അറിവും അദബും
ഇമാം മാലിക് ഇബ്നുഅനസ് (റഹി) ഒരു ക്വുറയ്ശി യുവാവിനോടു പറഞ്ഞു: “സഹോദരാ, താങ്കൾ അറിവ് അഭ്യസിക്കുന്നതിനുമുമ്പായി അദബ് അറിഞ്ഞു മനസിലാക്കുക. (ഹിൽയത്തുൽഔലിയാ , അബൂനുഐം)
‘ ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് (റഹി) പറഞ്ഞു: “അറിവിന്റെ മൂന്നിൽ രണ്ടു ഭാഗവും അദബാണ്.’
“ഞാൻ മുപ്പതു വർഷം അദബും ഇരുപതു വർഷം അറിവും അഭ്യസിച്ചു.’ അദബിന്റെ മഹത്വവും അതു പഠിക്കുന്നതിന്റെ പ്രാധാന്യവുമാണ് ഇത്തരം മഹദ്വചനങ്ങൾ അറിയിക്കുന്നത്. (ഗായത്തുന്നിഹായഃ, ഇബ്നുൽജസരി.)
എന്താണ് മര്യാദ
ഒരു ദാസനിൽ അഹമഹമികയാ നന്മയുടെ പ്രവണതകൾ ക്വുർആനിലും സുന്നത്തിലും വന്നതിനനുസൃതമായി സമ്മേളിക്കലാണ് അദബ് എന്നു പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
ഇമാം ഇബ്നുൽക്വയ്യിം (റഹി) പറഞ്ഞു: ഒരു ദാസനിൽ നന്മയുടെ പ്രവണതകൾ സമ്മേളിക്കലാണ് അദബ്. ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഭക്ഷണത്തിനു മഅ്ദുബഃ എന്നു പറയും. മഅ്ദുബഃ യാകട്ടെ അദബ് എന്നതിൽനിന്ന് എടുക്കപെട്ടതാണ്….. സുന്ദരമായ സ്വഭാവങ്ങൾ ഒരാൾ ശീലമാക്കലാണ് യഥാർത്ഥ അദബ്….. ഇസ്ലാം മുഴുവനും അദബാണ്. കാരണം, ഔറത് മറക്കൽ അദബാണ്. വുദ്വൂഉം വലിയ അശുദ്ധിയിൽനിന്നുള്ള കുളിയും അദബാണ്. മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധിവരിക്കലും അദബാണ്….. (മദാരിജുസ്സാലികീൻ 2: 384)
പ്രവാചകൻ നമ്മുക്ക് ഉത്തമ മാതൃക
ഒരു മുസ്ലിം അദബുള്ളവനാകുവാൻ ഉദ്ദേശിച്ചാൽ തന്റെ അക്വീദയിലും ആദർശത്തിലും ആരാധനകളിലും സ്വഭാവങ്ങളിലും കർമ്മങ്ങളിലും വാക്കുകളിലും രീതികളിലും ക്വുർആനും തിരുസുന്നത്തും അവൻ സ്വയമേവകൊണ്ടുനടക്കൽ ബാധ്യതയാണെന്നത് നടേകുറിച്ച വചനങ്ങൾ നമ്മോടോതുന്നു.
കാരണം ഒരു വ്യക്തിയുടെ മുഴുജീവിതത്തിലേക്കും വെളിച്ചം വീശുന്ന നന്മകളും മഹിതമായ മര്യാദകളും സൽസ്വഭാവങ്ങളുമാണ് ഇസ്ലാം. പ്രസ്തുത ന ന്മകളുടേയും മര്യാദകളുടേയും സ്വഭാവങ്ങളുടേയും പ്രാവർത്തിക രൂപമായിരുന്നു മുഹമ്മദ് (സ്വ).
