ഹാജറ عليها السلام
ഇബ്‌റാഹീം നബി عليه السلام ക്ക് ഹാജറ عليها السلام യിൽ ഒരു ആണ്‍ കുഞ്ഞ് പിറന്നു. അതാണ് ഇസ്മാഈല്‍ عليه السلام. അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ഹാജറ عليه السلام യെയും കുഞ്ഞിനെയും മക്കയില്‍ താമസിപ്പിക്കുവാന്‍ ഇബ്‌റാഹീം നബി عليه السلام തീരുമാനിച്ചു. ഈ സംഭവം നബി ﷺ നമുക്ക് വിവരിച്ച് തരുന്നത് കാണുക:
قَالَ ابْنُ عَبَّاسٍ أَوَّلَ مَا اتَّخَذَ النِّسَاءُ الْمِنْطَقَ مِنْ قِبَلِ أُمِّ إِسْمَاعِيلَ، اتَّخَذَتْ مِنْطَقًا لَتُعَفِّيَ أَثَرَهَا عَلَى سَارَةَ، ثُمَّ جَاءَ بِهَا إِبْرَاهِيمُ، وَبِابْنِهَا إِسْمَاعِيلَ وَهْىَ تُرْضِعُهُ حَتَّى وَضَعَهُمَا عِنْدَ الْبَيْتِ عِنْدَ دَوْحَةٍ، فَوْقَ زَمْزَمَ فِي أَعْلَى الْمَسْجِدِ، وَلَيْسَ بِمَكَّةَ يَوْمَئِذٍ أَحَدٌ، وَلَيْسَ بِهَا مَاءٌ، فَوَضَعَهُمَا هُنَالِكَ، وَوَضَعَ عِنْدَهُمَا جِرَابًا فِيهِ تَمْرٌ وَسِقَاءً فِيهِ مَاءٌ، ثُمَّ قَفَّى إِبْرَاهِيمُ مُنْطَلِقًا فَتَبِعَتْهُ أُمُّ إِسْمَاعِيلَ فَقَالَتْ يَا إِبْرَاهِيمُ أَيْنَ تَذْهَبُ وَتَتْرُكُنَا بِهَذَا الْوَادِي الَّذِي لَيْسَ فِيهِ إِنْسٌ وَلاَ شَىْءٌ فَقَالَتْ لَهُ ذَلِكَ مِرَارًا، وَجَعَلَ لاَ يَلْتَفِتُ إِلَيْهَا فَقَالَتْ لَهُ آللَّهُ الَّذِي أَمَرَكَ بِهَذَا قَالَ نَعَمْ. قَالَتْ إِذًا لاَ يُضَيِّعُنَا. ثُمَّ رَجَعَتْ،
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: ഇബ്രാഹീം عليه السلام ഹാജറിനെയും തന്റെ മകൻ ഇസ്മാഈലിനെയും കൊണ്ട് മക്കയിൽ വന്നു. ഇസ്മാഈലിന് ഹാജർ മുലപ്പാൽ കൊടുക്കുന്ന സമയമാണത്. അങ്ങനെ അവരെ രണ്ട് പേരെയും കഅ്ബയുടെ അരികിൽ, ഒരു വലിയ മരത്തിന്റെ അടുത്തായി അദ്ദേഹം വിട്ടേച്ചു. സംസമിന്റെ മുകളിൽ മസ്ജിദിന്റെ മേൽ ഭാഗത്തായിരുന്നു അത്. അന്ന് മക്കയില്‍ (മനുഷ്യര്‍) ആരുംതന്നെ ഇല്ലായിരുന്നു. അവിടെ വെള്ളവുമില്ലായിരുന്നു.