അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്.
ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ
അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.(ഖു൪ആന്‍ :29/45)
‘അല്ലാഹുവിനെ സ്മരിക്കൽ’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സ് കൊണ്ടും നാവ് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു.
മഹാനായ സ്വഹാബി മുആദ് ബിന്‍ ജബല്‍ (റ) നബി ﷺ യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു.
أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.(സില്‍സിലത്തു സ്വഹീഹ : 1836)
‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത് ?’ എന്ന് ഒരാള്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി:
ان تفارق الدنيا ولسانك رطب من ذكر الله
അല്ലാഹുവിന്റെ ദിക്ര്‍’ നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട് – നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ – നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു. (അഹ്’മദ്, തി൪മുദി)
ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു: പ്രായാധിക്യത്താല്‍ ദീനീ ക൪മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ എനിക്ക് മുറുകെ പിടിക്കുന്നതിനായി ഒരു കാര്യം പറഞ്ഞു തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു.
لاَ يَزَالُ لِسَانُكَ رَطْبًا بِذِكْرِ اللهِ تَعَالَى
അല്ലാഹുവിനെ റിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.’ (തി൪മിദി – ഈ സ്വദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി)
നാവ് കൊണ്ട് എളുപ്പം പറയാൻ കഴിയുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമായ ഒരു ദിക്റിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
سُبْحَانَ اللهِ وَبِحَمْدِهِ ، سُبْحَانَ اللهِ العَظِيمِ
സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. മഹത്വമുടയവനായ അല്ലാഹുവിനെ ഞാൻ വാഴ്ത്തുന്നു
عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കലിമത്തുകൾ, നാവിന് ഭാരമില്ലാത്തവയാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ്: ‘സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം’ എന്നിവയാണവ. (ബുഖാരി- മുസ്ലിം)
സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം എന്ന രണ്ട് കലിമത്തുകൾ നാവിന് ഭാരമില്ലാത്തവയാണ്. അതായത് ചൊല്ലാൻ വളരെ എളുപ്പമുള്ളതാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. അതായത് മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഖിയാമത്തുനാളിൽ തൂക്കി കണക്കാക്കപ്പെടുന്ന മീസാൻ എന്ന തുലാസ്സിൽ കനം തൂങ്ങുന്നതാണ് ഈ കലിമത്തുകൾ. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ് ഈ കലിമത്തുകൾ. അത് ചൊല്ലുന്നവർക്ക് അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കും.
അർത്ഥവും ആശയവും
سُبْحَانَ اللهِ وَبِحَمْدِهِ (സുബ്ഹാനല്ലാഹി വബിഹംദിഹി) എന്ന ഒന്നാമത്തെ കലിമത്തിന്റെ അർത്ഥം അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നാകുന്നു. سُبْحَانَ اللهِ العَظِيمِ (സുബ്ഹാനല്ലാഹിൽ അളീം) എന്ന രണ്ടാമത്തെ കലിമത്തിന്റെ അർത്ഥം മഹത്വമുടയവനായ അല്ലാഹുവിനെ ഞാൻ വാഴ്ത്തുന്നു എന്നാകുന്നു.
ഈ രണ്ട് കലിമത്തുകളിലൂടെ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുകയാണ് ചെയ്യുന്നത്. سُبحان الله (സുബ്ഹാനല്ലാഹ്) എന്നാല്‍ ‘അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു’ എന്നാണ൪ത്ഥം. ആകാശഭൂമികളുടെ സൃഷ്ടാവായ അല്ലാഹുവിനെ അവന് അനുയോജ്യമായ കാര്യങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കലും അവന് അനുയോജ്യമല്ലാത്ത എല്ലാത്തില്‍ നിന്നും അല്ലാഹു മുക്തനാണെന്ന് പ്രഖ്യാപിക്കലുമാണ് ‘സുബ്ഹാനല്ലാഹ്’ എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. അതായത് ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നത് അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ് അവന്‍ ഉന്നതനാണെന്ന് പ്രഖ്യാപിക്കലാണ്. അതോടൊപ്പം എല്ലാ പോരായ്മകളില്‍ നിന്നും, സൃഷ്ടികള്‍ അവന്റെമേല്‍ ജല്‍പ്പിച്ച് വെച്ചിട്ടുള്ള അവന് അനുയോജ്യമല്ലാത്ത എല്ലാത്തില്‍ നിന്നും അല്ലാഹു മുക്തനാണെന്ന് പ്രഖ്യാപിക്കലുമാണ്.
വിശുദ്ധ ഖു൪ആനില്‍ ‘സുബ്ഹാനല്ലാഹ്’ എന്ന് പറയുന്നിടത്തെല്ലാം ഒന്നുകില്‍ ആളുകള്‍ അല്ലാഹുവിന് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞത് നിഷേധിക്കലോ അല്ലെങ്കില്‍ അവന്റെ ഉന്നതമായ നാമഗുണങ്ങള്‍ പറഞ്ഞ് അവന്റെ മാഹാത്മ്യവും ഔന്നത്യവും സ്ഥാപിക്കലോ ആണ്.