സൃഷ്ടികർത്താവായ അല്ലാഹുവിൽനിന്ന് അവതീർണമായ അദബുകളെ പ്രയോഗവൽക്കരിക്കൽ മാത്രമാണ് ഇഹപര സൗഭാഗ്യത്തിനും വിജയത്തിനും അനിവാര്യമായത്.
ഇമാം ഇബ്നുൽ ക്വയ്യിം (റഹി) പറഞ്ഞു: ഒരു മനുഷ്യന്റെ അദബ് അവന്റെ സൗഭാഗ്യത്തിന്റേയും വിജയത്തിന്റേയും മേൽവിലാസമാണ്. അവന്റെ അദബ് കമ്മി അവന്റെ ദൗർഭാഗ്യത്തിന്റേയും പരാജയത്തിന്റേയും മേൽവിലാസവുമാണ്. അദബാണ് ഇഹപര നന്മകളെയെല്ലാം കൊണ്ടെത്തിച്ചിട്ടുള്ളത്. അദബിന്റെ കുറവാണ് ഇഹപര നന്മകൾ ലഭി ക്കുന്നതിനെ തടഞ്ഞിട്ടുമുള്ളത്…..
(മദാരിജുസ്സാലികീൻ 2: 391)
ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് (റഹി) പറഞ്ഞു: വല്ലവനും അദബിൽ അലസനായാൽ സുന്നത്തുകൾ തടയപ്പെടൽ കൊണ്ട് അവൻ ശിക്ഷിക്കപ്പെടും. വല്ലവനും സുന്നത്തുകളിൽ അലസനായാൽ അവൻ നിർബന്ധബാധ്യതകൾ തടയപ്പെടൽ കൊണ്ടും ശിക്ഷിക്കപ്പെടും.
(മദാരിജുസ്സാലികീൻ 2: 381)
മര്യാദകളിൽ ഒന്നാമതായി അള്ളാഹുവോട്
അബ്ദുല്ലാഇബ്നു ഉമർ (റ) ഒരിക്കൽ തന്റെ കൂട്ടുകാരോടൊപ്പം മദീനക്കടുത്ത് മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു, അവർ ഭക്ഷണത്തിനായി ഒരിടത്ത് ഇരുന്നപ്പോൾ തന്റെ ആടുകളെയും തെളിച്ച് കൊണ്ട് ഒരു ഇടയബാലൻ അവർക്കഭിമുഖമായി വരികയുണ്ടായി, അവരോട് സലാം പറഞ്ഞു.
അദ്ദേഹത്തെ ഇബ്നു ഉമർ (റ) വിളിച്ചു.
വരൂ, വരൂ, ഈ സുപ്രയിൽ ഞങ്ങളോടൊപ്പം ഇരുന്ന് ഭക്ഷിച്ചാലും..
ആട്ടിടയൽ പ്രതിവചിച്ചു: ഞാൻ നോമ്പുകാരനാണ്!
അബ്ദുല്ലാഇബ്നു ഉമർ (റ) അത്ഭുതപ്പെട്ട് പോയി,
അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി; ഈ മലകളിലും, കുന്നുകളിലും, മരുഭൂമിയിലും ആടുകളെ മേക്കുന്ന നീ ഈ ചൂടിലും നോമ്പനുഷ്ടിക്കുകയോ?!
ഇബ്നു ഉമർ (റ) അദ്ദേഹത്തിന്റെ വിശ്വസ്തതയേയും, തഖ്വ യേയും ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു കൊണ്ട് ചോദിക്കുകയുണ്ടായി: ആടുകളിൽ ഒന്നിനെ ഞങ്ങൾക്ക് വിൽക്കുക, അതിന്റെ വില നൽകാം, അതിനെ അറുത്ത് നിനക്ക് നോമ്പ് തുറക്കുവാനുള്ള ഭക്ഷണമുണ്ടാക്കി നൽകാം.
ഇടയബാലൻ പ്രതിവചിക്കുകയുണ്ടായി: ആടുകൾ എന്റേതല്ല, എന്റെ യജമാനന്റേതാണ്.
