ഇബാദത്തുകളുടെ ലക്ഷ്യം തസ്കിയത്

THADHKIRAH

തസ്കിയത് അഥവാ ആത്മസംസ്കരണം ലക്ഷ്യമാക്കി നീങ്ങിയ ഒരു മാസമാണ് നമ്മില്‍ നിന്നും കടന്നു പോയ റമദാന്‍ മാസം. തസ്കിയത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പാപങ്ങള്‍ കഴുകിക്കളയലും പുണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ്.

ഏതൊരു ഇബാദത്തിന്‍റെയും ലക്ഷ്യങ്ങളിലൊന്ന് ഇപ്പറഞ്ഞ തസ്കിയത് തന്നെയാണ്. ഉദാഹരണമായി നമസ്കാരത്തെ കുറിച്ച് പറഞ്ഞിടത്ത് ഇങ്ങനെ കാണാം:

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ (العنكبوت: 45)

തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു (അന്‍കബൂത്ത്: 45)

ഇവിടെ നമസ്കാരമെന്ന ആരാധനാകര്‍മം പാപങ്ങളെ കഴുകിക്കളയാന്‍ സഹായിക്കും എന്നറിയിക്കുന്നു.

സകാത്തിനെ കുറിച്ച് പറഞ്ഞിടത്ത് ഇങ്ങനെ കാണാം:

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا (التوبة: 103)

അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക (തൗബ: 103)

ഇവിടെ സകാത്തിലൂടെ ശുദ്ധീകരണവും സംസ്കരണവുമാണ് ലക്ഷ്യമാക്കുന്നത്.

ഇനി നോമ്പിനെ കുറിച്ചുള്ളതാകട്ടെ, നോമ്പിന്‍റെ കല്‍പനയെ കുറിച്ചും വിധിയെ കുറിച്ചും പറയുന്ന ആദ്യത്തെ ആയത്തും അവസാനത്തെ ആയത്തും അവസാനിക്കുന്നത് തക്വ്വയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്.

ഈ റമദാനിലൂടെ ഈയൊരു ഉദ്ദേശ്യലക്ഷ്യം ഫലപ്രാപ്തിയിലെത്തിയോ എന്ന് പരിശോധിക്കേണ്ട അവസരമാണിത്.

പാപങ്ങളില്‍ നിന്നുള്ള ഖേദിച്ചു മടക്കം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍, ആ പാപത്തിലേക്ക് ഇനി മടങ്ങാന്‍ ഹൃദയം ആഗ്രഹിക്കുകയില്ല.

ഇതേ രൂപത്തില്‍, ആത്മാര്‍ത്ഥമായി ചെയ്ത പുണ്യങ്ങളാണെങ്കില്‍, ആ പുണ്യം വീണ്ടും വീണ്ടും ചെയ്യാന്‍ മനസ്സ് വെമ്പല്‍ കൊള്ളണം.

ഇബ്നുല്‍ ക്വയ്യിം (റഹി) പറഞ്ഞു:

സലഫുകളില്‍ പെട്ട ഒരാള്‍ പറഞ്ഞു: പാപത്തിന്‍റെ ശിക്ഷയില്‍ പെട്ടതാണ് ഒരു പാപം ചെയ്താല്‍ അതിന് പുറകെ ഒന്നൊന്നായി തുടര്‍ച്ചയായി പാപങ്ങള്‍ ചെയ്യുന്നത് എളുപ്പമായിത്തീരും എന്നത്. അതുപോലെ, ഒരു നന്മയുടെ പ്രതിഫലത്തില്‍ പെട്ടതാണ് ഒന്നിന് പുറകെ ഒന്നായി തുടര്‍ച്ചയായി നന്മകള്‍ വരുമെന്നത്. അല്ലാഹുവിന്‍റെ ഒരടിമ ഒരു നന്മ ചെയ്താല്‍, മറ്റൊരു നന്മ അതിന്‍റെയരികിലുള്ളതിനോട് പറയും: വീണ്ടും എന്നെ ചെയ്യുക. അത് ചെയ്താല്‍ മൂന്നാമത്തേതും അതു പോലെ പറയും. ഇങ്ങനെപോകും. അങ്ങനെ ലാഭം ഇരട്ടിക്കും. സദ്കര്‍മങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇതു തന്നെയാണ് തിന്മയുടെ അവസ്ഥയും. അതിനാല്‍ സല്‍കര്‍മങ്ങളും പാപങ്ങളും സുദൃഢമായ ശരീരങ്ങളെ പോലെ ആവശ്യമായ ഗുണങ്ങളും സുസ്ഥിരമായ കഴിവുകളും ആയിത്തീരുന്നു.
അതിനാല്‍ സദ് വൃത്തനായ ഒരാള്‍ അല്ലാഹുവിനെ അനുസരിച്ചു കൊണ്ടുള്ള സദ്കര്‍മങ്ങള്‍ ഒഴിവാക്കിയാല്‍ അവന്‍റെ മനസ്സ് തന്നെ അവന്ന് ഞെരുങ്ങിപ്പോകുകയും, ഭൂമി വിശാലമായിട്ടുകൂടി അവന് ഇടുങ്ങിയതായിത്തീരുകയും, വെള്ളത്തില്‍ നിന്നും പുറത്തു വന്ന ഒരു മത്സ്യത്തെ പോലെ അയാള്‍ക്ക് സ്വയം തോന്നുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുസരണയിലേക്ക് മടങ്ങുന്നത് വരെ ഇപ്രകാരം തന്നെയായിരിക്കും അവസ്ഥ. അങ്ങനെ അല്ലാഹുവിന്‍റെ അനുസരണയിലേക്ക് മടങ്ങിയാല്‍, അവന്‍റെ ആത്മാവ് ശാന്തി കണ്ടെത്തുകയും കണ്ണുകള്‍ കുളിര്‍ക്കുകയും ചെയ്യും.” (അദ്ദാഅ് വദ്ദവാഅ്)

