അസ്മാഉല്ലാഹ്, പ്രത്യേകതകൾ

THADHKIRAH

എല്ലാ നാമങ്ങളും അത്യുത്തമമാകുന്നു.

അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അത്യുത്തമമാകുന്നു. കാരണം അവ ഏറ്റവും നല്ല അ൪ത്ഥങ്ങളും ഉത്തമമായ ആശയങ്ങളും പരിപൂ൪ണ്ണ വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. അവയില്‍ യാതൊരു നിലക്കുമുള്ള കുറവുകളും പോരായ്മകളും ഇല്ലതന്നെ. അവ അങ്ങേയറ്റത്തെ പരിപൂർണത കൊണ്ടും മനോഹരിത കൊണ്ടും സൃഷ്ടികളിൽ നിന്ന് അങ്ങേ അറ്റം വേറിട്ടു നിൽക്കുന്നു.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്റെ ഓരോ നാമങ്ങളും വളരെ മഹത്തരമായ അര്‍ത്ഥവും വിശേഷണവും ഉള്‍ക്കൊള്ളുന്നവയാണ്. അതിനാലാണ് അവന്റെ നാമങ്ങള്‍ അത്യുത്തമമായ നാമങ്ങള്‍ ആണെന്ന് പറയുന്നത്. (മദാരിജുസ്സാലികീന്‍: 1/125)

ഉദാഹരണത്തിന്, സമ്പൂ൪ണ്ണ ജ്ഞാനം ഉള്ളവനാണ് എന്നറിയിക്കുന്ന അല്ലാഹുവിന്റെ നാമമാണ് അല്‍ അലീം. അഥവാ അജ്ഞത മുന്‍കടക്കാത്ത, മറവിയാല്‍ മായുകയോ മങ്ങുകയോ ചെയ്യാത്തതായ ജ്ഞാനം. ഇന്നലെ ഇന്ന് നാളെ, അടുത്തത്, അകന്നത്, ചെറുത്, വലുത്, മറഞ്ഞത്, തെളിഞ്ഞത്, ഗോചരം, അഗോചരം തുടങ്ങിയുള്ള വ്യത്യാസങ്ങളൊന്നുമില്ലാത്ത എല്ലാത്തിനേയും ഉള്‍ക്കൊണ്ട സമ്പൂ൪ണ്ണമായ അറിവ്.

قال ابن تيمية: أسماء الله الحسنى المعروفة هي التي يدعى الله بها وهي التي جاءت في الكتاب والسنة وهي التي تقتضي المدح والثناء بنفسها

ഇമാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു:അല്ലാഹുവിന്റെ അറിയപ്പെട്ട പേരുകൾ അത്യുത്തമമാകുന്നു. ഏതൊരു നാമം കൊണ്ടാണോ അല്ലാഹു വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നത് അത് അവന്റെ ഗ്രന്ഥത്തിലും സുന്നത്തിലും വന്നിട്ടുള്ളതാകുന്നു. സ്വയംതന്നെ പ്രശംസയും പുകഴ്ത്തലും ആയിത്തീരുന്നവയാകുന്നു ആ നാമങ്ങള്‍.

هي أحسن الأسماء وأكملها فليس في الأسماء أحسن منها ولا يقوم غيرها مقامها ولا يؤدي معناها وتفسير الاسم منها بغيره ليس تفسيراً بمرادف محض

ഇമാം ഇബ്നുല്‍ ഖയ്യിം റഹി) പറഞ്ഞു: അല്ലാഹുവിന്റെ എല്ലാ നാമങ്ങള്‍ നാമങ്ങളില്‍ ഏറ്റവും നല്ലതും പൂ൪ണ്ണത ഉള്‍ക്കൊള്ളുന്നതുമാണ്. അവയേക്കാള്‍ നല്ല മറ്റ് നാമങ്ങള്‍ ആ൪ക്കുമില്ല. അവന്റെ പേരുകളുടെ സ്ഥാനത്ത് മറ്റ് പേരുകള്‍ നില്‍ക്കുകയില്ല. അവന്റെ പേരുകള്‍ക്ക് പകരമായി സമാനമായ മറ്റൊരു പേര് കൊണ്ടുവന്നാലും അത് പര്യാപ്തമല്ല. അല്ലാഹുവിന്റെ നാമങ്ങളുടെ വിശദീകരണം പോലും പ്രസ്തുത നാമത്തിന് പകരമാകുകയില്ല.

