ഉമ്മയാണെ സത്യം, വാപ്പയാണെ സത്യം, ബദ്‌രീങ്ങളാണെ സത്യം, മുഹ്യുദ്ധീൻ ശൈഖാണെ സത്യം, റസൂലാണെ സത്യം ഞാനത്‌ ചെയ്തിട്ടില്ല, ഞാനത്‌ എടുത്തിട്ടില്ല എന്നിങ്ങനെ അല്ലാഹു അല്ലാത്തവരെ പിടിച്ച് സത്യം ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകളിൽ ധാരാളമാണ്‌. ഇതിന്റെ ഇസ്ലാമിക വിധി എന്താണ്?

സത്യം ചെയ്യുന്ന വിഷയത്തില്‍ ഒന്നാമതായി മനസ്സിലാക്കേണ്ടത് എന്തിനും ഏതിനും സത്യം ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല എന്നുള്ളതാണ്.അല്ലാഹു പറയുന്നു:

وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌. (ഖു൪ആന്‍:68/10)

സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യുന്ന പതിവ് കളവ് പറയുന്നവരുടെ ലക്ഷണമാകുന്നു. നേരായ കാര്യത്തില്‍പോലും അത്യാവശ്യഘട്ടത്തിലല്ലാതെ സത്യം ചെയ്യുന്നത് നന്നല്ല. അധികമായി സത്യം ചെയ്‌വാന്‍ മുതിരുന്നവരുടെ ഉദ്ദേശ്യം തങ്ങള്‍ പറയുന്ന കാര്യം ശ്രോതാവിനെക്കൊണ്ട് വിശ്വസിപ്പിക്കലായിരിക്കുമല്ലോ. തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ക്കുതന്നെ തോന്നിയിട്ടുണ്ടെനാണ് ഇതിന്‍റെ അര്‍ഥം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 68/10 ന്റെ വിശദീകരണം)

قال الشيخ ابن عثيمين رحمه الله:كثرة الحلف بالله يدل على أنه ليس في قلب الحالف من تعظيم الله ما يقتضي هيبة الحلف بالله وتعظيم الله تعالى من تمام التوحيد

ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്യുന്നത് സത്യം ചെയ്യുന്ന വ്യക്തിയിൽ തൗഹീദിനെ കുറിച്ചോ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്ന വിഷയത്തിലോ മനസ്സിൽ യാതൊരു ഗൗരവവും ഇല്ല എന്നതാണ് അറിയിക്കുന്നത്. (القول المفيد 219/3)

രണ്ടാമതായി മനസ്സിലാക്കേണ്ടത് എപ്പോഴെങ്കിലും സത്യം ചെയ്യേണ്ടി വരികയാണെങ്കില്‍ അത് അല്ലാഹുവിന്റെ പേരില്‍ മാത്രം സത്യം ചെയ്യുക എന്നുള്ളതാണ്. അല്ലാഹുവാണ് സത്യം (والله ) എന്ന് പറയുക.

عَنِ ابْنِ عُمَرَ ـ رضى الله عنهما أَنَّهُ أَدْرَكَ عُمَرَ بْنَ الْخَطَّابِ فِي رَكْبٍ وَهْوَ يَحْلِفُ بِأَبِيهِ، فَنَادَاهُمْ رَسُولُ اللَّهِ صلى الله عليه وسلم ‌‏ أَلاَ إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ، فَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ، وَإِلاَّ فَلْيَصْمُتْ ‏”

ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യൽ അല്ലാഹു ﷻ വിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുന്ന പക്ഷം അവൻ അല്ലാഹു ﷻ വിനെ കൊണ്ട് സത്യം ചെയ്യട്ടെ. ഇല്ലെങ്കിൽ മൗനം പാലിക്കട്ടെ. (ബുഖാരി: 6108)

عَنْ عَبْدِ، الرَّحْمَنِ بْنِ سَمُرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَحْلِفُوا بِالطَّوَاغِي وَلاَ بِآبَائِكُمْ ‏ ‏

അബ്ദുറഹ്മാനുബ്നു സമുറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബിംബങ്ങളെക്കൊണ്ടോ സ്വന്തം പിതാക്കളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം:1648)

അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍‌ അല്ലാഹു വിരോധിച്ചിട്ടുള്ളതാണ്. ആരെങ്കിലും അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍ ശി൪ക്കും കുഫ്റുമാണെന്ന സത്യം ഗൌരവപൂ൪വ്വം തിരിച്ചറിയുക.