ഇബ്നുഉമർ (റ) പറഞ്ഞു: ആടിനെ ചെന്നായ പിടിച്ചുവെന്ന് അദ്ദേഹത്തോട് പറയൂ.
ഇടയബാലൻ കോപാകുലനായി ഇബ്നുഉമർ (റ) വിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് ആകാശത്തേക്ക് വിരൽ ചൂണ്ടി പറഞ്ഞു: അപ്പോൾ അല്ലാഹു എവിടെയാണ്?! (അല്ലാഹുവിനെ വഞ്ചിക്കാൻ കഴിയുമോ?).
ആ ഇടയബാലൻ പറഞ്ഞു: അല്ലാഹു എവിടെയാണ്?! എന്ന വാചകം ഇബ്നുഉമർ (റ) ആവർത്തിച്ച് കൊണ്ടേയിരുന്നു.
ഇബ്നുഉമർ (റ) മദീനയിലേക്ക് തിരിച്ചെത്തിയ ഉടനെ ഇടയ ബാലന്റെ യജമാനന്റെ അടുത്തേക്ക് ആളെ പറഞ്ഞയച്ച് അദ്ദേഹത്തിൽ നിന്ന് ആടുകളേയും, ഇടയബാലനെയും വിലക്ക് വാങ്ങി ഇടയബാലനെ ഇസ്ലാമിന്റെ മാർഗത്തിൽ മോചിതനാക്കുകയും ചെയ്തു.
ഇപ്രകാരമായിരിക്കണം ഒരു മുസ്ലിം എപ്പോഴും അല്ലാഹുവിനെ സൂക്ഷിക്കേണ്ടത്. തെറ്റുകളിൽ നിന്ന് വിട്ട് നിൽക്കുക,പാപങ്ങൾ ചെയ്യാതിരിക്കുക.
ആരെയും പങ്ക് ചേർക്കാതിരിക്കുക…
ഒരു മുസ്ലിം തന്റെ രക്ഷിതാവുമായിട്ടുള്ള ബന്ധത്തിൽ പാലിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്, അതിൽപെട്ട വളരെ പ്രാധാന്യമുള്ള ഒന്നാണ് അവനിൽ ആരെയും പങ്ക് ചേർക്കാതിരിക്കുകയെന്ന കാര്യം. അല്ലാഹു മാത്രമാണ് സൃഷ്ടാവ് ഈ കാണുന്നതും കാണാത്തതുമായ മുഴുവനും അവന്റെ സൃഷ്ടികളാണ്, ആയതിനാൽ തന്നെ സൃഷ്ടികൾ സൃഷ്ടികർത്താവിനോട് മാത്രമെ ആരാധനകളർപ്പിക്കാവൻ പാടുള്ളൂ, ആരാധനകളിൽ വളരെ പ്ര ധാനപ്പെട്ടതാണല്ലോ പ്രാർത്ഥന, അതവന്ന് മാത്രമെ നൽകാവൂ. അതാണ് അല്ലാഹു പറയുന്നത്:
واعبدوا الله ولا تشركوا به شيئًا
‘നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക’ (നിസാഅ്: 36)
ആത്മാർത്ഥതയോടെ…
അടുത്തതായി നാം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരാധനകൾ അർപ്പിക്കുമ്പോഴും,കർമ്മങ്ങൾ ചെയ്യുമ്പോഴും ആത്മാർത്ഥതയുണ്ടാവുകയെന്നത്. അതായത് അല്ലാഹു കർമ്മങ്ങൾ സ്വീകരിക്കണമെങ്കിൽ ലോകമാന്യത്തിൽ നിന്നും, ഭൗതിക താൽപര്യങ്ങളി ൽ നിന്നും മുക്തമായി പരലോകരക്ഷ കാംക്ഷിക്കുകയെന്ന ഇഖ്ലാസ് അനിവാര്യമാണെന്നർത്ഥം.അതാണ് അല്ലാഹു നമ്മെ ഉ ണർത്തുന്നത്:
فمن كان يرجو لقاء ربه فليعمل عملاً صالحًا ولا يشرك بعبادة ربه أحدًا
‘അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’ (അൽക ഹ്ഫ്:110).