ഇബ്നുല്‍ ക്വയ്യിമിന്‍റെ (റഹി) ഈയൊരു ഉദ്ധരണിയെ വിശദീകരിച്ച പണ്ഡിതന്മാര്‍ ഉണര്‍ത്തിയ ചില സംഗതികളുണ്ട്. അവയില്‍ ചിലത്:

1. ഒരു തിന്മ അഥവാ പാപം ആദ്യമായി ചെയ്യാനാണ് പ്രയാസം. കുറ്റബോധവും മറ്റും തടസ്സമായി നില്‍ക്കും. എന്നാല്‍ അതെല്ലാം മറികടന്ന് പാപം ഒരു വട്ടം ചെയ്താല്‍, പിന്നെ അത് ചെയ്യുന്നതിലുള്ള പ്രയാസം കുറഞ്ഞു വരികയായി.

അതായത് ഒരു പാപം ചെയ്താല്‍ അതിന്‍റെ തുടര്‍ച്ചയായി ഇനിയും പാപങ്ങള്‍ ചെയ്യാന്‍ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കും. മദ്യപാനം, വ്യഭിചാരം കൊലപാതകം, കള്ളം പറയല്‍, തുടങ്ങി ധാരാളം ഉദാഹരണങ്ങള്‍. ഇവയെല്ലാം ഇതു പോലെയാണ്.

2. പാപത്തില്‍ അവന്‍ ആശ്വാസം കണ്ടെത്തുന്നു. അവന്‍ ഒരു പുണ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ അവന്‍റെ ഹൃദയത്തിന് ഒരു ഞെരുക്കം അനുഭവപ്പെടും. കാരണം അവന്‍റെ മനസ്സ് പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. മദ്യപാനി മദ്യപാനം നിര്‍ത്താന്‍ ശ്രമിച്ചാലുണ്ടാകുന്ന അസ്വസ്ഥത പോലെ. പുകവലിയും അതുപോലെ.

3. “ഒരു പാപം ചെയ്താല്‍ അതിന് പുറകെ ഒന്നൊന്നായി തുടര്‍ച്ചയായി പാപങ്ങള്‍ ചെയ്യുന്നത് എളുപ്പമായിത്തീരും ” എന്നു പറഞ്ഞതിന്‍റെ പൊരുള്‍ ഇതാണ്. അതിനാല്‍ പാപത്തിനായുള്ള ആദ്യവിളി തന്നെ സൂക്ഷിക്കുക. അതിലേക്ക് കാലെടുത്ത് വച്ചാല്‍ പിന്നെ തുടരെ പാപങ്ങള്‍ ചെയ്യേണ്ടി വരും.

4. അതേ പ്രകാരം, പുണ്യം ചെയ്യുന്നവന്‍ ഒരു പുണ്യം ചെയ്താല്‍ വീണ്ടും വീണ്ടും പുണ്യം ചെയ്യാന്‍ പ്രേരണയുണ്ടാകും. അത് ഒഴിവാക്കിയാല്‍, അവന്‍റെ ഹൃദയത്തിന് ഞെരുക്കം അനുഭവപ്പെടും. അത് നഷ്ടപ്പെട്ടതില്‍ അവന് പ്രയാസമുണ്ടാകും. വെള്ളത്തിലുള്ള മത്സ്യത്തെ പിടിച്ച് കരയിലിട്ടാല്‍ ആ മത്സ്യത്തിനുണ്ടാകുന്ന അസ്വസ്ഥതയാണ് ഇയാള്‍ക്കുണ്ടാകുക. എത്രയും പെട്ടന്ന് ആ വെള്ളത്തിലേക്ക് തിരിച്ചു പോകാന്‍ ആ മത്സ്യം കൊതിക്കുന്നത് പോലെ പുണ്യപ്രവൃത്തികളിലേക്ക് തിരിച്ചു പോകാന്‍ ഇയാള്‍ കൊതിക്കും. അതായത് ആ പുണ്യം അവന്‍ ആസ്വദിച്ച് കൊണ്ട് ചെയ്യും. അതാണ് ക്വുര്‍ആനില്‍ സൂറ. അശ്ശൂറായിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.

وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا إِنَّ اللَّهَ غَفُورٌ شَكُورٌ (الشورى: 23)

വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു. (ശൂറാ: 23)

5. ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദുറഹ്മാനുബ്നു നാസര്‍ അസ്സിഅ്ദി (റഹി) പറഞ്ഞു:

“വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്.”

അതായത്: അല്ലാഹു അതിലൂടെ അവന് ഒരു ആശ്വാസം നല്‍കും, കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കും. അങ്ങനെ അവന്‍ വേറെ നന്മ ചെയ്യാന്‍ ഇത് കാരണമാകും. അങ്ങനെ അവന്‍റെ നന്മകള്‍ വര്‍ദ്ധിക്കും. അല്ലാഹുവിന്‍റെ അടുക്കലും പടപ്പുകള്‍ക്കിടയിലും അവന്‍റെ പദവി വര്‍ദ്ധിക്കും. അങ്ങനെ അവന് ഇഹത്തിലും പരത്തിലും പ്രതിഫലം ലഭിക്കും.

“തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.”

അതായത്: തൗബ ചെയ്താല്‍, അവന്‍ വന്‍പാപങ്ങള്‍ പോലും പൊറുക്കും, അതെത്ര വമ്പിച്ചതായാലും ശരി; അതു മാത്രമല്ല, ഒരു ചെറിയ പുണ്യത്തിന് പോലും വലിയ പ്രതിഫലം നല്‍കിക്കൊണ്ട് അവന്‍ അഭിനന്ദിക്കും. അവന്‍റെ മാപ്പ് കൊണ്ട് അവന്‍ പാപങ്ങള്‍ പൊറുക്കുകയും അത് മറച്ചു വെക്കുകയും ചെയ്യും. അവന്‍റെ കൃതജ്ഞത കൊണ്ട് അവന്‍ സദ്കര്‍മങ്ങള്‍ സ്വീകരിക്കുകയും അതിന്‍റെ പ്രതിഫലം ഇരട്ടികളാക്കുകയും ചെയ്യും.

6. ക്വുര്‍ആനില്‍ മറ്റൊരിടത്ത്:

لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ (يونس:26)

സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്.” (യൂനുസ്: 26)

7. ഒരു പുണ്യമുദ്ദേശിച്ച് പുറപ്പെട്ടാല്‍ ധാരാളം പുണ്യം ലഭിക്കുന്നതിന് ശൈഖ് അബ്ദുറസാഖ് അല്‍ ബദര്‍ (ഹഫി) ഒരുദാഹരണം പറയുന്നുണ്ട്:

നമസ്കാരമുദ്ദേശിച്ചു കൊണ്ട് വുദുവെടുത്ത് പള്ളിയിലേക്ക് പുറപ്പെടുന്ന ഒരാള്‍: ഒരു ഫര്‍ദായ നമസ്കാരത്തിന്‍റെ പുണ്യമുദ്ദേശിച്ചു കൊണ്ടാണ് അയാള്‍ പോകുന്നതെങ്കിലും അയാള്‍ക്ക് ധാരാളം പുണ്യങ്ങള്‍ തുടരെ തുടരെ ലഭിക്കുകയാണ്:

  • വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നതിന്‍റെ പ്രതിഫലം,
  • ഇറങ്ങിയാലുള്ള പ്രാര്‍ത്ഥന,
  • നടന്നു പോകുമ്പോഴുള്ള പ്രാര്‍ത്ഥന,
  • ആ നടത്തത്തില്‍ ധാരാളം തിന്മകള്‍ മായ്ക്കപ്പെടുകയും പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
  • ഇനി പള്ളിയില്‍ കയറുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ പുണ്യം;
  • രണ്ട് റക്അത്ത് തഹിയ്യത്തിന്‍റെ പുണ്യം;
  • നമസ്കാരത്തിനായി കാത്തിരുന്നാല്‍ നമസ്കരിക്കുന്നവന്‍റെ പുണ്യം,
  • മലക്കുകളുടെ പ്രാര്‍ത്ഥന,
  • ബാങ്കിന്‍റെയും ഇക്വാമത്തിന്‍റെയും ഇടയില്‍ പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കാനുള്ള സാധ്യത.
  • നമസ്കരിച്ച ശേഷം അവിടെയിരുന്നാല്‍ അതിനും പുണ്യം.

