ദൈവാസ്തിത്വത്തിന്റെ തെളിവുകള്‍

THADHKIRAH

ഈ ലോകവും അതിലെ സകലതും സൃഷ്ടിച്ച് സംവിധാനിച്ച് നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരു രക്ഷിതാവുണ്ട് എന്നതൊരു യാഥാ൪ത്ഥ്യമാണ്. ആളുകള്‍ അത് അംഗീകരിക്കാത്തതുകൊണ്ടോ അതില്‍ അവിശ്വസിക്കുന്നതുകൊണ്ടോ അത് യാഥാ൪ത്ഥ്യമല്ലാതാകുന്നില്ല.

ദൈവനിഷേധത്തിന് കുറച്ച് കാലത്തെ പഴക്കമേയുള്ളൂ. ശാസ്ത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടാണ്  ദൈവനിഷേധത്തിന് നിരീശ്വരന്മാര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

മനുഷ്യരുടെ ചിന്തയേയും ബുദ്ധിയേയും പരിഗണിക്കാതെ അന്ധമായി “ദൈവമുണ്ട്” എന്ന് അവരെ അടിച്ചേല്‍പ്പിക്കുകയല്ല ഇസ്ലാം ചെയ്യുന്നത്, പ്രത്യുത, ദൈവമുണ്ടെന്ന് തെളിവുകളിലൂടെ മനുഷ്യരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദൈവാസ്തിത്വത്തിന്റെ തെളിവുകളായി ഇസ്‌ലാം ഒന്നാമതായി മുന്നോട്ട് വെക്കുന്നത് മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെയാണ്. എല്ലാ മനുഷ്യരുടെയും മനസ്സില്‍ അവന് നിഷേധിക്കാന്‍ കഴിയാത്ത വണ്ണം ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന ബോധ്യമുണ്ട്. അതിനെയാണ് ശുദ്ധപ്രകൃതിയുടെ തെളിവ് എന്ന് പറയുന്നത്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. (ഖു൪ആന്‍:30/30)

മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ തേട്ടം “ദൈവമുണ്ട്” എന്ന യാഥാ൪ത്ഥ്യം അംഗീകരിക്കലാണ്. അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്റെ ശുദ്ധപ്രകൃതി അവന്റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അദ്ധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും. മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്ന പ്രകൃതിയില്‍തന്നെ വളരുകയാണെങ്കില്‍ ദൈവിക ബോധത്തിലും, അവന്റെ ഏകത്വത്തിലും അധിഷ്ഠിതമായ സത്യവിശ്വാസം അവനുണ്ടാകാതിരിക്കുകയില്ല. സൃഷ്ടാവിന്റെ നിഷേധത്തിനോ,ബഹുദൈവ സങ്കല്പത്തിനോ അവന്‍ മുതിരുകയില്ല.

ഇവിടെ സ്വാഭാവികമായും ഒരും സംശയം രൂപപ്പെടാം. മനുഷ്യന്റെ ശുദ്ധപ്രകൃതി അവന്റെ സൃഷ്ടാവിനെ അംഗീകരിക്കലാണെങ്കില്‍ പിന്നെങ്ങനെ ദൈവനിഷേധവും ബഹുദൈവാരാധനയും കടന്നുവരുന്നു? മനുഷ്യന്റെ ഈ പരിശുദ്ധമായ പ്രകൃതി വിട്ട് മനുഷ്യനെ ഇടവും വലവും തിരിച്ചുവിടുന്നതും, അവനെ ദൈവനിഷേധിയോ ബഹുദൈവാരാധകനോ ആക്കിമാറ്റുന്നതും പ്രതികൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമാണെന്ന് നബി ﷺ കൃത്യമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَرضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:’എല്ലാ കുട്ടികളും ഫിത്‌റത്തിലാണ് (ശുദ്ധപ്രകൃതിയിലാണ്) ജനിക്കുന്നത്. അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്‌നിയാരാധകനാക്കുന്നു’ …… (ബുഖാരി:4775)

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്:

فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ

‘അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുന്നവനോ (ബഹുദൈവാരാധകനോ) ആക്കുന്നു’.(മുസ്ലിം:2658)

ശേഷം നബി ﷺ പറയുന്നത് കൂടി കാണുക:

كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏”‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}

മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം നബി ﷺ ഇതിന് തെളിവായി ഓതി: അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം.(ഖു൪ആന്‍:30/30.)(ബുഖാരി:4775)

وَإِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا

നബി ﷺ പറഞ്ഞു:(അല്ലാഹു പറയുന്നു:) എന്റെ അടിയാന്‍മാരെ ഞാന്‍ ഋജുമാനസരായി സൃഷ്‌ടിച്ചിരിക്കുന്നു. എന്നിട്ട്‌ പിശാചുക്കള്‍ വന്ന് അവരുടെ മതത്തില്‍നിന്നു അവരെ പിഴപ്പിച്ചുകൊണ്ടു പോകുകയും, ഞാന്‍ അവര്‍ക്കു അനുവദനീയമാക്കിയത് അവര്‍ക്കു നിഷിദ്ധമാക്കുകയും ചെയ്യുന്നു.ഞാന്‍ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാന്‍ അവരോട് (പിശാചുക്കള്‍) കല്‍പ്പിച്ചു. (മുസ്ലിം:2865)

മനുഷ്യന്റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ “ദൈവമില്ല” എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യ പോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്‌കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളില്‍ ഈയൊരു വിശ്വാസം അടിച്ചേല്‍പിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധ നിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.

നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളിലുള്ള ഈ പ്രകൃതിപരമായ വിശ്വാസം കൊണ്ടാണ്.

ദൈവാസ്തിത്വത്തിന്റെ തെളിവുകളായി ഇസ്‌ലാം രണ്ടാമതായി മുന്നോട്ട് വെക്കുന്നത് ബുദ്ധിപരമായ തെളിവുകളാണ്. ഏതൊരു പ്രവൃത്തിയുണ്ടെങ്കിലും അവ പ്രവൃത്തിച്ച ഒരാള്‍ ഉണ്ടായിരിക്കണമെന്നത് കേവല ബുദ്ധിയാണ്. കേവലമൊരു മൊട്ടുസൂചി പോലും യാദൃശ്ചികമായി, വെറുതെ പൊട്ടിമുളച്ചുവെന്ന് ബുദ്ധിയുള്ള മനുഷ്യരാരും വിശ്വസിക്കില്ല. അതിനു പിന്നില്‍ ആരുടെയോ പ്രവ൪ത്തനമുണ്ടെന്നതാണ് യാതാ൪ത്ഥ്യം. അപ്പോള്‍ ഈ കാണുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണമെന്നതും അതു പോലെ ബുദ്ധിപരമാണ്. എങ്കില്‍ ഈ കാണുന്ന ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും സമുദ്രങ്ങളും അരുവികളും പുഴകളും മരങ്ങളും ചെടികളും മൃഗങ്ങളും മനുഷ്യരുമെല്ലാം വെറുതെ ഉണ്ടായി എന്ന് എങ്ങനെ പറയാന്‍ കഴിയും?

أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ
أَمْ خَلَقُوا۟ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ

അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. (ഖുർആൻ :52/35-36)

ചിന്താശേഷിയും വിവേചന ബുദ്ധിയുമുള്ള മനുഷ്യ ഹൃദയങ്ങളോടാണ് അല്ലാഹു ചോദിക്കുന്നത്. അതല്ല, നിങ്ങൾ ഒരു സൃഷ്ടാവില്ലാതെ തനിയെ ഉണ്ടായവരാണോ? അതല്ല, നിങ്ങൾ തന്നെയാണോ നിങ്ങളെ സൃഷ്ടിച്ചത്? അതി സൂക്ഷ്മമായി രൂപകൽപന ചെയ്യപ്പെട്ട മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ അവയവങ്ങൾ തനിയെ ഉണ്ടായി എന്നാണോ അവർ പറയുന്നത്? അത്യത്ഭുതങ്ങളായ മസ്തിഷ്കവും ഹൃദയവും കാഴ്ചയും കേൾവിയുമെല്ലാം സംവിധാനിച്ചിരിക്കുന്നത് അവർ തന്നെയാണെന്നാണോ അവർ വാദിക്കുന്നത്? അതല്ല, ഭൂമിയും ആകാശവും അതിലൂടെ കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് ഗോളങ്ങളും നക്ഷത്രങ്ങളുമെല്ലാം അവരാണോ ഉണ്ടാക്കിയത്?

