ഒരു സത്യവിശ്വാസിയില്‍ തീരെ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ദു൪ഗുണമാണ് ധൂ൪ത്ത്. ഖുര്‍ആനിലും ഹദീസിലും വളരെ നിഷ്കര്‍ഷമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമത്രെ ഇത്. ഇത് പറയുമ്പോള്‍, ഭൂമിയിലുള്ളത് മുഴുവന്‍ മനുഷ്യ൪ക്ക് വേണ്ടിയുള്ളതല്ലേ, അതിലെ അലങ്കാരങ്ങളും സൌഭാഗ്യങ്ങളും ഉപേക്ഷിക്കണമെന്നാണോ പറയുന്നത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ധൂ൪ത്തുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
അല്ലാഹു മനുഷ്യ൪ക്ക് നല്‍കിയിട്ടുള്ള അനുഗ്രങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്.ഒരു മനുഷ്യന്റെ പെരുമാറ്റം, വസ്ത്രം, പാര്‍പ്പിടം എല്ലാംതന്നെ അല്ലാഹു പ്രദാനം ചെയ്തിട്ടുള്ള അനുഗ്രഹത്തെ പ്രകടിപ്പിക്കുന്നതായിരിക്കണമെന്ന൪ത്ഥം. അത് അല്ലോഹുവിനോടുള്ള നന്ദി കാണിക്കലിന്റെ ഭാഗവുമാണ്.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ
അംറിബ്നു ഷുഅയ്ബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :അല്ലാഹു ഒരാള്‍ക്ക് വല്ല അനുഗ്രഹവും ചെയ്താല്‍ അതിന്റെ അടയാളം അവനില്‍ പ്രത്യക്ഷപ്പെട്ട് കാണപ്പെടുന്നത് ഇഷ്ടപ്പെടുന്നു. (തി൪മിദി:43/3051)
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിട്ടും അത് ഉപേക്ഷിക്കുന്നത് അല്ലാഹുവിനോടുള്ള നന്ദികേടുമാണ്.
قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ
(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖു൪ആന്‍:7/32)
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا
അവനാണ് (അല്ലാഹുവാണ്) നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. (ഖു൪ആന്‍:2/29)
ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ താല്പര്യം ഏതൊരു വസ്തുവും ഏതൊരാള്‍ക്കും അവരുടെ ഇഷ്ടംപോലെ നിരുപാധികം കൈകാര്യം ചെയ്യാമെന്നല്ല. മനുഷ്യസമൂഹത്തിന്‍റെ പൊതുവെയുള്ള നന്‍മക്കുവേണ്ടിയാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാകുന്നു. ഏതു വസ്തുവും യാതൊരു വ്യവസ്ഥയും നിയന്ത്രണവും കൂടാതെ എല്ലാവര്‍ക്കും കൈകാര്യം ചെയ്യാമെന്നുവെക്കുന്ന പക്ഷം, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആര്‍ക്കും ഊഹിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏതാനും ചില ഉപാധികളും പരിമിതികളുമൊക്കെ മതത്തില്‍ നിയമിക്കപ്പെട്ടിരിക്കുന്നതും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/29 ന്റെ വിശദീകരണം)
ഭക്ഷണ പാനീയങ്ങള്‍, നല്ല വസ്ത്രം തുടങ്ങിയ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ബുദ്ധിമുട്ടും ഞെരുക്കവും അനുഭവിക്കുന്നത് ഒരു പുണ്യകര്‍മ്മമാണെന്നും, മോക്ഷമാര്‍ഗ്ഗമാണെന്നുള്ള ചില ആളുകളുടെ നിലപാട് ശരിയല്ലെന്നും, അല്ലാഹു നല്‍കിയ ആ അനുഗ്രഹങ്ങള്‍ ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ഉപയോഗപ്പെടുത്തണമെന്നും, അതില്‍ മടികാണിക്കരുതെന്നും പറഞ്ഞതിന്റെ കൂടെ “നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്” എന്ന് അല്ലാഹു പറയുന്നത് കാണുക:
يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)
നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുതെന്ന് മാത്രമല്ല, ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല എന്ന് ചേ൪ത്ത് പറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. വിശുദ്ധ ഖു൪ആനില്‍ മറ്റൊരു സ്ഥലത്ത് ധൂര്‍ത്ത് പൈശാചിക സ്വഭാവമാണെന്നും, അത് അല്ലാഹുവിനോടുള്ള നന്ദികേടും, ധിക്കാരവുമാണെന്നും അല്ലാഹു പറയുന്നത് കാണുക:
وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا
إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا
കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:17/26-27)
പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം അല്ലാഹുവിനേയും അവന്റെ അനുഗ്രഹങ്ങളേയും നിഷേധിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. ധൂര്‍ത്തും ദുര്‍വ്യയവും ചെയ്യുന്നവനും സത്യത്തില്‍ ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു നല്‍കിയ, അനുഗ്രഹങ്ങളെ അനാവശ്യമായി ഉപയോഗിച്ച് കളയുകയാണല്ലോ മനുഷ്യന്‍ ധൂ൪ത്തിലൂടെ ചെയ്യുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ كَرِهَ لَكُمْ ثَلاَثًا قِيلَ وَقَالَ، وَإِضَاعَةَ الْمَالِ، وَكَثْرَةَ السُّؤَالِ
നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹു മൂന്ന് കാര്യങ്ങളില്‍ നിങ്ങളെ വെറുക്കുന്നു. അടിസ്ഥാനരഹിതങ്ങളായ വര്‍ത്തമാനങ്ങള്‍, ധനം വെറുതെ പാഴാക്കിക്കളയല്‍, അനാവശ്യവും അമിതവുമായ ചോദ്യങ്ങള്‍ എന്നിവയാണവ. (മുസ്‌ലിം:1715)
ﻭَﻻَ ﺗَﺠْﻌَﻞْ ﻳَﺪَﻙَ ﻣَﻐْﻠُﻮﻟَﺔً ﺇِﻟَﻰٰ ﻋُﻨُﻘِﻚَ ﻭَﻻَ ﺗَﺒْﺴُﻄْﻬَﺎ ﻛُﻞَّ ٱﻟْﺒَﺴْﻂِ ﻓَﺘَﻘْﻌُﺪَ ﻣَﻠُﻮﻣًﺎ ﻣَّﺤْﺴُﻮﺭًا
നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും. (ഖു൪ആന്‍:17/29)
ആവശ്യത്തിന് പോലും ധനം ചിലവഴിക്കാതെ പിശുക്ക് പിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത് എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ് നീട്ടരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം.
റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത്, അവ൪ ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവരാണെന്നാണ്.
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ
ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍). (ഖു൪ആന്‍:25/ 67)
സ്വന്തം ഉപയോഗിക്കുന്നതിലായാലും മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിലായാലും അതു അമിതമാകുവാന്‍ പാടില്ലത്തതാകുന്നു.വിളവെടുപ്പു നടത്തുമ്പോള്‍ അതില്‍ നിന്നു കൊടുത്തുതീര്‍ക്കേണ്ടുന്ന കടമ തീര്‍ക്കണമെന്നു കല്‍പിച്ചതിനെത്തുടര്‍ന്ന് അല്ലാഹു പറയുന്നു:
إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:6/141)
ധൂര്‍ത്ത്, അമിതവ്യയം, ദുര്‍വ്യയം എന്നിവയെ സൂചിപ്പിക്കുന്നതിനായി ഇസ്‌റാഫ്, തബ്‌ദീര്‍ എന്നീ പദങ്ങളാണ് വിശുദ്ധ ഖു൪ആന്‍ ഉപയോഗിച്ചിട്ടുള്ളത്.