അസ്മാഉല്ലാഹ്, പ്രത്യേകതകൾ

ഒന്ന്:
ഒരു വസ്തുവെ മറ്റുള്ളവയിൽനിന്ന് വേർതിരിച്ചറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സംജ്ഞകൾക്കാണല്ലോ നാമങ്ങൾ, പേരുകൾ എന്നൊക്കെ പറയുന്നത്. അല്ലാഹുവിലുള്ള പൂർണതയുടെ വിശേഷണങ്ങളോടുകൂടി അവന്റെ സത്തയെ അറിയിക്കുന്നതെല്ലാം അവന്റെ നാമങ്ങളാണ്.
ഒരു നാമം അസ്മാഉൽഹുസ്നയിൽ എണ്ണപെടുവാൻമൂന്ന്  ശർത്വുകളാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്.
ഒന്ന്: അവ വിശുദ്ധക്വുർആനിലോ തിരുസുന്നത്തിലോ അല്ലെങ്കിൽ അവ രണ്ടിലുമോ വന്നതായിരിക്കുക.
രണ്ട്: അവകൊണ്ട് അല്ലാഹു ദുആയിരക്കപെടുക.
മൂന്ന്: ന്യൂനതയുടെ യാതൊരു അവസ്ഥയുമില്ലാത്ത വി ധം എല്ലാ നിലക്കുമുള്ള പരിപൂർണത അവ ഉൾകൊണ്ടതാവുക.
ഈ  മൂന്നു ശർത്വുകളും ഒത്തതുമാത്രമാണ് അൽ അസ്മാഉൽഹുസ്നാ. ഇല്ലെങ്കിൽ അത് അസ്മാഉൽഹുസ്നയിൽ എണ്ണപ്പെടുകയില്ല.

രണ്ട്:
അല്ലാഹുവിന്റെ നാമങ്ങൾ കേവലം സംജ്ഞാനാമങ്ങളല്ല. അവ നാമങ്ങളും വിശേഷണങ്ങളുമാണ്. അതിവിപുലമായ അർത്ഥസാരങ്ങളും വിശിഷ്ടവും വിശാലവും ഉന്നതവും ഉത്തമവുമായ ആശയങ്ങളുമുള്ള വിശേഷണങ്ങളെ അവ ഉൾകൊണ്ടിരിക്കുന്നു.
അല്ലാഹുവിന്റെ സത്തയെ അറിയിക്കുന്നു എന്ന പരിഗണനയിൽ അവ നാമങ്ങളും അവ അറിയിക്കുന്ന ആശയങ്ങളെ പ രിഗണിച്ചാൽ അവ വിശേഷണങ്ങളുമാണ്. ഉദാഹരണത്തിന്,
اَلْعَلِيْمُ , السَّمِيعُ , الْحَكَمُ , الْحَكِيمُ ,الْحَيُّ ,الْقَيُّومُ
എന്നിവയെല്ലാം അല്ലാഹുവിന്റെ നാമങ്ങളാണ്. അഥവാ ഏകനായവനെ അറിയിക്കുന്ന പര്യായപദങ്ങളാണ്. എന്നാൽ അവക്കോരോന്നിനും പ്രത്യേകമായ, വ്യത്യസ്തങ്ങളും വിവിധങ്ങളുമായ അർത്ഥങ്ങളുണ്ട്. ആ പരിഗണനയിൽ അവ വ്യത്യസ്ത പദങ്ങളാണ്.

