കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബ്ബയ്യിന്റെ നേതൃത്വത്തിൽ മുനാഫിഖുകൾ നടത്തിയ ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. ബുഖാരി, മുസ്ലിം തുടങ്ങി പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആ സംഭവം താഴെപ്പറയും പ്രകാരമാകുന്നു: ആയിശ رضي الله عنها പ്രസ്താവിച്ചതായി അവരുടെ ജ്യേഷ്ഠസഹോദരിയുടെ പുത്രനായ ഉര്‍വ്വ رضي الله عنه തുടങ്ങിയവർ ഉദ്ധരിക്കുന്നു:
നബി ﷺ വല്ല യാത്രക്കും ഉദ്ദേശിക്കുമ്പോള്‍, ഭാര്യമാര്‍ക്കിടയില്‍ നറുക്കിടുകയും, ആരുടെ പേരാണ് കിട്ടിയതെങ്കില്‍ അവരെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. അങ്ങനെ, ഒരു പടയെടുപ്പുയാത്രയില്‍ എന്റെ പേര് വന്നു. ഇത് ഹിജാബിന്റെ ആയത്ത് അവതരിച്ചതിന് ശേഷമായിരുന്നു. അതിനാല്‍, ഒരു കൂടാരത്തിലായിക്കൊണ്ടാണ് എന്നെ വാഹനത്തില്‍ ഏറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഞങ്ങള്‍ യാത്ര കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ മദീനയുടെ അടുത്തുള്ള ഒരു താവളത്തിലിറങ്ങി. അവിടെനിന്നു് യാത്ര തുടരുവാന്‍ അറിയിപ്പുണ്ടായി. ഈ അവസരത്തില്‍ ഞാന്‍ എന്റെ മല മൂത്ര വിസര്‍ജ്ജനാദി ആവശ്യങ്ങള്‍ക്കുവേണ്ടി സൈന്യത്തില്‍ നിന്നു കുറച്ചു അകലെ വിട്ടുപോയിരുന്നു. അതു കഴിഞ്ഞ് മടങ്ങിവന്നു മാറില്‍ തൊട്ടുനോക്കുമ്പോള്‍, എന്റെ മാല കൊഴിഞ്ഞുപോയതായിക്കണ്ടു. ഞാന്‍ തിരിച്ചുപോയി അതു തേടിക്കൊണ്ടു കുറച്ചു സമയം കഴിഞ്ഞുകൂടി. എന്നെ വാഹനപുറത്ത് കയറ്റിത്തരാറുള്ള ആളുകള്‍ എന്റെ കൂടാരമെടുത്ത് ഒട്ടകപ്പുറത്തു വെച്ചു. കേവലം ഘനം കുറഞ്ഞ ഒരു ചെറുപ്പക്കാരിയായിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഇല്ലാത്തതായി അവര്‍ക്ക് സംശയം തോന്നുകയുണ്ടായില്ല. അവര്‍ ഒട്ടകവുമായി നടന്നു. സൈന്യം സ്ഥലം വിട്ടതിനുശേഷമായിരുന്നു എനിക്കു മാല കിട്ടി ഞാന്‍ സ്ഥലത്ത് തിരിച്ചെത്തിയത്. വന്നുനോക്കുമ്പോള്‍ വിളിക്കുവാനാകട്ടെ, പറയുവാനാകട്ടെ ആരുമില്ല! ഞാന്‍ അതേ സ്ഥലത്തുതന്നെ ഇരുന്നു. അവര്‍ പിന്നീട് എന്നെ കാണാതാവുകയും, അന്വേഷിച്ചു തേടിവരികയും ചെയ്യുമെന്നു് ഞാന്‍ വിചാരിച്ചു.
ഞാന്‍ അവിടെ ഇരുന്നുകൊണ്ടിരിക്കെ, എനിക്കു കണ്ണില്‍ ഉറക്കം പിടിച്ചു. സൈന്യത്തിന് പിന്നാലെയായി (ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷിച്ചറിയുവാന്‍ നിയോഗിക്കപ്പെട്ട) സഫ്വാന്‍ رضي الله عنه ഉണ്ടായിരുന്നു. അദ്ദേഹം പുലർച്ചെ അവിടെ എത്തി. അദ്ദേഹം ഒരു മനുഷ്യന്റെ നിഴല്‍ കണ്ടു. ഹിജാബ് നിയമത്തിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നതുകൊണ്ട് എന്നെ അറിഞ്ഞു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഅ്’ (إِنَّ لِلَّهِ وَإِنَّ إِلَيْهِ رَاجِعُون) ചൊല്ലി. അതുകേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഉടനെ ഞാന്‍ എന്റെ മൂടുവസ്ത്രംകൊണ്ട് മുഖം മറച്ചു. അല്ലാഹു തന്നെയാണെ സത്യം! അദ്ദേഹം, ഇസ്തിര്‍ജാഇന്റെ വാക്കല്ലാതെ എന്നോടൊന്നും പറയുകയുണ്ടായിട്ടില്ല. ഞാനതല്ലാതെ ഒന്നും കേട്ടിട്ടുമില്ല. അദ്ദേഹം വേഗം ഇറങ്ങി ഒട്ടകത്തെ മുട്ടുകുത്തിച്ചു. അതിന്റെ കൈക്കു തന്റെ കാല്‍കൊണ്ടു ചവിട്ടിത്തന്നു. ഞാന്‍ ഒട്ടകപ്പുറത്തു കയറി. അദ്ദേഹം എന്നെയുമായി ഒട്ടകത്തെ നയിച്ചുംകൊണ്ടു നടന്നു. സൈന്യം ഇറങ്ങിയിരുന്ന താവളത്തിലെത്തി. അവര്‍ പുലർച്ചെ ഒരു താവളത്തിലിറങ്ങിയിട്ടുണ്ടായിരുന്നു.
