അല്ലാഹുവിന്റെ നാമങ്ങളിലുള്ള ‘ഇല്‍ഹാദ്’ (കൃത്രിമം)

THADHKIRAH

അല്ലാഹുവിന്റെ നാമങ്ങളിലുള്ള ‘ഇല്‍ഹാദ്’ (കൃത്രിമം)

അല്ലാഹുവിന്റെ നാമങ്ങളിൽ ഇൽഹാദ് എന്നാൽ അവയോടുണ്ടാകേണ്ട ശരിയായ സമീപനങ്ങളിൽനിന്ന് ഒരാൾ വ്യതിചലിക്കലും വക്രത കാണിക്കലുമാണ്. അല്ലാഹുവിന്റെ നാമങ്ങളിലുള്ള ഇൽഹാദ് നിഷിദ്ധമാണ്.
അല്ലാഹുവിന്റെ നാമങ്ങളിൽ കൃത്രിമം കാണിക്കലും വക്രസമീപനവും പല നിലക്കാണ്:

ഒന്ന്: അല്ലാഹുവിന്റെ നാമങ്ങൾ, അവ അറിയിക്കുന്ന വിശേഷണങ്ങൾ, തേട്ടങ്ങൾ, വിധികൾ എന്നിവയിൽനിന്ന് ഏതെങ്കിലും നിഷേധിക്കൽ.

രണ്ട്: അല്ലാഹുവിന്റെ നാമങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സദൃശ്യപ്പെടുന്ന വിശേഷണങ്ങളെ അറിയിക്കുന്നതായി അവതരിപ്പിക്കൽ.

മൂന്ന്: അല്ലാഹു തനിക്ക് പേരു വെച്ചിട്ടില്ലാത്ത എന്തങ്കിലും കൊണ്ട് അവനു പേരുവെക്കുക. അവന്റെ പരമോന്നതിക്കും മഹത്വത്തിനും അനുയോജ്യമല്ലാത്ത പേരുകളാൽ അവനെ സംബോധന ചെയ്യുക.

ഇതുപോലെ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാത്ത കാര്യങ്ങളാണ് പലരും ഈ  വിഷയത്തിൽ വെച്ചുപുലർത്തി ക്കൊണ്ടിരിക്കുന്നത്.
അല്ലാഹുവിന്റെ നാമങ്ങളുടെ വിഷയത്തിൽ തെറ്റായ നിലപാടുകൾ ഏറെ ഗൗരവമായതാണ്. കാരണം അവ മഹത്വമുടയവനും അത്യുന്നതനുമായവന്റെ നാമങ്ങളാണ്. അവയോട് തെറ്റായ സമീപനങ്ങൾ ഒരിക്കലും പാടുള്ളതല്ല. അനുവദനീയവുമല്ല.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍:7/180)

ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഇല്‍ഹാദ്’ കൊണ്ടുള്ള ഉദ്ദേശം ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ലാത്ത പേരുകള്‍ അവന് കല്‍പ്പിച്ചു നല്‍കലാണെന്ന് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്സീറുല്‍ ബഗവി: 3/357, ഫത്ഹുല്‍ ബാരി: 11/221, മുഹല്ല: 1/29)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അവന്റെ പരമോന്നതിക്കും പരിശുദ്ധതക്കും അനുയോജ്യമല്ലാത്ത പേരുകളില്‍ അവനെ സംബോധന ചെയ്യുക, അങ്ങിനെയുള്ള വാക്കുകളാല്‍ അവനെ വിശേഷിപ്പിക്കുക, അവനു മാത്രം യോജിക്കുന്നതോ അവന്റെ നാമവിശേഷണമായി അറിയപ്പെട്ടതോ ആയ വാക്കുകളില്‍ മറ്റുള്ളവരെ വിശേഷിപ്പിക്കുക മുതലായതെല്ലാം അവന്റെ നാമങ്ങളില്‍ വക്രതയും ക്രമക്കേടും കാണിക്കല്‍ (إلْحَاد) തന്നെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ എന്ന വചനത്തിന്റെ തഫ്സീറെന്നോണം ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ‘അവ൪ പങ്ക് ചേ൪ക്കുന്നു’.

അദ്ദേഹത്തില്‍ നിന്നും വീണ്ടും രിവായത്ത് ചെയ്യപ്പെടുന്നു: ‘ലാത്ത എന്നത് അല്‍ ഇലാഹ് എന്നതില്‍ നിന്നും ഉസ്സ എന്നത് അല്‍അസീസ് എന്നതില്‍ നിന്നും അവ൪ പേര് വെച്ചതാണ്.’ ഇമാം അഅ്മശ് (റ) വില്‍ നിന്നും നിവേദനം: ‘അവ൪ അതില്‍ (അല്ലാഹുവിന്റെ നാമങ്ങളില്‍) ഇല്ലാത്തത് പ്രവേശിപ്പിക്കുന്നു’. (കിത്താബുത്തൌഹീദ്)

Leave a Reply

Your email address will not be published.

Similar Posts