അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മഴ. എന്നാല്‍ പല കാരണങ്ങളാല്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് മഴയെ തടയും. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ കേവലം ഭൗതിക കാരണങ്ങളെ മാത്രം അതിന് പിന്നില്‍ കണ്ടെത്തുകയും അതിന് പരിഹാരമായി ഭൗതിക പരിഹാര മാര്‍ഗങ്ങള്‍ മാത്രം തേടുകയും ചെയ്യുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്. അതിനപ്പുറം മഴയുടെ ഉടമയായ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിക്കല്‍ കൂടി പ്രധാന പരിഹാര മാര്‍ഗമായി വിശ്വാസി കാണണം. കാരണം മഴ പെയ്യിപ്പിക്കുന്നവന്‍ അല്ലാഹുവാണ്. എപ്പോള്‍ മഴ പെയ്യുമെന്ന് അവനല്ലാതെ മറ്റാ൪ക്കും അറിയുകയില്ല.
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﻗَﻨَﻄُﻮا۟ ﻭَﻳَﻨﺸُﺮُ ﺭَﺣْﻤَﺘَﻪُۥ ۚ ﻭَﻫُﻮَ ٱﻟْﻮَﻟِﻰُّ ٱﻟْﺤَﻤِﻴﺪُ
അവന്‍ (അല്ലാഹു) തന്നെയാകുന്നു, മനുഷ്യര്‍ നിരാശപ്പെട്ട് കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.(ഖു൪ആന്‍:42/28)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الْغَيْبِ خَمْسٌ لاَ يَعْلَمُهَا إِلاَّ اللَّهُ لاَ يَعْلَمُ أَحَدٌ مَا يَكُونُ فِي غَدٍ، وَلاَ يَعْلَمُ أَحَدٌ مَا يَكُونُ فِي الأَرْحَامِ، وَلاَ تَعْلَمُ نَفْسٌ مَاذَا تَكْسِبُ غَدًا، وَمَا تَدْرِي نَفْسٌ بِأَىِّ أَرْضٍ تَمُوتُ، وَمَا يَدْرِي أَحَدٌ مَتَى يَجِيءُ الْمَطَرُ
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അദ്യശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മ്റ്‍തിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല. (ബുഖാരി:1039)
എന്ത് കൊണ്ട് മഴ തടയപ്പെടുന്നു?
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ “ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا . وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ . وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا
അബ്ദുല്ലാഹിബ്‌നു ഉമ൪ (റ) പറയുന്നു:നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (വളരെ പ്രയാസകരമായിരിക്കും കാര്യം)- അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല…” (ഇബ്‌നു മാജ:4019 – സില്‍സില സ്വഹീഹ:106).
ഇമാം ബുഖാരി(റഹി) തന്റെ സ്വഹീ\ഹുല്‍ ബുഖാരിയില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ്:
بَابُ انْتِقَامِ الرَّبِّ جَلَّ وَعَزَّ مِنْ خَلْقِهِ بِالْقَحْطِ إِذَا انْتُهِكَ مَحَارِمُ اللَّهِ
നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം. (ബുഖാരി: മഴയെ തേടുന്ന അധ്യായം)
قال مجاهد : إذا أجدبت الأرض قالت البهائم : هذا من أجل عصاة بني آدم ، لعن الله عصاة بني آدم .
ഇമാം മുജാഹിദ്(റഹി) പറയുന്നു: ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: ‘പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ’ എന്ന്. (ഇബ്‌നു കസീര്‍ 1/137 – ഖു൪ആന്‍:2/159 ന്റെ വിശദീകരണം)
ഏതൊരു നാട്ടുകാരും ഈമാനും (സത്യവിശ്വാസം) തഖ്‌വയും (സൂക്ഷ്മത) കാത്ത് സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ആകാശ ഭൂമികളിലെ ഐശ്വര്യങ്ങള്‍ ചൊരിഞ്ഞു നല്‍കുമെന്നുള്ളത് ഇതോട് ചേര്‍ത്ത് വായിക്കുക:
ﻭَﻟَﻮْ ﺃَﻥَّ ﺃَﻫْﻞَ ٱﻟْﻘُﺮَﻯٰٓ ءَاﻣَﻨُﻮا۟ ﻭَٱﺗَّﻘَﻮْا۟ ﻟَﻔَﺘَﺤْﻨَﺎ ﻋَﻠَﻴْﻬِﻢ ﺑَﺮَﻛَٰﺖٍ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻭَٱﻷَْﺭْﺽِ
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു ….(ഖു൪ആന്‍:7/96)
അലി(റ) പറയുന്നു: പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല. (അല്‍ ജവാബുല്‍ കാഫീ: 142).