അങ്ങനെ എന്റെ കാര്യത്തില്‍ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശത്തില്‍പെട്ടവരൊക്കെ നാശത്തിലായി! അതില്‍ നേതൃത്വം വഹിച്ചതു (കപടവിശ്വസികളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബ്ബയ്യ് ആയിരുന്നു. ഞങ്ങള്‍ മദീനയിലെത്തി. എനിക്ക് ഒരു മാസത്തോളം രോഗം പിടിപ്പെട്ടു. ജനങ്ങള്‍ കള്ളക്കഥയില്‍ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. റസൂല്‍ ﷺ യില്‍നിന്നും മുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ആ സൗമ്യമായ പെരുമാറ്റം, എന്റെ സുഖമില്ലായ്മയുടെ അവസരത്തില്‍ കണ്ടു വന്നിരുന്നില്ലെന്ന വസ്തുത എന്നെ ആശങ്കയിലാക്കിയിരുന്നു. അവിടുന്ന് കടന്നുവന്ന് സലാം പറയും; തനിക്ക് എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കും; തിരിച്ചുപോകയും ചെയ്യും; അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്നെ സന്ദേഹപ്പെടുത്തിയിരുന്നത്. അല്‍പമൊരു ആശ്വാസം കിട്ടുന്നതുവരെ മറ്റ് തകരാറുകളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.
എനിക്കു അല്‍പം ആശ്വാസം വന്നപ്പോള്‍, ഞാനും മിസ്‌ത്വഹിന്റെ മാതാവും കൂടി, ഞങ്ങള്‍ വെളിക്ക് പോകാറുണ്ടായിരുന്ന ‘മനാസ്വിഅ്’ എന്ന സ്ഥലത്തേക്കുപോയി. കക്കൂസു മറകള്‍ നിര്‍മ്മിക്കുന്നതിനുമുമ്പ് ഞങ്ങള്‍ രാത്രിയല്ലാതെ (പകല്‍ സമയത്തു) വെളിക്ക് പോകാറുണ്ടായിരുന്നില്ല, വെളിക്കിരിക്കുവാന്‍ മറ കെട്ടും മുമ്പ് ഞങ്ങള്‍ പഴയകാലത്തെ അറബികളെപ്പോലെ പറമ്പില്‍ പോകലായിരുന്നു പതിവ്. ഞാനും ഉമ്മു മിസ്ത്വഹും കൂടി മടങ്ങുമ്പോള്‍ അവര്‍ ‘മിസ്ത്വഹ് നാശമടയട്ടെ!’ (تَعِسَ مِسْطَحٌ) എന്നു പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതു മോശമായിപ്പോയി! ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു മനുഷ്യനെപ്പറ്റി പഴിച്ചുപറയുകയോ!’ അവര്‍ പറഞ്ഞു: ‘ഹാ! അവന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ?!’ ഞാന്‍ ചോദിച്ചു: ‘എന്താണ് പറഞ്ഞത്?’ അപ്പോള്‍ കെട്ടുകഥക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിവരം അവര്‍ എനിക്കു വിവരിച്ചു തന്നു. ഇതോടെ എന്റെ രോഗം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുകയായി.’
ഞാന്‍ വീട്ടില്‍ വന്നശേഷം, റസൂല്‍ ﷺ പ്രവേശിച്ച് തനിക്കു എങ്ങിനെയിരിക്കുന്നു എന്ന് ചോദിക്കയുണ്ടായി. അപ്പോള്‍, എനിക്ക് എന്റെ ഉമ്മവാപ്പയുടെ അടുത്തൊന്ന് പോകുവാന്‍ സമ്മതം നല്‍കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അവരില്‍നിന്നു സംഗതി ശരിക്കറിയുവാന്‍ ആഗ്രഹിക്കുകയായിരുന്നു ഞാന്‍. നബി ﷺ സമ്മതിച്ചു. ഞാന്‍ ചെന്ന് ഉമ്മയോട് ചോദിച്ചു: ‘ഉമ്മാ! എന്തൊക്കെയാണ് ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്?’ ഉമ്മ മറുപടി പറഞ്ഞു: ‘കുഞ്ഞുമകളേ! നീ അക്കാര്യം മനസ്സില്‍ നിസ്സാരമാക്കി വെച്ചേക്കുക. കാരണം, ഒരു നല്ല പെണ്ണ് അവളെ സ്നേഹിക്കുന്ന ഒരു പുരുഷന്റെ അടുക്കലായിരിക്കുക, അവള്‍ക്ക് കുറെ സഹപത്നിമാരും ഉണ്ടായിരിക്കുക അവര്‍ അവളെപ്പറ്റി പലതും ചെയ്യാതിരിക്കുകയില്ല.’ ഞാന്‍ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്! ജനങ്ങള്‍ ഇങ്ങിനെയെല്ലാം പറഞ്ഞുവല്ലോ!’ അന്ന് നേരം പുലരുവോളം എന്റെ കണ്ണുനീര്‍ അടങ്ങിയില്ല, കണ്ണില്‍ ഉറക്കം വന്നതുമില്ല. പുലര്‍ന്നിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയായി.