അങ്ങനെ അവരെ രണ്ട്പേരേയും അവിടെയാക്കി ഒരു ഭാണ്ഢത്തില്‍ കുറച്ച് ഈത്തപ്പഴവും,മറ്റൊരു പാത്രത്തില്‍ വെള്ളവും അവരുടെ അടുത്ത് വെച്ച് ഇബ്‌റാഹീം عليه السلام തിരിഞ്ഞു നടന്നു. അപ്പോള്‍ അദ്ദേഹത്തെ ഇസ്മാഈല്‍ عليه السلام യുടെ മാതാവ് പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു: ‘ഓ, ഇബ്‌റാഹീം! ഒരു മനുഷ്യനോ മറ്റു വല്ലതോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയും വിട്ട് എവിടേക്കാണ് താങ്കള്‍ പോകുന്നത്?’ അവര്‍ അദ്ദേഹത്തോട് അതങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലാഹുവാണോ അങ്ങയോട് ഇങ്ങനെ കല്‍പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അപ്പോൾ അവര്‍ പറഞ്ഞു: എന്നാല്‍ അല്ലാഹു ഞങ്ങളെ നഷ്ടപ്പെടുത്തുകയില്ല (കൈവെടിയുകയില്ല). അങ്ങനെ അവർ തിരിച്ചു പോയി. (ബുഖാരി: 3364)
ഇബ്‌റാഹീം നബി عليه السلام
സൂര്യചന്ദ്രനക്ഷത്രാദികളെയും കല്ലുകൊണ്ടും മരംകൊണ്ടും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയും വണങ്ങിയും അവയോട് പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കിടയിലാണ് ഇബ്‌റാഹീം നബി عليه السلام യുടെ ജനനം. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കി വില്‍പന നടത്തുന്ന പിതാവ്! നാട്ടുകാരും വീട്ടുകാരും സമുഹവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍. അദ്ദേഹം വീട്ടിലും നാട്ടിലും ശക്തമായ രീതിയിൽ തൗഹീദ് പ്രബോധനം ചെയ്തു. അതിന് വേണ്ടി പല തന്ത്രങ്ങളും ആവിഷ്ക്കരിച്ചു. അവസാനം ആളുകൾ ഇബ്‌റാഹീം عليه السلام യെ തീയിലിട്ട് കത്തിച്ച് കരിക്കാൻ വേണ്ടി തീരുമാനിച്ചു. അവര്‍ അതിനായി വമ്പിച്ച ഒരു അഗ്നികുണ്ഡം തയ്യാറാക്കി. കുറേ ദിവസം തുടര്‍ച്ചയായി അതില്‍ തീ കത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തെ അവർ തീയിലേക്ക് വലിച്ചെറിഞ്ഞു.
തീയില്‍ എറിയപ്പെട്ട അവസരത്തില്‍ ഇബ്രാഹീം عليه السلام ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു:
حَسْبِيَ اللهُ وَنِعْمَ الْوَكِيل
എനിക്കു അല്ലാഹു മതി. ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്ര വിശിഷ്ഠന്‍!