ചുരുക്കത്തില്‍ ക്ഷാമവും വരള്‍ച്ചയുമാകുന്ന പരീക്ഷണങ്ങള്‍ നീങ്ങിക്കിട്ടാന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങലാണ് പ്രതിവിധി. പ്രധാനമായും നാല് തരത്തിലാണ് അതിന്റെ വഴി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതില്‍ പ്രധാനമായത് മഴക്ക് വേണ്ടിയുള്ള നമസ്‌കാരമാണ്. ധാരാളം ഹദീഥുകളില്‍ ഇത് സ്ഥിരപ്പെട്ടതുമാണ്. നബിﷺയും സ്വഹാബത്തും ഇത് നിര്‍വഹിച്ചതുമാണ്. ഒരു ഹദീസ് കാണുക:
قَالَتْ عَائِشَةُ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حِينَ بَدَا حَاجِبُ الشَّمْسِ فَقَعَدَ عَلَى الْمِنْبَرِ فَكَبَّرَ صلى الله عليه وسلم وَحَمِدَ اللَّهَ عَزَّ وَجَلَّ ثُمَّ قَالَ ” إِنَّكُمْ شَكَوْتُمْ جَدْبَ دِيَارِكُمْ وَاسْتِئْخَارَ الْمَطَرِ عَنْ إِبَّانِ زَمَانِهِ عَنْكُمْ وَقَدْ أَمَرَكُمُ اللَّهُ عَزَّ وَجَلَّ أَنْ تَدْعُوهُ وَوَعَدَكُمْ أَنْ يَسْتَجِيبَ لَكُمْ ” . ثُمَّ قَالَ ” { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * الرَّحْمَنِ الرَّحِيمِ * مَلِكِ يَوْمِ الدِّينِ } لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ ” . ثُمَّ رَفَعَ يَدَيْهِ فَلَمْ يَزَلْ فِي الرَّفْعِ حَتَّى بَدَا بَيَاضُ إِبْطَيْهِ ثُمَّ حَوَّلَ عَلَى النَّاسِ ظَهْرَهُ وَقَلَّبَ أَوْ حَوَّلَ رِدَاءَهُ وَهُوَ رَافِعٌ يَدَيْهِ ثُمَّ أَقْبَلَ عَلَى النَّاسِ وَنَزَلَ فَصَلَّى رَكْعَتَيْنِ
ആഇശ(റ) പറയുന്നു: സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി ﷺ പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തി ക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു… (അബൂദാവൂദ്:1173)
മഴക്കു വേണ്ടിയുള്ള നമസ്‌കാരവുമായി ബന്ധപ്പെട്ട മര്യാദകളെ ഈ ഹദീസിന്റെ വെളിച്ചത്തില്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
(1) സമയം: മഴക്ക് വേണ്ടി നമസ്‌കരിക്കുവാന്‍ പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബി ﷺ പ്രസ്തുത നമസ്‌കാരം നിര്‍വഹിച്ചത് പ്രഭാതത്തിലാണ്. അതിനാല്‍ പെരുന്നാള്‍ നമസ്‌കാര സമയമാണ് അതിന് ഏറ്റവും ഉത്തമം എന്ന് മേല്‍ ഹദീസ് (അബൂദാവൂദ്:1173) അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടു കാണുന്നു.
(വിശദാംശങ്ങള്‍ക്ക് ഇബ്‌നു അബ്ദില്‍ ബര്‍റ്(റ)ന്റെ അത്തംഹീദ് 17/175, ഇബ്‌നു ഖുദാമയുടെ മുഗ്‌നി 3/327 എന്നിവ നോക്കുക).