قال ابن مسعود التبذير الإنفاق في غير حق وكذا قال ابن عباس
ഇബ്നു മസ്ഊദ് (റ) പറയുന്നു: തബ്‌ദീര്‍ എന്നാല്‍ ന്യായമല്ലാത്ത തരത്തില്‍ (സമ്പത്ത്) ചെലവഴിക്കലാണ്. അപ്രകാരം ഇബ്നു അബ്ബാസും(റ) പറഞ്ഞിട്ടുണ്ട്. (ഇബ്നു കസീ൪)
قال مجاهد لو أنفق إنسان ماله كله في الحق لم يكن مبذرا ولو أنفق مدا في غير حقه كان تبذيرا
മുജാഹിദ് (റഹി) പറയുന്നു: മനുഷ്യന്‍ അവന്റെ സമ്പത്ത് മുഴുവന്‍ ന്യായമായതില്‍ ചെലവഴിക്കുകയാണെങ്കില്‍ അത് തബ്‌ദീര്‍ അല്ല. ഇനി അവന്‍ ന്യായമല്ലാത്ത തരത്തില്‍ ഒരു മുദ്ദ് ആണ് ചെലവഴിക്കുന്നതെങ്കില്‍ അത് തബ്‌ദീര്‍ ആണ്. (ഇബ്നു കസീ൪)
قال قتادة التبذير النفقة في معصية الله تعالى وفي غير الحق وفي الفساد
ഖതാദ (റഹി) പറയുന്നു: തബ്‌ദീര്‍ എന്നാല്‍ അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിലും, ന്യായമല്ലാത്ത കാര്യത്തിലും, കുഴപ്പത്തിലും (സമ്പത്ത്) ചെലവഴിക്കലാണ്. (ഇബ്നു കസീ൪)
ആവശ്യത്തിലധികം ഉപയോഗിക്കുക, കഴിവിലധികവും സന്ദര്‍ഭം നോക്കാതെയും ഉപയോഗിക്കുക, അന്തസ്സിനും പെരുമ നടിക്കുന്നതിനും വേണ്ടി ഉപയോഗിക്കുക, നിഷിദ്ധ കാര്യങ്ങളില്‍ ചിലവഴിക്കുക, അനാവശ്യ വിഷയങ്ങളില്‍ ചിലവഴിക്കുക, അനുവദനീയമല്ലാത്ത വിഷയത്തില്‍ വിനിയോഗിക്കുക മുതലായവയെല്ലാം ധൂ൪ത്തില്‍ ഉള്‍പ്പെടുന്നതാണ്.
അനുവദനീയമായ കാര്യങ്ങളിലും വിരോധിക്കപ്പെട്ട കാര്യങ്ങളിലും ധൂ൪ത്ത് സംഭവിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഉദാഹരണത്തിന്, ഒരു വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുന്നു. ഇത് അനുവദനീയമായ കാര്യമാണ്. എന്നാല്‍ ക്ഷണിക്കപ്പെട്ടവ൪ക്ക് ഉപകാരപ്പെടുന്നതിനപ്പുറം അതില്‍ ഭംഗിയും മോഡിയും കൂട്ടി അതിന് വേണ്ടി അധികം സമ്പത്ത് ചെലവഴിക്കുമ്പോള്‍ അത് ധൂ൪ത്താകുന്നു. അതേപോലെ വിവാഹ സദ്യ സുന്നത്തായ കാര്യമാകുന്നു. ആളുകള്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നതിനപ്പുറം അനാവശ്യമായും അന്തസ് കാണിക്കുന്നതിനും വേണ്ടിയും അധികം സമ്പത്ത് ചെലവഴിച്ച് ഒരാളിന് കഴിക്കാവുന്നതിനുമപ്പുറം ഭക്ഷണം നല്‍കുമ്പോള്‍ അത് ധൂ൪ത്താകുന്നു. ബര്‍ത്ത് ഡേ, വിവാഹ വാ൪ഷികം തുടങ്ങി മതം പഠിപ്പിച്ചിട്ടില്ലാത്ത ഏതൊന്നിന് വേണ്ടിയും മിതമായി ചെലവഴിച്ചാലും അത് ധൂ൪ത്താകുന്നു.
