ഒരു മനുഷ്യന്റെ ഈമാനിന്റെ ഉന്നതമായ അവസ്ഥകളില്‍ പെട്ടതാണ് സല്‍വിചാരം (حسن الظن) എന്നത്. ഒരു വ്യക്തിയുടെ ഇബാദത്തുകളില്‍ ഏറ്റവും ഉദാത്തമായത് അവന്റെ സൽവിചാരമാകുുന്നു.

ഒന്നാമതായി, അല്ലാഹുവിനെ കുറിച്ച് സൽവിചാരമുണ്ടായിരിക്കണം. അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം ഹൃദയം കൊണ്ടുള്ള ആരാധനയാണ്. അതില്ലാതെ തൌഹീദും ഇമാനും പൂര്‍ത്തിയാവില്ല. അല്ലാഹുവിലുള്ള തവക്കുല്‍ ഉണ്ടാവുന്നത് ആ സല്‍വിചാരം കൊണ്ട് മാത്രമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ حُسْنَ الظَّنِّ بِاللَّهِ مِنْ حُسْنِ عِبَادَةِ اللَّهِ‏ 

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ഏറ്റവും നല്ല ഇബാദത്തുകളില്‍ പെട്ടതാണ് അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം. (തി൪മിദി : 3604)

عَنْ جَابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَبْلَ مَوْتِهِ بِثَلاَثَةِ أَيَّامٍ يَقُولُ ‏ :‏ لاَ يَمُوتَنَّ أَحَدُكُمْ إِلاَّ وَهُوَ يُحْسِنُ الظَّنَّ بِاللَّهِ عَزَّ وَجَلَّ ‏

ജാബിർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ വഫാത്താകുന്നതിന്റെ മൂന്നുദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടു: നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായിക്കൊല്ലാതെ മരിക്കരുത്. (മുസ്‌ലിം:2877)

فَمَا ظَنُّكُم بِرَبِّ ٱلْعَٰلَمِينَ

അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌? (ഖുർആൻ:37/87)

അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരം നിര്‍ബന്ധവും അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. അവന്‍ തനിക്ക് മാപ്പേകുമെന്നും തന്നോടു പൊറുക്കുമെന്നും കരുണ കാണിക്കുമെന്നും തന്നെ കൈവിടില്ലെന്നുമുള്ള വിചാരമാണത്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ قَالَ اللَّهُ أَنَا عِنْدَ ظَنِّ عَبْدِي بِي.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. (ബുഖാരി:7505)

عن وَاثِلَةَ بْنِ الْأَسْقَعِ قال: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: قَالَ اللهُ عَزَّ وَجَلَّ: أَنَا عِنْدَ ظَنِّ عَبْدِي بِي، فَلْيَظُنَّ بِي مَا شَاءَ

വാഥിലതു ബ്നുൽ അസ്ഖഅ് വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഞാൻ എന്റെ അടിമ എന്നെക്കുറിച്ചു വിചാരിക്കുന്നിടത്തായിരിക്കും. അതിനാൽ എന്നെക്കുറിച്ച് അവൻ ഉദ്ദേശിക്കുന്നത് വിചാരിച്ചുകൊള്ളട്ടെ. (അഹ്മദ്:16016 – സ്വഹീഹ് അൽബാനി)

عن أبي هريرة: قال اللهُ تعالى: أنا عند ظنِّ عبدِي بي إنْ ظنَّ خيرًا فلهُ، وإنْ ظنَّ شرًّا فلهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. അവന്‍ എന്നെ കുറിച്ച് നന്‍മ വിചാരിച്ചാല്‍ അവനതുണ്ട്,  അവന്‍ എന്നെ കുറിച്ച് തിന്‍മ വിചാരിച്ചാല്‍ അവനതുണ്ട്. (സ്വഹീഹുൽ ജാമിഅ്)