ഒരു സൂചി പോലും തനിയെ ഉണ്ടാകില്ല എന്നറിയുന്ന യുക്തിയും ബുദ്ധിയുമുള്ള മനുഷ്യന്റെ മറുപടി ഇപ്രകാരമായിരിക്കും: ‘അല്ല, ഞങ്ങൾ തനിയെ ഉണ്ടായവരല്ല, ഹൃദയവും മസ്തിഷ്കവും കൈകാലുകളും നാഡീവ്യൂഹങ്ങളും സൂര്യചന്ദ്ര നക്ഷത്രങ്ങളൊന്നും സൃഷ്ടിച്ചത് ഞങ്ങളല്ല. എന്നാൽ അതിന്റെ പിന്നിൽ സർവ്വജ്ഞനും സർവ്വ ശക്തനുമായ ഒരു സൃഷ്ടാവിന്റെ ഇടപെടൽ അനിവാര്യമാണ്.

ബദ്ര്‍ യുദ്ധത്തിനുശേഷം ഖുറൈശി തടവുകാരുടെ മോചനകാര്യം ചര്‍ച്ചചെയ്യുന്നതിനുവേണ്ടി ജുബൈറുബ്‌നു മുത്വ്ഇം അവിശ്വാസികളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. അദ്ദേഹമെത്തുമ്പോള്‍ നബി ﷺ മഗ്‌രിബ് നമസ്‌കരിക്കുകയായിരുന്നു. അതില്‍ സൂറ: ത്വൂറിലെ മേല്‍ വചനങ്ങളായിരുന്നു പാരായണം ചെയ്തിരുന്നത്. ജുബൈർ അത് കേട്ടു. പിന്നീട് ഇസ്‌ലാം സ്വീകരിച്ച ജുബൈർ (റ) അതിനെ കുറിച്ച് പറയുന്നത് കാണുക:

كَادَ قَلْبِي أَنْ يَطِيرَ‏

(അത് കേട്ട മാത്രയിൽ) എന്റെ ഹൃദയം പറന്നു പോകാനടുത്തു. (ബുഖാരി:4854)

ബുദ്ധിയും ചിന്താശേഷിയുമുള്ള ഏതൊരു നിരീശ്വരവാദിയെയും ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് ഈ വചനത്തിലുള്ളത്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സകല സൃഷ്ടികളുടെയും ഉത്ഭവത്തെക്കുറിച്ചു ഒരു നിരീശ്വരവാദി എത്രതന്നെ സമര്‍ത്ഥിച്ചാലും, അതിന്റെ അവസാനം അതൊരു പരമ ശൂന്യാവസ്ഥയില്‍ ചെന്നവസാനിക്കാതെ നിവൃത്തിയില്ല. പരമശൂന്യതയില്‍ നിന്നു അസ്തിത്വം നല്‍കിയ ഒരു സൃഷ്ടികര്‍ത്താവ് അനിവാര്യമാണെന്ന് അവന്‍ സമ്മതിക്കേണ്ടിവരും. സമ്മതിക്കാത്തപക്ഷം, അതു സ്വയം ഉണ്ടായതാണെന്ന് അവന്‍ ശഠിക്കേണ്ടിവരും. അങ്ങിനെയാണെങ്കില്‍ ഈ ലോകത്തു ചില വസ്തുക്കള്‍ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങളാല്‍ രൂപംകൊണ്ടതും മറ്റു ചിലത് യാതൊരു കാരണവും കൂടാതെ സ്വയം രൂപം പൂണ്ടതുമാണെന്ന് അവന്‍ സമ്മതിക്കേണ്ടിയുംവരും. അതോടെ പ്രകൃതിയാണ് എല്ലാത്തിന്റെയും കര്‍ത്താവ് എന്നുള്ള അവന്റെ വാദം പൊളിയുന്നു. അതെ, ശുദ്ധശൂന്യതയില്‍ നിന്ന് മനുഷ്യന്‍ ഉള്‍പ്പടെയുള്ള സകല സൃഷ്ടികളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.

أَوَلَا يَذْكُرُ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا

മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ, അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നിന്ന് നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌? (ഖു൪ആന്‍:19/67)

ഒന്നുമില്ലായ്മയില്‍ നിന്നും യാദൃച്ഛികമായി ആരും നിയന്ത്രിക്കുവാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃച്ഛികമായി ആരും നിയന്ത്രിക്കുവാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃച്ഛികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്?

