അല്ലാഹുവിന്റെ നാമങ്ങൾക്കുള്ള അർത്ഥങ്ങളും തേട്ടങ്ങളും പരിഗണിച്ചാൽ അവ പല വിഭാഗങ്ങളാണ്.
ഒന്ന്:
അല്ലാഹുവിന്റെ നാമങ്ങളിൽ മുതഅദ്ദിയായ നാമങ്ങളുണ്ട്. അഥവാ മുതഅദ്ദിയായ വിശേഷണങ്ങളെ ഉൾകൊള്ളുന്ന നാമങ്ങൾ. അത്തരം നാമങ്ങൾ മൂന്നു കാര്യങ്ങളെ ഉൾകൊള്ളുന്നു.
ഒന്ന്: ആ നാമം അല്ലാഹുവിനു സ്ഥിരപ്പെടൽ.
രണ്ട്: ആ നാമം ഉൾകൊണ്ട വിശേഷണം അല്ലാഹുവിനു സ്ഥിരപ്പെടൽ.
മൂന്ന്: ആ നാമത്തിന്റെ വിധിയും തേട്ടവും സ്ഥിരപ്പെടൽ
ഉദാഹരണത്തിന് അസ്സമീഅ് എന്ന നാമം. അത് അസ്സമീഅ് എന്ന നാമത്തേയും അസ്സംഅ്(കേൾവി) എന്ന വിശേഷണത്തേയും അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നു. അപ്രകാരം അവൻ എല്ലാ രഹസ്യവും ഗൂഡവർത്തമാനവും കേൾക്കുന്നു എന്ന അതിന്റെ തേട്ടത്തേയും വിധിയേയും അത് ഉൾകൊള്ളുന്നു.
ഇവിടെ ഈ നാമം അറിയിക്കുന്ന വിശേഷണത്തിന്റെ ഫലം അല്ലാഹുവിൽനിന്ന് പടപ്പുകളിലെത്തുന്നു എന്നതിനാലാണ് അതിനു മുതഅദ്ദീ എന്ന് പറയപ്പെടുന്നത്.
അല്ലാഹുവിന്റെ നാമങ്ങളിൽ മുതഅദ്ദിയായവയാണ് ഈ മൂന്നു കാര്യങ്ങളെ ഉൾകൊള്ളുന്നത്. എന്നാൽ അവയിൽ മുതഅദ്ദിയല്ലാത്തവ രണ്ടു കാര്യങ്ങളെയാണ് ഉൾകെള്ളുന്നത്.
ഒന്ന്: ആ നാമം അല്ലാഹുവിന് സ്ഥിരപ്പെടൽ.
രണ്ട്: ആ നാമം ഉൾകൊണ്ട വിശേഷണം അല്ലാഹുവിനു സ്ഥിരപ്പെടൽ.
ഉദാ: അൽഅള്വീം, അൽഅലിയ്യ്, അൽഹയ്യ് തുടങ്ങിയുള്ള , നാമങ്ങൾ.
ഈ നാമങ്ങൾ അൽഅള്വീം, അൽഅലിയ്യ് അൽഹയ്യ്, എന്നീ നാമങ്ങളേയും അള്വമത്ത്(മഹത്വം), ഉലുവ്വ്(ഉന്നതി), ഹയാത്(ജീവൻ), എന്നീ വിശേഷണങ്ങളേയുമാണ് അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നത്.
രണ്ട്:
അല്ലാഹുവിന്റെ നാമങ്ങൾ അവന്റെ സത്തയേയും വിശേഷണത്തേയും അറിയിക്കുന്നത് മൂന്നു നിലക്കാണ്.