മൂന്ന്:
അല്ലാഹുവിന്റെ നാമങ്ങളിൽനിന്ന് വിശേഷണങ്ങൾ ഉരുത്തിരിയും. എന്നാൽ വിശേഷണങ്ങളിൽനിന്ന് നാമങ്ങൾ എടുക്കപ്പെടുകയില്ല. ഉദാഹരണത്തിന് അർറഹീം, അൽക്വാദിർ, അൽഅലീം എന്നീ നാമങ്ങളിൽനിന്ന് റഹ്മത്(കാരുണ്യം), ക്വുദ്റത്ത് (കഴിവ്), ഇൽമ് (അറിവ്) എന്നീ വിശേഷണങ്ങൾ എടുക്കപ്പെടും. എന്നാൽ ഇറാദത്ത്(ഉദ്ദേശ്യം), മജീഅ് (വരൽ), മക്ർ (തന്ത്രം പ്രയോഗി ക്കുന്നവരെ തന്ത്രം കൊണ്ട് ശിക്ഷിക്കൽ) എന്നീ വിശേഷണങ്ങളിൽനിന്ന് അൽമുരീദ് (ഉദ്ദേശിക്കുന്നവൻ), അൽജാഇൗ(വരുന്നവൻ), അൽമാകിർ (തന്ത്രം പ്രയോഗിക്കുന്നവൻ) എന്നിങ്ങനെ പേരുകൾ എടുക്കപ്പെടുകയില്ല.

നാല്:
അല്ലാഹുവിന്റെ പ്രവൃത്തികളിൽനിന്ന് നാമങ്ങൾ ഉരുത്തിരിയുകയില്ല. എന്നാൽ പ്രവൃത്തികളിൽനിന്ന് വിശേഷണങ്ങൾ ഉരുത്തിരിയും. ഉദാഹരണത്തിന് ഇഷ്ടപ്പെടുന്നു, വെറുക്കുന്നു, കോപിക്കുന്നു തുടങ്ങിയ പ്രവൃത്തികൾ അല്ലാഹുവിന്  ക്വുർആനിലും സുന്നത്തിലും സ്ഥിരപെട്ടിക്കുന്നു. എന്നാൽ ഈ  പ്രവൃത്തികളിൽനിന്ന് ഇഷ്ടപ്പെടുന്നവൻ, വെറുക്കുന്നവൻ, കോപിക്കുന്നവൻ എന്നിങ്ങനെ അർത്ഥം വരുന്ന അൽമുഹിബ്ബ്, അൽകാരിഹ്, അൽമുബ്ഗിദ്വ് എന്നിങ്ങനെ നാമങ്ങൾ എടുക്കപ്പെടുകയില്ല. എന്നാൽ അല്ലാഹുവിന്റെ പരിപൂർണതക്കും മഹത്വത്തിനുമനുസരിച്ച് ഇഷ്ടം, വെറുപ്പ്, കോപം തുടങ്ങിയുള്ള വിശേഷണങ്ങൾ അല്ലാഹുവിന്  സ്ഥിരീകരിക്കപ്പെടും.

അഞ്ച്:
അല്ലാഹുവിന്റെ പ്രവൃത്തികൾ അവന്റെ നാമങ്ങളിൽ നിന്നും അവന്റെ വിശേഷണങ്ങളിൽ നിന്നുമാണ് ഉടലെടുക്കുന്നത്. അല്ലാഹു കരുണ ചൊരിയുന്നു. കാരണം അവൻ റഹ്മാനാണ്. റഹ്മത്ത് എന്ന വിശേഷണം ഉള്ളവനുമാണ്. അല്ലാഹുവിന്റെ നാമങ്ങളും അവന്റെ വിശേഷണങ്ങളും സമ്പൂർണമായതിനാൽ അവന്റെ പ്രവൃത്തികൾ അവന്റെ പൂർണതയിൽ നിന്നാണ്.
പടപ്പുകളുടെ നാമങ്ങളാകട്ടെ അവരുടെ പ്രവർത്തികളിൽ നിന്നാണ് ഉടലെടുക്കുന്നത്. പ്രസംഗിക്കുന്നവനെ പ്രാസംഗികൻ എന്നു വിളിക്കുന്നതുപോലെ.