ആകാശങ്ങളും ഭമിയും പ൪വ്വതങ്ങളും സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളും സമുദ്രവും വെള്ളവും കാറ്റും മഴയും തുടങ്ങി പ്രപഞ്ചത്തിലെ ഏതൊരു വസ്തുവോ പ്രതിഭാസങ്ങളോ ജീവജാലങ്ങളോ എടുത്ത് പരിശോധിക്കുകയാണെങ്കില്‍ അതിന്റെ പിന്നിലുള്ള സൃഷ്ടാവിനെ കണ്ടെത്താന്‍ കഴിയും.

ﺃَﻓَﻼَ ﻳَﻨﻈُﺮُﻭﻥَ ﺇِﻟَﻰ ٱﻹِْﺑِﻞِ ﻛَﻴْﻒَ ﺧُﻠِﻘَﺖْ
ﻭَﺇِﻟَﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﺭُﻓِﻌَﺖْ
ﻭَﺇِﻟَﻰ ٱﻟْﺠِﺒَﺎﻝِ ﻛَﻴْﻒَ ﻧُﺼِﺒَﺖْ
ﻭَﺇِﻟَﻰ ٱﻷَْﺭْﺽِ ﻛَﻴْﻒَ ﺳُﻄِﺤَﺖْ

ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്‌. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന്‌ (തീ൪ച്ചയായും നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന്). (ഖു൪ആന്‍ : 88/17-20)

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.  (ഖു൪ആന്‍:3/190)

ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﺧَﻠْﻖُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒُ ﺃَﻟْﺴِﻨَﺘِﻜُﻢْ ﻭَﺃَﻟْﻮَٰﻧِﻜُﻢْ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻠْﻌَٰﻠِﻤِﻴﻦَ

ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍ :30/22)

وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ – وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍ :51/20-21)

ദൈവാസ്തിത്വത്തിന്റെ തെളിവുകളായി ഇസ്‌ലാം മൂന്നാമതായി മുന്നോട്ട് വെക്കുന്നത് പ്രാമാണികമായ തെളിവുകളാണ്.അതായത് ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും സൂചിപ്പിച്ചിട്ടുള്ളത് . ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും അല്ലാഹുവിനെ കുറിച്ചും അവന്റെ ഏത്വത്തെ കുറിച്ചും പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. അല്ലാഹുവില്‍ നിന്നുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്ത്) പ്രവാചകന്‍മാരിലൂടെ സമൂഹം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ഇന്നും ലോകത്തിന് മുമ്പില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു.

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.(ഖുർആൻ :4/82)

വൈരുധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ഖുര്‍ആനില്‍ ഇടംപിടിച്ചില്ല. കാരണം സര്‍വജ്ഞാനിയായ അല്ലാഹുവാണ് അത് അവതരിപ്പിച്ചിട്ടുള്ളത്.

ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്‍പില്‍ അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ഖുര്‍ആന്‍ ഒരുക്കി. അഥവാ അത് ദൈവികമല്ലെങ്കില്‍ ഇതുപോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരട്ടെയെന്ന് ഖുര്‍ആന്‍ വെല്ലുവിളിച്ചു.

أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَٰدِقِينَ

അതല്ല, അദ്ദേഹം (നബി) അത്(ഖു൪ആന്‍) കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. (ഖുര്‍ആന്‍: 52/33-34)

ഇത് പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ആ൪ക്കും കഴിയില്ലെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَ لَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഖുര്‍ആന്‍:17/88)

ഖു൪ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു.

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (ഖുര്‍ആന്‍: 11/13)

അവ൪ക്ക് ഖു൪ആനിലുള്ളതു പോലുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു. അതിനുവേണ്ടി അല്ലാഹുവിന് പുറമെ അവ൪ക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളാനും പ്രഖ്യാപിച്ചു.

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ

അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്‌? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (ഖുര്‍ആന്‍: 10/38)

കേവലം മൂന്ന് വചനങ്ങളുള്ള അധ്യായം പോലും ക്വുര്‍ആനിലുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് പ്രധാന തെളിവ്. ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ആ൪ക്ക് വേണമെങ്കിലും അത് ഏറ്റെടുക്കാം. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ക്വുര്‍ആന്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published.

Similar Posts