1. ദലാലത്തുൽമുത്വാബക്വഃ (دَلاَلَةُ الْمُطاَبَقَةِ)
ഏതൊരു ആശയത്തിനാണോ ഒരു പദം അടിസ്ഥാനപരമായി വെക്കപ്പെട്ടത് പ്രസ്തുത ആശയത്തെ ആ പദം നേരിട്ട് അറിയിക്കലാണ് ദലാലത്തുൽമുത്വാബക്വഃ. ഉദാഹരണത്തിന് ഖാലിക്വ് എന്ന നാമം. അല്ലാഹുവിന്റെ ദാത്തിനേയും ഖൽക്വ്(സൃഷ്ടിപ്പ്) എന്ന വിശേഷണത്തേയുമാണ് അത് നേരിട്ട് അറിയിക്കുന്നത്.
2. ദലാലത്തുത്തദ്വമ്മുൻ (دَلاَلَةُ التَّضَمُّنِ)
ഏതൊരു ആശയത്തിനാണോ ഒരു പദം വെക്കപെട്ടത് പ്രസ്തുത ആശയത്തിന്റെ ഒരു ഭാഗം അറിയിക്കുന്നതിനാണ് ദലാലത്തുത്തദ്വമ്മുൻ എന്ന് പറയുന്നത്.
ഖാലിക്വ് എന്ന നാമം അല്ലാഹുവിന്റെ ദാത്തിനെ തനിച്ചോ അല്ലെങ്കിൽ ഖൽക്വ് എന്ന വിശേഷണത്തെ തനിച്ചോ അറിയിക്കുന്നത് ഉദാഹരണം. കാരണം ദാത്തും ഖൽക്വും ഖാലിക്വ് എന്ന നാമത്തിന്റെ ആശയത്തിൽ ഉള്ളടങ്ങിയതാണ്.
3. ദലാലത്തുൽഇൽതിസാം (دَلاَلَةُ اْلاِلْتِزَامِ)
ഒരു പദംകൊണ്ട് പേരു വെക്കപ്പെട്ടതിന്റെ ആശയത്തിനപ്പുറം അനിവാര്യമായ ആശയങ്ങളെ അറിയിക്കുന്നതിനാണ് ദലാലത്തുൽഇൽതിസാം എന്നു പറയുന്നത്.
ഖാലിക്വ് എന്ന നാമം അല്ലാഹുവിന്റെ അറിവ്, കഴിവ് എന്നീ വിശേഷണങ്ങളെ അറിയിക്കുന്നത് ഉദാഹരണം. കാരണം ഖാലിക്വ് എന്ന നാമത്തിന്റെ ആശയം അതിനപ്പുറമുള്ള ഈ കാര്യങ്ങളെ അനിവാര്യമാക്കുന്നു. അതിനാലാണ് വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിപ്പിനെ കുറിച്ചു പറഞ്ഞപ്പോൾ അല്ലാഹു ഇപ്രകാ രം പറഞ്ഞത്:
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (തൊലാഖ് 12 )
മൂന്ന്:
അല്ലാഹുവിന്റെ സത്താപരമായ വിശേഷണങ്ങളെ (സ്വിഫാത്തുൻദാത്തിയ്യഃ) അറിയിക്കുന്നവ. അല്ലാഹുവിലുള്ളതും നില നിൽക്കുന്നതും അവന്റെ സത്തയോട് വേർപെടാത്തതുമായ വിശേഷണങ്ങളാണ് സത്താപരമായ അവന്റെ വിശേഷണങ്ങൾ. അവക്ക് അവന്റെ മശീഅത്തുമായി ബന്ധമില്ല. അഥവാ അവൻ ഉദ്ദേശിച്ചാൽ ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക എന്നിങ്ങനെ അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി അവക്ക് ബന്ധമില്ല.
അൽ ഹയ്യ് എന്ന നാമം അല്ലാഹുവിന് അൽഹയാത് എന്ന വി ശേഷണത്തെ അറിയിക്കുന്നു.
അൽ അലീം എന്ന നാമം അൽഇൽമ് എന്ന വിശേഷണത്തെ അറിയിക്കുന്നു.
അൽ ഖവിയ്യ് എന്ന നാമം അൽക്വുവ്വത് എന്ന വിശേഷണത്തെ അറിയിക്കുന്നു.
അൽ അസീസ് എന്ന നാമം അൽഇസ്സത് എന്ന വിശേഷണത്തെ അറിയിക്കുന്നു.