عَنِ ابْنِ عَبَّاسٍ، {حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ} قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِيَ فِي النَّارِ
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: ”ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലവനായ അല്ലാഹു മതി എനിക്ക്” എന്ന വചനം ഇബ്രാഹീം عليه السلام തീയിലെറിയപ്പെട്ടപ്പോള്‍ പറഞ്ഞതാണ്. (ബുഖാരി:65/4563)
ജിബ്‌രീല്‍ عليه السلام വന്ന് ‘വല്ല ആവശ്യവും പറയുവാനുണ്ടോ’ എന്ന് അന്വേഷിച്ചു. ‘താങ്കളോടൊന്നും പറയുവാനില്ല’ എന്നായിരുന്നു ഉത്തരം. മലക്ക് വീണ്ടും ഉണര്‍ത്തിച്ചു: ‘എന്നാല്‍ താങ്കളുടെ റബ്ബിനോടു ചോദിക്കുക!’ അവിടുന്നു പ്രതിവചിച്ചു: عِلمُهُ بِحَالِي يُغْنِي عَنْ سُؤَالِي (എന്റെ അവസ്ഥയെക്കുറിച്ച് അവന്‍ അറിയുന്നതുകൊണ്ട് ഞാന്‍ ചോദിക്കേണ്ടുന്ന ആവശ്യമില്ല) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 21/69ന്റെ വിശദീകരണം)
ചിന്തിച്ചു നോക്കുക! ഇതാണ് ഈമാനിന്റെ മാതൃക! ഇതാണ് സത്യവിശ്വാസത്തിന്റെ അചഞ്ചലമായ ഹൃദയം! ഇബ്രാഹീം عليه السلام യുടെ ഒരു രോമകൂപത്തിന് പോലും പോറലേല്‍ക്കാതെ അല്ലാഹു രക്ഷപ്പെടുത്തി. അല്ലാഹു ഇബ്‌റാഹീം നബി عليه السلام യെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരുന്നുവെന്ന് കാണുക:
قُلْنَا يَٰنَارُ كُونِى بَرْدًا وَسَلَٰمًا عَلَىٰٓ إِبْرَٰهِيمَ ﴿٦٩﴾ وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَٰهُمُ ٱلْأَخْسَرِينَ
നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്. (ഖു൪ആന്‍:21/69-70)
മൂസാ നബി عليه السلام
ഫിര്‍ഔനിന്റെ മര്‍ദ്ദനം ഇസ്‌റാഈല്യര്‍ സഹിച്ചു മടുത്തപ്പോള്‍, അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ നബി عليه السلام അവരെയും കൂട്ടി രാത്രി യാത്ര പുറപ്പെട്ടു. ഫി൪ഔനും പട്ടാള സംഘവും അവരെ പിന്തുട൪ന്നു. അങ്ങനെ അവ൪ ചെങ്കടലിനടുത്തെത്തി. മുന്നില്‍ ആ൪ത്തലച്ച സമുദ്രം, പിന്നില്‍ ഫി൪ഔനും സംഘവും. അവർ തങ്ങളുടെ അടുത്തെത്താറായിക്കണ്ടപ്പോള്‍ ഇസ്രാഈല്യര്‍ മുറവിളി കൂട്ടി.
فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ
അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. (ഖു൪ആന്‍:26/61)
അപ്പോൾ മൂസാ നബി عليه السلام പറഞ്ഞ മറുപടി കാണുക:
قَالَ كـَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും. (ഖു൪ആന്‍:26/62)
അല്ലാഹു മൂസാനബി عليه السلام യോട് തന്റെ കൈയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ കല്‍പിച്ചു. അപ്രകാരം ചെയ്തു. കടല്‍ പിളര്‍ന്നു.
അല്ലാഹു മൂസാ നബി عليه السلام യെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരുന്നുവെന്ന് കാണുക:
فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٣﴾ وَأَزْلَفْنَا ثَمَّ ٱلْـَٔاخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ ﴿٦٥﴾ ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ ﴿٦٦﴾
അപ്പോള്‍, ‘നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക’ എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു. അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു. മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു. (ഖു൪ആന്‍:26/63-66)
അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മുസാ നബി عليه السلام തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍, അവര്‍ക്ക് നടന്നു പോകത്തക്കവിധം അല്ലാഹു സമുദ്രജലം പിളര്‍ത്തിക്കൊടുത്തു. ഇരുഭാഗത്തേക്കും ഒഴിഞ്ഞുനിന്ന ജലഭിത്തികള്‍ക്കിടയിലൂടെ അവര്‍ മറുകരപറ്റി രക്ഷെപ്പട്ടു. അവരെ പിന്തുടര്‍ന്നുവന്നിരുന്ന ഫിര്‍ഔനും സൈന്യവും അതേ ഇടവഴിയിലുടെ സമുദ്രത്തില്‍ ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇരുഭാഗത്തും ചിറച്ചു നില്‍ക്കുന്ന സമുദ്രജലം കൂട്ടിമുട്ടുകയും അവരെല്ലാം അതില്‍ മുങ്ങിനശിക്കുകയും ചെയ്തു. അങ്ങനെ ഫിഔനിന്റെ കഠിനയാതനകളില്‍ നിന്ന് മൂസാ നബി عليه السلام മുഖേന ഇസ്‌റാഈല്യര്‍ക്ക് മോചനം ലഭിച്ചു.
