യുവാക്കളോട്

THADHKIRAH

ഒരു മനുഷ്യന്റെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യുവത്വം. രണ്ട് ദൌ൪ബല്യ ഘട്ടങ്ങള്‍ക്ക് ഇടയിലുള്ള കരുത്തിന്റെ ഘട്ടമാണ് യുവത്വം. ഇത് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിക്കുന്നത് കാണുക:

ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ

നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖു൪ആന്‍:30/54)

എന്നാല്‍ ഭൂരിഭാഗം മനുഷ്യരും യുവത്വത്തെ ഫലപ്രദമായി ഉപയോഗിക്കാതെ അതിനെ പാഴാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. ദിനപത്രങ്ങളില്‍ വരുന്ന യുവാക്കളുടെ വാ൪ത്തകളില്‍ അധികവും അവ൪ തിന്‍മകള്‍ പ്രവ൪ത്തിച്ചതുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടമായ യുവത്വം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള മാ൪ഗ നി൪ദ്ദേശങ്ങളാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. യുവത്വത്തെ എന്തിലാണ്, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന വ്യക്തമായ കാഴ്ച്ചപ്പാട് ഇസ്ലാം നല്‍കന്നുണ്ട്.

ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനും സംരക്ഷകനുമായ, മനുഷ്യരുള്‍പ്പടെയുള്ള സകല സൃഷ്ടകളുടേയും സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂവെന്നും ഈ ഐഹിക ജീവിതം നശ്വരമാണെന്നും മരണത്തിന് ശേഷമുള്ള പരലോകജീവിതം യാഥാ൪ത്ഥ്യമാണെന്നും അവിടെ നരകത്തില്‍ നിന്ന് രക്ഷപെട്ട് സ്വ൪ഗത്തില്‍ പ്രവേശിക്കലാണ് ജീവിത വിജയമെന്നും അതിന് വേണ്ടിയുള്ള പരിശ്രമമാണ് ഈ ഐഹിക ജീവിതത്തില്‍ വേണ്ടതെന്നും ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു. അല്ലാഹുവിലും അന്ത്യനാളിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ട് നന്‍മകള്‍ ചെയ്യുകയും തിന്‍മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യുവത്വത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതിന്റെ അടിസ്ഥാനത്തിലുള്ള മാ൪ഗനി൪ദ്ദേങ്ങളാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ചില നബിവചനങ്ങള്‍ കാണുക:

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ

അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ്‌ ഉള്ള അഞ്ച് കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക (1) പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം (2) രോഗത്തിനു മുമ്പുള്ള നിന്റെ ആരോഗ്യം (3) ദാരിദ്ര്യത്തിനു മുമ്പുള്ള നിന്റെ സമ്പന്നത (4)തിരക്കാകുന്നതിനു മുമ്പുള്ള ഒഴിവു നിന്റെ സമയം (5)മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം. (സ്വഹീഹുത്ത൪ഗീബ്)

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4)തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

യുവാക്കള്‍ക്ക് ഉത്തരവാദിത്തങ്ങളും കടമകളുമുണ്ടെന്ന് ഇസ്ലാം അവരെ ഓ൪മ്മിപ്പിച്ചു. അതില്‍ പ്രഥമമമായിട്ടുള്ളത് തന്റെ റബ്ബിനോടുള്ള ഉത്തരവാദിത്തങ്ങളും കടമകളുമാണ്. ക്വിയാമത് നാളില്‍ ഖബ്റുകളില്‍ നിന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസത്തില്‍ ആയിരക്കണക്കിന് വ൪ഷങ്ങള്‍ മനുഷ്യന് അവിടെ കഴിച്ചു കൂട്ടേണ്ടി വരും. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും. അന്ന് ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുള്ളതില്‍ ഒരു വിഭാഗം وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ (അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്) എന്നാണ്. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുന്ന ഈ ഘട്ടത്തില്‍ തന്റെ വൈകാരിമായ എല്ലാ അവസ്ഥകളേയും അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് കീഴ്പ്പെടുത്തി അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വരുന്ന യുവാവിന് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നതാണ്.