ഓരോ മനുഷ്യന്റെയും പ്രവർത്തനങ്ങൾ തന്റെ റബ്ബിനെക്കുറിച്ച് അവന്‍ പുലര്‍ത്തുന്ന വിചാരമനുസരിച്ച് നിര്‍ണയിക്കപ്പെട്ടതായിരിക്കും. ഒരു സത്യവിശ്വാസിയുടെ പ്രവർത്തനങ്ങൾ തന്റെ റബ്ബിനെക്കുറിച്ച് അയാള്‍ പുലര്‍ത്തുന്ന ശരിയായ വിചാരത്തിനനുസൃതമാകുന്നു. അല്ലാഹുവിനെ കുറിച്ചുള്ള സദ്‌വിചാരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ചാണ് അവന് ഇഹലോകത്ത് നന്മകള്‍ വന്നണയുന്നതും തിന്മകള്‍ അവനിൽനിന്ന് അകലേക്ക് മാറിനില്‍ക്കുന്നതും. സൽകർമങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുമെന്നും, റബ്ബ് അവന്റെ വാഗ്ദാനം ലംഘിക്കുകയില്ലെന്നും, പശ്ചാത്താപം അവൻ സ്വീകരിക്കുമെന്നും അവൻ തന്റെ റബ്ബിനെക്കുറിച്ച് വിചാരിക്കുന്നു. അതാണ് സത്യവിശ്വാസിയുടെ അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വിചാരം.

അവിശ്വാസി, കപടന്‍, തെമ്മാടി, ധിക്കാരി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ തങ്ങളുടെ റബ്ബിനെക്കുറിച്ച് അവര്‍ക്കുള്ള തെറ്റിദ്ധാരണകളുടെ പ്രതിഫലനമായിരിക്കും. തിന്മകളിലും അതിക്രമങ്ങളിലും ആണ്ടുകിടക്കുകയും അതിൽ നിന്ന് ഖേദിച്ചുമടങ്ങാതിരിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിനെക്കുറിച്ച് നല്ലത് ചിന്തിക്കുന്നവനേയല്ല. പാപങ്ങൾ അവനെ റബ്ബിൽ നിന്ന് അകറ്റുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നു. റബ്ബിനെക്കുറിച്ച് നല്ലതു വിചാരിക്കാൻ അതവന് തടസമായിത്തീർന്നിരിക്കുന്നു.

وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَٰسِرِينَ

അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു. (ഖുർആൻ:41/23)

അല്ലാഹുവിനെക്കുറിച്ച് ഏറ്റവും നല്ലത് മാത്രമേ നാം ചിന്തിക്കാവൂ. നന്മകൾ ചെയ്തെങ്കിൽ മാത്രമെ അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വിചാരം ഉണ്ടാവുകയുള്ളൂ.

قال الحسن البصري رحمه الله:إن المؤمن أحسن الظن بربه فأحسن العمل، وإن المنافق أساء الظن بربه فأساء العمل

ഇമാം ഹസനുൽ ബസ്വരി رحمه الله   പറഞ്ഞു: സത്യവിശ്വാസി തന്റെ റബ്ബിനോട് സല്‍വിചാരം വെച്ച് പുലർത്തുന്നവനായത് കൊണ്ട് തന്റെ പ്രവർത്തനങ്ങളും നന്നാക്കിയവനാണ്. കപട വിശ്വാസിയാകട്ടെ മോശമായ വിചാരം വെച്ചു പുലർത്തുന്നത് കൊണ്ട് പ്രവർത്തനങ്ങളും മോശമാക്കിയവനാണ്. [حلية الأولياء لأبي نعيم ( ۲/١٤٤ )]

