അല്ലാഹു വിശുദ്ധ ഖു൪ആനില്‍ ചേ൪ത്ത് പറഞ്ഞിട്ടുള്ള, മനുഷ്യ൪ക്കുള്ള രണ്ട് അനുഗ്രഹങ്ങളാണ് സമ്പത്തും സന്താനങ്ങളും. അതുരണ്ടും ധാരാളം ലഭിച്ചത് എക്കാലത്തും മഹാഭാഗ്യമായി ആളുകള്‍ കണക്കാക്കിയിരുന്നു. അത് സത്യനിഷേധത്തിലേക്കും അഹങ്കാരത്തിലേക്കും വരെ ആളുകളെ കൊണ്ടെത്തിച്ചിട്ടുണ്ട്.
أَن كَانَ ذَا مَالٍ وَبَنِينَ
അവന്‍ സമ്പത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ സത്യനിഷേധിയും അഹങ്കാരിയുമായി.) (ഖു൪ആന്‍ :68/14)
لأجل كثرة ماله وولده، طغى واستكبر عن الحق، ودفعه حين جاءه، وجعله من جملة أساطير الأولين،
സമ്പത്തും സന്താനങ്ങളും ധാരാളം ഉള്ളതിനാല്‍ അവന്‍ അതിരുവിടുകയും സത്യത്തെ നിരാകരിക്കുകയും അഹങ്കാരം കാണിക്കുകയും അതിനെ അവന്‍ പൂര്‍വികരുടെ പുരാണങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. (തഫ്സീറുസ്സഅദി)
ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും മനുഷ്യരുടെ പരസ്പരം ദുരഭിമാനം നടിക്കലുമൊക്കെയാണ്. അതോടൊപ്പം അല്ലാഹു എണ്ണിയതാണ് ‘സമ്പത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കല്‍’.
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ ۖ
നിങ്ങള്‍ അറിയുക: ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സമ്പത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് …. (ഖു൪ആന്‍ :57/20)
സമ്പത്തും സന്താനങ്ങളും അല്ലാഹു നല്‍കുന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് വിശുദ്ധ ഖു൪ആന്‍ അവതരിപ്പിക്കുന്നുണ്ട്. സത്യവിശ്വാസികള്‍ ഈ കാര്യങ്ങള്‍ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.
ഒന്നാമതായി, സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമെന്നാണ് വിശുദ്ധ ഖു൪ആന്‍ പറയുന്നത്:
ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ
സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. ….. (ഖു൪ആന്‍ :18/46)
രണ്ടാമതായി, സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നാണ് വിശുദ്ധ ഖു൪ആന്‍ പറയുന്നത്:
ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ
നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:8/28)
ഐഹികവും പാരത്രികവുമായ നന്മകൾക്ക് സമ്പത്തും സന്താനങ്ങളും കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അത് രണ്ടും കാരണമായേക്കാം. സമ്പത്തിലും സന്താനങ്ങളിലും, പാലിക്കുകയും ഗൗനിക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുമ്പോഴാണ് അവ ഇഹത്തിലും പരത്തിലും ഉപകരിക്കുന്നത്. അതുകൊണ്ട് സമ്പത്തും സന്താനങ്ങളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ കഴിയില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും, അതിന് പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. മനുഷ്യന്‍ ചെയ്യുന്ന അക്രമങ്ങളിലും പാപങ്ങളിലും വലിയൊരു ഭാഗവും, സ്വന്തം കടമകള്‍ നിറവേറ്റാതിരിക്കുന്നതില്‍ ഒരു പ്രധാന പങ്കും സ്വന്തം മക്കള്‍ കാരണമായോ, സമ്പത്ത് കാരണമായോ ആയിരിക്കുമെന്നതു ഒരു നിത്യസത്യമാണുതാനും. ശ്രദ്ധാപൂര്‍വ്വം രണ്ടും കൈകാര്യം ചെയ്യാത്തപക്ഷം, നേട്ടത്തെക്കാള്‍ കോട്ടം ലഭിക്കുകയും ചെയ്യും.
