ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍, താല്‍പര്യമില്ലാത്തത് കാണുമ്പോള്‍ മനഷ്യന്റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് കോപം. സാര്‍വത്രികമായ മനുഷ്യ വികാരമാണ് കോപം. ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും ഭാഗമായി മനുഷ്യന്‍ മാനസികമായ പല അവസ്ഥകള്‍ക്കും വിധേയമാകുന്നതിന്റെ ഭാഗമാണ് ഇത് സംഭവിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും കോപിക്കാത്തവര്‍ വിരളമാണ്.
കുടുംബബന്ധങ്ങളെയും സമൂഹത്തെയും നാടിനെയും തന്നെ തകര്‍ത്ത് കളയാന്‍ കാരണമാകുന്ന ഒരു വൈകാരിക രോഗമാണ് കോപം. അനാവശ്യ വാക്കുകളും ആയുധ പ്രയോഗങ്ങളും പ്രതികാര മനസ്സും യുദ്ധങ്ങളുമെല്ലാം കോപത്തിന്റെ ഉല്‍പന്നങ്ങളാണ്. ബന്ധങ്ങള്‍ മുറിയുന്നതും കുടുംബങ്ങള്‍ തകരുന്നതും സമൂഹത്തില്‍ നിന്ദ്യനാകുന്നതുമെല്ലാം കോപത്തിന്റെ ഫലമായുണ്ടാകുന്ന ദോഷങ്ങളായി നാം കാണുന്നു. ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നു വേണമെങ്കില്‍ പറയാം. എന്തെങ്കിലും ഉപദേശം തരണമെന്ന് പറഞ്ഞുവന്ന് ഒരു വ്യക്തിയോട് ”നീ കോപിക്കരുത്” എന്ന് നബി ﷺ പറഞ്ഞതായി കാണാം. ഇസ്ലാം ഈ വിഷയത്തെ എത്ര ഗൌരവത്തോടെ കാണുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي. قَالَ ” لاَ تَغْضَبْ ”. فَرَدَّدَ مِرَارًا، قَالَ ” لاَ تَغْضَبْ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരു വ്യക്തി നബിﷺയോട് പറഞ്ഞു: എനിക്ക് വല്ല ഉപദേശവും നല്‍കിയാലും. നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്.” അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്” (ബുഖാരി:6116)
മറ്റൊരു നിവേദനത്തില്‍ ഇപ്രകാരവുമുണ്ട്:
قَالَ الرَّجُلُ: فَفَكَّرْتُ حِينَ قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مَا قَالَ، فَإِذَا الْغَضَبُ يَجْمَعُ الشَّرَّ كُلَّهُ
അയാള്‍ പറയുകയാണ്: നബി ﷺ അത് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു നോക്കി. നോക്കുമ്പോള്‍ കോപം എല്ലാ തിന്മകളെയും ഉള്‍പ്പെടുത്തുന്നതാകുന്നു (എന്നെനിക്ക് ബോധ്യപ്പെട്ടു)
കോപം മനുഷ്യന്റെ പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച കാര്യമാണ്. അത് ഊരിയെടുത്തെറിയാന്‍ സാധ്യമല്ല. എന്നിട്ടും ‘കോപിക്കരുത്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം കോപത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും കോപത്തിന്റെ ദുസ്സ്വാധീനങ്ങള്‍ പ്രകടിപ്പിക്കരുതെന്നുമാണ്.
ഉപദേശം ചോദിച്ചവരോടെല്ലാം ‘നീ കോപിക്കരുത്’ എന്ന് നബി ﷺ പറഞ്ഞതിനെപ്പറ്റി ഇബ്‌നുറജബ്(റഹി) പറയുന്നു: ‘ഇതുകൊണ്ട് രണ്ട് ഉപദേശങ്ങള്‍ക്ക് സാധ്യതയുണ്ട്.
(ഒന്ന്) നല്ല സ്വഭാവങ്ങള്‍ സ്വീകരിക്കാനുള്ള ഉപദേശമാണ്. ഔദാര്യത, വിവേകം, ലജ്ജ, വിനയം, സഹനശീലം, ദ്രോഹിക്കാതിരിക്കല്‍, വിട്ടുവീഴ്ച, മാപ്പ്, കോപം അടക്കിവെക്കല്‍, മുഖപ്രസന്നത തുടങ്ങിയവ നല്ല സ്വഭാവങ്ങളാണ്. ഇവയെല്ലാം സ്വീകരിച്ചാല്‍ കോപത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അവയെ ചെറുക്കാനും തടയാനും കഴിയും.