ഇത് വിശദീകരിച്ച് കൊണ്ട് ശൈഖ് അബ്ദുറസാഖ് അൽ ബദർ حَفِظَهُ اللَّهُ പറയുന്നു:തന്റെ രക്ഷിതാവിൽ നിന്ന് വ്യതിചലിച്ചവനും നന്മകളിൽ നിന്ന് അകന്നവനും കാരുണ്യത്തിന്റെയും പാപമോചത്തിന്റെയും കവാടങ്ങളിൽ നിന്ന് പിന്തിരിഞ്ഞവും ആയിരിക്കെ, (നന്മകളിൽ) വീഴ്ച്ച വരുത്തുന്നവനും നിസാരവൽക്കരിക്കുന്നവനുമായ ഒരുവന് എങ്ങനെയാണ് സല്‍വിചാരം വെച്ച് പുലർത്താൻ സാധിക്കുക. എന്നാൽ സദ് വിചാരം വെച്ച് പുലർത്തുന്നവനാകട്ടെ, തന്റെ റബ്ബിന്റെ പരിപൂർണവും ഉന്നതവുമായ ഗുണവിശേഷണങ്ങൾ മനസ്സിലാക്കിയവനാണ്, അവന്റെ ഔദാര്യത്തെയും നന്മയെയും, കാരുണ്യത്തെയും പാപമോചനത്തെയും മനസ്സിലാക്കിയവനാണ്. തനിക്ക് ഒരുപാട് ന്യൂനതകളും കുറവുകളും ഉണ്ടെന്ന ബോധ്യമുള്ളത് കൊണ്ട് സ്വദേഹത്തെ നന്മയിലും സൽപ്രവർത്തിയിലും നിലനിർത്താൻ പ്രരിശ്രമിക്കുന്നവനുമാണ്. [أثر وتعليق منقول من الموقع الرسمي لفضيلة الشيخ حفظه الله]

അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശവെയ്ക്കൽ സല്‍വിചാരം നിലനിർത്തുന്നതിന് തടസ്സമാണ്.

قال العلامة ابن عثيمين رحمه الله :اليأس من رحمة الله تعالى من كبائر الذنوب فلا ييأس أحد من رحمة الله ، بل يحسن الظن به أبدا، فاليأس من رحمة الله  سوء ظن بالله عز وجل

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله  പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശവെയ്ക്കൽ വൻ പാപങ്ങളിൽ പെട്ടതാണ്. അതിനാൽ ആരും തന്നെ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്. മറിച്ച് അവനെക്കുറിച്ച് എല്ലായ്പ്പോഴും സദ്’വിചാരം നിലനിർത്തുക. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ വെയ്ക്കൽ അവനിൽ ദുഷ്’വിചാരം വെച്ച് പുലർത്തലാണ്.(ഫതാവാ നൂറുൻ അലദ്ദർബ്: 298)

അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ വെക്കാതെ സല്‍വിചാരം നിലനിർത്തുന്നതിൽ യഅ്ഖൂബ് നബിയുടെ ചരിത്രത്തിൽ പാഠമുണ്ട്. യഅ്ഖൂബ് നബിക്ക് തന്റെ മകനായ യൂസുഫിനെ ചെറുപ്പത്തിൽ നഷ്ടപ്പെടുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്ക് വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ

(യഅ്ഖൂബ് നബി) പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്‌. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്‌) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ. (ഖുർആൻ:12/18)

പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റൊരു മകൻ നഷ്ടപ്പെടുന്ന അവസരത്തിൽ അദ്ദേഹം പറഞ്ഞ വാക്ക് വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ‎﴿٨٣﴾‏ وَتَوَلَّىٰ عَنْهُمْ وَقَالَ يَٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ ‎﴿٨٤﴾‏ قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَٰلِكِينَ ‎﴿٨٥﴾‏ قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ‎﴿٨٦﴾‏يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ ‎﴿٨٧﴾

(യഅ്ഖൂബ് നബി) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്‌. അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും. അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്‌. എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖുർആൻ:12/83-87)

അല്ലാഹുവിനെ കുറിച്ചുള്ള സല്‍വിചാരത്തോടെയാണ് സത്യവിശ്വാസികൾ മരിക്കേണ്ടതും. ജീവിത കാലത്ത് അല്ലാഹുവിന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിച്ചവർക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ.

