വിശുദ്ധ ഖുർആനിലെ 103 ാ മത്തെ സൂറത്താണ് سورة العصر (സൂറ: അസ്വ്ർ). മൂന്ന് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. عصر എന്നാൽ ‘കാലം’ എന്നാണർത്ഥം. കാലത്തെ കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ സൂറത്തിൻ്റെ ആരംഭിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്. ഈ സൂറത്ത് നൽകുന്ന ചില പാഠങ്ങളും സന്ദേശങ്ങളും താഴെ സൂചിപ്പിക്കുന്നു.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
وَٱلْعَصْرِ ﴿١﴾ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ﴿٢﴾ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴿٣﴾
കാലം തന്നെയാണ് സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (3) (ഖുർആൻ:103/1-3)
ഒന്നാമതായി, വിശുദ്ധ ഖുർആനിലെ അതിമഹത്തായ ഒരു സൂറാത്താണ് سورة العصر
كان الرَّجُلانِ من أصحابِ النبيِّ إذا التَقَيا لمْ يَفْتَرِقا حتى يقرأَ أحدُهُما على الآخَرِ: (والعَصْرِ إِنَّ الإنسانَ لَفي خُسْرٍ)، ثُمَّ يُسَلِّمَ أحدُهُما على الآخَرِ
നബി ﷺ യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ സൂറത്തുല്‍ അസ്വ്ർ ആദ്യന്തം ഓതി കേള്‍പ്പിക്കാതെ അവര്‍ പിരിഞ്ഞു പോകാറില്ല. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് സലാം ചൊല്ലി (പിരിഞ്ഞ്) പോകും. (സിൽസിലത്തു സ്വഹീഹ)
قال الشافعي رحمه الله : لو تدبر الناس هذه السورة ، لوسعتهم
ഇമാം ശാഫീ رحمه الله പറഞ്ഞു: ഈ സൂറത്തല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും അവർക്ക് ഇത് മതിയാകുമായിരുന്നു.
രണ്ടാമതായി, കാലത്തെ കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. കാലം എന്ന വാക്ക് കഴിഞ്ഞുപോയ കാലത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നു. കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിക്കാനും ഉപയോഗിക്കുന്നു. അതില്‍ വര്‍ത്തമാനകാലം ഒരു ദീര്‍ഘവേളയുടെ പേരായിരിക്കുകയില്ല. ഓരോ നിമിഷവും പിന്നിട്ട് ഭൂതകാലമായി മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷവും വന്ന് ഭാവിയെ വര്‍ത്തമാനവും വര്‍ത്തമാനത്തെ ഭൂതവുമാക്കിക്കൊണ്ടിരിക്കുകയാണ്.
നല്ലതോ ചീത്തയോ, ചെറുതോ വലുതോ, സാധാരണമോ അസാധാരണമോ, സന്തോഷകരമോ, സന്താപകരമോ ഏതായിരുന്നാലും ശരി, ലോകലോകങ്ങളില്‍ നടമാടികൊണ്ടിരിക്കുന്ന എണ്ണമറ്റ സംഭവങ്ങളെല്ലാം തന്നെ കാലത്തിന്റെ കണ്ണികളില്‍ ഒതുങ്ങി നില്‍ക്കുന്നവയത്രെ. കാലം സാക്ഷിയാവാത്ത കാര്യങ്ങളോ, കാരണങ്ങളോ, ചരിത്രങ്ങളോ ഇല്ല.
أقسم تعالى بالعصر، الذي هو الليل والنهار، محل أفعال العباد وأعمالهم
കാലത്തെ കൊണ്ടാണ് അല്ലാഹു ഇവിടെ സത്യം ചെയ്യുന്നത്. കാലമെന്നാല്‍ രാത്രിയും പകലുമാണ്. അതായത്, അടിമകളുടെ കര്‍മങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വേദി. (തഫ്സീറുസ്സഅദി)
വിശുദ്ധ ഖുർആനിൽ അല്ലാഹു സത്യം ചെയ്തു പറയുന്നുവെങ്കിൽ അതിനെ തുടർന്ന് ഗൗരവപരമായ എന്തെങ്കിലും വിിഷയം ഉണർത്തുന്നുണ്ട്. ഇവിടെയും അത് കാണാം.