(രണ്ട്) കോപം വന്നാല്‍ അതിന്റെ വൈകാരികത പ്രകടിപ്പിക്കരുത്. കോപം നടപ്പിലാക്കാതിരിക്കാന്‍ സ്വന്തത്തോട് ജിഹാദ് ചെയ്യണം. കോപം പറയുന്ന കാര്യങ്ങള്‍ ചെയ്തു പോകരുത്. കാരണം, കോപം മനുഷ്യനിലെ എന്തെങ്കിലും ഒന്നിനെ ഉടമപ്പെടുത്തിയാല്‍ പിന്നെ കല്‍പിക്കുന്നതും നിരോധിക്കുന്നതുമെല്ലാം കോപമായിരിക്കും. കോപം എന്ത് കല്‍പിക്കുകയും നിരോധിക്കുകയും ചെയ്യുന്നുവോ അതുപോലെയായിരിക്കും മനുഷ്യന്‍ പ്രവര്‍ത്തിക്കുക എന്നര്‍ഥം. എന്നാല്‍ കോപത്തിന്റെ കല്‍പനയനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോപത്തിന്റെ തിന്മയുടെ രൂപങ്ങള്‍ അവനില്‍ നിന്ന് അകന്നുപോകാന്‍ തുടങ്ങും. ചിലപ്പോള്‍ കോപം തന്നെ അവനില്‍ നിന്ന് അകന്ന് പോകും. (ജാമിഉല്‍ ഉലൂമി വല്‍ഹികം:1/363,364).
സഹിഷ്ണുതയില്ലായ്മയിൽനിന്നും, പ്രതികാരവാഞ്ചയില്‍ നിന്നുമാണ് കോപം ഉണ്ടാകുന്നത്. അപ്പോൾ, കോപം അനുഭവപ്പെടുന്നവൻ തന്റെ പ്രതിയോഗിയുടെ നേരെ മാപ്പും വിട്ടുവീഴ്ചയും കൈക്കൊള്ളുന്ന പക്ഷം, അതവന്റെ മാന്യതയും ഹൃദയശുദ്ധിയും പരിപക്വതയുമാണ് കാണിക്കുന്നത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍. (ബുഖാരി: 6114)
കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നത് മനസ്സിന്റെയും ഹൃദയത്തിന്റെയും ധീരതയായി മനസ്സിലാക്കാം. കോപത്തിന്റെ തോതനുസരിച്ച് വൈകാരികത പ്രകടിപ്പിക്കുക എന്നതാണ് ധീരതയുടെ അടയാളമായി ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ, അത് ഹൃദയത്തിന്റെ രോഗമാണ്. ബുദ്ധിയുടെ കുറവാണ്. ദുര്‍ബലതയും പോരായ്മയുമാണ്. എത്ര പെട്ടെന്ന് കോപം വരുന്നുവോ അത്രത്തോളം മനുഷ്യന്‍ ദുര്‍ബലമാണെന്നര്‍ഥം. വിവേകംകൊണ്ട് കോപത്തെ നിയന്ത്രിക്കുകയാണ് വേണ്ടത്.
قيل لِابن المبارك رحمه الله : اجْمَعْ لنا حُسنَ الخلق في كلمة ، قال : ترك الغضب
ഇബ്നുല്‍ മുബാറക്ക് (റഹി) യോട് പറയപ്പെട്ടു: സല്‍സ്വഭാവത്തെ ഒറ്റവാചകത്തില്‍ ഞങ്ങള്‍ക്ക് ഒരുമിച്ചുകൂട്ടിതന്നാലും. അദ്ദേഹം പറഞ്ഞു: കോപത്തെ ഒഴിവാക്കുക. (ജാമിഉല്‍ ഉലൂമി വല്‍ഹകം -1/364)
യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കവെ വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം:
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:21/87)
അല്ലാഹുവിന്റെ അനുവാദം കിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം അത് അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാന്‍ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.
عَنْ أَبِي بَكْرَةَ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ
അബൂബക്‌റ(റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങളാരുംതന്നെ കോപിഷ്ഠനായിരിക്കെ രണ്ടുപേരുടെ തർക്കത്തിൽ വിധി പറയാൻ പാടില്ല. (മുസ്‌ലിം 1717)
കോപം ഒതുക്കലും അടക്കലും, പ്രകടമാകാത്ത വിധം അത് മറക്കലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരുടെ ലക്ഷണമാണ്. കോപം അടക്കിവെക്കുന്നവരെയാണ് അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ളത് കാണുക:
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ
സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വ൪ഗം ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു). അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍:3/134)
{ والكاظمين الغيظ } أي: إذا حصل لهم من غيرهم أذية توجب غيظهم -وهو امتلاء قلوبهم من الحنق، الموجب للانتقام بالقول والفعل-، هؤلاء لا يعملون بمقتضى الطباع البشرية، بل يكظمون ما في القلوب من الغيظ، ويصبرون عن مقابلة المسيء إليهم.
{കോപം ഒതുക്കിവെക്കുന്നവ൪:} മറ്റുള്ളവരില്‍ നിന്ന് കോപം നി൪ബന്ധമാകുന്ന തരത്തിലുള്ള എന്തെങ്കിലും ഉപദ്രവങ്ങള്‍ അവ൪ക്ക് ബാധിച്ചാല്‍ – ഈ൪ഷ്യത അവരുടെ ഹൃദയത്തില്‍ നിറയുകയും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടുമൊക്കെ പ്രതികാരമെടുക്കല്‍ അവ൪ക്ക് നി൪ബന്ധമാകുകയും ചെയ്യുമെങ്കിലും – മനുഷ്യപ്രകൃതം തേടുന്നതുപോലെ അവ൪ പ്രവ൪ത്തിക്കുകയില്ല. എന്നാല്‍ അവ൪ അവരുടെ മനസ്സിലുള്ള കോപത്തെ മൂടിവെക്കുന്നു. തിന്‍മ പ്രവ൪ത്തിച്ചവരോട് അവ൪ ക്ഷമ അലംബിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅദി – ഖു൪ആന്‍:3/134 ന്റെ വിശദീകരണം )
ഏത് വിഷയത്തിലെന്ന പോലെ ഈ വിഷയത്തിലും നബി ﷺ യില്‍ മഹനീയമായ മാതൃക കണ്ടെത്താന്‍ കഴിയും.
عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ سَأَلْتُ عَبْدَ اللَّهِ بْنَ عَمْرٍو عَنْ أَشَدِّ، مَا صَنَعَ الْمُشْرِكُونَ بِرَسُولِ اللَّهِ صلى الله عليه وسلم قَالَ رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ جَاءَ إِلَى النَّبِيِّ صلى الله عليه وسلم وَهُوَ يُصَلِّي، فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا، فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ فَقَالَ أَتَقْتُلُونَ رَجُلاً أَنْ يَقُولَ رَبِّيَ اللَّهُ. وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ.
ഉര്‍വതുബ്നു സുബൈ൪(റ) പറയുന്നു:മുശ്രിക്കുകള്‍ പ്രവാചകനെ ഉപദ്രവിച്ചതില്‍ ഏറ്റവും കാഠിന്യം നിറഞ്ഞത് ഏതാണെന്ന് ഞാന്‍ അബ്ദില്ലാഹിബ്നു അംറിനോട്(റ) ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്കരിക്കുകയായിരുന്ന നബി ﷺ അരികില്‍ ഉഖ്ബ ഇബ്നു അബൂമുഈത്വ് വന്നുകൊണ്ട് തന്റെ ചുമലിലുണ്ടായിരുന്ന തട്ടമെടുത്തുകൊണ്ട് നബി ﷺ യുടെ കഴുത്തില്‍ ബന്ധിക്കുകയും ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ അബൂബക്ക൪ വന്നുകൊണ്ട് അയാളെ വലിച്ച് മാറ്റുകയുണ്ടായി. എന്നിട്ട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് വ്യക്തമായ ദൃഷ്ടാന്തം നിങ്ങള്‍ക്ക് കൊണ്ടുവന്ന്, എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വധിക്കുകയോ? (ബുഖാരി:3678)
ഉഖ്ബ ഇബ്നു അബൂമുഈത്വ് നബി ﷺ യെ ഉപദ്രവിച്ചുവെങ്കിലും നബി അദ്ദേഹത്തോട് കോപിച്ചില്ല. അല്ലാഹുവിന് വേണ്ടി ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. പത്ത് വ൪ഷത്തോളം നബി ﷺക്ക് സേവനം ചെയ്ത അനസ്(റ) പറയുന്നത് കാണുക.
عَنْ أَنَسٌ ـ رضى الله عنه ـ قَالَ خَدَمْتُ النَّبِيَّ صلى الله عليه وسلم عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ. وَلاَ لِمَ صَنَعْتَ وَلاَ أَلاَّ صَنَعْتَ
അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബി ﷺക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038)
മറ്റൊരു സംഭവം കാണുക:
عَنْ سِنَانِ بْنِ أَبِي سِنَانٍ الدُّؤَلِيِّ، أَنَّ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ أَخْبَرَهُ أَنَّهُ، غَزَا مَعَ النَّبِيِّ صلى الله عليه وسلم فَأَدْرَكَتْهُمُ الْقَائِلَةُ فِي وَادٍ كَثِيرِ الْعِضَاهِ، فَتَفَرَّقَ النَّاسُ فِي الْعِضَاهِ يَسْتَظِلُّونَ بِالشَّجَرِ، فَنَزَلَ النَّبِيُّ صلى الله عليه وسلم تَحْتَ شَجَرَةٍ فَعَلَّقَ بِهَا سَيْفَهُ ثُمَّ نَامَ، فَاسْتَيْقَظَ وَعِنْدَهُ رَجُلٌ وَهْوَ لاَ يَشْعُرُ بِهِ. فَقَالَ النَّبِيُّ صلى الله عليه وسلم ” إِنَّ هَذَا اخْتَرَطَ سَيْفِي ”. فَقَالَ مَنْ يَمْنَعُكَ قُلْتُ ” اللَّهُ ”. فَشَامَ السَّيْفَ، فَهَا هُوَ ذَا جَالِسٌ، ثُمَّ لَمْ يُعَاقِبْهُ.
ജാബിറുബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ധേഹം നബി ﷺ യോടൊപ്പം യുദ്ധം ചെയ്യുകയുണ്ടായി. ജനങ്ങള്‍ പകലിന്റ മധ്യത്തില്‍ വിശ്രമിക്കാനായി വലിയ മുള്ളുകളുള്ള മരത്തണലിലേക്ക് പോകുകയുണ്ടായി. അതുപോലെ നബി ﷺ യം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനായി പോകുകയും വാള്‍ ആ മരത്തില്‍ തൂക്കിയിടുകയും ചെയ്ത് അവിടുന്ന് ഉറങ്ങുകയും ചെയ്ത. അങ്ങനെ ഉണ൪ന്നപ്പോള്‍ അരികിലതാ ഒരാള്‍ നില്‍ക്കുന്നു. പ്രവാചകന്‍ അത് അറിഞ്ഞില്ല. നബി ﷺ പറഞ്ഞു: അയാളെന്റെ വാള്‍ ഊരിയെടുത്ത് ചോദിച്ചു: ആരാണ് നിന്നെ തടയുക? ഞാന്‍ പറഞ്ഞു: അല്ലാഹു. അപ്പോള്‍ അദ്ദേഹം വാള്‍ ഉറയില്‍ തന്നെയിട്ട് അവിടുത്തെ മുന്നിലിരിക്കുകയും ചെയ്തു. പക്ഷേ അവിടുന്ന് അദ്ദേഹത്തെ ശിക്ഷിച്ചില്ല. (ബുഖാരി :2913)
ആത്മ നിയന്ത്രണത്തിലും കോപം അടക്കുന്നതിലും വിവേകത്തോടെ പെരുമാറുന്നതിലും നബി ﷺ ഏറ്റവും നല്ല ഉദാഹരണമായിരുന്നു. ഒരു സംഭവം കാണുക:
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا كَانَ يَوْمُ حُنَيْنٍ آثَرَ النَّبِيُّ صلى الله عليه وسلم نَاسًا، أَعْطَى الأَقْرَعَ مِائَةً مِنَ الإِبِلِ، وَأَعْطَى عُيَيْنَةَ مِثْلَ ذَلِكَ، وَأَعْطَى نَاسًا، فَقَالَ رَجُلٌ مَا أُرِيدَ بِهَذِهِ الْقِسْمَةِ وَجْهُ اللَّهِ. فَقُلْتُ لأُخْبِرَنَّ النَّبِيَّ صلى الله عليه وسلم قَالَ “ رَحِمَ اللَّهُ مُوسَى. قَدْ أُوذِيَ بِأَكْثَرَ مِنْ هَذَا فَصَبَرَ ”.
അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഹുനൈന്‍ യുദ്ധദിനം നബി ﷺ ഒരുവിഭാഗം ആളുകളെ കൂടുതല്‍ പരിഗണിച്ചു. അക്വ്‌റഅ് ഇബ്‌നു ഹാബിസിന്ന് നൂറ് ഒട്ടകങ്ങളെ നല്‍കി. ഉയയ്‌ന ഇബ്‌നുബദ്‌റിനും അതുപോലെ നല്‍കി. മറ്റു ചിലര്‍ക്കും നബി ﷺ നല്‍കി. അപ്പോള്‍ ഒരു വ്യക്തി പറഞ്ഞു: ഈ വിഭജനത്തില്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഞാന്‍ പറഞ്ഞു: നബി ﷺ യോട് ഞാന്‍ ഇത് പറയുകതന്നെ ചെയ്യും. നബി ﷺ പ്രതികരിച്ചു: അല്ലാഹു മൂസായോട് കരുണകാണിക്കട്ടെ. ഇതിനെക്കാളെല്ലാം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിച്ചു. (ബുഖാരി:4336)
നബി ﷺ സ്വന്തം കാര്യത്തില്‍ആരോടും കോപം പ്രകടിപ്പിച്ചിട്ടില്ല. തന്നോട് തെറ്റ് ചെയ്തുപോയവര്‍ക്ക് അവിടുന്ന് മാപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ മതത്തിന്റെ പവിത്രതകള്‍ കളങ്കപ്പെടുത്തപ്പെട്ടാല്‍ അവിടുന്ന് മൗനം പാലിക്കാറുമില്ല.
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّهَا قَالَتْ….. وَمَا انْتَقَمَ رَسُولُ اللَّهِ صلى الله عليه وسلم لِنَفْسِهِ، إِلاَّ أَنْ تُنْتَهَكَ حُرْمَةُ اللَّهِ فَيَنْتَقِمَ لِلَّهِ بِهَا
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: തന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ നബി ﷺ ഒരിയ്ക്കലും പ്രതികാര നടപടിയെടുത്തിരുന്നില്ല. അല്ലാഹു ആദരണീയമാക്കിവെച്ച സംഗതികള്‍ വല്ലവനും അനാദരിച്ചുകളഞ്ഞാലോ, അല്ലാഹുവിന്നു വേണ്ടി നബി ﷺ പ്രതികാരനടപടിയെടുക്കുക തന്നെ ചെയ്യും. (ബുഖാരി: 3560)
അതെ, കോപം മനുഷ്യന്റെ പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച കാര്യമാണ്. അതുള്ളതുകൊണ്ടാണ് തിന്‍മകള്‍ക്കെതിരെ ശബ്ദിക്കുവാനും അല്ലാഹുവിന്റെ മാ൪ഗത്തില്‍ ത്യാഗസമരം നടത്തുവാനുമൊക്കെ കരുത്ത് നല്‍കുന്നത്.