قال الحافظ ابن رجب: فالواجب على العبد الاستعداد للموت قبل نزوله بالأعمال الصالحة والمبادرة إلى ذلك فإنه لايدري المرء متى تنزل هذه الشدة من ليل ونهار وذكر الأعمال الصالحة عند الموت مما يحسن ظن المؤمن بربه ويهون عليه شدة الموت ويقوِّي رجاءه.

ഇബ്നു റജബ് رحمه الله പറഞ്ഞു: മരണം വന്നെത്തുന്നതിന് മുമ്പ് തന്നെ സൽകർമ്മങ്ങളുമായി മുന്നൊരുക്കം നടത്തലും, അതിൽ ധൃതി കാണിക്കലും എല്ലാവർക്കും നിർബന്ധമായ കാര്യമാണ്. കാരണം ഒരാൾക്കും അറിയില്ലല്ലോ രാത്രിയിലാണോ പകലാണോ മരണവേദന വന്നെത്തുന്നതെന്ന്. മരണ വേളയിൽ സൽകർമ്മങ്ങളെക്കുറിച്ച് ഓർക്കുന്നത് വിശ്വാസിക്ക് തന്റെ റബ്ബിനെക്കുറിച്ച് സൽവിചാരം നന്നാക്കുന്നതും, മരണ കാഠിന്യം ലഘൂകരിക്കുന്നതും, അവന്റെ പ്രതീക്ഷയ്ക്ക് കരുത്തു പകരുന്നതുമാണ്. [മജ്മൂഉറസാഇൽ: 2/40]

عَنْ أَنَسٍ رضي الله عنه، أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ، فَقَالَ : كَيْفَ تَجِدُكَ ؟ قَالَ : وَاللَّهِ يَا رَسُولَ اللَّهِ إِنِّي أَرْجُو اللَّهَ، وَإِنِّي أَخَافُ ذُنُوبِي. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو، وَآمَنَهُ مِمَّا يَخَافُ.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ പ്രവേശിച്ചു. നബി ﷺ ചോദിച്ചു താങ്കൾക്ക് എങ്ങനെയുണ്ട് ? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും (ഭയവും പ്രതീക്ഷയും) ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല. (തിർമിദി: 983)

قال عبد العزيز الريس حفظه الله: على المؤمن ألا يخاف في الأزمات بل يزداد تعلقا بالله و طمأنينة و انشراح صدر وإحسان ظن به. فلا أرحم ولا أكرم من الله، فهو أرحم بنا من آبائنا و أمهاتنا، فلا يقضى إلا خيرا، علمه من علمه جهله من جهله

അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: വിശ്വാസി പ്രതിസന്ധികളിൽ ഭയപ്പെടാതിരിക്കുകയാണ് വേണ്ടത്. എന്നു മാത്രമല്ല, അല്ലാഹുവുമായുള്ള ബന്ധം രൂഡമാകണം. ഹൃദയത്തിന് ശാന്തിയും വിശാലതയും വർധിപ്പിക്കണം. അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചു പുലർത്തണം. അല്ലാഹുവിനെക്കാൾ കരുണയുള്ളവനോ, ഔദാര്യവാനോ ഇല്ല. അവൻ നമ്മുടെ മാതാപിതാക്കളെക്കാൾ നമ്മോട് കരുണയുള്ളവനാണ്. നന്മയല്ലാതെ വിധിക്കുകയില്ല. അതറിഞ്ഞവൻ അറിഞ്ഞു. അറിയാത്തവൻ അറിഞ്ഞില്ല.(അത്രതന്നെ ) (ഖനാത്തു ഡോ. അബ്ദുൽ അസീസ് അർറയ്യിസ്)

നല്ലവിചാരം വെച്ചുപുലര്‍ത്തുകയും പ്രതീക്ഷ വളര്‍ത്തുകയും തവക്കുലില്‍ (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഒരു ദാസന്റെയും പ്രതീക്ഷയെ അല്ലാഹു ഇച്ഛാഭംഗ പ്പെടുത്തുകയില്ല.