നബി ﷺ ക്ക് തന്റെ വീട്ടുകാരുടെ (ഭാര്യയുടെ) കാര്യത്തില്‍ വഹ്‌യ് കിട്ടുവാന്‍ താമസിച്ചതു കൊണ്ട് അവരെ പിരിച്ചയക്കുന്നതിനെപ്പറ്റി ആലോചന നടത്തുവാനായി നബി ﷺ അലി رضي الله عنه, ഉസാമ رضي الله عنه എന്നിവരെ വിളിച്ച് അന്വേഷണം നടത്തി. ഉസാമ നബി ﷺ യുടെ വീട്ടുകാരുടെ നിരപരാധിത്വവും, അവരോട് തനിക്കുള്ള സ്നേഹവുമെല്ലാം ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: ‘അവര്‍ അങ്ങയുടെ വീട്ടുകാര്‍ തന്നെ. അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിനെ തന്നെയാണ സത്യം! നല്ല നിലയല്ലാതെ ഒന്നും നാം അറിയുന്നില്ല’. അലി رضي الله عنه വാകട്ടെ, ഇങ്ങിനെ പറയുകയാണ് ചെയ്തത്: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹു അവിടുത്തേക്കു ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകള്‍ അവരല്ലാതെ വേറെയും ധാരാളമുണ്ട്. അതാ ആ പെണ്ണിനോടു(ബരീറയോട്) ചോദിച്ചുനോക്കാം.
നബി ﷺ ബരീറഃയെ വിളിച്ച് ഇങ്ങനെ ചോദിച്ചു: ‘ബരീറാ! നീ അവരില്‍ നിനക്ക് സംശയം തോന്നിക്കുന്ന വല്ലതും കണ്ടിട്ടുണ്ടോ?’ ബരീറ മറുപടി പറഞ്ഞു: ‘ഇല്ല, നബി ﷺ യെ പ്രവാചകനായി അയച്ചിട്ടുള്ളവന്‍ തന്നെയാണെ സത്യം! അവര്‍ ഒരു ഇളം പ്രായക്കാരിയാണ്. വീട്ടിലെ (ഭക്ഷണത്തിനുള്ള) മാവ് വിട്ടേച്ച് ഉറങ്ങിപ്പോയേക്കും, വളര്‍ത്താട് വന്നു അതു തിന്നുപോയേക്കുകയും ചെയ്യും എന്നതില്‍ കവിഞ്ഞു അവരെ കുറ്റപ്പെടുത്തതക്ക യാതൊന്നും ഞാന്‍ കാണുകയുണ്ടായിട്ടില്ല.
അന്നുതന്നെ റസൂല്‍ ﷺ പള്ളിയിലേക്ക് ചെന്ന് മിമ്പറില്‍ വെച്ച് ഇപ്രകാരം പറഞ്ഞു: ‘എന്റെ വീട്ടുകാരെക്കുറിച്ച് എനിക്കു ഉപദ്രവമുണ്ടാക്കിത്തീര്‍ത്തിട്ടുള്ള ഒരു മനുഷ്യനെ (അബ്ദുല്ലാഹിബ്നു ഉബയ്യ്) കുറിച്ച് എനിക്ക് ഒഴികഴിവു അനുവദിച്ചുതരുവാന്‍ ആരുണ്ട്? അല്ലാഹുവാണെ സത്യം! എന്റെ വീട്ടുകാരുടെ പേരില്‍ നന്‍മയല്ലാതെ ഞാന്‍ അറിയുന്നില്ല. അവര്‍ (ജനങ്ങള്‍) ഒരു പുരുഷനെ (സ്വഫ്വാനെ) കുറിച്ചും പ്രസ്താവിച്ചുവരുന്നു. അയാളെക്കുറിച്ചും ഞാന്‍ നല്ലതല്ലാതെ അറിയുന്നില്ല. അദ്ദേഹം എന്റെ വീട്ടില്‍ എന്റെ ഒന്നിച്ചല്ലാതെ പ്രവേശിക്കുമാറില്ല.