عَنِ ابْنِ عُمَرَ ، قَالَ : كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ‌(റ)പിതാവിനെ പിടിച്ചു സത്യം ചെയ്യാറുണ്ടായിരുന്നു. നബി ﷺ അത് നിരോധിച്ചു കൊണ്ട്‌ പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക്‌ ചെയ്തു. (മുസ്വന്നഫ്‌ അബ്ദി റസാഖ്)

عَنِ ابْنِ عُمَرَ ، سَمِعَ رَجُلاً، يَقُولُ لاَ وَالْكَعْبَةِ ‏.‏ فَقَالَ ابْنُ عُمَرَ لاَ يُحْلَفُ بِغَيْرِ اللَّهِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഒരാൾ പറയുന്നത്‌ കേട്ടു: അല്ല, കഅ്ബയാണ്‌ സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്താൽ അവൻ അവിശ്വാസം പ്രവർത്തിച്ചു, അല്ലെങ്കിൽ ശിർക്ക് ചെയ്തു. (തിർമുദി:1535)

അല്ലാഹുവിന്റെ ചിഹ്നങ്ങൾ കൊണ്ടും അവൻ ആദരവ്‌ നൽകിയ മഹാത്മാക്കളെക്കൊണ്ടും സത്യം ചെയ്യുന്നതും മേല്‍ പറഞ്ഞ തെളിവുകൾ പ്രകാരം തെറ്റാണെന്ന് വ്യക്തമാണ്.

മറ്റൊന്നിനെ മുന്‍നിറുത്തി സത്യം ചെയ്യുമ്പോള്‍, അല്ലാഹുവിനെപ്പോലെ ശക്തിയും സ്ഥാനവും സത്യം ചെയ്യപ്പെട്ട വസ്തുവിന് കിട്ടുന്നു. അതുകൊണ്ടാണ് അല്ലാഹുവല്ലാത്ത മറ്റെന്തിന്റെയെങ്കിലും പേരില്‍ സത്യം ചെയ്യുന്നത് ശിര്‍ക്ക് ആകുന്നത്. അതോടൊപ്പം അല്ലാഹുവിനോടുള്ള ധിക്കാരവുമായതുകൊണ്ടാണ് അത് കുഫ്‌റാണെന്ന് പറയുന്നത്. മാത്രമല്ല, അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നവന്‍ യഥാ൪ത്ഥത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനമായി അവരെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്തവന്‍ തന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ حَلَفَ مِنْكُمْ فَقَالَ فِي حَلِفِهِ بِاللاَّتِ وَالْعُزَّى‏.‏ فَلْيَقُلْ لاَ إِلَهَ إِلاَّ اللَّهُ‏ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആര് സത്യംചെയ്യുകയും അവന്റെ സത്യത്തില്‍ ലാത്തയെയും ഉസ്സയെയും പരാമര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞുകൊള്ളട്ടെ. (ബുഖാരി:6107)

عَنْ مُصْعَبُ بْنُ سَعْدٍ، عَنْ أَبِيهِ، قَالَ حَلَفْتُ بِاللاَّتِ وَالْعُزَّى فَقَالَ لِي أَصْحَابِي بِئْسَ مَا قُلْتَ قُلْتَ هُجْرًا ‏.‏ فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَذَكَرْتُ ذَلِكَ لَهُ فَقَالَ ‏ “‏ قُلْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ وَانْفُثْ عَنْ يَسَارِكَ ثَلاَثًا وَتَعَوَّذْ بِاللَّهِ مِنَ الشَّيْطَانِ ثُمَّ لاَ تَعُدْ ‏”‏ ‏.‏