ﺃَﻡْ ﻟَﻬُﻢْ ﺇِﻟَٰﻪٌ ﻏَﻴْﺮُ ٱﻟﻠَّﻪِ ۚ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.(ഖു൪ആന്‍ : 52/43)
ﻣَﺎ ﻛَﺎﻥَ ﻟِﻠَّﻪِ ﺃَﻥ ﻳَﺘَّﺨِﺬَ ﻣِﻦ ﻭَﻟَﺪٍ ۖ ﺳُﺒْﺤَٰﻨَﻪُۥٓ ۚ ﺇِﺫَا ﻗَﻀَﻰٰٓ ﺃَﻣْﺮًا ﻓَﺈِﻧَّﻤَﺎ ﻳَﻘُﻮﻝُ ﻟَﻪُۥ ﻛُﻦ ﻓَﻴَﻜُﻮﻥُ
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.(ഖു൪ആന്‍ :19/35)
ഇവിടെയെല്ലാം ആളുകള്‍ അല്ലാഹുവിന് അനുയോജ്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞത് നിഷേധിക്കുകയും അവന്‍ ഉന്നതനും മഹാനുമാണെന്ന് സ്ഥാപിക്കുകയുമാണ് ‘സുബ്ഹാനല്ലാഹ്’എന്ന വാക്കിലൂടെ ചെയ്തിട്ടുള്ളത്. അതേപോലെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തേയും കഴിവുകളേയും നാമഗുണങ്ങളേയും പറയുമ്പോഴും ‘സുബ്ഹാനല്ലാഹ്’എന്ന് വിശുദ്ധ ഖു൪ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ﻭَﻣَﺎ ﻗَﺪَﺭُﻭا۟ ٱﻟﻠَّﻪَ ﺣَﻖَّ ﻗَﺪْﺭِﻩِۦ ﻭَٱﻷَْﺭْﺽُ ﺟَﻤِﻴﻌًﺎ ﻗَﺒْﻀَﺘُﻪُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﻭَٱﻟﺴَّﻤَٰﻮَٰﺕُ ﻣَﻄْﻮِﻳَّٰﺖٌۢ ﺑِﻴَﻤِﻴﻨِﻪِۦ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. (ഖു൪ആന്‍ :39 / 67)
ശൈഖ് സുലൈമാൻ അൽ-റുഹൈലി -ഹഫിദഹുല്ലാഹ്- പറഞ്ഞു: നീ വെറുതെയിരിക്കുമ്പോൾ, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്,അല്ലാഹു അക്ബർ, സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അദ്വീം, സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹ് എന്നൊക്കെ പറയുന്നതിന് നിനക്ക് എന്ത് തടസ്സമാണുള്ളത്?!
നിന്നെ അതിൽ നിന്ന് തടയുന്നതെന്താണ്? നിനക്കും അതിനുമിടയിൽ മറ സൃഷ്ടിക്കുന്ന യാതൊന്നുമില്ല! നീ എഴുന്നേൽക്കേണ്ടതില്ല, അംഗശുദ്ധി വരുത്തേണ്ടതില്ല, യാതൊന്നിൻ്റെയും ആവശ്യമില്ല, വളരെ ആയാസരഹിതമായ കാര്യമാണത്.” (ശറ്ഹുൽ വസ്വിയ്യ : 153)
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റഹി)പറഞ്ഞു: ഞാൻ സ്ത്രീകളെ ഉപദേശിക്കുകയാണ്. നിങ്ങൾ ധാരാളമായി ഖുർആൻ പാരായണം ചെയ്യുക. ഇസ്തിഗ്ഫാറും തസ്ബീഹും തഹ്‌മീദും മറ്റു ദിക്‌റുകളും വർദ്ധിപ്പിക്കുക. എപ്പോഴും-
سُبْحَانَ اللَّهِ وبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ (സുബ്‌ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അദ്വീം) എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുക. കാരണം നബി ﷺ പറയുകയുണ്ടായി “രണ്ട് വാചകങ്ങളുണ്ട്. അവ പറയാൻ വളരെ എളുപ്പവും, മീസാനിൽ വളരെ അധികം കനം തൂങ്ങുന്നതും, റഹ്മാനായ അല്ലാഹുവിന് വളരെയധികം ഇഷ്‌ട്ടമുള്ളതും ആകുന്നു. “സുബ്‌ഹാനല്ലാഹി വബിഹംദിഹി, സുബ്‌ഹാനല്ലാഹിൽ അദ്വീമ് എന്നതാണ് അത്.”
عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ . غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ (സുബ്‌ഹാനല്ലാഹിൽ അളീമി വബിഹംദിഹി) എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (അഥവാ, അയാള്‍ സ്വര്‍ഗാവകാശിയായി തീരുന്നതാണ്) (തിർമിദി:3464 –സ്വഹീഹ് അൽബാനി)
സമയം നഷ്ടപ്പെടുത്താതെ ഓരോ നിമിഷങ്ങളും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തന്റെ മകനു നൽകുന്ന ഉപദേശത്തിനിടെ ഇബ്നുൽ ജൗസി(റഹി) പറയുന്നു : “ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട് : ‘ആരെങ്കിലും سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ എന്ന് പറഞ്ഞാൽ അത് കൊണ്ട് അവനു സ്വർഗ്ഗത്തിൽ ഒരു ഈന്തപ്പന നടപ്പെടും’. പാഴാക്കിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ എത്രയെത്ര ഈന്തപ്പനകളാണു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചു നോക്കൂ” ( لفتة الكبد إلى نصيحة الوالد – ص 40)