അപ്പോള്‍ സഅ്ദു ബ്നു മുആദ് رضي الله عنه എഴുന്നേറ്റ് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം! ഞാന്‍ ആ മനുഷ്യനെപറ്റി ഒഴികഴിവ് തരാം. (വേണ്ടതു ചെയ്യാം). അവന്‍ ‘ഔസ്’ കുടുംബക്കാരനാണെങ്കില്‍ ഞങ്ങളവന്റെ കഴുത്ത് വെട്ടാം. ഞങ്ങളുടെ സഹോദരങ്ങളായ ‘ഖസ്റജ്’ കുടുംബത്തില്‍പെട്ടവനാണെങ്കില്‍, അവിടുന്ന് കല്‍പിക്കുന്ന കല്‍പനപോലെയും ചെയ്യാം. (*) അപ്പോള്‍ സഅ്ദു ബ്നു ഉബാദ رضي الله عنه എഴുന്നേറ്റു. അദ്ദേഹം സഅ്ദുബ്നു മുആദ് رضي الله عنه വിനോടായി പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! നിങ്ങൾ പറഞ്ഞതു കളവാണ്. നിങ്ങൾ അവനെ (ഞങ്ങളുടെ കുടുംബത്തില്‍പെട്ടവനെ) കൊല ചെയ്കയില്ല, നിങ്ങൾക്ക് അതിന് സാധിക്കുകയില്ല’. അപ്പോള്‍ ഉസൈദുബ്നു ഹുളൈര്‍ رضي الله عنه എഴുന്നേറ്റ് അദ്ദേഹത്തോട് പറഞ്ഞു: ‘സത്യമായും നിങ്ങൾ പറഞ്ഞതാണ് കളവ്, ഞങ്ങള്‍ അവനെ കൊല്ലുക തന്നെ ചെയ്യും. നിങ്ങളൊരു കപടവിശ്വാസിയാണ്, കപടവിശ്വാസികള്‍ക്കായി തര്‍ക്കംവെട്ടുകയാണ്.’ (**) ഇങ്ങിനെ ഇരുകൂട്ടരും – ഔസും, ഖസ്റജും – ശണ്ഠക്കൊരുങ്ങുകയായി. നബി ﷺ മിമ്പറില്‍ തന്നെ നില്‍ക്കുകയാണ്. അവിടുന്ന് അവരെ സമാധാനിപ്പിച്ചു. അവരെല്ലാം മൗനമായി. നബി ﷺ താഴെ ഇറങ്ങി.
(*)സഅ്ദു ബ്നു മുആദ് رضي الله عنه ഔസ് ഗോത്രത്തിലെ സ്വഹാബീ പ്രമുഖനായ ഒരു നേതാവാണ്. അദ്ദേഹം അന്ന് ജീവിച്ചിരിപ്പില്ലെന്നും, ഇപ്രകാരം പ്രസ്താവിച്ചതു അദ്ദേഹത്തിന്റെ പിതൃവ്യപുത്രനും ഒരു നേതാവുമായ ഉസൈദ് رضي الله عنه ആണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
(**) സഅ്ദുബ്നു ഉബാദഃ رضي الله عنه ഖസ്റജ് ഗോത്രത്തിലെ നേതാവാണ്. ഇദ്ദേഹം വാസ്തവത്തില്‍ ഒരു മാന്യ സഹാബിയാണ്. പക്ഷേ, തല്‍ക്കാലം കുടുംബപരമായ രോഷം പിടിപെട്ടുവെന്നു മാത്രമേയുള്ളു. എത്രയോ കാലമായി ഔസും ഖസ്റജും തമ്മില്‍ കിടമത്സരം നടന്നുകൊണ്ടിരുന്നതിനുശേഷം അടുത്ത കാലം മുതല്‍ ഇസ്‌ലാം അവരെ ഏകോദരസഹോദരന്‍മാരാക്കിയിരിക്കുകയാണ്.
അന്നും ഞാന്‍, കണ്ണുനീര്‍ വറ്റാതെയും, ഉറക്കുവരാതെയും കഴിഞ്ഞുകൂടി. എന്റെ ഹൃദയം പൊട്ടിപ്പിളരുമോ എന്ന് തോന്നത്തക്കവണ്ണം ഞാന്‍ രണ്ട് രാത്രിയും ഒരു പകലും കരഞ്ഞു കഴിച്ചിരിക്കുകയാണ്. എന്റെ ഉമ്മയും വാപ്പയും രാവിലെ എന്റെ അടുത്തുണ്ടായിരുന്നു – ഞാന്‍ കരയുക തന്നെയാണ് – അപ്പോള്‍, അന്‍സാരിയായ ഒരു സ്ത്രീ സമ്മതം ചോദിച്ചു അകത്തു പ്രവേശിച്ചു. അവളും എന്നോടൊപ്പം കരയുകയായി. ഈ അവസരത്തില്‍ റസൂല്‍ ﷺ ഞങ്ങളുടെ അടുക്കല്‍ പ്രവേശിച്ചു. അവിടുന്ന് ഇരുന്നു. എന്നെപ്പറ്റി പറഞ്ഞുണ്ടാക്കപ്പെട്ട വിഷയം പ്രസ്താവത്തില്‍ വന്നതുമുതല്‍ക്ക് അവിടുന്ന് എന്റെ അടുക്കല്‍വന്ന് ഇരുന്നിട്ടില്ലായിരുന്നു. എന്റെ കാര്യത്തില്‍, ഒരു ദിവ്യസന്ദേശവും (വഹ്‌യും) കിട്ടാതെ ഒരു മാസം അവിടുന്ന് അങ്ങിനെ കഴിഞ്ഞുകൂടിയിരിക്കുകയാണ്. ﷺ ‘തശഹ്ഹുദ്’ ചെയ്തുകൊണ്ട് പറഞ്ഞു: ‘(ആയിശാ!) എന്നാല്‍, എനിക്ക് തന്നെപ്പറ്റി ഇന്നിന്നപ്രകാരം വിവരം കിട്ടുകയുണ്ടായിട്ടുണ്ട്. താന്‍ നിരപരാധിയാണെങ്കില്‍, അല്ലാഹു തന്റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊള്ളും. താന്‍ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോടു പാപമോചനം തേടുകയും, അവനോട് പശ്ചാത്തപിക്കുകയും ചെയ്തുകൊള്ളുക. അടിമ, തന്റെ പാപം ഏറ്റുപറഞ്ഞ് ഖേദിച്ചുമടങ്ങിയാല്‍, അല്ലാഹു മടക്കം സ്വീകരിക്കുന്നതാണ്. (*)
(*) പ്രസംഗമോ പ്രധാനപ്പെട്ട വല്ല സംഭാഷണമോ നടത്തുമ്പോള്‍ അതിന്റെ ആദ്യത്തില്‍ حمد, ثناء, شهادة (അല്ലാഹുവിനെ സ്തുതിക്കുക, പുകഴ്ത്തുക, ‘ശഹാദത്തു കലിമഃ’ പറയുക) മുതലായ ഉപചാരവാക്യങ്ങള്‍ ചൊല്ലുന്നതിന്ന് ‘തശഹ്ഹുദ്’ (تشهد) എന്ന് പറയപ്പെടും.
