അല്ലാഹുവിന്റെ നാമങ്ങളുടെ എണ്ണം
അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ നിർണിത എണ്ണത്തിൽ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയിൽ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹു അദൃശ്യ ലോകത്ത് തനിക്കായി സ്വീകരിച്ച നാമങ്ങളുണ്ടെന്ന് നബി (സ്വ) അറിയിച്ചിട്ടുണ്ട്. ഇമാം അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥിൽ നബി (സ്വ) പഠിപ്പിച്ചിരുന്ന ദുആയായി ഇപ്രകാരമുണ്ട്:
«…أسألُكَ بكُلِّ اسم هُوَ لَكَ سَمَّيتَ به نَفْسَكَ أوْ عَلَّمْتَهُ أَحَدًا منْ خَلْقِكَ أَوْ أَنْزَلْتَهُ في كِتَابِكَ أَوِ اسْتَأْثَرتَ به في عِلْمِ الغَيبِ عِنْدَكَ…
(..അല്ലാഹുവെ, നീ സ്വയം തന്നെ നിനക്ക് നാമകരണം ചെയ്ത മുഴുവൻ നാമങ്ങൾ കൊണ്ടും, അതുപോലെ നിന്റെ സൃഷ്ടികളിൽ ഒരാളിലൂടെ പഠിപ്പിക്കപ്പെട്ട നാമങ്ങ ൾ കൊണ്ടും, അല്ലെങ്കിൽ നിന്റെ ഗ്രന്ധത്തിലൂടെ നീ അവതരിപ്പിച്ചതോ, അതുമല്ലെങ്കിൽ നിന്റെ അദൃശ്യ ജ്ഞാനത്തിൽ മറച്ച് വെച്ച മുഴുവൻ നാമങ്ങൾ കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു…) (അഹ്മദ്. رواه أحمد في مسنده والبزار وأبو يعلى وابن حبان في صحيحه والحاكم، وصححه الألباني.).
ഇമാം ഇബ്നുൽക്വയ്യിം (റ ഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ നബി(സ്വ) മൂന്നു വിഭാഗങ്ങളാക്കി:
ഒരു വിഭാഗം കൊണ്ട് അല്ലാഹുതനിക്കു പേരുവെക്കുകയും താനുദ്ദേശിക്കുന്ന മലക്കുകൾക്കും അല്ലെങ്കിൽ അവരല്ലാത്തവർക്കും അതു വെളിപ്പെടുത്തുകയും ചെയ്തു.
മറ്റൊരു വിഭാഗം തന്റെ കിതാബിൽ അവൻ അവതരിപ്പിക്കുകയും തന്റെ ദാസന്മാരെ അറിയിക്കുകയും ചെയ്തു.
മൂന്നാമത്തെ വിഭാഗം തന്റെ അദൃശ്യജ്ഞാനത്തിൽ അവൻ തനിക്ക് പ്രത്യേകമാക്കിയതാണ്. അവ അവന്റെ പടപ്പുകളിൽ ഒരാൾക്കും അവൻ അറിയിച്ചു കൊടുത്തിട്ടില്ല.
(അൽബദാഇഉൽഫവാഇദ്)
അദൃശ്യലോകത്തുള്ള പ്രസ്തുത നാമങ്ങളെ ആർക്കും എണ്ണിത്തിട്ടപ്പെടുത്തുവാനോ ഉൾകൊള്ളുവാനോ സാധ്യമല്ല. അവ അല്ലാഹുവിന്റെ മാത്രം അറിവിലുള്ളതാണ്.