മൂസാ നബി عليه السلام യുടെ കാലത്തെ ജാലവിദ്യക്കാർ
അല്ലാഹുവിങ്കൽ നിന്നുള്ള ധാരാളം ദൃഷ്ടാന്തങ്ങളുമായി മൂസാ നബി عليه السلام യും സഹോദരൻ ഹാറൂൻ നബി عليه السلام യും അക്രമിയായ ഭരണാധികാരിയായ ഫിർഔനിന്റെ അടുക്കൽ വന്ന് ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണമെന്നും നീ അവരെ പീഢിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ ദൂതൻമാരാണ് എന്നതിന്റെ തെളിവായി വിവിധങ്ങളായ ദൃഷ്ടാന്തങ്ങൾ മൂസാ നബി عليه السلام ഫിർഔനിന് കാണിച്ചു കൊടുത്തു. ഫിർഔൻ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, മൂസാ നബി عليه السلام കാണിച്ച ദൃഷ്ടാന്തങ്ങളെല്ലാം ജാലവിദ്യയാണെന്നും, അതുപോലെയുള്ള ജാലവിദ്യ ഞങ്ങളും കാണിച്ചുതരാമെന്നും പ്രഖ്യാപിച്ചു. ഒരു മത്സരത്തിന് മൂസാ നബി عليه السلام യെ വെല്ലുവിളിക്കുകയും ചെയ്തു.
അങ്ങനെ ഫിർഔനിന്റെ വെല്ലുവിളി മൂസാ നബി عليه السلام ഏറ്റെടുത്തു. നാട്ടിലെ അടുത്ത പൊതു ഉല്‍സവദിവസം, പൂര്‍വ്വാഹ്നസമയം അഥവാ ആളുകളല്ലാം ഒത്തുകൂടുന്ന ദിവസത്തിലും സമയത്തിലും സ്ഥലത്തും മൽസരം നടത്താമെന്നു ഇരുകൂട്ടരും തീരുമാനിച്ചു. ഫിര്‍ഔന്‍, സമര്‍ത്ഥന്‍മാരായ ജാലവിദ്യക്കാരെ കഴിയുന്നത്ര ശേഖരിച്ചു. ജാലവിദ്യകള്‍ക്ക് വളരെ പ്രചാരമുള്ള കാലമായിരുന്നു അത്. കാണികളായി അനേകം ജനങ്ങളും വിളിച്ചു കൂട്ടപ്പെട്ടു. മാത്രമല്ല, ജാലവിദ്യക്കാർക്ക് വമ്പിച്ച പ്രതിഫലങ്ങളും ഓഫറുകളും നിശ്ചയിച്ചു.