കോപം ഒതുക്കിവെക്കുവാനുള്ള വഴികള്‍
കോപം വരുമ്പോള്‍ അത് മൂര്‍ച്ഛിക്കുവാന്‍ അനുവദിക്കാതെയും വികാരപ്രകടനം നടത്താതെയും സ്വന്തം മനസ്സില്‍ ഒതുക്കി നി൪ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1. ക്ഷമയും വിട്ടുവീഴ്ചയും
ഒരാള്‍ക്ക് തന്റെ സഹോദരനില്‍ നിന്ന് വല്ല അക്രമവും നേരിട്ടാല്‍ തുല്യ അളവില്‍ പ്രതികാര നടപടിക്ക് ഇസ്‌ലാം അവന് അനുവാദം നല്‍കുന്നുണ്ട്. അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അയാളോട് പ്രതികാരവും പകയും വിദ്വേഷവും വെച്ച് പുലര്‍ത്താതെ, വിട്ടുവീഴ്ചയോടെയും ക്ഷമയോടെയും വിനയത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ അതിന് മഹത്തായ പ്രതിഫലമാണുള്ളത്. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത് മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളതെന്ന് അല്ലാഹു പറയുന്നത് കാണുക:
وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ
നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖു൪ആന്‍:16/126)
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖു൪ആന്‍:42/43)
ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും ഭാഗമായി മനുഷ്യന്‍ മാനസികമായ പല അവസ്ഥകള്‍ക്കും വിധേയമാകുന്നതിന്റെ ഭാഗമാണല്ലോ കോപം സംഭവിക്കുന്നത്. ക്ഷമയും വിട്ടുവീഴ്ചയും ജീവിതത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചവ൪ക്ക്, കോപം പ്രകടിപ്പിക്കാന്‍ കാരണമായവരോട് പ്രതികാരം ചെയ്യുവാനോ കോപിക്കുവാനോ തോന്നുകയില്ല. കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവരെ ചേ൪ത്ത് അല്ലാഹു പറഞ്ഞിട്ടുളളതും ശ്രദ്ധേയമാണ്.
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ
സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വ൪ഗം ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു). അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍:3/134)
عن ميمون بن مهران أن جاريته جاءت ذات يوم بصحفة فيها مرقة حارة ، وعنده أضياف فعثرت فصبت المرقة عليه ، فأراد ميمون أن يضربها ، فقالت الجارية : يا مولاي ، استعمل قوله تعالى : والكاظمين الغيظ قال لها : قد فعلت . فقالت : اعمل بما بعده والعافين عن الناس . فقال : قد عفوت عنك . فقالت الجارية : والله يحب المحسنين . قال ميمون : قد أحسنت إليك ، فأنت حرة لوجه الله تعالى
മൈമൂന്‍ ബ്നു മഹ്റാനില്‍(റഹി) നിന്ന് നിവേദനം : അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അടിമ സ്ത്രീ ചൂടുള്ള കറിയുടെ ഒരു പാത്രവുമായി അവരിലേക്ക് കടന്നു വന്നു. അവളുടെ കൈയ്യില്‍ നിന്ന് അത് അദ്ദേഹത്തിന്റെ മേലേക്ക് വഴുതി വീണു. അദ്ദേഹം അവളെ അടിക്കുന്നതിനായി കൈ ഉയ൪ത്തി. അപ്പോള്‍ അടിമ സ്ത്രീ പറഞ്ഞു : എന്റെ യജമാനനേ, ‘(സത്യവിശ്വാസികള്‍) കോപം ഒതുക്കിവെക്കുന്നവാകുന്നു’ എന്ന അല്ലാഹുവിന്റെ വാക്ക് നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം അവളോട് പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്തിരിക്കുന്നു. അവള്‍ പറഞ്ഞു : അതിന് ശേഷമുള്ളതും (അതായത്) ‘മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവരാണവ൪’ എന്നതും നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം പറഞ്ഞു : ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. അടിമ സ്ത്രീ പറഞ്ഞു : ‘അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു’. മൈമൂന്‍ ബ്നു മഹ്റാന്‍(റഹി) പറഞ്ഞു : ഞാന്‍ നിന്നോടും സല്‍ക൪മ്മം പ്രവ൪ത്തിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു. (തഫ്സീ൪ ഖു൪ത്വുബി)
كان عبد الله بن عون لا يغضب، فإذا أغضبه رجل، قال: بارك الله فيك
അബ്ദുല്ലാഹിബ്നു ഔൻ (റഹി) ദേഷ്യപ്പെടാറില്ലായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചാൽ അദ്ദേഹം പറയും: ബാറക്കല്ലാഹു ഫീക്ക് (അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് ചെയ്യട്ടെ). حلية الأولياء لأبي نعيم (3/39
ഇത് വിശദീകരിച്ച് കൊണ്ട് ശൈഖ് അബ്ദുറസാഖ് അൽ ബദർ (റഹി) പറയുന്നു:ദേഷ്യം വരുമ്പോൾ നമ്മുടെ അവസ്ഥയുംസംസാരവുമായി ഇതൊന്ന് താരതമ്യം ചെയ്ത് നാം പാഠം ഉൾക്കൊണ്ടിരുന്നെങ്കിൽ. ദേഷ്യം പിടിപ്പിച്ചവനു വേണ്ടി ഈ മഹത്തായ പ്രാർത്ഥന അദ്ദേഹം പ്രാർത്ഥിക്കുകയാണ്. അപ്പോൾ അദ്ദേഹം സന്തോഷവും ആശ്വാസവുമുള്ളപ്പോൾ എന്തായിരിക്കും പറയുക. ഇപ്രകാരം ദേഷ്യം വരുമ്പോൾ സ്വന്തത്തെ നിയന്ത്രിക്കാൽ കഴിയലാണ് യഥാർത്ഥ ശക്തിയും കഴിവും.