റസൂല്‍ ﷺ ഇതു പറഞ്ഞുകഴിയുമ്പോഴേക്കും എന്റെ കണ്ണുനീര്‍ ഒരു തുള്ളിപോലും കാണാത്തവിധം നിലച്ചുപോയി! ഞാന്‍ വാപ്പയായ അബൂബക്കര്‍ رضي الله عنه വിനോട് പറഞ്ഞു: നബി ﷺ പറഞ്ഞതിന് മറുപടി പറയണമെന്ന്. ‘ഞാനെന്താണ് നബിﷺയോട് പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ!’ എന്നായിരുന്നു പിതാവ പറഞ്ഞത്. അപ്പോള്‍ ഞാന്‍ ഉമ്മയോട് പറഞ്ഞു നോക്കി. അവരും അതുതന്നെ മറുപടി പറഞ്ഞു. ഞാനാണെങ്കില്‍, ഒരു ചെറുപ്പക്കാരി. ഖുര്‍ആന്‍തന്നെ അധികഭാഗവും എനിക്കു ഓതുവാന്‍ കഴിയുകയില്ല (പഠിച്ചിട്ടില്ല.). ഏതായാലും, ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! എനിക്കറിയാം: ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത നിങ്ങള്‍ കേട്ടു, അതു നിങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥലം പിടിച്ചു, നിങ്ങളത് സത്യമെന്നു കരുതിയിരിക്കുകയാണ്. ഇനി, ഞാന്‍ നിരപരാധിയാണെന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങളെന്നെ വിശ്വസിക്കുകയില്ല. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം (കുറ്റം) ഞാന്‍ നിങ്ങളോടു സമ്മതിച്ചുതരുകയാണെങ്കില്‍, നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണെ സത്യം! എന്നെയും, നിങ്ങളെയും കുറിച്ചു ഒരു ഉപമ പറയുവാന്‍ യൂസുഫ് നബി عليه السلام യുടെ പിതാവായ യഅ്ക്കൂബ് നബി عليه السلام യെ അല്ലാതെ ഞാന്‍ കാണുന്നില്ല. അതായത് അദ്ദേഹം പറഞ്ഞ വാക്ക്. അതാണ് എനിക്കും പറയാനുള്ളത് :
فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ. (ഖു൪ആന്‍:12/18) (*)
(*) യൂസുഫ് നബി عليه السلام യെ കിണറ്റിലെറിഞ്ഞശേഷം ചെന്നായ പിടിച്ചുവെന്നു സഹോദരന്‍മാര്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ബിന്‍യാമീനെ ഈജിപ്തിലെ ഭരണാധികാരി പിടിച്ചുവെച്ച കഥ അവര്‍ പറഞ്ഞപ്പോഴും അദ്ദേഹം فَصَبْرٌ جَمِيلٌ എന്നു പറയുകയുണ്ടായി. (സൂ: യൂസുഫ്)
അനന്തരം ഞാന്‍ അവിടെ നിന്ന് സ്ഥലംവിട്ടു വിരുപ്പില്‍ചെന്നു കിടന്നു. എനിക്കപ്പോള്‍ തീര്‍ച്ചയായും അറിയാമായിരുന്നു: ഞാന്‍ നിരപരാധിയാണെന്നും എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുമെന്നും. പക്ഷേ, പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വല്ല വഹ്‌യും (ഖുര്‍ആന്‍ വാക്യവും) എന്റെ കാര്യത്തില്‍ അവതരിച്ചേക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം – എന്നെപ്പറ്റി പാരായണം ചെയ്യപ്പെടത്തക്ക വല്ല വിഷയവും അല്ലാഹു അവതരിപ്പിക്കാവുന്നതിനെക്കാള്‍ – വളരെ നിസ്സാരപ്പെട്ടതാണ് എന്റെ വിഷയം എന്നായിരുന്നു നിശ്ചയമായും ഞാന്‍ മനസ്സിലാക്കിയിരുന്നത്. എങ്കിലും, എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുന്ന തരത്തിലുള്ള വല്ല സ്വപ്നവും റസൂല്‍ ﷺ കണ്ടേക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
എന്നിട്ട്, അല്ലാഹുവാണ് സത്യം! നബി ﷺ ആ സദസ്സ് വിട്ട് പോയിട്ടില്ല, വീട്ടില്‍ നിന്ന് ആരും പുറത്തു പോയിട്ടുമില്ല. അപ്പോഴേക്കും അതാ അല്ലാഹു അവന്റെ പ്രവാചകന് (വഹ്‌യ്) അവതരിപ്പിക്കുന്നു! നബി ﷺ (വഹ്‌യ് വരുമ്പോഴത്തെ പതിവ് പ്രകാരം) വിയര്‍പ്പ് പിടിപെട്ട് ആശ്വാസമായി. അവിടുന്നു് ചിരിക്കുകയാണ്. ഒന്നാമതായി അവിടുന്ന് സംസാരിച്ച വാക്ക് ‘ആയിശാ! അല്ലാഹുവിനെ സ്തുതിച്ചുകൊള്ളുക! അവന്‍ നിനക്ക് നിരപരാധിത്വം നല്‍കിയിരിക്കുന്നു!’ എന്നാണ്. അപ്പോള്‍ എന്റെ മാതാവ് എന്നോട് പറഞ്ഞു: ‘(മകളെ) എഴുന്നേറ്റ് നബി ﷺ യുടെ അടുത്തേക്കു് ചെല്ലൂ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഞാന്‍ നബി ﷺ യുടെ അടുക്കലേക്ക് എഴുന്നേറ്റ് ചെല്ലേണ്ടതില്ല. എന്റെ നിരപരാധിത്വം വെളിപ്പെടുത്തിയത് അല്ലാഹുവാകുന്നു. അവനെയല്ലാതെ ഞാന്‍ സ്തുതിക്കുന്നില്ല.’ അങ്ങനെ സൂറ: അന്നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചു.