(2) നമസ്‌കാരം നിര്‍വഹിക്കുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. മുകളില്‍ ഉന്നയിച്ച ഹദീസ് അക്കാര്യം വ്യക്തമാക്കുന്നുണ്ട്.
(3) മൈതാനത്താണ് ഉത്തമം
നബി ﷺ മൈതാനത്തേക്ക് പുറപ്പെട്ടുവെന്നും അവിടെ നബിﷺക്ക് വേണ്ടി മിമ്പര്‍ സ്ഥാപിക്കപ്പെട്ടുവെന്നും അതില്‍ കയറി നബി ﷺ ഉപദേശിച്ചുവെന്നും മേല്‍ ഹദീസില്‍ തന്നെ കാണുന്നു. മറ്റൊരു ഹദീസ് കാണുക:
عَنْ عَبْدِ اللَّهِ بْنِ زَيْدٍ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ إِلَى الْمُصَلَّى فَاسْتَسْقَى، فَاسْتَقْبَلَ الْقِبْلَةَ، وَقَلَبَ رِدَاءَهُ، وَصَلَّى رَكْعَتَيْنِ
അബ്ദുല്ലാഹുബ്നു സൈദില്‍(റ) നിന്ന് നിവേദനം: നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ലയുടെ നേരെ നബി ﷺ തിരിയുകയും തന്‍റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്‌അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി:1012)
(4) വിനയവും താഴ്മയും പ്രകടിപ്പിച്ചു കൊണ്ടാവണം പുറപ്പെടേണ്ടത്
قَالَ ابْنُ عَبَّاسٍ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم مُتَبَذِّلاً مُتَوَاضِعًا مُتَضَرِّعًا حَتَّى أَتَى الْمُصَلَّ
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്. (അബൂദാവൂദ്: 1165)
(5) നമസ്‌കാരത്തിന് മുമ്പോ ശേഷമോ ഖുതുബ നിര്‍വഹിക്കാം
ഇതിലേക്കുമുള്ള സൂചനകള്‍ നബിﷺയുടെ കര്‍മങ്ങള്‍ ഉദ്ധരിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍ ഒരു ഗംഭീര പ്രസംഗമല്ല വേണ്ടത്. പകരം, ഇമാമും അല്ലാത്തവരുമെല്ലാം വളരെ വിനയാന്വിതരായിരിക്കുകയും റബ്ബിലേക്ക് കൂടുതല്‍ ഭക്തിപ്പെടുകയുമാണ് വേണ്ടത്. അതിനായുള്ള ഉപദേശങ്ങളാണ് ഖുതുബയില്‍ ഉണ്ടാവേണ്ടത്.
ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മൈമൂനുബ്‌നു മഹ്‌റാന്‍(റ)ന് ഇപ്രകാരം എഴുതി അറിയിച്ചു: ഇന്ന മാസത്തിലെ ഇന്ന ദിവസത്തില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി ഞാന്‍ പട്ടണങ്ങളിലേക്ക് എഴുതി അറിയിച്ചിട്ടുണ്ട്. നോമ്പ് നോല്‍ക്കുവാനും സ്വദക്വ ചെയ്യുവാനും സാധിക്കുന്നവര്‍ അപ്രകാരം ചെയ്യട്ടെ. അല്ലാഹു പറയുന്നു: തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) (ഖു൪ആന്‍:87/14-15). നിങ്ങളുടെ ആദ്യ മാതാപിതാക്കള്‍ പറഞ്ഞത് പോലെ നിങ്ങളും പറയുവിന്‍:അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും (ഖു൪ആന്‍:7/23). നൂഹ് നബി പറഞ്ഞത് പോലെയും നിങ്ങള്‍ പറയുക: (അല്ലാഹുവേ) നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും (ഖു൪ആന്‍:11/47) മൂസാ നബി പറഞ്ഞതു പോലെയും നിങ്ങള്‍ പറയുക: അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ… (ഖു൪ആന്‍:28/16) യൂനുസ് നബി പറഞ്ഞതു പോലെയും നിങ്ങള്‍ പറയുവിന്‍: …നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:21/87) (അബ്ദുര്‍റസ്സാഖ് :3/82).