മനുഷ്യന്റെ സത്യവിശ്വാസത്തില്‍ കളങ്കം ചാര്‍ത്തുന്നതും അവനെ കാപട്യത്തിലും ധിക്കാരത്തിലും വഞ്ചനയിലും പെടുത്തുന്നതും, മിക്കപ്പോഴും തന്റെ സമ്പത്തിലും സന്തതികളിലുമുള്ള അതിരുകവിഞ്ഞ താല്‍പര്യമാകുന്നുവെന്നതും ഇതിനോട് ചേ൪ത്ത് മനസ്സിലാക്കുക.
സമ്പത്തും സന്താനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ അഥവാ ധനത്തിന്റെ സമ്പാദനം, വിനിയോഗം, ക്രയവിക്രയം, മക്കളുടെ പരിപാലനം, പരിശീലനം, ശിക്ഷണം, പഠനം തുടങ്ങിയ തുറകളിലെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കും പ്രീതിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുമാറ് മനുഷ്യരില്‍ ദുഷ്‌പ്രേരണയും സ്വാധീനവും ചെലുത്താന്‍ പിശാച് ശ്രമിക്കുന്നതാണ്.
وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. (ഖു൪ആന്‍ :17/64)
സമ്പത്തും സന്താനങ്ങളും പരീക്ഷണത്തിന്റെ ഭാഗമായതിനാല്‍ അവയെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ പിശാചിന് ഇടപെടാനുള്ള അവസരമാകുമെന്ന വസ്തുത ഇതില്‍ നിന്നും ഉള്‍ക്കൊള്ളുക.
അതുകൊണ്ടുതന്നെ സമ്പത്തിന്റെയും സന്താനങ്ങളുടെയും കാര്യത്തില്‍ ബദ്ധശ്രദ്ധരായിക്കൊണ്ട് അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്നു അല്ലാഹു സത്യവിശ്വാസികളെ പ്രത്യേകം ഓ൪മ്മിപ്പിച്ചിട്ടുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര് അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍. (ഖു൪ആന്‍ :63/9)
ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) പറഞ്ഞു: നമ്മുടെ സമ്പത്തും, സന്താനങ്ങളും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍നിന്ന് നമ്മെ അശ്രദ്ധമാക്കുന്നതിനെ അല്ലാഹു വിരോധിച്ചിരിക്കുകയാണ്. ആരെയാണൊ ഈ കാര്യങ്ങള്‍ അല്ലാഹുവിന്‍റെ ഓര്‍മയില്‍നിന്നും അശ്രദ്ധനാക്കിയത് അവന്‍ എന്തൊക്കെ ലാഭം നേടിയാലും അവന്‍ നഷ്ടക്കാരനാണെന്ന് അല്ലാഹു വ്യക്തമാക്കി. (ശറഹുരിയാളിസ്സ്വാലിഹീന്‍ – 3/446)
സമ്പത്തും സന്താനങ്ങളും ലഭിച്ചു എന്നത് അല്ലാഹുവിന് തങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്നും തങ്ങള്‍ക്ക് അല്ലാഹുവിങ്കൽ പ്രത്യേക അടുപ്പവും പരിഗണനയും ഉള്ളതുകൊണ്ടാണെന്നും മുമ്പും ആളുകള്‍ വിശ്വസിച്ചിട്ടുണ്ട്. സമ്പത്തും സന്താനങ്ങളും നൽകി എന്നത് അല്ലാഹു ഒരാളെ ഇഷ്ടപ്പെടുന്നു എന്നതിന്റെ അടയാളമല്ലെന്നും അക്കാരണത്താല്‍ അല്ലാഹുവിങ്കൽ പ്രത്യേക അടുപ്പമോ പരിഗണനയോ കിട്ടുന്നതല്ലെന്നും വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചിട്ടുണ്ട്.
وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَٰدًا وَمَا نَحْنُ بِمُعَذَّبِينَ
അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല. (ഖു൪ആന്‍ :34/35)
افتخروا بكثرة الأموال والأولاد ، واعتقدوا أن ذلك دليل على محبة الله لهم واعتنائه بهم ، وأنه ما كان ليعطيهم هذا في الدنيا ، ثم يعذبهم في الآخرة ، وهيهات لهم ذلك
അവർ അവരുടെ വലിയ സമ്പത്തിലും സന്താനങ്ങളുടെ എണ്ണപ്പെരുപ്പത്തിലും അഹങ്കരിച്ചിരുന്നു. ഇതൊക്കെ അല്ലാഹുവിന് ഞങ്ങളോടുള്ള ഇഷ്ടവും പരിഗണനയും കൊണ്ടാണെന്നും അവർ വിശ്വസിച്ചു. ഇഹലോകത്ത് ഞങ്ങൾക്ക് ഇതൊക്കെ തന്ന അല്ലാഹു പരലോകത്തും ഞങ്ങളെ ശിക്ഷിക്കുകയില്ലെന്നും അവർ വിശ്വസിച്ചു. (തഫ്‌സീർ ഇബ് നു കസീർ)
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ
അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. (ഖു൪ആന്‍ :23/55)
أيظن هؤلاء المغرورون أن ما نعطيهم من الأموال والأولاد لكرامتهم علينا ومعزتهم عندنا؟! كلا ليس الأمر
ഈ ആളുകൾ വിചാരിക്കുന്നുണ്ടോ അവർക്ക് നാം സമ്പത്തും സന്താനങ്ങളും നൽകിയത് നമ്മുടെ അടുക്കൽ അവർ ആദരണീയരും വിലപ്പെട്ടവരും ആയത് കൊണ്ടാണെന്ന് ? എന്നാൽ കാര്യം അങ്ങനെയല്ല. (തഫ്‌സീർ ഇബ് നു കസീർ)
കപട വിശ്വാസികളെ കുറിച്ച് പരാമ൪ശിക്കവെ, അവ൪ക്ക് സമ്പത്തും സന്താനങ്ങളും അധികമായി ലഭിച്ചത് ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കുവാനാണെന്ന് പറഞ്ഞത് കാണുക:
فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَٰفِرُونَ
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (ഖു൪ആന്‍ :9/55)
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
അതായത് സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസമാണ് (ഉയ൪ത്തെഴുന്നേല്‍പ്പ് ദിവസം). (ഖു൪ആന്‍ :26/88)
സമ്പത്തും സന്താനങ്ങളും അല്ലാഹുവിങ്കൽ പ്രത്യേക അടുപ്പമോ പരിഗണനയോ കിട്ടുന്നതല്ലെന്ന് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചപ്പോള്‍ ‘വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ’ എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്.
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا
നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. (ഖു൪ആന്‍ :34/37)
സമ്പത്തും സന്താനങ്ങളും സത്യവിശ്വാസികള്‍ക്കുമാത്രമേ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള ഉപാധികളായി ഭവിക്കൂ. അത്തരം ആളുകള്‍ തങ്ങളുടെ സമ്പത്ത് അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നവരും സന്താനങ്ങളെ നല്ല ശിക്ഷണ ശീലനങ്ങള്‍ നല്‍കി സജ്ജനങ്ങളും തഖ്‌വയുള്ളവരുമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്നവരുമായിരിക്കും.
മനുഷ്യന്‍ മരണപ്പെട്ടാലും മുറിഞ്ഞുപോകാതെ അവശേഷിക്കുന്നതു മൂന്ന് കാര്യങ്ങളാണെന്ന് നബി ﷺ അരുളിച്ചെയ്തിട്ടുള്ളതു പ്രസിദ്ധമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)
അപ്പോള്‍, സമ്പത്തും സന്താനങ്ങളും ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാല്‍ മനുഷ്യന് അത് വമ്പിച്ച നേട്ടമായിരിക്കും. നേരെമറിച്ച് അവയെ ദുരുപയോഗപ്പെടുത്തുന്നപക്ഷം അതു ഭാവിജീവിതത്തെ അങ്ങേഅറ്റം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇങ്ങിനെയുള്ളവരോടു പരലോകത്തുവെച്ചു പറയപ്പെടുന്നതു ഇപ്രകാരമായിരിക്കും:
أَذْهَبْتُمْ طَيِّبَٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ
ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു. (ഖു൪ആന്‍ :46/20)
സത്യവിശ്വാസം സ്വീകരിക്കാതെ തോന്നിയതുപോലെ ജീവിക്കുന്നവ൪ക്ക് അവരുടെ സമ്പത്തുകളോ സന്താനങ്ങളോ പരലോകത്ത് അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല.
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ هُمْ وَقُودُ ٱلنَّارِ
സത്യനിഷേധം കൈക്കൊണ്ടവര്‍ക്ക് അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. (ഖു൪ആന്‍ :3/10)
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۚ هُمْ فِيهَا خَٰلِدُونَ
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :3/116)