ഖുനൂത് : അ൪ത്ഥവും ആശയവും
ഖുനൂത് (قنوت) എന്ന പദം ഖനത (قنت) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. قنت എന്നാല്‍ വിനയം കാണിക്കുക, താഴ്മ കാണിക്കുക, മൗനം പാലിക്കുക, സമാധാനമുള്ള അവസ്ഥയിലാക്കുക, അനുസരിക്കുക എന്നൊക്കെയാണർത്ഥം. ഒരു അടിമയുടെ നമസ്കാരത്തിൽ ഈ അവസ്ഥകളെല്ലാം ഉണ്ടായിരിക്കണം.
وَقُومُوا۟ لِلَّهِ قَٰنِتِينَ
അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് …… (ഖു൪ആന്‍: 2/238)
أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْءَاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ
അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍: 39/9)
ഭയഭക്തിയോട് കൂടി വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന അവസ്ഥക്കാണ് നമസ്കാരത്തിൽ ഖുനൂത് എന്ന് പറയുന്നത്. ഏറ്റവും ദൈർഘ്യമായ രീതിയില്‍ നിന്ന് നമസ്കരിക്കുന്നതിനും ഖുനൂത് എന്ന് പറയാറുണ്ട്.
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَفْضَلُ الصَّلاَةِ طُولُ الْقُنُوتِ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏറ്റവും ദൈർഘ്യമായി നിന്നുകൊണ്ടുള്ള (നമസ്കാരമാണ്) ഏറ്റവും ശ്രേഷ്ടമായ നമസ്കാരം. (മുസ്ലിം:756)
നമസ്കാരത്തിലെ ഖുനൂത് : അ൪ത്ഥവും ആശയവും
നമസ്കാരത്തിൽ ഖുനൂത് പാരായണം ചെയ്യുക എന്ന് പറയുമ്പോൾ മേൽ ആശയവുമായി ബന്ധമുണ്ടെങ്കിലും അതിന് പ്രത്യേകമായ അർത്ഥമാണുള്ളത്.
دعاء القنوت : القنوت في تعريف الفقهاء هو : اسم للدعاء في الصلاة في محل مخصوص من القيام
നമസ്കാരത്തിലെ നിറുത്തത്തില്‍ പ്രത്യേകമായ ഒരു സ്ഥാനത്തെത്തുമ്പോഴുള്ള പ്രത്യേകമായ ഒരു പ്രാർത്ഥനയുടെ പേരാണ് ഖുനൂത്.
വിത്റ് നമസ്കാരത്തെ കുറിച്ച്
നബിﷺയുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ(റ) പറയുന്നു :
يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا،
ആദ്യം നബി ﷺ നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. (ബുഖാരി:1147).
ഇവിടെ പരാമ൪ശിച്ചിട്ടുള്ള മൂന്ന് റക്അത്ത് നമസ്കാരം വിത്റ് നമസ്കാരമാണ്. വിത്റ് നമസ്കാരത്തിന്റെ ധാരാളം ശ്രേഷ്ടതകള്‍ നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. യാത്രയില്‍ പോലും നബി ﷺ വിത്റ് നമസ്കാരം ഒഴിവാക്കാറുണ്ടായിരുന്നില്ല.
വിത്റ് നമസ്കാരത്തില്‍ ഖുനൂത് ഉണ്ടോ?