ധൂര്‍ത്ത് ആപേക്ഷികമാണ്. ഒരാള്‍ക്ക് ധൂര്‍ത്താകുന്നത് മറ്റൊരാള്‍ക്ക് ധൂര്‍ത്താകണമെന്നില്ല. എല്ലാവരും ഒരേപോലെയല്ല ചെലവഴിക്കുന്നത്. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണെന്ന് പറഞ്ഞപ്പോഴുള്ള വിശുദ്ധ ഖു൪ആനിന്റെ പ്രയോഗത്തില്‍ ഇതിനുള്ള സൂചന കാണാം.
وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَٰعًۢا بِٱلْمَعْرُوفِ
എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. (ഖു൪ആന്‍:2/236)
ഓരോരുത്തരുടെയും കഴിവിനും ശേഷിക്കും സാഹചര്യത്തിനുമനുസരിച്ചാണ് ഒരു കാര്യം ധൂര്‍ത്താണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുകയെന്ന് സാരം.
മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തില്‍ ദാനധര്‍മ്മാദിവിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണുതാനും. മുജാഹിദ് ((റഹി) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/29 ന്റെ വിശദീകരണം)
قال بعض السلف : جمع الله الطب كله في نصف آية : وكلوا واشربوا ولا تسرفوا
സലഫുകളില്‍ പെട്ട ചില൪ പറഞ്ഞു: അല്ലാഹു വൈദ്യം മുഴുവനും ഒരു ആയത്തിന്റെ പകുതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. അതായത്: തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, അമിതമാക്കുകയും അരുത്. (ഇബ്നു കസീ൪)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: كُلُوا وَاشْرَبُوا وَتَصَدَّقُوا وَالْبَسُوا مَا لَمْ يُخَالِطْهُ إِسْرَافٌ أَوْ مَخِيلَةٌ
നബി ﷺ പറഞ്ഞു :അമിതത്വവും, അഹങ്കാരവുമില്ലാത്ത വിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധര്‍മ്മം കൊടുക്കുകയും ചെയ്യുവിന്‍.
ഒരു സത്യവിശ്വാസിയുടെ സമ്പാദ്യം പൂ൪ണ്ണമായും ഹലാലായ മാ൪ഗത്തിലുള്ളതായിരിക്കണം. സത്യവിശ്വാസികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ ഇത് ശ്രദ്ധിക്കുന്നവരില്‍ തന്നെയും സമ്പത്ത് ചിലവഴിക്കുന്ന വിഷയത്തില്‍ പ്രത്യേകിച്ച് ധൂ൪ത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന ചോദ്യത്തിന് മറുപടി പറയാതെ നാളെ പരലോകത്ത് ഒരു അടിമയുടെ കാല് മുന്നോട്ട് നീക്കാന്‍ പറ്റത്തില്ല. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന് മാത്രമല്ല, അത് എങ്ങനെ ചെലവഴിച്ചുവെന്നും മറുപടി പറയേണ്ടതുണ്ട്.
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.
(1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
(2) തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്.