إِنَّ ٱلَّذِينَ جَآءُو بِٱلْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ ٱمْرِئٍ مِّنْهُم مَّا ٱكْتَسَبَ مِنَ ٱلْإِثْمِ ۚ وَٱلَّذِى تَوَلَّىٰ كِبْرَهُۥ مِنْهُمْ لَهُۥ عَذَابٌ عَظِيمٌ ﴿١١﴾ لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَٰذَآ إِفْكٌ مُّبِينٌ ﴿١٢﴾ لَّوْلَا جَآءُو عَلَيْهِ بِأَرْبَعَةِ شُهَدَآءَ ۚ فَإِذْ لَمْ يَأْتُوا۟ بِٱلشُّهَدَآءِ فَأُو۟لَٰٓئِكَ عِندَ ٱللَّهِ هُمُ ٱلْكَٰذِبُونَ ﴿١٣﴾ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴿١٤﴾ إِذْ تَلَقَّوْنَهُۥ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِۦ عِلْمٌ وَتَحْسَبُونَهُۥ هَيِّنًا وَهُوَ عِندَ ٱللَّهِ عَظِيمٌ ﴿١٥﴾ وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبْحَٰنَكَ هَٰذَا بُهْتَٰنٌ عَظِيمٌ ﴿١٦﴾ يَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثْلِهِۦٓ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾ وَيُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَٰتِ ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴿١٨﴾ إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ ﴿٢٠﴾
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്. (11) നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല? (12) അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍. (13) ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. (14) നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു. (15) നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല? (16) നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. (17) അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (18) തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (19) അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?) (20) (ഖുർആൻ:24/11-20)
ആയിശ رضي الله عنها പറയുന്നു: എന്റെ വിഷയത്തില്‍ ഇതു് അവതരിച്ചതിനുശേഷം വാപ്പയായ അബൂബക്കര്‍ – അദ്ദേഹമായിരുന്നു, ദാരിദ്ര്യത്തെയും കുടുംബത്തെയും കരുതി മിസ്ത്വഹുബ്നു അഥാഥ رضي الله عنه വിന് ചിലവ് കൊടുത്തു വന്നിരുന്നത് – പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ആയിശയെ കുറിച്ച് മിസ്ത്വഹ് ഇങ്ങിനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാന്‍ അവനുവേണ്ടി ചിലവഴിക്കുകയില്ല.’ അതു നിമിത്തം അല്ലാഹു സൂറ: അന്നൂറിലെ 22-ാം ആയത്ത് അവതരിപ്പിച്ചു.
وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَٰكِينَ وَٱلْمُهَٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:24/22)
ആയത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!’ എന്ന ചോദ്യം വളരെ അര്‍ത്ഥവത്താണ്. അതുപോലെ നിങ്ങള്‍ അവര്‍ക്കും വിട്ടുപൊറുത്തു കൊടുക്കേണ്ടതുണ്ട്, നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കില്‍, നിങ്ങള്‍ക്കു് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാന്‍ അവകാശമുണ്ടോ?! ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരേണ്ടതിനായി നിങ്ങള്‍ അവര്‍ക്കും മാപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്നു് സാരം.