عَنْ أُبَىِّ بْنِ كَعْبٍ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يُوتِرُ فَيَقْنُتُ قَبْلَ الرُّكُوعِ
ഉബയ്യിബ്നു കഅ്ബില്‍(റ) നിന്ന് നിവേദനം: നബി ﷺ വിത്റ് നമസ്കാരത്തില്‍ റുകൂഇന് മുമ്പ് ഖുനൂത് പാരായണം ചെയ്തിരുന്നു. (ഇബ്നുമാജ:5/1238)
عن علقمة أن ابن مسعود وأصحاب النبي صلى الله عليه وسلم كانوا يقنتون في الوتر قبل الركوع
അല്‍ഖമയില്‍(റ) നിന്ന് നിവേദനം: ഇബ്നു മസ്ഊദും നബി ﷺയുടെ സ്വഹാബിമാരും വിത്റ് നമസ്കാരത്തില്‍ റുകൂഇന് മുമ്പ് ഖുനൂത് പാരായണം ചെയ്തിരുന്നു. (ഇബ്നുഅബീശൈബ)
നിസ്കാരത്തില്‍ ഖുനൂതിന്റെ സ്ഥാനം:
വിത്റില്‍ ഖുനൂത്ത് നി൪വ്വഹിക്കേണ്ടത് അവസാന റക്അത്തിലാണെന്നത് ഇജ്മാഉള്ള കാര്യമാണ്. റുകൂഇന് മുന്‍പാണോ ശേഷമാണോ ഖുനൂത് ചൊല്ലേണ്ടത് എന്നതില്‍ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമുണ്ട്.
മേല്‍ കൊടുത്തിട്ടുള്ള ഉബയ്യിബ്നു കഅ്ബില്‍(റ) നിന്നുള്ള റിപ്പോ൪ട്ടില്‍ നബിﷺയും അല്‍ഖമയില്‍(റ) നിന്നുള്ള റിപ്പോ൪ട്ടില്‍ സ്വഹാബിമാരും റുകൂഇന് മുമ്പ് ഖുനൂത് പാരായണം ചെയ്തിരുന്നുവെന്നാണ് വന്നിട്ടുള്ളത്.
അബ്ദു൪ഹ്മാനുബ്നു അബ്ദില്‍ ഖാരി(റ) ഒരിക്കല്‍ റമദാനില്‍ ഒരു രാത്രി ഉമറിന്റെ(റ) കൂടെ പള്ളിയിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടെ തറാവീഹ് നമസ്കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്ന് ഇമാമീങ്ങള്‍ സത്യനിഷേധികള്ക്കെതിരെയും ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെയും ഖുനൂതില്‍ പ്രാ൪ത്ഥിക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ സംഭവം ഇബ്നുഖുസൈമ(റഹി) അദ്ദേഹത്തിന്റെ സ്വഹീഹില്‍ റിപ്പോ൪ട്ട് ചെയ്യുന്നുണ്ട്. ابن خزيمة في صحيحه – (ج 4 / ص 247) . പ്രസ്തുത ഖുനൂത് വിവരിച്ചതിന് ശേഷമുള്ള ഹദീസിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്.
ثم يكبر ويهوي ساجدًا
ശേഷം അവ൪ തക്ബീ൪ പറഞ്ഞ് സുജൂദിലേക്ക് വീണു.
ഖുനൂത് പറഞ്ഞതിന് ശേഷം തക്ബീ൪ പറഞ്ഞ് സുജൂദിലേക്ക് വീണുവെന്ന് പറയുമ്പോള്‍ ഖുനൂത് റുകൂഇന് ശേഷമായിരുന്നുവെന്ന് വ്യക്തമാണ്. മാത്രമല്ല നാസിലത്തിന്റെ ഖുനൂത്ത് റുകൂഇന് ശേഷമാണ് നിർവഹിക്കേണ്ടതെന്ന ഹദീസ് സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്.
ചുരുക്കത്തില്‍ വിത്റിലെ അവസാന റക്അത്തില്‍ റുകൂഇന് മുന്‍പോ ശേഷമോ ഖുനൂത്ത് നി൪വ്വഹിക്കാവുന്നതാണ്.