ഇമാം ജനങ്ങള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം എന്ന് ഇവയില്‍ നിന്ന് ഗ്രഹിക്കാം.
സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഒന്നടങ്കം പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍, മൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നതിന് പ്രവാചക പ്രവൃത്തിയുടെ മാതൃകയില്ലെന്ന് ഇബ്‌നു ഖുദാമ (റ) പറയുന്നു. (മുഗ്‌നി:3/335, കാഫീ: 1/535). അല്ലാഹു അഅ്‌ലം.
(6)ഖുതുബയിലെ പ്രാ൪ത്ഥനയില്‍ കൈകള്‍ ഉയര്‍ത്തുക
കൈകള്‍ ഉയര്‍ത്തുമ്പോള്‍ കയ്യിന്റെ ഉള്‍ഭാഗം ഭൂമിയിലേക്കും പുറംഭാഗം ആകാശത്തേക്കുമാക്കലാണ് പ്രവാചക മാതൃക.
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم لاَ يَرْفَعُ يَدَيْهِ فِي شَىْءٍ مِنْ دُعَائِهِ إِلاَّ فِي الاِسْتِسْقَاءِ، وَإِنَّهُ يَرْفَعُ حَتَّى يُرَى بَيَاضُ إِبْطَيْهِ.
അനസില്‍(റ) നിന്ന് നിവേദനം: മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയിലും നബി ﷺ കൈകള്‍ ഉയര്‍ത്താറില്ല. മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നബി ﷺ അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ് കാണുന്നതു വരെ രണ്ടും കയ്യും ഉയര്‍ത്താറുണ്ട്. (ബുഖാരി:1031)
(7) ബാങ്കും ഇക്വാമത്തും സുന്നത്തില്ല
നബിﷺയില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേകം നിര്‍ദേശം വന്നിട്ടില്ല. നബി ﷺ ബാങ്കോ ഇക്വാമത്തോ നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. നബിﷺയില്‍ നിന്ന് മതം പഠിച്ച സ്വഹാബിമാ൪ ബാങ്കോ ഇക്വാമത്തോ നിര്‍വഹിക്കാതെയാണ് മഴയെ തേടുന്ന നമസ്‌കാരം നിര്‍വഹിച്ചതെന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു.
عَنْ أَبِي إِسْحَاقَ، خَرَجَ عَبْدُ اللَّهِ بْنُ يَزِيدَ الأَنْصَارِيُّ وَخَرَجَ مَعَهُ الْبَرَاءُ بْنُ عَازِبٍ وَزَيْدُ بْنُ أَرْقَمَ رضى الله عنهم فَاسْتَسْقَى، فَقَامَ بِهِمْ عَلَى رِجْلَيْهِ عَلَى غَيْرِ مِنْبَرٍ فَاسْتَغْفَرَ، ثُمَّ صَلَّى رَكْعَتَيْنِ يَجْهَرُ بِالْقِرَاءَةِ وَلَمْ يُؤَذِّنْ، وَلَمْ يُقِمْ
അബൂ ഇസ്ഹാഖില്‍(റ) നിന്ന് നിവേദനം: അബ്ദുല്ലാഹ് ബ്‌നു യസീദ് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ബറാഉ ബ്നു ആസിബും സൈദു ബ്നു അ൪ഖമും പുറപ്പെട്ടു. അദ്ദേഹം മിമ്പറില്‍ കയറാതെ എഴുന്നേറ്റ് നിന്ന് പാപമോചനം തേടി (പ്രാര്‍ത്ഥിച്ചു). ശേഷം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് രണ്ട് റക്‌അത്തു നമസ്കരിച്ചു. ബാങ്കോ ഇഖാമത്തോ നി൪വ്വഹിച്ചില്ല. (ബുഖാരി:1022)
അബൂമൂസല്‍ അശ്അരി(റ) എന്ന സ്വഹാബിയും അപ്രകാരം ചെയ്തതായി ഇബ്‌നു അബീ ശൈബ(റ) തന്റെ മുസ്വന്നഫില്‍ (2/221) ഉദ്ധരിച്ചിട്ടുണ്ട്.