ആയിശ رضي الله عنها പറയുന്നു: ‘അദ്ദേഹം ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ അങ്ങനെ, മിസ്ത്വഹിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’
പ്രസിദ്ധമായ ഈ സംഭവം, അനേകം മത വിജ്ഞാനങ്ങളടങ്ങുന്ന സൂറ: അന്നൂറിലെ പല വചനങ്ങളുടെയും അവതരണഹേതുവാകുന്നു. ആയിശ رضي الله عنها യുടെയും, അവരുടെ കുടുംബത്തിന്റേയും ശ്രേയസ്സും മഹത്വവും വര്‍ദ്ധിക്കുവാന്‍ അത് ഇടയാക്കിയിട്ടുമുണ്ട്. അന്ത്യനാൾ വരെയുള്ള മനുഷ്യർ വിശുദ്ധ ഖുർആനിലൂടെ ഇത് പാരായണം ചെയ്യേുന്നു. (അവലംബം: അമാനി തഫ്സീർ – സൂറ: അന്നൂർ)
ഈ സംഭവത്തിൽ നിന്നും സത്യവിശ്വാസികൾക്കും ചില പാഠങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ സൂചിപ്പിക്കുന്നു.
ഒന്നാമതായി, തിൻമകൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ സത്യവിശാസികൾ പങ്കാളികളാകരുത്. “സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്” എന്ന 19-ാം ആയത്തിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു:
“തിന്മ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും ദുനിയാവിലും ആഖിറത്തിലും ഇത്ര വേദനയുള്ള ശിക്ഷ ഉണ്ടെങ്കില്‍ അത് പ്രചരിപ്പിക്കുകയെന്ന പണി സ്വയം ഏറ്റെടുക്കുകയും, അതിന് മുന്നിട്ടിറങ്ങുകയും ചെയ്തവരുടെ അവസ്ഥ എന്തായിരിക്കും? ഇബ്ലീസിനുള്ള അനുസരണവും, ഇബ്ലീസിന്‍റെ പണി സ്വയം ഏറ്റെടുക്കലും ആണിത്. ഇവന്‍ ആരേ കുറിച്ചാണോ തിന്മകള്‍ പ്രചരിപ്പിക്കുന്നത്; ആ വ്യക്തിയുടെ തിന്മകള്‍ ആകാശം നിറയെ ഉണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ ഗൌരവമുള്ള തിന്മയാണ് അവ പ്രചരിപ്പിക്കുന്നവന്‍ ചെയ്തിരിക്കുന്നത്! തെറ്റുകള്‍ പറ്റിയവന്‍ ചിലപ്പോള്‍ രാത്രികളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പാശ്ചാത്താപം തേടുകയും അവന്‍റെ തിന്മകള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇവനോ?! അവന്‍റെ പ്രവര്‍ത്തനം മുഅമിനീങ്ങളെ ഉപദ്രവിക്കലും, അവരുടെ രഹസ്യങ്ങള്‍ അന്വേഷിച്ചറിയലും, അവരെ വഷളാക്കലുമാണ്.” (ബദാഇഉല്‍ ഫവാഇദു: 2/484)
രണ്ടാമതായി, സത്യവിശ്വാസികളെല്ലാം ഒരേ ശരീരത്തിന്റെ അംശങ്ങളാകുന്നു. അവരെല്ലാം ഒന്നായിരിക്കണം, ഒരാള്‍ക്ക് മറ്റേവനെപ്പറ്റി സദ്‌വിചാരമുണ്ടായിരിക്കണം, അന്യോന്യം കുറ്റവും കുറവും കണ്ടാല്‍ മറച്ചുവെക്കണം. ഇങ്ങിനെയെല്ലാമാണ് സത്യവിശ്വാസികള്‍ തമ്മില്‍ സ്വീകരിക്കേണ്ടുന്ന നില. “സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിച്ചില്ല” എന്ന 12-ാം ആയത്ത് ആതാണ് സൂചിപ്പിക്കുന്നത്.
മൂന്നാമതായി, ആര് എന്ത് പറഞ്ഞുകേട്ടാലും, അതിന്റെ സംഭവ്യതയും, തെളിവും നോക്കാതെ – ഗൗരവവും ഭവിഷ്യത്തും ആലോചിക്കാതെ – അത് ഏറ്റുപാടുക മിക്ക ജനങ്ങളുടെയും പതിവാണ്. ഇത്തരം സംഗതികള്‍ അല്ലാഹുവിങ്കല്‍ ഒട്ടും നിസ്സാരമല്ല, വളരെ ഗൗരവതരമാണ് – എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. “അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു” എന്ന 15-ാം ആയത്തിലെ പ്രയോഗം ആതാണ് സൂചിപ്പിക്കുന്നത്.