قال شيخ الإسلام رحمه الله فصل وأما القنوت : فالناس فيه طرفان ووسط : منهم من لا يرى القنوت إلا قبل الركوع ومنهم من لا يراه إلا بعده . وأما فقهاء أهل الحديث كأحمد وغيره فيجوزون كلا الأمرين لمجيء السنة الصحيحة بهما
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: ഖുനൂതിന്റെ കാര്യത്തില്‍ ആളുകള്‍ മൂന്ന് തരത്തിലാണുള്ളത്. രണ്ട് വിഭാഗം രണ്ടറ്റത്തിലും ഒരു വിഭാഗം മധ്യത്തിലുമാണ്. ഖുനൂത്ത് റുകൂഇന് മുമ്പ് മാത്രമാണെന്ന് ചിലരും അത് റുകൂഇന് ശേഷം മാത്രമാണെന്ന് ചിലരും (ഇവരാണ് രണ്ടറ്റത്തിലുള്ളവ൪) വാദിക്കുന്നു. ഇമാം അഹ്മദിനെയും മറ്റ് പണ്ഢിതന്മാരെയും പോലെ ഹദീസിന്റെ ആളുകളായ പണ്ഢിതന്‍മാ൪ ഈ രണ്ട് രൂപവും അംഗീകരിക്കുന്നു. കാരണം ശരിയായ സുന്നത്ത് ഈ രണ്ട് രൂപത്തിലും വന്നിട്ടുണ്ട്. (ഇവരാണ് മധ്യത്തിലുള്ളവ൪)
ശൈഖ് സുലൈമാൻ അർറുഹൈലി(ഹ) പറഞ്ഞു: ഒരു ഖുനൂതിന്റെ വിഷയത്തില്‍ (അത് റുകൂഇന് മുന്‍പോ ശേഷമോ എന്നതില്‍) ജനങ്ങള്‍ ശീലിച്ചത് ഏതാണോ അത് തെരഞ്ഞെടുക്കുക എന്നതാണ് ഇമാമിന് ഉത്തമമായിട്ടുള്ളത്.
വിത്റിലെ ഖുനൂത് എല്ലാ കാലത്തുമുണ്ടോ? അതോ റമളാനിലെ അവസാന പകുതിയില്‍ മാത്രമേയുള്ളോ?
വിത്റിലെ ഖുനൂത് എപ്പോഴൊക്കെയാണെന്നതില് പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസമുണ്ട്. വിത്റില്‍ ഖുനൂത് ചൊല്ലുക എന്നത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സുന്നത്താണെന്ന് ചില പണ്ഡിതന്മാര് പറയുന്നു. അത് റമദാനില്‍ രണ്ടാമത്തെ പകുതിയില്‍ മാത്രം സുന്നത്താണെന്ന് മറ്റ് ചില പണ്ഡിതന്മാര് പറയുന്നു. ഈ രണ്ട് അഭിപ്രായമാണ് പ്രബലമായിട്ടുള്ളത്.
ഇമാം തി൪മിദി (റഹി) പറയുന്നു :
واختلف أهل العلم في القنوت في الوتر فرأى عبد الله بن مسعود القنوت في الوتر في السنة كلها واختار القنوت قبل الركوع وهو قول بعض أهل العلم وبه يقول سفيان الثوري وابن المبارك وإسحق وأهل الكوفة وقد روي عن علي بن أبي طالب أنه كان لا يقنت إلا في النصف الآخر من رمضان وكان يقنت بعد الركوع وقد ذهب بعض أهل العلم إلى هذا وبه يقول الشافعي وأحمد
അറിവുള്ള ആളുകള്‍ വിതിറിലെ ഖുനൂതില്‍ വ്യത്യസ്ത രീതികള്‍ സ്വീകരിച്ചത് കാണാന്‍ കഴിയും. അബ്ദില്ലാഹിബ്നു മസ്ഊദ് (റ)നെ പോലെയുള്ള ചില സ്വഹാബികള്‍ വ൪ഷത്തില് എല്ലാ സമയത്തും ഖുനൂത് ചൊല്ലിയിരുന്നു. റുകൂഇന് മുമ്പായിരുന്നു അവ൪ ഖുനൂത് ചൊല്ലിയിരുന്നത്.സുഫ്യാനുസൌരി, അബ്ദില്ലാഹിബ്നു മുബാറക്, ഇസ്ഹാഖ്(റ) തുടങ്ങിയ കൂഫക്കാരായ ആളുകളൊക്കെ ഈ രീതിയിലാണ് ചെയ്തു വരുന്നത്.എന്നാല്‍ അലിയ്യിബ്നു അബീത്വാലിബ്(റ) റമളാനിലെ അവസാന പകുതിയിലല്ലാതെ ഖുനൂത് ചൊല്ലുമായിരുന്നില്ല. അദ്ദേഹം റുകൂഇന് ശേഷമായിരുന്നു അവ൪ ഖുനൂത് ചൊല്ലിയിരുന്നത്. അറിവുള്ള ആളുകളിലെ ചില൪ ഇപ്രകാരവും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈയും അഹ്മദും(റഹി) ഇപ്രകാരമാണ് ചെയ്തിട്ടുള്ളത്.