(8) കൂടുതല്‍ ഭക്തരും മതനിഷ്ഠയുള്ളവരുമാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കേണ്ടത്
നബി ﷺ ജീവിച്ചിരിപ്പുള്ള കാലത്ത് സ്വഹാബത്തിന് ഈ വിഷയത്തില്‍ നേതൃത്വം നല്‍കിയിരുന്നത് നബിﷺയായിരുന്നു. (ബുഖാരി:933, 1010, മുസ്‌ലിം:897).
നബിﷺയുടെ കാല ശേഷം ഉമര്‍(റ) മഴയെ തേടിയപ്പോള്‍ നബിﷺയുടെ പിതൃവ്യന്‍ അബ്ബാസ് (റ)നെയാണ് നേതൃത്വം നല്‍കാനായി തെരെഞ്ഞെടുത്തത്.
عَنْ أَنَسٍ، أَنَّ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ فَيُسْقَوْنَ.
അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂല്‍ ഖത്താബിന്‍റെ കാലത്തു അദ്ദേഹം മഴക്ക്‌വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെ ക്കൊണ്ട് നിന്നോട് ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിപ്പിക്കുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാര്‍ത്ഥിപ്പിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവര്‍ക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി:1010).
മുആവിയ (റ), ദ്വഹ്ഹാക്വ് (റ) എന്നിവര്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് യസീദ്ബ്‌നുഅസ്‌വദ്(റ)നെയാണ് നേതൃത്വം ഏല്‍പിച്ചത്. (മുഗ്‌നി 1/535).
(9) പെരുന്നാള്‍ നമസ്‌കാരം പോലെ തന്നെയാണ് ഈ നമസ്‌കാരവും
വ്യത്യസ്ത ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. (ബുഖാരി:1012,1026, മുസ്‌ലിം:894). ഇത് പ്രകാരം പെരുന്നാള്‍ നമസ്‌കാരത്തിലെന്ന പോലെ ഇതിലും രണ്ട് റക്അത്തിലും തക്ബീറുകള്‍ സുന്നത്താണ് എന്നാണ് പ്രബലാഭിപ്രായം. ക്വുര്‍ആന്‍ പാരായണം ഉറക്കെയാണ് വേണ്ടത്. ഖുത്വുബ നമസ്‌കാരത്തിന് മുമ്പും ശേഷവും ആവാം എന്നതിന് ഹദീഥുകളില്‍ തെളിവുണ്ട്. പ്രസ്തുത വിഷയത്തില്‍ വന്ന ഹദീഥുകള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശൈഖ് ഇബ്‌നുബാസ് (റഹി) പറയുന്നു: നബി ﷺ ചില സമയങ്ങളില്‍ ആദ്യം ഖുത്വുബ നിര്‍വഹിക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്‌തെന്നും ചില ഘട്ടങ്ങളില്‍ ആദ്യം നമസ്‌കരിക്കുകയും പിന്നെ ഖുത്വുബ നിര്‍വഹിച്ചെന്നും ഈ റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. അതിനാല്‍ രണ്ട് രീതിയും അനുവദനീയമാണെന്ന് ഇതറിയിക്കുന്നു (ഫതാവാ ഇബ്‌നുബാസ്: 13/61).
خَرَجَ النَّبِيُّ صلى الله عليه وسلم إِلَى الْمُصَلَّى يَسْتَسْقِي، وَاسْتَقْبَلَ الْقِبْلَةَ فَصَلَّى رَكْعَتَيْنِ، وَقَلَبَ رِدَاءَهُ.
നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെട്ടു. അവിടുന്ന് ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. തന്‍റെതട്ടം മാറ്റിയിട്ടു ശേഷം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് രണ്ട് റക്‌അത്തു നമസ്കരിച്ചു. (ബുഖാരി:1027)
നമസ്‌കാരത്തിനായി നോമ്പ് അനുഷ്ഠിക്കല്‍
മഴയെ തേടുന്ന നമസ്‌കാരത്തിനു മുന്നോടിയായി നോമ്പ് നോല്‍ക്കണോ എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ പഴയ കാലം മുതലേ നിലവിലുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം അതിനു മുമ്പായി മൂന്നു ദിവസം നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. മൂന്നാം ദിവസം നോമ്പുകാരായിക്കൊണ്ടാണ് നമസ്‌കാരത്തിന് വരേണ്ടത്. അതല്ല, മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസമാണ് നമസ്‌കാരത്തിന് വരേണ്ടത് എന്നും അഭിപ്രായമുണ്ട്.