അല്ലാഹു നമ്മെ എപ്പോഴും നിരീക്ഷിക്കുന്നുവെന്ന ബോധം നമ്മുടെ മനസുകളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതുണ്ട്. നമ്മുടെ രഹസ്യങ്ങളിലും, പരസ്യങ്ങളിലും, രാവിലും, പകലിലും എല്ലാം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന റബ്ബിനെയാണ് ഞാൻ ഭയപ്പെടുന്നതെന്ന ബോധം നമ്മുടെ മനസ്സുകളിൽ ഉണ്ടായിരിക്കുക. നന്മയെ സംബന്ധിച്ച് ജിബ്രീൽ( അ) നബി (സ്വ) യോട് ചോദിച്ചപ്പോൾ അതിന് മറുപടിയായി തിരുമേനി (സ്വ) പറഞ്ഞ് കൊടുക്കുന്നത് നാം കാണുക:
أن تعبد الله كأنك تراه، فإن لم تكن تراه فإنه يراك
‘അല്ലാഹുവിനെ നീ കാണുന്നത്പോലെ ആരാധിക്കുക, നിനക്കവനെ കാണാൻ കഴിയില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്’ (മുത്തഫഖുൻ അലൈഹി)
ഇസ്തിആനത്ത് നടത്തൽ…
അല്ലാഹുവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ അവനോട് മാത്രം സഹായം ചോദിക്കുക, അത് മറ്റാരോടും ചോദിക്കാതിരിക്കുക. കാരണം അവന് മാത്രമെ അവ നൽകാനും, തടയുവാനും കഴിയുകയുള്ളൂവെന്ന് കൃത്യമായി ഉറച്ച് വിശ്വസിക്കുന്നവന് മാത്രമെ യഥാർത്ഥ മുസ്ലിമാവാൻ കഴിയൂ എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. ജീവിതത്തിന്റെ പ്രയാസങ്ങളി ലും,പ്രതിസന്ധികളിലും, പരീക്ഷണങ്ങളിലും,ഐശ്വര്യങ്ങളിലും, സന്തോഷങ്ങളിലും,സന്താപങ്ങളിലുമെല്ലാം അവനോട് മാത്രം സഹായം ചോദിക്കുക. അതാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്:
قل اللهم مالك الملك تؤتي الملك من تشاء وتنـزع الملك ممن تشاء وتعز من تشاء وتذل من تشاء بيدك الخير إنك على كل شيء قدير
‘പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു.നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈ വശമത്രെ നൻമയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.’ (ആലുഇംറാൻ: 26)
إذا سألتَ فاسأل الله، وإذا استعنتَ فاستعن بالله
റസൂലുല്ലാഹ് (സ്വ ) പറയുന്നു: ‘നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക’ (തിർമിദി)
ഇഷ്ടപ്പെടുക…
അല്ലാഹുവിനെ ഇഷ്ടപ്പെടേണ്ട രൂപത്തിൽ അവനെ കൃത്യമായി ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുക. അവനെ ധിക്കരിക്കാതിരിക്കുക. കൽപനകൾ ജീവിതത്തിൽ കഴിവിന്റെ പരമാവധി പകർത്തുകയും, വിരോധങ്ങളിൽ നിന്ന് കഴിവിന്റെ പരമാവധി വിട്ട് നിൽക്കുകയും ചെയ്ത്കൊണ്ട് അല്ലാഹുവിനെ ഇഷ്ടപ്പെടുക. വിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