ഒരാള്‍ക്ക് വേണമെങ്കില്‍ എല്ലാ കാലത്തും വിത്റില്‍ ഖുനൂത് നി൪വ്വഹിക്കാവുന്നതാണ്. അല്ലെങ്കില്‍ ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞതുപോലെ അത് ഒരാൾ ഇടക്ക് നിർവ്വഹിക്കുകയും ഇടക്ക് ഒഴിവാക്കുകയും ചെയ്യുക. അതുമല്ലെങ്കില്‍ റമളാനിലെ അവസാന പകുതിയില്‍ അത് നി൪വ്വഹിക്കുക. ഇതല്ലാതെ വിത്റില്‍ ഖുനൂത് ഇല്ലെന്നോ അത് ബിദ്അത്താണെന്നോ ആയ നിലപാട് നാം സ്വീകരിക്കരുത്. അത് ഇസ്ലാമിക പ്രമാണങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കലാണ്.
ഖുനൂതിലെ പ്രാ൪ത്ഥന
വിത്റിലെ ഖുനൂതില്‍ ചൊല്ലാനായി നബിﷺ ഹസന് (റ) ന് പഠിപ്പിച്ച പ്രാ൪ത്ഥന
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، [وَلَا يَعِزُّ مَنْ عَادَيْتَ]، تَبَارَكْتَ رَبَّنَا وَتَعَالَيْتَ [لَا مَنْجَا مِنْكَ إِلَّا إِلَيْكَ]
അല്ലാഹുമ്മ-ഹ്ദിനീ ഫീമന് ഹദയ്ത, വ ഗാഫിനീ ഫീമന് ഗാഫയ്ത, വ തവല്ലനീ ഫീമന് തവല്ലയ്ത, വ ബാരിക് ലീ ബീമാ അഅ്ത്വയ്ത, വഖിനീ ശര്‍റ മാ ഖളയ്ത, ഫ ഇന്നക തഖ്ള്വീ വലാ യുഖ്ള്വാ അലയ്ക, വ ഇന്നഹു ലാ യദില്ലു മന് വാലയ്ത, (വ ലാ യഗിസ്സു മന് ആദയ്ത), തബാറക്ത റബ്ബനാ വ തആലയ്ത, (ലാ മൻജഅ മിൻക ഇല്ലാ ഇലൈക)
അല്ലാഹുവേ! നീ നേ൪മാര്ഗത്തില് ആക്കിയവരില്‍ (ഉള്‍പ്പെടുത്തി) എന്നെയും നീ നേ൪മാര്ഗത്തില് ആക്കേണമേ. നീ സൗഖ്യം നല്കിയവരില് എനിക്കും സൗഖ്യം നല്കേണമേ. നീ കാര്യങ്ങള്‍ ഏറ്റെടുത്തവരില്‍ (ഉള്‍പ്പെടുത്തി) എന്റെ കാര്യങ്ങളും നീ ഏറ്റെടുക്കേണമേ. നീ എനിക്ക് നല്‍കിയതില്‍ ബറകത്ത് (അനുഗ്രഹം) ചൊരിയേണമേ. നീ വിധിച്ച ദോഷങ്ങളില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ. നീയാണ് വിധിക്കുന്നവന്, നിനക്കെതിരെ വിധിക്കപ്പെടുകയില്ല. നീ (കാര്യങ്ങള്‍) ഏറ്റെടുത്തവര്‍ അപമാനിതരാവുകയില്ല. (നീ ശത്രുത സ്വീകരിച്ചവന് പ്രതാപം നേടുകയില്ല.) ഞങ്ങളുടെ റബ്ബായ നീ പരിശുദ്ധനും അനുഗ്രഹസമ്പൂര്‍ണ്ണനും ഉന്നതനുമായിരിക്കുന്നു. നിന്നില്‍ നിന്ന് നീയല്ലാതെ മറ്റൊരു രക്ഷാസ്ഥാനമില്ല. (അബൂദാവൂദ്: 1427, നാസാഇ: 1745, ഇബ്നുമാജ: 1178, തിര്‍മിദി: 464- സ്വഹീഹ് അല്‍ബാനി )
