സകാത്തിന്റെ അവകാശികൾ

THADHKIRAH

സകാത്തിന്റെ അവകാശികളായി  ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത് എട്ട് വിഭാഗം ആളുകളെയാണ്.  ഈ ആളുകൾക്ക് മാത്രമേ സകാത്ത് കൊടുക്കാൻ പാടുള്ളൂ. ഇതിൽ ഉള്‍പ്പെടാത്തവര്‍ക്ക്‌ സകാത്ത് കൊടുക്കുവാന്‍ പാടില്ല. ഈ എട്ട് വിഭാഗം ആരൊക്കെയാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/60)

 الصَّدَقَاتُ (ദാനധര്‍മ്മങ്ങള്‍) എന്ന വാക്കില്‍ എല്ലാവിധ ദാനധര്‍മങ്ങളും ഉള്‍പ്പെടുമെങ്കിലും നിര്‍ബന്ധ ദാനമായ സകാത്താണ്‌ ഇവിടെ ഉദ്ദേശ്യം.

يقول تعالى‏:‏ ‏{‏إِنَّمَا الصَّدَقَاتُ‏}‏ أي‏:‏ الزكوات الواجبة، بدليل أن الصدقة المستحبة لكل أحد، لا يخص بها أحد دون أحد‏.‏

അല്ലാഹു പറയുന്നു:{ദാനധര്‍മ്മങ്ങള്‍}‏ അതായത്: നിർബന്ധമായ സകാത്തുകൾ ആണ്. കാരണം അല്ലാത്ത ഐച്ഛികമായ സ്വദഖകൾ ആർക്ക് വേണമെങ്കിലും നൽകാമല്ലോ. അവ ഇന്നയാൾക്ക് ഇന്നയാൾക്ക് എന്നിങ്ങനെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ല. (തഫ്സീറുസ്സഅദി)

1. الْفُقَرَاء (ഫഖീറുകള്‍ – ദരിദ്രന്‍മാര്‍)

സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍. ജീവിതാവശ്യങ്ങള്‍ക്ക്‌ യാതൊരു മാര്‍ഗവുമില്ലാതെ അന്യരെ ആശ്രയിക്കേണ്ടിവരുന്നവരാണവൻ. അല്ലാഹു പറയുന്നു:

لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ

സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ഫഖീറുകള്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). (ഖു൪ആന്‍:59/8)

മുഹാജിറുകളിലെ ഫഖീറുമാരെ കുറിച്ചാണ് ഈ വചനത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ വീടും പറമ്പുമില്ലാത്ത, കടുത്ത ദരിദ്രന്മാരാണ്. ഇപ്രകാരം പ്രയാസം അനുഭവിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഫഖീറുമാര്‍.

2. الْمَسَاكِين (മിസ്‌കീനുകള്‍ – പാവങ്ങള്‍ അഥവാ സാധുക്കള്‍)

ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. അല്‍പമൊക്കെ വഴിയുണ്ടെങ്കിലും അതുകൊണ്ട്‌ തികയാതെ വരുന്നവനാണ് മിസ്‌കീൻ.

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا

എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും മിസ്‌കീനുകളുടേതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. (ഖു൪ആന്‍:18/79)

ഖളിര്‍ عليه السلام കേട് വരുത്തിയ കപ്പലിന്റെ അവകാശികള്‍ മിസ്‌കീന്മാരാണ് എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അഥവാ അവര്‍ കപ്പലിന്റെ ഉടമകള്‍ തന്നെയാണ്. എന്നാല്‍ അത് മുഖേന ധന്യരാകാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ട് നയിക്കുവാന്‍ പ്രയാസമനുഭവിക്കുന്നരാണവര്‍.

ഫഖീറിന്‍റെ ദരിദ്രാവസ്ഥ പുറമെയുള്ളവര്‍ക്ക്‌ കണ്ടറിയുവാന്‍ കഴിയും. അവനത്‌ മൂടിവെക്കുകയില്ല. മിസ്‌കീനാവട്ടെ, തന്‍റെ സ്ഥിതി പുറമെയുള്ളവരെ അറിയിക്കാത്തവിധം മൂടിവെച്ചുകൊണ്ട്‌ മാനവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لَيْسَ الْمِسْكِينُ بِالَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَاللُّقْمَتَانِ إِنَّمَا الْمِسْكِينُ الْمُتَعَفِّفُ اقْرَءُوا إِنْ شِئْتُمْ ‏{لاَ يَسْأَلُونَ النَّاسَ إِلْحَافًا‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ‏}‏ ‏അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല.‏{‏ (ഖു൪ആന്‍ :2/273)    ( മുസ്‌ലിം:1039)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ‏”‏ ‏.‏ قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല  മിസ്കീൻ’. അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് മിസ്കീൻ?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് മിസ്കീൻ’. (മുസ്‌ലിം:1039)

