നമ്മുടെ നാവിന്‍തുമ്പില്‍ ഒരു മലയാളപദം പോലെ കടന്നുവരുന്ന ഒരു അറബി പദമാണ് إن شاء الله (ഇന്‍ശാ അല്ലാഹ്). ഈ പദം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നവരുണ്ട്. യഥാസ്ഥാനത്ത് ഉപയോഗിക്കുന്നവരിൽ തന്നെയും അതിന്റെ അർത്ഥവും ആശയവുും മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ പറയുന്നവരുണ്ട്. അതുകൊണ്ടുതന്നെ ‘ഇന്‍ശാ അല്ലാഹ്’ എപ്പോഴൊക്കെയാണ് പറയേണ്ടതെന്നും പറയാൻ പാടില്ലാത്തതെന്നും നാം മനസ്സിലാക്കണ്ടതാണ്.
‘അല്ലാഹു ഉദ്ദേശിച്ചാൽ’ എന്നാണ് ‘ഇന്‍ശാ അല്ലാഹ്’ എന്നതിന്റെ അർത്ഥം. إن – شاء – الله എന്നീ മൂന്ന് ഭാഗങ്ങളുണ്ട് ഈ പദത്തിന്. ഒരു കാര്യം ചെയ്യും എന്ന് നാം പറയുമ്പോള്‍ ‘ഇന്‍ശാ അല്ലാഹ്’ എന്നുകൂടി പറയണം.
وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا
إِلَّآ أَن يَشَآءَ ٱللَّهُ ۚ
യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്.
അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. (ഖുർആൻ:18/23-24)
ആത്മാവ്, ഗുഹാവാസികള്‍, ദുല്‍ഖര്‍നൈന്‍ എന്നിവയെ സംബന്ധിച്ച് ജൂതന്മാരുടെ പ്രേരണ പ്രകാരം അറബികള്‍ നബി ﷺ യോട് ചോദിച്ചു. നാളെ പറഞ്ഞുതരാമെന്ന് അവിടുന്ന് മറുപടി പറഞ്ഞു. അവിടുന്ന് ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറഞ്ഞതുമില്ല. പിന്നീട് വഹ്‌യ് വരുവാന്‍ കൂറെ വൈകുകയുണ്ടായി. അങ്ങനെ നബി ﷺ വിഷമിച്ചു. ഈ അവസരത്തിലാണ് ‘ഇന്‍ശാഅല്ലാഹ്’ എന്ന് പറയണമെന്ന് കല്‍പിക്കുന്ന വചനമിറങ്ങിയത്.
ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം പറയുമ്പോഴാണ് അതായത് ഒരു കാര്യം ഞാൻ ചെയ്യുമെന്ന് പറയുമ്പോഴാണ് ‘ഇന്‍ശാ അല്ലാഹ്’ എന്ന് പറയേണ്ടത്. എന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെപ്പറ്റി പറയുമ്പോള്‍ ‘ഇന്‍ശാഅല്ലാഹ് നോക്കാം’ എന്ന് ചിലർ പറയാറുണ്ട്. നോക്കാം എന്ന് പറഞ്ഞാല്‍ ചെയ്യുമെന്നോ ചെയ്യില്ലെന്നോ? വ്യക്തമല്ല! ചെയ്യാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ അത് നടക്കില്ല, എനിക്ക് കഴിയില്ല, സൗകര്യപ്പെടില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് ഒഴിവാകുകയാണ് വേണ്ടത്. അത്തരം സാഹചര്യങ്ങളിൽ അതായത് ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെപ്പറ്റിയും ചെയ്യുമെന്ന് ഉറപ്പില്ലാത്ത കാര്യത്തെപ്പറ്റിയും ‘ഇന്‍ശാ അല്ലാഹ്’ എന്ന് പറയരുത്. ഞാന്‍ സംഗതി നടപ്പാക്കാന്‍ തയ്യാറാണ്, എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ ഞാനതിനുവേണ്ടി ശ്രമിക്കും. തടസ്സങ്ങള്‍ നീക്കിത്തരേണ്ടത് അല്ലാഹുവാണ്. അവന്റെ അനുഗ്രഹമുണ്ടെങ്കില്‍ അത് വിജയിക്കും, ഫലം കാണും. ഇതാണ് ‘ഇന്‍ശാ അല്ലാഹ്’ എന്നു പറയുന്നതിന്റെ പൊരുള്‍. അപ്പോള്‍ ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെപ്പറ്റിയും ചെയ്യുമെന്ന് ഉറപ്പില്ലാത്ത കാര്യത്തെപ്പറ്റിയും ‘ഇന്‍ശാ അല്ലാഹ്’ എന്നുപറയുന്നതില്‍ അർത്ഥമില്ല.