വിത്ര്‍ നമസ്കാരത്തിന്റെ അവസാനത്തില്‍ നബിﷺ പ്രാ൪ത്ഥിച്ച പ്രാ൪ത്ഥന
اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
അല്ലാഹുമ്മ ഇന്നീ അഊദുബി രിള്വാക മിന് സഖതിക, വബി മുആഫാതിക മിന് ഗുഖൂബതിക, വ അഊദുബിക മിന്‍ക, ലാ ഉഹ്സീ ഥനാഅന്‍ അലയ്ക, അന്ത കമാ അസ്നയ്ത അലാ നഫ്സിക
അല്ലാഹുവേ! നിന്റെ തൃപ്തി മുന്‍നിര്‍ത്തി നിന്റെ കോപത്തില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. നിന്റെ പാപമോചനം മുന്‍നിര്‍ത്തി നിന്റെ ശിക്ഷയില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു. നിന്നില്‍ നിന്ന് നിന്നിലേക്ക് ഞാന്‍ അഭയം തേടുന്നു. നിന്നെ കുറിച്ചുള്ള പ്രശംസ എണ്ണിത്തിട്ടപ്പെടുത്താന്‍ എനിക്ക് സാധ്യമല്ല. നിന്റെ മേല്‍ നീ സ്വയം പ്രശംസ ചൊരിഞ്ഞത് എപ്രകാരമാണോ, അപ്രകാരം തന്നെയാണ് നീ. (അബൂ ദാവൂദ്: 1429, നാസാഇ: 1747,ഇബ്നു മാജ: 1179, തിര്‍മിദി: 3566 – സ്വഹീഹ് അല്‍ബാനി )
ഖുനൂതില്‍ മറ്റ് പ്രാ൪ത്ഥനകള് നി൪വ്വഹിക്കാമോ?
ഹദീസില്‍ വന്നിച്ചുള്ള പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷം ഉദ്ദേശിക്കുന്നെങ്കില്‍ മറ്റ് പ്രാര്‍ത്ഥനകളും വര്‍ദ്ധിപ്പിക്കാവുന്നതാണ്.
ഉമറിന്റെ(റ) കാലത്തുള്ള സംഭവം വിവരിക്കുന്ന ഇബ്നുഖുസൈമയുടെ(റഹി) റിപ്പോ൪ട്ടില്‍ വിത്റിലെ ഖുനൂതില്‍ സ്വഹാബികള്‍ ശത്രുക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കുന്നതായി കാണാം. പ്രസ്തുത ഭാഗം കാണുക:
وكانوا يلعنون الكفرة في النصف
അവ൪ (റമളാന്‍) പകുതിയായി കഴിഞ്ഞാല്‍ (മുസ്ലിംകളെ പ്രയാസപ്പെടുത്തുന്ന) കാഫിറുകള്‍ക്കെതിരെ പ്രാ൪ത്ഥിക്കുമായിരുന്നു.
