അക്രമം അരുത്

THADHKIRAH

അല്ലാഹു അവന്റെ അടിമകൾ അക്രമം പ്രവർത്തിക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്.

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم فِيمَا رَوَى عَنِ اللَّهِ، تَبَارَكَ وَتَعَالَى أَنَّهُ قَالَ ‏ :‏ يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا

അബൂദർറ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ ദാസന്മാരേ, ഞാന്‍ എന്റെ മേല്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാന്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുനു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്. (മുസ്‌ലിം:2577)

അല്ലാഹു അവനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

وَمَآ أَنَا۠ بِظَلَّٰمٍ لِّلْعَبِيدِ

ഞാന്‍ എന്‍റെ അടിമകളോട് അക്രമം കാണിക്കുന്നവനല്ല. (ഖു൪ആന്‍ : 50/29)

അക്രമം എന്ന് പറയുമ്പോൾ മറ്റൊരാളെ ശാരീരികമായി  ഉപദ്രവിക്കുന്നതിനെയാണ് പെട്ടെന്ന് ഓർമ്മ വരിക. എന്നാൽ അക്രമം എന്നാൽ അത് മാത്രമല്ല ഉൾപ്പെടുക. മാതാപിതാക്കളെ ദ്രോഹിക്കൽ, അയല്‍വാസികളുടെ സ്വസ്ഥത കെടുത്തൽ, കീഴിലുള്ളവരെ മാനസികമായി പീഡിപ്പിക്കൽ, അധികാരത്തിന്‍റെ മറവില്‍ ജനങ്ങളെ ദ്രോഹിക്കൽ, പണിയെടുപ്പിച്ച ശേഷം തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കൽ, സ്ത്രീധനത്തിന്‍റെയും മറ്റും പേരില്‍ സ്ത്രീകളെ പീഢിപ്പിക്കൽ, ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ മനപ്പൂർവ്വം വീഴ്ച വരുത്തൽ തുടങ്ങിയവയൊക്കെ അക്രമത്തിന്റെ ചില ഉദാഹരണങ്ങളാണ്. യാതൊരുവിധത്തിലുള്ള അക്രമത്തെയും ഇസ്‌ലാം അനുകൂലിക്കുന്നില്ല. വാക്ക്, പ്രവൃത്തി, സമ്പത്ത്, സ്വാധീനം എന്നിവകൊണ്ടൊന്നും ആരെയും ഉപദ്രവിച്ചുകൂടാ.

ശി൪ക്ക് ഏറ്റവും വലിയ അക്രമമാണെന്നതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)

ഇതില്‍ പറഞ്ഞ ‘അക്രമം’ ശി൪ക്കിനെ ഉദ്ദേശിച്ചാകുന്നു. അത് നബി ﷺ വിശദീകരിക്കുന്നത് കാണുക:

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا نَزَلَتِ ‏{‏الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ‏}‏ شَقَّ ذَلِكَ عَلَى الْمُسْلِمِينَ، فَقَالُوا يَا رَسُولَ اللَّهِ، أَيُّنَا لاَ يَظْلِمُ نَفْسَهُ قَالَ ‏”‏ لَيْسَ ذَلِكَ، إِنَّمَا هُوَ الشِّرْكُ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لاِبْنِهِ وَهْوَ يَعِظُهُ ‏{‏يَا بُنَىَّ لاَ تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ‏}‏‏”‏‏.‏

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ …… എന്ന ആയത്ത് അവതരിച്ചപ്പോള്‍ മുസ്ലിംകള്‍ അതില്‍ സംശയത്തിലായി. സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ നബി ﷺ മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. അത് ശി൪ക്കിനെ ഉദ്ദേശിച്ചാകുന്നു. ലുക്വ്മാന്റെ(അ) വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.” (ബുഖാരി:3429)