(3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
(4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)
ഇന്ന് ധാരാളം ആളുകള്‍ ഭക്ഷണ സാധനങ്ങള്‍ വെയ്സ്റ്റ് ആക്കാറുണ്ട്. അതിനെ കുറിച്ച് യാതൊരു വിഷമവും പല൪ക്കുമില്ല. ഇതെല്ലാം ധൂ൪ത്തിന്റെ ഗണത്തിലാണ് പെടുന്നത്. ഈ വിഷയത്തില്‍ ഇസ്ലാമിന്റെ അദ്ധ്യാപനങ്ങള്‍ മറക്കുന്നതുകൊണ്ടോ അവഗണിക്കുന്നതോ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
فَإِذَا سَقَطَتْ مِنْ أَحَدِكُمُ اللُّقْمَةُ فَلْيُمِطْ مَا كَانَ بِهَا مِنْ أَذًى ثُمَّ لْيَأْكُلْهَا
നബി ﷺ പറഞ്ഞു: അങ്ങനെ (ഭക്ഷണം കഴിക്കുമ്പോള്‍) നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ. (മുസ്ലിം:2033)
അല്ലാഹു നമുക്ക് ധാരാളം സമ്പത്ത് നല്‍കിയിട്ടുണ്ടെങ്കിലും മിതവ്യയം നമ്മുടെ ബാധ്യതയാണ്. ധാരാളം സമ്പത്ത് ലഭിച്ചവര്‍ അതുവഴി പരലോകത്ത് എന്തൊക്കെ നേടാമെന്ന് മനസ്സിലാക്കത്തതുകൊണ്ടാണ് യഥാ൪ത്ഥത്തില്‍ ധൂ൪ത്തില്‍ അകപ്പെടുന്നത്.
قال عبد الرحمن بن عوف رضي الله عنه : يا حبذا المال أصون به عرضي وأرضي به ربي
അബ്ദുറഹ്മാന്‍ ഇബ്നു ഔഫ്(റ) പറഞ്ഞു: എന്റെ സമ്പത്ത് എത്ര നല്ലത്. ഇതുകൊണ്ട് ഞാൻ എന്റെ അഭിമാനം സംരക്ഷിക്കുന്നു. അത് (ചെലവഴിച്ച് )എന്റെ റബ്ബിന്റെ തൃപ്തി നേടുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : نِعْمَ الْمَالُ الصَّالِحُ لِلرَّجُلِ الصَّالِح
നബി ﷺ പറഞ്ഞു:സ്വാലിഹായ മനഷ്യന് നല്ല ധനം എത്ര നല്ലത്.
ധാരാളം സമ്പത്ത് ലഭിച്ചവരും ആവശ്യം നോക്കി സാധനങ്ങള്‍ വാങ്ങുന്നതിനും അളന്ന് ഉപയോഗിക്കുന്നതിനും കഴിയണം. അതിലാണ് ബറകത്ത്.
عَنْ عَبْدِ اللَّهِ بْنِ سَرْجِسَ الْمُزَنِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : السَّمْتُ الْحَسَنُ وَالتُّؤَدَةُ وَالاِقْتِصَادُ جُزْءٌ مِنْ أَرْبَعَةٍ وَعِشْرِينَ جُزْءًا مِنَ النُّبُوَّةِ
അബ്ദില്ലാഹിബ്നു സ൪ജിസല്‍ മുസനിയ്യില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല നേര്‍ക്കുനേരെയുള്ള നടപടി, സാവകാശശീലം, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശത്തില്‍ ഒരംശമാകുന്നു. (തി൪മിദി:2010)
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : كِيلُوا طَعَامَكُمْ يُبَارَكْ لَكُمْ
മിഖ്ദാമി ബ്നു മഅ്ദീകരിബയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ നിങ്ങള്‍ അളന്ന് കൊടുക്കുക, നിങ്ങള്‍ക്ക് ബറകത്ത് ലഭിക്കും. (ബുഖാരി:2128)
സമ്പത്ത് ധാരാളം ലഭിച്ചയാളും സമ്പത്ത് കുറച്ചുമാത്രം ലഭിച്ചയാളും മിതത്വം പാലിക്കുന്നവരായിരിക്കണം. ‘അല്ലാഹുവേ, ദാരിദ്ര്യത്തിലും സമ്പത്തുള്ളപ്പോഴും മിതത്വം പാലിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമേ’ എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.