മുസ്വ്അബു ബ്നു സഅ്ദ്(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ ലാത്തയെയും ഉസ്സയെയും കൊണ്ട് സത്യംചെയ്തു. അദ്ദേഹം പറയുന്നു: അപ്പോള്‍ എന്റെ കൂട്ടുകാ൪ അതിനെ കുറിച്ച് പറഞ്ഞു: താങ്കള്‍ എത്ര മോശകരമായ അസുഖകരമായ കാര്യമാണ് ചെയ്തത്, അങ്ങനെ ഞാന്‍ നബിﷺയുടെ അടുക്കെത്തി അതിനെ സംബന്ധിച്ച് അദ്ദേഹം ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: നീ പറയുക:അല്ലാഹു അല്ലാതെ വേറെ ആരാദ്ധ്യനില്ല, അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല, അവനാണ് അധികാരം, അവനാണ് സര്‍വ സ്തുതികളും, അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. ഇടത്തേക്ക് മൂന്ന് വട്ടം തുപ്പുകയും പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുകയും ചെയ്യുക, ഇനി നീ ഇത് ആവര്‍ത്തിക്കുകയും അരുത്. (നസാഈ:3777)

വാസ്തവമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുന്നതാണെന്നുവരെ സലഫുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നതിന്റെ ഗൌരവമാണ് ഇത് സൂചിപ്പിക്കുന്നത്.

عن عبد الله بن مسعود رضي الله عنه قال: لأَنْ أَحْلِفَ بِاَللَّهِ كَاذِبًا أَحَبُّ إلَيَّ مِنْ أَنْ أَحْلِفَ بِغَيْرِهِ وَأَنَا صَادِقٌ

ഇബ്നു മസ്ഊദ് (റ)പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പേരിൽ കള്ള സത്യം ചെയ്യലാണ് അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യസന്ധമായി സത്യം ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം. (മുസ്വന്നഫ്‌ ഇബ്നു അബീശൈബ:12414)

ഇത് വിശദീകരിച്ച് കൊണ്ട് ശൈഖ് അബ്ദുറസാഖ് അൽ ബദർ (റഹി) പറയുന്നു: അദ്ദേഹത്തിന്റെ വാചകത്തെ കുറിച്ച് ശരിക്ക് ചിന്തിക്കുകയും, ‘ഒരു താരതമ്യം നടത്തുകയും ചെയ്താൽ നിനക്ക് അദ്ദേഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കാൻ കഴിയും. അല്ലാഹുവിൽ കള്ളസത്യം ചെയ്യുന്നവനിൽ രണ്ട് കാര്യങ്ങളുണ്ട്: ഒരു നന്മയും ഒരു തിന്മയും, തൗഹീദിന്റെ നന്മയും കളവിന്റെ തിന്മയും. രണ്ടാമത്തെ സത്യം ചെയ്യലിലും ഒരു നന്മയും ഒരു തിന്മയുമുണ്ട്: സത്യം പറഞ്ഞതിന്റെ നന്മയും, ശിർക്കിന്റെ തിന്മയും. സത്യം പറഞ്ഞതിന്റെ നന്മയേക്കാൾ വലുതാണ് തൗഹീദിന്റെ നന്മയെന്ന കാര്യത്തിലും കളവിന്റെ തിന്മയേക്കാൾ കഠിനവും ഗൗരവമുള്ളതുമാണ് ശിർക്കിന്റെ തിന്മയെന്ന കാര്യത്തിലും സംശയമില്ല. അപ്പോൾ ഒന്നാമത്തേതിൽ ഏറ്റവും ശ്രേഷ്ഠമായ നന്മ ലഭിക്കുകയും ഏറ്റവും കഠിനമായ തിന്മയെ ഒഴിവാക്കുകയും ചെയ്തു.