ഹനഫികളും മാലികികളും ഏകദേശം ഈ അഭിപ്രായക്കാര്‍ തന്നെയാണ്. ഹമ്പലികള്‍ക്കും ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ മൂന്നാം ദിവസം പുറപ്പെടണോ അതോ മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസം പുറപ്പെടണോ എന്ന വിഷയത്തിലാണ് പണ്ഡിതന്‍മാര്‍ക്ക് വീക്ഷണ വ്യത്യാസമുള്ളത്. എന്നാല്‍ നബിﷺയില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേക അധ്യാപനമുള്ളതായി അവരാരും രേഖപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം സ്വീകാര്യതയുണ്ട് എന്ന് ഇമാം തുര്‍മുദിയും ബൈഹഖിയും ഉദ്ധരിച്ച സ്വീകാര്യ യോഗ്യമായ ഹദീഥാണ് അവരൊക്കെയും ഇതിന് തെളിവായി ഉന്നയിച്ചു കാണുന്നത്. അതിനപ്പുറം ഈ വിഷയകമായി പ്രത്യേകം തെളിവില്ലാത്തതിനാല്‍ ഇങ്ങനെ ഒരു നോമ്പ് സുന്നത്താണെന്ന് പറയാവതല്ലെന്നാണ് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) തന്റെ ഫതാവായില്‍ വ്യക്തമാക്കുന്നത്.
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ നോമ്പ് ഉതകുമെന്നതിനാല്‍ പൊതുവായ ഒരു മാനദണ്ഡം എന്ന നിലക്ക് മുകളില്‍ പറഞ്ഞ ഹദീഥിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രവര്‍ത്തിക്കുകയുമാകാം. الله أعلم
ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, അന്യായമായി നേടിയവ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയ മര്യാദകളെല്ലാം ചില പണ്ഡിതന്‍മാര്‍ പറഞ്ഞതും ഈ ഒരു അര്‍ഥത്തില്‍ തന്നെയാണ്.
നന്‍മകള്‍ വര്‍ധിപ്പിച്ചും തിന്‍മകളില്‍ നിന്ന് മാറി നിന്നും കൂടുതല്‍ വിനയാന്വിതരായും അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും ചെയ്യുക എന്നത് തന്നെയാണ് മഴക്ക് വേണ്ടിയുള്ള തേട്ടത്തിന്റെ മര്‍മം എന്ന് പൊതുവെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.
മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.
ഖുത്വുബയിലുള്ള പ്രാര്‍ത്ഥന
മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ പ്രാര്‍ത്ഥന നിര്‍വ്വഹിക്കേണ്ടത്. നബി ﷺ ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ത്ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ. ഇമാം ബുഖാരിയും മുസ്‌ലിമും അടക്കം ധാരാളം ഹദീഥ് പണ്ഡിതന്‍മാര്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
عَنْ أَنَسِ بْنُ مَالِكٍ، قَالَ أَصَابَتِ النَّاسَ سَنَةٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَبَيْنَا رَسُولُ اللَّهِ صلى الله عليه وسلم يَخْطُبُ عَلَى الْمِنْبَرِ يَوْمَ الْجُمُعَةِ قَامَ أَعْرَابِيٌّ فَقَالَ يَا رَسُولَ اللَّهِ، هَلَكَ الْمَالُ وَجَاعَ الْعِيَالُ، فَادْعُ اللَّهَ لَنَا أَنْ يَسْقِيَنَا. قَالَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَيْهِ، وَمَا فِي السَّمَاءِ قَزَعَةٌ، قَالَ فَثَارَ سَحَابٌ أَمْثَالُ الْجِبَالِ، ثُمَّ لَمْ يَنْزِلْ عَنْ مِنْبَرِهِ حَتَّى رَأَيْتُ الْمَطَرَ يَتَحَادَرُ عَلَى لِحْيَتِهِ، قَالَ فَمُطِرْنَا يَوْمَنَا ذَلِكَ، وَفِي الْغَدِ وَمِنْ بَعْدِ الْغَدِ وَالَّذِي يَلِيهِ إِلَى الْجُمُعَةِ الأُخْرَى