അങ്ങനെ മൽസരം ആരംഭിച്ചു.ജാലവിദ്യക്കാര്‍ തങ്ങളുടെ സാമഗ്രികള്‍ നിലത്തിട്ടപ്പോള്‍ അവ ജനദൃഷ്‌ടിയില്‍ പാമ്പുകളായി തോന്നി. ആളുകൾ അതു കണ്ട് ഭയപ്പെടുകയും ചെയ്തു. തുടർന്ന് അല്ലാഹുവിന്റെ കൽപ്പന പ്രകാരം, മൂസാ നബി عليه السلام തന്റെ വടി നിലത്തിട്ടു. അത് ഇടേണ്ട താമസം അത് സർപ്പമായി മാറി. അത് നേരത്തെ ജാലവിദ്യക്കാരുടെ മായാജാലം പോലെ പാമ്പായി ആളുകൾക്ക് തോന്നുകയല്ല, യഥാർത്ഥ പാമ്പായി മാറുകയാണ് ചെയ്തത്. മാത്രമല്ല, ജാലവിദ്യക്കാര്‍ ജനങ്ങളെ പകിട്ടാക്കി കാണിച്ച വ്യാജപ്പാമ്പുകളെ അത് വീഴുങ്ങുകയും ചെയ്തു. ഇതു കണ്ടപ്പോള്‍, മൂസാ നബി عليه السلام കാണിച്ചത് ജാലവിദ്യയല്ലെന്നും അല്ലാഹുവിങ്കൽ നിന്നുള്ള ദിവ്യദൃഷ്ടാന്തം തന്നെയാണെന്നും അവർക്ക് ബോധ്യപ്പെട്ടു. അവര്‍ പരാജയം സമ്മതിച്ചുവെന്ന് മാത്രമല്ല, അവർ ലോകരക്ഷിതാവായ അല്ലാഹുവിലും അവന്റെ റസൂലായ മൂസാ നബി عليه السلام യിലും വിശ്വസിക്കുകയും ചെയ്‌തു.
قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ﴿٤٣﴾ فَأَلْقَوْا۟ حِبَالَهُمْ وَعِصِيَّهُمْ وَقَالُوا۟ بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ ٱلْغَٰلِبُونَ ﴿٤٤﴾ فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ﴿٤٥﴾ فَأُلْقِىَ ٱلسَّحَرَةُ سَٰجِدِينَ ﴿٤٦﴾ قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ ﴿٤٧﴾ رَبِّ مُوسَىٰ وَهَٰرُونَ ﴿٤٨﴾
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക. അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍. അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു. അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍. (ഖു൪ആന്‍:26/43-48)
അതിനെ തുടർന്ന് ഫിർഔനിന്റെ അടുക്കൽ നിന്ന് ശക്തമായ രീതിയിൽ ഭീഷണി ഉണ്ടായി.
قَالَ فِرْعَوْنُ ءَامَنتُم بِهِۦ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّ هَٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُوا۟ مِنْهَآ أَهْلَهَا ۖ فَسَوْفَ تَعْلَمُونَ ﴿١٢٣﴾ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ ﴿١٢٤﴾
ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച. (ഖുർആൻ:7/123-124)
എന്നാല്‍, സത്യവിശ്വാസത്തില്‍ ഉറച്ചുകഴിഞ്ഞ അവര്‍ ഫിർഔനിന്റെ ഭീഷണിയെ വിലവെച്ചില്ല. അല്ലാഹുവിലുള്ള ശരിയായ വിശ്വാസത്തിലൂടെ അവർക്ക് നിര്‍ഭയത്വം ലഭിച്ചു. അവർ ഫിര്‍ഔനിന് നല്‍കിയ മറുപടിയില്‍ നിന്ന് ഇത് വ്യക്തമാണ്.
قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴿١٢٥﴾ وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦﴾
അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ. (ഖുർആൻ:7/125-126)
قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ ﴿٧٢﴾ إِنَّآ ءَامَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَٰيَٰنَا وَمَآ أَكْرَهْتَنَا عَلَيْهِ مِنَ ٱلسِّحْرِ ۗ وَٱللَّهُ خَيْرٌ وَأَبْقَىٰٓ ﴿٧٣﴾
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച് കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും. (ഖുർആൻ:20/72-73)
മുഹമ്മദ് നബി صلى الله عليه وسلم
മുഹമ്മദ് നബി ﷺ യും അബൂബക്കർ رَضِيَ اللَّهُ عَنْهُ വും കൂടി മദീനയിലേക്ക് ഹിജ്റ പോകുന്നതിനായി രാത്രിയില്‍ പുറപ്പെട്ട് ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരുന്നു. ഈ സന്ദ൪ഭത്തില്‍ അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത് എത്തുന്നു. ഗുഹയില്‍നിന്ന് ശത്രുവിന്റെ കാല്‍ ഗുഹാമുഖത്ത് ഇരുവരും കാണുന്നുണ്ട്! ഈ സന്ദര്‍ഭത്തില്‍ നബി ﷺ യോട് അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, അവരില്‍ ആരെങ്കിലും തന്റെ ദൃഷ്ടി താഴ്ത്തിയാല്‍ നമ്മെ കാണുകയില്ലേ?’ അപ്പോൾ നബി ﷺ പറഞ്ഞു: ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്.
حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا. قَالَ “ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ”.
അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട് ഇപ്രകാരം പറഞ്ഞതായി അനസ് رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്? (ബുഖാരി:4663)
إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:9/40)
ഗുഹാമുഖത്ത് ചെന്ന് എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടാതെ അത്ഭുതകരമാം വണ്ണം അല്ലാഹു അവരെ രക്ഷപ്പെടുത്തി.
മറ്റൊരു സന്ദർഭം കാണുക:
أَنَّ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ أَخْبَرَهُ أَنَّهُ، غَزَا مَعَ النَّبِيِّ صلى الله عليه وسلم فَأَدْرَكَتْهُمُ الْقَائِلَةُ فِي وَادٍ كَثِيرِ الْعِضَاهِ، فَتَفَرَّقَ النَّاسُ فِي الْعِضَاهِ يَسْتَظِلُّونَ بِالشَّجَرِ، فَنَزَلَ النَّبِيُّ صلى الله عليه وسلم تَحْتَ شَجَرَةٍ فَعَلَّقَ بِهَا سَيْفَهُ ثُمَّ نَامَ، فَاسْتَيْقَظَ وَعِنْدَهُ رَجُلٌ وَهْوَ لاَ يَشْعُرُ بِهِ. فَقَالَ النَّبِيُّ صلى الله عليه وسلم ” إِنَّ هَذَا اخْتَرَطَ سَيْفِي ”. فَقَالَ مَنْ يَمْنَعُكَ قُلْتُ ” اللَّهُ ”. فَشَامَ السَّيْفَ، فَهَا هُوَ ذَا جَالِسٌ، ثُمَّ لَمْ يُعَاقِبْهُ.
ജാബിറുബ്നു അബ്ദില്ല رضى الله عنهما വില്‍ നിന്ന് നിവേദനം: അദ്ധേഹം നബി ﷺ യോടൊപ്പം യുദ്ധം ചെയ്യുകയുണ്ടായി. ജനങ്ങള്‍ പകലിന്റ മധ്യത്തില്‍ വിശ്രമിക്കാനായി വലിയ മുള്ളുകളുള്ള മരത്തണലിലേക്ക് പോകുകയുണ്ടായി. അതുപോലെ നബി ﷺ യും ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനായി പോകുകയും വാള്‍ ആ മരത്തില്‍ തൂക്കിയിടുകയും ചെയ്ത് അവിടുന്ന് ഉറങ്ങുകയും ചെയ്ത. അങ്ങനെ ഉണ൪ന്നപ്പോള്‍ അരികിലതാ ഒരാള്‍ നില്‍ക്കുന്നു. നബി ﷺ അത് അറിഞ്ഞില്ല. അവിടുന്ന് പറഞ്ഞു: അയാളെന്റെ വാള്‍ ഊരിയെടുത്ത് ചോദിച്ചു: ആരാണ് നിന്നെ തടയുക? ഞാന്‍ പറഞ്ഞു: അല്ലാഹു. അപ്പോള്‍ അദ്ദേഹം വാള്‍ ഉറയില്‍ തന്നെയിട്ട് അവിടുത്തെ മുന്നിലിരിക്കുകയും ചെയ്തു. പക്ഷേ അവിടുന്ന് അദ്ദേഹത്തെ ശിക്ഷിച്ചില്ല. (ബുഖാരി :2913)