അങ്ങനെ ഒരു പുണ്യം ചെയ്യാനുദ്ദേശിച്ച് പുറപ്പെട്ട ഒരാള്‍ ധാരാളം പുണ്യങ്ങളുമായാണ് തിരിച്ചു പോരുന്നത്.

അതാണ് പള്ളിയില്‍ കയറുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കപ്പെട്ടത്:

اللهم افتح لي أبواب رحمتك

(അല്ലാഹുവേ, കാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ) എന്ന്.

അതായത് അല്ലാഹുവിന്‍റെ റഹ്മത്തിലേക്കുള്ള പ്രവേശനമാണത്. മനസ്സറിഞ്ഞ് കൊണ്ട് അത് പ്രാര്‍ത്ഥിച്ചവന് അവിടെ അല്ലാഹു കാരുണ്യത്തിന്‍റെ ധാരാളം കവാടങ്ങള്‍ തുറന്നു കൊടുക്കുകയാണ്. سبحان الله

8. “ഒരു നന്മയുടെ പ്രതിഫലത്തില്‍ പെട്ടതാണ് ഒന്നിന് പുറകെ മറ്റൊന്നായി തുടര്‍ച്ചയായി നന്മകള്‍ ചെയ്യാന്‍ സാധിക്കുമെന്നത്. ഒരു ദാസന്‍ ഒരു നന്മ ചെയ്താല്‍, മറ്റൊന്ന് അതിന്‍റെയരികിലുള്ളതിനോട് പറയും: വീണ്ടും എന്നെ ചെയ്യുക. അത് ചെയ്താല്‍ മൂന്നാമത്തേതും അതു പോലെ പറയും. ഇങ്ങനെപോകും. അങ്ങനെ ലാഭം ഇരട്ടിക്കും. സദ്കര്‍മങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും” എന്നു പറഞ്ഞതിന്‍റെ പൊരുള്‍ ഇതാണ്.

9. ഇവിടെ ശൈഖ് അബ്ദുറസാഖ് അല്‍ ബദര്‍ (ഹഫി) പറയുന്നു: സലഫുകളില്‍ ഒരാള്‍ (ഇമാം അഹ്മദ് ആണെന്ന് സംശയം) ആശ്ചര്യകരമായ ഒരു ഉദാഹരണം പറഞ്ഞു: വൃത്തിയുള്ള തൂവെള്ള വസ്ത്രം ധരിച്ച ഒരാള്‍ നടന്നു പോകുമ്പോള്‍ ഒരു ചെളിവെള്ളത്തിനരികില്‍ എത്തി. വേറെ മാര്‍ഗങ്ങളൊന്നും പരിശോധിക്കാതെ അയാള്‍ ആ ചെളിയിലൂടെ ഇറങ്ങി നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതല്ല, വഴുതി വീണാലുള്ള അവസ്ഥ ആലോചിച്ച് തന്‍റെ വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ അല്‍പം പ്രയാസമുള്ളതാണെങ്കിലും വൃത്തിയുള്ളതും വരണ്ടതുമായ വേറെ വഴി അന്വേഷിക്കുമൊ?

ഇത് തന്നെയാണ് പാപത്തിന്‍റെയും അവസ്ഥ. ഒരു പാപത്തിന്‍റെ മുന്നിലെത്തിയാല്‍ നന്നായി ആലോചിക്കണം. പാപം ചെയ്യാതെ രക്ഷപ്പെടാനുള്ള വഴി ഒരല്‍പം പ്രയാസമേറിയതാണെങ്കിലും, വഴുതി ആ പാപത്തില്‍ വീണാലുള്ള അവസ്ഥ വരാതിരിക്കാന്‍ അതൊഴിവാക്കി ക്ഷമിച്ചു കൊണ്ട് നന്മയുടെ വഴി സ്വീകരിക്കണം. കാരണം ആ പാപം ആദ്യം ചെയ്യാനുള്ള പ്രയാസം തുടര്‍ന്നുള്ളതിന് ഉണ്ടാവുകയില്ല. അങ്ങനെ ഒന്നിനെ പിറകെ ഒന്നായി പാപങ്ങളില്‍ തന്നെ മുഴുകുന്നതിന് മുമ്പായി ആദ്യത്തെ കാല്‍വെപ്പ് തന്നെ പിടിച്ചു നിര്‍ത്തണം.

പാപങ്ങളില്‍ നിന്നും സുരക്ഷിതമായി പുണ്യങ്ങള്‍ ധാരാളമായി അനുഷ്ഠിക്കുന്ന സദ് വൃത്തരില്‍ നമ്മെ ഏവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)

Leave a Reply

Your email address will not be published.

Similar Posts