മൂന്നാമതായി, മനുഷ്യരെല്ലാം നഷ്ടത്തില്‍ തന്നെയാകുന്നുവെന്ന് സൂചിപ്പിക്കുന്നു. ഭൗതിക നേട്ടങ്ങളിലോ, ഐഹിക വ്യാപാരങ്ങളിലോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളിലോ, സുഖാഡംബരങ്ങളിലോ നേരിട്ടേക്കുന്ന നഷ്ടമല്ല ഇവിടെ ഉദ്ദേശിക്കുന്ന നഷ്ടം. അല്ലാഹു ഉദ്ദേശിച്ച നഷ്ടം പരലോകത്തെ നഷ്ടമാണ്.
أن كل إنسان خاسر، والخاسر ضد الرابح. والخسار مراتب متعددة متفاوتة: قد يكون خسارًا مطلقًا، كحال من خسر الدنيا والآخرة، وفاته النعيم، واستحق الجحيم. وقد يكون خاسرًا من بعض الوجوه دون بعض، ولهذا عمم الله الخسار لكل إنسان، إلا من اتصف بأربع صفات:
തീര്‍ച്ചയായും എല്ലാ മനുഷ്യരും നഷ്ടക്കാരാണ്. ‘നഷ്ടക്കാരന്‍’ എന്നത് ‘ലാഭിച്ചവന്‍’ എന്നതിന്റെ വിപരീതമാണ്. നഷ്ടത്തിന് ഏറ്റക്കുറവുകളുള്ള വ്യത്യസ്ത സ്ഥാനങ്ങളുണ്ട്. ചിലപ്പോള്‍ അത് സമ്പൂര്‍ണമായ നഷ്ടമായിരിക്കും. അതായത് ഇഹലോകവും പരലോകവും നഷ്ടപ്പെടുകയും പരലോകത്ത് ശാശ്വത സ്വര്‍ഗം നഷ്ടപ്പെട്ട് നരകാവകാശിയായി തീരുകയും ചെയ്യുക. ചിലപ്പോള്‍ അത് ഭാഗികമായ നഷ്ടമായിരിക്കും. അതുകൊണ്ടാണ് ഈ നഷ്ടത്തെ എല്ലാവരിലേക്കും ചേര്‍ത്തു പറഞ്ഞത്. അതില്‍ നിന്ന് ഒഴിവാകുന്നത് നാലു ഗുണങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. (തഫ്സീറുസ്സഅദി)
നാലാമതായി, നഷ്ടത്തില്‍നിന്നു മുക്തരാകുന്നവര്‍ നാല് ഗുണങ്ങളാര്‍ജിച്ചവര്‍ മാത്രമാണെന്ന് അറിയിക്കുന്നു. (1) സത്യവിശ്വാസം, (2) സല്‍ക്കര്‍മം, (3) തമ്മില്‍തമ്മില്‍ സത്യം ഉപദേശിക്കുക, (4) തമ്മില്‍തമ്മില്‍ ക്ഷമ ഉപദേശിക്കുക എന്നിവയാണ് ആ നാല് ഗുണങ്ങള്‍.
സത്യവിശ്വാസം എന്നാൽ അല്ലാഹുവിലും, അവന്റെ പ്രവാചകന്മാരിലും, വേദഗ്രന്ഥങ്ങളിലും, അന്ത്യനാള്‍ തുടങ്ങിയ കാര്യങ്ങളിലുമുള്ള വിശ്വാസമാണ്. വിശ്വാസം നാമമാത്രമായാല്‍ പോരാ, ദൃഢമായതും, സല്‍കര്‍മ്മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതുമായിരിക്കണം.
قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴿١٥﴾
ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (ഖുർആൻ:49/14-15)
الإيمان بما أمر الله بالإيمان به، ولا يكون الإيمان بدون العلم، فهو فرع عنه لا يتم إلا به.