തുട൪ന്ന് പ്രസ്തുത റിപ്പോ൪ട്ടില്‍ ആ പ്രാ൪ത്ഥന എടുത്തു കൊടുത്തിട്ടുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ലഘുവായ രീതിയിലാണ് പ്രാ൪ത്ഥിക്കേണ്ടത്.
അതേപോലെ ഏതവസരത്തിലും വിനയാന്വിതനായി താഴ്മയോടെയാണ് അല്ലാഹുവിനോട് പ്രാ൪ത്ഥിക്കേണ്ടത്. പ്രാസം ഒപ്പിച്ച് വലിച്ച് നീട്ടിയുള്ള പ്രാ൪ത്ഥനകള് ഒഴിവാക്കുക.
വളരെ ഹ്രസ്വമായ രൂപത്തിലാണ് നബിﷺ ഖുനൂത് നിര്‍വഹിച്ചിട്ടുള്ളത് എന്നതിനാല്‍ അനാവശ്യമായ രീതിയില്‍ നീട്ടി വലിച്ച് പ്രാസം കൂട്ടിയുള്ള ശൈലി പ്രോത്സാഹനജനകമല്ല (ഫതാവാ ഇബ്നു ഉസൈമിന്‍).
ശൈഖ് ഇബ്നു ബാസ് (റഹി)പറഞ്ഞു: ഖുനൂതിന്റെ വേളയില്‍ കൂടുതല്‍ ആശയ സമ്പൂ൪ണ്ണമായ വാക്കുകള്‍ അടങ്ങിയ പ്രാര്‍ത്ഥനകള്‍ തിരഞ്ഞെടുക്കുകയും, ധാരാളം സമയം അധികരിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇമാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമം. ഹസന്(റ) വിന്റെ ഹദീസില്‍ വന്ന ‘അല്ലാഹുമ്മഹ്ദിനാ.’ എന്ന് തുടങ്ങുന്ന പ്രാ൪ത്ഥന അവന് പ്രാര്‍ഥിക്കട്ടെ. ഉമര്‍(റ) വര്‍ദ്ധിപ്പിച്ചതു പോലെ ചില നല്ല പ്രാര്‍ത്ഥനകളും അതിനോടൊപ്പം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ അനാവശ്യമായി അതിരു കവിയുകയും, സമയം ദീര്‍ഘിപ്പിക്കുകയും, ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യരുത്. (മജ്മൂഉല്‍ ഫതാവ: 11/355)
ഇമാം ബക്ര് അബൂ സൈദ്(റഹി) പറഞ്ഞു: റമളാനില്‍ (വിത്റിലെ) ഖുനൂതിന്റെ പ്രാര്‍ഥനകളില്‍ ചില ഇമാമുമാര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ശബ്ദം ഉയര്‍ത്തിയും താഴ്ത്തിയും, അനാവശ്യമായി ഈണം നല്‍കിയും വിശുദ്ധ ഖുര്‍ആനിലെ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് പോലെ തജ്വീദും തര്തീലും പാലിച്ച് ചൊല്ലുന്നത് കേള്‍ക്കുന്നു. മഅ്മൂമീങ്ങളുടെ തട്ടിയുണര്‍ത്താനും, അവരെ കരയിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ഇത്തരം ബിദ്അത്തുകളുടെ ആരംഭം യഥാര്‍ത്ഥത്തില്‍ ജാഹിലിയ്യ കാലഘട്ടത്തിലെ മുശ്’രിക്കുകളുടെ ആരാധനാ രീതികളിലാണ് ചെന്നത്തുന്നത്.ഈ കാലഘട്ടത്തില്‍ പ്രാര്‍ത്ഥനകള്‍ സംഗീതാത്മകമാക്കുക എന്നത് നമ്മള് റാഫിദികളുടെ അടുക്കലും, ത്വരീഖത്തുകാരിലുമാണ് കാണുന്നത്. അവരോട് സാദൃശ്യപ്പെടുന്നതില്‍ നിന്ന് അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആളുകള്‍ കരുതിയിരിക്കണം. (തസ്വ് ഹീഹുദ്ദുആ : ബക്ര് അബൂ സൈദ്)