ആറ്:
ഒരു നാമം അസ്മാഉൽഹുസ്നയിൽ എണ്ണപെടുവാൻ മൂന്ന്  ശർത്വുകൾ ഒക്കണമെന്ന പണ്ഡിത നിലപാട് ഉണർത്തിയല്ലോ.
തൗഹീദുൽഅസ്മാഇ വസ്സ്വിഫാത്ത് (നാമവിശേഷണങ്ങളി ലുള്ള തൗഹീദ്) നാല് വകുപ്പുകളെ ഉൾകൊള്ളുന്നു.
1. അല്ലാഹുവിനെ കുറിച്ചുള്ള പ്രസ്താവനകളുടെ വകുപ്പ് (ബാബുൽഅഖ്ബാർ).
2. അല്ലാഹുവിന്റെ പ്രവൃത്തികളുടെ വകുപ്പ് (ബാബുൽ അഫ്ആൽ).
3. അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വകുപ്പ്(ബാബുസ്സ്വിഫാത്വ്).
4. അല്ലാഹുവിന്റെവി നാമങ്ങളുടെ വകുപ്പ് (ബാബുൽഅസ്മാഅ്).
ഇവയിൽ ഏറ്റവും ചെറിയ വകുപ്പാണ് അസ്മാഉൽഹുസ്നയുടേത്. കാരണം, മുൻ സൂചിപ്പിച്ച നിബന്ധനകളൊത്തവ മാത്രമാണ് അസ്മാഉൽഹുസ്നാ.

ഏഴ്:
അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അബ്ദുർറഹ്മാൻ, അബ്ദുല്ലാഹ് എന്നിങ്ങനെ അടിമത്ത പ്രയോഗമുള്ള നാമകരണം അനുവദനീയമാണ്. എന്നാൽ റഹ്മത്ത്, കറം, തുടങ്ങി അവന്റെ വിശേഷണങ്ങൾകൊണ്ട് അടിമത്ത പ്രയോഗമുള്ള നാമകരണം പാ ടില്ല. അഥവാ, അബ്ദുർറഹ്മത്ത്, അബ്ദുൽകറം എന്നിങ്ങനെ പേരിടുവാൻ പാടുള്ളതല്ല.

എട്ട്:
അല്ലാഹുവിന്റെ നാമങ്ങൾ വിളിച്ച്, യാ റബ്ബ്, യാ റഹ്മാൻ, യാ കരീം എന്നിങ്ങനെ അവനോടു പ്രാർത്ഥിക്കാം. എന്നാൽ അവന്റെ വിശേഷണങ്ങളെ വിളിച്ച്, യാ റഹ്മത്ത്, യാ കറം എന്നി ങ്ങനെ പ്രാർത്ഥിക്കാവതല്ല.

ഒമ്പത്:
അല്ലാഹുവിന്റെ നാമങ്ങളിലും അവന്റെ വിശേഷണങ്ങളിലും ഇസ്തിആദത്ത് (അഭയതേട്ടം) നടത്താവുന്നതാണ്. അല്ലാഹു വിന്റെ അൽക്വദീർ എന്ന നാമത്തിൽ ഞാൻ അഭയം തേടുന്നു, അല്ലാഹുവിന്റെ ക്വുദ്റത്ത് എന്ന വിശേഷണത്തിൽ ഞാൻ അഭയം തേടുന്നു എന്നതുപോലെ.

പത്ത്:
അല്ലാഹുവിന്റെ നാമങ്ങൾകൊണ്ടും അവന്റെ വിശേഷണങ്ങൾകൊണ്ടും സത്യം ചെയ്യാവുന്നതാണ്.

പതിനൊന്ന്:
അല്ലാഹുവിന്റെ നാമങ്ങളെല്ലാം മുഹ്കമിൽ പെട്ടതാണ്; മുതശാബിഹ് അല്ല. അഥവാ, അവയുടെ ആശയങ്ങൾ അറബിഭാഷയിൽ അറിയപെട്ടതാണ്. അജ്ഞമായതല്ല. എങ്ങിനെയെന്നതും (കയ്ഫിയ്യത്) യാഥാർത്ഥ്യവു(കുൻഹ്)മാണ് അറിയപ്പെടാത്തത്.

Leave a Reply

Your email address will not be published.

Similar Posts