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ تَحِلُّ الصَّدَقَةُ لِغَنِيٍّ وَلاَ لِذِي مِرَّةٍ سَوِيٍّ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനികന്നാകട്ടെ, ശരിയായ ശരീരശേഷി (അദ്ധ്വാനിക്കുവാനുള്ള കഴിവ്‌) ഉള്ളവന്നാകട്ടെ, ഈ ധര്‍മം അനുവദനീയമാകുകയില്ല. (നസാഇ:2597)

عَنْ عُبَيْدِ اللَّهِ بْنِ عَدِيِّ بْنِ الْخِيَارِ، قَالَ أَخْبَرَنِي رَجُلاَنِ، أَنَّهُمَا أَتَيَا النَّبِيَّ صلى الله عليه وسلم فِي حَجَّةِ الْوَدَاعِ وَهُوَ يَقْسِمُ الصَّدَقَةَ فَسَأَلاَهُ مِنْهَا فَرَفَعَ فِينَا الْبَصَرَ وَخَفَضَهُ فَرَآنَا جَلْدَيْنِ فَقَالَ ‏ “‏ إِنْ شِئْتُمَا أَعْطَيْتُكُمَا وَلاَ حَظَّ فِيهَا لِغَنِيٍّ وَلاَ لِقَوِيٍّ مُكْتَسِبٍ ‏”‏ ‏.‏

ഉബൈദുല്ലാഹിബ്‌നു അദിയ്യ്‌ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: രണ്ടാളുകള്‍ എന്നോട്‌ ഇങ്ങിനെ പറഞ്ഞു: അവര്‍ രണ്ടുപേരും ധര്‍മത്തില്‍ നിന്ന്‌ വല്ലതും ചോദിച്ചുകൊണ്ട്‌ നബി ﷺ യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, നബി ﷺ അവരെ തിരിച്ചും മറിച്ചും നോക്കി. രണ്ടാളും ശരീരബലമുള്ളവരായി അവിടുന്ന്‌ കണ്ടു. എന്നിട്ട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഞാന്‍ നല്‍കാം. ധനികനാകട്ടെ, ജോലിയെടുക്കുവാന്‍ കഴിവുളളവനാകട്ടെ ഇതില്‍ ഓഹരിയില്ല.’ (അബൂദാവൂദ്: 1633-  സ്വഹീഹ് അൽബാനി)

3) الْعَامِلِين عَلَيْهَا (സകാത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍)

സകാത്തിന്‍റെ ശേഖരണ വിതരണാദി കാര്യങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.അവരെ ഭരണകൂടം അതിനായി അധികാരപ്പെടുത്തിയതാകുന്നു.

عَنِ ابْنِ السَّاعِدِيِّ، قَالَ اسْتَعْمَلَنِي عُمَرُ – رضى الله عنه – عَلَى الصَّدَقَةِ فَلَمَّا فَرَغْتُ مِنْهَا وَأَدَّيْتُهَا إِلَيْهِ أَمَرَ لِي بِعُمَالَةٍ فَقُلْتُ إِنَّمَا عَمِلْتُ لِلَّهِ وَأَجْرِي عَلَى اللَّهِ ‏.‏ قَالَ خُذْ مَا أُعْطِيتَ فَإِنِّي قَدْ عَمِلْتُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَعَمَّلَنِي فَقُلْتُ مِثْلَ قَوْلِكَ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا أُعْطِيتَ شَيْئًا مِنْ غَيْرِ أَنْ تَسْأَلَهُ فَكُلْ وَتَصَدَّقْ ‏”‏ ‏.‏