സത്യവിശ്വാസികളെ, എപ്പോഴെങ്കിലും സത്യം ചെയ്യേണ്ടി വരികയാണെങ്കില്‍ അത് അല്ലാഹുവിന്റെ പേരില്‍ മാത്രം സത്യം ചെയ്യുക. അപ്പോഴും ഒന്നാമത് പറഞ്ഞ കാര്യം വിസ്മരിക്കരുത്. അതായത് എന്തിനും ഏതിനും സത്യം ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല. അല്ലാഹുവിന്റെ പേരില്‍ മാത്രം സത്യം ചെയ്യുന്ന പലരും ശ്രദ്ധിക്കാറില്ല. ചില മേഖലകളില്‍ സത്യം ചെയ്യരുതെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ഒരു കച്ചവടക്കാരന്‍ സത്യം ചെയ്തുകൊണ്ട് ചരക്കുകള്‍ വിറ്റഴിക്കുവാന്‍ പാടില്ല. സത്യം ചെയ്യല്‍ കൊണ്ട് സാധനം വിറ്റഴിക്കുമെങ്കിലും ആ കച്ചവടത്തിലെ ബറകത്ത് നഷ്ടപ്പെടുന്നതാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :الْحَلِفُ مُنَفِّقَةٌ لِلسِّلْعَةِ مُمْحِقَةٌ لِلْبَرَكَةِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യം ചരക്കുകളെ വിറ്റഴിപ്പിക്കും, ബറകത്ത് നഷ്ടമാക്കി കളയുകയും ചെയ്യും. (ബുഖാരി:2087)

عَنْ أَبِي قَتَادَةَ الأَنْصَارِيِّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏:‏ إِيَّاكُمْ وَكَثْرَةَ الْحَلِفِ فِي الْبَيْعِ فَإِنَّهُ يُنَفِّقُ ثُمَّ يَمْحَقُ .‏

ഖത്താദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം:1607)

عن سلمان أن رسول الله ﷺ قال: ثلاثة لا يكلمهم الله، ولا يزكيهم، ولهم عذاب أليم: أشيمط زان، وعائل مستكبر، ورجل جعل الله بضاعته: لا يشتري إلا بيمينه، ولا يبيع إلا بيمينه

സല്‍മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മൂന്ന് കൂട്ടരോട് അല്ലാഹു സംസാരിക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല. അവ൪ക്ക് വേദനിക്കുന്ന ശിക്ഷയുണ്ട്. വ്യഭിചാരിയായ വൃദ്ധന്‍, അഹങ്കാരിയായ ദരിദ്രന്‍, അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്ത് ക്രയവിക്രയം ചെയ്യുന്ന വ്യാപാരി. (ത്വബ്റാനി:5989)

അല്ലാഹുവിന്‍റെ നാമങ്ങളാല്‍ മാത്രമേ നമുക്കു സത്യം ചെയ്തുകൂടൂ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്‍ ഇഷ്ടപ്പെടുന്ന ഏതുകൊണ്ടും അവനു സത്യം ചെയ്യാവുന്നതാണ്. മലക്കുകള്‍, സൂര്യന്‍, ചന്ദ്രന്‍, രാത്രി, പകല്‍, കാലം ഇങ്ങിനെ പലതിന്‍റെ പേരിലും ഖുര്‍ആനില്‍ സത്യങ്ങള്‍ കാണാം. ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ നമ്മുടെ ചിന്തയും ശ്രദ്ധയും തട്ടി ഉണര്‍ത്തുന്നവയായിരിക്കും അവ. സത്യം ചെയ്തുകൊണ്ടു പ്രസ്താവിക്കുന്ന കാര്യത്തിന്‍റെ ദൃഢതയും, ഗൗരവവും വെളിപ്പെടുത്തുകയാണ് സത്യങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്.  (അമാനി തഫ്സീ൪ – ഖു൪ആന്‍ : 37/1-5 ന്റെ വിശദീകരണം)

Leave a Reply

Your email address will not be published.

Similar Posts