രണ്ടാമതായി, അല്ലാഹുവിന്റെ റസൂല്‍ ﷺ യെ  കുറിച്ച് സൽവിചാരമുണ്ടായിരിക്കണം. തിന്മയുടെ ഭാഗത്തെക്കാള്‍ നന്മയുടെ ഭാഗത്തിന് പ്രാമുഖ്യം കല്‍പിക്കലാണ് സല്‍വിചാരത്തിന്റെ തേട്ടം. അല്ലാഹുവിന്റെ റസൂല്‍ ﷺ ഗനീമത് സ്വത്ത്‌ ഭാഗം വെക്കുന്ന സമയത്ത്  ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു “ഹേ, മുഹമ്മദ് നിങ്ങള്‍ നീതി പാലിക്കുക” എന്ന് പറഞ്ഞതും, “നിനക്ക് നാശം, ഞാന്‍ നീതി കാണിച്ചില്ലെങ്കില്‍ പിന്നെയാരാണ് നീതി കാണിക്കുക” എന്ന് നബി ﷺതിരിച്ചു പറഞ്ഞതും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. നബി ﷺ യെ  കുറിച്ച് സൽവിചാരം ഇല്ലാത്തതിനാലാണ് അയാൾ അപ്രകാരം സംസാരിച്ചത്.

സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവില്‍ അവര്‍ക്കാണ് വിജയം കൈവരുന്നത് , പേര്‍ഷ്യായും റോമായും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നൊക്കെ  നബി ﷺ സത്യവിശ്വാസികളെ പഠിപ്പിച്ചിട്ടും,  നബി ﷺ യുടെ വാഗ്ദാനങ്ങൾ നമ്മെ വഞ്ചിക്കുവാന്‍വേണ്ടി മാത്രമുള്ളതാണെന്നും അതിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്നും അഹ്സാബ് യുദ്ധവേളയിൽ  മുനാഫിഖുകള്‍ പറഞ്ഞു പ്രചരിപ്പിച്ചപ്പോൾ ഹൃദയദൗര്‍ബ്ബല്യമാകുന്ന രോഗം പിടിപെട്ടവര്‍ അതു ഏറ്റുപറയുകയും ചെയ്തു.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. (ഖുർആൻ:33/12)

അവരിൽ നിന്ന് അത്തരം സംസാരമുണ്ടായതിന്റെ കാരണം അവർക്ക് നബി ﷺ യെ  കുറിച്ച് സൽവിചാരം ഇല്ലാത്തതിനാലാണ്.

മൂന്നാമതായി, സത്യവിശ്വാസികളുടെ കാര്യത്തിൽ സൽവിചാരമുണ്ടായിരിക്കണം.  സത്യവിശ്വാസിയെ കുറിച്ച് ഒരു വാര്‍ത്ത കേട്ടാല്‍ സല്‍വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തുകയും അതില്‍ തീരുമാനം കൈകൊള്ളുകയും ചെയ്യേണ്ടത്. വ്യാജവാര്‍ത്തകള്‍ കേള്‍ക്കുകയായാല്‍ ഒരു വിശ്വാസിക്കുണ്ടാകേണ്ട നിലപാട് എന്തായിരിക്കണമെന്ന് അല്ലാഹു പറയുന്നത് കാണുക:

وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبْحَٰنَكَ هَٰذَا بُهْتَٰنٌ عَظِيمٌ

നിങ്ങള്‍ അതു കേട്ടസമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല? (ഖുർആൻ:24/16)

ആളുകളെ കുറിച്ചുള്ള ദുര്‍വിചാരം വര്‍ജ്ജിക്കുവാനാവശ്യപ്പെട്ടും അതിന്റെ കാരണം വ്യക്തമാക്കിയും അല്ലാഹു പറയുന്നു:

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:49/12)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജംനിറഞ്ഞതാണ്. (ബുഖാരി:6724).