والذين آمنوا أشد حبًّا لله
‘എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.’ (അൽബഖറ: 165)
മഹത്വപ്പെടുത്തൽ…
സൃഷ്ടാവായ അല്ലാഹുവിന്റെ ചിഹ്നങ്ങളെ മഹത്വപ്പെടുത്തുകയും,ആദരിക്കുകയും ചെയ്യുക. ഒരു യഥാർത്ഥ മുസ്ലിം ദൈവിക നിയമങ്ങളെ മഹത്വപ്പെടുത്തുകയും,ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവാനായി ധൃതിപ്പെടുകയും ചെയ്യുന്നതോടൊപ്പം തന്നെ അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് പരമാവധി വിട്ട് നിൽക്കുകയും ചെയ്യുന്നതാണ്. അതുപോലെ തന്നെ ആരാധനകളർപ്പിക്കുന്നതിൽ അലംബാവമോ,അലസതയോ കാണിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട് ഒരു മുസ്ലിം. ഇവയെല്ലാം തന്നെ ജീവിതത്തിൽ തഖ്വയുണ്ടാക്കുവാൻ അനിവാര്യമാണ്. അല്ലാഹു വ്യക്തമാക്കുന്നത് നാം ശ്രദ്ധിക്കുക:
ذلك ومن يعظم شعائر الله فإنها من تقوى القلوب
‘അത്(നിങ്ങൾ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ’ .(ഹജ്ജ്: 32)
അല്ലാഹുവിന്റെ പവിത്രമായ നിയമങ്ങളെ പിച്ചിചീന്തുന്നത് കാണുമ്പോൾ ഒരു മുസ്ലിം അല്ലാഹുവിനായി കോപിക്കേണ്ടതുണ്ട്. തിന്മകളും, തെറ്റുകളും കാണുമ്പോൾ അതില്ലാതാക്കുവാനായി ഓരോ മുസ്ലിമും പരിശ്രമിക്കേണ്ടതുണ്ട്. മനുഷ്യനെ തന്നെ നശിപ്പിക്കുന്ന വലിയ പാപങ്ങളിൽ പെട്ടതാണ് അല്ലാഹുവിന്റെ മതത്തെയും, അവന്റെ ഗ്രന്ഥത്തേയും,അവന്റെ റസൂലിനെയും ചീത്ത പറയുകയും, പരിഹസിക്കുകയും ചെയ്യുകയെന്നത്, ഇതിനെതിരിൽ ഓരോ മുസ്ലിമും പ്രതികരിക്കുകയും, അല്ലാഹുവിനായ് കോപിക്കുകയും ചെയ്യേണ്ടതുണ്ട്.ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരെയും, സംഘങ്ങളെയും ഉപദേശിക്കുകയും, ഗുണദോഷിക്കുകയും, അല്ലാഹുവിന്റെ കഠിനകഠോരമായ ശിക്ഷയെ തൊട്ട് താക്കീത് നൽകുകയും ചെയ്യൽ മുസ്ലിമിന്റെയും ബാധ്യതയാകുന്നു.
ഭരമേൽപിക്കൽ…
ഒരു മുസ്ലിം ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും രക്ഷിതാവിൽ ഭരമേൽപിക്കേണ്ടതുണ്ട്. തനിക്ക് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുകയെന്നത് മുസ്ലിമിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു:
وتوكل على الحي الذي لا يموت
‘ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേൽപി ക്കുക’ (ഫുർഖാൻ: 58).
