“ഉളുഹിയത്തിന്റെ മാംസം (ബലിമാംസം) അമുസ്ലിംകൾക്ക് നൽകാമോ” എന്ന് പലരും ചോദിക്കാറുണ്ട്. ഉളുഹിയത്തിന്റെ മാംസം അമുസ്ലിംകൾക്ക് വിതരണം ചെയ്യുന്നതില്‍ വിലക്കുണ്ടെന്ന ഒരു ധാരണ പൊതുവേ സമൂഹത്തിലുള്ളതിനാലാണ് പലരും ഇങ്ങനെ ചോദിക്കുന്നത്.
ബലിമാംസം മുസ്ലിംകൾ മാത്രമേ ഭക്ഷിക്കാവൂ എന്നോ അമുസ്ലിംകൾക്ക് ബലിമാംസം വിതരണം ചെയ്യാന്‍ പാടില്ലെന്നോ ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഈ വിഷയത്തില്‍ വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് കാണുക.
ﻟِّﻴَﺸْﻬَﺪُﻭا۟ ﻣَﻨَٰﻔِﻊَ ﻟَﻬُﻢْ ﻭَﻳَﺬْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻓِﻰٓ ﺃَﻳَّﺎﻡٍ ﻣَّﻌْﻠُﻮﻣَٰﺖٍ ﻋَﻠَﻰٰ ﻣَﺎ ﺭَﺯَﻗَﻬُﻢ ﻣِّﻦۢ ﺑَﻬِﻴﻤَﺔِ ٱﻷَْﻧْﻌَٰﻢِ ۖ ﻓَﻜُﻠُﻮا۟ ﻣِﻨْﻬَﺎ ﻭَﺃَﻃْﻌِﻤُﻮا۟ ٱﻟْﺒَﺎٓﺋِﺲَ ٱﻟْﻔَﻘِﻴﺮَ
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.(ഖു൪ആന്‍ : 22/28 )
ﻭَٱﻟْﺒُﺪْﻥَ ﺟَﻌَﻠْﻨَٰﻬَﺎ ﻟَﻜُﻢ ﻣِّﻦ ﺷَﻌَٰٓﺌِﺮِ ٱﻟﻠَّﻪِ ﻟَﻜُﻢْ ﻓِﻴﻬَﺎ ﺧَﻴْﺮٌ ۖ ﻓَﭑﺫْﻛُﺮُﻭا۟ ٱﺳْﻢَ ٱﻟﻠَّﻪِ ﻋَﻠَﻴْﻬَﺎ ﺻَﻮَآﻑَّ ۖ ﻓَﺈِﺫَا ﻭَﺟَﺒَﺖْ ﺟُﻨُﻮﺑُﻬَﺎ ﻓَﻜُﻠُﻮا۟ ﻣِﻨْﻬَﺎ ﻭَﺃَﻃْﻌِﻤُﻮا۟ ٱﻟْﻘَﺎﻧِﻊَ ﻭَٱﻟْﻤُﻌْﺘَﺮَّ ۚ ﻛَﺬَٰﻟِﻚَ ﺳَﺨَّﺮْﻧَٰﻬَﺎ ﻟَﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺸْﻜُﺮُﻭﻥَ
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം അധീനപ്പെടുത്തിത്തന്നിരിക്കുന്നു.(ഖു൪ആന്‍ :22/36 )
സത്യവിശ്വാസികളോട് ബലിമാംസത്തില്‍ നിന്ന് ഭക്ഷിക്കുവാനും പരവശനും ദരിദ്രനുമായിട്ടുള്ളവനും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവനും അതില്‍ നിന്ന് വിതരണം ചെയ്യാനുമാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബലിമാംസം മുസ്ലിംകൾ മാത്രമേ ഭക്ഷിക്കാവൂ എന്നോ അമുസ്ലിംകൾക്ക് അത് വിതരണം ചെയ്യാന്‍ പാടില്ലെന്നോ ഇവിടെ പരാമ൪ശിച്ചിട്ടില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ബലിമാംസം മുസ്ലിംകള്ക്ക് മാത്രമാണെന്നോ അതില്‍ നിന്ന് അമുസ്ലിംകൾക്ക് വിതരണം ചെയ്യരുതെന്നോ അല്ലാഹുവിന്റെ റസൂലും(സ്വ) പഠിപ്പിച്ചിട്ടില്ല.
ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ബലിമാംസം മുസ്ലിംകൾക്ക് മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും വിശുദ്ധ ഖു൪ആനില്‍ ഹദീസില്‍ നിന്നോ തെളിവായി യാതൊന്നും ഉദ്ധരിച്ചിട്ടില്ല. ബലിമാംസം അമുസ്ലിംകൾക്ക് നിഷിദ്ധമാണെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവുകള്‍ വേണം. അല്ലാതെ ഒരുകാര്യവും ഖണ്ഡിതമായി പറയാവതല്ല.
وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌ وَهَٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:16/116)
ബലിമാംസം മുസ്ലിംകൾ മാത്രമേ ഭക്ഷിക്കാവൂ എന്നും അമുസ്ലിംകൾക്ക് അത് വിതരണം ചെയ്യാന്‍ പാടില്ലെന്നുമാണ് ശാഫിഈ മദ്ഹബിന്റെ നിലപാടെന്ന് നമ്മുടെ നാടുകളിലെ ശാഫിഈ മദ്ഹബുകാരില്‍ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബില്‍ വളരെ വിശാലമായ വീക്ഷണമാണ് ഈ വിഷയത്തിലുള്ളത്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ശറഹുല്‍ മുഹദ്ദബില്‍ രണ്ടാം ശാഫ്ഈ എന്നറിയപ്പെടുന്ന ശാഫിഈ മദ്ഹബിലെ പ്രഗല്ഭ പണ്ഢിതനായ ഇമാം നവവി(റഹി) ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. എല്ലാ മദ്ഹബുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അവയൊക്കെ നിരൂപണവിധേയമാക്കുകയും ചെയ്തശേഷം ശാഫിഈ മദ്ഹബിന്റെ വീക്ഷണം പ്രമാണങ്ങളുദ്ധരിച്ചും ന്യായങ്ങള്‍ നിരത്തിയും വിശദീകരിക്കുക എന്ന രീതിയാണ് ഇമാം നവവി(റഹി) ശറഹുല്‍ മുഹദ്ദബില്‍ സ്വീകരിച്ചിട്ടുള്ളത്. ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ചർച്ചയില്‍ അദ്ദേഹം പറയുന്നത് കാണുക.
اخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ وَقَالَ مَالِكٌ غَيْرُهُمْ أَحَبُّ إلَيْنَا وَكَرِهَ مَالِكٌ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةَ أَوْ شَيْئًا مِنْ لَحْمِهَا وَكَرِهَهُ اللَّيْثُ قَالَ فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ مَا نَصُّهُ هَذَا كَلَامُ ابْنِ الْمُنْذِر وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ ضَحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ
ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ തുടങ്ങിയ മഹാന്മാര് അമുസ്ലിംകൾക്ക് ഉദുഹിയ്യത്തിന്റെ മാംസം നൽകാമെന്ന വീക്ഷണക്കാരാണ്. ഇമാം മാലിക്കാകട്ടെ മുസ്ലിംകൾക്കാണ് മുഖ്യപരിഗണന എന്ന വീക്ഷണക്കാരനും. തുടർന്നദ്ദേഹം പറയുന്നു: ശാഫിഈ മദ്ഹബിന്റേതായി എടുത്തുപറയത്തക്ക ഒരു അഭിപ്രായവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും മൊത്തം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അമുസ്ലിംകൾക്ക് ബലിപെരുന്നാളിന്റെ സുന്നത്തായ ബലിമാംസം നൽകുന്നതു അനുവദനീയമാകും എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ നേർച്ച കൊണ്ടോ മറ്റോ നിർബന്ധമായിത്തീർന്ന ബലിയുടെ മാംസം അവർക്ക് നൽകിക്കൂടാ എന്നും മനസ്സിലാകുന്നു. (ശറഹുല്‍ മുഹദ്ദബ്:8/316)
ശാഫിഈ മദ്ഹബില്‍ ഉളുഹിയത്ത് വാജിബല്ല, പ്രബലമായ സുന്നത്ത് മാത്രമാണ്. ഇത് മുസ്ലിംകളല്ലാത്തവർക്ക് നൽകല് അനുവദനീയമാണെന്നാണ് അദ്ദേഹം ശറഹുല്‍ മുഹദ്ദബില്‍ ഉളുഹിയ്യത്തിന്റെ അധ്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്.