നാലാമതായി, സജ്ജനങ്ങളില്‍ ദുര്‍വൃത്തികള്‍ പ്രചരിച്ചുകാണുക, മാന്യന്‍മാരെ കുറിച്ച് അപകീര്‍ത്തികള്‍ ഉണ്ടാക്കിത്തീര്‍ക്കുക, ശുദ്ധന്‍മാരായുള്ളവരുടെ സ്വകാര്യജീവിതം കളങ്കമയമാക്കിത്തീര്‍ക്കുക മുതലായ കാര്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നിശ്ചയിച്ചിരിക്കുന്നു. അടി, ശിക്ഷ, ശാപം, ആക്ഷേപം, വഷളത്വം തുടങ്ങിയ ഐഹികശിക്ഷയും, അല്ലാഹുവിന്റെ ക്രോധം, നരകശിക്ഷ മുതലായ പാരത്രിക ശിക്ഷയും അവര്‍ക്കുണ്ടായിരിക്കും.
عَنِ ابْنِ عُمَرَ، قَالَ صَعِدَ رَسُولُ اللَّهِ صلى الله عليه وسلم الْمِنْبَرَ فَنَادَى بِصَوْتٍ رَفِيعٍ فَقَالَ “ يَا مَعْشَرَ مَنْ قَدْ أَسْلَمَ بِلِسَانِهِ وَلَمْ يُفْضِ الإِيمَانُ إِلَى قَلْبِهِ لاَ تُؤْذُوا الْمُسْلِمِينَ وَلاَ تُعَيِّرُوهُمْ وَلاَ تَتَّبِعُوا عَوْرَاتِهِمْ فَإِنَّهُ مَنْ تَتَبَّعَ عَوْرَةَ أَخِيهِ الْمُسْلِمِ تَتَبَّعَ اللَّهُ عَوْرَتَهُ وَمَنْ تَتَبَّعَ اللَّهُ عَوْرَتَهُ يَفْضَحْهُ وَلَوْ فِي جَوْفِ رَحْلِهِ ”
ഇബ്നു ഉമർ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ ‘മിമ്പറി’ല്‍ കയറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു.: ഹേ! നാവ് കൊണ്ട് മുസ്ലിമാവുകയും, ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തിട്ടുള്ളവരുടെ സംഘമേ! നിങ്ങള്‍ മുസ്ലിംകളെ ഉപദ്രവിക്കരുത്. അവരെ അപമാനിക്കുകയും അരുത്. അവരുടെ ഉള്ളുകള്ളികള്‍ ആരായുകയും ചെയ്യരുത്. കാരണം: ഒരാള്‍ തന്റെ മുസ്‌ലിം സഹോദരന്റെ ഉള്ളുകള്ളി ആരായുന്നതായാല്‍, അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായും. അല്ലാഹു ഒരുവന്റെ ഉള്ളുകള്ളി ആരായുന്ന പക്ഷം അവന്‍ അവനെ വഷളാക്കുന്നതാണ്, അവന്‍ (പുറത്തിറങ്ങാതെ) തന്റെ വസതിയുടെ ഉള്ളിലായിരുന്നാലും ശരി. (തിര്‍മിദി:2032)
അഞ്ചാമതായി, എല്ലാവരോടും വിട്ടുവീഴ്ച ചെയ്യുക എന്നത് മനുഷ്യരുടെ പാപം പൊറുക്കപ്പെടാൻ കാരണമാണ്. അപവാദ പ്രചരണത്തെ തുടര്‍ന്ന് അല്ലാഹുവില്‍ സത്യം ചെയ്ത് ഉറപ്പിച്ചുകൊണ്ട് മിസ്തഹിന് ചെലവിനു നല്‍കുകയില്ലെന്ന് അബൂബകര്‍ رضي الله عنه തീര്‍ത്തു പറഞ്ഞപ്പോൾ “അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ” എന്നാണ് വിശുദ്ധ ഖുർആൻ ചോദിച്ചിട്ടുള്ളത്. അതായത്, അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരേണ്ടതിനായി നിങ്ങള്‍ അവര്‍ക്കും മാപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്ന് സാരം.
ആറാമതായി, നബി ﷺ ക്ക് അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നും അല്ലാഹു മാത്രമാണ് അദൃശ്യം അറിയുന്നതെന്ന കാര്യവും ഈ സംഭവം അറിയിക്കുന്നു. സ്വന്തം ഭാര്യയെ കുറിച്ച് ശത്രുക്കൾ വ്യഭിചാരാരോപണം പ്രചരിപ്പിച്ചപ്പോഴും അതിന്റെ വസ്തുത എന്തെന്ന് അറിയാൻ നബി ﷺ ക്ക് സാധിച്ചില്ല. “താന്‍ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോടു പാപമോചനം തേടുകയും, അവനോട് പശ്ചാത്തപിക്കുകയും ചെയ്തുകൊള്ളുക” എന്നാണല്ലാ നബി ﷺ ആയിശ رضي الله عنها യോട് പറഞ്ഞത്. നബി ﷺ ജീവിച്ചിരുന്നപ്പോൾ പോലും അദൃശ്യ കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെങ്കിൽ, മരണ ശേഷം നബി ﷺ ക്ക് അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നും, പ്രവാചകൻമാരുടെ പദവിക്ക് താഴെയുള്ള ഔലിയാക്കൻമാർക്ക് അവർ ജിവിച്ചിരിക്കുമ്പോഴായാലും മരണ ശേഷമായാലും അദൃശ്യ കാര്യങ്ങൾ അറിയാൻ കഴിയില്ലെന്നുമുള്ള വസ്തുത തിരിച്ചറിയുക.