നാരിയ സ്വലാത്ത്‍ ചൊല്ലുന്നവരോട്

THADHKIRAH

ഇസ്ലാമില്‍ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു  നബിയുടെ(ﷺ)  മേൽ സ്വലാത്ത് ചൊല്ലൽ.  സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹുവും അവന്റെ റസൂലും(ﷺ) സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
 

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

 

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
 

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ

 

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (ﷺ) അരുളി : എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്.(അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 
 

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി നബി(ﷺ)  അവ൪ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്. സ്വലാത്തിന്റെ വിവിധ രൂപങ്ങളും ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച് അല്ലെങ്കില്‍ അതോടൊപ്പം പുതുതായി കെട്ടിയുണ്ടാക്കിയ ചില സ്വലാത്തുകളും ആളുകള്‍ വളരെ പ്രാധാന്യപൂ൪വ്വം ചൊല്ലിവരുന്നതായി കാണാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ്  നാരിയ സ്വലാത്ത്‍. 
എന്താണ് നാരിയ സ്വലാത്ത്‍ ?
 

പ്രവാചകന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഈജിപ്തിലെ ഇബ്രാഹീം അന്നാസീ  എന്നയാള്‍ എഴുതിയുണ്ടാക്കിയതാണ് നാരിയ സ്വലാത്തെന്ന് പറയപ്പെടുന്നു. 
 

നാരിയ സ്വലാത്ത് ചൊല്ലുന്നതിന്റെ ഇസ്ലാമിക വിധി എന്ത്?
 

നാരിയ സ്വലാത്ത്‍ അടിസ്ഥാനപരമായി ബിദ്അത്താണ് അഥവാ കുറ്റകരമായ പുത്തനാചാരമാണ്. കാരണം ഇത് നബി(ﷺ) പഠിപ്പിച്ചിട്ടുള്ളതല്ല., സ്വഹാബത്തിന് പരിചയവുമില്ല. പ്രമാണങ്ങളുടെ പിൻബലമില്ലാതെ പ്രത്യേക പുണ്യവും പ്രതിഫലവും നിശ്ചയിച്ചുകൊണ്ടാണ് ഇത് ചൊല്ലുന്നത്. ചൊല്ലേണ്ട എണ്ണവും സ്വന്തമായിതന്നെ നിശ്ചയിച്ചിട്ടുണ്ട്.
മുഹമ്മദ് നബിക്ക്(ﷺ)  അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടിയുള്ള അല്ലാഹുവിനോടുള്ള പ്രാ൪ത്ഥനയാണ് സ്വലാത്ത്. ഇവിടെ നബി(ﷺ)  പഠിപ്പിച്ചിട്ടുള്ള സ്വലാത്തിലെ പദങ്ങള്‍ മാത്രം ഉപയോഗിക്കലാണ് ശ്രേഷ്ടകരം. എന്നിരുന്നാലും ഒരാള്‍ തനിക്ക് അറിയാവുന്ന ഭാഷയില്‍ നബിക്ക്(ﷺ) അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിച്ചാല്‍ അത് അനുവദനീയമാണെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം. അതുപ്രകാരം നാരിയ സ്വലാത്ത്‍ ചൊല്ലാവുന്നതല്ലേയെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ പ്രമാണങ്ങളുടെ പിൻബലമില്ലാതെ പ്രത്യേക പുണ്യവും പ്രതിഫലവും എണ്ണവും നിശ്ചയിക്കുകയും ഇസ്ലാം വിരോധിച്ചിട്ടുള്ള രീതിയില്‍ നബിയെ(ﷺ)  ഈ സ്വലാത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളതും അത് അനുവദീയമല്ലാതാക്കുന്നു.
ഇത്തരം ബിദ്അത്തുകള്‍ പുണ്യകരമല്ലെന്ന് മാത്രമല്ല വഴി കേടാണെന്നാണും അതെല്ലാം തള്ളപ്പെടേണ്ടതാണെന്നുമാണ് നബി (ﷺ) പഠിപ്പിച്ചിട്ടുള്ളത്.

وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ

നബി(ﷺ) പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്‌. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്‌. (അബൂദാവൂദ്‌ :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി(ﷺ)  പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)
ഇനി നാരിയ സ്വലാത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ അതില്‍ വലിയ അപകടങ്ങള്‍ കാണാന്‍ കഴിയും. 