ഇമാം ഇബ്നുഖുദാമ തന്റെ മുഗ്നിയില്‍ ഉളുഹിയ്യത്തിന്റെ അധ്യായത്തില്‍ സത്യവിശ്വാസികളല്ലാത്തവർക്ക് ഉളുഹിയ്യത്ത് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്ലിം പൗരന്മാര്, തങ്ങളുമായി യുദ്ധത്തിന് വന്നപ്പോള്‍ മുസ്ലിംകള് പിടിച്ച് ബന്ദികളാക്കിയവര്‍ തുടങ്ങിയവർക്കെല്ലാം ബലിമാംസം നല്‍കാമെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു .
وَيَجُوزُ أَنْ يُطْعِمَ مِنْهَا كَافِرًا.وَبِهَذَا قَالَ الْحَسَنُ، وَأَبُو ثَوْرٍ، وَأَصْحَابُ الرَّأْيِ.وَقَالَ مَالِكٌ: غَيْرُهُمْ أَحَبُّ إلَيْنَا.وَكَرِهَ مَالِكٌ وَاللَّيْثُ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةِ.وَلَنَا أَنَّهُ طَعَامٌ لَهُ أَكْلُهُ فَجَازَ إطْعَامُهُ لِلذِّمِّيِّ، كَسَائِرِ طَعَامِهِ، وَلِأَنَّهُ صَدَقَةُ تَطَوُّعٍ، فَجَازَ إطْعَامُهَا الذِّمِّيَّ وَالْأَسِيرَ، كَسَائِرِ صَدَقَةِ التَّطَوُّعِ
അതില്‍ നിന്നും (ബലിമാംസത്തില്‍ നിന്നും) അവിശ്വാസികളെയും ഭക്ഷിപ്പിക്കല്‍ അനുവദനീയമാണ്. ഹസനുല്‍ ബസ്വരിയും അബൂസൌറും ഹനഫികളും ഇപ്രകാരമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇമാം മാലിക് പറഞ്ഞത്, ഇവരല്ലാത്തവ൪ പറഞ്ഞ അഭിപ്രായമാണ് ഞങ്ങള്‍ക്ക് അഭികാമ്യം. ഉളുഹിയത്തിന്റെ മാംസം നസാറാക്കള്ക്ക് കൊടുക്കുന്നത് മാലിക്കും ലൈഥും വെറുത്തിരുന്നു. അതില്‍ നിന്നും ദിമ്മികളെയും( ഇസ്ലാമിക രാഷ്ട്രത്തിലെ അവിശ്വാസികളെയും) മറ്റുള്ള ഭക്ഷണം പോലെ ഭക്ഷിപ്പിക്കല്‍ അനുവദനീയമാണെന്നാണ് നമ്മുടെ അഭിപ്രായം. കാരണം അത് ഐച്ഛികമായ ഒരു ദാനമാണ്. അതില്‍ നിന്നും ദിമ്മികളെയും ബന്ധികളെയും ഭക്ഷിപ്പിക്കല്‍ അനുവദനീയമാണ്, ഐച്ഛികമായ ദാനം പോലെ. (അൽമുഗ്നി:21/482)
ശാഫിഈ മദ്ഹബിലെ തന്നെ പിൽക്കാലത്ത് വന്ന ചില പണ്ഡിതന്മാര് ഈ വിഷയത്തില്‍ ചില സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ നിലപാടുകള്‍ക്കൊന്നും വിശുദ്ധ ഖു൪ആനിന്റെയോ തിരുസുന്നത്തിന്റെയോ പിന്‍ബലമില്ലാത്തതാണ്.