ഒരു വിവരം കൈമാറുമ്പോൾ അവിടെ ‘ഇന്‍ശാ അല്ലാഹ്’ പറയൽ നിർബന്ധമില്ല. ഉദാഹരണത്തിന്, എന്റെ മകളുടെ വിവാഹം നാളെയാണ് എന്ന് പറയുമ്പോൾ അവിടെ ‘ഇന്‍ശാ അല്ലാഹ്’ പറയൽ നിർബന്ധമില്ല. നാളെ എന്റെ മകളുടെ വിവാഹം നടക്കും എന്ന് പറയുമ്പോൾ അവിടെ ‘ഇന്‍ശാ അല്ലാഹ്’ പറയണം. മേൽ ആയത്തിനെ വിശദീകരിച്ച് ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറയുന്നത് കാണുക:
لو قال: سأفعل هذا على سبيل الخبر لا على سبيل الجزم بوقوع الفعل، فإن ذلك لا يلزم أن يأتي فيه بالمشيئة؛
ഒരു ഉറച്ച തീരുമാനമെന്ന നിലക്കല്ലാതെ ഒരു വാർത്ത എന്ന നിലക്ക് നാളെ ഇന്ന കാര്യമുണ്ട് എന്ന് പറയുകയാണെങ്കിൽ അവിടെ ‘ഇന്‍ശാ അല്ലാഹ്’ പറയണമെന്നില്ല.
എന്തുകൊണ്ടാണ് ‘ഇന്‍ശാ അല്ലാഹ്’ പറയുന്നതെന്നും മനസ്സിലേക്കേണ്ടതാണ്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമാണ് ചെയ്യാൻ കഴിയുക. അതേപോലെ ഭാവിയിൽ നാം പ്രവൃത്തിക്കുന്നകാര്യത്തെ കുറിച്ചും അല്ലാഹുവിന് മാത്രമാണ് അറിയാൻ കഴിയുക.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖു൪ആന്‍: 81/29)
ﻭَﻣَﺎ ﺗَﺪْﺭِﻯ ﻧَﻔْﺲٌ ﻣَّﺎﺫَا ﺗَﻜْﺴِﺐُ ﻏَﺪًا ۖ
നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. (ഖുർആൻ:31/34)
‘ഇന്‍ശാ അല്ലാഹ്’ പറയേണ്ടതിന്റെ പ്രാധാന്യം അറിയിക്കുന്ന ചില ഹദീസുകൾ കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ ” قَالَ سُلَيْمَانُ بْنُ دَاوُدَ ـ عَلَيْهِمَا السَّلاَمُ ـ لأَطُوفَنَّ اللَّيْلَةَ بِمِائَةِ امْرَأَةٍ، تَلِدُ كُلُّ امْرَأَةٍ غُلاَمًا، يُقَاتِلُ فِي سَبِيلِ اللَّهِ، فَقَالَ لَهُ الْمَلَكُ قُلْ إِنْ شَاءَ اللَّهُ. فَلَمْ يَقُلْ وَنَسِيَ، فَأَطَافَ بِهِنَّ، وَلَمْ تَلِدْ مِنْهُنَّ إِلاَّ امْرَأَةٌ نِصْفَ إِنْسَانٍ ”. قَالَ النَّبِيُّ صلى الله عليه وسلم ” لَوْ قَالَ إِنْ شَاءَ اللَّهُ لَمْ يَحْنَثْ، وَكَانَ أَرْجَى لِحَاجَتِهِ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”സുലൈമാന്‍(അ) പറഞ്ഞു: ‘ഒരു രാത്രിയില്‍ ഞാന്‍ എഴുപത് ഭാര്യമാരെ സന്ദര്‍ശിക്കുന്നതാണ്. (അങ്ങനെ) അവര്‍ ഒരോ സ്ത്രീയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന കുതിരപ്പടയാളിയെ പ്രസവിക്കുന്നതാണ്. അപ്പോള്‍ അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന) ആള്‍ പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്.’ എന്നാല്‍ സുലൈമാന്‍(അ) അത് പറഞ്ഞില്ല. (അങ്ങനെ) ഒരാള്‍ അല്ലാത്ത ആരും പ്രസവിച്ചില്ല.”എന്നിട്ട് നബി ﷺ പറഞ്ഞു: ”സുലൈമാന്‍(അ) അത് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും (പ്രസവിക്കുകയും അങ്ങനെ എല്ലാ മക്കളും) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുമായിരുന്നു”. (ബുഖാരി:5242)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ يَأْجُوجَ وَمَأْجُوجَ يَحْفِرُونَ كُلَّ يَوْمٍ حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَنَحْفِرُهُ غَدًا . فَيُعِيدُهُ اللَّهُ أَشَدَّ مَا كَانَ حَتَّى إِذَا بَلَغَتْ مُدَّتُهُمْ وَأَرَادَ اللَّهُ أَنْ يَبْعَثَهُمْ عَلَى النَّاسِ حَفَرُوا حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَتَحْفِرُونَهُ غَدًا إِنْ شَاءَ اللَّهُ تَعَالَى وَاسْتَثْنَوْا فَيَعُودُونَ إِلَيْهِ وَهُوَ كَهَيْئَتِهِ حِينَ تَرَكُوهُ فَيَحْفِرُونَهُ وَيَخْرُجُونَ عَلَى النَّاسِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:യഅ്ജൂജ് – മഅ്ജൂജ് എല്ലാ ദിവസവും അണ തുരക്കുകതന്നെ ചെയ്യുന്നതാണ്. അങ്ങനെ അവ൪ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. നാളെ നിങ്ങള്‍ കുഴിക്കുന്നതായിരിക്കും. അങ്ങനെ അവ൪ അണയിലേക്ക് മടങ്ങും. അതാകട്ടെ ഏറ്റവും ശക്തമായ നിലയിലായിരിക്കും. അങ്ങനെ അവരുടെ കാലമെത്തുകയും അല്ലാഹു അവരെ ജനങ്ങളിലേക്ക് നിയോഗിക്കുവാന്‍ ഉദ്ദേശിക്കുകയുമായാല്‍ അവ൪ കുഴിക്കും. അങ്ങനെ അവ൪ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. ഇന്‍ശാ അല്ലാഹ് എന്നും അയാള്‍ പറയും. (അവ൪ മതില്‍ തുരക്കുവാന്‍ വീണ്ടും) മടങ്ങി വരും. അത് അവ൪ വിട്ടേച്ച അതേ രൂപത്തിലായിരിക്കും. അങ്ങനെ അവ൪ കുഴിക്കുകയും ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും. (ഇബ്നുമാജ:4080)
അല്ലാഹുവിന്റെ പ്രവാചകൻമാർ ‘ഇന്‍ശാ അല്ലാഹ്’ പറയുന്ന രംഗം വിശുദ്ധ ഖുർആൻ എടുത്ത് പറയുന്നുണ്ട്. അവയിൽ ചിലത് കാണുക: മൂസാ നബി(അ)യും ഹിള്ർ(അ)യും തമ്മിലുള്ള സംഭാഷണത്തിൽ, മൂസാ നബി(അ) ഇപ്രകാരം പറഞ്ഞു:
قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا
അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല. (ഖുർആൻ:18/69)
മൂസാ നബി(അ) വിവാഹിതനാകുന്ന അവസരത്തിൽ, അദ്ദേഹം വിവാഹം ചെയ്യുന്ന സ്ത്രീയുടെ പിതാവ് അദ്ദേഹത്തോട് പറഞ്ഞു:
قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَٰنِىَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ
അദ്ദേഹം (പിതാവ്) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. (ഖുർആൻ:28/27)
ഇസ്മാഈൽ (അ) ക്ക് 10-13 വയസ് പ്രായമെത്തിയപ്പോള്‍ അദ്ദേഹത്തെ അല്ലാഹുവിന് വേണ്ടി ബലി അറുക്കണമെന്ന് പിതാവായ ഇബ്റാഹീം(അ) സ്വപ്നം കണ്ട വിവരം മകനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰبِرِينَ
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. (ഖുർആൻ:37/102)
യൂസുഫ് നബി(അ)യുടെ മാതാപിതാക്കൾ ഈജിപ്തിലേക്ക് വന്നപ്പോൾ അദ്ദേഹം പറഞ്ഞു:
فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ
അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക. (ഖുർആൻ:12/99)
‘ഇന്‍ശാ അല്ലാഹ്’ സൂചിപ്പിക്കുന്ന വിശുദ്ധ ഖുർആനിലെ മറ്റ് വചനങ്ങൾ കൂടി കാണുക. ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിക്കുന്നതായി മൂസാ (അ) ഇസ്‌റാഈല്യരെ അറിയിച്ചപ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു:
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ
അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കി തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. (ഖുർആൻ:2/70)
നബി ﷺ സഹാബികളോന്നിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായി ഹിജ്റ പോയതിന് ശേഷം മദീനയില്‍ വെച്ച് അവിടുന്ന് സ്വപ്നം കണ്ടു. ഇക്കാര്യം വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണുക:
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا
അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. (ഖുർആൻ:48/27)
ഒരു കാര്യം ചെയ്യുമെന്ന് പറയുമ്പോൾ ‘ഇന്‍ശാ അല്ലാഹ്’ എന്ന് പറഞ്ഞാൽ പ്രധാനമായും നാല് പ്രയോജനങ്ങളുണ്ടെന്ന് പണ്ഢിതൻമാർ വിശദീകരിച്ചതായി കാണാം. ഒന്നാമതായി, ഇതിലൂടെ അല്ലാഹുവിന്റെ കൽപ്പന പ്രയോഗവൽക്കരിക്കുന്നു. രണ്ടാമതായി, നാം ചെയ്യാൻ ഉദ്ദേശിച്ച കാര്യം അല്ലാഹു എളുപ്പമാക്കി തരും. മൂന്നാമതായി, ഞാനത് ചെയ്യുമെന്ന് സത്യം ചെയ്തു പറഞ്ഞ ഒരാൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ സത്യലംഘനത്തിന് കഫാറത്ത് നൽകണം. എന്നാൽ ‘ഇന്‍ശാ അല്ലാഹ്’ പറഞ്ഞിട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിന് കഫാറത്ത് ഇല്ല. നാലാമതായി, നാം ചെയ്യാൻ ഉദ്ദേശിച്ച കാര്യത്തിൽ ബറകത്ത് ലഭിക്കുന്നു.