ഒരാള്‍ ഒറ്റക്ക് ഖുനൂത് നി൪വ്വഹിക്കുമ്പോള്‍ തനിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നത് ജമാഅത്തായി നി൪വ്വഹിക്കുമ്പോള്‍ ഇമാം മഅ്മൂമീങ്ങള്‍ക്ക് വേണ്ടിയും പ്രാ൪ത്ഥിക്കുക. ഉദാഹരണത്തിന് ഒറ്റക്ക് പ്രാ൪ത്ഥിക്കുമ്പോള്‍ اللَّهُمَّ اهْدِنِي (അല്ലാഹുവേ! നീ എന്നെ നേ൪മാര്ഗത്തില് ആക്കേണമേ) എന്ന് പറയുന്നത്, ജമാഅത്തില്‍ ഇമാം للَّهُمَّ اهْدِنِا (അല്ലാഹുവേ, നീ ഞങ്ങളെനേ൪മാര്ഗത്തില് ആക്കേണമേ) എന്നാണ് പറയേണ്ടത്.
ഖുനൂതില്‍ അവസാനം നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലാവുന്നതാണ്. പ്രാര്‍ഥനയുടെ പൊതുമര്യാദകളിലൊന്നുമാണ് അവസാനത്തില്‍ സ്വലാത് ചൊല്ലുക എന്നത്. ഇബ്നുഖുസൈമയുടെ(റഹി) റിപ്പോ൪ട്ടില്‍ വിത്റിലെ ഖുനൂതില്‍ സ്വഹാബികള്‍ നബിﷺയുടെ പേരില്‍ സ്വലാത്ത് ചൊല്ലിയതായും മുസ്ലിംള്ക്ക് വേണ്ടി പ്രാ൪ത്ഥിക്കുകയും സത്യവിശ്വാസികള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാറിനെ ചോദിക്കുകയും ചെയ്തുവെന്ന് വന്നിട്ടുണ്ട്.
ഖുനൂതില്‍ കൈകള്‍ ഉയ൪ത്തലും ആമീന്‍ പറയലും
ഖുനൂതിന്റെ സന്ദര്‍ഭത്തില്‍ കൈ ഉയര്‍ത്തുന്നതില്‍ ഇമാമിനും മഅ്മൂമിനും അനുവാദമുണ്ട്. പൊതുവെ പ്രാ൪ത്ഥനയുടെ മര്യാദകളില്‍ പെട്ട ഒരു കാര്യമാണ് കൈകള്‍ ഉയര്‍ത്തല്‍. ഏതൊരു ദുആയിലും സുന്നത്തായിട്ടുള്ളത് ഇവിടെയും ഉണ്ട്.എന്നാല്‍ കൈകള്‍ ഉയ൪ത്തല് നി൪ബന്ധമല്ല.
قال البيهقي رحمه الله : إن عدداً من الصحابة رضي الله عنهم رفعوا أيديهم في القنوت مع ما رويناه عن أنس بن مالك عن النبي صلى الله عليه وسلم
ഇമാം ബൈഹഖി(റഹി) പറയുന്നു : സ്വഹാബികളില്‍ പെട്ട എണ്ണമറ്റവ൪ ഖുനൂതില്‍ അവരുടെ കൈകള്‍ ഉയ൪ത്തിയിരുന്നു. അനസിബ്നു മാലികില്‍(റ) നിന്നുള്ള ചില റിപ്പോ൪ട്ടുകള്‍ നാം ഉദ്ദരിച്ചിട്ടുണ്ട്.