നാല്:
അല്ലാഹുവിന്റെ പ്രവൃത്തിപരമായ വിശേഷണങ്ങളെ (സ്വിഫാത്തുൻഫിഅ്ലിയ്യഃ) അറിയിക്കുന്നവ. ഇത്തരം നാമങ്ങൾ അവന്റെ മശീഅത്തുമായി ബന്ധപ്പെടുന്നു. അഥവാ അവൻ ഉദ്ദേശിച്ചാൽ ഇത്തരം നാമങ്ങളറിയിക്കുന്ന വിശേഷണങ്ങളെ അവൻ പ്രവർത്തിക്കും അല്ലെങ്കിൽ പ്രവർത്തിക്കില്ല.
അൽ ഖാലിഖ് എന്ന നാമം അല്ലാഹുവിന് അൽഖൽക്വ്(സൃഷ്ടിപ്പ്) എന്ന വിശേഷണത്തെ അറിയിക്കുന്നു.
അത്വവ്വാബ് എന്ന നാമം അത്തൗബഃ(തൗബഃ സ്വീകരിക്കൽ) എന്ന വിശേഷണത്തെ അറിയിക്കുന്നു.
അറസ്സാഖ് എന്ന നാമം അർറസ്ക്വ്(ഉപജീവനം നൽകൽ) എന്ന വിശേഷണത്തെ അറിയിക്കുന്നു.
അൽ ഗഫൂർ എന്ന നാമം അൽമഗ്ഫിറത് (പാപം പൊറുക്കൽ) എന്ന വിശേഷണത്തെ അറിയിക്കുന്നു.
എന്നാൽ ഈ വിശേഷണങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് അവൻ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യും.
يَخْلُقُ اللَّهُ مَا يَشَاءُ ۚ
… ..അല്ലാഹു താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു…..(വി. ക്വു. 24: 45)
وَاللَّهُ يَرْزُقُ مَنْ يَشَاءُ
.. .അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കൊടുക്കുന്നതാണ്. ….. (വി. ക്വു. 2: 212)
وَيَتُوبُ اللَّهُ عَلَىٰ مَنْ يَشَاءُ
… അല്ലാഹു താൻ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരി ക്കുന്നു. … … (വി. ക്വു. 9: 15)
يَغْفِرُ لِمَنْ يَشَاءُ
..അവൻ (അല്ലാഹു) ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും… … .(വി. ക്വു. 48: 14)
അഞ്ച്:
ഒന്നിലധികം വിശേഷണങ്ങളെ അറിയിക്കുന്ന ധാരാളം നാമങ്ങൾ നാമങ്ങളുടെ കൂട്ടത്തിലുണ്ട്. കേവലം ഒരു അർത്ഥം മാത്രമല്ല ഇത്തരം നാമങ്ങൾക്ക് ഉള്ളത്.
ഉദാഹരണത്തിന് അസ്വമദ് എന്ന നാമം.
നേതൃത്വത്തിൽ പൂർണതവരിച്ച സയ്യിദ്,
ശറഫിൽ പൂർണതവരിച്ച ശരീഫ്,
മഹത്വത്തിൽ പൂർണതവരിച്ച അൽഅള്വീം,
ഹിൽമിൽ (പെട്ടന്നു ശിക്ഷിക്കാതെ തൗബഃക്കു സാവകാശം നൽകൽ) പൂർണതവരിച്ച അൽഹലീം,
ധന്യതയിൽ പൂർണതവരിച്ച അൽഗനിയ്യ്,
ആധിപത്യത്തിൽ പൂർണതവരിച്ച അൽജബ്ബാർ,
അറിവിൽ പൂർണതവരിച്ച അൽആലിം,
ഹിക്മത്തിൽ പൂർണത വരിച്ച അൽഹാകിം, തുടങ്ങി ധാരാളം വിശേഷണങ്ങളെയാണ് അസ്സ്വമദ് എന്ന നാമം അറിയിക്കുന്നത്.