عن أمير المؤمنين عمر بن الخطاب – رضي الله عنه – أنه قال : ولا تظنن بكلمة خرجت من أخيك المسلم إلا خيرا ، وأنت تجد لها في الخير محملا .

ഉമർ  رضي الله عنه  പറഞ്ഞു: സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥ വ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്. (തഫ്സീർ ഇബ്നുകസീർ, ഖുർആൻ:49/12 ന്റെ വിശദീകരണം)

عن ابن عباس رضي الله عنه قال: نظر رسول الله صلى الله عليه وسلم إلى الكعبة، فقال: مرحبًا بك من بيت، ما أعظمك وأعظم حُرْمَتك، ولَلْمؤمن أعظم حُرْمَة عند الله منكِ، إنَّ الله حرَّم منكِ واحدة، وحرَّم من المؤمن ثلاثًا: دمه، وماله، وأن يُظنَّ به ظنَّ السَّوء

ഇബ്‌നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: കഅ്ബയിലേക്ക് നോക്കിക്കൊണ്ടു നബി ﷺ  പറഞ്ഞു: ”കഅ്ബയേ, നിനക്കു സ്വാഗതം. നീ എത്ര മഹനീയമാണ്. നിന്റെ പവിത്രത എത്ര മഹനീയമണ്. ഒരു വിശ്വാസിക്ക് അല്ലാഹുവിങ്കല്‍ നിന്നെക്കാള്‍ മഹനീയമായ പവിത്രതയുണ്ട്. അല്ലാഹു നിന്നെത്തൊട്ട് ഒരു കാര്യമാണ് ഹറാമാക്കിയത്. ഒരു വിശ്വാസിയെതൊട്ട് അവന്‍ മൂന്ന് കാര്യങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. അവന്റെ രക്തവും സമ്പത്തും അവനെക്കുറിച്ച് ദുര്‍വിചാരം വെച്ചുപുലര്‍ത്തപ്പെടുന്നതും. (സുനനുല്‍ ബയ്ഹഖി – സ്വഹീഹ് അല്‍ബാനി)

ഇബ്‌നു ഉമർ رضى الله عنهما വിൽ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടര്‍ ഇപ്രകാരമാണുള്ളത്: ”വിശ്വാസിയെ കുറിച്ച് സല്‍വിചാരമേ വെച്ചുപുലര്‍ത്താവൂ” (ഇബ്‌നുമാജ – സ്വഹീഹ് അൽബാനി)

عَنْ صَفِيَّةَ ابْنَةِ حُيَىٍّ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلاً فَحَدَّثْتُهُ ثُمَّ قُمْتُ، فَانْقَلَبْتُ فَقَامَ مَعِي لِيَقْلِبَنِي‏.‏ وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلاَنِ مِنَ الأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ صلى الله عليه وسلم أَسْرَعَا، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ عَلَى رِسْلِكُمَا إِنَّهَا صَفِيَّةُ بِنْتُ حُيَىٍّ ‏”‏‏.‏ فَقَالاَ سُبْحَانَ اللَّهِ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ إِنَّ الشَّيْطَانَ يَجْرِي مِنَ الإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا سُوءًا ـ أَوْ قَالَ ـ شَيْئًا ‏”‏‏.‏