ഇബ്‌നുസ്സഅ്‌ദില്‍ മാലികീ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമര്‍ رَضِيَ اللَّهُ عَنْهُ എന്നെ സദക്വയുടെ കാര്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ നിയമിച്ചു. പ്രവൃത്തികഴിഞ്ഞു അതെല്ലാം ഞാന്‍ അദ്ദേഹത്തിന്‍റെ വശം ഏല്‍പിച്ചു കൊടുത്തു. അപ്പോള്‍, അദ്ദേഹം എനിക്ക്‌ ഒരു പ്രതിഫലം നല്‍കുവാന്‍ കല്‍പിച്ചു. ഞാന്‍ പറഞ്ഞു: `ഞാന്‍ അല്ലാഹുവിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചതാണ്‌.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: `തനിക്ക്‌ നല്‍കപ്പെട്ടത്‌ താന്‍ സ്വീകരിച്ചുകൊള്ളുക. നബി ﷺ യുടെ കാലത്ത്‌ അവിടുന്ന്‌ എന്നെ ഒരു പ്രവര്‍ത്തകനാക്കുകയുണ്ടായി. എന്നിട്ട്‌ എനിക്ക്‌ പ്രവര്‍ത്തനത്തിന്‌ പ്രതിഫലം തന്നു. താന്‍ പറഞ്ഞതുപോലെ ഞാനും പറഞ്ഞു.’ അപ്പോള്‍, നബി ﷺ പറഞ്ഞു: `താന്‍ ചോദിച്ചാവശ്യപ്പെടാതെ തനിക്ക്‌ വല്ലതും നല്‍കപ്പെട്ടാല്‍, അത്‌ തിന്നുക (ഉപയോഗിക്കുക)യും, ധര്‍മ്മം കൊടുക്കുകയും ചെയ്‌തുകൊള്ളുക.’ (അബൂദാവൂദ്:1647 – സ്വഹീഹ് അൽബാനി)

4) وَالْمُؤَلَّفَةِ قُلُوبُهُمْ (ഹൃദയം ഇണക്കപ്പെട്ടവര്‍)

ഈ വകുപ്പില്‍ മൂന്ന് വിധം ആളുകള്‍ ഉള്‍പ്പെടുന്നു. ഒരു വിഭാഗം; ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു.

ഹുനൈനിലെ ഗനീമത്ത്‌ സ്വത്തുക്കളില്‍ നിന്ന്‌ സ്വഫ്‌വാനുബ്‌നു ഉമയ്യ رَضِيَ اللَّهُ عَنْهُ വിന് നബി ﷺ ഒരു വന്‍ തുക നല്‍കുകയുണ്ടായത്‌ ഇതിനൊരു ഉദാഹരണമാണ്‌. മക്കാ വിജയത്തെത്തുടര്‍ന്നു അനേകം ആളുകള്‍ വന്ന്‌ ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍, തന്‍റെ കാര്യത്തില്‍ ആലോചിക്കുവാന്‍ അല്‍പകാലം ഒഴിവു നല്‍കണമെന്ന്‌ നബി ﷺ യോട്‌ പറഞ്ഞ്‌ ഒഴിവായ ഒരു ക്വുറൈശീ പ്രമാണിയായിരുന്നു അദ്ദേഹം. മുശ്‌രിക്കായിക്കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്‌: ‘ഹുനൈനിന്‍റെ ദിവസം എനിക്ക്‌ റസൂല്‍ തരുവാന്‍ തുടങ്ങുമ്പോള്‍ അവിടുന്ന്‌ എനിക്ക്‌ ജനങ്ങളില്‍വെച്ച്‌ ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങിനെ, തന്നു തന്ന്‌ മനുഷ്യരില്‍വെച്ചു എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ആളായിത്തീര്‍ന്നു അവിടുന്ന്‌. അദ്ദേഹം പിന്നീട്‌ ഇസ്‌ലാമിനെ അംഗീകരിച്ച്‌ നല്ല നിലയിലായിത്തീരുകയും ചെയ്‌തു.

മറ്റൊരു വിഭാഗം: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്‌. ഇവര്‍ക്ക്‌ വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കുവാന്‍ ഇത്‌ സഹായകമായിരിക്കും.

മക്കാവിജയത്തില്‍ പുതുതായി വിശ്വസിച്ച പലര്‍ക്കും ഹുനൈനില്‍വെച്ചു വലിയ തുകകള്‍ നബി ﷺ നല്‍കുകയുണ്ടായി. ഇങ്ങിനെയുള്ളവരെ ഇസ്‌ലാമുമായി ഇണക്കുവാന്‍ വേണ്ടിയാണതെന്ന്‌ നബി ﷺ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. വിശ്വാസം സ്വീകരിച്ചത് കാരണത്താല്‍ മറ്റു മുസ്ലിമീങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് ഇവര്‍

മൂന്നാമതൊരു വിഭാഗം: മറ്റു ചിലരെ ഇസ്‌ലാമിലേക്ക്‌ ആകര്‍ഷിക്കുവാന്‍ കാരണമായിത്തീരുമെന്നോ, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ വല്ലവരില്‍ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാന്‍ ഉപകരിക്കുമെന്നോ കാണപ്പെടുന്നവര്‍. ഇവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

5) وَفِي الرِّقَابِ (അടിമകളുടെ വിഷയത്തില്‍)