ﻭَﺇِﺫْ ﻗَﺎﻝَ ﻟُﻘْﻤَٰﻦُ ﻟِﭑﺑْﻨِﻪِۦ ﻭَﻫُﻮَ ﻳَﻌِﻈُﻪُۥ ﻳَٰﺒُﻨَﻰَّ ﻻَ ﺗُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ۖ ﺇِﻥَّ ٱﻟﺸِّﺮْﻙَ ﻟَﻈُﻠْﻢٌ ﻋَﻈِﻴﻢٌ

ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു. (ഖു൪ആന്‍ :31/13)

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.    (ഖു൪ആന്‍ : 5/72)

എല്ലാ തരം അക്രമങ്ങളെയും ഇസ്ലാം വിരോധിച്ചിട്ടുണ്ട്. അല്ലാഹുവിൽ പങ്ക് ചേര്‍ക്കുക വഴി അല്ലാഹുവിനോടും, ഉപദ്രവിക്കുക വഴി മനുഷ്യരോടും,  ജീവജാലങ്ങളോടും, സ്വന്തത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ വഴി തന്നോടു തന്നെയും മനുഷ്യന്‍ അക്രമം ചെയ്യുന്നുണ്ട്.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.(ഖു൪ആന്‍: 30/41)

അല്ലാഹുവിന് അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അക്രമം. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ

അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല. (ഖു൪ആന്‍ :3/57, 3/140)

وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ

ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.   (ഖു൪ആന്‍ :42/40)

ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾപോലും അതിര് കവിയൽ അക്രമമാണെന്നും ഈ വചനത്തിൽ സൂചനയുണ്ട്.

മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ; അതിൽ കവിയാൻ പാടില്ല. തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാണ്.( وَجَزَاءُ سَيِّئَةٍ سيِّئَةٌ مِثۡلُهَا) എന്ന് പറഞ്ഞതിന്റെ താല്പര്യം അതാണ്‌. (وَاِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُو قِبۡتُم بِهِ وَلَئِن صَبَرۡتُم لَهُوَخَيۡرٌ :١٢٦لِّلصَّابِرينَ-النحل: (നിങ്ങൾ പ്രതികാര നടപടി എടുക്കുകയാണെങ്കിൽ നിങ്ങളോട് എടുക്കപ്പെട്ട നടപടിപോലെയുള്ളത് കൊണ്ട് നടപടിയെടുക്കുവിൻ, നിങ്ങൾ ക്ഷമിക്കുന്നെങ്കിലോ, നിശ്ചയമായും അത് ക്ഷമിക്കുന്നവർക്ക് ഉത്തമമാകുന്നു. (സൂ :നഹ്ൽ ) فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْۚ وَٱتَّقُوا۟ اللَّهَ – البقرة : ١٩٤ (ആരെങ്കിലും നിങ്ങളോട് അതിര് വിട്ട് പ്രവർത്തിച്ചാൽ നിങ്ങളോടവൻ അതിരു വിട്ടതുപോലെയുള്ളതുകൊണ്ടു -അങ്ങോട്ടും അതിര് കടന്നുകൊള്ളുവിൻ, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. (അൽബക്വറഃ) എന്നീ വചനങ്ങൾ ഈ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/40 ന്റെ വിശദീകരണത്തില്‍ നിന്ന്)

മനുഷ്യരുടെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ  ഒരുപക്ഷേ ഇവിടെവച്ചുതന്നെ അല്ലാഹു നല്‍കിയേക്കാം. ലോകര്‍ക്ക് മാര്‍ഗദര്‍ശകരായി വന്ന പ്രവാചകന്മാരെ അവഹേളിക്കുകയും അവരെ എതിര്‍ക്കുകയും ചെയ്ത സമൂഹങ്ങള്‍ പലതും അല്ലാഹുവിന്‍റെ ശിക്ഷകള്‍ക്ക് വിധേയമായിട്ടുണ്ട്.

وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً وَأَنشَأْنَا بَعْدَهَا قَوْمًا ءَاخَرِينَ

അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും അതിനുശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. (ഖു൪ആന്‍ :21/11)

അല്ലാഹു അക്രമിക്ക് ചിലപ്പോൾ കുറച്ച് സമയം നീട്ടി കൊടുത്തേക്കാം.