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നു. ഇപ്രകാരം പറഞ്ഞു: പ്രവാചകരേ! മൃഗങ്ങളും കുടുംബങ്ങളും നശിച്ചു. ജനങ്ങളും അപ്പോള്‍ നബി ﷺ തന്‍റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ജനങ്ങളും നബിയുടെ കൂടെ അവരുടെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ പള്ളിയില്‍ നിന്നും പുറത്തു പോകുന്നതിന്‍റെ മുമ്പ് തന്നെ മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച ദിവസം വരെ ഞങ്ങള്‍ക്ക് മഴ ലഭിച്ചുകൊണ്ടിരുന്നു. (ബുഖാരി:1033)
മറ്റ് സമയങ്ങളിലുള്ള പ്രാര്‍ത്ഥന
നബി ﷺ വ്യത്യസ്തങ്ങളായ സന്ദ൪ഭങ്ങളിലും സമയങ്ങളിലും സ്ഥലങ്ങളിലുമായി കൈകള്‍ ഉയര്‍ത്തി മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
എന്ത് പ്രാര്‍ഥിക്കണം?
നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ഥിച്ച ധാരാളം പ്രാര്‍ഥനകള്‍ ഹദീസുളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അവയില്‍ ഏതും സ്വീകരിക്കാം. അവയില്‍ ചിലത് താഴെ ചേ൪ക്കുന്നു.
اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا
അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ
അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ (ബുഖാരി:1014)
اللَّهُمَّ اسْقِنَا، اللَّهُمَّ اسْقِنَا، اللَّهُمَّ اسْقِنَا
അല്ലാഹുമ്മ സ്ഖിനാ, അല്ലാഹുമ്മ സ്ഖിനാ, അല്ലാഹുമ്മ സ്ഖിനാ
അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ (ബുഖാരി:1013)
اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْىِ بَلَدَكَ الْمَيِّتَ
അല്ലാഹുമ്മസ്‌ഖി ഇബാദക, വബഹാഇമക, വൻശുർ റഹ്‌മതക, വഅഹ്‌യീ ബലദകൽ മയ്യിത
അല്ലാഹുവേ! നിന്‍റെ അടിമകളെയും നിന്‍റെ കന്നുകാലികളെയും നീ (മഴ ചൊരിഞ്ഞ്) കുടിപ്പിക്കേണമേ. നിന്‍റെ കാരുണ്യം നീ വ്യാപിപ്പിക്കേണമേ. നിന്‍റെ നിര്‍ജ്ജീവമായ നാടിനെ നീ (മഴ ചൊരിഞ്ഞ്) പുനര്‍ജ്ജീവിപ്പിക്കേണമേ. (അബൂദാവൂദ് :1176)
اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعاً نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ
അല്ലാഹുമ്മ അസ്‌ഖിനാ ഗ്വൈസൻ മുഗ്വീസൻ മരീഅൻ മുരീഅൻ, നാഫിഅൻ ഗ്വൈറ ള്വാർറിൻ, ആജിലൻ ഗ്വൈറ ആജിലിൻ
അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ. (അബൂദാവൂദ് :1179)
മഴ കാണുമ്പാഴുള്ള പ്രാ൪ത്ഥന
ആഇശ(റ) പറയുന്നു: നബി ﷺ മഴ കണ്ടാല്‍ ഇങ്ങനെ പറയുമായിരുന്നു:
اللّهُمَّ صَيِّـباً نافِـعاً
അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍
അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ. (ബുഖാരി:1032).
മഴ ലഭിച്ചാല്‍
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ മഴ ലഭിച്ചാല്‍ അല്ലാഹുവിന് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാകുന്നു. ഒരു സത്യവിശ്വാസി ഒരിക്കലും നന്ദികേട് കാണിക്കരുത്.