وَسُئِلَ أَحْمَدُ عَنِ الْقُنُوتِ، فِي الْوِتْرِ قَبْلَ الرُّكُوعِ أَمْ بَعْدَهُ؟، وَهَلْ تُرْفَعُ الْأَيْدِي فِي الدُّعَاءِ فِي الْوِتْرِ، فَقَالَ: الْقُنُوتُ بَعْدَ الرُّكُوعِ، وَيَرْفَعُ يَدَيْهِ وَذَلِكَ عَلَى قِيَاسِ فِعْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْقُنُوتِ فِي الْغَدَاةِ،
മുഹമ്മദ് ബ്നു നസ്റുല്‍ മ൪വസി (റഹി) പറഞ്ഞു: ഇമാം അഹ്മദ് (റഹി) വിത്റിലെ ഖുനൂത്, റുകൂഇന് മുമ്പാണോ ശേഷമാണോ എന്നതിനെ കുറിച്ചും വിത്റിലെ പ്രാ൪ത്ഥനയില്‍ കൈകള്‍ ഉയ൪ത്തേണ്ടതുണ്ടോ എന്നതിനെ കുറിച്ചും ചോദിക്കപ്പെട്ടു: ഇമാം അഹ്മദ് (റഹി) പറഞ്ഞു: ഖുനൂത് റുകൂഇന് ശേഷമാണ് നി൪വ്വഹിക്കേണ്ടത്. (ഖുനൂതില്‍) കൈകള്‍ ഉയ൪ത്താവുന്നതാണ്. അപ്രകാരമാണ് നബിﷺയുടെ സുബുഹിയിലെ (നാസിലത്തിന്റെ) ഖുനൂതിലെ പ്രവൃത്തിയില്‍ നിന്നും ഖിയാസാക്കി മനസ്സിലാക്കാവുന്നതാണ്.
കൈകള്‍ ഉയ൪ത്തുകയാണെങ്കില് മുഖത്തിന് നേരെയോ നെഞ്ചിന് നേരെയോ ആണ് ഉയ൪ത്തേണ്ടത്. സാധാരണ മഴയെ തേടിയുള്ള നമസ്കാരങ്ങളില്‍ ചെയ്യുന്നതുപോലെ ഇരുകൈകളും കഷം കാണുന്ന രീതിയില്‍ നല്ല രീതിയില്‍ ഉയ൪ത്തേണ്ടതില്ല.
ജമാഅത്തായി നി൪വ്വഹിക്കുമ്പോള്‍ മഅ്മൂമീങ്ങള്‍ക്ക് ആമീന്‍ പറയാവുന്നതാണ്. ആപത്തുകള്‍ സംഭവിക്കുമ്പോള്‍ നി൪വ്വഹിക്കുന്ന നാസിലതിന്റെ ഖുനൂതില്‍ മഅ്മൂമീങ്ങള്‍ക്ക് ഇമാമിന്റെ പ്രാര്‍ത്ഥനക്ക് സ്വഹാബികള്‍ ആമീന്‍ പറഞ്ഞതായി ഹദീസില്‍ കാണാം. (അബൂദാവൂദ്: 1445)
ഖുനൂതിന് ശേഷമോ മറ്റു പ്രാര്‍ഥനകള്‍ക്ക് ശേഷമോ കൈ കൊണ്ട് മുഖം തടവണമെന്നത് സ്ഥിരപ്പെട്ടിട്ടില്ല. ഈ വിഷയകമായി ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ എല്ലാം തന്നെ ദുര്‍ബലങ്ങളാകുന്നു. (സുനനുല്‍ ബൈഹഖി)