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏إِنَّ اللَّهَ لَيُمْلِي لِلظَّالِمِ حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ ”‏‏.‏ قَالَ ثُمَّ قَرَأَ ‏{‏وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهْىَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ‏}‏

അബൂമൂസ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു അക്രമിക്ക് സമയം നീട്ടി കൊടുക്കുന്നതാണ്. പിന്നീട് അവനെ പിടികൂടിക്കഴിഞ്ഞാലോ കുതറിചാടുക സാധ്യവുമല്ല. ശേഷം നബി ﷺ ഈ സൂക്തം പാരായണം ചെയ്തു. “അക്രമികളായ ഗ്രാമക്കാരെ പിടികൂടുമ്പോൾ എപ്രകാരമാണ് നിൻ്റെ റബ്ബ് പിടികൂടുക. നിശ്ചയം അവൻ്റെ പിടുത്തം വേദനാജനകവും കറോരവുമാണ്” (ഹൂദ് 102). (ബുഖാരി: 4686)

ﻭَﻻَ ﺗَﺤْﺴَﺒَﻦَّ ٱﻟﻠَّﻪَ ﻏَٰﻔِﻼً ﻋَﻤَّﺎ ﻳَﻌْﻤَﻞُ ٱﻟﻈَّٰﻠِﻤُﻮﻥَ ۚ ﺇِﻧَّﻤَﺎ ﻳُﺆَﺧِّﺮُﻫُﻢْ ﻟِﻴَﻮْﻡٍ ﺗَﺸْﺨَﺺُ ﻓِﻴﻪِ ٱﻷَْﺑْﺼَٰﺮُ

അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്ക് സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌.(ഖു൪ആന്‍:14/42)

قال ميمون بن مهران : هي وعيد للظالم وتعزية للمظلوم

ഇത് അക്രമിക്കുള്ള താക്കീതും ഇരകള്‍ക്കുള്ള ആശ്വാസ വചനവുമാണ്. (ത്വബ്രി)

هذا وعيد شديد للظالمين، وتسلية للمظلومين

ഇത് അക്രമികള്‍ക്കുള്ള കടുത്ത താക്കീതും ഇരകള്‍ക്കുള്ള സമാശ്വാസം നല്‍കലുമാണ്. (തഫ്സീറുസ്സഅദി)

മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു: മുശ്രിക്കുകളടക്കമുള്ള എല്ലാ അക്രമികളുടെയും – അവര്‍ ഏതു കാലത്തും ദേശത്തുമുള്ളവരായാലും ശരി – നേരെ ശിക്ഷാ നടപടികളൊന്നും എടുക്കാതെ വിട്ടിരിക്കുന്നതു അവരെപ്പറ്റി അല്ലാഹു അശ്രദ്ധനായതു കൊണ്ടൊന്നുമല്ല. ഖിയാമത്തു നാളിലേക്കു നീട്ടിവെച്ചിരിക്കുക മാത്രമാണ്. അന്ന് അവരുടെ മേല്‍ കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുകയാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/42 ന്റെ വിശദീകരണം)

അക്രമികളുടെ പരലോക ജീവിതം പ്രയാസകരത്തിലായിരിക്കും.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ ‏‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബിﷺ പറഞ്ഞു: നിശ്ചയം, അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും.(മുസ്ലിം:2579)

അക്രമികളെ സഹായിക്കാന്‍ നാളെ പരലോകത്ത് ആരും ഉണ്ടായിരിക്കുന്നതല്ല എന്നത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

അക്രമികള്‍ക്ക് (പരലോകത്ത്) സഹായികളായി ആരും തന്നെയില്ല. (ഖു൪ആന്‍ : 5/72)

وَأَنذِرْهُمْ يَوْمَ ٱلْءَازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَٰظِمِينَ ۚ مَا لِلظَّٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല. (ഖു൪ആന്‍:40/18)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)

ഒരാൾ മറ്റൊരാളോട് അക്രമം പ്രവർത്തിക്കുമ്പോൾ അക്രമം പ്രവർത്തിച്ചയാൾ അക്രമിയും ആക്രമിക്കപ്പെട്ടയാൾ മർദ്ദിതനുമാണ്. അക്രമിയെയും അക്രമത്തെയും ആവശ്യാനുസരണം പരസ്യമാക്കുന്നതും അവര്‍ക്കെതിരെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും മർദ്ദിതന് അനുവദിക്കപ്പെട്ട കാര്യമാണ്.

لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا

ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല; ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:4/148)

ഈ വചനത്തെ വിശദീകരിച്ച് ഇബ്നുഅബ്ബാസ്(റ) പറഞ്ഞു:

لا يحب الله أن يدعو أحد على أحد ، إلا أن يكون مظلوما ، فإنه قد أرخص له أن يدعو على من ظلمه ، وإن صبر فهو خير له .

ഒരാള്‍ക്ക് എതിരായി മറ്റൊരാള്‍ പ്രാര്‍ഥിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല; അക്രമിക്കപ്പെട്ടവനൊഴിച്ച്. തന്നെ അക്രമിച്ചെവനെതിരില്‍ പ്രാര്‍ഥിക്കുവാന്‍ അവന് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ക്കെതിരെ പ്രാര്‍ഥിക്കാമെങ്കിലും അത്തരം ആളുകള്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കലാണ് അഭികാമ്യം.

മര്‍ദിതൻ അല്ലാഹുവിലേക്ക് ഉയര്‍ത്തിയ കരങ്ങള്‍ ശൂന്യമായി മടക്കപ്പെടുകയില്ല എന്നതും സാന്ദർഭികമായി നാം മനസ്സിലാക്കണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മ൪ദ്ദകനെതിരെ മ൪ദ്ദിതന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന, മകനെതിരെ പിതാവിന്റെ പ്രാ൪ത്ഥന. (തി൪മിദി :1905)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم بَعَثَ مُعَاذًا إِلَى الْيَمَنِ، فَقَالَ ‏ “‏اتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهَا لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ”‏‏

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.   (ബുഖാരി:2448)

യമനിലേക്ക് പ്രബോധകനായി നബി ﷺ മുആദ്(റ)വിനെ പറഞ്ഞയച്ചപ്പോള്‍ അദ്ദേഹത്തിന് നല്‍കിയ ഉപദേശങ്ങളില്‍ ഇപ്രകാരം കാണാം: “അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന താങ്കള്‍ സൂക്ഷിക്കുക. കാരണം അവന്‍റെയും അല്ലാഹുവിന്‍റെയും ഇടയില്‍ യാതൊരു മറയും ഇല്ല.”

ഉമര്‍(റ) ഹുനയ്യ(റ)യെ ഒരു പ്രവിശ്യയുടെ ഭരണച്ചുമതല ഏല്‍പിച്ചവേളയില്‍ അദ്ദേഹത്തെ ഉപദേശിച്ചത് ഇപ്രകാരമായിരുന്നു: “അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന താങ്കള്‍ സൂക്ഷിക്കുക. കാരണം അവന്‍റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടും.’

അക്രമിക്കപ്പെട്ടവന്‍ സത്യനിഷേധിയോ തെമ്മാടിയോ ആയിരുന്നാലും അവന്‍റെ പ്രാര്‍ഥനയെ ഭയപ്പെടണം. നബി ﷺ പറഞ്ഞു: “ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന നീ സൂക്ഷിക്കുക; അവന്‍ സത്യനിഷേധി ആയിരുന്നാലും ശരി. കാരണം അവന്‍റെ പ്രാര്‍ഥനക്കിടയില്‍ മറയൊന്നുമില്ല.’ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘അവന്‍ തെമ്മാടി ആയിരുന്നാലും ശരി’ എന്നാണുള്ളത്.

Leave a Reply

Your email address will not be published.

Similar Posts