എന്നാൽ ഉപരി സൂചിത ഹദീഥിലുള്ളത്,
إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ
(തീർച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റി ഒൻപത് നാമങ്ങളുണ്ട്, നൂറിന് ഒന്ന് കുറവ്, ആരെങ്കിലും അവയെ എണ്ണികണക്കാക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്) (ബുഖാരി)
ഈ ഹദീഥ് അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് നാമങ്ങൾ ഉണ്ട് എന്നല്ലാതെ തൊണ്ണൂറ്റി ഒമ്പതു നാമങ്ങൾ മാത്രമേ ഉള്ളൂ എന്നു പ്രസ്താവിച്ചിട്ടില്ല. കാരണം അങ്ങിനെയായിരുന്നുവെങ്കിൽ “അല്ലാഹുവിന്റെ നാമങ്ങൾ തൊണ്ണൂറ്റൊമ്പതാകുന്നു’ എന്നാണ് ഹദീഥിൽ വരേണ്ടിയിരുന്നത്. എന്നാൽ ഹദീഥ് അറിയിക്കുന്നത് “ഇഹ്സ്വാഅ് ചെയ്താൽ സ്വർഗത്തിൽ പ്രവേശിക്കുന്ന തൊണ്ണൂറ്റൊമ്പത് നാമങ്ങൾ അല്ലാഹുവിനുണ്ട്’ എന്നാണ്. “വല്ലവനും അവയെ ഇഹ്സ്വാഉചെയ്താൽ’ എന്ന മൊഴി സ്വതന്ത്രമായ ഒരു വചനമല്ല. പ്രത്യുത മുൻ വചനത്തിനുള്ള വിശേഷണമാണ്.
(കൂടുതലറിയുവാൻ ശെയ്ഖ് അബ്ദുർറസാക്വ് അൽബദ്റിന്റെ ഫിക്ഹ് അൽഅസ്മാഇൽഹുസ്നാ പേ: 71, 72 നോക്കുക.)
ഇമാം നവവി(റ ഹി)പറഞ്ഞു: “ഈ ഹദീഥിൽ അല്ലാഹുവിന്റെ നാമങ്ങൾക്ക് ഹസ്ർ ഇല്ല (തൊണ്ണൂറ്റി ഒമ്പതു നാമങ്ങൾ മാത്രമേ ഉള്ളൂ എന്നില്ല) എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഈ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളല്ലാത്ത മറ്റുനാമങ്ങൾ അല്ലാഹുവിന്നില്ല എന്നതല്ല ഈ ഹദീഥിന്റെ അർത്ഥം. തൊണ്ണൂറ്റിയൊമ്പതെണ്ണത്തെ വല്ലവനും ഇഹ്സ്വാഅ് ചെയ്താൽ അവൻ സ്വർഗ ത്തിൽ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീഥിന്റെ ഉദ്ദേശ്യം. അപ്പോൾ തൊണ്ണൂറ്റിയൊമ്പതെണ്ണത്തെ ഇഹ്സ്വാഅ് ചെയ്യുവാനുള്ള പ്രസ്താവനയാണ് ഉദ്ദേശ്യം; നാമങ്ങളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലല്ല.’
(ശറഹുമുസ്ലിം)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ചില രിവായത്തുകളില്‍ ഈ തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഇന്നിന്നവയാണെന്നു വിവരിക്കപ്പെട്ടു കാണാമെങ്കിലും – ഇബ്‌നുകഥീര്‍ (റഹി) മുതലായവര്‍ വ്യക്തമാക്കിയതുപോലെ – ഖുര്‍ആനില്‍ നിന്നു ചിലര്‍ മനസ്സിലാക്കി എടുത്തത് മാത്രമാണവ. മേല്‍കണ്ട നബിവചനത്തില്‍ തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഉണ്ടെന്നല്ലാതെ, തൊണ്ണൂറ്റി ഒമ്പതെണ്ണം മാത്രമെയുള്ളൂവെന്നു പ്രസ്‌താവിച്ചിട്ടില്ലാത്തതുകൊണ്ടു അതിലധികം പേരുകള്‍ ഉണ്ടാകാമെന്നതിന് അത് എതിരല്ലെന്നും പല മഹാന്മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളുടെ ആധിക്യം അവന്റെ ഉല്‍കൃഷ്‌ട ഗുണങ്ങളുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)