അനീതിയെ ചെറുത്തുനിന്ന അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രം പറയുമ്പോള്‍ “തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍’’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തുടങ്ങുന്നത്.സത്യം സ്വീകരിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലുമുള്ള ധൈര്യവും, വിശ്വസിക്കുന്ന ആദര്‍ശത്തിന് വേണ്ടി ജീവന്‍ വരെ ബലി കഴിക്കാനുള്ള ആത്മാര്‍ത്ഥതയും, അതിന് വേണ്ടി ശാരീരികമായ അദ്ധ്വാനം ചിലവഴിക്കാനുള്ള സന്നദ്ധതയും യുവത്വത്തിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്. തൌഹീദിന് വേണ്ടി നിലകൊണ്ട ഇബ്രാഹിം നബി(അ)യെ കുറിച്ച് ഒരവസരത്തില്‍ യുവാവ്(فَتًى) എന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞതായി കാണാം (അല്‍ അമ്പിയാഅ്:21/60). അതെ, യുവത്വം അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്.

നബി ﷺ യുടെ പല സ്വഹാബിമാരും അവരുടെ യുവത്വ കാലത്താണ് ഇസ്ലാമിലേക്ക് കടന്നു വരുന്നത്. ശേഷമുള്ള അവരുടെ ജീവിതം പരിശോധിച്ചാല്‍ അവ൪ നന്‍മകളില്‍ എന്തുമാത്രം വ്യാപൃതരായിരുന്നുവെന്ന് കാണാന്‍ കഴിയും. ഇസ്ലാമിക പ്രബോധനം, അല്ലാഹുവിന്റെ മാ൪ഗത്തിലുള്ള ത്യാഗസമരങ്ങള്‍, വിധവകളെയും അഗതികളെയും അനാഥരുടെ സംരക്ഷണം തുടങ്ങി ധാരാളം നന്‍മകളില്‍ അവ൪ വ്യാപൃതരായിരുന്നു. ഇന്ന് ലോകത്ത് ഇസ്ലാം പട൪ന്ന് പന്തലിച്ചതിന്റെ പിന്നില്‍ യുവാക്കളായ സ്വഹാബികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

യുവാക്കളെ, നമുക്കും ധാരാളം ഉത്തരവാദിത്തങ്ങളും കടമകളുമുണ്ടെന്ന് നാം തിരിച്ചറിയുക. സൃഷ്ടാവിനോട് മാത്രമല്ല സൃഷ്ടികളോടും നമുക്ക് ഉത്തരവാദിത്തങ്ങളും കടമകളുമുണ്ട്. അതെല്ലാം നമ്മുടെ നന്‍മകളുടെ അക്കൌണ്ടിലേക്കുള്ള നിക്ഷേപമാണെന്ന് തിരിച്ചറിയുക. നന്‍മകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പാഴാക്കാതിരിക്കുക.

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദർ حَفِظَهُ اللَّهُ പറഞ്ഞു: യുവത്വം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മഹത്തരമായ ഒരു കാലഘട്ടമാണ്. ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം അവന്റെ യൗവ്വനത്തെ ഏറ്റവും നല്ല രൂപത്തിൽ മുതലെടുക്കുക എന്നത് അവന്റെ മേൽ അനിവാര്യമായ കാര്യമാണ്. ആ കാര്യത്തിൽ അല്ലാഹുവിനോട് സഹായം തേടുന്നവനായിക്കൊണ്ടും, അതിനുള്ള തൗഫീഖും, സഹായവും നീട്ടിനൽകാൻ ആവശ്യപ്പെടുന്നവനായിക്കൊണ്ടും യുവത്വത്തിലെ നന്മകളും, അനുഗ്രഹങ്ങളും പാഴാക്കി കളയുന്നതിനെ തൊട്ട് അവൻ തന്റെ സ്വന്തത്തോട് പരിപൂർണ്ണമായ പോരാട്ടം പോരാടേണ്ടതുമാണ്‌. തീർച്ചയായും, അല്ലാഹു ‘യുവത്വമെന്ന’ ഈ കാലഘട്ടത്തെ കുറിച്ച് പരലോകത്ത് അവനെ കണ്ട് മുട്ടുന്ന ദിവസത്തിൽ ഗൗരവകരമായി ചോദ്യം ചെയ്യുന്നതാണ് എന്ന്കൂടി അവൻ തന്റെ സ്വന്തത്തോട് ഓർമ്മിപ്പിക്കുകയും ചെയ്യേണ്ടതാണ്. [من وصايا السلف للشباب: ٢٨]

 

Leave a Reply

Your email address will not be published.

Similar Posts