2. മനസ്സിനെ നിയന്ത്രിക്കുക
കോപത്തിന് പലകാരണങ്ങളുണ്ട്. അത് മനസ്സിലാക്കി വേണം ചികിത്സ നടത്താന്‍. അഹങ്കാരം, ദുരഭിമാനം, അമിത തമാശ, പരിഹാസം, അത്യാഗ്രഹം ഇവയെല്ലാം മനുഷ്യനെ കോപത്തിലേക്കെത്തിക്കാറുണ്ട്. ഇതില്‍ നിന്നെല്ലാം മുക്തമായ മനസ്സ് ഉണ്ടാക്കിയെടുക്കലാണ് പരിഹാരം. കോപം വന്നാല്‍, കോപം അടക്കിവെക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ഓര്‍ക്കുക. കോപിക്കുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ചോര്‍ക്കുക. ‘ഞാന്‍ എന്റെ ഭത്യനെ അടിക്കാറുണ്ട്’ എന്ന് അബൂമസ്ഊദ്(റ) നബി ﷺ യോട് പറഞ്ഞപ്പോള്‍ ‘നിനക്ക് ഈ ഭൃത്യനില്‍ ഉള്ള കഴിവിനെക്കാള്‍ നിന്റെ കാര്യത്തില്‍ അല്ലാഹുവിന് കഴിവുണ്ട്’ എന്ന് നബി ﷺ അദ്ദേഹത്തെ ഉണര്‍ത്തിയത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
عَنْ أَبُو مَسْعُودٍ الْبَدْرِيُّ قَالَ كُنْتُ أَضْرِبُ غُلاَمًا لِي بِالسَّوْطِ فَسَمِعْتُ صَوْتًا مِنْ خَلْفِي ” اعْلَمْ أَبَا مَسْعُودٍ ” . فَلَمْ أَفْهَمِ الصَّوْتَ مِنَ الْغَضَبِ – قَالَ – فَلَمَّا دَنَا مِنِّي إِذَا هُوَ رَسُولُ اللَّهِ صلى الله عليه وسلم فَإِذَا هُوَ يَقُولُ ” اعْلَمْ أَبَا مَسْعُودٍ اعْلَمْ أَبَا مَسْعُودٍ ” . قَالَ فَأَلْقَيْتُ السَّوْطَ مِنْ يَدِي فَقَالَ ” اعْلَمْ أَبَا مَسْعُودٍ أَنَّ اللَّهَ أَقْدَرُ عَلَيْكَ مِنْكَ عَلَى هَذَا الْغُلاَمِ ” . قَالَ فَقُلْتُ لاَ أَضْرِبُ مَمْلُوكًا بَعْدَهُ أَبَدًا .
അബൂമസ്ഊദില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ ഒരു ചാട്ട കൊണ്ട് എന്റെ അടിമയെ മ൪ദ്ദിക്കുകയായിരുന്നു. അപ്പോള്‍ സമീപത്ത് നിന്ന് ഇപ്രകാരം ഒരു ശബ്ദം കേട്ടു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം’. ആ ശബ്ദം എന്റെ കോപത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം പറയുന്നു: എന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് നബി ﷺ യായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം, അബൂമസ്ഊദ്, താങ്കള്‍ അറിയണം’. അബൂമസ്ഊദ്(റ) പറയുന്നു:ഞാന്‍ എന്റെ കൈയില്‍ നിന്ന് വടി താഴെ ഇട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂമസ്ഊദ്, താങ്കള്‍ അറിയണം, നിനക്ക് ഈ ഭൃത്യനില്‍ ഉള്ള കഴിവിനെക്കാള്‍ നിന്റെ കാര്യത്തില്‍ അല്ലാഹുവിന് കഴിവുണ്ട്. (മുസ്‌ലിം:1659)
قال ابن القيم رحمه الله :أوثق غضبك بسلسلة الحلم فإنه كلب ؛ إن أفلت أتلف
ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു: നിന്റെ കോപത്തെ വിവേകത്തിന്റെ ചങ്ങലകൊണ്ട് നീ കെട്ടിയിടണം. കാരണം അത് (കോപം) നായയാണ്.. അതിനെ (കയർ, ചങ്ങല) ഊരി വിട്ടാൽ അത് (സർവതിനേയും) നശിപ്പിച്ച് കളയും. (അല്‍ഫവാഇദ്:69)
3. മൌനം പാലിക്കുക
عَنِ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: عَلِّمُوا وَيَسِّرُوا وَلاَ تُعَسِّرُوا، وَإِذَا غَضِبَ أَحَدُكُمْ فَلْيَسْكُتْ.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ പഠിപ്പിക്കുക, നിങ്ങള്‍ എളുപ്പമാക്കുക, നിങ്ങള്‍ പ്രയാസമുണ്ടാക്കരുത്, നിങ്ങളിലാരെങ്കിലും കോപിക്കുകയാണെങ്കില്‍ അവന്‍ മൌനമായിരിക്കട്ടെ. (അദബുല്‍ മുഫ്രദ് : 245 – സ്വഹീഹ് അല്‍ബാനി)
4. നില്‍ക്കുന്നവന്‍ ഇരിക്കുക, അല്ലെങ്കില്‍ കിടക്കുക
عَنْ أَبِي ذَرٍّ، قَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَنَا : إِذَا غَضِبَ أَحَدُكُمْ وَهُوَ قَائِمٌ فَلْيَجْلِسْ فَإِنْ ذَهَبَ عَنْهُ الْغَضَبُ وَإِلاَّ فَلْيَضْطَجِعْ
അബുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ ഞങ്ങളോട് പറഞ്ഞു: നിങ്ങളിലാരെങ്കിലും കോപിച്ചാല്‍, നില്‍ക്കുകയാണെങ്കില്‍ അവന്‍ ഇരിക്കട്ടെ, അവന്റെ കോപം നീങ്ങിപ്പോകും. ഇല്ലെങ്കില്‍ അവന്‍ കിടക്കട്ടെ. (അബൂദാവൂദ് : 4782 – സ്വഹീഹ് അല്‍ബാനി)
നേരെമറിച്ച് കിടത്തത്തില്‍ ദേഷ്യം വന്നാല്‍ എഴുന്നേറ്റിരിക്കുന്നതും, ഇരുത്തത്തില്‍ ദേഷ്യം വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതും, നിറുത്തത്തില്‍ വന്നാല്‍ നില്‍ക്കുന്ന സ്ഥലം വിടുന്നതുമെല്ലാം തന്നെ ദേഷ്യത്തിന് വളര്‍ച്ച നല്‍കുന്നതുമായിരിക്കും.
5. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمْ എന്ന് പറയുക
حَدَّثَنَا سُلَيْمَانُ بْنُ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم “ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ”.
സുലൈമാന്‍ ബ്നു സൂറദില്‍(റ) നിന്ന് നിവേദനം: ഞാന്‍ നബിﷺയുടെ അടുത്തിരിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ വഴക്ക് കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത് പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمْ
അഊദു ബില്ലാഹി മിന ശ്ശയ്ത്വാനി റജീം
ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. (ബുഖാരി:6116)
6. വുളു എടുക്കുക
عَنْ جَدِّي عَطِيَّةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْغَضَبَ مِنَ الشَّيْطَانِ وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ
അതിയ്യയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും കോപം പിശാചില്‍ നിന്നുമാണ്. തീ൪ച്ചയായും പിശാചാകട്ടെ, അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തീ൪ച്ചയായും അഗ്നി വെള്ളം കൊണ്ട് മാത്രമാണ് കെടുക്കപ്പെടുന്നത്. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ വുളു ചെയ്യട്ടെ. (അബൂദാവൂദ്:4784)
ഈ ഹദീസ് ദു൪ബലമാണെന്ന് ചില പണ്ഢിതന്‍മാ൪ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോപം ശമിപ്പിക്കാന്‍ വുളു സഹായകരമാണെന്ന് പല പണ്ഢിതന്‍മാരും വിശദീകരിച്ചതായും കാണാം.
കോപം ഒതുക്കിയാലുള്ള നേട്ടങ്ങള്‍
കോപം മനുഷ്യന്റെ പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച കാര്യമാണ്. അത് ഊരിയെടുത്തെറിയാന്‍ സാധ്യമല്ല. എന്നാല്‍ ക്ഷമ പാലിക്കുകയും കോപം ഒതുക്കുകയും ചെയ്യുന്നവ൪ക്ക് വമ്പിച്ച നേട്ടം ലഭിക്കന്നതാണ്. അവയില്‍ പ്രധാനപ്പെട്ടത് താഴെ ചേ൪ക്കുന്നു.
1. അല്ലാഹുവിന്റെ ഇഷ്ടവും തൃപ്തിയും ലഭിക്കും
ومن كفَّ غضبه ستر الله عورته، ومن كظم غيظه – ولو شاء أن يمضيه أمضاه – ملأ الله قلبه رجاءً يوم القيامة
ഇബ്‌നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, കോപം ഒതുക്കിയാല്‍ – അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നു– – അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തികൊണ്ട് നിറക്കുന്നതാണ്. (മുഅ്ജമുത്ത്വബ്‌റാനി, സ്വഹീഹ് അല്‍ബാനി)
2. അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷ ലഭിക്കും
عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّهُ سَأَلَ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مَاذَا يُبَاعِدُنِي مِنْ غَضَبِ اللَّهِ عَزَّ وَجَلَّ قَالَ لَا تَغْضَبْ
അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം നബിﷺയോട് പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് എന്നെ അകറ്റി നി൪ത്തുന്ന കാര്യം എന്താണ്? നബി ﷺ പറഞ്ഞു: നീ കോപിക്കരുത്. (അഹ്മദ്)
3. മഹത്തായ പ്രതിഫലം
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: مَا مِنْ جُرْعَةٍ أَعْظَمُ أَجْرًا عِنْدَ اللَّهِ مِنْ جُرْعَةِ غَيْظٍ كَظَمَهَا عَبْدٌ ابْتِغَاءَ وَجْهِ اللَّهِ
ഇബ്‌നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന്‍ പിടിച്ചുവെക്കുന്ന വിഷയങ്ങളില്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത് ഒരു അടിമ അല്ലാഹുവനിന്റെ പ്രതിഫലം കാംക്ഷിച്ച് അവന്റെ കോപത്തെ പിടിച്ചു വെക്കലാണ്. (ഇബ്നുമാജ)
4. സ്വ൪ഗം ലഭിക്കും
ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍:3/133-134)
പരലോകത്ത് വെച്ച് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷിക്കുന്നതും ആയിരിക്കുമെന്ന് പറഞ്ഞശേഷം (ഖു൪ആന്‍:42/36) അത് ആ൪ക്കൊക്കെയാണെന്ന് ലഭിക്കുകയെന്ന് വിശുദ്ധ ഖു൪ആന്‍ തുട൪ന്ന് പറയുന്നുണ്ട്. അതില്‍ ഒരു വിഭാഗം ‘കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍’ ആണ്.
وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ
മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്. (ഖു൪ആന്‍:42/37)
عَنْ أَبِي الدَّردَاءِ رضي اللهُ عنه أَنَّهُ قَالَ: يَا رَسُولَ اللهِ، دُلَّنِي عَلَى عَمَلٍ يُدخِلُنِي الجَنَّةَ؟ فَقَالَ النَّبِيُّ صلى اللهُ عليه وسلم: لَا تَغْضَبْ، وَلَكَ الجَنَّةُ
അബുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: അദ്ദേഹം നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്വ൪ഗത്തില്‍ പ്രവേശിക്കപ്പെടുന്ന ഒരു ക൪മ്മത്തെ കുറിച്ച് അറിയിച്ച് തരാമോ? നബി ﷺ പറഞ്ഞു: നീ കോപിക്കരുത്, (എങ്കില്‍) നിനക്ക് സ്വ൪ഗമുണ്ട്. (ത്വബറാനി)
5. സുന്ദരികളായ സ്വ൪ഗീയ സ്ത്രീകളെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ دَعَاهُ اللَّهُ عَلَى رُءُوسِ الْخَلاَئِقِ يَوْمَ الْقِيَامَةِ حَتَّى يُخَيِّرَهُ فِي أَىِّ الْحُورِ شَاءَ
സഹ്ല്‍ ബ്നു മുആദ് ബ്നു അനസ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താന്‍ ഉദ്ദേശിക്കുന്നത് നടപ്പിലാക്കുവാനുള്ള കഴിവും സാധ്യതയും ഉണ്ടായിട്ട് ആരാണോ തന്റെ കോപം ഒതുക്കി വെച്ചിരിക്കുന്നത്, അവസാന നാളില്‍ അവനെ അല്ലാഹു സൃഷ്ടികള്‍ക്കിടയില്‍ വെച്ച് വിളിക്കുകയും, അവന്‍ ഉദ്ദേശിക്കുന്ന സ്വ൪ഗീയ സുന്ദരികളെ തെരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. (ഇബ്നുമാജ:37/4326)
6.പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും.
ഇബ്നുല്‍ഖയ്യിം – (റഹി) – പറഞ്ഞു:പിശാച് ഒരു അടിമയുടെമേല്‍ മൂന്ന് വാതിലുകളിലൂടെ പ്രവേശിക്കും. (ഒന്ന്) അശ്രദ്ധ (രണ്ട്) മോഹം (മൂന്ന്)കോപം. (അല്‍വാബിലുസ്വയ്യിബ് :37)
കോപം അടക്കുന്നവര്‍ക്ക് പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും.
عن أنس رضي الله عنه أنه قال: إن النبي صلى الله عليه وسلم مَرَّ بقومٍ يصطرعون؛ فقال: “ما هذا؟” قالوا: فلانٌ ما يُصارع أحدًا إلا صرعه، قال: “أفلا أدلكم على من هو أشد منه؟ رجلٌ كلمه رجلٌ فكظم غيظه فغلبه وغلبَ شيطانه وغلب شيطان صاحِبِهِ
അനസില്‍(റ) നിന്ന് നിവേദനം: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ ഗുസ്തിപിടിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നു. തിരുദൂതര്‍ ചോദിച്ചു: ‘ഇത് എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഗുസ്തിക്കാരനായ ഇന്ന വ്യക്തിയാണ്. അയാളോട് ഒരാളും എതിരിടുകയില്ല; അയാള്‍ എതിരാളിയെ വീഴ്ത്താതെ.’ അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു: ‘അയാളെക്കാള്‍ അതിശക്തനായ ഒരാളെ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? ഒരു വ്യക്തിയെ മറ്റൊരാള്‍ ആക്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ടവന്‍ തന്റെ കോപം ഒതുക്കി. അങ്ങനെ അയാള്‍ തന്റെ കോപത്തെ തോല്‍പിച്ചു. തന്റെ പിശാചിനെ തോല്‍പിച്ചു. തന്റെ കൂട്ടുകാരന്റെ പിശാചിനെയും തോല്‍പിച്ചു. (കശ്ഫുല്‍അശ്താര്‍, ബസ്സാര്‍ – സ്വഹീഹ് അല്‍ബാനി)