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ ” هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ”. قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ ” أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ”.
സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി ﷺ ഞങ്ങളുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി ﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി ﷺ പറഞ്ഞു. ‘അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു. (ബുഖാരി : 846)
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:
أَرْبَعٌ فِي أُمَّتِي مِنْ أَمْرِ الْجَاهِلِيَّةِ لاَ يَتْرُكُونَهُنَّ الْفَخْرُ فِي الأَحْسَابِ وَالطَّعْنُ فِي الأَنْسَابِ وَالاِسْتِسْقَاءُ بِالنُّجُومِ وَالنِّيَاحَةُ
ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും. (മുസ്‌ലിം:934).
ﻭَﻫُﻮَ ٱﻟَّﺬِﻯٓ ﺃَﺭْﺳَﻞَ ٱﻟﺮِّﻳَٰﺢَ ﺑُﺸْﺮًۢا ﺑَﻴْﻦَ ﻳَﺪَﻯْ ﺭَﺣْﻤَﺘِﻪِۦ ۚ ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻃَﻬُﻮﺭًاﻟِّﻨُﺤْۦِﻰَ ﺑِﻪِۦ ﺑَﻠْﺪَﺓً ﻣَّﻴْﺘًﺎ ﻭَﻧُﺴْﻘِﻴَﻪُۥ ﻣِﻤَّﺎ ﺧَﻠَﻘْﻨَﺎٓ ﺃَﻧْﻌَٰﻤًﺎ ﻭَﺃَﻧَﺎﺳِﻰَّ ﻛَﺜِﻴﺮًا ﻭَﻟَﻘَﺪْ ﺻَﺮَّﻓْﻨَٰﻪُ ﺑَﻴْﻨَﻬُﻢْ ﻟِﻴَﺬَّﻛَّﺮُﻭا۟ ﻓَﺄَﺑَﻰٰٓ ﺃَﻛْﺜَﺮُ ٱﻟﻨَّﺎﺱِ ﺇِﻻَّ ﻛُﻔُﻮﺭًا
തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പായി സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.നിര്‍ജ്ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.(ഖു൪ആന്‍:25/48-50)
അതിനാല്‍ മഴ ലഭിക്കുമ്പോള്‍ കൂടുതല്‍ നന്ദിയുള്ളവരായി മാറാന്‍ ശ്രമിക്കുക.
മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന
مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ
മുത്വിര്‍നാ ബിഫള്ലില്ലാഹി വറഹ്മതിഹി
അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു. (ബുഖാരി : 846)
മഴ റബ്ബിന്റെ അനുഗ്രഹമാണെന്നും ജനങ്ങള്‍ തോന്നിവാസങ്ങളില്‍ മുഴുകുക നിമിത്തം അവന്‍ മഴയെ തടഞ്ഞു വെക്കുമെന്നും പശ്ചാത്തപിച്ച് മടങ്ങലാണ് പരിഹാര മാര്‍ഗം എന്നും ഇതില്‍ നന്നും വ്യക്തമാണല്ലോ. ഒരു കാര്യം തീര്‍ച്ചയാണ്. അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു:
ﻗُﻞْ ﺃَﺭَءَﻳْﺘُﻢْ ﺇِﻥْ ﺃَﺻْﺒَﺢَ ﻣَﺎٓﺅُﻛُﻢْ ﻏَﻮْﺭًا ﻓَﻤَﻦ ﻳَﺄْﺗِﻴﻜُﻢ ﺑِﻤَﺎٓءٍ ﻣَّﻌِﻴﻦٍۭ
പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക? (ഖു൪ആന്‍:67/30)
അതിനാല്‍ ഇന്ന് പലരും ചെയ്യുന്നതു പോലെ ജാറങ്ങളിലും മറ്റും പോയി മഴക്ക് വേണ്ടി തേടുകയോ സിദ്ധന്‍മാരെയും മറ്റും സമീപിക്കുകയോ അല്ല ചെയ്യേണ്ടത്. അത് അല്ലാഹുവിന്റെ കോപം വര്‍ധിക്കാനേ നിമിത്തമാകൂ.