അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പുകഴ്ത്തി പറഞ്ഞിട്ടുള്ള ഒരു സ്വഭാവ ഗുണമാണ് ഇഖ്ബാത്. അല്ലാഹുവിനോട് അങ്ങേ അറ്റത്തെ താഴ്മയും വിനയവും കാണിക്കുന്നതിനെയാണ് ഇഖ്ബാത് എന്ന് പറയുന്നത്. മുഖ്ബിതീങ്ങളെ (ഇഖ്ബാതിന്റെ ആളുകളെ) അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ളത് കാണുക:
وَبَشِّرِ ٱلْمُخْبِتِينَ
(നബിയേ) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:22/34)
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَخْبَتُوٓا۟ إِلَىٰ رَبِّهِمْ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:11/23)
അല്ലാഹു അവതരിപ്പിച്ചതിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ മാത്രമാണ് ഒരാൾക്ക് ഈ ഗുണം ഉണ്ടാകുക.
وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു.(ഖു൪ആന്‍:22/54)
മുഖ്ബിതീങ്ങൾക്ക് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞതിന് ശേഷം, മുഖ്ബിതീങ്ങൾ ആരാണെന്ന് പറയുന്നത് കാണുക.
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍:22/35)
നാല് സ്വഭാവ ഗുണങ്ങളുള്ളവരാണ് മുഖ്ബിതീങ്ങൾ. ഒന്നാമതായി, അല്ലാഹുവിനെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരാണവർ. അറിയുക: അല്ലാഹുവിനെ കുറിച്ച് അറിവുള്ളവ൪ക്ക് മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടാന്‍ കഴിയുക.
ﺇِﻧَّﻤَﺎ ﻳَﺨْﺸَﻰ ٱﻟﻠَّﻪَ ﻣِﻦْ ﻋِﺒَﺎﺩِﻩِ ٱﻟْﻌُﻠَﻤَٰٓﺆُا۟ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﺰِﻳﺰٌ ﻏَﻔُﻮﺭٌ
അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍: 35/28)
രണ്ടാമതായി, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരാണവർ. വിശുദ്ധ ഖുർആൻ മറ്റൊരു സ്ഥലത്ത് പറയുന്നു:
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ – ٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﺻَٰﺒَﺘْﻬُﻢ ﻣُّﺼِﻴﺒَﺔٌ ﻗَﺎﻟُﻮٓا۟ ﺇِﻧَّﺎ ﻟِﻠَّﻪِ ﻭَﺇِﻧَّﺎٓ ﺇِﻟَﻴْﻪِ ﺭَٰﺟِﻌُﻮﻥَ ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﺻَﻠَﻮَٰﺕٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺭَﺣْﻤَﺔٌ ۖ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻬْﺘَﺪُﻭﻥَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.(ഖു൪ആന്‍:2/155-157)
മൂന്നാമതായി, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരാണവർ. ഇവിടെ നമസ്കരിക്കുന്നവരെന്നല്ല, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരാണവർ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതില്‍ പ്രധാനമായും മൂന്ന് വശങ്ങള്‍ അടങ്ങിയിട്ടുണ്ട്.
(ഒന്ന്) കൃത്യസമയത്ത് നമസ്കരിക്കല്‍
നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
ٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻠَﻰٰ ﺻَﻼَﺗِﻬِﻢْ ﺩَآﺋِﻤُﻮﻥَ
തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരാണവ൪. (ഖു൪ആന്‍:70/23)
(രണ്ട്) ഇത്തിബാഅ് (സുന്നത്ത്)
നമസ്കാരത്തില്‍ കൈ ഉയ൪ത്തുന്നതും കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തണം.
صَلُّوا كَمَا رَأَيْتُمُونِي أُصَلِّي
നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)
നമസ്കാരത്തിന്റെ ظاهر ആയ വശങ്ങളില്‍ പെട്ടതാണ് അതിലെ ചലനങ്ങളും അടക്കുവുമെല്ലാം. എന്നാല്‍ അതിന്റെ باطن ആയ വശങ്ങളില്‍ പെട്ടതാണ് ഖുശൂഅ് (ഭയഭക്തി). നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ്. അല്ലാഹുവിനോടുള്ള ഭക്തിയോടെയും അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ബോധത്തോടെയുമുള്ള അടക്കത്തിനാണ് ഖുശൂഅ് എന്ന് പറയുന്നത്.
قَدْ أَفْلَحَ ٱلْمُؤْمِنُونَ
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ
തങ്ങളുടെ നമസ്കാരത്തില്‍ ഖുശൂഅ് (ഭയഭക്തി) ഉള്ളവരായ, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. (ഖു൪ആന്‍:23/1-2)
അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുവെന്ന വിചാരമാണ് ഒരാളില്‍ ഖുശൂഅ് ഉണ്ടാക്കുന്നത്. (തഫ്സീ൪ ഇബിനു കസീ൪)
വിനയത്തോടെയും സമ൪പ്പണത്തോടെയും ഹൃദയത്തെ അല്ലാഹുവിങ്കല്‍ നി൪ത്തുക എന്നാണ് ഖുശൂഇന്റെ അ൪ത്ഥം. (അല്‍മദാരിജ്)
(മൂന്ന്)പുരുഷന്‍മാര്‍ പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കല്‍
പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്.
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلاَ صَلاَةَ لَهُ إِلاَّ مِنْ عُذْرٍ
ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ബാങ്ക് കേട്ടാൽ മതിയായ കാരണം ഇല്ലാതിരുന്നിട്ടും അതിനായി (നമസ്കാരത്തിനായി) (പള്ളിയിലേക്ക്) വരുന്നില്ലായെങ്കിൽ അവന് നമസ്ക്കാരമില്ല, ‘ (ഇബ്‌നുമാജ : 793- അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നാലാമതായി, അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുന്നവരാണവർ. വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ
തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)
സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മാത്രം. സമ്പത്ത് അല്ലാഹു നല്‍കിയതു കൊണ്ട് തന്നെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായി അവന്റെ മാര്‍ഗത്തില്‍, അവന്റെ പ്രതിഫലം മോഹിച്ചാണ് ചെലവഴിക്കേണ്ടത്.
അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുള്ള സ്വഭാവ ഗുണമായ ഇഖ്ബാത് നേടിയെടുക്കുന്നതിനായി നബി ﷺ പ്രാർത്ഥിക്കുമായിരുന്നു. അവിടുന്ന് പ്രാർത്ഥിക്കുമായിരുന്ന ഒരു പ്രാർത്ഥനയുടെ ഭാഗം കാണുക:
رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مُطِيعًا إِلَيْكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا
എന്റെ റബ്ബേ, നിന്നോട് നന്ദിയിള്ളവനും നിന്നെ സദാ സ്മരിക്കുന്നവനും നിന്നെ ഭയപ്പെടുന്നവനും നിന്നെ അനുസരിക്കുന്നവനും നിന്നോട് ഇഖ്ബാതുള്ളവനും നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നവനുമാക്കി എന്ന നീ മാറ്റേണമേ. (ഇബ്നുമാജ:3830)
സത്യവിശ്വാസികളെ, മുഖ്ബിതീങ്ങളാകുന്നതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.