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബിക്ക് പൂർണ്ണമായ സ്വലാത്തും (അനുഗ്രഹവും) പരിപൂർണ്ണമായ സലാമും (രക്ഷയും) നൽകേണമേ. ആ പ്രവാചകനെക്കൊണ്ടാണ് ഞങ്ങളുടെ പ്രയാസങ്ങൾ ഒഴിവാകുന്നതും, ഇടങ്ങേറുകൾ നീങ്ങിക്കിട്ടുന്നതും, ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതും, ആഗ്രഹങ്ങൾ നേടിയെടുക്കുന്നതും, ശുഭപര്യവസാനവും, മേഘങ്ങൾ മഴവർഷിക്കുന്നതും അദ്ദേഹത്തിന്റെ മാന്യമായ മുഖംകൊണ്ടാണ്; അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാരിലും എല്ലാ നിമിഷങ്ങളിലും നിന്റെ വിജ്ഞാനത്തിന്റെ എണ്ണം കണക്കെയും (നീ അനുഗ്രഹവും രക്ഷയും നൽകേണമേ).

 

എത്ര അപകടകരമായ വാക്കുകളാണ് നാരിയ സ്വലാത്തിലൂടെ ആളുകള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നത്. നിഷ്കളങ്കരായ വിശ്വാസികൾ  പലരും അതിലെ അപകടം മനസ്സിലാക്കാതെയാണ് ചൊല്ലുന്നത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക, മഴ ചൊരിഞ്ഞുതന്ന് അനുഗ്രഹിക്കുക തുടങ്ങി അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്. 

 

നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നതാണ് ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേത്. ഇത് വിശ്വസിക്കുന്നവൻ മാത്രമാണ് യഥാർത്ഥ വിശ്വാസിയായിത്തീരുക.  എല്ലാം പ്രവാചകനെക്കൊണ്ടാണ് ലഭിക്കുന്നതെന്ന് വിശ്വസിച്ചുകൊണ്ടാണ് നാരിയ സ്വലാത്ത്‍ ചൊല്ലുന്നതെങ്കിൽ അത് അല്ലാഹുവിന്റെ അഫ്ആലുകളിൽ (പ്രവർത്തനങ്ങളിൽ) പങ്ക്ചേർക്കലാണ് (ശിർക്കാണ്). ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്. ശി൪ക്ക് ചെയ്യുന്നവരുടെ യാതൊരു പ്രവ൪ത്തനങ്ങളും നന്‍മകളും അല്ലാഹു സ്വീകരിക്കുന്നതല്ല. അവ൪ക്ക് സ്വ൪ഗം നിഷിദ്ധമാണ്. അവ൪ നരകത്തില്‍ നിത്യവാസികളായിരിക്കും.

മുഹമ്മദ് നബിയെ (ﷺ)  കൊണ്ടാണ് പ്രയാസങ്ങളും ദുരിതങ്ങളും മാറുന്നതും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറുന്നതുമെന്നത് ഖുര്‍ആനിനും  നബിയുടെ(ﷺ) അധ്യാപങ്ങള്‍ക്കും എതിരാണ്. ഇവയെല്ലാം അല്ലാഹുവാണ് മനുഷ്യന് സാധിച്ചുകൊടുക്കുന്നത്. മാത്രവുമല്ല അതില്‍ മുഹമ്മദ് നബിക്ക്(ﷺ)  യാതൊരു പങ്കുമില്ലതാനും. ഇക്കാര്യം ആളുകളോട് പ്രഖ്യാപിക്കാന്‍ അല്ലാഹു മുഹമ്മദ് നബിയോട്(ﷺ)  പറയുന്നു.
 

ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥ

(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.(ഖു൪ആന്‍:7/188)

قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا

പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. (ഖു൪ആന്‍:72/21)

സത്യവിശ്വാസികളെ, ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്തതും ഇസ്ലാമിക വിശ്വാസത്തിന്  എതിരായതുമായ നാരിയ സ്വലാത്ത് ഒഴിവാക്കി നബി(ﷺ) പഠിപ്പിച്ചിട്ടുള്ള പുണ്യകരമായ സ്വലാത്തുകള്‍ പതിവാക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 

Leave a Reply

Your email address will not be published.

Similar Posts