യജമാനന്‍മാര്‍ക്ക്‌ നിശ്ചിത സംഖ്യ കൊടുത്തു അടിമത്വത്തില്‍ നിന്ന്‌ മോചിതരാകുവാന്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളവര്‍ക്ക്‌ (മുകാതബു’കള്‍ക്ക്‌) അവരുടെ സംഖ്യ കൊടുത്തു തീര്‍ക്കുവാനും, അടിമകളെ വിലക്കുവാങ്ങി സ്വതന്ത്രരാക്കി വിടുവാനും ഈ വകുപ്പിന്‍റെ വിഹിതം ഉപയോഗിക്കാം. അടിമകളെ മോചിപ്പിച്ചു സ്വതന്ത്രരാക്കുന്നതില്‍ ഇസ്‌ലാമിനുള്ള അതീവ താല്‍പര്യവും, അതിന്‌ ഖുര്‍ആനും നബി  വചനങ്ങളും നിയമരൂപത്തിലും ഉപദേശരൂപത്തിലും നല്‍കിയിട്ടുള്ള പ്രോല്‍സാഹനങ്ങളും പ്രസിദ്ധമാണ്‌.

6) وَالْغَارِمِينَ (കടപ്പെട്ടവര്‍)

മറ്റുള്ളവര്‍ക്ക് കടം വീട്ടാനുണ്ടാവുകയും, എന്നാല്‍ വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കാണ് കടക്കാര്‍ എന്ന് പറയുക.

വ്യക്തിപരമോ, സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങിയോ, അന്യര്‍ക്കുവേണ്ടി ജാമ്യം ഏറ്റതുകൊണ്ടോ കടഭാരം താങ്ങേണ്ടി വരുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, തോന്നിയവാസങ്ങള്‍ക്കും, ദുര്‍ന്നടപ്പുകള്‍ക്കും വേണ്ടിയാണ്‌ കടപ്പെട്ടിരിക്കുന്നതെങ്കില്‍, അതില്‍ നിന്ന്‌ പശ്ചാത്തപിച്ചു മടങ്ങിയവര്‍ക്കേ നല്‍കാവൂ. അല്ലാത്തപക്ഷം അത്‌ ഇസ്‌ലാമിനെതിരെ സക്കാത്തിന്‍റെ ധനം ഉപയോഗിക്കലായിരിക്കുമല്ലോ.

عَنْ قَبِيصَةَ بْنِ، مُخَارِقٍ الْهِلاَلِيِّ قَالَ تَحَمَّلْتُ حَمَالَةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَسْأَلُهُ فِيهَا فَقَالَ ‏”‏ أَقِمْ حَتَّى تَأْتِيَنَا الصَّدَقَةُ فَنَأْمُرَ لَكَ بِهَا ‏”‏ ‏.‏ قَالَ ثُمَّ قَالَ ‏”‏ يَا قَبِيصَةُ إِنَّ الْمَسْأَلَةَ لاَ تَحِلُّ إِلاَّ لأَحَدِ ثَلاَثَةٍ رَجُلٍ تَحَمَّلَ حَمَالَةً فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَهَا ثُمَّ يُمْسِكُ وَرَجُلٍ أَصَابَتْهُ جَائِحَةٌ اجْتَاحَتْ مَالَهُ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – وَرَجُلٍ أَصَابَتْهُ فَاقَةٌ حَتَّى يَقُومَ ثَلاَثَةٌ مِنْ ذَوِي الْحِجَا مِنْ قَوْمِهِ لَقَدْ أَصَابَتْ فُلاَنًا فَاقَةٌ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – فَمَا سِوَاهُنَّ مِنَ الْمَسْأَلَةِ يَا قَبِيصَةُ سُحْتًا يَأْكُلُهَا صَاحِبُهَا سُحْتًا ‏”‏ ‏.‏

