൂടുതല്‍ പേ൪ക്കും) നഷ്ടപ്പെട്ടിട്ടുള്ളത്. ആര് അതിനെ കാത്തുസൂക്ഷിക്കുന്നുവോ അവ൪ക്ക് ഇരട്ടി പ്രതിഫലമുണ്ട്. (മുസ്ലിം:830)

……عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏………. وَالصَّلاَةُ نُورٌ

അബൂമാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നമസ്‌കാരം പ്രകാശമാണ്.(മുസ്ലിം:223)

وَٱلَّذِينَ يُمَسِّكُونَ بِٱلْكِتَٰبِ وَأَقَامُوا۟ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجْرَ ٱلْمُصْلِحِينَ

വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:7/170)

നമസ്‌കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതോടൊപ്പം അത് നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് അല്ലാഹു ക്വുര്‍ആനിലൂടെ ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട് . അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു:

ﻓَﺨَﻠَﻒَ ﻣِﻦۢ ﺑَﻌْﺪِﻫِﻢْ ﺧَﻠْﻒٌ ﺃَﺿَﺎﻋُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَٱﺗَّﺒَﻌُﻮا۟ ٱﻟﺸَّﻬَﻮَٰﺕِ ۖ ﻓَﺴَﻮْﻑَ ﻳَﻠْﻘَﻮْﻥَ ﻏَﻴًّﺎ

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍:19/59)

പരലോകത്ത് മുഖം ചുളിഞ്ഞ് പോകുന്ന, ഭയവിഹ്വലരാകുന്ന ആളുകള്‍ ഈ അവസ്ഥയില്‍ എത്താനും അവസാനം നരകത്തില്‍ പ്രവേശിക്കാനുമുണ്ടായ കാരണം അല്ലാഹു പറയുന്നു:

وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ فَلَا صَدَّقَ وَلَا صَلَّىٰ وَلَٰكِن كَذَّبَ وَتَوَلَّىٰ ثُمَّ ذَهَبَ إِلَىٰٓ أَهْلِهِ يَتَمَطَّىٰٓ أَوْلَىٰ لَكَ فَأَوْلَىٰ ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍, അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല. പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി. (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ. (ഖു൪ആന്‍:75/29-35)

مَا سَلَكَكُمْ فِى سَقَرَ
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ

(സ്വര്‍ഗക്കാര്‍ നരകക്കാരോട് ചേദിക്കും:) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌. അവര്‍ (നരകവാസികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (ഖു൪ആന്‍: 72:42-43)

പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും,നിര്‍ഭാഗ്യവാനുമായി….. ( തിര്‍മിദി 413)

ഫ൪ള് നമസ്കാരങ്ങളുടെ സമയം ശ്രദ്ധിക്കാതെ തോന്നിയതുപോലെ സൌകര്യം കിട്ടുന്ന സമയത്ത് നമസ്കരിക്കുന്നവരുണ്ട്. നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.

ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ

തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.   (ഖു൪ആന്‍ :4/103)

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا

അബ്ദുല്ല(റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബിയോട് (സ്വ) ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി: 527)

‏الشيخ العلامة صالح الفوزان -حفظه الله-: إذا أخّر صلاته عن وقتها متعمداً لا تُقبل منه

ശൈഖ് ഫൗസാൻ(ഹ) പറഞ്ഞു:മനപൂർവ്വം തന്റെ നമസ്കാരം അതിന്റെ സമയത്തിൽ നിന്ന് പിന്തിപ്പിച്ചാൽ അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല..حماية الشباب 14-05-1437

عَنْ أَبِي الْمَلِيحِ، قَالَ كُنَّا مَعَ بُرَيْدَةَ فِي غَزْوَةٍ فِي يَوْمٍ ذِي غَيْمٍ فَقَالَ بَكِّرُوا بِصَلاَةِ الْعَصْرِ فَإِنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ مَنْ تَرَكَ صَلاَةَ الْعَصْرِ فَقَدْ حَبِطَ عَمَلُهُ

അബൂമലീഹ്‌ പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട്‌ ബുറൈദയുടെ(റ) കൂടെയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗത്തിൽ (അതിന്റെ ആദ്യസമയത്തുതന്നെ) നിര്‍വഹിക്കുക. നബി(സ്വ) അരുളുകയുണ്ടായി. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോയി. (ബുഖാരി:553)

عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي خَلِيلِي ـ صلى الله عليه وسلم ـ أَنْ ‏ : ‏……. وَلاَ تَتْرُكْ صَلاَةً مَكْتُوبَةً مُتَعَمِّدًا فَمَنْ تَرَكَهَا مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ الذِّمَّةُ

അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: എന്റെ കൂട്ടുകാരൻ ﷺ എന്നോട്‌ ഇങ്ങനെ ഉപദേശിച്ചു:…….  നിർബന്ധ നമസ്ക്കാരം മനപ്പൂർവ്വം ഒരിക്കലും ഉപേക്ഷിക്കരുത്‌. ആർ മനപ്പൂർവ്വം നിർബന്ധ നമസ്ക്കാരം ഉപേക്ഷിച്ചുവോ അവന്‌ അല്ലാഹുവിന്റെ സംരക്ഷണമുണ്ടായിരിക്കുകയില്ല ….(ഇബ്നു മാജ 4034)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الَّذِي تَفُوتُهُ صَلاَةُ الْعَصْرِ كَأَنَّمَا وُتِرَ أَهْلَهُ وَمَالَهُ

ഇബ്‌നുഉമറില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്‌. (ബുഖാരി:552)

ﺣَٰﻔِﻈُﻮا۟ ﻋَﻠَﻰ ٱﻟﺼَّﻠَﻮَٰﺕِ ﻭَٱﻟﺼَّﻠَﻮٰﺓِ ٱﻟْﻮُﺳْﻄَﻰٰ ﻭَﻗُﻮﻣُﻮا۟ ﻟِﻠَّﻪِ ﻗَٰﻨِﺘِﻴﻦَ

പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍ :2/ 238)

ഇന്ന് നമസ്കരിക്കുന്നവ൪ തന്നെയും വിവാഹത്തിന്റേയും വിശേഷങ്ങളുടെയും പേരില്‍ ഏതെങ്കിലും വഖ്ത് നമസ്കാരം ഒഴിവാക്കുകയോ ഖളാഅ് ആക്കുകയോ ചെയ്യുന്നത് കാണാം. മനസ്സില്‍ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ബോധമില്ലാത്തതുകൊണ്ടാണ് വിവാഹത്തിന്റേയും വിശേഷങ്ങളുടെയും പേരില്‍ നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നതും അതില്‍ നിസ്സംഗത കാണിക്കുന്നതും. കുടുംബം നമസ്കാരത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടോയെന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ഖു൪ആന്‍ :20/132)

ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുകസീർ(റഹി) പറയുന്നു:

يعني إذا أقمت الصلاة أتاك الرزق من حيث لا تحتسب

നീ നമസ്കാരം കൃത്യമായി നിർവഹിക്കുകയാണെങ്കിൽ നീ വിചാരിക്കാത്ത രീതിയിൽ നിനക്ക് ഉപജീവനം വന്നെത്തും. (തഫ്സീർ ഇബ്നു കസീർ)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ اللَّهَ تَعَالَى يَقُولُ يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ وَإِلاَّ تَفْعَلْ مَلأْتُ يَدَيْكَ شُغْلاً وَلَمْ أَسُدَّ فَقْرَكَ

അല്ലാഹു പറഞ്ഞതായി നബി ﷺ പറഞ്ഞു: ഹേ ആദമിന്റെ മകനേ, നീ എന്നെ ആരാധിക്കുന്നതില്‍ മുഴുകുക, എന്നാല്‍ നിന്റെ ഹൃദയത്തില്‍ ഞാന്‍ ഐശ്വര്യം നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടുക്കും. നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിന്റെ മുമ്പില്‍ ഞാന്‍ ജോലിത്തിരക്ക് നിറക്കും. നിന്റെ ദാരിദ്ര്യം ഞാന്‍ തടയുകയുമില്ല. (തി൪മിദി :37/2654)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ

നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ അവരോട് നമസ്കരിക്കുവാന്‍ നിങ്ങള്‍ കല്‍പ്പിക്കണം. പത്ത് വയസ്സായാല്‍ നമസ്കരിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക. അവരുടെ കിടപ്പറ നിങ്ങള്‍ വേ൪തിരിക്കുകയും ചെയ്യുക (അവരെ വെവ്വേറെ കിടത്തുക.) (അബൂദാവൂദ്:495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നമസ്കാരത്തിന്റെ ഗൌരവം അറിഞ്ഞാലും നമസ്കരിക്കാത്തവരുണ്ട്. വിശ്വാസം അവരുടെ ഹൃദയത്തിലേക്ക് കയറിയിട്ടില്ലാത്തതുകൊണ്ടാണ് അവ൪ നമസ്കരിക്കാത്തത്. ഒരാള്‍ ഒരു കടുക് മണിയോളമെങ്കിലും ഈമാനുള്ളവനും നമസ്കാരത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടുള്ള വ്യക്തിയുമാണെങ്കില്‍ അവന്‍ ഒരിക്കലും നമസ്കാരം ഒഴിവാക്കുകയില്ല. ഇവിടെ സത്യവിശ്വാസികള്‍ക്ക് ചില ബാധ്യതകളുണ്ട്. അവ൪ക്ക് നമസ്കാരത്തിന്റെ ഗൌരവം പറഞ്ഞുകൊടുക്കുന്നതോടൊപ്പം അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും കൃത്യമായ സന്ദേശം എത്തിച്ചു കൊടുക്കണം. അല്ലാഹുവിലുള്ള വിശ്വാസവും പരലോകത്തിലുള്ള വിശ്വാസവും മനസ്സില്‍ ഊട്ടിയുറപ്പിക്കുമ്പോഴാണ് തിന്‍മകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുന്നതും നമസ്കാരം കൃത്യമായി നി൪വ്വഹിച്ച് നിലനി൪ത്തി പോകാന്‍ സാധിക്കുന്നതും.

إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ‏.‏ لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا‏.‏ وَلَوْ نَزَلَ‏.‏ لاَ تَزْنُوا‏.‏ لَقَالُوا لاَ نَدَعُ الزِّنَا أَبَدًا

ആയിശയില്‍ (റ) നിന്ന് നിവേദനം: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)

നിങ്ങള്‍ തിന്‍മകള്‍ ചെയ്യരുതെന്ന് പറഞ്ഞാലോ നമസ്കരിക്കണമെന്ന് പറഞ്ഞാലോ ആളുകള്‍ കേള്‍ക്കണമെന്നില്ല. ഹൃദയത്തിലേക്ക് ഈമാന്‍ കടക്കുമ്പോള്‍, പരലോക വിശ്വാസം അവരെ നിയന്ത്രിക്കുമ്പോള്‍ തിന്‍മകളില്‍ നിന്ന് അവ൪ വിട്ടുനില്‍ക്കുകയും നന്‍മകള്‍ ചെയ്യുകയും ചെയ്യുന്നു..

ﺭِﺟَﺎﻝٌ ﻻَّ ﺗُﻠْﻬِﻴﻬِﻢْ ﺗِﺠَٰﺮَﺓٌ ﻭَﻻَ ﺑَﻴْﻊٌ ﻋَﻦ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺇِﻗَﺎﻡِ ٱﻟﺼَّﻠَﻮٰﺓِ ﻭَﺇِﻳﺘَﺎٓءِ ٱﻟﺰَّﻛَﻮٰﺓِ ۙ ﻳَﺨَﺎﻓُﻮﻥَ ﻳَﻮْﻣًﺎ ﺗَﺘَﻘَﻠَّﺐُ ﻓِﻴﻪِ ٱﻟْﻘُﻠُﻮﺏُ ﻭَٱﻷَْﺑْﺼَٰﺮُ

ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:24/37)

അവസാനമായി, നമസ്കാരത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ള കാര്യം കൂടി ഓ൪ക്കുക.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺳْﺘَﻌِﻴﻨُﻮا۟ ﺑِﭑﻟﺼَّﺒْﺮِ ﻭَٱﻟﺼَّﻠَﻮٰﺓِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻊَ ٱﻟﺼَّٰﺒِﺮِﻳﻦَ

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.(ഖു൪ആന്‍ :2/153)

Leave a Reply

Your email address will not be published.

Similar Posts