ആധുനികരായ പണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്.. സത്യവിശ്വാസികളല്ലാത്തവ൪ക്കും ബലിമാംസത്തില്‍ നിന്ന് നൽകാമെന്ന് അവ൪ വളരെ വ്യക്തമായി ഫത്വ നൽകിയിട്ടുണ്ട്. ഈ വിഷയത്തിലെ ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്’വ കാണുക:
ചോദ്യം : അമുസ്ലിംകള്‍ക്ക് ബലി അറുത്ത് നല്കല് അനുവദനീയമാമോ?
ഉത്തരം : അനുവദനീയമാണ്. മുസ്ലിംകളുമായി കരാറിലുള്ളവ൪ക്കും ബന്ധനസ്ഥ൪ക്കും ബലിയറുത്തത് ഭക്ഷിപ്പിക്കല്‍ അനുവദനീയമാണ്. ദരിദ്ര൪ക്കും ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും മാനസികമായി മുസ്ലിംകളുമായി ഇണങ്ങി ജീവിക്കുന്നവ൪ക്കും ബലിയറുത്തത് നല്കല് അനുവദനീയമാണ്.
നിശ്ചയമായും ബലിക൪മ്മം എന്നത് അല്ലാഹുവിലേക്കുള്ള സാമീപ്യവും അവനോടുള്ള ആരാധനയുമാണ്. അറ് അറവിലൂടെ സാക്ഷാത്ക്കരിച്ചു. എന്നാല്‍ അതിന്റെ മാംസം അതില്‍ ശ്രേഷ്ടമായത് മൂന്നിലൊന്ന് ഭക്ഷിക്കലും മൂന്നിലൊന്ന് ബന്ധുക്കളിലേക്കും അയല്‍വാസികളിലേക്കും സുഹൃത്തുക്കളിലേക്കും ദാനം ചെയ്യലും മൂന്നിലൊന്ന് ദരിദ്ര൪ക്ക് ധ൪മ്മം ചെയ്യലുമാണ്. ഈ വിഭജനത്തില്‍ ഏറ്റക്കുറച്ചില്‍ വന്നാലോ സമമായാലോ യാതൊരു കുഴപ്പവുമില്ല. ഇസ്ലാമുമായി യുദ്ധം ചെയ്യുന്നവ൪ക്ക് ബലി അറുത്തത് നല്കാന് പാടില്ല. കാരണം അവരെ പരാജയപ്പെടുത്തലും ദു൪ബലപ്പെടുത്തലും നി൪ബന്ധമാണ്. സ്വദഖ കൊണ്ട് അവരെ ശക്തിപ്പെടുത്താനോ അവ൪ക്ക് പരസ്പരം സഹായം ചെയ്യാനോ പാടില്ല. ഇപ്രകാരം തന്നെയാണ് ഐഛിക ദാനധ൪മ്മങ്ങളുടെ വിധിയും.
അല്ലാഹു പറഞ്ഞു:
لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ (ഖു൪ആന്‍ : 60/8 ) (ഫത്വാവാ ലജ്നത്തുദ്ദാഇമ: 1-11/424, ഫത്’വാ നമ്പ൪: 1997)
قال الشيخ ابن باز رحمه الله : الكافر الذي ليس بيننا وبينه حرب ، كالمستأمن أو المعاهد : يعطى من الأضحية ، ومن الصدقة
ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു: നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍, അഭയം നല്കപ്പെട്ടവ൪, പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവ൪ എന്നിവ൪ ദാനധര്മ്മങ്ങളില് നിന്നും, ഉളുഹിയത്തില്‍ നിന്നും നല്കപ്പെടാവുന്ന ആളുകളാണ്. (മജ്മൂഉല്‍ ഫതാവ : 18/48).
ചുരുക്കത്തില്‍, ഉളുഹിയത്തിന്റെ മാംസം അല്ലാഹു പറഞ്ഞതുപോലെ പരവശനും ദരിദ്രനുമായിട്ടുള്ളവനും യാചിക്കാതെ സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവനും വിതരണം ചെയ്യപ്പെടുമ്പോള്‍ അതില്‍ അമുസ്ലിംകളെയും പരിഗണിക്കാവുന്നതാണ്.