അൽഅസ്മാഉൽമുസ്ദവജഃ
അല്ലാഹുവിന്റെ നാമങ്ങൾ പറയപ്പെടുമ്പോൾ തനിച്ചു പറയപ്പെടുന്ന നാമങ്ങളുണ്ട്. ഇത്തരം നാമങ്ങളെ തനിച്ചോ മറ്റൊന്നിനോടു ചേർത്തോ പറയാവുന്നതാണ്.
എന്നാൽ തനിച്ചു പറയാതെ മറ്റൊന്നിനോടു ചേർത്തു പറയപ്പെടേണ്ട നാമങ്ങളുമുണ്ട്.
അൽമുക്വദ്ദിം(മുന്തിപ്പിക്കുന്നവൻ) , അൽമുഅഖ്ഖിർ(പിന്തിപ്പിക്കുന്നവൻ),
അൽഅവ്വൽ അൽആഖിർ,
അൽബാസിത്വ് അൽക്വാബിദ്വ്,
അള്ള്വാഹിർ അൽബാത്വിൻ,
എന്നി ങ്ങനെ എതിരർത്ഥം അറിയിക്കുന്ന നമങ്ങളാണ് അവ. ഇത്തരം നാമങ്ങളാണ് അൽഅസ്മാഉൽമുസ്ദവജഃ(ഇരട്ടനാമങ്ങൾ). ഈ നാമങ്ങൾ എതിരർത്ഥമുള്ള നാമത്തോടു ചേർത്തു മാത്രമാണ് പ റയപ്പെടുക. കാരണം അവകൾ ചേർത്തു പറയപ്പെടുമ്പോഴാണ് അല്ലാഹുവെ അറിയിക്കുന്നതായ അതിന്റെ വിശേഷണത്തിന് സമ്പൂർണത.
ഇമാം ഇബ്നുൽക്വയ്യിം (റഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളിൽ തനിച്ചും മറ്റൊന്നിനോടു ചേർത്തും പറയപ്പെടുന്നവയുണ്ട്. നാമങ്ങളിൽ അധികവും ഇവയാകുന്നു…….. അല്ലാഹുവിന്റെ നാമങ്ങളിൽ തനിച്ചുമാത്രം പറയപ്പെടാത്തവയുമുണ്ട്. അവ എതിരർത്ഥങ്ങളെ അറിയിക്കുന്ന നാമങ്ങളെ ചേർത്തുകൊണ്ടാണ് പറയപ്പെടുക…..
(ബദാഇഉൽഫവാഇദ്)
അൽഅസ്മാഉൽമുക്വ്തരിനഃ
അല്ലാഹുവിന്റെ നാമങ്ങളിൽ തനിച്ചു പറയപ്പെടാവുന്ന നാമങ്ങാണ് കൂടുതൽ. തനിച്ചു പറഞ്ഞാൽ തന്നെ അവ പൂർണമായ വിശേഷണത്തെ അറിയിക്കുന്നതാണ്. ഇത്തരം നാമങ്ങളെ തനിച്ചോ മറ്റൊന്നിനോടു ചേർത്തോ പറയാവുന്നതാണ്. വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും ഇത്തരം നാമങ്ങളെ ചേർത്തു പറഞ്ഞതു ധാരാളമായി കാണാം. ഇവക്കാണ് അൽ അസ്മാഉൽമുക്വ്തരിനഃ എന്നു പറയുന്നത്. ഉദാ:
غفور رحيم
عَزِيزٌ حَكِيمٌ
رحيم ودود
عليم حكيم
عليا كبيرا
السميع العليم
التواب الرحيم
الغني الحميد
അല്ലാഹുവിന്റെ ഓരോ നാമങ്ങളും അവന്റെ സമ്പൂർണതയുടെ വിശഷണത്തെയാണ് അറിയിക്കുന്നത്. അപ്പോൾ അവന്റെ ഒരു നാമത്തോടു മറ്റൊരു നാമം ചേർന്നുവരുമ്പോൾ സമ്പൂർണതയുടെ വിശഷണത്തിലേക്ക് മറ്റൊരു സമ്പൂർണതയുടെ വിശേഷണം ചേരുകയാണ്. അതോടെ രണ്ടു നാമവും ചേർന്നതിൽ നിന്ന് മറ്റൊരു സമ്പൂർണതയുടെ വിശേഷണം ഉരുത്തിരിയുന്നു.
ഉദാഹരണത്തിന്, അൽഅസീസ് എന്ന നാമം അൽ ഹകീം എന്ന നാമത്തോടു ചേർന്ന് വിശുദ്ധ ക്വുർആനിൽ വളരെ കൂടുതലായി വന്നിട്ടുണ്ട്. ഒരോ നാമവും പ്രത്യേകമായ വിശേഷണത്തിന്റെ പൂർണതയെ അറിയിക്കുന്നു. അൽഅസീസ് എന്നത് ഇസ്സത്തിനേയും അൽഹകീം എന്നത് ഹിക്മത്തിനേയും ഹുകുമിനേയും അറിയിക്കുന്നതുപോലെ. എന്നാൽ ഈ രണ്ടു നാമങ്ങളും ചേരുമ്പോൾ അത് മഹത്വത്തിന്റെ മറ്റൊരു വിശേഷണത്തെ കൂടി അറിയിക്കുന്നു. അഥവാ, അല്ലാഹു ശക്തനും മേലധികാരിയുമാണെങ്കിലും ഹിക്മതിന് നിരക്കാത്ത യാതൊന്നും അവനിൽനിന്ന് സംഭവിക്കുകയില്ല. അവന്റെ ഹിക്മത്തും ഹുക്മും (ഭരണവും) സമ്പൂർണ പ്രതാപത്തോടെയാണ് എന്നതും ഈ ചേർത്തു പറയൽ അറിയിക്കുന്നു.