അല്ലാഹു വിശ്വസിക്കാന്‍ കല്‍പിച്ചതിലെല്ലാം വിശ്വസിക്കുക, അറിവില്ലാതെ അത് പൂര്‍ണമാവില്ല. വിശ്വാസത്തിന്റെ പൂര്‍ണതക്ക് ആവശ്യമായ ഒരു ഘടകം തന്നെയാണ് അറിവ്. (തഫ്സീറുസ്സഅദി)
സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ നാനാതുറകളിലും അനുസരിക്കപ്പെടേണ്ടതുള്ള നിയമ നിര്‍ദേശങ്ങള്‍ അനുഷ്ഠിച്ച് കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സല്‍കര്‍മ്മം പ്രവര്‍ത്തിക്കലിൽ ഉള്‍പ്പെടുന്നു. സത്യവിശ്വാസം സ്വീകരിച്ച് ഇഖ്ലാസോടെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നി൪വ്വഹിക്കുന്ന ക൪മ്മങ്ങളാണ് സല്‍ക൪മ്മങ്ങളാകുന്നത്.
والعمل الصالح، وهذا شامل لأفعال الخير كلها، الظاهرة والباطنة، المتعلقة بحق الله وحق عباده ، الواجبة والمستحبة.
സല്‍ക്കര്‍മങ്ങള്‍ എന്നാല്‍ ഐച്ഛികവും നിര്‍ബന്ധവുമായ, മനുഷ്യരോടും അല്ലാഹുവിനോടുമുള്ള എല്ലാവിധ കടമകളും പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നതാണ്. (തഫ്സീറുസ്സഅദി)
സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മാത്രം പോരാ. അതുകൊണ്ട് വസ്വിയ്യത്ത് ചെയ്യണം. നൻമ കൽപ്പിക്കലും തിൻമ തടയലും മുസ്ലിംകളുടെ പൊതുകടമയാണെന്ന കാര്യം ഇവിടെ സ്മരണീയമാകുന്നു. വ്യക്തിപരമെന്നോ, സാമൂഹ്യമെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച് ഇത് നിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനാകുന്നു.
والتواصي بالحق، الذي هو الإيمان والعمل الصالح، أي: يوصي بعضهم بعضًا بذلك، ويحثه عليه، ويرغبه فيه.
സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസവും സല്‍പ്രവര്‍ത്തനവുമാണ്. അതായത് അതുകൊണ്ട് പരസ്പരം ഉപദേശിക്കുകയും അതിനു പ്രേരിപ്പിക്കുകയും അതില്‍ താല്‍പര്യമുണ്ടാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅദി)
സത്യവിശ്വാസവും സൽകർമ്മങ്ങളും കൊണ്ട് വസ്വിയ്യത്ത് ചെയ്യുമ്പോള്‍ അതിനെതിരില്‍ നേരിട്ടേക്കാവുന്ന എതിര്‍പ്പുകളെയും, വിഷമങ്ങളെയും ക്ഷമയോടെ സഹിക്കണം.
والتواصي بالصبر على طاعة الله، وعن معصية الله، وعلى أقدار الله المؤلمة.
ക്ഷമ കൈക്കൊള്ളേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് എതിരു പ്രവര്‍ത്തിക്കാതിരിക്കുന്നതിലും അവന്റെ വിധിയുടെ ഭാഗമായി സംഭവിക്കുന്ന പ്രയാസങ്ങളിലുമാണ്. (തഫ്സീറുസ്സഅദി)
فبالأمرين الأولين، يكمل الإنسان نفسه، وبالأمرين الأخيرين يكمل غيره، وبتكميل الأمور الأربعة، يكون الإنسان قد سلم من الخسار، وفاز بالربح [العظيم].
ഇതില്‍(മേൽ പറഞ്ഞ നാല് ഗുണങ്ങളിൽ) ആദ്യത്തെ രണ്ടു കാര്യങ്ങള്‍ മനുഷ്യനെ സ്വയം സമ്പൂര്‍ണനാക്കാനുതകുന്നതും പിന്നീടുള്ള രണ്ടു കാര്യങ്ങള്‍ മറ്റുള്ളവരെ പൂര്‍ണതയിലേക്ക് നയിക്കാനുള്ളതുമാണ്. നാല് കാര്യങ്ങളുടെയും പൂര്‍ത്തീകരണത്തിലൂടെ നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും മഹത്തായ വിജയം കരസ്ഥമാക്കുകയും ചെയ്യും. (തഫ്സീറുസ്സഅദി)