ഭാഷാപരമായി “അക്വീദ” എന്നാല്‍ ദൃഢത, ഉറപ്പ്, സ്ഥിരപ്പെട്ടത്, ഭദ്രമായത് എന്നൊക്കെയാണ് അര്‍ഥം. അക്വീദ ‘അക്വ്ദ്’ എന്ന ക്രിയാനാമത്തില്‍ നിന്നുമുണ്ടായതാണ്. കെട്ടിയിടുക, ഉറപ്പിക്കുക, ശക്തിപ്പെടുത്തുക എന്നൊക്കെയാണ് ‘അക്വദ’ യുടെ അര്‍ഥം.
ഇതില്‍ നിന്നാണ് വിവാഹക്കരാര്‍ എന്ന (ഉക്വ്ദത്തുന്നികാഹ്) പ്രയോഗം ഉണ്ടായത്. അതുപോലെയാണ് വിശ്വാസക്കരാര്‍ എന്നതും (ഉക്വ്ദത്തുല്‍ യമീന്‍) ഉണ്ടായത്. ഈ പ്രയോഗം ക്വുര്‍ആനില്‍ കാണാവുന്നതാണ്:
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ
ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത് ശപഥങ്ങളഉടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. (ഖുർആൻ:5/89)
وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ
നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്. (ഖുർആൻ:2/235)
أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ
അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. (ഖുർആൻ:2/237)
മൂസാ നബിയുടെ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം:
وَٱحْلُلْ عُقْدَةً مِّن لِّسَانِى
എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. (ഖുർആൻ:20/27)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
وَٱلَّذِينَ عَقَدَتْ أَيْمَٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ
നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.(ഖുർആൻ:4/33)
ചുരുക്കിപ്പറഞ്ഞാല്‍ ‘സംശയത്തിനിടയില്ലാത്ത വിധി’ക്കാണ് ഭാഷയില്‍ അക്വീദ എന്ന് പറയുക. മതത്തില്‍ ‘അക്വീദ’ എന്ന് വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് പറയുക.
സത്യമാകട്ടെ, അസത്യമാകട്ടെ ഒരു വ്യക്തി തന്റെ ഹൃദയത്തില്‍ ഉറപ്പിക്കുന്ന (കെട്ടിയിടുന്ന) കാര്യത്തിനും ഭാഷയില്‍ അക്വീദ എന്ന് പറയും.
‘യാതൊരു സംശയവും കടന്ന് കൂടാത്ത വാസ്തവത്തോട് യോജിച്ച ദൃഢമായ വിശ്വാസത്തിനാണ് സാങ്കേതികമായി അക്വീദ എന്ന് പറയുന്നത്. ദൃഢതയില്ലാത്ത അറിവിന് അക്വീദ എന്ന് പറയുകയില്ല.
മനുഷ്യന്‍ ഒരു കാര്യത്തെ തന്റെ ഹൃദയത്തില്‍ കെട്ടി ഭദ്രമാക്കുന്നതിനാലാണ് ഇതിന് അക്വീദ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
അക്വീദ എന്നതിതിന്റെ മതപരമായ അര്‍ത്ഥം
അല്ലാഹുവിലും, അല്ലാഹുവിന്റെ മലക്കുകളിലും, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലും, പ്രവാചകന്‍മാരിലും, അവസാനനാളിലും, നന്മയും-തിന്മയുമായ വിധിയിലും ഉള്ള വിശ്വാസമെന്നാണ് അഖീദ (വിശ്വാസം) എന്നതിന് മതപരമായ അര്‍ത്ഥം. ഇതിന് ഇസ്ലാംമത വിശ്വാസ കാര്യങ്ങള്‍ എന്നും പറയുന്നു.
അല്‍ അക്വീദത്തുല്‍ ഇസ്‌ലാമിയ്യ എന്ന് നിരുപാധികം പറഞ്ഞാല്‍ അത് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അക്വീദയാണ്.
അക്വീദക്ക് അസ്സുന്ന, അശ്ശരീഅ, ഉസൂലുദ്ദീന്‍, അത്തൗഹീദ് എന്നെല്ലാം പേരുകളുണ്ട്.