ومن يتوكل على الله فهو حسبه إن الله بالغ أمره قد جعل الله لكل شيء قدرًا
‘വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീർച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏർപെടുത്തിയിട്ടുണ്ട്’ (ത്വലാഖ്: 3)
لو أنكم توكَّلون على الله حق توكَّله، لرُزِقْتُم كما يُرْزَق الطير تغدو خِمَاصًا (جائعة) وتعود بطانًا (شَبْعَي)
നബി (സ്വ ) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കേണ്ട പ്രകാരം ഭരമേൽപിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ ഉപജീവനം നൽകപ്പെടുന്നതാണ്. (പക്ഷികൾ) രാവിലെ വയറൊട്ടിയവരായി പുറപ്പെട്ട് വൈകുന്നേരം വയർ നിറഞ്ഞവരായി മടങ്ങുകയും ചെയ്യുന്നു’ (തിർമിദി)
ഖളാഇൽ തൃപ്തിയടയൽ…
അല്ലാഹുവിലുള്ള വിശ്വാസത്തിൽ പെട്ടതാണ് അവന്റെ വിധി നിർണ്ണയത്തിൽ തൃപ്തിയടയുകയെന്നത്. അത് ഐശ്വര്യമാണെങ്കിലും, പരീക്ഷണമാണെങ്കിലും എന്റെ രക്ഷിതാവ് എനിക്ക് നൽകിയതാണെന്ന ഉത്തമ ബോധത്തോടെ ഖളാഅ് ഖദ്റിൽ തൃപ്തിപ്പെടേണ്ടതുണ്ട്. ലഭിക്കുന്ന ഐശ്വര്യത്തിൽ നന്ദി ചെയ്യുകയും, ബാധിച്ച വിപത്തുകളിലും, നേരിടേണ്ടി വന്ന പരീക്ഷണങ്ങളിലും ക്ഷമയവലംബിക്കുകയും ചെയ്യുകയെന്നത് ഉത്തമ വി ശ്വാസികളുടെ ബാധ്യതയിലും, അടയാളത്തിലും പെട്ടതാണ്.
അല്ലാഹു പറയുന്നു:
وليبلونكم بشيء من الخوف والجوع ونقص من الأموال والأنفس والثمرات وبشر الصابرين * الذين إذا أصابتهم مصيبة قالوا إنا لله وإنا إليه راجعون * أولئك عليهم صلوات من ربهم ورحمة وأولئك هم المهتدون
‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക.തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവി ന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ.’ (അൽബഖറ: 155 – 157)
സത്യം ചെയ്യൽ…
ഒരു മുസ്ലിം അല്ലാഹുവിനെക്കൊണ്ടല്ലാതെ സത്യം ചെയ്യുകയില്ല. ഉമ്മയാണ് സത്യം, എന്റെ മകനാണ് സത്യം, കഅബയാണ് സത്യം എന്നിങ്ങനെ ആളുകൾ സത്യം ചെയ്യാറുണ്ട്. അത് പാടില്ലായെന്നാണ് ഇസ്ലാം മനുഷ്യരെ പഠിപ്പിക്കുന്നത്. അല്ലാഹുവിനെക്കൊണ്ട് മാത്രമെ സത്യം ചെയ്യാൻ പാടുള്ളൂ. റസൂലുല്ലാഹ് (സ്വ) കൃത്യമായി പഠിപ്പിക്കുന്നത് കാണുക:
إن الله ينهاكم أن تحلفوا بآبائكم، من كان حالفًا فليحلف بالله أو ليصمت
നബി (സ്വ) പറയുന്നു: ‘നിങ്ങളുടെ പിതാക്കളെ പിടിച്ച് സത്യം ചെ യ്യുന്നത് തീർച്ചയായും അല്ലാഹു വിരോധിച്ചിരിക്കുന്നു,ആരെങ്കിലും സത്യം ചെയ്യുന്നുവെങ്കിൽ അവൻ അല്ലാഹുവിൽ സത്യം ചെയ്യട്ടെ, അല്ലെങ്കിൽ മൗനമവലംബിക്കട്ടെ… (മുത്തഫഖുൻ അലൈഹി)
അല്ലാഹുവിന് നന്ദി ചെയ്യുക:
വിശദമാക്കാനോ, എണ്ണിതിട്ടപ്പെടുത്താനോ അസാധ്യമായ അനുഗ്രഹങ്ങളാണ് സൃഷ്ടാവ് മനുഷ്യന് നൽകിയിരിക്കുന്നത്.അതെല്ലാം ആസ്വദിച്ചും,അനുഭവിച്ചും ജീവിക്കുന്ന മനുഷ്യർ പ്രത്യേകിച്ച് മുസ്ലീംകൾ എപ്പോഴും അല്ലാഹുവിന് നന്ദി ചെയ്യുന്നതിൽ നിരതമാവേണ്ടതുണ്ട്. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുകയാണെങ്കിൽ അവൻ അനുഗ്രഹങ്ങൾ നമുക്ക് വർദ്ധിതമായി നൽകുന്നതാണ്. അതാണ് അല്ലാഹു ഖുർആനിലൂടെ മനുഷ്യരെ ബോധ്യപ്പെടുത്തുന്നത്.