ക്വബീസ്വത്തുബ്‌നു മുഖാരിക്വ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  ഞാന്‍ ഒരു (കട) ഭാരം ഏറ്റെടുക്കുകയുണ്ടായി. ആ വിഷയത്തില്‍ (സഹായം) ചോദിച്ചു കൊണ്ട്‌ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍, തിരുമേനി പറഞ്ഞു; `ക്ഷമിക്കൂ. നമുക്ക്‌ സദക്വകള്‍ (ധര്‍മത്തിനുള്ള സ്വത്തുക്കള്‍) വരട്ടെ, അപ്പോള്‍ നാം അതില്‍ നിന്നു നിനക്ക്‌ കല്‍പിക്കാം.’ പിന്നീട്‌ നബി ﷺ പറഞ്ഞു: `ക്വബീസ്വാ, മൂന്നിലൊരു കൂട്ടര്‍ക്കല്ലാതെ ചോദിച്ചു വാങ്ങല്‍ അനുവദനീയമല്ല. അതായത്‌; വല്ല ഭാരവും ഏറ്റെടുത്ത മനുഷ്യന്‍. അവന്‌ അത്‌ ലഭിക്കുന്നതു വരെ ചോദിക്കല്‍ അനുവദനീയമാണ്‌. പിന്നീടവന്‍ നിറുത്തണം. വല്ല അത്യാപത്തും വന്നു ധനം നഷ്‌ടപ്പെട്ടുപോയവനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്‌ ചോദ്യം അനുവദനീയമാകുന്നു. സ്വന്തക്കാരായ ആളുകളില്‍ നിന്ന്‌ ബുദ്ധിമാന്‍മാരായ ഒരു മൂന്നാളുകള്‍ എഴുന്നേറ്റു പറയത്തക്ക (ശരിവെക്കത്തക്ക) വിധം ഇല്ലായ്‌മ (ദാരിദ്ര്യം) ബാധിച്ച മനുഷ്യനും. ജീവിതത്തില്‍ ഒരു നില്‍ക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്നും ചോദിക്കാം. ഇതല്ലാതെയുള്ള ചോദ്യം- ക്വബീസ്വാ- നിഷിദ്ധമാകുന്നു. അത്‌ ചെയ്യുന്നവന്‍ അത്‌(ചോദിച്ചു വാങ്ങുന്നത്‌) നിഷിദ്ധമായിക്കൊണ്ടു തിന്നുകയായിരിക്കും.’ (മുസ്ലിം:1044)

7)  في سَبِيلِ الَّله (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍)

ഇസ്‌ലാമിന്‌ വേണ്ടിയുള്ള ധര്‍മസമര സംബന്ധമായ കാര്യങ്ങളാണ്‌ ഈ വകുപ്പിലുള്ളത്.

8) اِبْن السَّبِيلِ (വഴിപോക്കര്‍)

വിഭവങ്ങൾ നഷ്ടമായവരോ തീർന്നവരോ ആയ വഴിയാത്രക്കാർക്കും അവരുടെ ദേശങ്ങളിലേക്ക് എത്താനായത് സകാത്തിൽ നിന്ന് നൽകാവുന്നതാണ്.

സ്വന്തം നാട്ടില്‍ നിന്നു വല്ല ആവശ്യാര്‍ഥവും വിദേശത്തു വരുകയും നിത്യവൃത്തിക്കും അത്യാവശ്യങ്ങള്‍ക്കും വേണ്ടുന്ന വക കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന എല്ലാവരും -അവരുടെ സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ കഴിവുണ്ടെങ്കില്‍പോലും ഇതില്‍ ഉള്‍പ്പെടുന്നു. ന്യായമായ വല്ല ആവശ്യത്തിനും വേണ്ടി യാത്രപോകേണ്ടി വരുകയും ചിലവിനുള്ള വക ഇല്ലാതിരിക്കുകയും ചെയ്യുന്നവരും അതുപോലെതന്നെ.

സകാത്ത്  ദരിദ്രരായ അമുസ്‌ലിംകൾക്ക് നൽകാൻ പറ്റുമോ?

അമുസ്‌ലിംകൾക്ക് സ്വദഖ (ഐച്ഛികമായ ദനധർമ്മങ്ങൾ) നൽകാം. അതിൽ പുണ്യവുമുണ്ട്. എന്നാൽ, സകാത്ത് (നിർബന്ധ ദാനം) അമുസ്‌ലിംകൾക്ക് നൽകാൻ പറ്റില്ല. സകാത്ത് മുസ്‌ലിംകളിലെ സമ്പന്നരിൽ നിന്നെടുത്ത് അവരിലെ ദരിദ്രർക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം:

فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ

അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. (ബുഖാരി:7372)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: സക്കാത്ത് കൊടുക്കേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നവർക്കാണ്. അല്ലാത്തവർക്ക് കൊടുക്കൽ അനിവാര്യമല്ല. കാരണം അല്ലാഹുവിനെ അനുസരിക്കുന്ന സത്യവിശ്വാസികൾക്ക് സഹായകമായിട്ടാണ് സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. നമസ്കരിക്കാത്ത ആവശ്യക്കാർക്ക്, അവർ പശ്ചാത്തപിച്ച് നമസ്കാരം നിലനിർത്തുന്നതുവരെ അവർക്ക് സക്കാത്ത് നൽകുവാൻ പാടില്ല.

Leave a Reply

Your email address will not be published.

Similar Posts