വിശ്വാസികളുടെ മാതാവായ പ്രവാചക പത്‌നി സ്വഫിയ്യ رضي الله عنها പറയുന്നു: നബി ﷺ  ഇഅ്തികാഫ് ഇരിക്കുന്നവനായിരുന്നു. അപ്പോള്‍ ഞാന്‍ രാത്രിയില്‍ നബി ﷺ യെ സന്ദര്‍ശിക്കുവാന്‍ ചെന്നു. നബി ﷺ യോട് ഞാന്‍ സംസാരിച്ചു. ശേഷം മടങ്ങിപ്പോരുവാന്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ നബി ﷺ യും എഴുന്നേറ്റു. ഉസാമ ഇബ്‌നു സെയ്ദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട രണ്ടാളുകള്‍ നടന്നുവന്നു. അവര്‍ നബി ﷺ യെ കണ്ടപ്പോള്‍  ധൃതികൂട്ടി. നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ സാവകാശത്തില്‍ നടന്നാലും. നിശ്ചയം, ഇത് സ്വഫിയ്യ ബിന്‍ത്ഹുയയ്യ് ആകുന്നു.’ അവര്‍ രണ്ടു പേരും പറഞ്ഞു: ”അല്ലാഹു പരിശുദ്ധനാണ് തിരുദൂതരേ, (ഞങ്ങള്‍ താങ്കളെ കുറിച്ച് മോശമായി ഒന്നും വിചാരിച്ചില്ല).’ നബി ﷺ   പറഞ്ഞു: ‘നിശ്ചയം പിശാച്, മനുഷ്യനില്‍ രക്തസഞ്ചാരം കണക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ വല്ല വിപത്തും ഇട്ടേക്കുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെട്ടു. (ബുഖാരി:3281).

നേതാക്കന്മാരും പ്രജകളും ഭാര്യഭര്‍ത്താക്കന്മാര്‍, സുഹൃത്തുക്കള്‍, ഇടപാടുകാര്‍ തുടങ്ങി പടപ്പുകളും അന്യോന്യം നല്ലവിചാരം കൊണ്ടുനടക്കേതുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ رضي الله عنه  പറയാറുായിരുന്നു: ‘തന്റെ വിചാരം കൊണ്ട് ഗുണം കൊയ്യാത്തവന്‍ തന്റെ ശരീരംകൊണ്ടും ഗുണം നേടില്ല.’

ഉമ്മുല്‍മുഅ്മിനീന്‍ ആഇശ رضي الله عنها യെ കുറിച്ച് കപടന്മാര്‍ അപവാദ പ്രചാരണം നടത്തിയ സംഭവം വലിയ ഫിത്‌നയായിരുന്നു. പലര്‍ക്കും അടിതെറ്റിയ പരീക്ഷണമായിരുന്നു അത്. പ്രസ്തുത നാളുകളില്‍ മദീനയില്‍വെച്ച് സ്വഹാബിയായ അബൂഅയ്യൂബില്‍അന്‍സ്വാരി رضي الله عنه  വും ഭാര്യ ഉമ്മുഅയ്യൂബ് رضي الله عنها യും  തമ്മില്‍ നടന്ന ഒരു സംഭാഷണം സല്‍വിചാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഉമ്മുഅയ്യൂബ് رضي الله عنها പറഞ്ഞു: ‘ഓ അബൂഅയ്യൂബ്, ആഇശയുടെ വിഷയത്തില്‍ ജനങ്ങളുടെ സംസാരം താങ്കള്‍ കേട്ടില്ലേ?’ അബൂഅയ്യൂബ് رضي الله عنه പറഞ്ഞു: ‘അതെ. അത് കളവാകുന്നു. ഉമ്മു അയ്യൂബ്, നിങ്ങളായിരുന്നു അത് എങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുമായിരുന്നോ?’ ഉമ്മുഅയ്യൂബ് رضي الله عنها പറഞ്ഞു: ‘അല്ലാഹുവാണേ ഇല്ല. ഞാന്‍ അത് ചെയ്യില്ല.’ അബൂഅയ്യൂബ് رضي الله عنه പറഞ്ഞു: ‘എങ്കില്‍ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടയാണ് ആഇശ.’

Leave a Reply

Your email address will not be published.

Similar Posts