لئن شكرتم لأزيدنكم ولئن كفرتم إني عذابي لشديد
‘നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർദ്ധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും’ (ഇബ്റാഹീം: 7).
അല്ലാഹുവിൽ പശ്ചാതാപിക്കുക:
നൻമയും തിൻമയും തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യം നൽകിയ രൂപത്തിലാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. തെറ്റുകൾ മനുഷ്യ സഹചമാണ്, എന്നാൽ ചെയ്ത് പോയ തെറ്റുകളിൽ നിന്ന് മോചനം നേടാനായി അല്ലാഹുവിനോട് പശ്ചാതപിക്കുന്നവരാണ് യഥാർത്ഥ മുസ്ലിം എന്ന് നമുക്ക് പ്രമാണ ങ്ങൾ വ്യക്തമാക്കി തരുന്നുണ്ട്. അല്ലാഹു പറയുന്നു:
يا أيها الذين آمنوا توبوا إلى الله توبة نصوحًا عسى ربكم أن يكفر عنكم سيئاتكم ويدخلكم جنات تجري من تحتها الأنهار
‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്ര വേശിപ്പിക്കുകയും ചെയ്തേക്കാം’ (തഹ്രീം: 8).
وتوبوا إلى الله جميعًا أيها المؤمنون لعلكم تفلحون
‘സത്യവിശ്വാസികളേ,നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’ (നൂർ: 31).
يأيها الناس توبوا إلى الله، فإني أتوب في اليوم إليه مائة مرة
റസൂൽ (സ്വ) പറയുന്നു: ‘ഓ , ജനങ്ങളെ, നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക, തീർച്ചയായും ഞാൻ ഒരു ദിവസം നൂറ് പ്രാവശ്യം ഖേദിച്ചു മടങ്ങാറുണ്ട്’ (മുസ്ലിം)
മുസ്ലിം തന്റെ രക്ഷിതാവിനോട് പാലിക്കേണ്ട മര്യാദകൾ ഇങ്ങനെയായിരിക്കണം, അവൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുക,പശ്ചാതാപത്തിൽ സത്യസന്ധത പാലിക്കുക, നല്ല രൂപത്തിൽ അവനിൽ ഭരമേൽപിക്കുക, അവന്റെ കാരുണ്യം പ്രതീക്ഷിക്കുകയും, ശിക്ഷയെ ഭയപ്പെടുകയും ചെയ്യുക, അവന്റെ ഖളാഇൽ തൃപ്തിയടയുകയും പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കുകയും ചെയ്യുക, അവനൊടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കാതിരിക്കുക, അവനെ കുറിച്ചുള്ള ഓർമളിൽ നിന്ന് ഒരിക്കലും നാവിനെ അകറ്റാതിരിക്കുക, അവനെക്കൊണ്ട് മാത്രം സത്യം ചെയ്യുക, അല്ലാഹുവിനോടല്ലാതെ മറ്റാരോടും സഹായം ചോദിക്കാതിരിക്കുക, എപ്പോഴും എന്റെ രക്ഷിതാവെന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം മനസിൽ സൂക്ഷിക്കുകയും,രഹസ്യത്തിലും പ രസ്യത്തിലും അവനെ ഭയപ്പെടുകയും ചെയ്യുക.